കേരളം ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കാകെ മാതൃകയാവുകയാണ്. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആഗസ്ത് 1നു നമ്മുടെ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 33 വര്‍ഷം മുന്‍പ് രാജ്യത്തെ ഐ ടി മേഖല അതിന്റെ വളര്‍ച്ചയുടെ പ്രാരംഭത്തിലായിരുന്ന ഘട്ടത്തില്‍ തന്നെ ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിച്ച സംസ്ഥാനമാണ് കേരളം. തുടര്‍ന്നുള്ള മൂന്ന് ദശാബ്ദക്കാലം ടെക്നോപാര്‍ക്കും സംസ്ഥാനത്തെ മറ്റ് ഐ ടി പാര്‍ക്കുകളും രാജ്യത്തെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
രണ്ടു വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ചും ഐ ടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ നിരയിലെ പുതിയ പദ്ധതിയായ ഡിജിറ്റൽ സയൻസ് പാർക്ക് ഐ ടി അധിഷ്ഠിത വിജ്ഞാന വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ട ഭൗതികവും സാങ്കേതികവും ബൗദ്ധികവുമായ അടിസ്ഥാനസൗകര്യങ്ങളാണ് ലഭ്യമാക്കുക. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പാണിത്.
ലോകമെമ്പാടും വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ശാസ്ത്ര – – സാങ്കേതികരംഗത്തെ പുരോഗതിയാണ് പുതിയ സമ്പദ്-വ്യവസ്ഥയെ നയിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാകട്ടെ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മനുഷ്യ പുരോഗതിക്കും സാമൂഹ്യ പരിവര്‍ത്തനത്തിനുമായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ശാസ്ത്ര – – സാങ്കേതികരംഗത്തെ പുരോഗതികളെ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വിജ്ഞാന വ്യവസായങ്ങളുടെ വികസനം സുഗമമാക്കുന്നതിനു വേണ്ട മുന്‍കൈയെടുക്കാനുള്ള ഉത്തരവാദിത്വം ഈ സര്‍ക്കാരിനുണ്ട്.
ആ ഉത്തരവാദിത്വത്തെ ഗൗരവമായി കണ്ടുകൊണ്ടാണ് 4 സയന്‍സ് പാര്‍ക്കുകളും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവയിലൂടെ കമ്പനികള്‍ക്കും സര്‍വകലാശാലകള്‍ക്കും അറിവും സാങ്കേതികവിദ്യയും പരസ്പരം പങ്കുവെക്കാന്‍ കഴിയും. ഗവേഷണത്തിലൂടെ അവയെ നവീകരിക്കാനും സമൂഹത്തിനാകെ പ്രയോജനപ്പെടുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാക്കി മാറ്റാനും കഴിയും. ആ നിലയ്ക്ക് ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും ഉള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ അവയെ പ്രാപ്തമാക്കുന്ന ഇടങ്ങളാണ് ഈ പാര്‍ക്കുകള്‍.
നമ്മുടെ നാട്ടിലെ ഉയര്‍ന്ന യോഗ്യതയുള്ള മാനവ വിഭവശേഷിയും വിജ്ഞാന സമ്പദ്-വ്യവസ്ഥയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നയപരമായ പിന്തുണയും ഇവിടെ ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ – വികസന സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നമ്മള്‍ നടത്തുന്ന ശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ വിജ്ഞാന വ്യവസായങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് കേരളം. ഇത് മനസ്സിലാക്കിയാണ് രാജ്യത്തെ ശാസ്ത്ര – – സാങ്കേതിക മേഖലയിലെ മുന്നേറ്റം തുറന്നുതരുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന സയന്‍സ് പാര്‍ക്കുകളും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിക്കുന്നത്. വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവ തമ്മില്‍ അതിവിപുലമായ സഹകരണത്തിനുള്ള അവസരമൊരുക്കിക്കൊണ്ട് വരും വര്‍ഷങ്ങളില്‍ ഈ പാര്‍ക്കുകള്‍ കേരളമെന്ന വിജ്ഞാന സമ്പദ്-വ്യവസ്ഥയുടെ നെടും തൂണായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത് ഡിജിറ്റല്‍ സര്‍വകലാശാലയുടെ നേതൃത്വത്തിലാണ്. ഇതിനായി ടെക്നോപാര്‍ക്ക് ഫേസ് ഫോറില്‍ 13.93 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ അനുവദിച്ചത്. കിഫ്ബിയില്‍ നിന്നും 200 കോടി രൂപയും അനുവദിച്ചിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ടു പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം. ഇതിന്റെ തറക്കല്ലിടല്‍ നടന്നത് ഇക്കഴിഞ്ഞ ഏപ്രില്‍ 25 നാണ് എന്നതു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കും. കേവലം 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനുവേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിയുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ട്. അടുത്ത ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ 2,50,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള രണ്ട് കെട്ടിടങ്ങള്‍ ഇവിടെ പൂര്‍ത്തിയാവും. അതോടെ പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുകയും ചെയ്യും.
ഇലക്ട്രോണിക് ഉല്‍പ്പന്ന ഡിസൈനിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനുള്ള സൗകര്യങ്ങളോടെ രണ്ടു മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകൊണ്ടാണ് ഇന്ന് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് അതിന്റെ ഫസ്റ്റ് ഫേസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാര്‍ക്ക് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഡിജിറ്റല്‍ ശാസ്ത്ര സാങ്കേതികവിദ്യയിലെ മറ്റു മേഖലകളെക്കൂടി അതിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നതാണ്. ഇലക്ട്രോണിക് ചിപ്പ് ഡിസൈനിലെ ലോകപ്രശസ്ത കമ്പനിയായ എ ആര്‍ എം, ഇലക്ട്രോണിക് ഡിസൈനിനായുള്ള കേന്ദ്രം സ്ഥാപിക്കുന്നതില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കുമായി സഹകരിക്കുന്നുണ്ട്. സമാനമായ രീതിയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ചില ആഗോള കമ്പനികളും വരും ദിവസങ്ങളില്‍ പാര്‍ക്കുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തുടക്കത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും ഇവിടെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു എന്നത് കേരളം ഈ മേഖലയില്‍ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്നതിന്റെ തെളിവാണ്. ഓസ്ട്രേലിയയില്‍ നിന്നുള്ള ‘ക്യൂ എല്‍ സ്പേസ്’, ബ്രിട്ടനില്‍ നിന്നുള്ള ‘എന്‍ഐക്യൂഎസ്’, സ്പെയിനില്‍ നിന്നുള്ള ‘സെയ്ഡോര്‍ ഓപ്പണ്‍ട്രെന്‍ഡ്സ്’, അമേരിക്കയില്‍ നിന്നുള്ള ‘സെന്‍സര്‍ പ്രൈസ്’ എന്നീ കമ്പനികളെല്ലാം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കില്‍ അവരുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. ഇതു കൂടാതെ വിജ്ഞാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളായ ടോസില്‍, എന്‍റ്റുപ്ലെ, ബെന്ദ്ര എയ്റോസ്പേസ് എന്നീ കമ്പനികളും പാര്‍ക്കിന്റെ ഭാഗമാവുകയാണ്.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ടു മാത്രമല്ല നമ്മള്‍ കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നത്. ഗവേഷണങ്ങളുടെ വിവര്‍ത്തനത്തിലൂടെയും വിവിധ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമൂലമായ നവീകരണത്തിലൂടെയും എല്ലാമാണ്. ആ മുന്നേറ്റത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും വലിയ പങ്കു വഹിക്കാൻ സാധിക്കും. ♦