Thursday, November 21, 2024

ad

Homeസമകാലികംകേന്ദ്ര സര്‍ക്കാരിന്റെ 
കേരളത്തോടുള്ള അവഗണന

കേന്ദ്ര സര്‍ക്കാരിന്റെ 
കേരളത്തോടുള്ള അവഗണന

എം വി ഗോവിന്ദന്‍

കേരളത്തിന്റെ വികസനത്തെ സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷം എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ സാഹചര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടും കഴിഞ്ഞകാലത്ത് നേടിയ നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടും, പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ടും നവകേരള സൃഷ്ടിക്കുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു കിഫ്ബി ശക്തിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍. അതിന്റെ ഭാഗമായി 80,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അടിസ്ഥാനസൗകര്യ മേഖലയില്‍ ഉണ്ടായത്. കുടിശ്ശികയായിരുന്ന പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനും, ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യാനുള്ള കണ്‍സോർഷ്യത്തിന്റെ പ്രവര്‍ത്തനത്തിലൂടെ വര്‍ദ്ധിപ്പിക്കുന്നതിനും കഴിഞ്ഞു.

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുകയാണ്. കിഫ്ബിയുടേയും, കണ്‍സോർഷ്യത്തിന്റേയും നിക്ഷേപത്തെപ്പോലും സംസ്ഥാന സര്‍ക്കാരിന്റെ കടപരിധിയില്‍പ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പൊതുകടമെടുപ്പ് പരിധിയില്‍ ഒരു ശതമാനം താല്‍ക്കാലിക വര്‍ദ്ധനവെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്. ഒരു ശതമാനം അധിക കടമെടുപ്പനുവദിച്ചാല്‍ ഈ വര്‍ഷം 10,810 കോടി രൂപ ലഭ്യമാകും. കേന്ദ്ര സര്‍ക്കാരിനോട് 15,000 കോടി രൂപയുടെ സാമ്പത്തിക അനുമതികളും കേരളം ആവശ്യപ്പെടുകയുണ്ടായി. ഇതിലാവട്ടെ 3,591 കോടി രൂപ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് അനുവദിച്ച ഗ്രാന്റുകളിലെ കുടിശ്ശികയുമാണ്. ധനകാര്യ രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ നയംമാറ്റം 28,400 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്തിന് കുറച്ചത്.

റവന്യു കമ്മി ഗ്രാന്റിനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,400 കോടി രൂപ കുറയുകയാണുണ്ടായത്. ജി.എസ്.ടി നഷ്ടപരിഹാരം നിര്‍ത്തിയതോടെ 10,000 മുതല്‍ 12,000 കോടി രൂപയുടെ കുറവുമുണ്ടായി. പൊതു കടമെടുപ്പില്‍ നിയമപ്രകാരം അവകാശപ്പെട്ട തുകയില്‍ 8,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതിനു പുറമേയാണ് ബജറ്റിന് പുറത്തുള്ള കടമെടുപ്പെന്ന പേരില്‍ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന നടപടിയും ഉണ്ടായിട്ടുള്ളത്.

യു.ജി.സി ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്റെ ഭാഗമായി സര്‍വ്വകലാശാല കോളേജുകള്‍ക്ക് സംസ്ഥാനം നല്‍കിയതും, കേന്ദ്രം അനുവദിക്കേണ്ടതുമായ 751 കോടി രൂപ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. മൂലധന നിക്ഷേപത്തിന്റെ ഭാഗമായി ലഭിക്കേണ്ട 1,925 കോടി രൂപയും കുടിശ്ശികയായിക്കിടക്കുകയാണ്. 10–ാം ധനകാര്യ കമ്മീഷന്‍ 3.9 ശതമാനം നികുതി വിഹിതമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്നത് 1.9 ശതമാനമായി കുറച്ചിരിക്കുകയാണ്.

കേരളത്തിന്റെ വിഭവസമാഹരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് പിടിച്ചുനില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സാധ്യതകള്‍ക്കനുസരിച്ചുള്ള വരുമാന വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുന്നതുകൊണ്ടാണത്. 2022– 23 സാമ്പത്തിക വര്‍ഷം തനത് വരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന് അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തി. 2020– 21 ലെ 47,157 കോടിയില്‍ നിന്ന് അമ്പത് ശതമാനം വര്‍ധനയോടെയാണ് നേട്ടം. ധന മേഖലയുടെ കരുത്ത് പരിശോധിക്കുന്ന മൂന്നു ശ്രേണിയിലും കേരളം മുന്നിലായിരുന്നു. കഴിഞ്ഞ വര്‍ഷം ധനകമ്മി 2.2 ശതമാനം. റവന്യു കമ്മി 0.67 ശതമാനവും. മുമ്പ് 2.6 ശതമാനംവരെയായിരുന്നതാണ് ഒന്നിന് താഴെയെത്തിയത്. ജി.എസ്.ടി വകുപ്പ് പുനഃസംഘടിപ്പിച്ചുകൊണ്ട് നികുതി വരുമാനം വര്‍ധിപ്പിക്കാനും, നികുതി വെട്ടിപ്പുകള്‍ തടയാനും സാധിച്ചു. ആറുമാസത്തിനുള്ളില്‍ നികുതി വെട്ടിപ്പുകാരില്‍ നിന്ന് 1,000 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.

സാമ്പത്തികമായ ഞെരുക്കത്തിനിടയിലും മൂലധന þ റവന്യു ചെലവുകളില്‍ കുറവില്ലാത്ത നിലയില്‍ മുന്നോട്ടുപോകാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 2,488 കോടി രൂപയാണ് മൂലധന ചെലവായുണ്ടായിരുന്നത്. ഇത്തവണയത് 3,046 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതായത് മൂന്ന് മാസത്തിനിടയില്‍ 588 കോടി രൂപയുടെ അധിക മൂലധന ചെലവുണ്ടായെന്നര്‍ത്ഥം. റവന്യു ചെലവും ഈ കാലയളവില്‍ ഉയരുകയുണ്ടായി. മൂന്ന് മാസത്തിനിടയില്‍ 15,400 കോടി രൂപയാണ് റവന്യു ചെലവായിരുന്നത്. അതിന് മുന്‍ വര്‍ഷത്തില്‍ 11,457 കോടി രൂപയുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും മൂലധന നിക്ഷേപത്തിലുള്‍പ്പെടെ വര്‍ദ്ധനവ് വരുത്തുന്നതിന് കേരളത്തിന് കഴിഞ്ഞുവെന്നത് അഭിമാനകരമായ കാര്യമാണ്. കേന്ദ്രം കേരളത്തെ ഞെക്കിക്കൊല്ലാനുള്ള ഇത്തരം നീക്കം നടത്തുമ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ പോലും യുഡിഎഫ് തയ്യാറാവുന്നില്ല.

ധനകാര്യ രംഗത്തെ അവഗണനയ്ക്കൊപ്പംതന്നെ കേന്ദ്ര പദ്ധതികളുടെ കാര്യത്തിലും തികഞ്ഞ അവഗണന നിലനില്‍ക്കുകയാണ്. കേരളത്തിന്റെ രണ്ടാം തലമുറ ആരോഗ്യ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാനമായുള്ള എയിംസ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയുടെ സാക്ഷ്യപത്രമായി ഇത് നിലനില്‍ക്കുന്നു. 11 വര്‍ഷം മുന്‍പ് ആരംഭിച്ച ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് സിറ്റിയുടെ മലപ്പുറം കേന്ദ്രം ഇന്ന് കേള്‍ക്കാനേയില്ല. ആദ്യ ബാച്ച് തുടങ്ങിയിരുന്നുവെങ്കിലും അതും നിര്‍ത്തലാക്കപ്പെട്ടിരിക്കുകയാണ്.

റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിച്ച് സേലം രൂപീകരിച്ചപ്പോള്‍ കേരളത്തിന്റെ നഷ്ടം നികത്താന്‍കൂടിയാണ് പാലക്കാട് കോച്ച് ഫാക്ടറി ആരംഭിച്ചത്. അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ 439 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് സൗജന്യമായി കൈമാറുകയും ചെയ്തു. പിറവം ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 2012 ഫെബ്രുവരി 21þന് പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും നയാപൈസ ചെലവഴിക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. കോച്ച് ഫാക്ടറി ഇല്ലെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍ ഇരിണാവിലെ കോച്ച് ഗാര്‍ഡ് ഫാക്ടറി തറക്കല്ലിട്ട ശേഷം ഉപേക്ഷിച്ച പദ്ധതിയാണ്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറാമെന്ന ധാരണാപത്രം ഒപ്പിട്ടിട്ട് അഞ്ച് വര്‍ഷമായി. തിരുവനന്തപുരം വിമാനത്താവളം കേരളത്തിന്റെ പൊതുതാല്‍പര്യം അവഗണിച്ച് അദാനി ഗ്രൂപ്പിന് വിറ്റുതുലയ്ക്കുന്ന നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. നിരവധി സര്‍വ്വീസുകള്‍ നടത്തിയിരുന്ന കരിപ്പൂര്‍ വിമാനത്താവളം ചിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുകയാണ്. കണ്ണൂരില്‍ വിദേശ വിമാന സര്‍വ്വീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കമ്പനികള്‍ തയ്യാറായിട്ടും സര്‍വ്വീസ് അനുവദിക്കാതെ വിമാനത്താവളത്തെ ഞെക്കിക്കൊല്ലാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭൂമിയും സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് കാസര്‍ഗോഡ് യൂണിറ്റ് തുടങ്ങിയടുത്തു തന്നെ നില്‍ക്കുന്ന സ്ഥിതിയാണുള്ളത്.

കേരള ജനതയുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി നില്‍ക്കുന്ന റബ്ബര്‍ മേഖല കടുത്ത പ്രതിസന്ധിയിലാണ്. 75 വര്‍ഷം പിന്നിട്ട റബ്ബര്‍ ബോര്‍ഡ് ഇനി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. റബ്ബറിന് സഹായമൊന്നും ലഭ്യമാക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങള്‍ നാടിനാവശ്യമില്ലെന്ന നിലപാടാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം. റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല ഇറക്കുമതി നയം ഉദാരമാക്കി റബ്ബര്‍ കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ച വെള്ളൂര്‍ എച്ച്.എന്‍.എല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും കേരള പേപ്പര്‍ പ്രോഡക്ട്സ് കമ്പനിയാക്കി സംസ്ഥാന സര്‍ക്കാര്‍ മാറ്റി. 180 കോടിയോളം രൂപയുടെ ബാധ്യത തീര്‍ത്താണ് ഇതിനെ സംരക്ഷിച്ചത്. നിലവില്‍ 13 ദിനപ്പത്രങ്ങള്‍ കടലാസ് വാങ്ങുന്ന കമ്പനിയായി ഇത് മാറിക്കഴിഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആ ഘട്ടത്തിലും അധിക വരുമാനം കണ്ടെത്തി മുന്നോട്ടുപോകുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കാന്‍വെച്ച സ്ഥാപനങ്ങള്‍പോലും ഏറ്റെടുത്ത് നവീകരിക്കുന്ന നയവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇതുമായി സഹകരിക്കാന്‍പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കേരളത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ മാത്രമല്ല തറക്കല്ലിട്ട പദ്ധതികള്‍പോലും ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തില്‍ ഇത്തരം നയങ്ങള്‍ക്കെതിരെ കേരളത്തിന്റെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യോജിച്ചു പൊരുതേണ്ടതുണ്ട്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + seven =

Most Popular