Thursday, November 21, 2024

ad

Homeനിരീക്ഷണംഎന്തിനീ പ്രതികാരനടപടി?

എന്തിനീ പ്രതികാരനടപടി?

സി പി നാരായണൻ

രേന്ദ്രമോദി സർക്കാർ വാജ്പെയി ശെെലിയിൽ ഇന്ത്യ തിളങ്ങുകയാണെന്നു കാണിക്കാനുള്ള തത്രപ്പാടിലാണ്. അടുത്തവർഷം മധ്യത്തോടെ ലോക്-സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. 10 വർഷത്തെ മോദി വാഴ്ചയുടെ നേട്ടകോട്ടങ്ങൾ ആയിരിക്കും ആ തിരഞ്ഞെടുപ്പു കാമ്പെയിനിലെ പ്രധാന ചർച്ചാവിഷയം. അതു സംബന്ധിച്ച ജനങ്ങളുടെ വിലയിരുത്തലാകും, അവസാന അപഗ്രഥനത്തിൽ, തിരഞ്ഞെടുപ്പു ഫലം. ഇത് മുന്നിൽ കണ്ടുകൊണ്ട് മോദി സർക്കാരിന്റെയും ബിജെപിയുടെയും പ്രചരണ മാധ്യമങ്ങൾ ഇപ്പോൾതന്നെ അവയെ പരമാവധി പുകഴ്-ത്തിക്കൊണ്ടുള്ള പ്രചരണത്തിനു പ്രാരംഭം കുറിച്ചിട്ടുണ്ട്. ആരുണ്ട് ഞങ്ങളെ തടയാൻ എന്ന ഭാവത്തിലാണ് ഇതുവരെയും ഭരണപക്ഷം.

എന്നാൽ, ഇത്തരം ചില അവകാശവാദങ്ങളുടെ സോപ്പു കുമിള പൊട്ടിക്കുന്നതാണ് മുംബെെയിൽ പ്രവർത്തിക്കുന്ന ജനസംഖ്യാ പഠനത്തിനുള്ള അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാഥമിക വിലയിരുത്തൽ. ഇന്ത്യാ സർക്കാരും ദൊറാബ് ജി ടാറ്റാ ട്രസ്റ്റും ഐക്യരാഷ്ട്ര സഭയും ചേർന്നായിരുന്നു 1956 ജൂലെെയിൽ ഈ ഇന്റസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഇന്ത്യയിലെ ജനസംഖ്യാ പഠനമേഖലയിൽ അത് സുപ്രധാന പങ്കാണ് വഹിച്ചുവരുന്നത്. രാജ്യത്തെ ജനസംഖ്യ കൃത്യമായി അറിഞ്ഞിരിക്കേണ്ടത് സർക്കാരിന്റെ നാനാതരം പ്രവർത്തനങ്ങൾക്ക് സുപ്രധാനമാണ്. അതുപോലെ പ്രധാനമാണ് അതിൽ വരാവുന്ന ഭാവിയിലെ മാറ്റങ്ങളും. ആ പഠനഫലത്തിന്റെ വിവിധ വശങ്ങളെ അടിസ്ഥാനമാക്കിയാണ് ജനങ്ങൾക്ക് ഭക്ഷണം, വസ്ത്രം, പാർപ്പിടം, മറ്റ് അവശ്യവസ്തുക്കളും ആരോഗ്യ, വിദ്യാഭ്യാസാദി സേവനങ്ങളും സജ്ജമാക്കുന്നതിനും ലഭ്യമാക്കുന്നതിനും സർക്കാർ നടപടികൾ കെെക്കൊള്ളുന്നത്. ഉൽപ്പാദന വിതരണപ്രവർത്തനങ്ങൾക്കും ആസൂത്രണത്തിനും ഇത്തരം വിവരം സംബന്ധിച്ച വിശ്വസനീയമായ മതിപ്പുകണക്കുകൾ നിർണായകമാണ്.

ജനസംഖ്യയുമായി ബന്ധപ്പെട്ട് ഇത്തരം പഠനങ്ങൾ നടത്തുന്ന അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ഥാപനമാണ് മേൽപറഞ്ഞ ഐഐപിഎസ് മുംബെയ്. അതിന്റെ ഇപ്പോഴത്തെ ഡയറക്ടർ മലയാളിയായ ഡോ. കെ എസ് ജെയിംസ് ആണ്. അദ്ദേഹത്തെ പൊടുന്നനെ കഴിഞ്ഞ ദിവസം മോദി സർക്കാർ തൽസ്ഥാനത്തുനിന്ന് സസ്-പെൻഡ് ചെയ്തിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മോദി സർക്കാർ ജനങ്ങളുടെ ജീവിതനിലവാരവുമായി ബന്ധപ്പെട്ട് പല അവകാശവാദങ്ങളും ഔദ്യോഗികമായിതന്നെ നടത്തുയാണ്. എല്ലാ വീടുകളിലും വൃത്തിയുള്ള ശൗചാലയങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം. അതുപോലെ പാചകവാതകം രാജ്യത്തെ എല്ലാ വീടുകളിലും ഏർപ്പെടുത്താൻ തങ്ങൾക്കു കഴിഞ്ഞു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും ഇടയിൽ വിളർച്ച (അനിമീയ) തീരെ ഇല്ല എന്നും സർക്കാർ അവകാശപ്പെടുന്നു. സാധാരണഗതിയിൽ ആർക്കും വേണ്ടത്ര വിശദമായ പഠനം നടത്താതെ ഇത്തരം അവകാശവാദത്തെ കണക്കുകളുടെ പിൻബലത്തോടെ ചോദ്യം ചെയ്യാൻ കഴിയാറില്ല.

കെ എസ് ജെയിംസിന്റെ കീഴിൽ മുംബെയിലെ ഐഐപിഎസ് ഇതെല്ലാം സംബന്ധിച്ച് അടുത്തകാലത്തായി സർവെ നടത്തി വിവരശേഖരണം നടത്തിയിട്ടുണ്ട്. മോദി സർക്കാരിന്റെ തുടർച്ചയായുള്ള അവകാശവാദമാണ് സ്വച്ഛ് ഭാരത് മിഷന്റെ നേട്ടം. അതനുസരിച്ച് പരമദരിദ്ര കുടുബങ്ങളിലിടക്കം രാജ്യത്തെ സകലവീടുകളിലും വൃത്തിയും വെടിപ്പും സുരക്ഷയുമുള്ള ശൗചാലയമുണ്ട്. എന്നാൽ, ഐഐപിഎസ് അടുത്ത കാലത്ത് നടത്തിയ സർവെയിൽ തെളിഞ്ഞത് ഇന്ത്യയിലെ 19 ശതമാനം വീടുകളിലും ശൗചാലയങ്ങൾ ഇല്ല എന്നാണ്. അവ സ്ഥാപിക്കാനുള്ള സൗകര്യങ്ങൾപോലും അത്തരം വീടുകളിലൊന്നും ഇല്ല എന്നാണ് സർവെയിൽ കണ്ടെത്തിയത്. ഐഐപിഎസ് യഥാർഥത്തിൽ ഒരു വസ്തുതാപഠനം നടത്തുക മാത്രമാണ് ചെയ്തത്. പക്ഷേ, അതിന്റെ ഫലം മോദി സർക്കാരിന്റെ ഒരു അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെട്ടു എന്നതാണ്.

പാചകാവശ്യങ്ങൾക്കും മറ്റുമായി രാജ്യത്തെ എല്ലാ വീടുകൾക്കും എൽപിജിയോ ദ്രവീകൃത പെട്രോളിയം വാതകം) പ്രകൃതി വാതകമോ നൽകുന്നുണ്ട് എന്നതാണ് മോദി സർക്കാരിന്റെ മറ്റൊരു അവകാശവാദം. ഈ ലക്ഷ്യം പൂർണമായി നടപ്പാക്കുന്ന പക്ഷം അത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയനേട്ടമാണ് എന്ന കാര്യത്തിൽ സംശയമില്ല. കാരണം ഒരുവശത്ത് സർക്കാർ ഇത്രയും ഇന്ധനം ഖേശരിച്ച് നാട്ടിലെല്ലായിടത്തും ലഭ്യമാക്കണം. മറുവശത്ത് അത് വാങ്ങി ഉപയോഗിക്കാനുള്ള ശേഷിയും സൗകര്യവും സർക്കാർ എല്ലാവർക്കും ഉണ്ടാക്കിക്കൊടുക്കണം. അതെല്ലാം നേടിക്കഴിഞ്ഞു, എല്ലാവർക്കും ഗ്യാസ് അടുപ്പും ഇന്ധനവും ലഭ്യമാക്കിക്കഴിഞ്ഞു എന്നാണ് മോദി വാഴ്-ച ഇതിനകം ആരംഭിച്ചിട്ടുള്ള ‘തിരഞ്ഞെടുപ്പു’ പ്രചരണങ്ങളിലും മറ്റും അവകാശപ്പെടുന്നത്. എന്നാൽ ഐഐപിഎസിന്റെ പഠനത്തിൽ കാണുന്നത് രാജ്യത്തെ 40 ശതമാനം കുടുംബങ്ങൾക്ക് പാചകവാതകം ലഭിക്കുന്നില്ല എന്നാണ്. ഗ്രാമീണമേഖലയിൽ അവരുടെ ശതമാനം 57 ആണ്. ജനങ്ങളിൽ പകുതിയോളം പേർക്ക് കിട്ടാതിരിക്കുമ്പോഴാണ് എല്ലാവർക്കും പാചകവാതകം നൽകിക്കഴിഞ്ഞു എന്ന മോദി സർക്കാരിന്റെ അവകാശവാദം. തന്റെ കൂറ് ജനങ്ങളോടാണ്, ഭരണാധികാരികളോടല്ല എന്നാണല്ലൊ അതുവഴി ജെയിംസ് പരോക്ഷമായി വെളിപ്പെടുത്തിയത്. അതുവഴി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഭരണനേതൃത്വത്തെ പിടികൂടി ജനസമക്ഷം അവതരിപ്പിക്കുകയാണ് ഐഐപിഎസിലൂടെ ജെയിംസ് ചെയ്തിരിക്കുന്നത്.

മോദി പ്രഭൃതികളുടെ മറ്റൊരു അവകാശവാദം രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ വിളർച്ച (അനീമിയ) തീരെ ഇല്ല എന്നാണ്. എന്നാൽ, ഐഐപിഎസ് പഠനചൂണ്ടിക്കാട്ടുന്നത് 2019–16ൽ അവർക്കിടയിലെ വിളർച്ച 53 ശതമാനമായിരുന്നു എന്നും നാലുവർഷം കഴിഞ്ഞ് 2019–20ൽ അത് 57 ശതമാനമായി വർധിച്ചു എന്നുമാണ്. ഇതേ തുടർന്നു മോദി സർക്കാർ കെെക്കൊണ്ട നടപടി ഈ ഉയർന്നതോതിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിളർച്ച മാറ്റുന്നതിനു എന്തെങ്കിലും ചെയ്യുകയായിരുന്നില്ല. പിന്നെയോ, നാലുവർഷം കഴിയുമ്പോൾ പതിവായി ചെയ്യുന്ന സർവെയിൽ സംഗതി സംബന്ധിച്ച ചോദ്യം ഉൾക്കൊള്ളിക്കേണ്ടതില്ല എന്നു നിർദേശിക്കുകയായിരുന്നു. തുടർന്നും സർവെ നടത്തിയാലല്ലേ വിളർച്ച തുടരുന്നുണ്ടോ, വർധിച്ചോ എന്നൊക്കെ വെളിവാക്കുകയുള്ളൂ. ആ ചോദ്യമേ ചോദിച്ചില്ലെങ്കിൽ പിന്നെ വിളർച്ചയുടെ പുതിയ തോത് കണ്ടെത്താനാവില്ലല്ലോ. സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ വിളർച്ചയില്ല എന്നു പ്രധാനമന്ത്രിക്കോ ഉത്തരവാദപ്പെട്ടവർക്കോ അവകാശപ്പെടുകയുമാകാം.

ഈ അവകാശവാദങ്ങളെയാണ് കെ എസ് ജെയിംസിന്റെ നേതൃത്വത്തിലുള്ള ഐഐപിഎസ് അവരുടെ സമഗ്രമായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ഖണ്ഡിച്ചിട്ടുള്ളത്. അതിനെ ഖണ്ഡിക്കാനോ തുറന്നുകാട്ടാനോ ഉള്ള വസ്തുതകളോ അവ ഉപയോഗിച്ച് തർക്കിക്കാനുള്ള ശേഷിയോ സർക്കാരിനില്ല. കാരണം തങ്ങൾ ശേഖരിച്ചിട്ടുള്ള വിശദമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഐപിഎസ് അതിനുവേണ്ടി അതിന്റെ ഡയറക്ടർ ജെയിംസ്, സർക്കാരിന്റെ അവകാശവാദങ്ങളെ ഫലത്തിൽ ഖണ്ഡിച്ചിട്ടുള്ളത്. ജെയിംസും അദ്ദേഹം ഡയറക്ടറായ സ്ഥാപനവും സർക്കാരിനെക്കുറിച്ച് നുണ പ്രചരിപ്പിച്ചിട്ടില്ല. സർക്കാർ പ്രചരിപ്പിച്ച അതിശയോക്തിപരമോ നിറം പിടിപ്പിച്ചതോ ആയ കള്ളങ്ങൾ തങ്ങൾ സമാഹരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഖണ്ഡിക്കുകയാണ് ഐഐപിഎസ് ചെയ്തിട്ടുള്ളത്.

കെ എസ് ജെയിംസിനെ ഐഐപിഎസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തതു ഏതാനും ദിവസങ്ങൾക്കുമുമ്പാണ്. അതു വഴി മോദി സർക്കാർ ചെയ്തിരിക്കുന്നത് എന്താണ്! തങ്ങൾ പ്രചരിപ്പിച്ച ഗുരുതരമായ തെറ്റിനെ വസ്തുതകളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച കണക്കുകളിലൂടെ തുറന്നുകാണിച്ചതിന്റെ പേരിൽ ജെയിംസിനെ ജോലിയിൽ നിന്നു സസ്പെൻഡ് എന്നതാണ് വസ്തുത. സർക്കാർ ജനങ്ങളോടു ചെയ്ത ഗുരുതരമായ കുറ്റം–പച്ചക്കള്ളം പറഞ്ഞതിനുവരെ തെറ്റിദ്ധരിപ്പിച്ചത്– യഥാർഥ വസ്തുത പറഞ്ഞ് തിരുത്തിയതിനു യഥാർഥത്തിൽ ജെയിംസിനെ അഭിനന്ദിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.

ഇവിടെ ജനാധിപത്യവ്യവസ്ഥയാണ് നിലവിലുള്ളത്. ‘‘ഞങ്ങൾ ജനങ്ങൾ’’ എന്നു ആരംഭിക്കുന്നതും ജനങ്ങൾ ജനങ്ങൾക്കുവേണ്ടി തയ്യാറാക്കി അവർക്കുതന്നെ സമർപ്പിച്ചതുമായ ഭരണഘടന നിലവിലുള്ളരാജ്യമാണിത്. ആ ഭരണവ്യവസ്ഥയിൽ ജനങ്ങളെ നുണ പറഞ്ഞ് പറ്റിക്കാൻ ഒരു ഭരണാധികാരിക്കും –അധികാരമോ അവകാശമോ ഇല്ല. രാജാവ് നഗ്നനാണ് അല്ലെങ്കിൽ കള്ളനാണ് എന്നു വിളിച്ചു പറഞ്ഞ പഴയ കഥയിലെ കുട്ടിയുടെ റോളാണ് ഈ മോദിക്കഥയിൽ കെ എസ് ജെയിംസ് ഡയറക്ടറായ ഐഐപിഎസ് വഹിച്ചിരിക്കുന്നത്. സത്യം തുറന്നു കാണിച്ചതിന്റെ പേരിൽ സത്യസന്ധനായ ഉദ്യോഗസ്ഥനെ ജോലിയിൽനിന്നു പുറന്തള്ളാൻ മോദി സർക്കാരിനു നിയമപരമായോ ധാർമികമായോ എന്ത് അവകാശമാണ്, അധികാരമുള്ളത് ഉള്ളത്?

ഇന്ത്യയിൽ നിലവിലുള്ളത് ‘ഭരണഘടനാവ്യവസ്ഥകൾ അനുസരിച്ചുള്ള ഭരണകൂടമാണ്. ഭരണഘടനാ വ്യവസ്ഥകൾ അത് പാലിക്കണം. പാലിച്ചിട്ടില്ല എന്നു ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ, ഒന്നുകിൽ അത് ഉന്നയിക്കാം; അല്ലെങ്കിൽ കോടതിയിൽ സർക്കാരിന്റെ നടപടിയെ ചോദ്യം ചെയ്യാം. കോടതി ആ നടപടിയെ ഭരണഘടനാ വിരുദ്ധമെന്നു മുദ്രകുത്തിയാൽ സർക്കാർ ആ കോടതിവിധി അനുസരിക്കാൻ ബാധ്യസ്ഥമാണ്. വസ്തുത ഇതായിരിക്കെ ഐഐപിഎസ് ഡയറക്ടർ എന്ന നിലയിൽ ആ സ്ഥാപനം നടത്തിയ സർവെയിൽ കണ്ടെത്തിയ വസ്തുത പുറത്തുവിടട്ടു?കാണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് വസ്തുതാപരമല്ല എന്നു ജനങ്ങളോട് വെളിപ്പെടുത്തിയതിന്റെ പേരിൽ ഐഐപിഎസ് ഡയറക്ടർ സ്ഥാനത്തുനിന്നു ജെയിംസിനെ സസ്പെൻഡുചെയ്തത്. ആധുനിക ജനാധിപത്യസർക്കാരിനു ഒട്ടും നിരക്കുന്നതല്ല.

ജനാധിപത്യം നിലനിൽക്കുന്നത് കള്ളങ്ങളുടെ മേൽകെട്ടിപ്പൊക്കിയ സ്ഥാപനമായിട്ടല്ല; ജനങ്ങളുടെ അറിയാനും പറയാനുമുള്ള സ്വാതന്ത്ര്യത്തിന്റെ മേലാണ്; സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയുടെ മേലാണ്; വ്യക്തിയുടെ അന്തസ്സും സമൂഹത്തിന്റെ സ്വഭാവ ദാർഢ്യവും ഉറപ്പുനൽകുന്ന അവസരസമത്വത്തിന്റെ മേലാണ്. ജനാധിപത്യത്തിന്റെയും അതിനുകീഴിൽ വ്യക്തിയുടെയും സമൂഹത്തിന്റെയും അന്തസ്സത്ത ഉയർത്തിപ്പിടിക്കുന്നതാണ് ഐഐപിഎസ് ഡയറക്ടർ എന്ന നിലയിലുള്ള കെ എസ് ജെയിംസിന്റെ നടപടി. മോദിഗവൺമെന്റിന്റേതാകട്ടെ അവയെ അപ്പാടെ നിഷേധിക്കുന്നതും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen + 9 =

Most Popular