അമേരിക്കക്കയിലെ യേൽ സർവകലാശാലയിലെ തത്ത്വചിന്ത പ്രൊഫസറായ ജേസൺ സ്റ്റാൻലി 2018ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ശീർഷകമാണ് ‘ഹൗ ഫാസിസം വർക്-സ്: ദ പൊളിറ്റിക്സ് ഓഫ് അസ് ആൻഡ് ദം’. അക്കാലത്ത് അമേരിക്കയെ ചൂഴ-്-ന്നുനിന്ന ‘ട്രംപിസം’ എന്ന രാഷ്ട്രീയ പ്രതിഭാസത്തെ മൊത്തത്തിൽ നിർധാരണം ചെയ്യുന്ന പഠനമാണിതെങ്കിലും സമകാലികലോകത്ത് പലയിടത്തും പല ഭാവങ്ങളിൽ പടരുന്ന ഫാസിസത്തിന്റെ മുഖ്യസവിശേഷതകൾ ജേസൺ സ്റ്റാൻലി അക്കമിട്ട് നിരത്തുന്നുണ്ട്. ഒന്നാമത്തേത്, പുസ്തകത്തിന്റെ ഉപശീർഷകമായ ‘ഞങ്ങൾ– അവർ രാഷ്ട്രീയം’ എന്നുതന്നെ. പിന്നെ വരുന്നത് മിത്തിക്കൽ ഭൂതകാലത്തിന്റെ പ്രചാരണവും വിഗ്രഹവത്കരണവും മഹത്വവത്കരണവും, ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ പ്രജനനം, ആന്റി–ഇന്റലക്-ച്വലിസം, യുക്തിസഹമായ സംവാദങ്ങളുടെ സ്ഥാനത്ത് ഭീതിയും ക്രോധവും പകരംവയ്ക്കുക, തുല്യതയുടെ നിഷേധവും ശ്രേണീകൃത വ്യവസ്ഥയുടെ ന്യായീകരണവും തുടങ്ങിയ സവിശേഷ ലക്ഷണങ്ങളാണ്. ഹിന്ദുത്വ ഫാസിസത്തിലും ഈ തീവ്രപ്രവണതകൾ അന്തർലീനമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഈ ഗ്രന്ഥത്തെക്കുറിച്ച് ഇത്തരുണത്തിൽ പറയുന്നത്, ശാസ്ത്രവും മിത്തും ഐതിഹ്യങ്ങളും തമ്മിൽ കൂട്ടികുഴയ്ക്കരുതെന്നും ശാസ്ത്രത്തെ ശാസ്ത്രമായും മിത്തുകളെയും ഐതിഹ്യങ്ങളെയും അങ്ങനെത്തന്നെ കാണണമെന്നും ഈയിടെ നടന്ന വിദ്യാർഥികൾ ഉൾപ്പെടെ പങ്കെടുത്ത ഒരു പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ പറഞ്ഞത് ദുഷ്ടലാക്കോടെ ഹിന്ദുത്വ മനോന്മാദികളും സ്പീക്കർ പറഞ്ഞത് എന്താണെന്നുപോലും നോക്കാതെ ചില സമുദായ സംഘടനകളും വൃഥാസ്ഥൂലമായ വിവാദമാക്കിയ പശ്ചാത്തലത്തിലാണ്.
സ്പീക്കറുടെ പ്രസംഗത്തിന്റെ സാരാംശം ഇതാണ്: മിത്തും ആധുനിക ശാസ്ത്രവും സമാസമം ചാലിച്ച് യുക്തിവിഭ്രമം ഉണ്ടാക്കുന്ന പ്രചാരവേലകൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. രണ്ടിനെയും വേർതിരിച്ച് കാണണം. ഈ സങ്കരമിശ്രിതമായ സ്യൂഡോ സയൻസിനെ പാഠ്യപദ്ധതിയിൽ തിരുകിക്കയറ്റുന്നത് ചെറുക്കണം.
ഗണപതിയുടെ തുമ്പിക്കെെയുള്ള ആനത്തല പ്ലാസ്റ്റിക് സർജറിയിലൂടെ മനുഷ്യശരീരത്തിൽ സന്നിവേശിപ്പിച്ചതാണെന്ന് 2014ൽ പറഞ്ഞത് സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രിയാണ്. മുംബെെയിൽ ഒരു ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിൽവച്ച് അദ്ദേഹം നടത്തിയ പ്രസംഗം, ഗണപതിയെ ഉദാഹരിച്ച് ആധുനികശാസ്ത്രത്തിലെ എല്ലാ മുന്നേറ്റങ്ങളും വെെദിക കാലത്തുതന്നെ ഇന്ത്യയിലുണ്ടായിരുന്നു എന്ന് പ്രത്യക്ഷമായി ധ്വനിപ്പിക്കുന്നതായിരുന്നു. അന്ന് നരേന്ദ്രമോദി പറഞ്ഞത് ഇങ്ങനെ: ‘‘ഒരു ആനത്തല ഒരു മനുഷ്യശരീരത്തിലേക്ക് മാറ്റിവയ്ക്കാൻ സാധിച്ചിരുന്നു അക്കാലത്തെങ്കിൽ തീർച്ചയായും ഒരു പ്ലാസ്റ്റിക് സർജറി വിദഗ്ധൻ അന്നുണ്ടായിരിക്കണം. അങ്ങനെയാണ് പ്ലാസ്റ്റിക് സർജറി സമ്പ്രദായം ആരംഭിക്കുന്നത്.’’ പ്രധാനമന്ത്രി അവിടംകൊണ്ടും നിർത്തിയില്ല,‘കർണന്റെയും കൗരവരുടെയും ജനനം കാണിക്കുന്നത് സ്റ്റെം സെൽ ഗവേഷണവും ഐവിഎഫുംപോലുള്ള വികസിതമായ ജനിതകശാസ്ത്രജ്ഞാനം മഹാഭാരതകാലത്തുതന്നെ ഉണ്ടായിരുന്നു’’ എന്നത്രെ.
ലോകപ്രശസ്ത സെെദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിങ് 2018ൽ അന്തരിച്ചപ്പോൾ കേന്ദ്ര ശാസ്ത്ര–സാങ്കേതികവകുപ്പിന്റെ മുൻമന്ത്രിയായിരുന്ന ഡോ. ഹർഷവർധൻ പറഞ്ഞത്, ‘‘സ്റ്റീഫൻ ഹോക്കിങ് എന്ന വിഖ്യാതനായ പ്രപഞ്ചശാസ്ത്രജ്ഞനെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഐൻസ്റ്റിന്റെ പ്രശസ്ത സൂത്രവാക്യമായ E=mc2 നേക്കാൾ ഉയർന്നതും ഉത്കൃഷ്ടവുമായ സിദ്ധാന്തങ്ങൾ വേദങ്ങളിലുണ്ടെന്ന് സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്.’’ മണിപ്പൂർ സർവകലാശാലയിൽവച്ച് നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിലാണ് ഹർഷപുളകിതനായി ഹർഷവർധൻ ഈ ‘വിവരം’ വിളമ്പിയത്! ആധുനികശാസ്ത്ര മുന്നേറ്റങ്ങളെല്ലാം പ്രാചീന ഇന്ത്യ സ്വായത്തമാക്കിയിരുന്നു എന്ന പ്രധാനമന്ത്രിയടക്കമുള്ളവരുടെ വന്യമായ അവകാശവാദങ്ങളെക്കുറിച്ച് 2009ൽ രസതന്ത്രത്തിന് നൊബേൽ പുരസ്കാരം കിട്ടിയ വെങ്കി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്: ‘‘അവിവേകികളായ ആളുകൾ ഇത്തരം അവകാശവാദങ്ങളുമായി വരുന്നത് അവഗണിക്കാം. എന്നാൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇത്തരം അസംബന്ധങ്ങൾ എഴുന്നള്ളിക്കാൻ പാടില്ല.’’
ആധുനിക ശാസ്ത്രീയവിദ്യാഭ്യാസത്തെയും വിമർശനാത്മക ചിന്തയെയും തുരങ്കംവയ്ക്കുകയും ഇന്ത്യയെ ലോകത്തിനുമുൻപിൽ നാണം കെടുത്തുകയും ചെയ്യുന്ന ഇത്തരം അയുക്തികമായ ഉദീരണങ്ങളെക്കുറിച്ച് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (സിഎസ്ഐആർ) ചീഫ് സയന്റിസ്റ്റായിരുന്ന ഗൗഹർ റാസ പറഞ്ഞത്, ‘‘ഇന്ത്യയുടെ ശാസ്ത്ര സ്ഥാപനങ്ങളിലടക്കം ഒരു ‘മതമിത്ത് സംസ്കാരം’ വിനാശകരമാംവിധം പ്രചരിപ്പിച്ചുപോരുന്നു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഇത് ഉത്തരോത്തരം പടരുകയാണ്. ശാസ്ത്രചിന്തയെയും വിമർശനാത്മകവിചാരങ്ങളെയും സ്തംഭിപ്പിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന ഈ ആപത്കരമായ സംസ്കാരത്തെ ‘ശസ്ത്രയുക്തിക്കുനേരെയുള്ള ആക്രമണ പദ്ധതി’ എന്നു തന്നെ വിശേഷിപ്പിക്കാം.’’ 2015 മുതലുള്ള എല്ലാ വാർഷിക ഇന്ത്യൻ ശാസ്ത്ര കോൺഗ്രസുകളിലും ശാസ്ര്-തജ്ഞ വേഷം കെട്ടിയ ഹിന്ദുത്വ സ്യൂഡോ സയൻസ്റ്റികളുടെ അസംബന്ധ താണ്ഡവമാണ് നടക്കുന്നത്. വെെദികകാലത്തുതന്നെ ഗോളാന്തര യാത്രകൾ നടത്താൻ ശേഷിയുള്ള ബഹിരാകാശപേടകങ്ങൾ ഉണ്ടായിരുന്നുവെന്നും 40 എഞ്ചിനുള്ള അതിശീഘ്ര–അതിശക്ത വിമാനങ്ങളുണ്ടായിരുന്നുവെന്നും അണുവിസ്-ഫോടനവും അതുവഴി അണുബോംബും നിർമിച്ചിരുന്നുവെന്നും തുടങ്ങി ഗോമൂത്രത്തിന്റെ അനിതരസാധാരണ ഔഷധസിദ്ധികൾവരെ ശാസ്ത്രകോൺഗ്രസിൽ പലപാട് അവതരിപ്പിക്കപ്പെട്ടു. ചാന്ദ്രയാൻ ഒന്നും രണ്ടുമൊക്കെ വിക്ഷേപിക്കുന്നത് പഴയ, എന്നാൽ പുതിയതിനെ വെല്ലുന്ന ശാസ്ത്ര–സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണെന്ന പ്രതീതി ഉളവാക്കുന്ന ‘പ്രബന്ധ’ങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്!
2019ൽ മുൻ കേന്ദ്ര മാനവവിഭവശേഷി മന്ത്രിയായ രമേശ് പൊക്രിയാൽ ഐഐടി ശരഖ്പൂരിലെ ബിരുദദാനചടങ്ങിൽ വച്ച് ഐഐടി വിദ്യാർഥികൾക്ക് ഒരു ‘ഹിമാലയൻ വങ്കത്തം’ എന്ന് വിളിക്കാവുന്ന ‘അമൂല്യവസ്-തുത’ പറഞ്ഞുകൊടുത്തിരുന്നു. ‘‘ഹിമാലയം നീലകണ്ഠനെപ്പോലെ ഉയരത്തിൽ നിൽക്കുന്നു. തൽഫലമായി വികസിതരാജ്യങ്ങളിലെ മലിനവായു മുഴുവൻ ഈ മഹാമേരു ആഗിരണം ചെയ്യുന്നു.’’ വാസ്തവത്തിൽ ഹിമാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്? കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയത്തിലെ ഹിമാനികൾ ഉരുകിയൊലിച്ചുതീരുകയാണ്. ശിവന്റെ നീലനിറമുള്ള കണ്ഠമാണ് വികസിതരാജ്യങ്ങളിലെ വായുമാലിന്യമെല്ലാം വിഴുങ്ങുന്നത് എന്ന് ഐഐടി വിദ്യാർഥികളോടാണ്, ഗുജറാത്തിലെ ഏതെങ്കിലും സരസ്വതിവിദ്യാമന്ദിരത്തിലല്ല ഈ മന്ത്രി ശാസ്ത്രസത്യമെന്നവിധം പറഞ്ഞത്! രാവണന്റെ പത്തുതലകളിൽ ഒമ്പതെണ്ണം മിത്തോളജിക്കൽ സർജന്മാർ വച്ചുപിടിപ്പിച്ചതാണെന്ന് ഇവരാരും ഇതേവരെ പറയാത്തത് ഭാഗ്യമെന്നേ കരുതേണ്ടൂ.
സ്പീക്കറുടെ പ്രസംഗത്തിന്റെ സത്ത അക്ഷരാർഥത്തിൽ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രനയത്തിന്റെ ഭാഗമായ മാർഗനിർദേശകതത്ത്വങ്ങളിൽ (Part IV A) ഉൾപ്പെടുത്തിയ 51 A (h) വകുപ്പിലുള്ളതാണ്. ശാസ്ത്രീയ മനോഭാവവും മാനവികതയും അനേ-്വഷണത്തിനും പരിഷ്-കരണത്തിനുമുള്ള ചേതനയും പോഷിപ്പിക്കേണ്ടത് എല്ലാ ഇന്ത്യൻ പൗരരുടെയും കടമയാണെന്നാണ് ഈ വകുപ്പ് പറയുന്നത്. ജീവിതത്തോടും സമൂഹത്തോടും യുക്തിഭദ്രവും ശാസ്ത്രീയ സമീപനത്തിലധിഷ്-ഠിതവുമായ വീക്ഷണം പുലർത്തണമെന്നും അനേ-്വഷണത്വരയെയും വിമർശനചിന്തയെയും വളർത്തണമെന്നും ജ്ഞാനത്തെ മുന്നോട്ടുനയിക്കാനുള്ള പ്രതിബദ്ധത ഉണ്ടായിരിക്കണമെന്നും ഇന്ത്യൻ പൗരരോട് ഭരണഘടന തന്നെ ആഹ്വാനം ചെയ്യുന്നു.
ഒരൊറ്റ ഹിന്ദു ദേവനെയോ ദേവതയെയോ സ്പീക്കറുടെ പ്രസംഗത്തിൽ അവഹേളിക്കുകയോ നിന്ദിക്കുകയോ അപഹസിച്ചിക്കുകയോ ചെയ്തിട്ടില്ല. ഹിന്ദുത്വത്തിന്റെ ഉദ്-ഘോഷകർ ഈ പ്രസംഗത്തെ വർഗീയമായി വ്യാഖ്യാനിച്ച് മുതലെടുക്കുന്നത് മനസ്സിലാക്കാം. കാരണം, കേരളത്തിൽ പുലർന്നുപോരുന്ന സമാധാനാന്തരീക്ഷവും മത–സമുദായ സ്പർദ്ധയില്ലായ്മയും അവർക്ക് സഹിക്കാവുന്നതിനപ്പുറമാണ്. എന്നാൽ നാഴികയ്ക്ക് നാൽപ്പതുവട്ടം സമദൂരം പ്രഘോഷിക്കുന്ന, വർഗീയ അജൻഡകളുടെ ചതുപ്പിൽനിന്ന് സാമാനേ-്യന അകന്നുനിൽക്കുന്ന ഒരു സമുദായ സംഘടന സംഘപരിവാറിന്റെ ഉച്ചഭാഷിണിയാവുന്നതും സംഘപരിവാറിനേക്കാൾ ഇൗ പ്രസംഗത്തിന്റെ പേരിൽ സംഘവീര്യം ജ്വലിപ്പിക്കുന്നതും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്. ♦