Friday, November 22, 2024

ad

Homeവിശകലനംവെറുപ്പിന്റെ രാഷ്ട്രീയം

വെറുപ്പിന്റെ രാഷ്ട്രീയം

സുഭാഷിണി അലി

സംസ്ഥാനത്ത് രണ്ടുമാസമായി നിലനിന്നിരുന്ന ഇന്റർനെറ്റ് നിരോധനം മണിപ്പൂർ ഗവൺമെന്റ് ജൂലെെ 25ന് പിൻവലിച്ചിരിക്കുന്നു. സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലായ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാനുള്ള പ്രക്രിയയ്ക്ക് തുടക്കമാകുന്ന സ്വാഗതാർഹമായ ഒരു നീക്കമാണിതെന്ന് തോന്നിയേക്കാം. എന്നാൽ ഈ പ്രഖ്യാപനത്തിനു പിന്നാലെ വന്ന സർക്കാർ ഉത്തരവ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവർക്കുമേൽ ഭീകരമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതാണ്. ‘‘സംസ്ഥാനത്ത് നിലനിൽക്കുന്ന ക്രമസമാധാന പ്രതിസന്ധി മൂർച്ചിപ്പിക്കാനിടയാക്കിയേക്കാവുന്ന, തെറ്റിദ്ധാരണയോ അവിശ്വാസമോ സൃഷ്ടിക്കാൻ സാധ്യതയുള്ള’’ ഏതെങ്കിലും പോസ്റ്റ് ഷെയർ ചെയ്യുകയാണെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് ഈ ഉത്തരവിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ താക്കീതുചെയ്തു. ഏതെങ്കിലും സിസ്റ്റത്തിൽ നിന്നോ അഥവാ റൗട്ടറിൽ നിന്നോ ‘‘വെെ–ഫെെ/ ഹോട്ട് സ്പോട്ട്’’ ഉപയോഗിക്കില്ല എന്നും ഉപഭോക്താക്കൾ ഉറപ്പു നൽകേണ്ടതുണ്ട്; ഇത്തരത്തിലുള്ള മറ്റു പല നിയന്ത്രണങ്ങൾക്ക് പുറമെയാണിത്; ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സോഷ്യൽ മീഡിയ വെബ്സെെറ്റുകളും വിപിഎന്നുകളും ബ്ലോക്ക് ചെയ്യണം; ‘‘നിത്യേന ലോഗ് ഇൻ ഐഡിയും പാസ്-വേഡും മാറ്റിക്കൊണ്ടിരിക്കണം’’ എന്നുമെല്ലാം ആ ഉത്തരവിലുണ്ട്. അഭിപ്രായ പ്രകടനത്തിനും ആശയവിനിമയത്തിനുമുള്ള മണിപ്പൂരുകാരുടെ അവകാശം കർക്കശമായി അടിച്ചമർത്തുമെന്നാണ് ഈ ‘‘ഉറപ്പുനൽകൽ’’ ഓർമപ്പെടുത്തുന്നത്. ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ഗവൺമെന്റിന്റെ വലിയൊരു ചുവടുവയ്പെന്ന് കൊട്ടിഘോഷിക്കവെ തന്നെ അതിൽ ഒളിഞ്ഞിരിക്കുന്ന യാഥാർഥ്യം ഇതാണ്.

മെയ് മൂന്നിന് ഇന്റർനെറ്റ് അടച്ചുപൂട്ടിയതുമൂലമാണ് അതിനുശേഷം മണിപ്പൂരിൽ നടന്ന അനന്തമായ കൊടുംക്രൂരതകളും കൊലപാതകങ്ങളും കൊള്ളിവെയ്പുകളും മറ്റ് ആക്രമണങ്ങളും മണിപ്പൂരിനു പുറത്തുള്ള ഇന്ത്യൻ പൗരരും മിക്കവാറും മണിപ്പൂരുകാരും അറിയാതിരുന്നത്. മെയ-്ത്തി വിഭാഗത്തിൽപ്പെട്ട മദമിളകിയ മട്ടിലുള്ള ഒരു കൂട്ടം പുരുഷന്മാർ കുക്കി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിക്കുന്ന ഭീകരമായ ദൃശ്യം അടങ്ങുന്ന വീഡിയോ പുറത്തുവന്നതോടെ ഇക്കാര്യം സംശയാതീതമായി വ്യക്തമായി; ആ സ്ത്രീകളെ ശാരീരികമായി ദുരുപയോഗം ചെയ്ത ആ നരാധമന്മാർ സർവവിധത്തിലും അവരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ജൂലെെ 19 ഓടുകൂടിയാണ് ഇൗ വീഡിയോ പുറത്തുവന്നത്. രാജ്യത്തുടനീളമുള്ള പൗരരിൽ ഇത് കടുത്ത രോഷവും വെറുപ്പും ഉയർന്നുവരുന്നതിനിടയാക്കി; തുടർന്ന് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഈ കുറ്റകൃത്യത്തിനുത്തരവാദികളായവർക്കെല്ലാം തന്നെ ഉടൻ കർക്കശമായ ശിക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന പ്രസ്താവന നടത്താൻ മണിപ്പൂർ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതും ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ്. മെയ് മൂന്നുമുതൽ മണിപ്പൂരിൽ നടമാടുന്ന അക്രമങ്ങളെ സംബന്ധിച്ച് ആദ്യമായി ഒരു പ്രസ്താവന നടത്താൻ പ്രധാനമന്ത്രിയെ നിർബന്ധിതനാക്കിയതും ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്നാണ്. സ്ത്രീകൾക്കു നേരെ നടന്ന ഭീകരാക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു; പക്ഷേ, ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന ബംഗാൾ, രാജസ്താൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സ്ത്രീകൾ ആക്രമണങ്ങൾക്കിരയാകുന്നുണ്ട് എന്നു പറഞ്ഞ് മണിപ്പൂരിലെ സംഭവത്തെ സാമാന്യവൽക്കരിക്കാനും അദ്ദേഹം മടിച്ചില്ല.

ആ വീഡിയോയിൽ കണ്ടതിൽ 6 ആക്രമണകാരികൾ ഉടൻ അറസ്റ്റ് ചെയ്യപ്പെട്ടു; സമാധാനം പുനഃസ്ഥാപിക്കാനും നീതി ഉറപ്പാക്കാനും ഇരുഗവൺമെന്റുകളും ഇനി ഫലപ്രദമായി ഇടപെടുമെന്ന് ജനങ്ങൾ കരുതി. ഒട്ടനവധി പൊലീസുകാരുടെ സാന്നിധ്യത്തിൽ മെയ് 4നാണ് ആ വീഡിയോയിൽ കാണുന്ന റിക്കാർഡ് ചെയ്യപ്പെട്ട സംഭവങ്ങൾ നടന്നത് എന്ന വിവരം പുറത്തുവന്നതോടെ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു. സംഭവം നടന്ന് രണ്ട് ആഴ്-ചയ്ക്കുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അപ്പോൾ തന്നെ മണിപ്പൂർ ഗവൺമെന്റും അവിടത്തെ മുഖ്യമന്ത്രിയും സ്ത്രീകൾക്കു നേരെ നടന്ന ഈ ലജ്ജാകരമായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഇപ്പോൾ പൊതുമണ്ഡലത്തിൽ വന്ന ഈ വീഡിയോ റിക്കാർഡ് ചെയ്യപ്പെട്ട് ഏറെക്കഴിയും മുൻപുതന്നെ അതിൽ കാണുന്ന ഭീകരമായ സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ കേന്ദ്ര ഗവൺമെന്റിനെയും ആഭ്യന്തരമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ടാകില്ല എന്നും കരുതാനാവില്ല. രണ്ടു മാസത്തിലേറെ കഴിഞ്ഞിട്ടും ഒരു നടപടിയും കെെക്കൊള്ളാത്തതെന്തെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇത്തരം കേസുകൾ സംബന്ധിച്ച് ആയിരക്കണക്കിന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അവയിലെല്ലാം ഇടപെടുന്നത് അസാധ്യമാണെന്നുമാണ്. എന്നാൽ ഈ ആയിരക്കണക്കിനു കേസുകൾക്ക് ഉത്തരവാദികളായ കുറ്റവാളികൾ ഒന്നുംതന്നെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല.

ഈ വീഡിയോ പുറത്തുവന്നതിനെത്തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെയെല്ലാം കുടുബാംഗങ്ങൾക്കും നേരെ നടന്ന ഭീകരമായ ആക്രമണങ്ങളുടെ വിശദവിവരങ്ങൾ പുറത്തുവന്നു. കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതും മെയ്-ത്തി വിഭാഗത്തിൽപെട്ട ഐഎൻഎ ഭടന്റെ 80 വയസ്സുള്ള വിധവയെ ചുട്ടുകൊന്നതും മൃഗീയമായ വിധം സ്ത്രീകളുടെ ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയതും ഉൾപ്പെടെയുള്ള സംഭവങ്ങൾ സംബന്ധിച്ച് ഒട്ടേറെ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്; നിരവധി പുരുഷന്മാർ കൊല്ലപ്പെടുകയും അംഗഭംഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം ഇരകൾ അധികവും കുക്കികളാണ്.

മെയ് മൂന്നു മുതൽ മണിപ്പൂർ കത്തിയെരിയുകയാണ്. 40 ലക്ഷം ആളുകൾ മാത്രം അധിവസിക്കുന്ന ഈ കൊച്ച് അതിർത്തി സംസ്ഥാനത്ത് അതിനുശേഷം കൊല്ലപ്പെട്ടത് 150 ലധികം ആളുകളാണ്. അസഖ്യം വീടുകൾ കത്തിനശിച്ചു. 50,000ത്തിൽ അധികം ജനങ്ങൾ വിവിധ ‘അഭയാർഥിക്യാമ്പു’കളിൽ കഴിയാൻ നിർബന്ധിതരായി. സ്-കൂളുകളും കോളേജുകളും നിരവധി തൊഴിലിടങ്ങളും അടച്ചുപൂട്ടപ്പെട്ടിരിക്കുകയാണ്; അവിടത്തെ താമസക്കാരിൽ മിക്കവാറും എല്ലാവരുടെയും ജീവിതം താറുമാറായിരിക്കുകയാണ്; സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം തകർക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് കുക്കികളെയാണ്. എന്നിട്ടും, രണ്ടുമാസത്തിലേറെക്കാലമായി സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മഹാദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി തന്റെ മൗനം തുടരുകയാണ്; ആഭ്യന്തരമന്ത്രി നിഷ്ഫലമായ ഒരു സന്ദർശനം നടത്തി; മുഖ്യമന്ത്രി പക്ഷപാതപരമായാണ് ഇടപെടുന്നത് എന്നും അക്രമസംഭവത്തിലെ കൂട്ടുപങ്കാളിയാണ് അദ്ദേഹമെന്നും ആരോപിക്കുന്നത് സ്വന്തം പാർട്ടിയിലെ എംഎൽഎമാർ തന്നെയാണ്.

സ്ത്രീശരീരങ്ങളെ ആയുധമാക്കുന്നു
സ്ത്രീകൾക്ക് സുരക്ഷയും നീതിയും ലഭിക്കാനുള്ള അവകാശത്തോട് ബിജെപിയുടെ ഈ ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ നിഷ്ഠുരമായ മനോഭാവം ആരെയും ഞെട്ടിക്കുന്നതാണ്; ഏത് കലാപമുണ്ടായാലും അത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. തങ്ങൾ ശത്രുക്കളായി കരുതുന്നവരെ വേദനിപ്പിക്കാനും അപമാനിക്കാനുമുള്ള യുദ്ധഭൂമിയായി സ്ത്രീ ശരീരങ്ങൾ ഉപയോഗിക്കപ്പെടുകയാണ്. തങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഭരണാധികാരികൾ ആ കടമ നിറവേറ്റാതെ അവരെ വഞ്ചിക്കുകയാണ്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ മാത്രമല്ല, ദേശീയ വനിതാകമ്മീഷൻ പോലും മണിപ്പൂരിൽ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ വഞ്ചിക്കുകയാണ്; ദേശീയ വനിതാ കമ്മീഷന്റെ അധ്യക്ഷ പരസ്യമായി പ്രസ്താവിച്ചത് വിദേശത്ത് പ്രവർത്തിക്കുന്ന മണിപ്പൂരി സംഘടനകളിൽനിന്ന് ആ സംസ്ഥാനത്തെ സ്ത്രീകൾ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അവർക്ക് ലഭിച്ചതായാണ്; മണിപ്പൂർ ഗവൺമെന്റിന് മൂന്ന് കത്തയച്ചുവെന്നും എന്നാൽ ഗവൺമെന്റിൽനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലയെന്നും ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ പ്രസ്താവിച്ചു. എന്നാൽ ഈ കൊടുംക്രൂരതകളെക്കുറിച്ചും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണമില്ലാത്തതിനെക്കുറിച്ചും അവർ ഇതേവരെ പൊതുജനങ്ങളെ അറിയിച്ചില്ല എന്നു മാത്രമല്ല, ജൂലെെ 25നാണ് സംസ്ഥാനം സന്ദർശിക്കാനും ഇരകളെ കാണാനും അവർ സമയം കണ്ടെത്തിയത്.

മനുഷ്യരുടെ കഷ്ടപ്പാടുകളോടും സഹായത്തിനായുള്ള സ്ത്രീകളുടെ മുറവിളികളോടുമുള്ള അനാസ്ഥയുടെ ഫലമായുണ്ടാകുന്നതു മാത്രമല്ല ഈ ഹൃദയശൂന്യത, മറിച്ച് കുടിലമായ ഒരു രാഷ്ട്രീയ അജൻഡയുടെ കൂടി ഭാഗമാണത്.

37ലധികം വംശീയ വിഭാഗങ്ങളുടെയും ഗോത്രങ്ങളുടെയും ആസ്ഥാനമാണ് മണിപ്പൂർ. മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്-ത്തികൾ സമതല പ്രദേശത്താണ് പാർപ്പുറപ്പിച്ചിട്ടുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിൽ അവർക്കാണ് മേധാവിത്വം; മുഖ്യമന്ത്രി തന്നെ ആ സമുദായത്തിലെ അംഗമാണ്. മെയ്-ത്തികളിൽ അധികംപേരും ഹിന്ദുക്കളാണ്; സ്വാഭാവികമായും ബിജെപിക്ക് അവരെ പ്രിയങ്കരായ സമുദായമാക്കി മാറ്റുന്നത് ഇതാണ്. എണ്ണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്ത് കുക്കികളാണ്; ജനസംഖ്യയിൽ 14 ശതമാനത്തോളം ഇവരാണ്. മിസോറാമിലും മ്യാൻമർ അതിർത്തിയിലുടനീളവും ഇവരുടെ സഹഗോത്ര വിഭാഗങ്ങളെ കണ്ടെത്താനാവും. മണിപ്പൂർ ജനസംഖ്യയിൽ നാഗാവിഭാഗവും അതുപോലുള്ള മറ്റു ഗോത്രങ്ങളും കൂടിയുണ്ട്. നാഗാ വിഭാഗത്തിനും കുക്കികൾക്കും (മറ്റു ഗോത്ര വിഭാഗങ്ങൾക്കും) കുന്നിൻ പ്രദേശത്തെയും വനമേഖലയിലെയും ഭൂമിയാണ് സ്വന്തമായുള്ളത്. സാങ്കേതികമായി സംസ്ഥാനത്തെ 70% ത്തോളം ഭൂപ്രദേശങ്ങൾ ഇവയാണെങ്കിലും ഇതിന്റെ ചെറിയൊരു ഭാഗത്തു മാത്രമേ വീട് വെച്ച് താമസിക്കാനും കൃഷി ചെയ്യാനും അവരെ അനുവദിക്കുന്നുള്ളൂ; ബാക്കി ഭൂപ്രദേശങ്ങളാകെ സംരക്ഷിത വനമേഖലയാണ്. സമതല പ്രദേശത്തു മാത്രമേ മെയ്-ത്തികൾക്ക് ഭൂമി സ്വന്തമാക്കാനാകൂ; ഈ സമതല പ്രദേശത്താണ് തലസ്ഥാനമായ ഇംഫാൽ സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ കുക്കികളും മറ്റ് ഗോത്ര വിഭാഗങ്ങളും ഇംഫാലിൽ ഭൂസ്വത്ത് വാങ്ങുകയും വീട് പണിയുകയും ചെയ്തിട്ടുണ്ട്; കാരണം ഇവിടെ മാത്രമേ അവർക്ക് വിദ്യാഭ്യാസ– ആരോഗ്യ സൗകര്യങ്ങളും തൊഴിലവസരങ്ങളും ലഭിക്കുന്നുള്ളൂ. ഇത് മെയ്-ത്ത–ികൾക്കിടയിൽ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. തങ്ങൾക്കും പട്ടികവർഗ്ഗ പദവി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവരിൽ ഒരു വിഭാഗം മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചു; കുക്കി വിഭാഗവും നാഗാ വിഭാഗവും മറ്റു ഗോത്ര വിഭാഗങ്ങളും അതിനെ ശക്തിയായി എതിർത്തു. മെയ്-ത്തികളെയും പട്ടികവർഗ്ഗക്കാരായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും അത് കേന്ദ്ര സർക്കാരിന് അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് ഏപ്രിൽ 19ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെ പിന്നീട് സുപ്രീംകോടതി വിമർശിക്കുകയും സ്റ്റേ ചെയ്യുകയും ഉണ്ടായി.

ഈ ഉത്തരവിനെതിരെ മെയ് മൂന്നിന് സമാധാനപരമായ ഒരു പ്രകടനം നടത്താൻ ട്രൈബൽ സ്റ്റുഡൻസ് ഓർഗനൈസേഷൻ ആഹ്വാനം നൽകി. എന്നാൽ അന്ന് നടന്ന പടുകൂറ്റൻ പ്രകടനം സമാധാനപരമായിരുന്നില്ല; വാഹനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായി. വൈകുന്നേരത്തോടെ കറുത്ത വേഷം ധരിച്ച ആയുധധാരികളായ മെയ്-ത്തി ചെറുപ്പക്കാർ സംഘംചേർന്ന് തലസ്ഥാനനഗരിയിലെ കുക്കി പാർപ്പിടങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. കെട്ടിടങ്ങൾ വ്യാപകമായി തീവച്ചു നശിപ്പിച്ചു; അക്രമങ്ങളെത്തുടർന്ന് കുക്കി വിഭാഗത്തിൽപ്പെട്ട ഒട്ടേറെ ആളുകൾ ഇംഫാലിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു; അവർ ക്യാമ്പുകളിൽ അഭയം തേടി. ഒട്ടേറെ ആളുകൾ കൊല്ലപ്പെട്ടു; സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും വ്യാപകമായി ആക്രമണം ഉണ്ടായി. അടുത്ത ദിവസം, ഒരു മെയ്-ത്തി സ്ത്രീയെ കുക്കികൾ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കിംവദന്തി പരന്നു. മണിപ്പൂർ പൊലീസ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്ന് പരസ്യമായി നിഷേധിച്ചുവെങ്കിലും ഈ കിംവദന്തി പ്രചരിപ്പിച്ചവർ ലക്ഷ്യമിട്ട നാശനഷ്ടങ്ങൾ അതിനകം സംഭവിച്ചു കഴിഞ്ഞു. അക്രമാസക്തരായ മെയ്-ത്തി ആൾക്കൂട്ടം കുറഞ്ഞത് മൂന്ന് കുക്കി സ്ത്രീകളെയെങ്കിലും തട്ടിക്കൊണ്ടുപോയി; വസ്ത്രങ്ങൾ പൂർണമായി അഴിച്ചുമാറ്റാൻ അവരോട് ആജ്ഞാപിച്ചു; അവരെ അതിനു നിർബന്ധിതരാക്കിയശേഷം തെരുവിലൂടെ നടത്തിക്കുകയും ചെയ്തു; തുടർച്ചയായി അവരെ ശാരീരികമായി കയ്യേറ്റം ചെയ്യുകയും തെറി വിളിക്കുകയും അവരുടെ അഭിമാനത്തിനു മുറിവേൽപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവരിൽ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കി. ആക്രമണകാരികളായ അതേ ആൾക്കൂട്ടം തന്റെ ഭർത്താവിനെയും മകനെയും കൊല്ലുന്നത് മറ്റൊരു സ്ത്രീക്ക് നോക്കിനിൽക്കേണ്ടി വന്നു. ഈ സംഭവങ്ങളാകെ വീഡിയോയിൽ പകർത്തുകയും ചെയ്തു; ജൂലൈ 19ന് അതാണ് പുറത്തുവന്നത്.

വർഷങ്ങളായുള്ള കലാപാസൂത്രണം
എന്നാൽ പലരും ആരോപിക്കുന്നതുപോലെ കോടതി ഉത്തരവും മെയ് മൂന്നിനുണ്ടായ സംഭവങ്ങളും മാത്രമായിരുന്നില്ല ഇപ്പോൾ മണിപ്പൂരിൽ നടമാടുന്ന അക്രമങ്ങളുടെ ഏകകാരണം; മുഖ്യകാരണം പോലും അതല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി മണിപ്പൂരിൽ കുക്കികൾക്കെതിരെ സംഘടിതമായ ക്യാമ്പയിൻ നടക്കുന്നുണ്ടായിരുന്നു; അതിനു പിന്നിൽ സംഘപരിവാറും സംസ്ഥാന സർക്കാരിനെ നയിക്കുന്നവരും തന്നെയാണ്.‘‘പുറമേ നിന്ന് നുഴഞ്ഞു കയറിയവരാണ്’’ കുക്കികൾ എന്നതാണ് ഒരു ആരോപണം; മണിപ്പൂരിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കുന്നതിന് മ്യാൻമറിൽ നിന്നുള്ള കുക്കികളെ വ്യാപകമായി അവിടേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നതിനുപിന്നിലും മണിപ്പൂരിലെ കുക്കികളാണെന്നും ആരോപിക്കപ്പെട്ടു; കുക്കികൾ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുകയാണെന്നും മയക്കുമരുന്ന് കച്ചവടത്തിനും അതുമൂലമുണ്ടാകുന്ന വിപത്തുകൾക്കും നിദാനം ഇതാണെന്നുമാണ് മറ്റൊരു ആരോപണം. കുക്കികൾ അധികവും ക്രിസ്ത്യാനികളാണെന്ന വസ്തുതയ്ക്കൊപ്പം ഇത്തരം അസത്യങ്ങളുടെയും അർദ്ധ സത്യങ്ങളുടെയും വിഷലിപ്തമായ പ്രചാരണവും കൂടിച്ചേരുമ്പോൾ ചിത്രം പൂർത്തിയാകുന്നു.

ഈ ആരോപണങ്ങളിൽ ചിലതിൽ സത്യത്തിന്റെ കണികകൾ കാണാം. മ്യാൻമറിൽ പട്ടാളവാഴ്ചയ്ക്കുകീഴിൽ നടക്കുന്ന അടിച്ചമർത്തലിൽനിന്ന് രക്ഷതേടി കുറേ കുക്കികൾ (കുക്കികൾ മാത്രമല്ല, മറ്റു വിഭാഗങ്ങളും) മണിപ്പൂരിലേക്ക് വരുന്നുണ്ട് എന്നത് സത്യമാണ്. മണിപ്പൂരിൽ മാത്രമല്ല, മിസോറാമിലേക്കും മേഘാലയയിലേക്കും അവർ പോകുന്നുണ്ട്; എന്നാൽ കുറച്ചുപേർ മാത്രമാണ് ഇങ്ങനെ വരുന്നത്. മണിപ്പൂരിലെ കുക്കികളുടെ മൊത്തം ജനസംഖ്യയിൽ 1951 നും 2011 നും ഇടയ്ക്ക് കാര്യമായ വർദ്ധനയൊന്നും ഉണ്ടായിട്ടില്ല. മയക്കുമരുന്ന് കച്ചവടത്തെ സംബന്ധിച്ചാണെങ്കിൽ, പ്രബലരായ ചില രാഷ്ട്രീയക്കാരും ഭരണാധികാരികളുമാണ് അതിനെ നിയന്ത്രിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. മണിപ്പൂരിലെ ധീരയായ ഒരു വനിതാ ഐപിഎസ് ഓഫീസർ വസ്തുതകൾ നിരത്തി ഇത് തെളിയിക്കുകയുണ്ടായി. സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയക്കെതിരായ പോരാട്ടത്തിന്റെ ആൾരൂപമായി തോൻജാം ബൃന്ദ എന്ന ഈ ഐപിഎസ് ഉദ്യോഗസ്ഥ മാറിയിരുന്നു; 2018ൽ അവർ വലിയതോതിലുള്ള ഹെറോയിൽ ശേഖരം പിടികൂടുകയും അതിനുത്തരവാദിയായ മയക്കുമരുന്നു മാഫിയ തലവനെ അറസ്റ്റുചെയ്യുകയുമുണ്ടായി; ബിജെപിയുടെ ഗോത്രവർഗ നേതാക്കളിൽ പ്രധാനിയായ ലേത് ഖോസി ആണ് ഇങ്ങനെ പിടിയിലായത്; അയാൾക്കെതിരെ ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കുകയുമുണ്ടായി. എന്നാൽ ഈ കൊടുംകുറ്റവാളിയെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രി തന്നെ അശനി കുമാർ മൊയ്രംഗ്-ഥേം എന്ന പ്രമുഖ ബിജെപി നേതാവു വഴി തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്നും താൻ അതിന് വിസമ്മതിച്ചുവെന്നും ആരോപിച്ച് ഈ ഐപിഎസ് ഉദ്യോഗസ്ഥ സർവീസിൽനിന്നും രാജിവയ്ക്കുകയും ചെയ്തു. മിക്കവാറും എല്ലാ കുക്കികളും ക്രിസ്ത്യാനികളാണെന്നതു മാത്രമാണ് അവിതർക്കിതമായ വസ്തുത. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നാനൂറിലധികം പള്ളികൾ തീയിട്ട് നശിപ്പിച്ചുകൊണ്ട് അവരെ ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, മണിപ്പൂരിനകത്തും പുറത്തും നിരന്തരം കുക്കി വിരുദ്ധ നുണപ്രചാരണങ്ങൾ നടത്തുന്നതിന് ഇങ്ങനെ പലരും കാരണക്കാരാകുന്നുണ്ട്. ഇപ്പോൾ അവിടെ നിലനിൽക്കുന്ന ശത്രുത തുടർച്ചയായി ഇങ്ങനെ രൂക്ഷമാക്കപ്പെടുകയാണുണ്ടായത്.

പിന്തുണ നൽകുന്നത് ഗവൺമെന്റ്
ഈ വിദ്വേഷ പ്രചരണങ്ങൾക്കും അക്രമങ്ങൾക്കും ഗവൺമെന്റ് പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് സമീപകാല സംഭവങ്ങൾ. സംസ്ഥാനത്തു നിലനിൽക്കുന്ന സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഒരു യോഗത്തിൽ പങ്കെടുത്തശേഷം മുഖ്യമന്ത്രിയുടെ വീട്ടിൽനിന്നു പുറത്തുവന്ന വുങ് സാഗിൻ വന്ദേ എന്ന ബിജെപി എംഎൽഎ മെയ് നാലിന് ആക്രമിക്കപ്പെട്ടു. അദ്ദേഹത്തെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോവുകയും അഞ്ചു മണിക്കൂറോളം ഭേദ്യം ചെയ്യുകയുമുണ്ടായി. ഡ്രൈവർ കൊല്ലപ്പെട്ടു; വുങ‍്സാഗിൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; ശാരീരികമായി കടുത്ത ആക്രമണങ്ങൾ അദ്ദേഹത്തിനുനേരെ നടത്തിയതിനു പുറമേ ഇലക്ട്രിക് ഷോക്ക് ഏൽപ്പിക്കുകകൂടി ചെയ്തു; ഇത് അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ ഗുരുതരമായ ക്ഷതമേൽപ്പിച്ചു. അദ്ദേഹം ഇപ്പോഴും ആശുപത്രിയിൽ ജീവനോടു പൊരുതുകയാണ്. തങ്ങൾ സർക്കാരിൽ നിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണെന്നും എന്നാൽ കേന്ദ്ര-–സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളാരും തങ്ങളെ കാണാൻ വന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ കുടുംബം പറയുന്നത്.

കുക്കി വിഭാഗത്തിൽപ്പെട്ട ഹവൊകിപ് എന്ന മറ്റൊരു ബിജെപി എംഎൽഎ പരസ്യമായി സംസ്ഥാന സർക്കാർ സമീപനത്തെക്കുറിച്ച് നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്; മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും പക്ഷപാതപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ കഷ്ടപ്പാടുകളോട് പ്രകടിപ്പിക്കുന്ന നിർവികാര നിലപാടിലും നിഷ്-ക്രിയത്വത്തിലുമുള്ള കടുത്ത അമർഷം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.

ജൂൺ 6ന് ‘ദി വയർ’ ഓൺലൈൻ പോർട്ടലിൽ വന്ന കരൺ ഥാപ്പറുമായുള്ള സുദീർഘമായ ഒരഭിമുഖ സംഭാഷണത്തിൽ മെയ്-ത്തി ലീപുൺ നേതാവ് പ്രമോദ് സിങ് തന്നെ മണിപ്പൂരിൽ നടക്കുന്ന വിദേ-്വഷ പ്രചരണത്തിനും അക്രമങ്ങൾക്കും പിന്നിൽ ആരാണെന്നതിന്റെ വ്യക്തമായ തെളിവ് നൽകുന്നുണ്ട്. ദീർഘകാലം എബിവിപി പ്രവർത്തകനായിരുന്നു താൻ എന്ന് സ്വയം വിശേഷിപ്പിച്ച അയാൾ തന്നെയാണ് ഇപ്പോഴത്തെ മെയ്-ത്തി ലീപുൺ നേതാവ്; മണിപ്പൂരിലും ബംഗ്ലാദേശിലും മ്യാൻമറിലുമായി കഴിയുന്ന മെയ്-ത്തികളെ ക്രമേണ ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയാണ് മെയ്-ത്തി ലീപുൺ എന്നാണ് അയാൾ പറയുന്നത് (എന്നാൽ ഗൺ ലെെസൻസിന് അപേക്ഷിക്കുന്നവർക്കെല്ലാം ഈ സംഘടന സെെനിക പരിശീലനം നൽകുന്നുമുണ്ട്). തൽക്കാലത്തേക്ക് മണിപ്പൂരിലെ മെയ്-ത്തികളുടെ ആവശ്യങ്ങൾക്കായാണ് തങ്ങൾ പൊരുതുന്നതെന്നും അയാൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ വാഴ്ത്തുന്ന അയാൾ പറയുന്നത് അദ്ദേഹം ‘‘ദെെവ’’മാണെന്നാണ്; കാരണം മെയ്-ത്തികളുടെ ലക്ഷ്യത്തിന് അദ്ദേഹം സമ്പൂർണ പിന്തുണ നൽകുന്നതുതന്നെ. കുക്കികളെല്ലാം മണിപ്പൂരിലെ തദ്ദേശീയ ജനവിഭാഗമല്ല എന്നാണ് താൻ കരുതുന്നതെന്നും അയാൾ തറപ്പിച്ചു പറഞ്ഞു; അവരിൽ ഭൂരിപക്ഷം പേരും ‘വിദേശി’കളാണെന്നും ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് സ്ഥിരതാമസക്കാരും പൗരത്വമുള്ളവരും എന്നും അയാൾ തറപ്പിച്ചു പറയുന്നുണ്ട്. സെൻസസ് കണക്കുകൾ അംഗീകരിക്കാൻ അയാൾ തയ്യാറല്ല; മണിപ്പൂരിന് ഒരു എൻആർസി അനിവാര്യമാണെന്നും അയാൾ പറയുന്നു. അതിനാലാണ്, അയാൾ ഏപ്രിൽ 28നു തന്നെ ട്വിറ്ററിൽ ഇങ്ങനെ പോസ്റ്റ് ചെയ്തതിൽ അത്ഭുതപ്പെടാനില്ല. അതിങ്ങനെ: ‘‘കുന്നിൻ പ്രദേശങ്ങളിലെ നമ്മുടെ പരമ്പരാഗത ശത്രുക്കളെ നമുക്ക് ഉന്മൂലനം ചെയ്യാം.’’ ഈ വിവരം അവതാരകൻ തന്നെ ശ്രോതാക്കളുമായി പങ്കുവച്ചു; എന്നാൽ പ്രമോദ് സിങ് ഇക്കാര്യം നിഷേധിച്ചില്ല; അതിൽനിന്നു തന്നെ ഈ വിവരം അയാൾ ശരിവയ്ക്കുന്നുവെന്ന് വ്യക്തം. അഭിമുഖത്തിന്റെ അവസാനം അയാൾ പറഞ്ഞത് മെയ്-ത്തികൾ ഇപ്പോൾ കരുത്താർജിച്ചിരിക്കുകയാണെന്നാണ്; ‘‘കുക്കികൾക്ക് ചെറുക്കാനാവാത്ത വിധം’’ അവർക്ക് ശക്തമായ അടി നൽകാൻ കഴിയുമെന്നതാണ് മെയ്-ത്തികൾ കരുത്താർജിച്ചതിന്റെ ഫലം. കുക്കികൾ സ്വയം നിർമിച്ച ബാരിക്കേഡിനകത്തുള്ള 14 കി.മി പ്രദേശത്തുനിന്നുപോലും അവരെ ഉന്മൂലനം ചെയ്യേണ്ടതാണെന്നും അയാൾ പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് തന്റെ വാക്കുകൾ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കുള്ള താക്കീതാണെന്നാണ്; അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും അല്ലെങ്കിൽ ആഭ്യന്തര യുദ്ധമുണ്ടാകുമെന്നുള്ള താക്കീത്.

ഇതെല്ലാം സംശയാതീതമായും വ്യക്തമാക്കുന്നത് കുക്കികൾക്കെതിരായ വിദേ-്വഷപ്രചരണത്തിന് മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണ ഉണ്ടെന്നാണ്. ലക്ഷ്യം നേടുന്നതിനായി മെയ്-ത്തി മനസ്സുകൾ വിഷലിപ്തമാക്കപ്പെടുകയാണ്; ഇക്കൂട്ടർക്ക് ഒരു നേട്ടവും ഉണ്ടാകാതെ തന്നെ അവരവരുടെ പാർപ്പിടത്തിനും സംസ്ഥാനത്തിനും അളവറ്റ തോതിലുള്ള നാശമുണ്ടാക്കുന്നതാണ് അവർ ചെയ്യുന്ന കാര്യങ്ങൾ.
ഈ വിദേ-്വഷപ്രചാരണവും അതുണ്ടാക്കിയ ഭീകരവും അനിയന്ത്രിതവുമായ അക്രമങ്ങളും വഴി സംഘപരിവാറിന്റെ വർഗീയധ്രുവീകരണവും ന്യൂനപക്ഷ സമുദായത്തിന്റെ പൗരത്വാവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണവും എന്ന നയം മാത്രമല്ല, നടപ്പാക്കപ്പെടുന്നത് മറിച്ച് കോർപറേറ്റ് താൽപ്പര്യങ്ങൾ കൂടുതൽ പരിപോഷിപ്പിക്കുക കൂടിയാണ്.

കോർപ്പറേറ്റ് താൽപര്യം
കുക്കി ഗോത്ര വർഗക്കാർ പാർപ്പുറപ്പിച്ചിട്ടുള്ള പ്രദേശങ്ങൾ ധാതുക്കളും എണ്ണനിക്ഷേപവും സമൃദ്ധമായുള്ളവയാണ്. 2018ൽ മണിപ്പൂർ മുഖ്യമന്ത്രി ‘ക്രോമെെറ്റ് മെെനിങ്ങിനും സംസ്ഥാനത്താകെയുള്ള മെെനിങ്ങിനുമായി ഏഴ് മെെനിങ് കമ്പനികളുമായി ഒട്ടേറെ ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചു. പരിസ്ഥിതി ആഘാതപഠനമോ സാമൂഹികാഘാതപഠനമോ ഒന്നും തന്നെ നടത്താതെയും റോയൽറ്റി എത്രയായിരിക്കണമെന്ന് അന്തിമമായി തീർപ്പാക്കാതെയും നിർദിഷ്ട മെെനിങ് സെെറ്റുകൾ എവിടെയെല്ലാമാണെന്ന് നിശ്ചയിക്കുകപോലും ചെയ്യാതെയുമാണ് എംഒയുകൾ മുഖ്യമന്ത്രി ഒപ്പുവച്ചത്.

കേന്ദ്ര പെട്രോളിയം–പ്രകൃതി വാതകമന്ത്രാലയം കുക്കികളും മറ്റു ഗോത്രവർഗക്കാരും അധിവസിക്കുന്ന പ്രദേശങ്ങളിൽ രണ്ട് ഓയിൽ ബ്ലോക്കുകൾ പര്യവേക്ഷണത്തിനും എണ്ണഖനനത്തിനുമായി രണ്ട് സ്വകാര്യകമ്പനികൾക്ക് ലെെസൻസ് നൽകിയിട്ടുമുണ്ട്.

ഈ കരാറുകൾ പ്രകാരം പണി തുടരുന്നതിൽ മഹാമാരിമൂലം തടസ്സം നേരിട്ടു; എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി മണിപ്പുർ ഗവൺമെന്റ് ആദ്യം മെല്ലെ ജാഗ്രതയോടെയും തുടർന്ന് കൂടുതൽ ആക്രമണാത്മകമായും കോർപറേറ്റുകൾക്ക് സ്വകാര്യലാഭമുണ്ടാക്കുന്നതിനായി ഗോത്രവർഗക്കാരുടെ ഭൂമി കെെമാറുന്ന നടപടിയുമായി മുന്നോട്ടുപോവുകയാണ് (21.2.2018 ലെ ദി ടെലഗ്രാഫ് പത്രത്തിൽ ഖെലേൻ തോക്കോം എഴുതിയ ലേഖനത്തിൽനിന്നാണ് വിശദാംശങ്ങൾ എടുത്തത്).

സമീപകാലത്തായി, എംഒയുകൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ മണിപ്പുർ ഗവൺമെന്റ് ചില നീക്കങ്ങൾ നടത്തിയിട്ടുണ്ട്. സംരക്ഷിത വനഭൂമി വിപുലീകരണത്തിന്റെ പേരിൽ, ഗവൺമെന്റ് കുക്കി ഗ്രാമങ്ങളെ ഏകപക്ഷീയമായി ഒഴിപ്പിക്കുകയാണ്; ഈ നടപടി 1927 ലെ ഇന്ത്യൻ ഫോറസ്റ്റ് ആക്ടിനും 2008ലെ വനാവകാശനിയമത്തിനും വിരുദ്ധമായ നടപടിയാണെന്ന് വാദിക്കപ്പെടുന്നുണ്ട്. ഈ നീക്കങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്; ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്സ് ഫോറമാണ് അത് സംഘടിപ്പിക്കുന്നത്. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം 144–ാം വകുപ്പ് (Sed 144) പോലെയുള്ള കിരാതനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതുൾപ്പെടെയുള്ള മർദന നടപടികൾ കെെക്കൊണ്ടുകൊണ്ടാണ് മണിപ്പുർ ഗവൺമെന്റ് ഇതിനോട് പ്രതികരിക്കുന്നത്; ഒരു വാർത്താചാനലിനോട് മുഖ്യമന്ത്രി പറഞ്ഞത് ഈ പ്രതിഷേധങ്ങളെല്ലാം കഞ്ചാവ് കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ‘‘മ്യാൻമറിൽ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരുടെ’’ നടപടികളാണെന്നാണ്. ഗവൺമെന്റ് കുന്നിൻപ്രദേശ ജില്ലകളിലുള്ള ഗോത്രവർഗക്കാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചുകൊണ്ട് പരിശോധനാ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. നിയമപരമായ അംഗീകാരമൊന്നുമില്ലാതെയാണ് ഇവയെല്ലാം നടപ്പാക്കുന്നത്. സ്വാഭാവികമായും ഈ നടപടികൾ ഗോത്രവർഗക്കാർക്കിടയിൽ സുരക്ഷാ ബോധമില്ലായ്മ ശക്തിപ്പെടുന്നതിനിടയാക്കുന്നവയാണ്; ഇത് മെയ്-ത്തികൾക്കിടയിൽ ഇവരോട് വെറുപ്പും വിദേ-്വഷവും സൃഷ്ടിക്കുന്നുമുണ്ട്. ‘ബിസിനസ് അനായാസമാക്കലി’ന്റെ പേരിൽ ജൂലെെ 26ന് പാർലമെന്റിൽ വന(സംരക്ഷണ)ഭേദഗതി ബില്ല് പാസാക്കുന്നതോടുകൂടി ഗോത്ര വർഗജനതയെ ഒഴിപ്പിക്കുന്ന നടപടി വർധിക്കാൻ പോവുകയാണ്. മിനറലുകളും ഓയിലും കൊണ്ട് സമ്പന്നമായ ഗോത്ര വർഗ ഭൂമി കോർപറേറ്റുകൾക്ക് കെെമാറുന്ന പ്രക്രിയ അനായാസമാക്കുന്നതിനാണ് ഈ നടപടി. ഇതുമൂലം ഗോത്രവർഗജനതയ്ക്കിടയിലെ സുരക്ഷിതത്വബോധമില്ലായ്മയും അന്യവൽക്കരണവും ഇനിയും കൂടുതൽ വർധിക്കുന്നതാണ്; ഇതിന്റെ ഫലമായി എന്താണുണ്ടാവുകയെന്ന് കാണാനിരിക്കുന്നതേയുള്ളു (2023 ജൂൺ 27ന്റെ ഫ്രണ്ട് ലെെൻ മാഗസീനിൽനിന്നാണ് ഇതിൽ പല വസ്തുക്കളും എടുത്തിട്ടുള്ളത്).

ഈ നടപടികളൊന്നും തന്നെ കുക്കികളെ ആക്രമിക്കുന്നതിൽ ഏർപ്പെട്ടിട്ടുള്ള മെയ്-ത്തി സമുദായത്തിന് ഒരു നേട്ടവും ഉണ്ടാക്കുന്നവയല്ല. മിസോറാമിൽ പാർക്കുന്ന മെയ്-ത്തികൾ ഇപ്പോൾ ആ സംസ്ഥാനത്തുനിന്ന് കൂട്ടത്തോടെ മടങ്ങുകയാണ്; മിസോറാമിലെ ഗവൺമെന്റും വലിയൊരു വിഭാഗം ഗോത്ര വർഗജനതയും പരസ്യമായി കുക്കികളെ പിന്തുണയ്ക്കുന്നു. മണിപ്പുരിൽ നിന്നുള്ള ഒട്ടേറെ കുക്കികൾ മിസോറാമിലാണ് അഭയം തേടിയെത്തുന്നത്. മേഘാലയയും കുക്കി അഭയാർഥികളെ സ്വാഗതം ചെയ്യുന്നുണ്ട്; കുക്കികൾക്ക് പിന്തുണ നൽകിക്കൊണ്ട് അടുത്തകാലത്ത് മേഘാലയയിൽനടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തിൽ അവിടത്തെ മുഖ്യമന്ത്രി തന്നെ ഉടനീളം പങ്കെടുത്തിരുന്നു. മണിപ്പുരിലും നാഗാലാൻഡിലുമുള്ള നാഗാവിഭാഗക്കാർ മണിപ്പുർ സർക്കാരിന്റെ നടപടികളോടുള്ള തങ്ങളുടെ എതിർപ്പ് ശക്തമായി പ്രകടിപ്പിക്കുകയുമാണ്.

വരാനിരിക്കുന്ന അനിശ്ചിതവും കുഴപ്പങ്ങൾ നിറഞ്ഞതുമായ കാലത്തിന്റെ സൂചനകളാണ് ഇവയെല്ലാം. വടക്കു കിഴക്കൻ മേഖല വെെവിധ്യങ്ങളുടെയും വംശീയതയുടെയും ബഹുത്വം നിറഞ്ഞവയാണ്. വർഷങ്ങളോളം നീണ്ട കലാപങ്ങളുടെയും തീവ്രവാദത്തിന്റെയും പാരമ്പര്യമുള്ള പ്രദേശവുമാണ്. മ്യാൻമറും ബംഗ്ലാദേശും അതിർത്തി പങ്കിടുന്ന പ്രദേശമാണ്; അയൽരാജ്യമായി ചെെനയുമുണ്ട്. ഇത്തരമൊരു മേഖലയിൽ സമാധാനവും ശാന്തിയും നിലനിർത്തുക എന്നത് രാജ്യത്തോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള ഏത് ഗവൺമെന്റിന്റെയും മുൻഗണന ആയിരിക്കണം; അക്കാര്യത്തിൽ മറ്റൊരു വിശദീകരണവും ആവശ്യമില്ല; എന്നാൽ കേന്ദ്രത്തിലെയും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ബിജെപി ഗവൺമെന്റുകൾ ഈ മുൻഗണനയ്ക്കുപകരം തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ മുൻഗണനകളാണ് നടപ്പാക്കുന്നത്.

ഇതിന്റെയെല്ലാം ഫലങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ. മരണവും ഭീമമായ നാശനഷ്ടങ്ങളും അക്രമവും മണിപ്പുരിൽ ഇപ്പോഴും തുടരുകയാണ്; അയൽസംസ്ഥാനങ്ങളിലേക്ക് കൂടി അത് പടരാനുള്ള സാധ്യത വലുതാണ്. വേദന അനുഭവിക്കുന്ന, അതിക്രമങ്ങൾ നേരിട്ട സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള മുറവിളിക്ക് മറുപടി നൽകപ്പെടാതിരിക്കുകയാണ്. അക്രമം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടേണ്ടതുണ്ട്; വിവിധ സമുദായങ്ങൾ തമ്മിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് പ്രവർത്തിക്കേണ്ടതുമുണ്ട്. മണിപ്പൂരിൽ ഉൾപ്പെടെ രാജ്യമാസകലം നടക്കുന്ന വിദേ-്വഷപ്രചാരണത്തിന് അന്ത്യം കുറിക്കേണ്ടതും ആവശ്യമാണ്.

കടങ്കഥയിലെ ചക്രവർത്തിയെപോലെ, ഇപ്പോൾ നാം കാണുന്നത് ആധുനികകാലത്തെ ചക്രവർത്തിയും സദസ്യരുമാണ്; ജനങ്ങൾക്കുമുന്നിൽ അവർ തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്. അപകടകരവും വിഭാഗീയവുമായ നയങ്ങളിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നതിന് ജനങ്ങളുടെ ഇച്ഛാശക്തി ഉണ്ടാകണം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 20 =

Most Popular