ഇന്ത്യാചരിത്രത്തിൽ തൊഴിലവസരങ്ങൾ ഏറ്റവും കൂടുതൽ വെട്ടിക്കുറച്ച സർക്കാരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത്. സർക്കാർ മേഖലയിലുള്ള തൊഴിൽ ദിനങ്ങൾ മാത്രമല്ല, പൊതു – സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കപ്പെട്ടു. യൂണിയൻ സർക്കാർ സർവ്വീസിലെ നിയമനങ്ങളിൽ മാത്രമല്ല അതുകാണാനാകുന്നത്. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാന സർക്കാരുകളും സമാനമായ സമീപനം സ്വീകരിക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുകയാണ്. കാരണം യൂണിയൻ സർക്കാരിന്റെ സാമ്പത്തികനയങ്ങൾ സംസ്ഥാന സർക്കാരുകളുടെ ശേഷിയെ തകർക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും സർവ്വീസിൽ പുതിയതായി തസ്തികകൾ വർദ്ധിപ്പിക്കുകയും നിലവിലുള്ള ഒഴിവുകൾ നികത്തുകയും ചെയ്യുന്നില്ല. സംസ്ഥാനാടിസ്ഥാനത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളും ന്യൂനീകരിക്കപ്പെടുകയാണ്. വൈദ്യുതി, ട്രാൻസ്പോർട്ട് തുടങ്ങിയ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നതും കാണാനാകും. അവയെ നവീകരിക്കുന്നതിനും പൊതുമേഖലയിൽ നിലനിർത്തുന്നതിനുമല്ല യൂണിയൻ സർക്കാരിന് താൽപര്യം, സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ്. ഒരേസമയം യൂണിയൻ–സംസ്ഥാന സർക്കാർ മേഖലകളിലെ തൊഴിലുകളും പൊതുമേഖലയിലെ തൊഴിലുകളും ഇല്ലാതാക്കപ്പെടുന്നു.
സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ തൊഴിലാളികളുടെ എണ്ണത്തിൽ വരുത്തിയിട്ടുള്ള കുറവുകളെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെടുന്നതിലൂടെയുണ്ടായ ഭീകരമായ കുറവും ഇതിൽവരും. തൊഴിലെടുക്കാൻ ശേഷിയുണ്ടായിട്ടും അവസരമില്ലാതിരിക്കുന്ന കോടിക്കണക്കിന് മനുഷ്യരുടെ കൊടിയ പട്ടിണിയും ദുരിതവുമല്ല രാജ്യം ഭരിക്കുന്ന പാർടിയെ അലട്ടുന്നത്. രാജ്യത്തിന്റെ വിഭവങ്ങളെങ്ങനെ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്ക്ക് കൈമാറാനാകുമെന്നാണ് അവർ നോക്കുന്നത്. ഇന്ത്യയിൽ ഏതാണ്ടെല്ലാ രംഗത്തും തൊഴിൽ വെട്ടിക്കുറയ്ക്കപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. വ്യവസായം, കാർഷികം, വാണിജ്യം, സേവനം, പ്രതിരോധം എന്നിങ്ങനെയേതെങ്കിലും മേഖലയെ അതിൽനിന്നും മാറ്റിനിർത്താനാകില്ല.
കരാർവൽക്കരണം
തൊഴിലില്ലായ്മയുണ്ടാക്കുന്ന സുപ്രധാന കാരണങ്ങളിലൊന്നായി കരാർവൽക്കരണത്തെ പലരും കാണുന്നില്ല. ന്യായമായ സേവന, വേതന വ്യവസ്ഥകളില്ലാതെ മനുഷ്യരെക്കൊണ്ട് തൊഴിലെടുപ്പിക്കാനുള്ള ഉപായമായാണ് കരാർവൽക്കരണം മാറിയിരിക്കുന്നത്. മോദി സർക്കാർ പലനിലയിലാണ് തൊഴിൽ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് സ്ഥിരം തൊഴിലുകളുടെ കരാർവൽക്കരണം. അതിലൂടെ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഇല്ലാതാക്കിയത്. അതിലൂടെ യുവാക്കളെ നാമമാത്ര വേതനം നൽകി അടിമകളെപ്പോലെ തൊഴിലെടുപ്പിക്കുന്നതിനുള്ള അവസരം സർക്കാർ ഒരുക്കിക്കൊടുക്കുകയാണ്. ഒരാളെക്കൊണ്ട് അമിതമായി തൊഴിലെടുപ്പിക്കുമ്പോൾ അയാളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്നതിനൊപ്പം മറ്റൊരാളുടെ തൊഴിലെടുക്കാനുള്ള അവകാശവും നിഷേധിക്കുകയാണ്. ഒരു സ്ഥാപനത്തിൽ ജോലിയുടെ സ്വഭാവത്തെയും ഭാരത്തെയും അടിസ്ഥാനപ്പെടുത്തി എത്ര ജീവനക്കാർ വേണമെന്നത് തീരുമാനിക്കുന്നില്ല. മറിച്ച് തൊഴിൽ സമയങ്ങളേതുമില്ലാതെ മാടുകളെപ്പോലെ മനുഷ്യരെക്കൊണ്ട് തൊഴിലെടുപ്പിക്കുകയാണ്. ജോലി സമയം, വേതനം ഇവയെക്കുറിച്ചൊന്നും സംസാരിക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുന്നില്ല. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത യൂണിയനുകൾ രൂപീകരിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുന്നു. അങ്ങനെ കൂലിക്കും വേലയ്ക്കും വേണ്ടിയുള്ള മുദ്രാവാക്യങ്ങളെല്ലാം എക്കാലത്തേക്കുമായി കുഴിച്ചുമൂടാനാണവർ ശ്രമിക്കുന്നത്.
കേന്ദ്ര സർക്കാർ സർവ്വീസുകൾ
2022 ജൂൺ 14ന് പ്രധാനമന്ത്രി നരേന്ദ്രമോദി പതിനെട്ട് മാസംകൊണ്ട് പത്ത് ലക്ഷം തൊഴിലുകൾ സർക്കാർ മേഖലയിൽ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർക്ക് വലിയ പ്രതീക്ഷയാണത് നൽകിയത്. എന്നാൽ സർക്കാർ മേഖലയിൽ പുതിയ തസ്തികയൊന്നും സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, നിലവിലുള്ള ഒഴിവുകളിൽ നിയമനങ്ങൾ നടത്തുകയും ചെയ്തില്ല. അഗ്നിപഥ് ഉൾപ്പെടെ തീവ്രകരാർവൽക്കരണം നടപ്പിലാക്കുന്നതിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാനായിരുന്നു അന്നത്തെആ പ്രഖ്യാപനം. സർക്കാരിന്റെ കണക്കുകൾപ്രകാരം നിലവിൽ കേന്ദ്ര സർവീസുകളിലേക്ക് 9 ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഗ്രൂപ്പ് എ വിഭാഗത്തിൽ 21,255 ഒഴിവുകളും, ഗ്രൂപ്പ് സി വിഭാഗത്തിൽ 7,56,146 തസ്തികകളുമാണ് ഒഴിഞ്ഞ് കിടക്കുന്നത്.ഗ്രൂപ്പ് ബി വിഭാഗത്തിൽ ഗസറ്റഡ് തസ്തികകളിലേക്ക് 17,005 ഒഴിവുകളും, നോൺ ഗസറ്റഡ് തസ്തികകളിലേക്ക് 80,752 ഒഴിവുകളുമുണ്ട്. ഈ കണക്കുകൾ മാധ്യമങ്ങൾ ഭൂരിപക്ഷവും പ്രസിദ്ധീകരിക്കാൻ ഭയക്കുന്നുവെന്നത് തൊഴിലന്വേഷകർ അറിയേണ്ടതാണ്.
അഖിലേന്ത്യാ സർവ്വീസുകളായ ഐഎഎസ്, ഐപിഎസ് എന്നിവയിലുൾപ്പെടെ ഒഴിവുകൾ നികത്താനുണ്ട്. യൂണിയൻ സർക്കാരിൽ ജോയിന്റ് സെക്രട്ടറി റാങ്കിലേക്കുൾപ്പെടെ പ്രൈവറ്റ് കമ്പനികളിൽ നിന്നും നേരിട്ട് നിയമനം നടത്തുകയാണ്. നിലവിൽ 36പേരെ ലാറ്ററൽ എൻട്രിവഴി പ്രവേശിപ്പിച്ചു കഴിഞ്ഞു. അതിലൂടെ സിവിൽ സർവ്വീസ് പരീക്ഷ പാസായി നിയമനം പ്രതീക്ഷിക്കുന്നവരുടെ അവസരങ്ങൾ ഇല്ലാതാവുകയാണ്. കേന്ദ്ര സർവ്വീസുകളായ ഇന്ത്യന്‍ ഫോറെസ്റ്റ് സര്‍വീസില്‍ 1006 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് ഫോറസ്റ്റ് സർവ്വീസിലെ ആകെയുള്ള തസ്തികകളുടെ മൂന്നിലൊന്നാണ്. ഇന്ത്യന്‍ എക്കണോമിക് സര്‍വീസിലെ അഞ്ചിലൊന്ന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ എക്കണോമിക് സര്‍വീസില്‍ 105 ഒഴിവുകളുണ്ട്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിനെ നാമാവശേഷമാക്കാനുള്ള നടപടികള്‍ മോദി സർക്കാർ തുടരുകയാണ്. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ 2017 ല്‍ 111 പേരെ നിയമിച്ച സ്ഥാനത്ത് 2021 ല്‍ നിയമിച്ചത് 17 പേരെ മാത്രമാണ്. നിലവിൽ 356 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഇത്രയും ചുരുങ്ങിയ ആളുകളെ മാത്രം നിയമിച്ചിരിക്കുന്നത്.
പ്രതിരോധ മേഖല
തീവ്രദേശീയതയാണ് ആർഎസ്എസ് – ബിജെപി ശക്തികൾ പ്രചരിപ്പിക്കുന്നത്. സൈന്യത്തെക്കുറിച്ചും സൈനികക്ഷേമത്തെക്കുറിച്ചും വാതോരാതെയവർ പ്രസംഗിക്കാറുമുണ്ട്. എന്നാൽ ഇന്ത്യൻ സൈന്യം കരാർവൽക്കരണത്തിന്റെയും നിയമനരാഹിത്യത്തിന്റെയും കെടുതികളിലൂടെയാണ് സഞ്ചരിക്കുന്നത്. അതിൽ രാജ്യമാകെ ചർച്ചചെയ്ത വിഷയങ്ങളിലൊന്നായിരുന്നു അഗ്നിപഥ്. ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള കരാർവൽക്കരണത്തിന്റെ ആദ്യപടിയായിവേണം അതിനെകാണാൻ. സേനയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നവരുടെ പിൽക്കാല ബാധ്യതകൾ സംസ്ഥാന സർക്കാരുകൾക്കു മുകളിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കവും യൂണിയൻ സർക്കാർ നടത്തുന്നുണ്ട്. സേവന,-വേതന വ്യവസ്ഥകളില്ലാതെയും പെൻഷനും മറ്റാനുകൂല്യങ്ങളുമില്ലാതെയും ഇന്ത്യൻ സൈന്യത്തിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാനൊരുക്കിയ നെറികെട്ട കരാർവൽക്കരണത്തിന്റെ പേരായി ജനങ്ങളതിനെ മനസിലാക്കിയിട്ടുണ്ട്. അതിനെതിരായി രാജ്യത്താകെയുയർന്ന പ്രതിഷേധ കൊടുങ്കാറ്റിനെ തുടർന്ന് സർക്കാരിന് പദ്ധതിയിൽ പല മാറ്റങ്ങളും വരുത്തേണ്ടതായിവന്നു. പെൻഷനില്ലാത്ത, ആശ്രിത നിയമനത്തിന് അർഹതയില്ലാത്ത കൂലി പട്ടാളമായാണത് വിഭാവനം ചെയ്യപ്പെട്ടത്.
ഇന്ത്യൻ സൈന്യത്തിൽ തൊഴിലെടുക്കവെ ജീവൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുണ്ട്. അവർക്ക് ആശ്രിത നിയമനം ന്യായമായും അർഹതപ്പെട്ടതാണ്. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും ഭാഗമായവരുടെ കുടുംബങ്ങൾക്ക് കൊടുക്കേണ്ട ആശ്രിത നിയമനം കൃത്യമായി നൽകുന്നില്ല. സമീപകാലത്ത് സൈനിക–-അർദ്ധ സെനിക വിഭാഗങ്ങളുടെ ഭാഗമായി ജോലിയിലിരിക്കെ മരണപ്പെട്ട പലരുടെയും ആശ്രിതർക്ക് തൊഴിൽകൊടുക്കാൻ യൂണിയൻ സർക്കാർ സന്നദ്ധമായിട്ടില്ല. പലകാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയും സെെനികരുടെ കുടുംബാംഗങ്ങളോട് നീതി പുലർത്താതിരിക്കുകയുമാണ് ചെയ്യുന്നത്. ആശ്രിത നിയമന ബാധ്യത സംസ്ഥാന സർക്കാരുകളുടെ ചുമലിലിടാനാണ് യൂണിയൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിൽ ആശ്രിത നിയമനത്തിനായി ആയിരക്കണക്കിന് ഫയലുകളാണ് കേന്ദ്ര സർക്കാരിന്റെ കാരുണ്യം കാത്ത് കെട്ടിക്കിടക്കുന്നത്. ആശ്രിത നിയമനം കേവലം കുടുംബത്തിനു മാത്രം സുരക്ഷയൊരുക്കുന്നതല്ല, അത് സാമൂഹ്യ സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്. മരണപ്പെടുന്ന സൈനികർക്ക്, അത് യുദ്ധമുഖത്തായാലും അല്ലെങ്കിലും ആശ്രിത നിയമനത്തിനും കുടുംബ പെൻഷനും നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. അത് സംസ്ഥാനങ്ങളുടെ മുകളിൽ അടിച്ചേൽപ്പിക്കുകയല്ല വേണ്ടത്. യൂണിയൻ സർക്കാർ നേരിട്ടുതന്നെ നിയമനം നടത്തണം.
അഗ്നിപഥിന്റെ ഭാഗമായി യൂണിയൻ പ്രതിരോധ മന്ത്രിയും സർക്കാരും പറഞ്ഞത് അഗ്നിപഥിൽ വിരമിക്കുന്നവർക്ക് സർക്കാർ വിമുക്തഭടൻമാരായി പരിഗണിച്ച് തൊഴിൽ നൽകുമെന്നായിരുന്നു. എന്നാൽ എന്താണ് വിമുക്ത ഭടൻമാർക്ക് തൊഴിൽ നൽകുന്നതിന് കേന്ദ്രസർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാരുകളിൽ ജോലിചെയ്യുന്ന വിമുക്ത ഭടൻമാരുടെ കൂടി എണ്ണം കണക്കുകൂട്ടിയാൽ പോലും തൊഴിൽ ലഭിക്കുന്നത് വളരെചെറിയൊരു ശതമാനത്തിന് മാത്രമാണ്. നിലവിൽ വിമുക്ത ഭടൻമാർക്ക് നൽകുന്ന നിയമനമെന്നത് കേവലം 3.5 ശതമാനത്തിലും കുറവാണ്. സൈനിക–-അർദ്ധ സൈനിക മേഖലകളിൽ നിന്നും വിരമിച്ചവർക്ക് യൂണിയൻ സർക്കാരിന്റെ സ്ഥാപനങ്ങളിൽതന്നെ തൊഴിൽ ഉറപ്പുവരുത്തണം, അവരുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുന്ന വിമുക്തഭടന്മാരുടെ എണ്ണം കുറയുകയാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. ‘2018 ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ 5,569 വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇത് 2021 ആയപ്പോൾ 3414 ആയി കുറഞ്ഞിരിക്കുകയാണ്’. പൊതുമേഖലാ ബാങ്കുകളിൽ 2018 ൽ 61,104 വിമുക്തഭടൻമാർ ഉണ്ടായിരുന്നത് 2021 ആയപ്പോൾ 57,358 ആയി കുറയുകയാണ് ഉണ്ടായത്. വിമുക്ത ഭടന്മാരുടെ എണ്ണം ഓരോ വർഷവും കൂടുമ്പോഴും , സർക്കാർ മേഖലയിൽ പുനർനിയമനം ലഭിക്കുന്നവരുടെ എണ്ണം കുറയുകയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രതിരോധനിർമാണ മേഖലയിൽ വൻതോതിലാണ് കരാർവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി ബോർഡ് ബിജെപി സർക്കാർ 2021 ൽ പിരിച്ചുവിട്ടത്. 7 കമ്പനികൾ ആയി അവയെ പുനഃക്രമീകരിക്കുകയായിരുന്നു. അതിലൂടെ കരാർവൽക്കരണത്തിന്റെ ഭീമാകാരമായ ദൃശ്യം രാജ്യത്തിന് കാണേണ്ടിവന്നു. 2020 ൽ പ്രതിരോധ നിർമാണ മേഖലയിൽ ആകെ ഉണ്ടായിരുന്ന കരാർ തൊഴിലാളികളുടെ എണ്ണം 34,481 ആയിരുന്നു. ഈ സംഖ്യ , പുതിയ കമ്പനികളുടെ രൂപീകരണത്തിനു ശേഷം 2021 ൽ 45851 ആയി ഉയർന്നു. 2022 ൽ കരാർ തൊഴിലാളികളുടെ എണ്ണം 47,537 ആയി. നിലവിലുള്ള പതിനാറ് പ്രതിരോധനിർമാണ കമ്പനികളിൽ 12 എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ ഒരു പുതിയ തസ്തികപോലും വർധിച്ചില്ല. ഓർഡിനൻസ് ബോർഡ് പിരിച്ചുവിട്ട് നിർമിച്ച 7 കമ്പനികളും ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ്, മിശ്ര ധാതു നിഗം ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് , ഗോവ ഷിപ്-യാർഡ് , ഹിന്ദുസ്ഥാൻ ഷിപ്-യാർഡ് തുടങ്ങിയ പ്രമുഖ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളും ഒരു പുതിയ തസ്തിക പോലും സൃഷ്ടിച്ചില്ല. പുതുതായി രുപീകരിക്കപ്പെട്ട 7 കമ്പനികൾ ഒരു സ്ഥിര നിയമനംപോലും നടത്തിയിട്ടില്ല. ആകെ 4,638 സ്ഥിരം തസ്തികകൾ ഒഴിഞ്ഞു കിടക്കുമ്പോഴും, 2022 ൽ എല്ലാ സ്ഥാപനങ്ങളും ചേർന്നു നിയമിച്ചത് 2,986 പേരെ മാത്രമാണ്.
സൈന്യത്തിൽ മാത്രമല്ല സെനിക സ്കൂളുകളിലും നിയമനങ്ങളൊന്നും നടത്തുന്നില്ല. സൈനിക സ്കൂളുകൾക്ക് പ്രതിരോധ മന്ത്രാലയം അനുവദിച്ച തുക , 2020-–21 ൽ 302 കോടിയായിരുന്നത് 2021–-22 ൽ 119 കോടിയായി കുറഞ്ഞതായി കാണാൻ കഴിയും. ഫണ്ടിങ്ങിന്റെ അഭാവം കഴക്കൂട്ടത്തെ സൈനികസ്കൂൾ അടക്കമുള്ള സ്കൂളുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. സൈനിക സ്കൂളുകളിലും സ്വകാര്യവത്കരണം അടിച്ചേൽപ്പിക്കാൻ തുടങ്ങി. പതിനേഴ് സൈനിക സ്കൂളുകളിൽ സ്വകാര്യപങ്കാളിത്തം തേടും എന്ന് പ്രതിരോധ മന്ത്രാലയംവിശദീകരിച്ചു കഴിഞ്ഞു. എൻജിഒകൾ/സ്വകാര്യസ്കൂളുകളുമായി ചേർന്ന് പങ്കാളിത്ത രീതിയിലുള്ള സ്കൂളുകൾ തുടങ്ങാനാണ് അനുമതി നൽകിയിരിക്കുന്നത്. എൻജിഒകൾ/സ്വകാര്യ സ്‌കൂളുകൾക്ക് കീഴിലായി 17 പുതിയ സൈനിക സ്‌കൂളുകൾ തുടങ്ങാനുള്ള ധാരണാപത്രം സൈനിക് സ്കൂൾ സൊസൈറ്റി ഒപ്പിട്ടു. അവിടങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ പൂർണമായും സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. നിയമനങ്ങൾ പൂർണമായും ദിവസവേതനാടിസ്ഥാനത്തിലും കരാറടിസ്ഥാനത്തിലുമാക്കി മാറ്റപ്പെടും.
നിലവിൽ ഇന്ത്യൻ സൈന്യത്തിലെ ഒഴിവുകൾ നമ്മെയേവരെയും അമ്പരപ്പിക്കുന്നതാണ്. കരസേനയിൽ 1,32,000. വ്യോമസേന-, നാവികസേന, പാരമിലിട്ടറി സേന എന്നിവകളിൽ അർദ്ധസെനികരെ നിയമിക്കുന്നില്ല. ഇന്ത്യൻ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ മോദി സർക്കാർ വൈകാരികമായ രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണമാക്കുകയാണ്. എന്നാൽ സേനയോടും സേനാംഗങ്ങളോടും കടുത്ത അവഗണനയാണ് സർക്കാർ കാണിക്കുന്നത്. അതിനുള്ള വ്യക്തമായ തെളിവുകളാണ് നികത്തപ്പെടാതെ കിടക്കുന്ന ഈ ഒഴിവുകൾ. അതിന്റെ ചെറുവിവരണമാണ് ചുവടെ കൊടുത്തിരിക്കുന്നത്:
1. കേന്ദ്രസായുധസേനകളിൽ സൈനികരുടെ 84,866 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സി.ആർ.പി.എഫ് (29,283), ബി.എസ്.എഫ് -(19,987), സി.ഐ.എസ്.എഫ് – (19475 ), എസ്.എസ്.ബി (8,273 ), ഐ.ടി.ബി.പി (4,142), ആസ്സാം റൈഫിൾസ് (3,706)
2. സേനാംഗങ്ങളെ പരിചരിക്കാനും ചികിത്സിക്കാനും ഉള്ള ജീവനക്കാരെ നിയമിക്കുന്നതിലുൾപ്പടെ ഗുരുതരമായ അലംഭാവമാണ് സർക്കാർ കാണിക്കുന്നത്.
3. സി ആർ പി എഫിൽ മാത്രം 31 ശതമാനം നഴ്സിംഗ് തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നഴ്സുമാരുടേയും മറ്റ് മെഡിക്കൽ ജീവനക്കാരുടേതുമായി നിലവിൽ സി ആർ പി എഫിൽ 1330 ഒഴിവുകളാണ് നികത്താനുള്ളത്. ബി.എസ്.എഫ് -317 , സി.ഐ.എസ്.എഫ്- 81, ഐ.ടി.ബി.പി- 169 , എസ്.എസ്.ബി- 228, എ.ആർ- 229 എന്നിങ്ങനെയാണ് മറ്റു സേനകളിലെ നഴ്സിംഗ് ഒഴിവുകൾ.
4. ഡോക്ടർമാരുടെ എണ്ണമെടുത്താൽ ഇന്തോ ടിബറ്റൻ ബോർഡർ പോലീസിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ കുറവുള്ളത് . ഐ.ടി.ബി.പി യിൽ 81 തസ്തികകളിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. സി.ഐ.എസ്.എഫ് (28), സി.ആർ.പി.എഫ് (34), ബി.എസ്.എഫ് (54), എസ്.എസ്.ബി (45), എ.ആർ – (05) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ഒഴിവുകൾ.
5. സൈക്കോളജിസ്റ്റുകളുടെ സേവനം ഇല്ലാതെയാണ് സായുധ സേനാദളങ്ങളിൽ പലതിനും പ്രവർത്തിക്കേണ്ടിവരുന്നത്. ലക്ഷക്കണക്കിന് സൈനികരുള്ള കരസേനയിൽ ആകെ 8 പേരുടെ സേവനമാണ് നിലവിൽ സ്ഥിരമായി ലഭ്യമാകുന്നതത്രെ. അതും കരാർ അടിസ്ഥാനത്തിലുള്ളതാണ്. നാവിക സേനയിൽ ഒരാൾപോലും ഇല്ല. ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ ഒരാളെപ്പോലും സ്ഥിരമായി ആർമിയിൽ നിയമിച്ചിട്ടില്ല. അത്തരം സേവനങ്ങൾ ഔട്ട്സോഴ്‌സിംഗ് വഴിയാണ് ലഭ്യമാക്കുന്നതെന്നാണ് വിശദീകരണം. വ്യോമസേനയിൽ ഔട്ട്സോഴ്‌സിങ്-വഴി ഏഴു പേരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നു മറുപടിയിൽ പറയുന്നു. നാവികസേനയിലാകട്ടെ’’ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിൽ ഒരാളുടെപോലും സേവനം ലഭ്യമല്ല.
6. സൈക്ക്യാട്രിസ്റ്റുകളായി സേവനം അനുഷ്ഠിക്കുന്നവരുടെ എണ്ണം കരസേനയിൽ 64 , നാവികസേനയിൽ 15 , വ്യോമസേനയിൽ 6 എന്നിങ്ങനെയാണ്. ഒരു ലക്ഷം പേർക്ക് 25 എന്ന അംഗീകൃതമാനദണ്ഡം വെച്ച് ഈ സംഖ്യയും വളരെ കുറവാണ്.
7. മൂന്നു സായുധസേനകളിലുമായി 3326 മെഡിക്കൽ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. ഡോക്ടർമാരുടെ മാത്രം 812 ഒഴിവുകൾ ആണുള്ളത്. നഴ്സിങ് വിഭാഗത്തിൽ 680 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാരാമെഡിക്കൽ വിഭാഗത്തിൽ 1,769 തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്.
8. 2020ൽ എംഇഎസിലെ (MES) അടിസ്ഥാന, വ്യാവസായിക ജീവനക്കാരുടെ ആകെ 13,157 ഒഴിവുകളിൽ 9,304 തസ്തികകളും നിർത്തലാക്കുന്നതിന് പ്രതിരോധമന്ത്രി അംഗീകാരം നൽകി.
ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ലാത്തത് സൈനിക ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിലേക്കെത്തുകയാണ്. അതുകൊണ്ടുതന്നെ ആശുപത്രി ചികിത്സയ്ക്കായി ആവശ്യപ്പെടുന്ന പലവിഭാഗങ്ങൾക്കും ഹോസ്പിറ്റലിൽ ചികിത്സ നൽകാൻ തയ്യാറാകുന്നില്ല. മിലിറ്ററി എഞ്ചിനിയേഴ്സ് സർവ്വീസിലുള്ളവരുൾപ്പെടെ വിവിധ കാറ്റഗറിയിലുള്ളവർ ചികിത്സാ സൗകര്യത്തിനായി നീണ്ടകാലമായി അഭ്യർത്ഥിക്കുകയാണ്. ഇന്ത്യൻ സൈന്യമെന്നത് ഇന്ത്യയിലെ കർഷകരുടേയും തൊഴിലാളികളുടേയും മക്കളാണ്. അതുകൊണ്ടുതന്നെ കർഷരും തൊഴിലാളികളുമായ ജനവിഭാഗത്തിന്റെ ജീവിത പ്രശ്നങ്ങൾ സൈനികരേയും ബാധിക്കും. തൊഴിൽ തേടിയെത്തുന്നവരുടെയും തൊഴിലെടുക്കുന്ന യുവതയുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് രാജ്യപുരോഗതിയിൽ സുപ്രധാനമാണ്. എന്നാൽ അതിനായി യാതൊരു ശ്രമവും സർക്കാർ നടത്തുന്നില്ല.
പൊതുമേഖലയുടെ
സ്വകാര്യവൽക്കരണവും
തൊഴിലില്ലാതാക്കലും
പാർലമെന്റിൽ പ്രധാന പ്രശ്നമായുയർന്ന പൊതുമേഖലയുടെ സംരക്ഷണമെന്ന വിഷയം ചർച്ചചെയ്യാൻ ഒരു ഘട്ടത്തിലും മോദി സർക്കാർ തയ്യാറായിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം തൊഴിലില്ലാതാക്കുന്നതിൽ സുപ്രധാന ഘടകമാണ്. അതുസംബന്ധിച്ച കണക്കുകൾ വേദനാജനകമായ ചിത്രമാണ് കാണിക്കുന്നത്. ഇതുസംമ്പന്ധിച്ച് പാലമെന്റിൽ ഉയർത്തിയ ചോദ്യങ്ങളിൽ ചിലതിന് സർക്കാർ ഉത്തരങ്ങൾ നൽകുകയുണ്ടായി. എന്നാൽ ആ ഉത്തരങ്ങൾ അവരുടെ കൊള്ളരുതായ്മകൾ മറച്ചുവെക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നു. എങ്കിലും അവയിൽ ചിലത് ചെറിയ തോതിലെങ്കിലും സർക്കാരിനെ തുറന്നുകാട്ടാൻ സഹായിക്കുന്നുണ്ടെന്നത് സന്തോഷകരമാണ്. അത്തരത്തിൽ ലഭ്യമായ ചില ഉത്തരങ്ങൾ ഈ ലേഖനത്തിലും ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം 2016 മുതൽ ഓരോ വർഷവും കുറയുകയാണ് . 2016–-2021 കാലയളവിൽ തന്നെ 2.68 ലക്ഷം കുറഞ്ഞു. 2016–-17ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ടായിരുന്നത് 11.29 ലക്ഷം ജീവനക്കാരായിരുന്നു. എന്നാൽ 2021 ൽ ഇത് 8.61 ലക്ഷമായി ചുരുങ്ങി.
ഇൻഷുറൻസും ബാങ്കിങ്ങും
1969ലാണ് പതിനാല് പ്രധാന ബാങ്കുകൾ ദേശ സാൽക്കരിക്കപ്പെട്ടത്. അതിനുശേഷം ചെറുകിട ബാങ്കുകളും ദേശസാൽക്കരിക്കപ്പെട്ടു. രാജ്യത്തുടനീളം ബാങ്കിങ് ശൃംഖല വ്യാപിച്ചു. ജീവനക്കാരുടെ എണ്ണവും വിപുലീകൃതമായി. എന്നാൽ ഇപ്പോൾ എസ്ബിഐയുൾപ്പടെയുള്ള ബാങ്കുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് മാനേജ്മെന്റുകൾ ശ്രമിക്കുന്നത്. 2018നു ശേഷം പൊതുമേഖലാ ബാങ്കുകളുടെ ശാഖകളുടേയും ജീവനക്കാരുടേയും എണ്ണത്തിൽ വലിയകുറവാണുണ്ടായിരിക്കുന്നത്. ഇൻഷുറൻസ് മേഖലയിൽ എൽഐസിയെ പ്രതിസന്ധിയിലാക്കി സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് അരങ്ങൊരുക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് നീണ്ടകാലമായി ഡവലപ്മെന്റ് ഓഫീസർ പോസ്റ്റുൾപ്പെടെ നിരവധി പോസ്റ്റുകളിലേക്ക് എൽഐസി നിയമനം നടത്താത്തത്. സമാനമായ ചിത്രം നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റി(നബാർഡ്) ലും കാണാനാകും. അവിടെ 1013 തസ്തികകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. ഇതിൽ ഗ്രൂപ്പ് എയിൽ 514, ഗ്രൂപ്പ് ബി യിൽ 174, ഗ്രൂപ്പ് സി യിൽ 323 എന്നിങ്ങനെ ഒഴിവുകളുൾപ്പെടുന്നു.
വ്യോമയാനം
വിമാനത്താവളങ്ങളുടേയും വിമാനയാത്രയുടെയും സമ്പൂർണ സ്വകാര്യവൽക്കരണമാണ് നാം കണ്ടത്. വിമാനങ്ങളുടെ യാത്രാ റൂട്ടുകളുടെ മുകളിൽ തീരുമാനമെടുക്കുന്നതും സ്വകാര്യ കമ്പനികളുടെ കുത്തകയാക്കി മോദി സർക്കാർ മാറ്റിക്കഴിഞ്ഞിരിക്കുകയാണ്. എയർപോർട്ടുകളുടെ സ്വകാര്യവൽക്കരണം നിലവിൽ തൊഴിലെടുക്കുന്നവരുടെ തൊഴിൽ സുരക്ഷിതത്വത്തെമാത്രമല്ല പുതിയതായി തൊഴിലവസരങ്ങളെയും ഇല്ലാതാക്കുന്നതാണ്. നിലവിൽ ആറ് എയർപോർട്ടുകൾ സ്വകാര്യവത്കരിച്ചിട്ടുണ്ട് . ഇന്ത്യയിലെ മൊത്തം എയർലൈൻ ജീവനക്കാരുടെ എണ്ണം 74,800 ആയിരുന്നത് 65,600 ആക്കി കുറച്ചു. എയർപോർട്ട് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം 73,400-ൽ നിന്ന് കുറഞ്ഞ് ഏകദേശം 65,700 ആയി. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണം കുറഞ്ഞ് 30,800 ആയിരുന്നത് 27,600 ആയി കുറഞ്ഞു. 19,200 ജോലികൾ വ്യോമയാന മേഖലയിൽ കുറഞ്ഞു. മൊത്തം ജോലിയുടെ (ഏകദേശം 1.9 ലക്ഷം) 10% ആണ് തൊഴിൽ നഷ്ടം. വ്യോമയാന മേഖലയിലെ കടുത്ത തൊഴിൽ ചൂഷണം കാര്യമായ നിലയിൽ ചർച്ചചെയ്യപ്പെടുന്നില്ലെന്നത് ഗൗരവതരമായ വിഷയമായി നിൽക്കുകയാണ്. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണംമൂലം ഒരാൾക്കും തൊഴിൽ നഷ്ടമായില്ല എന്ന് മന്ത്രാലയം അവകാശപ്പെട്ടെങ്കിലും കൈമാറ്റക്കരാർ ഒപ്പിട്ട് ഒരു വർഷത്തേക്ക് പിരിച്ചുവിടാൻ പാടില്ല എന്ന ഉറപ്പ് മാത്രമാണ് തൊഴിലാളികൾക്കുള്ളത് എന്ന് മന്ത്രാലയം നൽകിയ ഉത്തരത്തിൽ വ്യക്തമാകുന്നു. പുതിയതായൊരു തൊഴിലവസരവും അതിലൂടെ ഉണ്ടാകില്ലെന്നത് സുവ്യക്തമാണ്.
റെയിൽവെ
ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനങ്ങളിലൊന്നാണ് ഇന്ത്യൻ റെയിൽവെ. അതിൽ സ്വകാര്യവൽക്കരണ നയം ഏൽപ്പിച്ച ആഘാതം ജനങ്ങളാകെ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് യാത്രക്കാരെ കൊള്ളയടിക്കുന്നതിനൊപ്പം തൊഴിലാളികൾക്ക് മാന്യമായ വേതനം നിഷേധിക്കുന്നതിനും റെയിൽവെ സാക്ഷിയാവുകയാണ്. പാളങ്ങളും, ട്രെയിനും സർവ്വീസുകളും പാട്ടത്തിനു കൊടുക്കുകയും സ്ഥിരനിയമനങ്ങൾ പൂർണമായും ഇല്ലാതക്കുകയുമാണ് ബിജെപി സർക്കാർ. നിലവിൽ റെയിൽവെയിൽ 2177 ഗസറ്റഡ് തസ്തികകളും 2,63,370 നോൺ ഗസറ്റഡ് തസ്തികകളും ഉൾപ്പെടെ ആകെ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആറ് വർഷത്തിനിടെ 72,000-ലധികം തസ്തികകൾ നിർത്തലാക്കി. ഇവയിൽ കൂടുതലും ഗ്രൂപ്പ് സി, ഡി തസ്തികകളാണ്. 16 സോണൽ റെയിൽവെകൾ 2015-–16 മുതൽ 2020-–21 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 56,888 തസ്തികകൾ സറണ്ടർ ചെയ്തിട്ടുണ്ട്, കൂടാതെ 15,495 എണ്ണം കൂടി സറണ്ടർ ചെയ്യാനുണ്ട്. വടക്കൻ റെയിൽവെ 9,000-ലധികം തസ്തികകൾ സറണ്ടർ ചെയ്തപ്പോൾ സൗത്ത് ഈസ്റ്റേൺ റെയിൽവെ 4,677-ഓളം തസ്തികകൾ ഉപേക്ഷിച്ചു. ദക്ഷിണ റെയിൽവെ 7,524 തസ്തികകളും കിഴക്കൻ റെയിൽവെ 5,700-ലധികവും തസ്തികകൾ നിർത്തലാക്കി.
ബിഎസ്എൻഎൽ
എഞ്ചിനീയറിങ് മേഖലയിൽ നിന്നും പതിനായിരക്കണക്കിനാളുകൾക്ക് തൊഴിൽനൽകിയിരുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ. എന്നാൽ വൻകിട സ്വകാര്യ കുത്തക കോർപ്പറേറ്റ് കുടുംബങ്ങൾക്കുവേണ്ടി ബിഎസ്എൻഎല്ലിനെ തകർത്തുകൊണ്ടിരിക്കുകയാണ്. ബിജെപി നേതൃത്വവും അത്തരം കമ്പനികളുമായുള്ള അടുപ്പം നമ്മൾ കണ്ടുകൊണ്ടിരിക്കുകയുമാണ്. 2019ൽ 3,16,000 തൊഴിലാളികൾ ഉണ്ടായിരുന്ന ബിഎസ്എൻഎല്ലിനെ വെറും മൂന്നു വർഷംകൊണ്ട് മൂന്നിലൊന്നാക്കി. 2019 മുതൽ 2021 വരെയുള്ള മൂന്നു വർഷംകൊണ്ട് 144,711 ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 2019 ൽ 1,66,974 സ്ഥിരംജോലിക്കാരും 49,114 കരാർ ജീവനക്കാരുമടക്കം 2,16,088 ജീവനക്കാർ ബി എസ് എൻ എല്ലിൽ ഉണ്ടായിരുന്നു. വെറും ഒരു വർഷം കൊണ്ട് അവരിൽ 1,15,634 പേരെയും പിരിച്ചുവിട്ടു. തുടർന്ന് 2020 ,2021 വർഷങ്ങളിലും ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. അങ്ങനെ 2021 ൽ വെറും 62,208 ജീവനക്കാരുമായി, മൂന്നിലൊന്ന് ജീവനക്കാർ മാത്രമായി ബിഎസ്എൻഎൽ ചുരുങ്ങി. കരാർ ജീവനക്കാരുടെ എണ്ണമാകട്ടെ, അഞ്ചിലൊന്നായി കുറഞ്ഞു. 2019 ൽ 49,114 കരാർ ജീവനക്കാർ ഉണ്ടായിരുന്നത് 2021 ൽ വെറും 9,169 ആയി. രണ്ടരക്കോടി തൊഴിൽ വാഗ്‌ദാനം ചെയ്ത് വോട്ടുപിടിച്ച മോദി സർക്കാർ, നിലവിലുള്ള തൊഴിലവസരങ്ങൾ കൂടി നശിപ്പിക്കുകയായിരുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. 2017ന് ശേഷം, ഒരാളെപ്പോലും ബിഎസ്എൻഎല്ലിലേക്ക് റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രിതന്നെ പാർലമെന്റിൽ വ്യക്തമാക്കുകയുണ്ടായി.
തൊഴിലില്ലായ്മയും
പിന്നാക്കാവസ്ഥയും
ഒരു രാജ്യത്തിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണമെങ്കിൽ പൗരർക്ക് മാന്യമായ തൊഴിലും ന്യായമായ വേതനവും ഉറപ്പുവരത്താനാകണം. എന്നാൽ ഇന്നത്തെ ഇന്ത്യയുടെ സ്ഥിതി അതിനു തികച്ചും വിപരീത ദിശയിലാണ്. സർക്കാർ – പൊതു മേഖലകളിൽ തൊഴിലവസരങ്ങൾ ഇല്ലാതകുന്നതോടുകൂടി ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുക സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളാണ്. കാരണം വ്യവസായത്തിലും വാണിജ്യത്തിലും നിക്ഷേപിക്കാനുള്ള മൂലധനം അവരുടെ കൈയിലുണ്ടാകില്ല. അദ്ധ്വാനിച്ച് നേടുന്ന വിദ്യാഭ്യാസത്തിന്റെ ബലത്തിലുള്ള സർക്കാർ – പൊതുമേഖലാ തൊഴിലാണവരുടെ ബലം. സർക്കാർ – പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ വെട്ടിക്കുറച്ചപ്പോൾ ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടിവന്നിരിക്കുന്നത് സമൂഹത്തിലെ ഏറ്റവും പിന്നണിയിൽ കിടക്കുന്നവരാണ്. കർഷകരും തൊഴിലാളികളും ആദിവാസികളും ദളിതരുമെല്ലാം അതിലുൾപ്പെടുന്നു. അവരുടെ മുന്നേറ്റം കാംക്ഷിക്കുന്നവരുടെ മുന്നിലുള്ള ഏകവഴി ഇന്ത്യൻ ഭരണാധികാരികളുടെ സാമ്പത്തികനയത്തിനെതിരായ പോരാട്ടം മാത്രമാണ്. ♦