Tuesday, June 18, 2024

ad

Homeനിരീക്ഷണംഹരിയാന കലാപം വിതച്ചത്‌ കൊയ്യുന്നു

ഹരിയാന കലാപം വിതച്ചത്‌ കൊയ്യുന്നു

സാജൻ എവുജിൻ

രിയാനയിൽ വർഗീയ കലാപം ആളിക്കത്തുന്നുവെന്ന വിവരം അറിഞ്ഞപ്പോൾ ഓർമയിൽ വന്നത്‌ കഴിഞ്ഞ വർഷം ഹരിയാന–-രാജസ്താൻ അതിർത്തിയിലെ ഭരത്‌പുരിലേയ്‌ക്ക്‌ നടത്തിയ യാത്രയാണ്‌. ഗോരക്ഷകരെന്ന്‌ അവകാശപ്പെടുന്ന ക്രിമിനൽസംഘം തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന ജുനൈദിന്റെയും നസീറിന്റെയും ഗ്രാമത്തിലേയ്‌ക്കായിരുന്നു ആ യാത്ര. അഖിലേന്ത്യ കിസാൻ സഭ നേതാക്കൾക്കൊപ്പമാണ്‌ യാത്ര പോയത്‌. ഞങ്ങൾ സഞ്ചരിച്ച വാടക വാഹനത്തിന്റെ ഡ്രൈവർ ശാന്തശീലനെന്നും പക്വമതിയെന്നും തോന്നിപ്പിക്കുന്ന ഒരു യുവാവായിരുന്നു. ഞങ്ങളുടെ സംഭാഷണത്തിൽ അയാൾ പലപ്പോഴും പങ്കുചേർന്നു. ഊർജസ്വലമായി സംസാരിക്കുന്ന ആ യുവാവിന്റെ സംസാരം പക്ഷേ, എപ്പോഴും എത്തിനിന്നിരുന്നത്‌ മുസ്ലിംവിദ്വേഷത്തിലാണ്‌. മുസ്ലിങ്ങൾ, പ്രത്യേകിച്ച്‌ മേവാത്ത്‌ മേഖലയിലെ മുസ്ലിങ്ങൾ വലിയ കുഴപ്പക്കാരാണെന്ന വിധത്തിലാണ്‌ അയാൾ സംസാരിച്ചിരുന്നത്‌. ഞങ്ങൾ തിരുത്താൻ ശ്രമിച്ചതൊന്നും അയാൾക്ക്‌ ബോധ്യമായില്ല. സംഘപരിവാർ തുടർച്ചയായി നടത്തിവരുന്ന മുസ്ലിംവിരുദ്ധ വിദ്വേഷപ്രചാരണത്തിന്‌ അടിമയായി മാറിയ ആ യുവാവ്‌ അദ്ദേഹത്തിന്റെ വാദങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.

ബിജെപി നേതാക്കളടക്കം നടത്തിവരുന്ന വിദ്വേഷപ്രചാരണം രാജ്യത്ത്‌ സൃഷ്ടിച്ച അവസ്ഥയുടെ പ്രതിഫലനമാണിത്‌. കഴിഞ്ഞദിവസം ജയ്‌പുർ-മുംബൈ ട്രെയിനിൽ റെയിൽവേ സുരക്ഷാസേന(ആർപിഎഫ്‌) കോൺസ്‌റ്റബിൾ നടത്തിയ വിദ്വേഷ കൂട്ടക്കൊലയും ഇതിന്റെ ഭാഗമാണ്‌. പ്രതി സമനില തെറ്റിയ ആളാണെന്ന ഭാഷ്യങ്ങളും വിശദീകരണങ്ങളും വരുന്നുണ്ടെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കാൻ ഇടയാക്കുന്ന മാനസിക നിലയിൽ ഒരാൾ എത്തുന്നത്‌ നിരന്തരമായ പ്രചാരണത്തിന്റെ ഫലമായാണ്‌.

അധികാരസ്ഥാനങ്ങളിലുള്ളവർ മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിച്ച്‌ ഒളിഞ്ഞും തെളിഞ്ഞും വിദ്വേഷ പ്രചാരണം നടത്തുന്നു. വർഗീയതയുടെ നിഘണ്ടുവിലുള്ള എല്ലാ അധിക്ഷേപ വാക്കുകളും മുസ്ലിങ്ങൾക്കെതിരായി പ്രയോഗിക്കപ്പെടുന്നു. ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥനും മൂന്ന്‌ യാത്രക്കാരുമാണ്‌ കൊല്ലപ്പെട്ടത്‌. ഈ യാത്രക്കാരെല്ലാം മുസ്ലിങ്ങളാണ്‌. മുസ്ലിങ്ങളെ തെരഞ്ഞ്‌ ഈ കോൺസ്‌റ്റബിൾ ബോധപൂർവം ഒരു കോച്ചിൽനിന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ പോകുകയായിരുന്നു.

അഗാധമായ ഗർത്തത്തിലേയ്‌ക്ക്‌ ഹിന്ദുത്വ ശക്തികൾ രാജ്യത്തെ നയിക്കുകയാണ്‌. കർഷകസമരത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഹരിയാനയിൽ ബിജെപി ജനങ്ങളിൽനിന്ന്‌ ഒറ്റപ്പെട്ടിരിക്കയാണ്‌. സംസ്ഥാനത്ത്‌ തുടർച്ചയായി ജനകീയ സമരങ്ങൾ നടക്കുന്നു. ഇതേത്തുടർന്ന്‌ ബിജെപിക്കുവേണ്ടി ധ്രുവീകരണ രാഷ്ട്രീയം തീവ്രമാക്കാൻ സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്‌തതാണ്‌ ബ്രജ്‌മണ്ഡൽ ജലാഭിഷേക്‌ യാത്ര. സംസ്ഥാനത്ത്‌ ന്യൂനപക്ഷങ്ങൾ ഗണ്യമായുള്ള നൂഹ്‌ ജില്ലയിൽ 2021 ലാണ്‌ വിഎച്ച്‌പിയും ബജ്‌രംഗദളും ചേർന്ന്‌ ആദ്യ യാത്ര സംഘടിപ്പിച്ചത്‌. നൂഹിലെ ക്ഷേത്രങ്ങളുടെ വിശുദ്ധി വീണ്ടെടുക്കാനെന്ന പേരിലാണ്‌ ജലാഭിഷേക്‌ യാത്ര നടത്തുന്നത്. നിലവിലെ നൂഹ്‌ മേഖല കൃഷ്‌ണൻ കാലികളെ മേച്ചിരുന്ന സ്ഥലമെന്നാണ്‌ സംഘപരിവാർ സംഘടനകൾ അവകാശപ്പെടുന്നത്‌. മഹാഭാരത കാലം മുതലുള്ള ചില ശിവക്ഷേത്രങ്ങൾ നൂഹിലുണ്ടെന്നും ഈ പുണ്യസ്ഥലങ്ങളെല്ലാം ചിലർ കയ്യേറാൻ ശ്രമം നടത്തുകയാണെന്നും പരിവാർ സംഘടനകൾ പ്രചരിപ്പിക്കുന്നു. ഇത്തരം കയ്യേറ്റ ശ്രമങ്ങളെ ചെറുക്കാൻ കൂടിയാണത്രെ ജലാഭിഷേക്‌ യാത്ര.

ഈ വർഷം യാത്രയ്‌ക്ക്‌ മുന്നോടിയായി വ്യാപകമായ വർഗീയപ്രചാരണം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിഎച്ച്‌പിയും ബജ്‌രംഗദളും നടത്തി. കഴിഞ്ഞവർഷത്തെ ഇരട്ടക്കൊല അടക്കം ഒട്ടേറെ ഗോരക്ഷ ആക്രമണക്കേസുകളിൽ പ്രതിയായ മോനു മനേസർ എന്ന്‌ അറിയപ്പെടുന്ന ബജ്‌രംഗ്‌ദൾ നേതാവ്‌ മൊഹിത്‌ യാദവാണ്‌ വിദ്വേഷപ്രചാരണങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. മോനു ആറു മാസമായി ഒളിവിലാണെന്ന്‌ അധികൃതർ പറയുന്നു. പക്ഷേ ഹരിയാനയിലും രാജസ്താനിലുമായി ഇയാൾ വിഹരിക്കുകയാണ്‌. മോനു ഫെയ്‌സ്‌ബുക്കിലും യൂട്യൂബിലും സജീവമാണ്‌. മോനുവും ബിട്ടു ബജ്‌രംഗി എന്ന സംഘപരിവാർ നേതാവും അക്രമാസക്തമായ കടുത്ത വർഗീയ പ്രചാരണമാണ്‌ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്നത്‌.

ഹരിയാന- രാജസ്താൻ അതിർത്തി മേഖലകളിൽ പശുക്കടത്ത്‌ ആരോപിച്ച്‌ ഇപ്പോഴും ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 16ന്‌ ജുനൈദിനെയും നസീറിനെയും ചുട്ടുകൊന്നതിനുപിന്നാലെ നൂഹിലെ ഹുസൈൻപുരിൽ ആസിഫ്‌ എന്ന യുവാവിനെ പശുക്കടത്ത്‌ ആരോപിച്ച്‌ കൊലപ്പെടുത്തി. സൈകുൾ എന്ന യുവാവ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ മരിച്ചു. ഭരത്‌പുരിലെ സിക്രയിൽ സദ്ദാം എന്ന ചെറുപ്പക്കാരനെ ഗോരക്ഷാ ഗുണ്ടാസംഘം കൊലപ്പെടുത്തി. ഗോരക്ഷയുടെ പേരിൽ നിയമം കയ്യിലെടുത്ത്‌ അഴിഞ്ഞാടുന്നവർക്ക്‌ ഹരിയാനയിലെ ബിജെപി സർക്കാരിന്റെ സംരക്ഷണം ലഭിക്കുന്നു.

നൂഹിൽ ജലാഭിഷേക്‌ യാത്രയിൽ താൻ പങ്കാളിയാകുമെന്നും എല്ലാവരും യാത്രയ്‌ക്ക്‌ എത്തണമെന്നും മോനു ആഹ്വാനം ചെയ്‌തിരുന്നു. നൂഹിന്റെ മരുമകനാണ്‌, തടയാമെങ്കിൽ തടഞ്ഞോളൂ തുടങ്ങിയ പ്രകോപനപരമായ പരാമർശങ്ങളും ഇയാൾ നടത്തി. ജൂലൈ 31ന്‌ തോക്കും വാളും വടിയുമടക്കമുള്ള ആയുധങ്ങളുമായാണ്‌ സംഘപരിവാർ പ്രവർത്തകർ യാത്രയിൽ പങ്കാളികളായത്‌. തടയാൻ പൊലീസ്‌ ശ്രമിച്ചതുമില്ല. അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ്‌ ജലാഭിഷേക്‌ യാത്ര നീങ്ങിയതെന്ന്‌ ദൃക്‌സാക്ഷികളുടെ സാക്ഷ്യത്തോടെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതേത്തുടർന്നുണ്ടായ വാക്‌പോര്‌ കല്ലേറിലേയ്‌ക്കും ഏറ്റുമുട്ടലിലേയ്‌ക്കും എത്തി. യാത്രയ്‌ക്ക്‌ നേരെ ആക്രമണം ഉണ്ടായെന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരന്നതോടെ
ഗുരുഗ്രാം അടക്കമുള്ള സമീപ ജില്ലകളിലേയ്‌ക്ക്‌ കലാപം ആളിപ്പടർന്നു. ഗുരുഗ്രാമിലെ ബാദ്‌ഷാപുരിൽ ബിരിയാണി വിൽക്കുന്ന കടകൾ കൂട്ടത്തോടെ കത്തിച്ചു. അക്രമത്തിന്‌ നേതൃത്വം നൽകിയ ആൾ ‘ജയ്‌ ശ്രീറാം’ വിളിച്ചിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ബിജെപി അധികാരത്തിൽ വന്നശേഷം ബിരിയാണി കടകൾക്കെതിരെ പലപ്പോഴും ആക്രമണം ഉണ്ടായിട്ടുണ്ട്‌. ഗുരുഗ്രാം സെക്ടർ 57ൽ ജുമാ മസ്‌ജിദ്‌ കത്തിക്കുകയും ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്‌തു. രണ്ട്‌ ഹോം ഗാർഡുകൾ അടക്കം ആറ്‌ പേർക്ക്‌ ജീവൻ നഷ്ടപ്പെട്ടു.

അതേസമയം കലാപത്തിന്റെ മറവിൽ ന്യൂനപക്ഷ വേട്ടയ്‌ക്ക്‌ ബിജെപി സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്‌. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ ചില സമൂഹമാധ്യമ പരാമർശങ്ങൾ ഇതിനുള്ള സാധ്യതയിലേക്കാണ്‌ വിരൽചൂണ്ടുന്നത്‌. നൂഹിൽ അരങ്ങേറിയത്‌ ആസൂത്രിത ആക്രമണമാണെന്ന്‌ ഖട്ടർ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വിഎച്ച്‌പിയുടെ യാത്ര നൂഹിൽ എത്തിയപ്പോൾ ആക്രമിക്കപ്പെടുകയായിരുന്നു. വലിയ കലാപമാണ്‌ ലക്ഷ്യമിട്ടതെന്നും – ഖട്ടർ പറഞ്ഞു. എന്നാൽ ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത്‌ ചൗത്താല ജലാഭിഷേക്‌ യാത്ര സംഘടിപ്പിച്ച സംഘപരിവാർ സംഘടനകളെയാണ്‌ കുറ്റപ്പെടുത്തുന്നത്‌. സംഘാടകർ യാത്രയുടെ പൂർണവിവരം ജില്ലാ അധികൃതർക്ക്‌ കൈമാറിയില്ലെന്ന്‌ ചൗത്താല പറയുന്നു.

ഹരിയാനയിൽ വിവിധ ഭാഗങ്ങളിൽ ഒരേസമയം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്‌ സ്വാഭാവികമല്ലെന്ന്‌ ജമ്മു–-കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്കും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. വർഗീയ വിഭജനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ എട്ടോളം സ്ഥലത്ത്‌ ആക്രമണങ്ങൾ സംഘടിപ്പിച്ചത്‌. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ ഇത്തരം ആക്രമണങ്ങൾ. ഇവരെ നിയന്ത്രിച്ചില്ലെങ്കിൽ രാജ്യമാകെ മണിപ്പൂർ പോലെയാകും- മലിക്‌ പറയുന്നു. കലാപം ആസൂത്രിതമാണെന്ന്‌ തന്നെയാണ്‌ വ്യക്തമാകുന്നത്‌. സംഘപരിവാർ നിയന്ത്രിത ബിജെപി ഭരണം രാജ്യത്തെ കടുത്ത വിപത്തിൽ എത്തിച്ചിരിക്കുകയാണ്‌. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 12 =

Most Popular