ഇക്കണോമിക് നോട്ട്‌ബുക്ക്‐ 2
ഗ്രേറ്റ് ഡൈവേർജൻസ് – 2
അതിശക്തമായ കാർഷിക സമ്പദ്ഘടനകളിലൂന്നിനിന്നിരുന്ന ഏഷ്യൻ വൻകരയിലെ പ്രധാന സാമ്പത്തികശക്തികളെ മറികടന്ന് യൂറോപ്പ് കുതിച്ചതിനെ സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളും പഠനങ്ങളുമുണ്ട്. ഈ നിരീക്ഷണങ്ങൾ പലതും ഊന്നുന്നത് വ്യത്യസ്ത ഘടകങ്ങളിലാണ്. എങ്കിലും അവ പലതും പൊതുവെ വെച്ചുപുലർത്തുന്ന പൊതുവായ ഒരു ചിന്താധാര യൂറോപ്യൻ രാജ്യങ്ങൾ ഏഷ്യൻ രാജ്യങ്ങളിൽനിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ് എന്നാണ്. യുക്തിചിന്തയിലൂന്നിയ മനോഘടനയിലും ആധുനികരാഷ്ട്രീയ സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണത്തിലും യൂറോപ്യൻ രാജ്യങ്ങൾ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായിരുന്നു എന്നാണ് ഈ നിരീക്ഷണങ്ങൾ. യൂറോ കേന്ദ്രിതമായ സാമ്പത്തിക ചിന്തയുടെ ഒരുല്പന്നം കൂടിയാണിത് എന്നുവേണം കരുതാൻ. ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ആദ്യകാല മാർക്സിസ്റ്റുകളും 21‐ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ അക്കാദമിക് പണ്ഡിതരിൽ പലരും ഉയർത്തിയിട്ടുണ്ട്. യൂറോപ്യൻകേന്ദ്രിതമായ സാമ്രാജ്യത്വവും കോളോണിയൽ അധികാരഘടനകളും എങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ വികസനമുരടിപ്പിലേക്കും പിന്തള്ളലിലേക്കും നയിച്ചതെന്നതുസംബന്ധിച്ച് സ്ഥൂലതലത്തിലുള്ള പഠനങ്ങൾനടത്തിയത് ആദ്യകാല മാർക്സിസ്റ്റ് പണ്ഡിതരാണ്. ഈ ചിന്താഗതിയെ പിൽക്കാലത്ത് വികസിപ്പിച്ച ഒരാൾ ആന്ദ്രേഗുന്തർ ഫ്രാങ്കാണ്. 1966ൽ പ്രസിദ്ധീകൃതമായ The Development of the Underdevelopment എന്ന അദ്ദേഹത്തിന്റെ കൃതി യൂറോ കേന്ദ്രീകൃതമായ സാമ്പത്തികചിന്തകളുടെ സ്വാധീനത്തിൽനിന്നും കുതറിമാറി പൊളിറ്റിക്കൽ ഇക്കണോമിയുടെ കണ്ണിൽകൂടി അവികസിതരാജ്യങ്ങളുടെ ചരിത്രം പഠിക്കാനുള്ള ശ്രമമാണ്. വികസന മുരടിപ്പിന്റെ പാപഭാരം മുഴുവൻ പ്രാന്തവത്കൃത ദേശങ്ങളിലെ ജനതയുടെ സ്വഭാവത്തിലും അവിടങ്ങളിൽ നിലനിന്നിരുന്ന രാഷ്ട്രീയ സ്ഥാപനങ്ങളുടെ പ്രകൃതത്തിലും കൊണ്ടുചെന്ന് കെട്ടാനുള്ള യൂറോപ്യൻ പണ്ഡിതരുടെ ശ്രമങ്ങളെയാണ് ഗുന്തർഫ്രാങ്ക് ചോദ്യംചെയ്യുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ അനുഭവങ്ങളെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ എങ്കിലും ചൈനയും ഇന്ത്യയും സാമ്പത്തികമുരടിപ്പിൽ അകപ്പെട്ടത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിൽ ഗുന്തർ ഫ്രാങ്ക് നടത്തിയ പഠനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
പാശ്ചാത്യരാജ്യങ്ങൾ തങ്ങൾക്ക് കൈവന്ന രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി ആധുനിക ഉല്പാദനപ്രവർത്തനങ്ങളുടെ കേന്ദ്രമായി സ്വയം മാറിത്തീരുകയും കാർഷിക സമ്പദ്ഘടനകളിലൂന്നിയ അവികസിതരാഷ്ട്രങ്ങളെ ഉപഗ്രഹരാഷ്ട്രങ്ങളാക്കി മാറ്റുകയുംചെയ്തു. സാമ്പത്തികപ്രവർത്തനങ്ങളിൽ അങ്ങനെ മഹാനഗരരാജ്യങ്ങളും (Metropolis countries) പ്രാന്തവത്കൃതരാജ്യങ്ങളുമുണ്ടായി (peripheral countries). അടിസ്ഥാനപരമായി അവികസിത രാജ്യങ്ങളെ സൃഷ്ടിച്ചത് അവിടങ്ങളിൽ നിലനിന്നിരുന്ന കാലഹരണപ്പെട്ട സാമൂഹികസ്ഥാപനങ്ങളോ മൂലധനത്തിന്റെ അഭാവമോഅല്ല, മുതലാളിത്ത പ്രക്രിയയുടെ ചരിത്രപരമായവികാസമാണ്, അതിന്റെ ആഗോളവത്കൃത രൂപമായ സാമ്രാജ്യത്വമാണ്. സാമ്പത്തികശാസ്ത്രത്തെ മൂല്യനിരപേക്ഷമായി, രാഷ്ട്രീയേതരമായി, കാണുന്നതിലുള്ള അപകടത്തിലേക്കു കൂടി വിരൽചൂണ്ടുന്നതാണ് ഈചരിത്രവസ്തുതകൾ.
ഈ പ്രശ്നത്തെ മറ്റു ചില കോണുകളിൽനിന്ന് അപഗ്രഥിക്കാനുള്ള ചില ശ്രമങ്ങളെയും അവയുടെ പരിമിതികളെയുംകൂടി ഇനിപരിശോധിക്കാം. കെന്നെത്ത് പൊമേറാൻസ് (Kenneth Pomeranz) എഴുതിയ ഗ്രേറ്റ് ഡൈവേർജൻസ് ഇത്തരത്തിലൊരുകൃതിയാണ്. പാരിസ്ഥിതികമായ പരിമിതികളിലാണ് പൊമേറാൻസിന്റെ ഊന്നൽ. ബ്രിട്ടനെ വികസനപാതയിലെത്തിച്ചത് നിർണായകമായ രണ്ടുകാര്യങ്ങളാണ് എന്നാണ് പൊമേറാൻസ് പറയുന്നത്. സമൃദ്ധമായ കൽക്കരി നിക്ഷേപമാണ് ഒന്ന്. ഇത് കൽക്കരി അടിസ്ഥാനമാക്കിയ കൂറ്റൻ ആവിയന്ത്രങ്ങളുടെ വൻതോതിലുള്ള ആവിർഭാവത്തിനു വഴിതെളിച്ചു. രണ്ട്, കോളനി രാജ്യങ്ങളിൽ പടർന്നുകിടന്നിരുന്ന വൻകിട പരുത്തിത്തോട്ടങ്ങളും കരിമ്പിൻപാടങ്ങളും മാഞ്ചസ്റ്ററിലെ തുണിമില്ലുകൾക്കാവശ്യമായ അസംസ്കൃതവിഭവങ്ങൾ പ്രദാനംചെയ്തു. സാങ്കേതികമായി അക്കാലത്ത് മുന്നിലായിരുന്നവെങ്കിൽകൂടി ചൈനയ്ക്ക് പാരിസ്ഥിതികമായ ഈ പരിമിതി മറികടക്കാനായില്ല. 18‐ാം നൂറ്റാണ്ടിലെ ജനവാസകേന്ദ്രങ്ങളായ യാങ്ട്സി താഴ്വരയിൽ കൽക്കരിനിക്ഷേപങ്ങളുണ്ടായിരുന്നില്ല. ബ്രിട്ടനുണ്ടായിരുന്നപോലെ, പ്രാന്തവത്കൃത രാജ്യങ്ങളിൽനിന്നുമുള്ള കാർഷികവിഭവങ്ങളുടെ അനുസ്യൂതമായ ലഭ്യതയും ചൈനയ്ക്കുണ്ടായിരുന്നില്ല. ഇത്തരത്തിൽ 19‐ാം നൂറ്റാണ്ടിലെ ചൈന വർദ്ധിച്ചുവന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാനാവാതെ പാരിസ്ഥിതികവും സാമ്പത്തികവുമായ സമ്മർദങ്ങളിൽപ്പെട്ട് പിന്തള്ളപ്പെട്ടുപോയി. 18‐ാം നൂറ്റാണ്ടിലെ കിഴക്കൻ ചൈനയെയും പടിഞ്ഞാറൻ യൂറോപ്പിനെയും സംബന്ധിച്ചുള്ള പൊമേറാൻസിന്റെ നിരീക്ഷണങ്ങൾ വളരെ മൂല്യവത്താണ് എങ്കിൽകൂടി പ്രശ്നനിർഭരവുമാണ്. ബ്രിട്ടനെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ച രാഷ്ട്രീയഘടകങ്ങളെ പൂർണമായും അവഗണിക്കുന്നു എന്നതാണ് പ്രധാനപ്രശ്നം. പടിഞ്ഞാറൻ യൂറോപ്പിലാകെ രൂപംകൊണ്ട പുതിയ ഭരണകൂട സംവിധാനങ്ങളും അവയുടെ അനുബന്ധമായി നടപ്പിൽവന്ന സാമൂഹികസ്ഥാപനങ്ങളും സംവിധാനങ്ങളും സാമ്പത്തികവളർച്ചയിൽ വഹിച്ച പങ്ക് പൊമേറാൻസിന്റെ പരിഗണനയിൽ വരുന്നേയില്ല. യൂറോപ്പിൽ അക്കാലത്ത് രൂപപ്പെട്ട മുതലാളിത്ത ഉല്പാദന സംവിധാനങ്ങൾ, തൊഴിൽസംഘാടനത്തിന്റെ രൂപങ്ങളായ ഫാക്ടറികൾ എന്നിവ വൻതോതിൽ തൊഴിലാളികളെ ഉല്പാദനസമ്പ്രദായത്തിൽ അണിനിരത്തിയതുവഴിയുണ്ടായ സാമ്പത്തികാഭിവൃദ്ധി എന്നിവ പൊമേറാൻസിന്റെ ചർച്ചയിൽവരുന്നേയില്ല. അതുപോലെതന്നെ കോളോണിയൽ നുകത്തിനുകീഴിൽ കിടന്നിരുന്ന രാജ്യങ്ങളുമായി നടത്തിയ വ്യാപാര ഇടപാടുകൾ, വിശേഷിച്ച് അസംസ്കൃത ഉത്പന്നങ്ങൾ അവിടെനിന്നും ഇറക്കുമതി ചെയ്യുകയും നിർമിതവസ്തുക്കൾ അവിടേയ്ക്ക് കയറ്റുമതിചെയ്യുകയുംവഴി ഉണ്ടായ സാമ്പത്തികനേട്ടങ്ങൾ ഇവയും പൊമേറാൻസിന്റെ പരിഗണയിൽവരുന്നില്ല.
കൽക്കരിയും കോളനികളും ഇല്ലായിരുന്നെങ്കിൽ ആധുനിക വ്യവസായങ്ങളുടെ ഈറ്റില്ലമായി ബ്രിട്ടൻ ഒരുകാലത്തും മാറുകയില്ലായിരുന്നു എന്നാണ് പൊമേറാൻസിന്റെ അടിസ്ഥാനനിരീക്ഷണം. എനർജി എക്കണോമിയിലേക്ക് ബ്രിട്ടനെ നയിച്ചതിൽ കൽക്കരിക്ക് പ്രധാനപങ്കുണ്ട്. വിറകുകൾമാത്രം ഉപയോഗിച്ചുപോരുന്ന ഒരു സമൂഹത്തിൽ നിന്നുമുള്ള വലിയ വിച്ഛേദമാണിത്. ഇരുമ്പുരുക്ക് വ്യവസായങ്ങളിലേക്കും ആവിയന്ത്രങ്ങളെ അടിസ്ഥാനമാക്കിയ കപ്പൽ ഗതാഗതത്തിലേക്കും വൻതോതിലുള്ള റെയിൽവേ ശൃംഖലകളിലേക്കും ഇത് വഴിതെളിച്ചു. യൂറോപ്പിലെ സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം, സംസ്കാരം, – ഏഷ്യയിലെ രാജ്യങ്ങളുമായി അവയ്ക്കുള്ള അടിസ്ഥാനപരമായ ഭിന്നതകൾ, എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട് സ്ഥൂലതലത്തിലുള്ള ഘടനാപരമായ പരിശോധനകളാണ് ഗ്രേറ്റ് ഡൈവേർജൻസ് സംബന്ധിച്ച് പ്രധാനമായും നടന്നിട്ടുള്ളത്. യൂറോപ്പ് കേന്ദ്രീകരിച്ച് വളർന്ന മുതലാളിത്തത്തെക്കുറിച്ച് മാർക്സ് നടത്തിയ പഠനമാണ് ഇതിൽ ഏറ്റവും സുപ്രധാനം. ഇൻസ്ട്രുമെന്റൽ റേഷനാലിറ്റി എന്ന മാക്‌സ്‌വെബറുടെ സങ്കല്പനമാണ് മറ്റൊന്ന്. എറിക് ഹോബ്സ്ബാമിന്റെ വ്യവസായവും സാമ്രാജ്യത്വവും എന്നകൃതിയും സുപ്രധാനമാണ്.
നിർമിതവസ്തുക്കളുടെ ലോകവ്യാപാരത്തിൽ വന്ന മാറ്റങ്ങളുടെ വിശകലനത്തിലൂടെയും ഗ്രേറ്റ് ഡൈവേർജൻസിനെ മനസിലാക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ആഗോളതലത്തിലുള്ള ഇവയുടെ മത്സരാത്മകതയും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നയസമീപനങ്ങളും 17ഉം 18ഉം നൂറ്റാണ്ടുകളിൽ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങൾക്ക്, വിശേഷിച്ച് ബ്രിട്ടന്. സാങ്കേതികവിദ്യകളുടെ വളർച്ചയ്‌ക്ക് ഉല്പാദനരീതികളുടെ സമൂലമായ ഉടച്ചുവാർക്കലിനും അവസരമൊരുക്കി. പരുത്തിത്തുണിയുടെയും ഇരുമ്പിന്റെയും വ്യവസായങ്ങളിൽ 1760നും 1830നും ഇടയിൽവന്ന പരിണാമങ്ങൾ ഇത് വ്യക്തമാക്കും. കോട്ടൺ വ്യവസായമായിരുന്നു അക്കാല ബ്രിട്ടന്റെ ഉല്പാദനവളർച്ചയിൽ 50 ശതമാനവും. ആവിയന്ത്രവും ഉരുക്കുവ്യവസവും ഇതിൽ നിർണായക പങ്കുവഹിച്ചു. 1815ൽ ബ്രിട്ടനിലെ പരുത്തിത്തുണിയുടെ ഉപഭോഗം 8 കോടി പൗണ്ട് ആയിരുന്നു. അതിനും രണ്ടു പതിറ്റാണ്ടു മുൻപ് ലോകത്തിലെ ഏറ്റവും വലിയകോട്ടൺ ഉല്പാദനകേന്ദ്രമായ ദക്ഷിണേന്ത്യയിൽ ഉപഭോഗം കേവലം രണ്ട് കോടി മാത്രമായിരുന്നു. 1850ൽ 1000 മില്യൺ പൗണ്ടിന്റെ കോട്ടനാണ് ബ്രിട്ടൻ ഇറക്കുമതിചെയ്തത്. ഇത് മാഞ്ചസ്റ്ററിലുണ്ടാക്കിയ ലാഭം ബ്രിട്ടന്റെ സമഗ്രമായ വ്യവസായിക അഭിവൃദ്ധിക്ക് വഴിതെളിച്ചു. ഇക്കാലത്ത് കൃഷിയിലും ജലസേചനത്തിലും ചൈനയും ഇന്ത്യയും സാങ്കേതികമായി ഏറെ മുന്നിലായിരുന്നു. പക്ഷേ സാങ്കേതികവിദ്യകളുടെ ഉപയോഗവും വളർച്ചയും ഈ മേഖലയിൽമാത്രം ഒതുങ്ങിനിന്നു. ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന പരിശോധന സുപ്രധാനമാണ്. ആഗോളവിപണിയിൽനിന്ന് ഇന്ത്യൻ തുണിയുൽപ്പന്നങ്ങളെ പുറന്തള്ളേണ്ടത് ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. രണ്ടുരീതിയിലാണ് ഇത് അവർ നടപ്പിലാക്കിയത്. ഒന്ന്, ഇന്ത്യയിലെ തുണിനിർമാണത്തിന്റെ ഏറ്റവും നവീനമായ സാങ്കേതികരീതികൾ അവർ പഠിച്ചു മനസിലാക്കുകയും അവിടെ നടപ്പിലാക്കുകയുംചെയ്തു. മറ്റൊരുവഴിക്ക് വലിയതോതിലുള്ള ഇറക്കുമതി ചുങ്കങ്ങൾ ഇന്ത്യൻ തുണി ഉത്പന്നങ്ങൾക്കുമേൽ ചെലുത്തുകയുംചെയ്തു. കേന്ദ്രീകൃതമായ ഒരു ഭരണകൂടമോ നിയമവ്യവസ്ഥകളോ ഇല്ലാതിരുന്ന ഇന്ത്യയിൽ ഇതിനു സമാനമായ നടപടികൾ കൈക്കൊള്ളുക അസാധ്യമായിരുന്നു. യൂറോപ്പിൽ വളർന്നുവന്ന മുതലാളിത്തത്തിന് ലാഭാധിഷ്ഠിതമായി വ്യവസായങ്ങളെ നിലനിർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യയിലും ചൈനയിലുമുള്ള ചെറുകിട തുണിനിർമാണക്കാർക്ക് യന്ത്രവൽക്കരണം ഒരു അനിവാര്യതയായിരുന്നില്ല. ഗ്രേറ്റ് ഡൈവേർജൻസിലേക്ക് വഴിതെളിച്ച ഒരു സുപ്രധാന സംഗതിയായി ഇത് പരിണമിച്ചു. റഷ്യയിൽനിന്നുമുള്ള വിലകുറഞ്ഞ ഉരുക്കിന്റെ കടന്നുവരവ് സമാനമായ സാഹചര്യം ആ മേഖലയിലും ബ്രിട്ടനിൽ സൃഷ്‌ടിച്ചു. അതിൽനിന്നും ആഭ്യന്തരവ്യവസായങ്ങള സംരക്ഷിച്ചു നിർത്തേണ്ടതുണ്ടായിരുന്നതിനാൽ വലിയ ഇറക്കുമതി ചുങ്കങ്ങൾ ആ മേഖലിയിലും കൊണ്ടുവന്നു. 16‐ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ആഭ്യന്തരവ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ത്വര ബ്രിട്ടനിൽ ശക്തമായിരുന്നു. വില കൂടുതലാണെങ്കിലും ആഭ്യന്തരമായി ഉല്പാദിപ്പിക്കുകയാണ് ആ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നല്ലത് എന്ന ചിന്താഗതി പ്രബലമായി നിലകൊണ്ടു. അതിനനുസൃതമായി നയങ്ങൾ രൂപീകരിക്കപ്പെട്ടു. ഇത്തരത്തിൽ നോക്കിയാൽ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലുകളാണ് ഗ്രേറ്റ് ഡൈവേർജൻസിലേക്ക് യൂറോപ്യൻരാജ്യങ്ങളെ നയിച്ചത് എന്ന് കരുതുന്നതിൽ തെറ്റില്ല. ♦