Friday, November 22, 2024

ad

Homeകവര്‍സ്റ്റോറികാർഷിക കമ്പോളങ്ങളുടെ ആഗോളവൽക്കരണവും കൃഷിയുടെ അണുവൽക്കരണവും

കാർഷിക കമ്പോളങ്ങളുടെ ആഗോളവൽക്കരണവും കൃഷിയുടെ അണുവൽക്കരണവും

കെ എൻ ഹരിലാൽ

ന്ത്യയടക്കമുള്ള മിക്ക രാജ്യങ്ങളിലും തുടർച്ചയായി അനുഭവപ്പെടുന്ന കാർഷികരംഗത്തെ പ്രതിസന്ധിയ്ക്കും തകർച്ചയ്ക്കും കാരണമെന്ത് എന്ന ചോദ്യത്തിനുത്തരമായി പറയാൻ കഴിയുന്ന രണ്ടു കാര്യങ്ങളാണ് ഇവിടെ ഈ കുറിപ്പിന്റെ തലക്കെട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. കാർഷിക കമ്പോളങ്ങളുടെ ആഗോളവൽക്കരണവും കൃഷിയുടെ അണുവൽക്കരണവുമാണ് കാർഷിക രംഗത്തെ ദീർഘകാല തകർച്ചയുടെ മുഖ്യ കാരണങ്ങളായി മാറിയിരിക്കുന്നത്.

രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപപ്പെട്ട ആഗോള സാമ്പത്തികക്രമത്തിനു കീഴിൽ വ്യവസായ ഉല്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരം ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കാർഷികോൽപന്നങ്ങളുടെ കാര്യത്തിൽ സ്വതന്ത്ര വ്യാപാരത്തിനു അനുകൂലമായ നിലപാടല്ല ലോകരാഷ്ട്രങ്ങൾ കൈക്കൊണ്ടിരുന്നത്. കാർഷിക വിപണികളെ ലോകവ്യാപാരത്തിന്റെ അനിശ്ചിതത്വത്തിൽപ്പെടാതെ സംരക്ഷിക്കുന്ന നയങ്ങൾ മിക്ക രാജ്യങ്ങളും പിന്തുടർന്നിരുന്നു. അതുപോലെ ആഭ്യന്തര കമ്പോളത്തിൽ ഇടപെടുന്നതിനും ന്യായവില ഉറപ്പാക്കുന്നതിനും കൃഷിയ്ക്കു സബ്സിഡി നൽകുന്നതിനും പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനും, എക്-സ്റ്റൻഷൻ സേവനങ്ങൾ നൽകു ന്നതിനും സർക്കാരുകൾ തയ്യാറായിരുന്നു. കൃഷിയെ സംരക്ഷിക്കുന്നതിനു മേൽപറഞ്ഞ രീതിയിൽ ഇടപെടുന്നതിനു പൊതുസമ്മതമുണ്ടായിരുന്നു. അന്താരാഷ്ട്ര ഏജൻസികൾ അതിനു വിഘാതമായ നിലപാട് എടുത്തിരുന്നില്ല. കൃഷിയുടെ സവിശേഷതകൾ കണക്കിലെടുത്തുകൊണ്ടാണ് സ്വതന്ത്രവ്യാപാരനയങ്ങളിൽ നിന്നും കാർഷികോല്പന്നങ്ങളെ ഒഴിവാക്കി നിർത്തിയിരുന്നത്. കാർഷികരംഗം സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ കമ്പോളം പരാജയപ്പെടും എന്ന സത്യം പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. കമ്പോള വിലകളിലെ കയറ്റിറക്കങ്ങൾക്കനുസരിച്ചു പെട്ടെന്നു കാർഷികോല്പന്നങ്ങളുടെ ലഭ്യത ഉയർത്താനോ വെട്ടിക്കുറയ്ക്കാനോ കഴിയില്ല എന്ന വസ്തുത ഇവിടെ പ്രസക്തമാണ്. കാർഷികമേഖലയിൽ കമ്പോളം പരാജയപ്പെടുന്നതിനു (market failure) ഇതുപോലെ പല കാരണങ്ങളുണ്ട്.

അതെന്തായാലും 1990 കളിൽ കാര്യങ്ങൾ കീഴ്-മേൽ മറിയുകയാണുണ്ടായത്. ഗാട്ടിന്റെ നേതൃത്തിൽ നടന്ന ഉറുഗ്വേ റൗണ്ടു് ചർച്ചകൾ പൂർത്തിയായതോ ടെ ലോകവ്യാപാര സംഘടന നിലവിൽ വന്നു. ഒപ്പം എഗ്രിമെന്റ് ഓൺ അഗ്രിക്കൾച്ചർ എന്ന പേരിൽ കാർഷികോല്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരം പ്രോത്സാ ഹിപ്പിക്കുന്നതിന് ഒരു പുതിയ ഉടമ്പടികൂടി നിലവിൽ വന്നു. കൃഷിയോടുള്ള പ്രത്യേക സംരക്ഷണ സമീപനം ഉപേക്ഷിക്കപ്പെട്ടു. കൃഷിയിലും സ്വതന്ത്ര വ്യാപാരമാണ് വേണ്ടത് എന്ന കാഴ്ചപ്പാട് സ്വീകരിക്കപ്പെട്ടു. തുടക്കത്തിൽ തന്നെ കാർഷികോല്പന്നങ്ങളുടെ സ്വതന്ത്ര വ്യാപാരത്തെ തടസ്സപ്പെടുത്തിയിരുന്ന എല്ലാ താരിഫിതര നിയന്ത്രണങ്ങളും എടുത്തു മാറ്റാൻ തീരുമാനിച്ചു. ഇറക്കുമതി തീരുവകളുടെ കാര്യത്തിൽ കുറച്ചുകൂടി ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. ഉയർന്ന ഇറക്കുമതി തീരുവകൾ വെയ്ക്കാൻ അംഗ രാജ്യങ്ങളെ അനുവദിച്ചു. പക്ഷേ എല്ലാ ഉല്പന്നങ്ങ ളുടേയും കാര്യത്തിൽ ഓരോ രാജ്യവും പരമാവധി ഉയർത്താൻ സാധ്യതയുള്ള താരിഫ് നിരക്ക് മുൻകൂട്ടി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു. ഈ പരമാവധി നിരക്കുകളെ ബൗണ്ട് നിരക്കുകളായി ലോകവ്യാപാര സംഘടന അംഗീകരിച്ചു കഴിഞ്ഞാൽ അവ പിന്നീട് ഉയർത്താൻ അനുവാദമില്ല. ഇന്ത്യയെപ്പോലെയുള്ള അവികസിത രാജ്യങ്ങൾ കാർഷികോല്പന്നങ്ങൾക്കു വളരെ ഉയർന്ന ബൗണ്ട് നിരക്കുകളാണ് ഏർപ്പെടുത്തിയത്. ഇറക്കുമതി നിയന്ത്രിക്കാനും കൃഷിക്കാരെ സംരക്ഷിക്കുന്നതിനും ഉയർന്ന ബൗണ്ട് നിരക്കുകൾ സഹായകരമായി.

ബൗണ്ട് റേറ്റുകളുടെ സുരക്ഷ കൂടി നഷ്ടമായത് പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളുടെ വരവോടു കൂടിയാണ്. ഇന്ത്യ-–ശ്രീലങ്ക, ഇന്ത്യ- – ആസിയാൻ തുടങ്ങിയ സ്വതന്ത്രവ്യാപാരകരാറുകൾ ഇതിനുദാഹരണമാണ്. ഇവയ്ക്കു പുറമേ മറ്റു നിരവധി സ്വതന്ത്ര വ്യാപാര കരാറുകൾ, ഒപ്പിടലിന്റെയും, നടപ്പിലാക്കലിന്റേയും വിവിധ ഘട്ടങ്ങളിലാണ്. സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടുന്ന രാജ്യങ്ങൾ തമ്മിൽ തമ്മിൽ സമ്പൂർണ്ണ സ്വതന്ത്ര വ്യാപാരം ഏർപ്പെടുത്താൻ ബാധ്യസ്ഥമാണ്. ഒരു പൊതുകമ്പോളമായി (common market) മാറുകയാണ് ആത്യന്തിക ലക്ഷ്യം. വളരെ കുറച്ചു ഉല്പന്നങ്ങളെ മാത്രമേ ഈ ലക്ഷ്യത്തിൽനിന്നും ഒഴിച്ചു നിർത്താറുള്ളൂ.

ചുരുക്കത്തിൽ, ലോകവ്യാപാര സംഘടനയും പ്രാദേശിക സ്വതന്ത്ര വ്യാപാര കരാറുകളുംകൂടി ഇന്ത്യൻ കാർഷിക മേഖലയെ സ്വതന്ത്ര മത്സരത്തിനു വിട്ടുനൽകി എന്നു പറയാം. ഇതിനു പുറമേയാണ് ഇന്ത്യ സ്വന്തം നിലയ്ക്കു നടപ്പിലാക്കുന്ന നിയോലിബറൽനയങ്ങളുടെ പ്രഭാവം. ആഭ്യന്തര കമ്പോളത്തിലെ ഇടപെടൽ, സബ്സിഡികൾ, പശ്ചാത്തല സൗകര്യങ്ങൾ, എക്-സ്റ്റൻഷൻ സർവ്വീസുകൾ തുടങ്ങിയവയിൽ നിന്നും ഭരണകൂടം പൊതുവേ പിൻവലിയുന്നതിനും ഇതും കാരണമായി.

പുതിയ സാഹചര്യത്തിൽ എല്ലാ പ്രാദേശിക കാർഷിക വിപണികളും ആഗോള മത്സരത്തിനു വിധേയമാണ്. വിലകൾ പ്രാദേശികമായല്ല, സാർവ്വദേശീയമായാണ് തീരുമാനിക്കപ്പെടുന്നത്. കമ്പോളത്തിലെ ചരക്കുവരവിനെയോ, ഡിമാന്റിനെയോ, വിലയേയോ സ്വാധീനിക്കാൻ ഒരു കൃഷിക്കാരനും കഴിയില്ല. കൃഷിക്കാർ അക്ഷരാർത്ഥത്തിൽ നിസ്സഹായരാണ്. കൃഷിയുടെ അണുവൽക്കരണം കൂടി ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്. കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം മൂലവും, ചെറുകിട -നാമമാത്ര കൃഷിക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവും കാരണം കൃഷിക്കാരുടെ വിലപേശൽ ശേഷി വളരെ പരിമിതമാണ്. കൃഷിക്കാരുടെ കമ്പോളശക്തിയെ സമാഹരിക്കാനും കേന്ദ്രീകരിക്കാനും ഭരണകൂടങ്ങളും സാർവ്വദേശീയ ഏജൻസികളും തയ്യാറല്ല. ഇതാണ് കാർഷിക മൂല്യചങ്ങലകളിലെ യഥാർത്ഥ കൃഷിയുടെ അവസ്ഥ. മൂല്യച്ചങ്ങലയിൽ കൃഷിയ്ക്കു മുൻപും പിൻപും ഉള്ള ഘട്ടങ്ങളിൽ കുത്തകശക്തികളുടെ സാന്നിദ്ധ്യം വളരെ പ്രകടമാണ്. വിത്ത്, വളം, കീടനാശിനി, വായ്പ തുടങ്ങിയവയുടെ കമ്പോളങ്ങളിൽ കൃഷിക്കാരെ നേരിടുന്നത് കുത്തക ശക്തികളാണ്. അതുതന്നെയാണ് കൃഷിയ്ക്കു ശേഷമുള്ള ഘട്ടങ്ങളിലും നമുക്കു കാണാനാവുക. കാർഷികോല്പന്നങ്ങളുടെ വ്യാപാരം, വിപണനം, സംസ്കരണം തുടങ്ങിയ ഘട്ടങ്ങളിൽ കുത്തക ശക്തി ഏറുകയാണ്. വിളവെടുപ്പുകാലത്ത് കമ്പോളത്തിൽ നിന്നു മാറി നിന്നു വിലയിടിക്കാനും മറ്റും അവർക്കു കഴിയും. കരുതൽ ശേഖരം സൂക്ഷി ക്കുന്നത് ഇപ്പോൾ ഇവർ മാത്രമാണ്. കാർഷിക ഉല്പന്നങ്ങളുടെ ലഭ്യത കുറഞ്ഞാൽ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനു വൻതോതിൽ ഇടപെടാനും വാങ്ങൽ കുത്തകകൾക്ക് കഴിയുന്നു. റബ്ബർ വിപണി ഇതിനു നല്ല ഉദാഹരണമാണ്.

ഭരണകൂടവും അന്താരാഷ്ട്ര സംവിധാനവും കൃഷിക്കാരോടൊപ്പമല്ല, മറിച്ച് കൃഷിയെ ആശ്രയിച്ചു തങ്ങളുടെ ബിസിനസ്സ് നടത്തുന്നവരോടൊപ്പമാണ്. കൃഷിക്കാർ സംഘടിച്ചു ശക്തരാവുന്നതിനും കുത്തക ശക്തികളെ പ്രതിരോധിക്കുന്നതിനും ഭരണകൂടങ്ങൾ തടസ്സം നിൽക്കുകയും ചെയ്യുന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇതിനു കൃഷിക്കാരുടെ വിശാലമായ ഐക്യം അനിവാര്യമാണ്. ആഗോളവൽക്കരണത്തിന്റെ ദുരിതം അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ കൃഷിക്കാരുടെ ഐക്യം ഈ സന്ദർഭത്തിൽ ഒഴിവാക്കാനാവാത്തതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 13 =

Most Popular