എങ്ങനെയാണ് കഴിഞ്ഞ നാല് പഠന കോൺഗ്രസുകൾ മാറിവന്ന കാർഷിക സമീപനങ്ങളെയും നയങ്ങളെയും പ്രതിഫലിപ്പിച്ചതെന്നതു സംബന്ധിച്ച പരിശോധനയാണ് ഇവിടെ നടത്തുന്നത്.
ഒന്നാം കേരള പഠന കോൺഗ്രസ്
1970-കൾ മുതൽ പ്രകടമായിവന്ന രൂക്ഷമായ കാർഷിക മുരടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഒന്നാമത് കേരള പഠന കോൺഗ്രസ് 1994-ൽ വിളിച്ചു ചേർത്തത്. പഠന കോൺഗ്രസിന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇഎംഎസ് ഇപ്രകാരമാണ് പറഞ്ഞത്: “മാനവ വികസന സൂചികകളുടെ കാര്യത്തിൽ സുപ്രധാന പുരോഗതി ഉണ്ടായി ട്ടുണ്ടെന്നിരിക്കിലും കേരളം ഇന്ന് തൊഴിൽ മേഖലയിലും കാർഷിക-–വ്യവസായിക രംഗങ്ങളിലെ ഉല്പാദനങ്ങളുടെ കാര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജനജീവിതം മെച്ചപ്പെടുത്തുന്നതും ജനക്ഷേമകരവുമായ സാമൂ ഹ്യമേഖലാ പ്രശ്നങ്ങൾക്കുവേണ്ടി നാം വളരെയേറെ സമയവും ശ്രദ്ധയും വിനിയോഗിച്ചപ്പോൾ സാമ്പത്തിക വളർച്ചയുടെയും ഭൗതിക ഉല്പാദനത്തിന്റേതുമായ അടിയന്തര പ്രശ്നങ്ങളിൽ നാം വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിരുന്നില്ലായെന്നാണ് ഞാൻ കരുതുന്നത്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുറകിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇനി യൊട്ടും വൈകിക്കൂടാ.”
1970-–71 മുതൽ 1984-–87 വരെയുള്ള കാലത്തെ ശരാശരി വാർഷിക കാർഷിക വളർച്ച വെറും 0.2 ശതമാനം വീതം മാത്രമായിരുന്നു. ഈ രൂക്ഷമായ മുരടിപ്പിനു കാരണം ഭൂപരിഷ്കരണമാണെന്നാണ് പിന്തിരിപ്പന്മാർ പ്രചരിപ്പിച്ചത്. ഈ പ്രചാരണത്തെ ചെറുക്കുന്നതിന് ഒന്നാം പഠന കോൺഗ്രസിന്റെ ചർച്ചകളിൽ പ്രാധാന്യം നൽകി യിരുന്നു. തുണ്ടുവൽക്കരണത്തിനു കാരണം ഭൂപരിഷ്കരണമല്ല. മറിച്ച്, സ്വത്ത് ഭാഗംവയ്ക്കലും ജനസംഖ്യാ സമ്മർദ്ദവുമാണെന്നു വിശദീകരിക്കപ്പെട്ടു. കർഷക തൊഴിലാളി പ്രസ്ഥാനങ്ങളെക്കുറിച്ചും ഭൂപരിഷ്കരണത്തെക്കുറിച്ചും പ്രത്യേകം സമ്മേളനങ്ങൾ ഉണ്ടായിരുന്നു.
ഇതിനു പുറമേ 1980-കളിൽ രൂക്ഷമായ മുരടിപ്പിൽ നിന്ന് കേരളം കരകയ റിത്തുടങ്ങിയെന്നു വ്യക്തമാക്കുന്ന പഠനങ്ങളും അവതരിപ്പിക്കപ്പെട്ടു. 1970-കളിലെ കാർഷിക മുരടിപ്പിന്റെ പ്രധാന കാരണം കേരളത്തിൽ ഇക്കാലത്ത് ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്ക് കൃഷിക്കാർ വ്യാപകമായി മാറിയതിന്റെ താല്ക്കാലിക പ്രത്യാഘാതമായിരുന്നുവെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
അധികാര വികേന്ദ്രീകരണം പ്രാദേശികാടിസ്ഥാനത്തിലുള്ള കാർഷിക ഇടപെടലിനു സഹായകരമായിരിക്കുമെന്നു വിലയിരുത്തപ്പെട്ടു. കല്യാശേരി പ്രാദേശിക വികസന പരീക്ഷണത്തെക്കുറിച്ചും ഗാലസ നെൽകൃഷി മാതൃകയെക്കുറിച്ചും ചർ ച്ചകൾ ഉണ്ടായിരുന്നു. കാർഷിക സാങ്കേതികവിദ്യാകൈമാറ്റം, വിളയടിസ്ഥാനത്തി ലുള്ള പഠനങ്ങൾ, സ്ഥലജല വിഭവങ്ങൾ എന്നിവയും ചർച്ച ചെയ്യപ്പെട്ടു.
രണ്ടാം കേരള പഠന കോൺഗ്രസ്
രണ്ടാമത് കേരള പഠന കോൺഗ്രസ് 2005 ഡിസംബറിലാണു നടന്നത്. അപ്പോഴേക്കും ആഗോളവൽക്കരണത്തിന്റെ കെടുതികളുടെ വ്യാപ്തി വ്യക്തമായിരുന്നു. ഒന്നാം പഠന കോൺഗ്രസിന്റെ കാലത്ത് ലോകവ്യാപാര കരാറിലെ കാർഷിക ഉടമ്പടി ഒപ്പുവച്ചിരുന്നില്ല. 2005 ആയപ്പോഴേക്കും കാർഷിക ഉടമ്പടി മാത്രമല്ല, ആസിയാൻ കരാറും ഒപ്പുവച്ചു കഴിഞ്ഞിരുന്നു. ഇവ നമ്മുടെ കൃഷിയിലെ സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലേക്കു തള്ളിവിട്ടു. ഭക്ഷ്യവിളകൾ കൃഷി ഭൂമിയുടെ 16 ശതമാ നം മാത്രമാണല്ലോ. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി മൂലം നമ്മുടെ നാണ്യവിളകളുടെയെല്ലാം വില തകർന്നു. കാർഷിക രേഖയിൽ ഇതുസംബന്ധിച്ച് വിശദമായ പ്രതിപാദനം ഉണ്ടായിരുന്നു.
1961-–1987 കാലത്ത് കാർഷിക വളർച്ച ശരാശരി 1.25 ശതമാനം വീതമായിരു ന്നു. എന്നാൽ 1988-–1996 കാലത്ത് കാർഷിക വളർച്ചയുടെ വേഗത പ്രതിവർഷം 5.35 ശതമാനമായി ഉയർന്നു. ഭൂപരിഷ്കരണത്തെത്തുടർന്ന് സംഭവിച്ച ദീർഘകാല വിളകളിലേക്കുള്ള പരിവർത്തനം ഫലം നൽകിയതിനെ തുടർന്നാണ് ഈ കുതി പ്പുണ്ടായത്. എന്നാൽ 1996 മുതൽ വളർച്ച കുത്തനെയിടിഞ്ഞു. 1988-–2018 കാലത്ത് സംസ്ഥാന ജിഡിപി 6.71 ശതമാനം വീതം ഉയർന്നപ്പോൾ കാർഷിക വളർച്ച 1.30 ശതമാനം വീതം മാത്രമായിരുന്നു.
കാർഷിക മേഖലയിലെ സർക്കാർ മുതൽമുടക്ക് വർദ്ധിപ്പിക്കുക, ആദായകരമായ വില ഉറപ്പുവരുത്തുക, മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഉല്പാദനക്ഷമത ഉയർത്തുക, കാർഷിക സംസ്കരണത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ സമീപനങ്ങൾ ഉയർത്തപ്പെട്ടു. ജനകീയാസൂത്രണത്തിന്റെ അനുഭവങ്ങളും പഠന കോൺഗ്രസിന്റെ ചർച്ചകളിൽ പ്രതിഫലിക്കപ്പെട്ടു. മൂന്നുതരത്തിലുള്ള കാർഷിക സ്ഥാപനങ്ങളുടെ ആവശ്യകതയിലേക്ക് സമ്മേളനം വിരൽചൂണ്ടി.
ഒന്ന്, കാർഷിക കടം, വിപണനം, മറ്റു സേവനങ്ങൾ എന്നിവ പ്രദാനം ചെ യ്യുന്ന സഹകരണ സ്ഥാപനങ്ങൾ. രണ്ട്, കൃഷിയുമായി ബന്ധപ്പെട്ട ആസൂത്രണം, കാർഷിക മുറകൾ, ജല മാനേജ്മെന്റ്, സംസ്കരണം എന്നിവയ്ക്കു വേണ്ടിയുള്ള കർഷകരുടെ സംഘങ്ങൾ. മൂന്ന്, തൊഴിൽസേന, ലേബർ ബാങ്ക് എന്നൊക്കെ അറി യപ്പെടുന്ന കർഷകത്തൊഴിലാളികളെ ഊന്നിക്കൊണ്ടുള്ള സ്ഥാപനങ്ങൾ.
നെൽകൃഷി, പുരയിടകൃഷി, തോട്ടങ്ങൾ എന്നിങ്ങനെ മൂന്ന് മേഖലകളെയും വേർതിരിച്ചുകണ്ടുവേണം ഉചിതമായ നടപടികൾ ആവിഷ്കരിക്കേണ്ടത്. ഈ മൂന്ന് മേഖലകളെക്കുറിച്ചും പ്രത്യേകമായ സമ്മേളനങ്ങൾ ഉണ്ടായിരുന്നു.
മൂന്നാം കേരള പഠന കോൺഗ്രസ്
മൂന്നാമത് കേരള പഠന കോൺഗ്രസ് 2011 ജനുവരിയിലാണ് നടന്നത്. ആഗോ ളവൽക്കരണ നയങ്ങൾ കൂടുതൽ നിശിതവും സാർവ്വത്രികവുമായിത്തീർന്നു. പഠന കോൺഗ്രസിന്റെ കൃഷി സംബന്ധിച്ച രേഖയിൽ ഇത് ഇങ്ങനെയാണ് അടയാളപ്പെടു ത്തപ്പെട്ടത്: “അവശേഷിച്ച ഇറക്കുമതി നിയന്ത്രണങ്ങൾ കൂടി ഇന്ത്യ ഏർപ്പെട്ട പ്രാദേ ശിക സ്വതന്ത്ര വ്യാപാര കരാറുകളുടെ ഫലമായി ഒഴിവാക്കപ്പെട്ടു. ഇന്ത്യ- – ശ്രീലങ്ക, ഇന്ത്യ-– ആസിയാൻ തുടങ്ങിയ കരാറുകൾക്കുശേഷം ഇപ്പോൾ ഇന്ത്യയും യൂറോപ്യൻ സമൂഹവുമായുള്ള സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഇതിനു പുറമേയാണ് കരാർ കൃഷിക്കും ബഹുരാഷ്ട്ര വിത്തു കുത്തകകൾക്കും റീടെയിൽ ചെയിനുകൾക്കും അനുകൂലമായ നയംമാറ്റം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വായ്പാവിപണിയിൽ കൃഷി അനുബന്ധ മേഖലകൾക്കു നൽകിയിരുന്ന മുൻഗണന പിൻവലിച്ചതും യാദൃച്ഛികമല്ല. ഇതെല്ലാം തന്നെ കമ്പോളത്തേയും മത്സരത്തേയും കോർപ്പറേറ്റു മൂലധനതാല്പര്യങ്ങളേയും മുൻനിർത്തി തയ്യാറാ ക്കപ്പെട്ടിരിക്കുന്ന നിയോലിബറൽ വികസനതന്ത്രത്തിന്റെ ഫലപ്രാപ്തിയെയാണ് അടയാളപ്പെടുത്തുന്നത്. ലക്ഷക്കണക്കായ കൃഷിക്കാർ ആത്മഹത്യ ചെയ്തതും ഇപ്പോഴും ആത്മഹത്യകൾ തുടരുന്നതും ഇന്നത്തെ പോക്കിനെതിരായ കാർഷിക ഭാരതത്തിന്റെ നിശബ്ദ പ്രതിഷേധമായി കണക്കാക്കാവുന്നതാണ്.”
രണ്ടാം കേരള പഠന കോൺഗ്രസിൽ കാർഷിക പ്രതിസന്ധിയെക്കുറിച്ചു നടന്ന ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പിന്നീ ട് അധികാരത്തിൽവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പതിനൊ ന്നാം പദ്ധതിക്കു രൂപം കൊടുത്തത്. ഈ നയം മാറ്റം സംസ്ഥാന സർക്കാരിന് അധികാരമുള്ള കൃഷിയിലും അനുബന്ധ മേഖലകളിലും ആശാവഹമായ ചില മാറ്റങ്ങൾ വരുത്തി. അവ മുന്നോട്ടുകൊണ്ടു പോകണമെന്ന സമീപനമാണ് പഠന കോൺഗ്രസ് ഉയർത്തിയത്.
നിയോലിബറൽ നിലപാടുകൾക്കു വിരുദ്ധമായ കാർഷിക വികസനത്തിനു ഭരണകൂടം ഇടപെടലുകൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഈ സമീപനം അടി വരയിടുന്നു. കാർഷിക മേഖലയിലെ റെഗുലേറ്ററിയും പ്രോത്സാഹനപരവുമായ ഇടപെടലുകൾ, വിവിധ ഏജൻസികളുടെ പ്രാദേശികതല ഏകോപനം, കാർഷിക കൂട്ടായ്മകളുടെ പ്രാധാന്യം, കർഷകത്തൊഴിലാളി നൂതന സംവിധാനങ്ങൾ, ശാ സ്ത്രീയമായ കൃഷി രീതികൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു.
നാലാം കേരള പഠന കോൺഗ്രസ്
2016 ജനുവരിയിലാണ് നാലാം കേരള പഠന കോൺഗ്രസ് നടന്നത്. കേരളത്തിന്റെ കാർഷിക പ്രശ്നം സംബന്ധിച്ച് സമഗ്രമായ പ്രതിപാദനമായിരുന്നു ഈ കോൺഗ്രസിന്റെ പ്രത്യേകത. ചെറുകിട കൃഷിയിടങ്ങളിൽ കൂലിവേലയുടെ അടിസ്ഥാന ത്തിൽ വാണിജ്യപ്രധാനമായ വിളകളുടെ കൃഷിയാണ് കേരളത്തിന്റെ പ്രത്യേകത. തോട്ടവിളകളാണ് വൻകിട അടിസ്ഥാനത്തിലുള്ളവ. കൂലി വർദ്ധനവിനനുസൃതമായി ഉല്പാദനക്ഷമത ഉയർത്തുന്ന കാര്യത്തിൽ നമ്മൾ പരാജയപ്പെട്ടു. ഇത് തൊഴിൽ സാധ്യത കുറഞ്ഞ വിളകളിലേക്കുള്ള പരിവർത്തനത്തിലേക്കും ഭൂമി തരിശിടുന്നതിലേക്കും നയിച്ചു. ആഗോളവൽക്കരണ പരിഷ്കാരങ്ങളാവട്ടെ ഈ നാണ്യവിളകളെ അനാ ദായകരമാക്കിമാറ്റി. അതേസമയം, ഗൾഫ് കുടിയേറ്റത്തിന്റെയെല്ലാം ഫലമായി ഭൂമിവില ക്രമാതീതമായി ഉയരുകയാണ്. ഭൂമിയിൽ നിന്നുള്ള വരുമാനത്തേക്കാൾ ഭൂവിലയിൽ ഉണ്ടാകുന്ന വർദ്ധനയുടെ നേട്ടമാണ് ഭൂവുടമകളുടെ നോട്ടം. ഇത്തരത്തിലുള്ള സങ്കീർണ്ണാവസ്ഥയാണ് കേരളത്തിന്റെ കാർഷിക മേഖലയിലുള്ളത്.
ഈ വിഷമവൃത്തത്തിൽ നിന്ന് പുറത്തുകടക്കണമെങ്കിൽ വിളകളുടെ ഉല്പാദ നക്ഷമത ഗണ്യമായി ഉയർത്താനാവണം. ചെറുകിട കൃഷിയിടങ്ങളിലെ വിളകൾ സമാഹരിക്കുകയും കാർഷിക സംസ്കരണത്തിലൂടെ മൂല്യവർദ്ധന ശൃംഖലയുടെ മുകളിലേക്കു നീങ്ങാൻ കഴിയണം. ഇതിനാവശ്യമായ നൂതനസാങ്കേതികവിദ്യകൾ കാർഷിക മേഖലയിലാകെ ഉൾച്ചേർക്കപ്പെടണം. നീർത്തടാടിസ്ഥാനത്തിലുള്ള മണ്ണു ജല സംരക്ഷണവും പുതിയ കർഷകത്തൊഴിലാളി കൂട്ടായ്മകളും പ്രധാനമാണ്. നമ്മുടെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് വിലസ്ഥിരതയ്ക്കുവേണ്ടിയുള്ള നടപ ടികൾ ഉണ്ടാകണം. ഇതിനെല്ലാം ഉതകുന്നരീതിയിൽ കാർഷിക ഗവേഷണവും എക്സ്റ്റൻഷൻ പ്രവർത്തനവും ഉണ്ടാകണം.
മുകളിൽ പറഞ്ഞ സമീപനം ഏകീകൃതമായി സംസ്ഥാനം മുഴുവൻ നടപ്പിലാക്കാൻ കഴിയില്ല. കാർഷിക കാലാവസ്ഥാ മേഖലകളുടെ അടിസ്ഥാനത്തിൽ സമീപനങ്ങൾ കരുപ്പിടിപ്പിക്കണം. എങ്കിലും സ്വീകാര്യമായ ഒരു സമീപനം സംയോജിത ബഹു വിള കൃഷി സമ്പ്രദായമാണ്. വിലകളുടെ അസ്ഥിരതയുടെ കാലഘട്ടത്തിൽ ഇത് കൃഷിക്കാരുടെ വരുമാനത്തിനു കൂടുതൽ സുസ്ഥിരത നൽകും. പരസ്പരപൂരകമായ ബന്ധങ്ങൾകൊണ്ട് നേട്ടങ്ങൾ ഉണ്ടാകും. നെൽകൃഷി മേഖലയിൽ ഒൻപതുതരം സംയോജിത കൃഷിരീതികൾ നിർദ്ദേശിക്കപ്പെട്ടു. പുരയിടത്തിൽ വിവിധങ്ങളായ നാളികേരാധിഷ്ഠിത സംയോജിത കൃഷി സമ്പ്രദായങ്ങളും നിർദ്ദേശിക്കപ്പെട്ടു.
അഞ്ചാം കേരള പഠന കോൺഗ്രസ്
വിസ്തരഭയത്താൽ വിശദാംശങ്ങളിലേക്കു പോകുന്നില്ല. കഴിഞ്ഞ നാല് പഠന കോൺഗ്രസുകളിലൂടെ വളരെ സമഗ്രമായൊരു കാർഷിക സമീപനം ഉരുത്തിരി ഞ്ഞു വന്നിട്ടുണ്ട്. പക്ഷേ, പൊതുവിൽ കാർഷിക ഉല്പാദനക്ഷമതയിലും ഉല്പാദ നത്തിലും വർദ്ധനയുണ്ടായിട്ടില്ല. കേരളത്തിന്റെ വികസന മേഖലകൾ എടുത്താൽ ഏറ്റവും ദുർബലമായ മേഖലയാണ് അഞ്ചിലൊന്ന് ജനങ്ങൾക്കു മുഖ്യവരുമാനവും പകുതിയിലേറെ ആളുകൾക്ക് ഉപവരുമാനവുമായിട്ടുള്ള കാർഷിക മേഖല. എന്തുകൊണ്ട് ഈ സ്ഥിതിവിശേഷം എന്നതാണ് അഞ്ചാമത് കേരള പഠന കോൺഗ്രസി ന്റെ അനുബന്ധമായ തൃശ്ശൂരിൽ നടന്ന കാർഷിക സെമിനാർ പരിശോധിച്ചത്.
ആഗോളവൽക്കരണത്തോടൊപ്പം നമ്മുടെ കാർഷിക മേഖലയെ തുറിച്ചുനോ ക്കുന്ന മറ്റൊരപകടം കൃഷിയുടെമേൽ കോർപ്പറേറ്റ് ആഗ്രി ബിസിനസ് ആധിപത്യ മാണ്. ഇത്തരമൊരു നയമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. കാർഷിക നിയമങ്ങളിലെ പരിഷ്കാരവും കോർപ്പറേറ്റുകൾ വഴിയുള്ള വായ്പാ പദ്ധതിയും കരാർ കൃഷിയും ഇതിന് ഉദാഹരണങ്ങളാണ്. ഇവയ്ക്കെതിരായിട്ട് അതിശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയിലെ കൃഷിക്കാർ നടത്തുന്നത്. ഈ പ്രക്ഷോഭപരിപാ ടികളിൽ പങ്കുചേരുന്നതിനോടൊപ്പം കേരളത്തിന്റെ കാർഷിക മേഖലയിൽ ബദൽ നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതിന്റെ ചുമതല നമുക്കുണ്ട്.
സെമിനാറിന്റെ ആദ്യ ദിവസം താരതമ്യേന വിജയിച്ച നൂതന കാർഷിക സംരംഭങ്ങളും പരീക്ഷണങ്ങളുമാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഇവ ചെറുന്യൂനപക്ഷമാണ് എന്നതാണു വാസ്തവം. എങ്ങനെ ഈ നല്ല മാതൃകകളെ സംസ്ഥാന വ്യാപകമാക്കാനാകും? പുതിയ ശാസ്ത്ര-ഗവേഷണ-വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം തിരുത്തലുകളാണു വേണ്ടത് എന്നു തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മേഖലയിൽ ഗവേഷണ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന 200-ൽപ്പരംപേരാണ് രണ്ടാംദിവസം പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ♦