2023 മെയ് 23ന് കിഴക്കൻ ലണ്ടനിൽ ഭീമൻ എണ്ണ കമ്പനിയായ ഷെല്ലിന്റെ വാർഷിക പൊതുയോഗത്തിൽ അരങ്ങേറിയത് നാടകീയമായ സംഭവവികാസങ്ങളാണ്. ലോകമാകെ കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ, ദശലക്ഷക്കണക്കിന് വരുന്ന ബ്രിട്ടനിലെ ജനങ്ങൾ ഇന്ധന ദാരിദ്ര്യം നേരിടുന്ന ഘട്ടത്തിൽ റെക്കോർഡ് കണക്കിന് ലാഭം കുന്നുകൂട്ടുന്ന ഭീമൻ എണ്ണ കമ്പനിയായ ഷെല്ലിനെതിരെ (Shell) ഫോസിൽ ഫ്രീ ലണ്ടൻ (FFL), എക്സ്റ്റിങ്ഷൻ റബല്യൻ എന്നീ സംഘടനകൾ ചേർന്ന് നടത്തിയ പ്രതിഷേധമാണ് വാർഷിക പൊതുയോഗത്തെ കലുഷിതമാക്കിയത്. പ്രതിഷേധത്തെതുടർന്ന് ഒരു മണിക്കൂറിലേറെ സമയം പൊതുയോഗം നിർത്തിവയ്ക്കേണ്ടതായി വന്നു. പൊതുയോഗം നടക്കുന്ന ഹാളിൽ പെട്ടെന്നൊരു പ്രക്ഷോഭകൻ എഴുന്നേറ്റുനിന്ന് “ഷെൽ അടച്ചുപൂട്ടൂ” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് പ്രതിഷേധം തുടങ്ങുന്നത്. ജനങ്ങളുടെ പാർപ്പിടത്തിനും ജീവിതത്തിനും ജീവിതമാർഗങ്ങൾക്കും തടസ്സം സൃഷ്ടിച്ചുകൊണ്ട്, അവയെല്ലാം തന്നെ നശിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഷെല്ലിന് നമസ്കാരം, പോയി തുലയൂ എന്ന് ഉറക്കെ ഉറക്കെ അയാൾ വിളിച്ചുകൊണ്ടേയിരുന്നു. ഷെയർഹോൾഡർമാർ അയാളെ നിശബ്ദനാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും, ബോർഡ് അദ്ദേഹത്തോട് പറയാനുള്ളത് പറയാൻ പറഞ്ഞു. അയാളെ കേട്ടതിനുശേഷം ബോർഡിന്റെ ചെയർമാൻ Andrew Mackenzie അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പറഞ്ഞു, ഞങ്ങൾ നിങ്ങളുടെ പക്ഷം കേട്ടു, ഇനി നിങ്ങൾ ഇരിക്കൂ. പൊടുന്നനെ ഒരുകൂട്ടം പ്രക്ഷോഭകാരികൾ എഴുന്നേറ്റ്നിന്ന് ഉറക്കെ പാടുവാൻ തുടങ്ങി, “പോയി തുലയൂ ഷെൽ ഇനിയൊരിക്കലും തിരിച്ചു വരരുത്, ഒരിക്കലും തിരിച്ചു വരരുത്, ഒരിക്കലും ഒരിക്കലും”. പ്രക്ഷോഭകാരികളുടെ ആ സംഘം പാട്ടുപാടിക്കൊണ്ട് ബാനറുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നൃത്തചുവടുകൾ വയ്ക്കാൻ തുടങ്ങി. അപ്പോഴേക്കും അവരെ സെക്യൂരിറ്റി ഗാർഡുകൾ ബലമായി പിടിച്ചുകൊണ്ട് പുറത്തേക്ക് പോയി. പ്രക്ഷോഭകാരിയായ ഒരു സ്ത്രീ ബോർഡ് അംഗങ്ങൾ ഇരിക്കുന്ന സ്റ്റേജിലേക്ക് ചാടി കടക്കാൻ നോക്കിയപ്പോൾ സെക്യൂരിറ്റി അവരോട് പറഞ്ഞു, “ഒരു പെണ്ണായി പെരുമാറൂ” എന്ന്. അതിനോട് പ്രതികരിച്ചുകൊണ്ട്, “നിങ്ങളെന്നെ മുറിവേൽപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് അവർ വീണ്ടും വീണ്ടും ഉറക്കെ മുദ്രാവാക്യം വിളിച്ചു.
ഇന്ധനത്തിന്റെയും ഗ്യാസിന്റെയും ഉപഭോഗം ഭീകരമായ രീതിയിൽ കാലാവസ്ഥ പ്രതിസന്ധി ഉണ്ടാക്കുകയാണ്. പാക്കിസ്ഥാനിലെ മാരകമായ വെള്ളപ്പൊക്കത്തിൽനിന്നു തുടങ്ങി ബ്രിട്ടനിൽ അരങ്ങേറി കൊണ്ടിരിക്കുന്ന അസാധാരണമായ ഉഷ്ണതരംഗം വരെ അത് നീണ്ടുകിടക്കുന്നു. അപ്പോഴും ഈ ദുരിതങ്ങൾക്കുമേലും അതിന്റെ വരുമാനം ഇരട്ടിയാക്കുന്നതിനെക്കുറിച്ചാണ് ഊർജ്ജ കമ്പനികൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. ഫോസിൽ ഫ്രീ ലണ്ടൻ നേതാവായ ജോന്ന വാറിങ്ടൻ പറഞ്ഞു, “വീർപ്പുമുട്ടിക്കുന്ന, ഊതിപെരുപ്പിച്ച ഊർജ്ജബില്ലുകൾക്ക് കീഴിൽ ജനങ്ങൾ കഷ്ടപ്പെടുകയാണ്. അപ്പോഴും ഇന്ധന ദാരിദ്ര്യത്തിൽനിന്നും ഉക്രൈനിലെ യുദ്ധത്തിൽനിന്നും കോടാനുകോടിക്കണക്കിന് പൗണ്ടുകളുടെ ലാഭം കൊയ്തുകൊണ്ടേയിരിക്കുകയാണ് ഷെൽ. നമുക്ക് സുഗമമായ, സുരക്ഷിതമായ ഒരു കാലാവസ്ഥയും താങ്ങാൻ ആവുന്ന രീതിയിലുള്ള ഊർജ സാധ്യതയും വേണമെന്നുണ്ടെങ്കിൽ ഇത്തരം എണ്ണ-ഗ്യാസ് കമ്പനികളെ നമ്മൾ നിർത്തലാക്കണം. പീപ്പിൾസ് ഹെൽത്ത് ട്രിബ്യൂണൽ ഓഫ് ഷെൽ ആൻഡ് ടോട്ടലിന്റെ നേതാവായിട്ടുള്ള ഒസ്ബോൺ പറഞ്ഞു, ലോകത്താകമാനം മനുഷ്യാവകാശങ്ങളെയും പരിസ്ഥിതി അവകാശങ്ങളെയും ദുരുപയോഗം ചെയ്യുന്ന ഒരു കമ്പനിയാണ് ഷെൽ. ലോകത്തൊട്ടാകെയുള്ള സമൂഹങ്ങളോട് ഐക്യദാർഢ്യത്തോടുകൂടി നിന്നുകൊണ്ട് ഷെല്ലിന്റെ ആനുവൽ ജനറൽ മീറ്റിങ്ങിന് എതിരായ നടപടി എടുക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഇന്ന് ഇവിടെ പ്രതിഷേധിക്കുന്നത്. ആഫ്രിക്കയിലൂടനീളമുള്ള സമൂഹങ്ങളിലെ ആരോഗ്യത്തെയും ജീവിതമാർഗ്ഗത്തെയും ആവാസവ്യവസ്ഥയെതന്നെയും അത് നശിപ്പിച്ചിരിക്കുന്നു”.
കാലങ്ങളായി നീണ്ടുനിൽക്കുന്ന ഇന്ധന ദാരിദ്ര്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമൊക്കെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങളുടെ പ്രതിഷേധമാണ് ആ യോഗത്തിൽ കണ്ടത്. ലോകത്തൊട്ടാകെയുള്ള ഗവൺമെന്റുകളും ഭരണാധികാരികളും വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയങ്ങളാണ് അവർ ഉന്നയിച്ചത്. കാലാവസ്ഥ പ്രതിസന്ധിയെ തടുക്കുന്നതിനെകുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഏതൊരു ബ്രിട്ടീഷ് ഗവൺമെന്റും ആദ്യം ചെയ്യേണ്ടത് ഭീമൻ എണ്ണ കമ്പനിയായ ഷെല്ലിനെ പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുക എന്നതാണ്. ലാഭത്തിൽമാത്രം കണ്ണുനട്ടു മുന്നോട്ടുപോകുന്ന മുതലാളിത്ത ഉടമസ്ഥരുടെ കയ്യിലിരിക്കുന്നിടത്തോളം മറ്റെല്ലാ എണ്ണ കമ്പനികളെയുംപോലെ ഷെല്ലും പരിസ്ഥിതിക്ക് വലിയൊരു ഭീഷണിയായി മാറും. വമ്പൻ ഊർജ കോർപ്പറേഷനുകളുടെ സ്വകാര്യ ഉടമസ്ഥത അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഗൂഢതന്ത്രത്തിന്റെ ഭാഗമായി നിശബ്ദതമായിപോയ സാഹചര്യത്തിൽ ഇത്തരം ഒരു പ്രതിഷേധം ഏറ്റവും അനിവാര്യമായിരുന്നു. തൊഴിലാളികളെയും പ്രകൃതിവിഭവങ്ങളെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ആഗോള എണ്ണ കുത്തകകൾക്ക്, ഊർജ്ജ കമ്പനികൾക്കുള്ള താക്കീതായി ഈ പ്രക്ഷോഭം അടയാളപ്പെടുത്തപ്പെടുമെന്ന് ഉറപ്പാണ്. ♦