പണിമുടക്കുവാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തികൊണ്ടുള്ള ബില്ല് മുന്നോട്ടുവെച്ചുകൊണ്ട് അധ്വാനിക്കുന്ന ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് ബ്രിട്ടനിലെ ഗവൺമെന്റ്. സാമ്പത്തിക പ്രതിസന്ധിയുടെയും തത്ഫലമായി ഉണ്ടായ ജീവിതചെലവിലെ വർദ്ധനവിന്റെയും ഭാഗമായി ബ്രിട്ടനിൽ അനുദിനം വർദ്ധിച്ചുവരുന്ന തൊഴിലാളി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം എന്ന് വ്യക്തമാണ്. കഴിഞ്ഞ ആറുമാസകാലത്തിനിടയ്ക്ക് ബ്രിട്ടനിൽ നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, റെയിൽവേ തൊഴിലാളികൾ, പാരമെഡിക്കൽ തൊഴിലാളികൾ തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും പണിയെടുക്കുന്ന ജനവിഭാഗങ്ങൾ പണിമുടക്കുമായി മുന്നോട്ടുപോയിരുന്നു; ഇപ്പോഴും അവർ ശക്തമായ പ്രക്ഷോഭ സമരങ്ങളും പണിമുടക്കുകളും നടത്തിവരികയുമാണ്. ഈ സാഹചര്യത്തിലാണ് ടോറി പാർട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പണിമുടക്കുവാനുള്ള അവകാശത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊണ്ടുള്ള ബില്ല് മുന്നോട്ട് വച്ചിരിക്കുന്നത്.
മുതലാളിമാർക്കും, എന്തിന് മന്ത്രിമാർക്കും അടക്കം കൂടുതൽ അധികാരവും കരുത്തും നൽകുന്നതാണ് ഈ പുതിയ നിയമനിർമ്മാണം. തൊഴിലാളികളുടെ പിക്കറ്റ് ലൈൻ മറികടക്കാൻ വിസമ്മതിക്കുന്ന തൊഴിലാളികളെ പിരിച്ചുവിടാനും, ഗതാഗതവും വിദ്യാഭ്യാസവും അടക്കമുള്ള ആറു മേഖലകളിൽ പണിമുടക്ക് നടത്തുമ്പോൾ പോലും അനിർവചനീയമായ മിനിമം സർവീസ് ഉറപ്പാക്കുന്നതിനുമുള്ള അധികാരം ഇത് മുതലാളിമാർക്കും മന്ത്രിമാർക്കും നൽകുന്നു.
മുൻ ലേബർ പാർട്ടി നേതാവായ ജർമി കോർബിൻ താൻ ഇതിനെതിരായി വോട്ട് ചെയ്തുവെന്ന് ട്വിറ്ററിൽ പറയുന്നു. പണിമുടക്കുവാനുള്ള അവകാശം പ്രതിരോധിക്കുക എന്നത് ഏറ്റവും മിനിമം കാര്യമാണ് എന്നും അദ്ദേഹം പറയുന്നു. “തൊഴിലാളികൾക്ക് കൃത്യമായ ശമ്പളം വർദ്ധിപ്പിക്കുന്നതിനും നമ്മുടെ പൊതു മേഖലയെ സംരക്ഷിക്കുന്നതിനും രാജ്യത്ത് സ്വത്തുനികുതി അനിവാര്യമായി നടപ്പാക്കണം. നമ്മൾ ഒരു പ്രസ്ഥാനമാണ് നമ്മൾ എവിടേക്കും ഓടിപ്പോകാൻ പോകുന്നില്ല” ജറമി കോർബിൻ കൂട്ടിച്ചേർത്തു. ♦