ഭരണകക്ഷിയും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായ ന്യൂ ഡെമോക്രസിക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ല എന്നതും അതേസമയം രാജ്യത്തെ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികൾക്ക് നേട്ടമുണ്ടാക്കാനായി എന്നതുമാണ് 2023 മെയ് 21ന് ഗ്രീക്ക് പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ സവിശേഷത. നീണ്ട 10 വർഷത്തോളമായി രാജ്യത്ത് അധികാരത്തിലിരിക്കുന്ന തീവ്രവലതുപക്ഷ യാഥാസ്ഥിതിക പാർട്ടിയായ ന്യൂ ഡെമോക്രസി പാർട്ടിക്ക് 300 സീറ്റുകൾ ഉള്ള പാർലമെന്റിൽ ഇത്തവണ നേടാനായത് 146 സീറ്റുകളും 40% വോട്ടുമാണ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി നിൽക്കുമ്പോൾ തന്നെ പ്രധാനമന്ത്രി കിരിയാക്കോസ് മിത്സൊതാക്കിസ്സിന്റെ നേതൃത്വത്തിൽ മത്സരിച്ച ന്യൂ ഡെമോക്രസി പാർട്ടിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ 12 സീറ്റ് ഈ തിരഞ്ഞെടുപ്പിൽ കുറഞ്ഞു. അതേസമയം ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് (KKE) 26 സീറ്റുകൾ ഈ തിരഞ്ഞെടുപ്പിൽ നേടാൻ സാധിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ പതിനൊന്നു സീറ്റ് അധികം കൈവരിക്കാനായത് പാർട്ടിയുടെ ജനകീയതയിലുണ്ടായ വലിയ കുതിച്ചുകയറ്റമായി കാണാവുന്നതാണ്. രാജ്യത്തെ ലിബറൽ സോഷ്യലിസ്റ്റ് സഖ്യമായ പസോക്ക് – കിനാലിന് (PASOK-KINAL) 41 സീറ്റുകളാണ്, അതായത് 2013ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 19 സീറ്റ് അധികമാണ് നേടാൻ കഴിഞ്ഞത്. അതേസമയം രാജ്യത്തെ മുഖ്യപ്രതിപക്ഷമായ സിറിസ പാർട്ടിക്കും (Syriza) ഭരണകക്ഷിയെപ്പോലെതന്നെ 2013ലെ തിരഞ്ഞെടുപ്പിനേക്കാൾ സീറ്റുകൾ കുറവാണ് ഈ തിരഞ്ഞെടുപ്പിൽ. 71 സീറ്റുകളും 20% വോട്ടുമാണ് അലക്സിസ് സിപ്രസിന്റെ നേതൃത്വത്തിലുള്ള സിറിസ പാർട്ടിക്ക് ലഭിച്ചത്. വലതുപക്ഷ പാർട്ടിയായ ഗ്രീക്ക് സൊല്യൂഷന് (EL) 10 സീറ്റുകൾ അധികം,അതായത് 16 സീറ്റുകൾ ലഭിച്ചു. അതേസമയം യൂറോപ്പ്യൻ റിയലിസ്റ്റിക് ഡിസോബീഡിയൻസ് ഫ്രന്റിന് (MeRA 25) കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ 9 സീറ്റുകളും ഇത്തവണ നഷ്ടമാവുകയും ചെയ്തു. വോട്ടിംഗ് നിർബന്ധിതമായുള്ള ഗ്രീസിൽ മൊത്തം വോട്ടിംഗ് ശതമാനം 60.92 % ആയിരുന്നു. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനെക്കാൾ 3.14 ശതമാനം അധികമാണ്.
എന്നാൽ, ഇതുവരെ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ന്യു ഡെമോക്രസിപാർട്ടി മറ്റേതെങ്കിലുമൊരു കക്ഷിയുമായി സഖ്യത്തിൽ എത്താൻ തയ്യാറല്ല. നേരെമറിച്ച് കിരിയാക്കോസ് മിത്സൊതാക്കിസ് ജൂണിൽ മറ്റൊരു തിരഞ്ഞെടുപ്പ് നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഭരണം തുടരാൻ ആവശ്യമായ ഭൂരിപക്ഷം അതിൽ ലഭിക്കുമെന്നാണ് ന്യൂ ഡെമോക്രസി പാർട്ടി പ്രതീക്ഷിക്കുന്നത്. ഗ്രീസിലെ തിരഞ്ഞെടുപ്പ് സംവിധാനം അനുസരിച്ച് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാംവട്ടം തിരഞ്ഞെടുപ്പിൽ 3 പാർട്ടികളും ഗവൺമെൻറ് രൂപീകരിക്കുവാൻ തയ്യാറാവാതിരുന്നാൽ മറ്റൊരു രണ്ടാംവട്ട തിരഞ്ഞെടുപ്പ് കൂടി നടത്താം. ഈ തിരഞ്ഞെടുപ്പിൽ ആദ്യ വട്ട തിരഞ്ഞെടുപ്പിൽ മുൻനിരയിൽ നിൽക്കുന്ന പാർട്ടിക്ക് കുറച്ചുകൂടി അധികം വോട്ട് ലഭിക്കുമെന്ന് കരുതപ്പെടുന്നു.
ഗ്രീസിലെ മുൻനിര രാഷ്ട്രീയപാർട്ടികളോട് ജനങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള അസംതൃപ്തി നിലനിൽക്കുന്ന ഘട്ടത്തിലാണ് ഈ തിരഞ്ഞെടുപ്പ് അരങ്ങേറിയത്. കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ കിരിയാക്കോസ് മിത്സൊതാക്കിസ്സിന്റെ ഗവൺമെൻറ് രാജ്യത്തെ വിവിധ മേഖലകളിലെ, പ്രത്യേകിച്ചും ആരോഗ്യവും വിദ്യാഭ്യാസവും പോലെയുള്ള മേഖലകളിലെ, തൊഴിലാളികളുടെ അവകാശങ്ങൾക്കുനേരെ വലിയ രീതിയിലുള്ള കടന്നാക്രമണമാണ് നടത്തിയത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ട്രേഡ് യൂണിയനുകൾ നിരന്തരം പ്രക്ഷോഭങ്ങൾ നടത്തി. വിയോജിപ്പുകളെയും ഭിന്നസ്വരങ്ങളെയും, പ്രത്യേകിച്ചും സർവ്വകലാശാലകളിലെ, അടിച്ചമർത്താൻ ഗവൺമെൻറ് വലിയ രീതിയിലുള്ള ശ്രമങ്ങളാണ് നടത്തിയത്. ടെമ്പിയിൽ (Tempi) നടന്ന റെയിൽവേ ദുരന്തവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ന്യൂ ഡെമോക്രസി ഗവൺമെന്റിനോട് വലിയ രീതിയിലുള്ള രോഷം ഉയർന്നുവന്നു. ജനകീയ പ്രസ്ഥാനങ്ങളും രാജ്യത്തെ ഇടതുപക്ഷവും അത് ഗവൺമെന്റിന്റെ അവഗണനയും ചെലവ് ചുരുക്കലുംമൂലം ഉണ്ടായതാണ് എന്ന് ശക്തമായി വിമർശിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും വിമർശകരുടെയും ഫോണുകൾ ചോർത്തി എന്ന വാർത്ത പുറത്തുവന്നതോടുകൂടി ഭരണപക്ഷത്തിനെതിരായ വ്യാപകമായ രോഷം ആളിക്കത്തുകയുണ്ടായി. യൂറോപ്പ്യൻ യൂണിയന്റെ നയങ്ങൾ രാജ്യത്ത് നടപ്പാക്കുന്ന ന്യൂ ഡെമോക്രസി ഗവൺമെൻറ് ചെലവ്ചുരുക്കലും സ്വകാര്യവത്കരണവും സാമ്രാജ്യത്വ താല്പര്യങ്ങളും ശക്തിപ്പെടുത്തിക്കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിച്ചു.
യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ഐഎംഎഫ് എന്നീ മൂന്ന് ത്രയങ്ങളിലൂടെ അടിച്ചേൽപ്പിച്ചിരുന്ന നയങ്ങൾ ന്യൂ ഡെമോക്രസി ഗവൺമെൻറ് വളരെ രൂക്ഷമായി, വളരെ ശക്തമായി രാജ്യത്ത് നടപ്പാക്കാൻ തുടങ്ങിയതിനെ തുടർന്ന് രാജ്യത്ത് വലിയ വളർച്ച രേഖപ്പെടുത്തപ്പെട്ടുവെങ്കിലും തൊഴിലാളികളുടെ ദുരിതം വർദ്ധിച്ചുവന്നു. 30 ശതമാനം ഗ്രീക്ക് പൗരരും ദാരിദ്ര്യം അഥവാ സാമൂഹികമായ പുറന്തള്ളൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു. യൂറോപ്യൻ യൂണിയനിൽ അംഗമായിട്ടുള്ള രാജ്യങ്ങളിൽ ദാരിദ്ര്യ നിരക്കിന്റെ കാര്യത്തിൽ റൊമാനിയയും ബൾഗേറിയയും മാത്രമാണ് ഗ്രീസിനെക്കാൾ മുന്നിൽ നിൽക്കുന്നത്. 2007 മുതൽ തൊഴിലാളികളുടെ യഥാർത്ഥ വരുമാനം 25%ത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഈ ദുരിതങ്ങൾ എല്ലാം രാജ്യത്തെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഗവൺമെൻറ് ഉക്രൈൻ യുദ്ധത്തിൽ ആവേശകരമായ പങ്കാളിത്തം രേഖപ്പെടുത്തിയിരിക്കുകയാണ്. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഉക്രൈനിലേക്ക് ഗ്രീസ് ആയുധങ്ങളും പരിശീലനം നേടിയ സേനയെയും ടാങ്ക് ഓപ്പറേറ്റർമാരെയും അയക്കുകയുണ്ടായി. ഗ്രീസിലെ ജിഡിപിയുടെ 3.5% ചെലവഴിക്കുന്നത് പ്രതിരോധ മേഖലയിലാണ്. യുദ്ധത്തിലും അമേരിക്കൻ വിധേയത്വത്തിലും രാജ്യം കാണിക്കുന്ന ഈ വലിയ പങ്കാളിത്തത്തിനെതിരായി ട്രേഡ് യൂണിയനിസ്റ്റുകളും പുരോഗമന സംഘടനകളും പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നു. അതേസമയം ഗവൺമെന്റിനെതിരായ അസംതൃപ്തി മുതലെടുക്കുന്നതിൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമായ സിറിസ പരാജയപ്പെട്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ചേർന്ന് രാജ്യത്ത് തൊഴിലാളികളും ജനകീയ ശക്തികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളുടെയും ശക്തമായ പ്രവർത്തനങ്ങളുടെയും ഫലമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസിന്റെ ജനറൽ സെക്രട്ടറിദിമിട്രിസ് കൗട്സൗമ്പാസ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഒരു പ്രചോദനമാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഇത് വഴികാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും, ന്യൂ ഡെമോക്രസി പാർട്ടിയുടെയും സിറിസയുടെയും തീവ്ര വലതുപക്ഷ നിലപാടുകളിൽ ഗ്രീക്ക് ജനതയ്ക്ക് ഉണ്ടായ അസംതൃപ്തിയാണ് ഈ പാർലമെൻറ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ♦