Wednesday, October 9, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകൊൽക്കത്തയിൽ കുടിയേറ്റത്തൊഴിലാളികളുടെ സമരം

കൊൽക്കത്തയിൽ കുടിയേറ്റത്തൊഴിലാളികളുടെ സമരം

സന്ദീപ് ചക്രവർത്തി

ശ്ചിമബംഗാളിലെ വിവിധഭാഗങ്ങളിൽനിന്നുള്ള ദിവസവേതനക്കാരായ തൊഴിലാളികൾ കൊൽക്കത്തയിൽ ഒത്തുചേർന്ന് റാലിയും തുടർന്ന് ധർണയും നടത്തി. സിലിക്കോസിസ് രോഗ ത്തിനിരയായ തൊഴിലാളികളും അവരുടെ കുടുംബങ്ങളുമായിരുന്നു ഈ പ്രതിഷേധസമരത്തിൽ പങ്കെടുത്തത്. മിക്ക സ്ത്രീകളും അവരുടെ കുട്ടികളെയുമെടുത്ത് റാലിയിൽ അവസാനംവരെ നടന്നു, സർക്കാർ അടിയന്തരമായും സിലിക്കോസിസ് നയം നടപ്പാക്കണം എന്നതാണ് ഇവരുടെ ആവശ്യം. പൊടിയും കല്ലുചീളുകളും ശ്വാസകോശത്തിൽ അടിയുന്നതുമൂലമുണ്ടാകുന്ന രോഗമാണ് സിലിക്കോസിസ്.

രാജസ്ഥാനിലും ഹരിയാനയിലും ആയിരക്കണക്കിന് സിലിക്കോസിസ് രോഗികളെ കണ്ടെത്തിയപ്പോൾ ബംഗാളിൽ ഇത് വെറും 53 എണ്ണം മാത്രമാണ്.

സിലിക്കോസിസിനും മറ്റ് തൊഴിൽജന്യ രോഗങ്ങൾക്കുമെതിരായ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഉന്നതാധികാര പ്രതിനിധി സംഘത്തിൽ പശ്ചിമബംഗവിഗ്യാൻ മഞ്ച്. സി.ഐ.ടി.യു, മറ്റ് തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. സിലിക്കോസിസ് ബാധിതനായ റെജ്ജക് മണ്ഡൽ എന്ന തൊഴിലാളിയോടൊപ്പം സംഘടനയുടെ പ്രതിനിധികളും ചേർന്ന് പശ്ചിമബംഗാൾ തൊഴിൽവകുപ്പ് അഡീഷണൽ സെക്രട്ടറിയ്ക്ക് നിവേദനം സമർപ്പിച്ചു. സിലിക്കോസിസ് രോഗം ഗുരുതരാവസ്ഥയിലെത്തിയ ബങ്കിം മണ്ഡലിന്റെ രണ്ട് ആൺമക്കളും രോഗബാധിതരാണ്. സിലിക്കോസിസ് രോഗം ബാധിച്ചവരെ പശ്ചിമബംഗാൾ ഗവൺമെന്റ് അങ്ങേയറ്റം മോശം രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന് റാലിയിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു.

2008‐-2012 മുതൽ ഗോൾ സാഹോ ഗ്രാമത്തിലെ ചെറുപ്പക്കാർ കുടിയേറ്റത്തൊഴിലാളികളായി പാറപൊട്ടിക്കൽ പണിക്ക് പോയിരുന്നു. മറ്റുചിലർ നോർത്ത് 24 പർഗാനയിലെ മിനാല ബ്ലോക്കിലെ ബിർഭും പാറഖനികളിലും പണിയെടുത്തിരുന്നു. കുടിയേറ്റത്തൊഴിലാളികളായ ഇവരുടെ ജീവിതം അന്നുമുതൽ ദുരിതപൂർണമായിത്തീർന്നു. കൃഷിചെയ്യാൻ സ്വന്തമായി ഒരു തുണ്ടുഭൂമി പോലും ഇല്ലാത്ത ഇവർ അസൻസോളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും തൊഴിൽ ചെയ്യാൻ പോയി. പാറപൊട്ടിക്കൽ യൂണിറ്റുകളിൽ അസൻസോളിലെ ഭീറിംഗിയിൽ അന്തരീക്ഷവായു അതിരൂക്ഷമാം വിധം മലിനമായതുമൂലം സിലിക്കോസിസ് മൂലം അവരുടെ ശ്വാസകോശം ചുരുങ്ങിയതായി കണ്ടെത്തിയ സാഹചര്യത്തിൽ 2012 ആയപ്പോഴേക്കും തൊഴിലാളികൾ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങി. സിലിക്കോസിസുമായി ബന്ധപ്പെട്ട ഗോൾ സഹോയിൽ മാത്രം ഇക്കഴിഞ്ഞ വർഷങ്ങളിൽ 30 മരണമുണ്ടായി.

പശ്ചിമബംഗാൾ ഗവൺമെന്റിന്റെ ചട്ടമനുസരിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികൾക്കു മാത്രമേ സൗജന്യമായി ഓക്സിജൻ സപ്ലൈ അനുവദിച്ചിട്ടുള്ളൂ. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ഓക്സിജൻ ഉപകരണം സ്വന്തം ചെലവിൽ സജ്ജീകരിക്കണം. 12 മണിക്കൂർ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഒരു ഓക്സിജൻ സിലിണ്ടറിന്റെ വില 700 രൂപയാണ്. സിലിക്കോ സിസ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ നിലവിലെ ചട്ടം അനുസരിച്ച് ഓക്സിജൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സാച്ചെലവുകൾക്ക് പരമാവധി 2 ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. ബങ്കിം മണ്ഡൽ ഉൾപ്പെടെ പന്ത്രണ്ട് രോഗികളുടെ നില ഗുരുതരമാണ്.

സിലിക്കോസിസ് രോഗികൾക്ക് ഉപജീവനത്തിനായി പ്രതിമാസം 4000 രൂപ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കടലാസിൽ മാത്രം ഒതുങ്ങി. ഒരു സിലിക്കോസിസ് രോഗിക്കുപോലും പ്രതിമാസ പെൻഷനോ നഷ്ടപരിഹാരമോ മരണപ്പെട്ട സിലിക്കോസിസ് രോഗികളുടെ പെൺമക്കൾക്ക് വിവാഹ സഹായധനമോ നൽകിയിട്ടില്ല.

പണിയെടുക്കുന്ന തൊഴിലാളികൾ രാജ്യത്തെ പ്രധാന നിയമങ്ങളായ ഫാക്ടറീസ് ആക്ട് 1948, മൈൻസ് ആക്ട് 1952 എന്നിവയുടെ പരിധിയിൽ വരുന്നു. ഇതാകട്ടെ മെച്ചപ്പെട്ട സാഹചര്യത്തിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്. മലിനമായ സാഹചര്യത്തിൽ പണിയെടുക്കുന്നവർക്ക് പ്രത്യേക സംരക്ഷണം ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല.

തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ റെഗുലേഷൻ ഓഫ് എംപ്ലോയ്മെന്റ് ആന്റ് കണ്ടിഷൻ ഓഫ് സർവീസ് ആക്ട് 1996, തൊഴിൽ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള മറ്റ് രണ്ട് നിയമങ്ങളായ എംപ്ലോയി കോമ്പൻസേഷൻ ആക്ട് 1923, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് 1948 എന്നിവയും നിലവിലുണ്ട്. എന്നാൽ സിലിക്കോസിസ് രോഗികൾ ഇതിന്റെ പരിധിയിൽ വരുന്നില്ല.

ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദേശപ്രകാരം ഹരിയാന 2017-ലും രാജസ്ഥാൻ 2019-ലും പശ്ചിമബംഗാൾ 2022-ലും സിലിക്കോസിസ് രോഗികൾക്കുള്ള നഷ്ടപരിഹാരം കണക്കാക്കി ഒരു നിയമമുണ്ടാക്കി. സിലിക്കോസിസ് രോഗം ബാധിച്ച ഒരാളെ സിലിക്കോസിസ് രോഗിയായി പ്രഖ്യാപിക്കുന്ന പ്രക്രിയ നിർവഹിക്കേണ്ടത് മെഡിക്കൽ ബോർഡ് ചേർന്നാണ്. സിലിക്കോസിസ് രോഗിയുടെ പരിശോധനയ്ക്കുശേഷം അവരുടെ എക്സ്റേയുൾപ്പെടെയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് കൈവശംവയ്ക്കുന്നു. ഇത്തരം വിവരങ്ങൾ രോഗിക്ക് കൈമാറുകയില്ല. അപ്പീൽ ക്ലോസ് പ്രകാരമുള്ള വ്യവസ്ഥകൾ പോലും സർക്കാർ കണക്കിലെടുക്കുന്നില്ല.

ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്കിന് (AIPSN) കീഴിലുള്ള പശ്ചിമബംഗാൾ വിഗ്യാൻമഞ്ചിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം 10 ദശലക്ഷം സിലിക്കോസിസ് രോഗികളുണ്ട്. 330-ലധികം ക്വാറികളുള്ള രാജസ്ഥാനിൽ ഇതുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തിലധികം രോഗികളുണ്ട്. അതിൽ 28000 പേരിൽ സിലിക്കോസിസ് രോഗികളെന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജസ്ഥാനിൽ, മരണപ്പെട്ട സിലിക്കോസിസ് രോഗിയുടെ അനന്തരാവകാശിക്ക് 2 ലക്ഷം രൂപയും രോഗിക്ക് 4 ലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും എന്നതാണ് നയം. പശ്ചിമബംഗാളിൽ മരണപ്പെട്ട രോഗികളുടെ അനന്തരാവകാശിക്ക് 4 ലക്ഷം രൂപ. രോഗം നിർണയിച്ചാൽ 2 ലക്ഷം രൂപ രോഗിക്ക് ലഭിക്കും. രാജസ്ഥാനിലും ഹരിയാനയിലും പെൻഷന് വ്യവസ്ഥയുണ്ട്. പശ്ചിമബംഗാളിൽ നഷ്ടപരിഹാരമല്ലാതെ പെൻഷനില്ല. മാത്രമല്ല സിലിക്കോസിസ് രോഗികളെ കണ്ടത്താനുള്ള പരിശോധനകൾ സർക്കാർ നടത്തുന്നുമില്ല. തൽഫലമായി 53 രോഗികളെ സർക്കാരിന്റെ കണക്കിലുള്ളൂ.

ഗോൾഡഹോ മേഖലയിൽ പശ്ചിമബംഗ വിഗ്യാൻ മഞ്ച് തയ്യാറാക്കിയ പട്ടിക പ്രകാരം കല്ല് പൊടിക്കുന്ന യൂണിറ്റുകളിൽ ജോലിക്കുപോയി സിലിക്കോസിസ് ബാധിച്ച് ആരോഗ്യം നശിച്ച 180 ലേറെ പേരുണ്ട്.

ഒരു സംസ്ഥാനവും സിലിക്കോസിസ് രോഗികളെ കണ്ടെത്തുന്ന കാര്യത്തിൽ ശുഷ്കാന്തി കാണിക്കുന്നില്ല. പശ്ചിമബംഗാളിൽ സ്ഥിതി ദയനീയമാണ്. രോഗികളായി പ്രഖ്യാപിക്കപ്പെട്ടവർക്കുള്ള നഷ്ടപരിഹാരമോ മരണപ്പെട്ടവരുടെ അനന്തരാവകാശികൾക്കുള്ള നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല.

ബംഗാളിലെ പാറപൊട്ടിക്കൽ യൂണിറ്റുകൾക്കു സമീപം താമസിക്കുന്ന, രോഗികളായിത്തീർന്ന നിരവധിപേർ ഈ നിയമ സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. രോഗികളെ കണ്ടെത്തൽ, രോഗം തടയൽ, രോഗംനിയന്ത്രണം, പുനരധിവാസം എന്നിവയെക്കുറിച്ചെല്ലാം വാചകമടി മാത്രമേയുള്ളൂ.

ചില പ്രത്യേക സ്ഥലങ്ങളിൽ മാത്രം രോഗികളെ കണ്ടെത്തി, ബാക്കി സ്ഥലങ്ങളെയെല്ലാം ഒഴിവാക്കിയിരിക്കുന്നു. പരിശോധനകൾ പോലും വിശ്വസനീയമായതലത്തിലേക്ക് എത്തിയിട്ടില്ല. ഐ.ഇ.സി പ്രോഗ്രാം (ഇൻഫർമേഷൻ, എഡ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ ടു ദി സൊസൈറ്റി) നടത്തിയിട്ടില്ല. പൊടിമൂലം മലിനീകരണമുണ്ടാകുന്ന പ്രദേശങ്ങളിൽ ക്രഷർ യൂണിറ്റുകളിൽ മാറ്റം വരുത്തുകയോ സാങ്കേതികരീതിയിൽ മെച്ചപ്പെടുത്തലോ ഉണ്ടായിട്ടില്ല. കാലാനുസൃതമായ ആരോഗ്യപരിശോധനകളോ സുരക്ഷാസംവിധാനങ്ങളോ നിലവിലില്ല. ഭൂരിഭാഗം ക്രഷർ യൂണിറ്റുകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. സിലിക്കോസിസ് രോഗികൾക്കുള്ള 4000 രൂപ പ്രതിമാസ പെൻഷനോ മരണപ്പെട്ട രോഗികളുടെ അവകാശിക്കു ലഭിക്കേണ്ട 3500 രൂപയോ നൽകിയിട്ടില്ലെന്നു മാത്രമല്ല പുനരധിവാസപ്രവർത്തനം പോലും മമത സർക്കാർ നടത്തുന്നില്ല.

ഇതിനെതിരെയാണ് സിലിക്കോസിസ് രോഗികളായ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ ഇടതുപക്ഷസംഘടനകളുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ റാലിയും ധർണയും നടത്തിയത്. വരുംനാളുകളിൽ പ്രതിഷേധം ഇനിയും ശക്തമാകും.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular