മലബാർ മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള നാടൻകലകളിൽവെച്ച് ഏറെ ആകർഷകമായ ഒരിനമാണ് കോൽക്കളി. തികച്ചും കേരളീയമെന്ന് വിശേഷിപ്പിക്കാവുന്ന ആയോധനകലയാണിത്. ഹരിജനങ്ങൾക്കിടയിലും നായർ സമുദായക്കാർക്കിടയിലും പ്രാചീനകാലം മുതൽക്കുതന്നെ കോൽക്കളി പ്രചാരത്തിലുണ്ടായിരുന്നു. ‘രാജസൂയം’ എന്ന പേരിലാണ് നായന്മാർക്കിടയിലെ കോൽക്കളി അറിയപ്പെട്ടിരിന്നത്. പേരിലും വേഷത്തിലും അവതരണത്തിലും ഭിന്നസമുദായങ്ങൾക്കിടയിലെ കോൽക്കളികൾക്ക് വ്യത്യാസങ്ങളുണ്ട്. പരന്പരാഗതമായി ഇവിടെ നിലനിന്നിരുന്ന കോൽക്കളിക്ക് ചില മാറ്റങ്ങൾ വരുത്തി മാപ്പിളമാർ തങ്ങളുടേതായ ഒരു ശൈലി രൂപപ്പെടുത്തുകയായിരുന്നു. മാപ്പിളക്കലകളിൽ ഏറെ ആകർഷകമായ ഒരിനമാണ് കോൽക്കളി. ഇന്ത്യയുടെ ദേശീയാഘോഷങ്ങളിൽപോലും ഇടംനേടിയ മാപ്പിള കോൽക്കളി ഏറെ ജനശ്രദ്ധയാകർഷിച്ച ഒരു കലയാണ്.
സംഘത്തലവനായ കുരിക്കളുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടുകളോ നാടൻപാട്ടുകളോ ആലപിച്ച് വീരരസം തുളുന്പുന്ന വായ്‌ത്താരികൾ ഉരുവിട്ട് ചാഞ്ഞും ചരിഞ്ഞും അകംപുറം മാറിയും മുന്നോട്ടും പിന്നോട്ടും ചടുല ചലനങ്ങളോടെ കോലടിച്ച് കളിക്കുന്ന ഒരു കലയാണ് കോൽക്കളി. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ഉടലെടുത്ത ഒരു നാടൻകലയാണിത്. ഈ കലാരൂപം തികച്ചും പ്രാദേശികമാണ്. തലശ്ശേരിയിലും കോഴിക്കോട്ടും പൊന്നാനിയിലും അവതരിപ്പിക്കുന്ന ശൈലികളിൽ ചെറിയ വ്യത്യാസങ്ങൾ കാണാം. കളികളുടെ പേര്, താളക്രമം, വായ്‌ത്താരി എന്നിവ ഏകരൂപത്തിലാകണമെന്നില്ല. എല്ലാ പ്രദേശങ്ങളിലെ കളികളും കോൽക്കളിതന്നെയാണ്. കാരണം കളികളുടെ പ്രധാന ഘടകങ്ങളിലെല്ലാം ഏകീകരണം കാണാവുന്നതാണ്.
കോൽക്കളി വടക്കൻ ശൈലി, തെക്കൻ ശൈലി എന്നിങ്ങനെ രണ്ടായി തരംതിരിച്ചു കാണുന്നുണ്ട്. വടക്കൻ ശൈലിയിൽ കോലടി നാല് മാത്രകൾ ഉൾക്കൊള്ളുന്ന താളക്രമമാണ്. തെക്കൻ ശൈലിയിൽ മൂന്ന് മാത്രകളും. ആദ്യത്തേതിൽ മൂന്ന് പ്രാവശ്യം തന്റെ കോലിൽ തന്നെ മുട്ടി (പിണ) നാലാമത്തേത് തുണയുടെ കോലിൽ അടിക്കുന്ന രീതിയാണ്. അതായത് 1.2.3.4 എന്ന താളത്തിൽ. എന്നാൽ തെക്കൻ ശൈലിയിൽ രണ്ട് പിണയും മൂന്നാമത്തേത് തുണയുടെ കോലിൽ അടിക്കലുമാണ്. അതായത് 1.2.3‐1.2.3 താളത്തിൽ.
കോൽക്കളിക്ക് ഉപയോഗിക്കുന്ന കോലുകൾ മൂപ്പെത്തിയ പനയുടെയോ കവുങ്ങിന്റെയോ തടികൊണ്ടാണ് നിർമിക്കുന്നത്. കൈപ്പിടിയുടെ താഴെ ചിലന്പുകൾ നിൽക്കത്തക്ക രൂപത്തിലാണ് കോലുകൾ ഉണ്ടാക്കുക. പിടിക്കുന്ന ഭാഗത്തുനിന്ന് എതിരഗ്രത്തിലേക്ക് വരുംതോറും വണ്ണം കുറഞ്ഞിരിക്കും. പതിനാറ് പേരാണ് ഒരു കോൽക്കളിസംഘത്തിൽ വേണ്ടത്. എട്ടോ പത്തോ പന്ത്രണ്ടോ പേരടങ്ങുന്ന സംഘങ്ങൾക്കും കളിക്കാമെങ്കിലും എല്ലാ അടക്കങ്ങളും കളിക്കണമെങ്കിൽ പതിനാറുപേർ വേണം. കാരണം എട്ടുപേരുടെ രണ്ട് ഗ്രൂപ്പുകളായും നാലുപേരുടെ നാല് ഗ്രൂപ്പുകളായും തിരിഞ്ഞുള്ള കളികൾ കോൽക്കളിയിലുണ്ട്.
മാപ്പിള കോൽക്കളിയിൽ വ്യത്യസ്‌ത ശൈലികളുണ്ട്. ‘താളക്കളി’ എന്ന പേരിൽ ഒരു ശൈലി അറിയപ്പെടുന്നു. മുന്പുകാലത്ത് തീരപ്രദേശങ്ങളലാണ് ഈ രീതി അധികമായും കാണപ്പെട്ടിരുന്നത്. മറ്റൊരു ശൈലി ‘കുരിക്കളും കുട്ടികളും’ എന്ന പേരിൽ ഉള്ളതാണ്. ഏറെ പ്രചാരത്തിലുള്ളത് താളക്കളികളാണ്. ആവേശവും ഉണർവും നൽകുന്ന താളവട്ടം വായ്‌ത്താരികളും ശീഘ്രചലനങ്ങളും ഈ കളികളുടെ പ്രത്യേകതകളാണ്.
താളക്കളിയിൽ ഭിന്നമായ ഘട്ടങ്ങളുണ്ട്. ഓരോന്നിനും അടക്കം എന്നാണ് പറയുക. ഓരോ ഘട്ടത്തിനും തുടക്കത്താള വായ്‌ത്താരിയും അടക്കത്താള വായ്‌ത്താരിയുമുണ്ട്. വായ്‌ത്താരികളെല്ലാം ഗുരുവായ കുരിക്കൾ (ഗുരുക്കൾ) പറയും. വായ്‌ത്താരികൾ കുരിക്കളുടെ ആജ്ഞകളാണ്. വായ്‌ത്താരികൾക്കനുസൃതമായിട്ടാണ് കളിക്കുക.
വായ്‌ത്താരികളുടെ വ്യത്യാസമനുസരിച്ച് ചെറുകളി, ചെറിയതാളം കളി, വലിയതാളം കളി, ചെറിയ ഒഴിച്ചളിമുട്ട്, വലിയ ഒഴിച്ചളിമുട്ട്, മൂന്നടിനേരെ മാറ്, അണ്‌ക്കളി എന്നിങ്ങനെയുള്ള അടക്കങ്ങളാണ് കളിയിൽ. വട്ടത്തിൽ നിന്നുകൊണ്ടുള്ള പാട്ടോടുകൂടിയാണ് ഓരോ അടക്കവും ആരംഭിക്കുന്നത്. തലവൻ പാടിക്കൊടുക്കുന്നത് 1, 2, 3,‐1, 2, 3 താളത്തിൽ കോലടിച്ച് കളിക്കാർ ഏറ്റുപാടും. പാട്ടിനൊടുവിൽ പല്ലവി ആവർത്തിക്കുമ്പോൾ വേഗത്തിൽ മുട്ടിക്കൊണ്ട് നിർത്തും. ഇതോടെ ഒരു അടക്കത്തിന്റെ തുടക്കമായി. ഓരോ അടക്കം അവസാനിക്കുമ്പോഴും വട്ടപ്പാട്ട് ആവർത്തിക്കപ്പെടും.
‘തകൃതത്തകൃതാ തകൃതാമില്ലത്തൈ’ എന്ന തുടക്കത്താളം കുരിക്കൾ ഉരുവിടുമ്പോൾ വട്ടത്തിൽ ഇടവലം നിൽക്കുന്ന കളിക്കാരുമായി തെറ്റുകോൽ മറുകോൽ കളിച്ചുകൊണ്ടോ തുണകളായി ഉള്ളും പുറവും നിന്ന് മിന്‌ക്കളി കളിച്ചുകൊണ്ടോ ആണ് ഓരോ അടക്കവും തുടങ്ങുക. തുടക്കത്താളത്തോടുകൂടി പുറത്തടിയും മൂന്നോ നാലോ ചാഞ്ഞടികളുമാണ് ചെറുകളിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്.
‘കബാത്ത്’ എന്ന് ചെറുകളിയിലെ ഒരിനമാണ്. ഇതിൽ പതിനാറംഗസംഘം എട്ടുപേരടങ്ങുന്ന രണ്ട് വട്ടമായി കളിക്കുന്നു. നാല് വരികളായി നാലുപേരടങ്ങുന്ന സംഘങ്ങൾ അന്യോന്യം കോർത്തപോലെ ചലിക്കുന്നു. ചെറിയതാളം കളിയുടെയും വലിയതാളം കളിയുടെയും വ്യത്യാസം വായ്‌ത്താരികളുടെ ദൈർഘ്യമനുസരിച്ചാണ്. ഇതുപോലെയുള്ള വ്യത്യാസങ്ങൾ ചെറിയ ഒഴിച്ചളിമുട്ട്, വലിയ ഒഴിച്ചളിമുട്ട് മുതലായ മറ്റു കളികളിലും പ്രകടമാണ്. താളവട്ട വായ്‌ത്താരികളുടെ വ്യത്യാസമനുസരിച്ചാണ് അടക്കങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. ഏറ്റവും വേഗത കൂടിയ ചലനങ്ങളാണ് ഒഴിച്ചളിമുട്ടിൽ വേണ്ടത്. കളിയുടെ ചലനങ്ങൾ മാറുന്നതിനുമുന്പ് കുരിക്കൾ ‘ഓർമ’ എന്നു പറഞ്ഞ് കളിക്കാരുടെ ശ്രദ്ധ തിരിക്കുക പതിവാണ്.
വായ്‌ത്താരികൾ ഒന്നിച്ച് പറയുന്ന സന്ദർഭങ്ങളൊഴിച്ച് മറ്റെല്ലാ അവസരത്തിലും പാട്ടുകൾ പാടണം. ഉയർന്ന ശബ്ദത്തിൽ ആലപിക്കണം. എങ്കിൽ മാത്രമേ കോലിന്റെയും ചിലന്പിന്റെയും ശബ്ദത്തിനൊപ്പം പാട്ട് കേൾക്കുകയുള്ളൂ. മഹാകവി മോയീൻകുട്ടി വൈദ്യരുടെ രചനകളും നാടൻപാട്ടുകളും കെസ്സുപാട്ടുകളും കോൽക്കളിയിൽ പാടാം. പാട്ടിന്റെ തനിമയുടെ രീതിയും പരിഗണിക്കണം. ശ്രുതിമധുരമായ ആലാപനം കളിയെ ആകർഷകമാക്കും. കോലടി ഏകശബ്ദത്തിൽ കേൾക്കണം. ചലനങ്ങൾ സമദൂരത്തിലാകണം. ഒരു ആയോധനകല ആയതിനാൽ ചടുലമായ ചലനങ്ങൾ അനിവാര്യമാണ്. മെയ്‌വഴക്കത്തോടെ അവതരിപ്പിക്കണം.
മുന്പുകാലത്തൊക്കെ കോൽക്കളി കളിക്കുന്നതിനിടയിൽ കളിക്കാർ ഇരുന്ന് കോലുകൾ നിലത്തുവെച്ച് കൈമുട്ടിപ്പാടാറുണ്ടായിരുന്നു. കോൽക്കളിയിലെ ഒപ്പന എന്നാണിതിന് പറഞ്ഞിരുന്ന പേര്. വിവാഹം, കാതുകുത്ത്, ചേലാകർമം പോലെയുള്ള ഗാർഹികാഘോഷ വേളകളിൽ അവതരിപ്പിക്കുമ്പോഴായിരുന്നു കൈകൊട്ടിക്കളി സാധാരണയായി കണ്ടുവന്നിരുന്നത്. മുന്പുകാലത്ത് നടന്നിരുന്ന നേർച്ചകളിൽ പെട്ടിവരവിന് കോൽക്കളിസംഘം നടന്നുകൊണ്ട് കോലടിക്കുകയും സ്ഥലത്തെത്തിക്കഴിഞ്ഞാൽ നിന്ന് ദീർഘനേരം കളിക്കുകയും പതിവായിരുന്നു.
സ്‌കൂൾ, കോളേജ് കലോത്സവങ്ങളിൽ മാപ്പിള കോൽക്കളി ഒരു മത്സര ഇനമാണ്. പന്ത്രണ്ട് പേർ പത്ത് മിനിട്ടിൽ കളിച്ച് അവസാനിപ്പിക്കണമെന്നാണ് മത്സരനിയമങ്ങൾ അനുശാസിക്കുന്നത്. അതിനാൽ കളി പൂർണരൂപത്തിൽ അവതരിപ്പിക്കുവാൻ കഴിയാതെവരുന്നു. മറ്റു വേദികളിൽ വളരെ അപൂർവമായി മാത്രമേ കോൽക്കളി കാണാറുള്ളൂ.
കോൽക്കളിയിൽ പ്രാദേശികമായി പല വ്യത്യാസങ്ങളും കാണാം. മൊത്തത്തിലുള്ള ഒരു വിവരണം മാത്രമാണ് ഈ ലേഖനത്തിൽ. പരിമിതികളുണ്ടെങ്കിലും കലോത്സവവേദികളിൽ തനിമയും പഴമയും നിലനിർത്തിക്കൊണ്ട് കോൽക്കളി അവതരിപ്പിച്ചു കാണുന്നുണ്ട് എന്നത് ഏറെ സന്തോഷകരമാണ്. ♦