Friday, November 22, 2024

ad

Homeചിത്രകലകൂസലില്ലായ്മയുടെ പെൺലോകങ്ങൾ

കൂസലില്ലായ്മയുടെ പെൺലോകങ്ങൾ

ഇന്ദുലേഖ കെ എസ്

ത്രമേൽ വഴിമാറി നടന്നാലും തന്നിലേക്കു തന്നെ വലിച്ചടുപ്പിക്കുന്ന ചില ഊർജ്ജങ്ങളുണ്ട് ടി കെ പത്മിനിയുടെ ചിത്രങ്ങൾക്ക്. വിട്ടുപോകാൻ അനുവദിക്കാത്തവിധം അവ നമ്മെ ചിത്രപ്രതലത്തിൽ കുരുക്കിയിടുന്നു. ‘കാല’ത്തിന്റെ വിനിമയസീമകൾക്കു പുറത്തേക്കു സഞ്ചരിക്കുന്ന അനുഭവബന്ധങ്ങളാണ് പത്മിനിയുടെ ചിത്രങ്ങളെ ജീവസ്സുറ്റതാക്കുന്നത്. ഓരോ നോട്ടത്തിലും ലഭിക്കുന്ന പുതിയ കാഴ്ചകൾ വീണ്ടുംവീണ്ടും പത്മിനിയിലേക്കു തന്നെ തിരിച്ചുചെല്ലാനുള്ള കാരണമായിത്തീരുന്നുമുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമരം ഉച്ചസ്ഥായിയിലെത്തി നിൽക്കുന്ന 1940-കളിലാണ് ടി കെ പത്മിനിയുടെ ജനനം. വെറും ഇരുപത്തിയൊന്പതു വർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു അതുല്യപ്രതിഭ. 1969 മെയിൽ പ്രസവസംബന്ധമായ അസുഖത്തെത്തുടർന്നു മരണത്തിനു കീഴടങ്ങുമ്പോൾ പത്മിനിയുടെ കലാജീവിതം കൗമാരം പിന്നിട്ടിരുന്നില്ല. സ്ത്രീജീവിതത്തിന്റെ അതിരുകളെ പുനർവിഭാവനം ചെയ്ത പത്മിനിച്ചിത്രങ്ങൾ വിമോചനത്തിന്റെ പുതിയവഴികൾ വരച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.

നന്നേ ചെറുപ്പത്തിൽ തന്നെ തനിക്ക് ചുറ്റും കാണുന്ന ജീവിതാവസ്ഥകളെ കടലാസിലേക്ക് പകർത്താൻ പത്മിനിയിലെ കലാകാരി ഉത്സാഹം കാണിച്ചിരുന്നു. കറുത്ത നിറങ്ങളിലുള്ള മനുഷ്യരൂപങ്ങൾ സ്കെച്ചുമായി പത്മിനിയുടെ പുസ്തകങ്ങളിൽ നിറഞ്ഞു. ഇടശ്ശേരി ഗോവിന്ദൻ നായരുടെ കുടുംബവുമായി പത്മിനിക്കുണ്ടായിരുന്ന ബന്ധം അവരുടെ കലാജീവിതത്തിന്റെ വളർച്ചയിൽ നിർണ്ണായക സ്വാധീനമായിരുന്നു. കലാവിദ്യയോട് ആത്മാർത്ഥതയുണ്ടാകുക എന്നതിന്റെ പൊരുളും അർത്ഥവും ഈ ബാലികയിൽ നിന്നാണ് മനസ്സിലാക്കിയതെന്ന് ഇടശ്ശേരി എഴുതിയിട്ടുണ്ട്. പത്മിനിച്ചിത്രങ്ങളിൽ കയറിയിറങ്ങിപ്പോയ നാട്ടുജീവിതത്തിന്റെ ഭാവനാപരമായ തികവിന്റെ ശക്തിസ്രോതസ്സായി ഇടശ്ശേരിക്കവിതയുണ്ടെന്ന് പത്മിനിയുടെ ജീവചരിത്രകാരൻമാരും സാക്ഷ്യപ്പെടുത്തുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുമായി ഉണ്ടായിരുന്ന ബന്ധം പത്മിനിയിലെ ചിത്രകാരിയെ രൂപപ്പെടുത്തിയ മറ്റൊരു പ്രചോദനകേന്ദ്രമായിരുന്നു. മദ്രാസിൽനിന്ന് ചിത്രകലാപഠനം പൂർത്തീകരിച്ച് പൊന്നാനിയിൽ തിരിച്ചെത്തിയ നമ്പൂതിരി, മോഡലിനെ കേന്ദ്രീകരിച്ച് സ്കെച്ച് ചെയ്യുന്ന ചിത്രകലാഭ്യസനരീതി പത്മിനിക്ക് പരിചയപ്പെടുത്തി. വസ്തുയാഥാർത്ഥ്യത്തെ അതേപടി പകർത്തുന്ന രീതി ഉപേക്ഷിക്കാനും ശൈലീകൃത സൗന്ദര്യത്തെ രേഖാചിത്രണത്തിലൂടെ അവതരിപ്പിക്കാനും പത്മിനി ശീലിച്ചത് നമ്പൂതിരിയിൽ നിന്നാണ്. അമൃത ഷെർഗിളിനൊപ്പമോ അതിനുമപ്പുറമോ വളർന്ന ചിത്രകാരിയെന്നാണ് പത്മിനിയെ നമ്പൂതിരി വിലയിരുത്തിയത്.

ഇന്ത്യൻകലയിൽ മുഴച്ചുനിന്ന ആത്മീയതയിലധിഷ്ഠിതമായ ഭാരതീയതയെ കയ്യൊഴിഞ്ഞുകൊണ്ട് തദ്ദേശീയമായ അനുഭവങ്ങളിലധിഷ്ഠിതമായ പുതിയൊരു ദൃശ്യഭാഷയെ രൂപപ്പെടുത്തുകയെന്ന ദൗത്യമാണ് മദ്രാസ് കേന്ദ്രീകരിച്ചു പ്രവർത്തിച്ച കെ സി എസ് പണിക്കരുടെ നേതൃത്വത്തിലുള്ള കലാകാരവൃന്ദം ഏറ്റെടുത്തത്. രേഖയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള രചനാസമ്പ്രദായത്തെ പുനരുജ്ജീവിപ്പിക്കുകവഴി അമൂർത്തതയുടെ ലോകത്തെ മൂർത്തതയുമായി കൂട്ടിയിണക്കുകയാണ് അവർ ചെയ്തത്. വ്യക്തിയുടെ സ്വത്വത്തിനും അനുഭവലോകങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പുതിയ ആവിഷ്കാരങ്ങൾ നവീനമായൊരു ദൃശ്യസംസ്കാരത്തിന്റെ രൂപപ്പെടലിന് വഴിയൊരുക്കി. ഈ വഴിയിലെ ഒറ്റപ്പെട്ട നടത്തങ്ങളിലൊന്നായിരുന്നു പത്മിനിയുടേത്.

മലബാറിന്റെ ഗ്രാമീണജീവിതമാണ് പത്മിനിയുടെ ചിത്രങ്ങളിൽ നിറയുന്നത്‌. അമ്പലവും ആൽത്തറയും കാവുകളും കുന്നിൻചെരിവുകളുമെല്ലാം കേവലം പശ്ചാത്തലമായല്ല ചിത്രങ്ങളിൽ പ്രവർത്തിക്കുന്നത്‌ എന്നതു വളരെ പ്രധാനമാണ്. വികാരങ്ങളാൽ നിറയ്‌ക്കപ്പെട്ട മനുഷ്യർക്കിടയിൽ സജീവമായി ഇടപെടുന്ന, ചലനാത്മകമായ ഇടങ്ങളാണ് ചിത്രങ്ങളിലുടനീളം കാണുന്നത്. ഇത്തരത്തിൽ തുറന്നതും സ്വതന്ത്രവുമായ ഇടത്തിലാണ് പത്മിനിയുടെ സ്ത്രീകൾ തങ്ങളുടെ പ്രവർത്തനമണ്ഡലം രൂപപ്പെടുത്തുന്നത്. ഇങ്ങനെ രൂപപ്പെടുന്ന പ്രവർത്തനമണ്ഡലമാകട്ടെ ബാഹ്യലോകത്തിന്റെ/ജീവിതത്തിന്റെ പ്രതിനിധാനമായിട്ടല്ല, മറിച്ച് ഒരു സ്ത്രീയുടെ ആന്തരികജീവിതത്തിന്റെ ആവിഷ്കാരമായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആ നിലയിൽ നോക്കുമ്പോൾ യാഥാർഥ്യത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ജീവിതപരിസരത്തിനകത്തു ഒരു സ്ത്രീക്ക് മാത്രം സങ്കല്പിക്കാവുന്ന ഭാവനാത്മകമായ ജീവിതത്തെ സൂക്ഷ്മതയോടെ നിർമ്മിച്ചെടുക്കുകയാണ് പത്മിനി ചെയ്യുന്നതെന്ന് തോന്നിപ്പോകും. ആണധികാരത്തിന്റേതായ ബാഹ്യലോകവും കൂസലില്ലായ്മയുടെ പെൺലോകവും തമ്മിലുള്ള ഈയൊരു സംഘർഷമാണ് പത്മിനിച്ചിത്രങ്ങളുടെ സൗന്ദര്യത്തെ നിർണ്ണയിക്കുന്നത്.

കേരളത്തിൽ മോഡേൺ സെൻസിബിലിറ്റിക്കകത്തു കർത്തൃത്വമുള്ള സ്ത്രീയുടെ വൈകാരികലോകത്തിനു പ്രവേശനം ലഭിക്കുന്നത് പത്മിനിയിലൂടെയാണെന്ന് സാവിത്രി രാജീവൻ പറയുന്നുണ്ട്. സ്ത്രീ-പുരുഷ ബന്ധങ്ങളെ മാത്രമല്ല സ്ത്രീകൾ തമ്മിലുള്ള ബന്ധങ്ങളുടെയും ഏറ്റവും ഊഷ്മളമായ തലങ്ങളെ ഇരുണ്ട നിറങ്ങളിൽ പത്മിനി അവതരിപ്പിക്കുന്നു. വൈകാരികവും സംഘർഷഭരിതവുമായ മാനസികഭാവങ്ങളുടെ തീക്ഷ്ണത അടക്കമില്ലാത്ത ചായത്തേപ്പുകളിലൂടെയാണ് ചിത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. മെലിഞ്ഞു കൊലുത്ത സ്ത്രീരൂപങ്ങൾക്കു മൂർത്തത നൽകുന്നത് രേഖകളുടെ കടുപ്പമാണ്. ഫ്രഞ്ച് ചിത്രകാരനായ ഹെൻട്രി മത്തീസിന്റെ സ്ത്രീകളെ ഓർമ്മിപ്പിക്കും വിധമാണ് പത്മിനിച്ചിത്രങ്ങളിൽ സ്ത്രീകൾ പ്രത്യക്ഷപ്പെടുന്നത്. Blue Nude, Large Reclining Nude തുടങ്ങിയ ചിത്രങ്ങൾ ഓർക്കാവുന്നതാണ്. മനുഷ്യരും മനുഷ്യരും തമ്മിലും മനുഷ്യരും പ്രകൃതിയും തമ്മിലുമുള്ള ഇഴയടുപ്പങ്ങൾ ചലനമായും സ്പർശമായും ചിത്രങ്ങളിൽ തെളിയുന്നു.

പലവഴികളിലൂടെ കാണികൾക്കു പത്മിനിയുടെ ചിത്രങ്ങൾക്കകത്തേക്കു പ്രവേശിക്കാം. ഏതു വഴിയിലൂടെ പ്രവേശിച്ചാലും പരസ്പരം കൂട്ടിമുട്ടാതെ പോകാൻ സാധിക്കാത്തവിധം ബന്ധിതമായ അനുഭവതലം പത്മിനിയുടെ ചിത്രങ്ങളിലുണ്ട്. ചിത്രപാഠങ്ങൾക്കുള്ളിൽ വച്ചു നടക്കുന്ന അത്തരം കൂട്ടിമുട്ടലുകളാണ് ചിത്രത്തിനുള്ളിൽ ജീവിതമുണ്ട് എന്നതിന്റെ ആദ്യത്തെയും അവസാനത്തെയും തെളിവ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × five =

Most Popular