കുട്ടികളുടെ പഠനത്തിന് പൂർണത ലഭിക്കുവാനും മറ്റ് ക്രിയാത്മക പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും കലയുടെ ഇടപെടൽ അനിവാര്യമാകുന്ന കാലമാണിത്. ലോകത്തെ സമസ്‌തമേഖലകളെയും സ്‌പർശിക്കുന്ന ശാസ്‌ത്രത്തിന്റെയും പ്രകൃതിയുടെയും സമൂഹത്തിന്റെയും സങ്കീർണമായ പ്രശ്‌നങ്ങളിൽ കലാവിഷ്‌കാരങ്ങളിലൂടെ സാമാന്യജനങ്ങളിൽ അവബോധമെത്തിക്കാനുള്ള മാധ്യമം കൂടിയാണ് കല. ഇവിടെ കുട്ടികളുടെ പങ്ക് ചെറുതല്ല. സമകാലിക വിഷയങ്ങളിൽപോലും കുട്ടികൾ ഇടപെടുക എന്നതാണ് ഇന്ന് കാലഘട്ടം ആവശ്യപ്പെടുന്നതും. കലയുടെ വഴികൾ പരിചയപ്പെടുത്തിക്കൊടുക്കുകയും അതുവഴി സഞ്ചരിക്കാൻ അവരെ പര്യാപ്‌തമാക്കുകയുമാണ് പ്രധാനം, അതാണ് രക്ഷകർത്താക്കളും അധ്യാപകരും ചെയ്യേണ്ടതും.
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പഠനവ്യവസ്ഥയായ ഗുരുകുല സമ്പ്രദായത്തിന് മാറ്റമുണ്ടാകുന്നത് 19‐ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടീഷ് സർക്കാരിന്റെ കടന്നുവരവോടെയാണ്. കലാപഠനങ്ങളിൽ ഗുരുകുലസമ്പ്രദായത്തിന് പകരം കലകളേയും ക്രാഫ്‌റ്റ് വർക്കുകളേയും കൂടി ഉൾപ്പെടുത്തിയുള്ള പഠനപദ്ധതിക്ക് രൂപംനൽകി. കലാപഠനം അങ്ങനെ പഠനത്തോട് ചേർന്നു. സർഗാത്മകതയ്‌ക്ക് പ്രാധാന്യം കൊടുക്കുന്ന കലാപഠനപദ്ധതിയും ക്രാഫ്‌റ്റും (കൈത്തൊഴിലുകൾ) പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം കലാപഠനത്തിൽ ദേശീയതലത്തിലും വ്യത്യാസങ്ങളുണ്ടായതിന്റെ ഭാഗമായി തന്നെ കേരളത്തിലും പാഠ്യപദ്ധതിയിൽ മാറ്റങ്ങളുണ്ടായി. സർഗാത്മകത, ആശയസന്പുഷ്ടത, ശാസ്‌ത്രബോധം, സ്വാശ്രയത്വം, പാരസ്‌പര്യം എന്നിവ അടിസ്ഥാനഘടകങ്ങളായി ഉൾച്ചേർത്തുകൊണ്ടാണ് കുട്ടികളിൽ കലാപഠനം എങ്ങനെയായിരിക്കണമെന്നുള്ള ആദ്യത്തെ സിലബസ് തയ്യാറാക്കുന്നത്. ഇപ്പോൾ കലാപഠനത്തിൽ നിരവധി പരീക്ഷണങ്ങളും പഠനങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ടെങ്കിലും കുട്ടികളിൽ കലാപഠനത്തിനുള്ള സാധ്യതകൾ വേണ്ടത്ര അവരുടെ പഠനത്തിലും ജീവിതത്തിലും ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നതാണ് പ്രധാനം.
കുട്ടികളിൽ കലാപഠനം എന്തിന് എന്ന ചോദ്യത്തിന് എക്കാലവും പ്രസക്തിയുണ്ട്. സാമൂഹ്യബോധവും വൈകാരികബുദ്ധിയും മാനവികതാബോധവും ഔചിത്യവും ചേരുന്ന വൈജ്ഞാനിക വികാസത്തിനാണ് കലാപഠനം സഹായകമാവുന്നത്. അവിടെ ചിത്രകലയും സംഗീതവും സാഹിത്യവും നൃത്തവും ശിൽപകലയും ഏതുമാകാം. അല്ലെങ്കിൽ ഇവയെല്ലാം ഇഴചേർന്ന സർഗാത്മകതയാണ് കുട്ടികളിൽ വെളിച്ചമായി വളർത്തിയെടുക്കേണ്ടത്. പഠനം വ്യക്തിയുടെ വികാസത്തിന് മാത്രമല്ല വിജ്ഞാനവികാസം കൂടിയാണ്. അതിന് പൂർണത പകരുവാനാണ് സർഗാത്മകത ആവശ്യമാണെന്ന് പറയുന്നത്. സർഗാത്മക വൈകാരികത എന്നത് വൈജ്ഞാനിക സന്പത്തുകൂടിയാണ്. കലാപഠനം ജീവിതവിജയത്തിന് വലിയ അളവിൽ സഹായിക്കും. ഭാവനയും പ്രായോഗികബുദ്ധിയും കഴിവുകളും വളർത്തുന്ന പ്രധാന ഘടകം കലാപഠനത്തിലുണ്ട്. ചെയ്യേണ്ട പ്രവൃത്തി മുൻകൂട്ടി മനസ്സിൽ കണ്ട് പ്രവർത്തിക്കാനും തെറ്റുപറ്റിയാലും അത് പരിഹരിച്ച് ഭയപ്പെടാതെ ഓരോ ഘട്ടത്തിലും മുന്നേറാനുള്ള ആത്മവിശ്വാസവും നേടാനും കലയുടെ പഠനം സഹായിക്കും. എല്ലാപേരേയും കലാകാരരാക്കുക എന്നതല്ല കലാപഠനത്തിന്റെ ലക്ഷ്യം‐ അതിനപ്പുറം ബുദ്ധിയെ തനിക്ക് ഉപയുക്തമാകുംവിധം നിയന്ത്രിച്ച് ഭാവനയുടെ ആഹ്ലാദവും ശാസ്‌ത്രത്തിന്റെ കൃത്യതയും പ്രവൃത്തിയുടെ സാഫല്യവും കലാപഠനത്തിലൂടെ ആർജിക്കുക എന്നതാണ് പ്രധാനം. കലാമനസ്സ്, കലാപ്രവൃത്തി എന്നിവ സമൂഹജീവിതവുമായി ബന്ധപ്പെട്ട വ്യക്തിത്വം വികസിപ്പിക്കുവാനും രൂപപ്പെടുത്തുവാനും കുട്ടികളെ സഹായിക്കും.
സമകാലിക വിഷയങ്ങളിൽപോലും കുട്ടികൾ സർഗാത്മകമായി ഇടപെടുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. ഉദാഹരണമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ, മറ്റ് സാമൂഹ്യപ്രവർത്തനങ്ങളൊക്കെ വിഷയമാകാം. കാലാവസ്ഥയുടെ വ്യതിയാനവുമായി ബന്ധപ്പെട്ട് ‘ഗ്രീറ്റ തൻബർഗ്’ എന്ന സ്വിസ് വിദ്യാർഥിനിയുടെ നേതൃത്വത്തിൽ കലാവിരുന്ന് സംഘടിപ്പിക്കപ്പെട്ടു. ‘കാലാവസ്ഥാരാഷ്‌ട്രീയമാണ് ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യമുള്ള കാര്യം. ശാസ്‌ത്രജ്ഞരേ ശ്രദ്ധിക്കുക’ എന്ന മുദ്രാവാക്യത്തോടെ (പോസ്റ്റർ, ചിത്ര‐ശിൽപ‐സംഗീത‐നാടക) കലാപ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കലയും ശാസ്ത്രവും ഇവിടെ ഒരുമിക്കുകയാണ്. ഹരിതലാവണ്യം എന്ന മുദ്രാവാക്യത്തിൽനിന്ന് കാലാവസ്ഥാ ലാവണ്യത്തിലേക്ക് കടന്നുകയറുകയാണ് വിദ്യാർഥികൾ. അത്തരമൊരു സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതും വിഷയങ്ങൾ തിരഞ്ഞെടുത്ത് അതേക്കുറിച്ചൊരു ബോധവൽക്കരണം കുട്ടികൾക്ക് കൊടുക്കേണ്ടതും അധ്യാപകരും രക്ഷകർത്താക്കളുമാണ്.
ഇതുമായി ബന്ധപ്പെട്ട കലാവബോധം കുട്ടികളിലേക്ക് പകരാൻ സഹായകമായ ചില പ്രധാന നിർദേശങ്ങൾ കൂടി സൂചിപ്പിക്കട്ടെ. അതിലേറ്റവും പ്രധാനം സ്‌കൂളുകളിൽ ആർട്ട് ഗ്യാലറികൾ സ്ഥാപിക്കുക എന്നതാണ്. അവിടെ ചിത്ര‐ശിൽപകലയുടെ ചരിത്രം പ്രതിപാദിക്കുന്ന ചിത്രങ്ങൾ, കുട്ടികൾ വരച്ച ചിത്രങ്ങൾ (ഇവ രണ്ടുമാസത്തിലൊരിക്കൽ മാറ്റി പ്രദർശിപ്പിക്കണം), താൽപര്യമുള്ള അധ്യാപകൻ വരച്ച ചിത്രങ്ങൾ ഇവ ഇവിടെ പ്രദർശിപ്പിക്കാം. കുട്ടികൾ തന്നെ പ്രദർശനം കാണാൻ വരുന്ന രക്ഷകർത്താക്കൾക്കും മറ്റുള്ളവർക്കും ചിത്രങ്ങളെക്കുറിച്ചും കലാചരിത്രത്തെക്കുറിച്ചും വിശദീകരിച്ച് സംസാരിക്കണം.
നാടിന്റെ പ്രത്യേകതയും സംസ്‌കാരവും ഇഴചേർത്ത് സ്‌കൂൾമുറ്റത്ത് ശിൽപോദ്യാനം നിർമിക്കുക. അതുവഴി സ്‌കൂൾ മുറ്റത്തെ ഔഷധസസ്യങ്ങളെ പരിചയപ്പെടാൻ കഴിയും. ലാൻഡ് സ്‌കേപ്പിംഗ്, ശിൽപരചനയുടെ സാങ്കേതികത്വം ഇവ കുട്ടികൾക്ക് മനസ്സിലാക്കാനുമാവുന്നു.
വർഷത്തിലൊരിക്കൽ പുതുവത്സരവുമായി ബന്ധപ്പെട്ടുമൊക്കെ ഉത്സവച്ഛായയോടെ ‘പങ്കാളിത്ത കല’യ്‌ക്ക് രൂപം കൊടുക്കുക. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാവിഷ്‌കാരങ്ങൾ സംഘടിപ്പിച്ച് അവരെ പങ്കാളിയാക്കാം. രക്ഷകർത്താക്കളും നാട്ടുകാരും ഉൾപ്പെടുന്ന വിപുലമായ ഒരു പങ്കാളിത്തത്തിന് വഴിയൊരുക്കാം. ഇത്തരത്തിൽ നിരവധി പരിപാടികൾ രൂപപ്പെടുത്തിക്കൊണ്ടു മാത്രമേ കുട്ടികളിലെ കലാവിദ്യാഭ്യാസ പ്രക്രിയ പൂർണതയിലെത്തിക്കാൻ കഴിയൂ.
ഇക്കാര്യത്തിൽ സ്‌കൂൾ മേലധികാരികൾ, മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവരുടെ പരിശ്രമവും ശ്രദ്ധയും അനിവാര്യ ഘടകങ്ങളാണ്. ♦