Saturday, September 21, 2024

ad

Homeസിനിമഓപ്പൺഹൈമർ: അമേരിക്കൻ വേട്ടയുടെ കഥ

ഓപ്പൺഹൈമർ: അമേരിക്കൻ വേട്ടയുടെ കഥ

ആർ പാർവതി ദേവി

ഹോളിവുഡിന്റെ പ്രിയ സംവിധായകൻ ക്രിസ്റ്റഫർ നോളൻ ആണവ ബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺഹൈമറെ വെള്ളിത്തിരയിൽ എത്തിക്കുന്നത് ഹൃദയഹാരിയായ ഒരു ത്രില്ലർ പോലെയാണ് . ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും സങ്കീർണവും കലുഷിതവുമായ ഒരു അധ്യായത്തിനു ചലച്ചിത്ര ഭാഷ്യം നൽകുമ്പോൾ അത് ഇത്രയേറെ ജനപ്രിയമാക്കുന്നതിൽ നോളൻ തന്റെ രചനാവൈഭവം ചെത്തിക്കൂർപ്പിച്ചിട്ടുണ്ടാകാം. ഇന്ത്യയിൽ രണ്ടാഴ്ചകൊണ്ട്‌ 100 കോടി ആണ് ഓപ്പൺഹൈമർ നേടിയത്.

രേഖീയമല്ല ഒരിക്കലും നോളന്റെ ആഖ്യാനരീതി. ഓപ്പൺഹൈമറും അങ്ങനെ തന്നെയാണ്. ഭൂതകാലത്തിലേക്കും ഭാവിയിലേക്കും തിരിച്ചു വർത്തമാനത്തിലേക്കും ഊഞ്ഞാൽ ആടുന്ന പോലെ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ചിലപ്പോഴെങ്കിലും കാഴ്ചക്കാർക്ക് അൽപ്പം തലചുറ്റൽ ഉണ്ടായെന്നു വരാ . എന്നാൽ രാഷ്ട്രീയമായ സംഭ്രമങ്ങൾ, കടുത്ത ആശങ്ക, സന്ദിഗ്ദ്ധത ഈ ആഖ്യാന ശൈലിയുമായി പൊരുത്തപ്പെടുന്നു.

അസാധാരണ പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞൻ ഡോ റോബർട്ട് ഓപ്പൺഹൈമറുടെ വൈകാരികവും സംഘർഷഭരിതവുമായ ജീവിതത്തെ, അതിന്റെ നാടകീയതയും ചരിത്രപ്രാധാന്യവും ഒട്ടുംചോരാതെ അവതരിപ്പിക്കുക എളുപ്പമല്ല. മൂന്നു മണിക്കൂറിൽ അതിവേഗത്തിൽ ആണ് കഥ പറഞ്ഞു പോകുന്നത്.

വിദ്യാർത്ഥിയായ ഓപ്പൺഹൈമർ ഒരു ദുർബല നിമിഷത്തിൽ തന്റെ അധ്യാപകന് ആപ്പിളിൽ സയനൈഡ് കുത്തിവച്ചു കൊല്ലാൻ നോക്കുന്നതും താൻ പ്രായോഗിക ശാസ്ത്രജ്ഞനല്ല എന്ന് തിരിച്ച് അറിഞ്ഞ് സിദ്ധാന്തങ്ങളിൽ ശ്രദ്ധ ഊന്നുന്നതും ബർക്കലിയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലേക്ക് പോകുന്നതും അതോടെ ഭൗതിക ശാസ്ത്രത്തിന്റെ ലോകപ്രശസ്ത കേന്ദ്രമായി അത് മാറുന്നതുമെല്ലാം ആരാധകരുടെ “ഓപ്പി’യുടെ ജീവിതത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. തികച്ചും വ്യത്യസ്തനായിരുന്നു ഓപ്പൺഹൈമർ. ഭഗവത്ഗീതയും ടി എസ് എലിയറ്റിന്റെ ‘തരിശു നിലവും’ ഇഷ്ടപ്പെടുന്ന ആർദ്രമായ സ്നേഹബന്ധങ്ങൾ സൂക്ഷിക്കുന്ന, പ്രണയം തുളുമ്പുന്ന മനസ്സുള്ള, നക്ഷത്രങ്ങളെ പഠിക്കുന്ന അതിബുദ്ധിശാലിയായ ഒരു ശാസ്ത്രജ്ഞൻ. മാത്രമല്ല, അദ്ദേഹം ഒരു സോഷ്യലിസ്റ്റും കമ്മ്യുണിസ്റ്റ്‌ അനുഭാവിയും ആയിരുന്നു. കാറൽ മാർക്സ് എഴുതിയ ‘മൂലധനം’ മൂന്നു വാള്യങ്ങളും വായിച്ചിട്ടുണ്ടെന്നു അദ്ദേഹം അഭിമാനത്തോടെ പറയുന്നു. അദ്ദേഹത്തിന്റെ സഹോദരൻ പാർട്ടി അംഗമായിരുന്നു. ഭാര്യ സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത കമ്മ്യൂണിസ്റ്റ് ആണ്. കൂടാതെ മെഡിക്കൽ വിദ്യാർത്ഥിനിയായ മറ്റൊരു പാർട്ടി അംഗവുമായി ഓപ്പൺഹൈമർ അഗാധമായ പ്രണയത്തിലായിരുന്നു. ഈ ബന്ധങ്ങൾ പിന്നീട് അമേരിക്കയിലെ കുപ്രസിദ്ധമായ മക്കാർത്തിയൻ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വേട്ടയാടലിന്റെ ഇരയായി ഓപ്പൺഹൈമറിനെ മാറ്റിയതാണ് നോളൻ പറയുന്ന കഥ.

നാസി ജർമ്മനി ആണവായുധം നിർമിക്കുമെന്ന് ഭയന്ന അമേരിക്ക 1942ൽ അണുബോംബ് ഉണ്ടാക്കുന്നതിനായി രൂപീകരിച്ച മാൻഹാട്ടൻ പദ്ധതിയുടെ ഡയറക്‌ടറായി നിയമിതനായ ഓപ്പൺ ഹൈമർ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം ഗംഭീരവിജയമാക്കി തീർത്തു.

മെക്സിക്കോയിലെ ജനവാസമില്ലാത്ത ലോസ് അലമോസിൽ 1,20,000 പേരാണ് അതീവ രഹസ്യമായി സൂക്ഷിച്ച പദ്ധതിയിൽ പങ്കെടുത്തത് . ഇതിന്റെ നേതൃത്വം ആയിരുന്നു ഓപ്പൺഹൈമറിന് ഉണ്ടായിരുന്നത്. ഒരു ഭൗതിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്റെ കണ്ടുപിടുത്തം നേട്ടമാണെങ്കിലും മനുഷ്യരാശിക്ക് അണുബോംബ് പക്ഷേ വിനാശകാരിയാണെന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു.

പരീക്ഷണം വിജയിച്ചുകഴിഞ്ഞതോടെ ഒരു ട്രക്കിൽ അമേരിക്കൻ പട്ടാളക്കാർ ബോംബ് കയറ്റിക്കൊണ്ടു പോകുമ്പോൾ രണ്ടു വർഷം കഠിനാധ്വാനം ചെയ്ത ഓപ്പൺഹൈമറും സംഘവും നിസ്സഹായരായി നോക്കിനിൽക്കുന്നു. ഹിരോഷിമയിൽ അത് പ്രയോഗിക്കപ്പെട്ട വാർത്ത റേഡിയോയിലൂടെയാണ് ഓപ്പൺഹൈമർ അറിയുന്നത്. നാസി ജർമനിയിൽ ആയിരുന്നു ബോംബ് വീഴേണ്ടതെന്ന് ഓപ്പൺഹൈമർ ആഗ്രഹിക്കുന്നുണ്ട്.

പരീക്ഷണം വിജയിക്കുന്നതിൽ അകമഴിഞ്ഞ് ആനന്ദിക്കുമ്പോഴും ഹർഷാരവത്തിനിടയിൽ പലരുടെയും മുഖത്ത് നിന്നും തൊലി അടർന്നു വീഴുന്ന ദൃശ്യങ്ങൾ നോളൻ ചേർത്തിരിക്കുന്നത് ആപത്തിന്റെ സൂചനയും ഓപ്പൺഹൈമറുടെ ആശങ്കയുമാണ്.

ചലച്ചിത്രത്തിന്റെ രണ്ടാം പകുതി ഓപ്പൺഹൈമർ നേരിടുന്ന ക്രൂരമായ വിചാരണയാണ്. ആണവ കമ്മീഷൻ തലവനായ ലെവി സ്‌ട്രോസിന്റെ ഓപ്പൺഹൈമറോടുള്ള വ്യക്തിവൈരാഗ്യവും അതിന്റെ ഫലമായ ഗൂഢാലോചനയും അതിന്റെ സങ്കീർണതകളും കാഴ്ചക്കാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഓപ്പൺഹൈമറിനെ ആരാധിക്കുന്നവരും തൊഴിൽപരമായ അസൂയയാൽ വെറുക്കുന്നവരും വിചാരണ വേളയിൽ നേർക്കുനേർ വരുന്നു.

ഒരു ‘വീട്ടച്ഛൻ’ എന്ന നിലയിൽ ഓപ്പൺഹൈമർ ഒരു പരാജയമാണെന്ന് ഇടയ്‌ക്ക് കുത്തിനോവിക്കാറുണ്ടെങ്കിലും അവസാനം വരെ അചഞ്ചലയായി നിൽക്കുന്ന ഭാര്യയുടെ കഥാപാത്രവും ശ്രദ്ധേയമാണ്. സോവിയറ്റ് യൂണിയന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്നാണ് ഓപ്പൺഹൈമറേക്കറിച്ചുള്ള ആരോപണം. എന്നാൽ തന്റെ കാമുകിയോട് അദ്ദേഹം പറയുന്നത് “നീ ഒരു കമ്മ്യുണിസ്റ്റ്‌ ആയതുകൊണ്ട് പലതും നിന്നോട് പറയാൻ ആവില്ല ‘ എന്നായിരുന്നു. തന്റെ മൂല്യങ്ങളിലോ അമേരിക്ക എന്ന സ്വന്തം രാജ്യത്തോടുള്ള കൂറിലോ ഒരിക്കലും വെള്ളം ചേർത്തിട്ടില്ലെങ്കിലും ചരിത്രത്തിൽ അപമാനകരമായവിധം തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ഓപ്പൺഹൈമർ. ഒടുവിൽ അദ്ദേഹത്തിന് സുരക്ഷാ അനുമതി നിഷേധിക്കപ്പെടുന്നു.

ആൽബർട്ട് ഐൻസ്റ്റീൻ മുതൽ പത്തിലേറെ ചരിത്ര വ്യക്തിത്വങ്ങളെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ഇവരെല്ലാവരെയും ഏതാണ്ട് കൃത്യതയോടെ തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിലും നോളൻ വിജയിച്ചിരിക്കുന്നു. 1967ൽ ഓപ്പൺഹൈമർ മരണപ്പെടുന്നതും ചിതാഭസ്മം കടലിൽ ഒഴുക്കുന്നതും വരെ സിനിമയിൽ പറഞ്ഞു പോകുന്നുണ്ട്.

എന്നാൽ ക്രിസ്റ്റഫർ നോളൻ പറയാത്ത ഒന്നുണ്ട്;

അത് 2022ൽ അമേരിക്കയുടെ ഊർജവകുപ്പ് 1954ൽ തങ്ങൾക്ക് തെറ്റുപറ്റിയതായി കുറ്റ സമ്മതം നടത്തിയതാണ്. അതായത്, 68 വർഷങ്ങൾക്ക് ശേഷം അവർ കണ്ടെത്തി ഓപ്പൺഹൈമർ ദേശദ്രോഹിയല്ല എന്ന്. അന്നത്തെ വിചാരണ തന്നെ ക്രമവിരുദ്ധമാണെന്ന്. മനുഷ്യസ്നേഹിയായ ഒരു അതുല്യ ശാസ്ത്രപ്രതിഭ അങ്ങനെ മരണാനന്തരം കുറ്റവിമുക്തനായി.

നക്ഷത്രങ്ങളുടെ മരണം ഏറ്റവും കൗതുകത്തോടെ പഠിച്ച റോബർട്ട് ഓപ്പൺഹൈമർ എന്ന താരകം പക്ഷേ മരണത്തിനു ശേഷവും നാടകീയമായി പ്രശോഭിക്കുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular