ഏകീകൃത സിവിൽ കോഡിന് മാതൃകയായി ബി ജെ പി ക്കാർ ചൂണ്ടിക്കാണിക്കുന്നത്- 1867 ൽ പോർച്ചുഗീസുകാരുടെ അധീനതയിലിരിക്കെ ഗോവൻ ജനതയ്‌ക്കായി അവർ നിർമ്മിച്ച ഒരു സിവിൽ കോഡിനെയാണ്. “ഗോവയിൽ നമുക്കൊരു ഏകീകൃത സിവിൽ കോഡാവാമെങ്കിൽ അത്- രാജ്യവ്യാപകമായി നടപ്പാക്കുന്നതിൽ എന്താണ് പ്രശ്-നം’ എന്നാണ് 1997ലെ സ്വർണ ജയന്തി രഥയാത്രയുമായി ഗോവയിലെത്തിയ എൽ കെ അദ്വാനി ചോദിച്ചത്-. “ഗോവയിലെ ജനസംഖ്യയിൽ ഭൂരിപക്ഷം ക്രിസ്-ത്യാനികളാണ്. എന്നിട്ടും അത്- അവിടെ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ എങ്ങനെയാണ് പ്രശ്നമുണ്ടാക്കുക’ എന്ന ചോദ്യവും അദ്വാനി അന്ന് ഉയർത്തുകയുണ്ടായി.
അദ്വാനി ഇപ്പോൾ ബി ജെ പി നേതൃത്വത്തിൽ ഇല്ലെങ്കിലും ഇപ്പോഴത്തെ കേന്ദ്ര പ്രതിരോധവകുപ്പുമന്ത്രി രാജ്-നാഥ്- സിംഗും ഈയിടെ സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ചുരുക്കിപ്പറഞ്ഞാൽ ബി ജെ പി ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്ന ഏകീകൃത സിവിൽ കോഡിന് മാതൃകയായി അവർ കാണുന്നത്- ഗോവയിലെ സിവിൽ കോഡിനെയാണ്. ഏകീകൃതമാവുന്നതോടെ തുല്യരാക്കപ്പെടും എന്നാണല്ലോ ഇപ്പോൾ ബിജെപി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്-. എന്താണ് ഗോവൻ സിവിൽ കോഡിലെ ഏകത്വവും തുല്യതയും? പോർച്ചുഗീസുകാർ ഇന്ത്യ വിട്ടുപോയിട്ട്- ആറു ദശകമായി. നിയമം വന്നിട്ട്- ഒന്നര നൂറ്റാണ്ടു കഴിഞ്ഞു. എന്നിട്ടും അവർ ഉണ്ടാക്കിയ ഒരു നിയമമാണ് ഇന്ത്യക്കാകെ അനുയോജ്യം എന്ന് പറയുന്നവർ എന്തുമാത്രം പിന്തിരിപ്പന്മാരാണെന്ന് ഓർക്കുക.
വനിതാവിമോചന പ്രവർത്തകയായ അഡ്വക്കെറ്റ് ആൽബർട്ടീന അൽമേഡ, ഗോവൻ ഏകീകൃത സിവിൽ കോഡിനെ വിമർശിച്ചുകൊണ്ട്- പറഞ്ഞത്, -“ഭരണകൂടത്തിൽ നിന്ന് ഇതുവരെ മതം വേർതിരിക്കപ്പെട്ടിട്ടില്ല’ എന്നാണ്. ഇത്- ബിജെപിയും ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയിൽ നിലനിൽക്കുന്ന മതനിരപേക്ഷതയുടെ അംശങ്ങൾകൂടി ഇല്ലാതാക്കി ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കലാണ് അവരുടെ ലക്ഷ്യം എന്നതുകൊണ്ട്- അവർക്ക്- മാതൃക ഗോവയിലെ ഏക സിവിൽ കോഡ്- തന്നെയാണ്.
സ്-ത്രീ പുരുഷ വിഭാഗങ്ങൾ തമ്മിലുള്ള ലിംഗപരമായ അസമത്വങ്ങളും വ്യക്തിനിയമങ്ങളിൽ നിലനില്ക്കുന്ന പുരുഷാധിപത്യവും ഒക്കെ വ്യക്തിനിയമങ്ങളിൽ ഏകത്വം വന്നാൽ ഇല്ലാതാവുമെന്നും അതിനുള്ള ഒറ്റമൂലിയാണ് ഏക സിവിൽ നിയമമെന്നുമാണ് പൊതുവിൽ പ്രചരിപ്പിക്കപ്പെടുന്നത്-. തുല്യതയുടെയും സ്-ത്രീശാക്തികരണത്തിന്റെയും നീതിയുടെയും പതാകവാഹകനാണ് ഏകീകൃത സിവിൽ കോഡ്- എന്നാണ് പ്രചാരണം. അതിനുള്ള മാതൃകയായാണ് ഗോവൻ സിവിൽ കോഡ്- അവതരിപ്പിക്കപ്പെടുന്നത്-. ഗോവയിലെ സിവിൽ കോഡ്- അങ്ങനെ ഏകാത്മകതയുടെയും തുല്യതയുടെയും നിയമമാണോ? വിവാഹം, വിവാഹ മോചനം, സ്വത്തിന്റെ പിന്തുടർച്ചാവകാശം എന്നിവയിൽ ഗോവൻ സിവിൽ കോഡ്- എല്ലാ മതക്കാർക്കും തുല്യത നൽകിയിട്ടുണ്ടാ? ഏക സ്വഭാവമാണോ ഇക്കാര്യത്തിൽ ഗോവൻ സിവിൽ കോഡിനുള്ളത്-?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊക്കെ മതാടിസ്ഥാനത്തിലുള്ള വിവാഹ നിയമങ്ങളാണ് നിലവിലുള്ളതെങ്കിൽ ഗോവയിലെ വിവാഹ നിയമങ്ങൾ ജനങ്ങളെ മൂന്ന് തട്ടാക്കി തിരിച്ചിരിക്കുന്നു. പള്ളിക്ക്- വിധേയമായി മതാചാരങ്ങൾക്ക്- അനുസരിച്ച്- വിവാഹിതരായിട്ടുള്ള കത്തോലിക്കരാണ് അതിൽ ഒരു വിഭാഗം. മതത്തിന് പുറത്തുനിന്ന് വിവാഹിതരായിട്ടുള്ളവരാണ് രണ്ടാമത്തെ വിഭാഗം. കത്തോലിക്ക ഇതര ജനവിഭാഗമാണ് മുന്നാമത്തെ കൂട്ടർ.
ഹിന്ദുക്കൾക്ക്-, വിശിഷ്യാ കൂട്ടുകുടുംബ വ്യവസ്ഥ തുടരുന്ന ഹിന്ദുക്കൾക്ക്- ബാധകമായിട്ടുള്ളത്- 1880 ൽ നിലവിൽ വന്നിട്ടുള്ള കോഡ്- ഓഫ്- ജെന്റയിൽ ഹിന്ദു യൂസേജസ്- ആന്റ്- കസ്റ്റംസ്- ഓഫ്- ഗോവ എന്ന നിയമമാണ്. കത്തോലിക്ക പള്ളിക്ക്- വഴങ്ങി അവരുടെ ആചാരങ്ങൾക്കനുസരിച്ച്- വിവാഹിതരാവുന്നവർ വിവാഹമോചനം നേടുന്നുവെങ്കിൽ സിവിൽ കോഡ്- അനുസരിച്ചുള്ള നിയമങ്ങൾ പാലിക്കേണ്ടതില്ല. പള്ളി പറഞ്ഞത്- കേട്ടാൽ മതി. ഏകാത്മകതയ്‌ക്കുകീഴിലെ അസമത്വങ്ങളും വൈവിധ്യങ്ങളുമാണ് ഇവയൊക്കെ. വ്യത്യസ്-ത സമുദായങ്ങൾക്ക്- നിയമം നടപ്പിലാക്കപ്പെടുന്നത്- വ്യത്യസ്-ത രീതികളിലാണ്. വിവാഹവും അതിന്റെ നടത്തിപ്പും പരിശോധിക്കാം. വകുപ്പ്- 1056 മുതൽ 1239 വരെയുള്ള വകുപ്പുകളാണ് കുടുംബനിയമങ്ങൾ വിശിഷ്യാ വിവാഹ നിയമങ്ങളെക്കുറിച്ച്- പറഞ്ഞിട്ടുള്ളത്-. വിവാഹങ്ങൾ എല്ലാം രജിസ്റ്റർ ചെയ്യണം. എന്നാൽ വിവാഹങ്ങൾ നടത്തുന്നത്- വ്യത്യസ്-തരീതികളിലാണ്. കത്തോലിക്കാ കത്തോലിക്കേതര വിവാഹങ്ങളുടെ രജിസ്-ട്രേഷന് അവലംബിക്കുന്ന നടപടിക്രമങ്ങളും വ്യത്യസ്-തമാണ്. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അതിന്റെ ലക്ഷ്യം രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ആധാരം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്-. കത്തോലിക്കർ അത്- പള്ളിയിൽവെച്ച്- ഒപ്പിട്ടാൽ മതി. എന്നാൽ കത്തോലിക്കാ ഇതരർ അത്- സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന് മുമ്പിൽ വെച്ച്- ഒപ്പിടണം എന്ന വിവേചനവും ഗോവൻ സിവിൽ കോഡിൽ നിലനില്ക്കുന്നു.
ശരിയത്ത്- നിയമം ഗോവയിൽ ഒരിടത്തും ബാധകമായിരുന്നില്ല. അതുകൊണ്ടുതന്നെ, മുസ്ലീങ്ങൾ ഗോവൻ സിവിൽ കോഡിനും അതിന്റെ ഭാഗമായി നിലനിൽക്കുന്ന പരമ്പരാഗത ഹിന്ദു നിയമത്തിനും വഴങ്ങണമായിരുന്നു. ഏകീകൃതം എന്ന് പറയുകയും അതേസമയംതന്നെ അതിന്റെ പേരിൽ ഇതര മതസ്ഥരുടെ നിയമങ്ങൾക്ക്- വഴങ്ങേണ്ടി വരികയും ചെയ്യുക എന്ന അവസ്ഥ ഒരു വിഭാഗം ജനങ്ങൾക്ക്- ഇതുണ്ടാക്കുന്നുണ്ട്-.
കത്തോലിക്കർക്ക്- ഇപ്പോഴും പള്ളിക്ക്- കീഴിൽ വിവാഹം കഴിക്കാനും വിവാഹമോചനത്തിന് സിവിൽ കോടതികൾക്കുള്ള അധികാരം ബാധകമല്ലാതാക്കാനുമുള്ള നിയമമാണ് നിലവിലുള്ളത്-. അക്കാര്യത്തിലൊക്കെ പൂർണ അധികാരം ഇപ്പോഴും കാനോൻ കോടതിക്കാണ്. ഗോവ സ്വതന്ത്രമായി ആറുദശകമായിട്ടും ഈ സ്ഥിതിയാണ് നിലനിൽക്കുന്നത്-.
ഇതിനേക്കാളൊക്കെ കൗതുകമുണ്ടാക്കുന്ന കാര്യം ഗോവൻ സിവിൽ കോഡ്- അനുസരിച്ച്-, വിവാഹിതയായി 25 വയസ്സ്- പൂർത്തിയാക്കുന്ന ഒരു ഭാര്യക്ക്- അതിനിടയിൽ ഗർഭിണിയാവാൻ കഴിഞ്ഞില്ലെങ്കിൽ ഭർത്താവിന് മറ്റൊരു വിവാഹം കൂടെ കഴിക്കാൻ അനുമതി നൽകുന്നു എന്നതാണ്. 30 വയസ്സായ ഭാര്യക്ക്- ഒരു ആൺകുഞ്ഞിനെ പ്രസവിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭർത്താവിന് വേറെ വിവാഹം കഴിക്കാം.
ഇതുപോലെ കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തിലും ഹിന്ദുക്കൾക്ക്- പ്രത്യേക ഇളവുണ്ട്-.അവർക്ക്- ആൺകുഞ്ഞ്- ജനിക്കുന്നില്ലെങ്കിൽ സ്വത്തവകാശിയായി ഒരാൺകുഞ്ഞിനെ ദത്തെടുക്കാനുള്ള അവകാശം ഗോവൻ സിവിൽ കോഡ്- നൽകുന്നു. വെറുതെയല്ല ബിജെപി ഗോവൻ സിവിൽകോഡിനെ മാതൃകയാക്കാൻ ഉദ്ദേശിക്കുന്നത്-. ഈ രണ്ടു വ്യവസ്ഥകളും ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഹിന്ദു സ്വത്തവകാശനിയമത്തിനും ഹിന്ദു വിവാഹ നിയമത്തിനും എതിരാണ് എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്-.
1867ലെ ഗോവൻ സിവിൽ കോഡിന്റെ 1108 വകുപ്പു പ്രകാരം ഭാര്യ, ഭർത്താക്കന്മാർ വിവാഹത്തിന് മുമ്പും ശേഷവും സമ്പാദിച്ച സ്വത്തുക്കൾ രണ്ടു കൂട്ടരുടെയും പൊതുസ്വത്തായാണ് പരിഗണിക്കപ്പെടുക. എന്നാൽ വകുപ്പ്- 1117 പ്രകാരം ഈ സ്വത്തുക്കളുടെ ഭരണാധികാരി ഭർത്താവാണ്. സ്വാഭാവികമായും സ്-ത്രീ അവരുടെ സ്വത്തിൽനിന്നു പോലും അന്യവത്-കരിക്കപ്പെടുകയാണ് ഇവിടെ-. ഇതാകട്ടെ, എല്ലാ മതവിഭാഗങ്ങൾക്കും ബാധകവുമാണ്. ഇതാണ് ഏകീകരണംകൊണ്ട്- ഗോവൻ സിവിൽ കോഡ്- ഉദ്ദേശിക്കുന്നത്-.
വിവാഹമോചനത്തിന്റെ കാര്യത്തിലും നിരവധി വൈവിധ്യങ്ങൾ ഗോവൻ സിവിൽ കോഡിൽ നിലവിലുണ്ട്-. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ജാരവൃത്തി തെളിയിച്ചാൽ മാത്രമെ വിവാഹമോചനം കിട്ടുകയുള്ളൂ. മുസ്ലിം പുരുഷന് ബഹുഭാര്യത്വം അനുവദിക്കുന്നില്ല എന്നു മാത്രമല്ല മുത്തലാഖും അനുവദിക്കുന്നില്ല. അതേസമയം മുസ്ലിം പുരുഷന് ജാരവൃത്തി തെളിയിച്ച്- ഭാര്യയെ ഒഴിവാക്കാം. എന്നാൽ മുസ്ലിം സ്-ത്രീക്ക്- ഭർത്താവിനെ ഒഴിവാക്കണമെങ്കിൽ ഭർത്താവിന്റെ ജാരവൃത്തി പൊതുജനത്തിന് ബോധ്യപ്പെടുംവിധം അയാളൊരു ചിന്നവീട്- വെക്കുകയും അതിൽ ഒരു രണ്ടാം ഭാര്യയെ സംരക്ഷിക്കുകയോ ആദ്യ ഭാര്യയെ ഒഴിവാക്കുകയോ ചെയ്യുകയും വേണം. ഇവിടെയും പുരുഷാധിപത്യത്തിന് തന്നെയാണ് ഗോവൻ സിവിൽ കോഡ്- സ്ഥാനം നൽകുന്നത്-.
ചുരുക്കിപ്പറഞ്ഞാൽ, പുരുഷാധിപത്യത്തിനും ഒപ്പം കത്തോലിക്കാ മതവിശ്വാസികൾക്കും ആധിപത്യം നൽകുന്ന ഒന്നാണ് ഗോവയിലെ ഏക സിവിൽ കോഡ്-. ♦