കണ്ണൂരിൽ നടന്ന സിപിഐ എം 23‐ാം പാർട്ടി കോൺഗ്രസിന്റെ സമാപനദിവസണമാണ് എം സി ജോസഫൈൻ ഓർമയായത് . അതുകൊണ്ടുതന്നെ സപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടി കോൺഗ്രസിന്റെ സമാപനത്തിന്റെ ദിവസം വലിയ ദുഃഖത്തിന്റെ ദിനം കൂടിയായി മാറി. പാർട്ടി പ്രവർത്തനരംഗത്തും പൊതുജീവിതത്തിലും മരണംവരെയും നിറഞ്ഞുനിന്ന നേതാവായിരുന്നു അവർ. അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേണ്ടി വിശ്രമരഹിതമായി പ്രവർത്തിച്ച ജോസഫൈന്റെ ആത്മാർഥതയെയും അർപ്പണബോധത്തെയും ആർക്കും ചോദ്യംചെയ്യാൻ കഴിയുന്നതായിരുന്നില്ല. പലതരത്തിലുള്ള പരിഹാസങ്ങളെയും വേട്ടയാടലുകളെയും നിശ്ചയദാർഢ്യം കൊണ്ട് അവർ നേരിട്ടു.
ഏൽപിക്കപ്പെട്ട ഏത് ഉത്തരവാദിത്വവും കാര്യക്ഷമതയോടെയും സത്യസന്ധതയോടെയും ആത്മാർഥതയോടെയും നിർവഹിക്കുന്നതിൽ ജോസഫൈൻ എന്നും പ്രത്യേകം ശ്രദ്ധിച്ചു. സ്‌ത്രീപുരുഷ സമത്വത്തിനുവേണ്ടി അന്ത്യശ്വാസം വരെ പോരാടിയ അവർ വായനയും പഠനവും ജീവിതചര്യയാക്കി മാറ്റിയ നേതാവായിരുന്നു.
എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ മുരിക്കുംപാടം എന്ന കായലോര ഗ്രാമത്തിൽ 1948 ആഗസ്‌ത് മൂന്നിനാണ് ജോസഫൈൻ ജനിച്ചത്. മാപ്പിളശ്ശേരി ചവരോയാണ് പിതാവ്. മാതാവിന്റെ പേര് മഗ്‌ദലേന. കോൺഗ്രസ് അനുഭാവ കുടുംബമായിരുന്നു ജോസഫൈന്റേത്. പരിവർത്തനവാദി കോൺഗ്രസ് ആയി ആദ്യംമുതൽ പ്രവർത്തിച്ച ജോസഫൈന് അടിയന്തരാവസ്ഥകകാലത്തോടും കോൺഗ്രസ് പിന്തുടർന്ന നയങ്ങളോടും തീരെ പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അതിനൊപ്പം സോഷ്യലിസ്റ്റ് ആശയങ്ങളോട് കുട്ടിക്കാലം മുതൽക്കുള്ള അവരുടെ അഭിനിവേശം കൂടിയായപ്പോൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ജോസഫൈനെ അടുപ്പിച്ചു.
കെഎസ്‌വൈഎഫിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും സജീവ പ്രവർത്തകയായി മാറിയ ജോസഫൈൻ നേതൃശേഷി വളരെ വേഗം തെളിയിച്ചു. 1978ൽ സിപിഐ എം അംഗമായി. ആ വർഷം തലശ്ശേരിയിൽ നടന്ന കെഎസ്‌വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിൽ ജോസഫൈൻ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌വൈഎഫിന്റെ സംസ്ഥാന കമ്മിറ്റയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു വനിതകളിൽ ഒരാളായിരുന്നു ജോസഫൈൻ. പി കെ ശ്രീമതി ടീച്ചറായിരുന്നു മറ്റൊരാൾ.
1981ലാണ് അഖലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ രൂപീകരിക്കപ്പെട്ടത്. പല പേരുകളിൽ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന മഹിള സംഘടനകൾ ചേർന്ന് അഖിലേന്ത്യാടിസ്ഥാനത്തിൽ ഒറ്റ സംഘടനയാകാൻ തീരുമാനിക്കുകയായിരുന്നു. ചെന്നൈയിൽ ചേർന്ന രൂപീകരണസമ്മേളനത്തിൽ കേരളത്തിൽനിന്ന് പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ ജോസഫൈനായിരുന്നു. 1983ൽ ജനാധിപത്യ മഹിള അസോസിയേഷന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1997 വരെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച അവർ വനിത പ്രസ്ഥാനത്തിനു ജില്ലയിലൊട്ടാകെ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
1984ൽ സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും അവർ പ്രവർത്തിച്ചു. 1987ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2002ൽ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അവർ മരിക്കുന്നതുവരെ കേന്ദ്രകമ്മിറ്റി അംഗമായി പ്രവർത്തിച്ചു.
1997ൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോസഫൈൻ സംഘടന വളർത്തുന്നതിന് സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ച് ആത്മാർഥമായി പ്രവർത്തിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റായും ഈ കാലയളവിൽ പ്രവർത്തിച്ച അവർ സംസ്ഥാനത്തിന് പുറത്ത് നടന്ന നിരവധി സമരങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചു.
ജനാധിപത്യ മഹിള അസോസിയേഷന്റെ അമരക്കാരിയായി നാലു പതിറ്റാണ്ടോളം പ്രവർത്തിച്ച ജോസഫൈൻ സ്‌ത്രീകളുടെ അവകാശങ്ങൾ ഉയതർത്തിപ്പിടിച്ച് പോരാട്ടം നടത്തുന്നതിൽ എന്നും ശ്രദ്ധിച്ചു. ലിംഗസമത്വം എന്ന ഭരണഘടനയിലെ അവകാശത്തിനുവേണ്ടി വീറോടെ അവർ വാദിച്ചു. മികച്ച പ്രാസംഗികയും എഴുത്തുകാരിയുമായിരുന്ന അവർ തന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും ഈ നിലപാട് ശക്തമായി ഉയർത്തിപ്പിടിച്ചു.
പതിമൂന്ന് വർഷക്കാലം അങ്കമാലി മുനിസിപ്പൽ കൗൺസിലറായി പ്രവർത്തിച്ച ജോസഫൈൻ വികസനപ്രവർത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. നാടിന്റെ വികസനത്തിന് കൗൺസിലർ എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം കൃത്യമായി ചെയ്യാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു.
19789ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച ജോസഫൈന് ശക്തമായ മത്സരം കാഴ്‌ചവെക്കാൻ കഴിഞ്ഞു.
1996ൽ വനിത വികസന കോർപറേഷൻ ചെയർപേഴ്‌സണായി നിയമിക്കപ്പെട്ട ജോസഫൈൻ പ്രവർത്തനമികവുകൊണ്ട് ഏറെ പ്രശംസിക്കപ്പെട്ടു. വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി വീറോടെ പോരാടിയ അവർ അധികാരസ്ഥാനത്തിരുന്നുകൊണ്ട് പരമാവധി നീതി സ്‌ത്രീകൾക്ക് ലഭ്യമാക്കാൻ പരിശ്രമിച്ചു.
2006ൽ വിശാല കൊച്ചി വികസന അതോറിറ്റിയുടെ ചെയർപേഴ്‌സണായി അവർ നിയോഗിക്കപ്പെട്ടു. കൊച്ചിക്കും വൈപ്പിനും പരമാവധി വികസനപ്രവർത്തനങ്ങൾ നടത്തിയെടുക്കാൻ ഈ കാലയളവിൽ ജോസഫൈൻ ശ്രമിച്ചു. എടുത്തുപറയാൻ കഴിയുന്ന നിരവധി വികസനപ്രവർത്തനങ്ങൾക്ക് അവർ ചുക്കാൻ പിടിച്ചു.
2016ൽ സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്‌സണായി ജോസഫൈൻ നിയമിക്കപ്പെട്ടു. പീഡനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന സ്‌ത്രീകളോട് കാരുണ്യം മനസ്സിൽ സൂക്ഷിച്ച ജോസഫൈൻ അവരുടെ പ്രശ്‌നങ്ങൾ ആത്മാർഥതയോടെ ഏറ്റെടുത്തിരുന്നു. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാതെ മൗനം പാലിച്ച് എല്ലാം സഹിക്കുന്നവരെ ഒരു അമ്മയുടെ വാത്സല്യത്തോടെ അവർ ശാസിച്ചിരുന്നു. ശാസനയ്‌ക്കൊടുവിൽ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അവർ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുകയും ചെയ്‌തിരുന്നു.
വനിത കമ്മീഷൻ നടത്തിയ സിറ്റിംഗുകളിലും അദാലത്തുകളിലും കിട്ടുന്ന പരാതികളിന്മേൽ തീർപ്പാക്കുന്നതിൽ ജോസഫൈൻ ആത്മാർഥമായ പരിശ്രമങ്ങൾ നടത്തി. സ്‌ത്രീകളെ ഉപദ്രവിക്കുന്നവരോട്, വീട്ടുചെലവിന് പണം നൽകാതെ മദ്യപിച്ചും മറ്റും ധൂർത്തടിക്കുന്നവരോട് കർക്കശമായ നിലപാടാണ് അവർ സ്വീകരിച്ചത്. സ്‌ത്രീകൾതന്നെ സ്‌ത്രീകളെ ഉപദ്രവിക്കുന്നതിനെയും ഉപദ്രവത്തിന് കൂട്ടുനിൽക്കുന്നതിനെയും അവർ നിശിതമായി വിമർശിച്ചു. ചാനലുകളിലൂടെ വന്ന ജോസഫൈന്റെ ഒരു പരാമർശത്തെ മാധ്യമങ്ങൾ വിവാദമാക്കിയതിനെത്തുടർന്നാണ് കാലാവധി തീരുന്നതിന് എട്ടുമാസം മുന്പ് അവർ ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
നടിക്കെതിരായ ആക്രമണമുണ്ടായപ്പോൾ താരാസംഘടനയുടെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത് അന്ന് വനിത കമീഷൻ ചെയർപേഴ്‌സൺ ആയിരുന്ന ജോസഫൈനായിരുന്നു. 2019ൽ കോട്ടയത്ത് കെവിൻ ദുരഭിമാനക്കൊലയ്‌ക്ക് ഇരയായപ്പോൾ കെവിന്റെ ഭാര്യ നീനുവിനെ സന്ദർശിച്ച് ധൈര്യം പകർന്നവരിൽ പ്രധാനി ജോസഫൈനായിരുന്നു. എറണാകുളത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയിൽ കാറപകടത്തിൽ സാരമായി പരിക്കേറ്റിട്ടും അതൊന്നും വകവെക്കാതെയാണ് ജോസഫൈൻ അന്ന് നീനുവിനെ സന്ദർശിച്ചത്.
മതാചാരങ്ങളൊന്നുമില്ലാതെയാണ് ജോസഫൈൻ സുഹൃത്തും സഖാവുമായ പി എ മത്തായിയെ വിവാഹം കഴിച്ചത്. പരിവർത്തനവാദി കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലംമുതൽ ദൃഢസൗഹൃദത്തിലായിരുന്നു ജോസഫൈനും മത്തായിയും. സോഷ്യലിസ്റ്റ് ആശയങ്ങളോട് ഇഴയടുപ്പം ഇരുവർക്കും ആദ്യം മുതലേയുണ്ടായിരുന്നു. സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിനുള്ള തീരുമാനമെടുത്തതും ഇരുവരും ചേർന്നാണ്.
ജോസഫൈന്റെ പാർട്ടി പ്രവർത്തനത്തിലും പൊതുപ്രവർത്തനരംഗത്തും ശക്തമായ പിന്തുണയാണ് മത്തായി സഖാവ് നൽകിയത്. അതേക്കുറിച്ച് ജോസഫൈൻ സഹപ്രവർത്തകരോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്: ‘‘രാഷ്‌ട്രീയപ്രവർത്തനം ജീവിതചര്യയാക്കാൻ തീരുമാനിച്ച എനിക്ക് അതിനു പ്രോത്സാഹനം തന്നത് എന്റെ ഭർത്താവ് പി എ മത്തായിയാണ്. ഒരു പുരുഷന്റെ വളർച്ചയ്‌ക്ക് പിന്നിൽ ഒരു സ്‌ത്രീ ഉണ്ടാകുമെന്ന് നെപ്പോളിയൻ പറയുകയുണ്ടായി. എന്നാൽ എന്റെ പൊതുപ്രവർത്തനത്തിൽ എല്ലാവിധ പിന്തുണയും നൽകി അടിയുറച്ചുനിന്നത് ഒരു പുരുഷനാണ്. എന്റെ ഭർത്താവ്. യാത്രപോകുമ്പോൾ ട്രെയിൻ കയറ്റാനും ബസ് കയറ്റാനും യാത്രയാക്കാനും അദ്ദേഹം വരില്ല. ഒറ്റയ്‌ക്ക് സഞ്ചരിക്കുക, രാഷ്‌ട്രീയ പ്രവർത്തനത്തിനു പോകുന്ന സ്‌ത്രീകൾ സ്വയം ശക്തിപ്പെടുക ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എത്രയോ അർധരാത്രികളിൽ അങ്കമാലി ബസ് സ്‌റ്റാൻഡിൽനിന്ന് ഒറ്റയ്‌ക്ക് നടന്ന് ഞാൻ വീട്ടിൽ എത്തിയിട്ടുണ്ട്’’.
രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് യാത്രചെയ്യുകയും പലപ്പോഴും ബസ് സ്‌റ്റോപ്പിൽനിന്ന് വീട്ടിലേക്ക് ഒറ്റയ്‌ക്ക് നടന്നുപോകുകയും ചെയ്‌തിരുന്ന ജോസഫൈന് സ്വരക്ഷയെക്കുറിച്ച് തെല്ലും ആശങ്കയില്ലായിരുന്നു. അതിനു കാരണമായി അവർ പറഞ്ഞത് താൻ ദേശാഭിമാനിയും ചിന്ത വാരികയും കൈയിൽ പിടിച്ചുകൊണ്ടാണ് യാത്രചെയ്യുന്നത്. അതു രണ്ടും കൈവശമുള്ളപ്പോൾ ഭയപ്പാടേ ഉണ്ടായിട്ടില്ല എന്നാണ്. ജീവനുതുല്യം താൻ സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിലുള്ള വിശ്വാസം തന്നെയായിരുന്നു ജോസഫൈന്റെ എല്ലാക്കാലത്തെയും കരുത്ത്.
ലോക കമ്യൂണിസ്റ്റ്‐ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ വനിതാ പോരാളികളുടെ പോരാട്ടവീര്യം ഊർജമായി സ്വീകരിച്ച കമ്യൂണിസ്റ്റുകാരിയാണ് ജോസഫൈൻ. അതുകൊണ്ടുതന്നെ പുതുതലമുറയ്‌ക്കും റോസ ലക്‌സംബർഗിനെയും അലക്‌സാണ്ട്ര കൊല്ലന്തായിയെയുമൊക്കെ ക്ലാസുകളിലൂടെ പരിചയപ്പെടുത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. എംഎ പാസായതിനുശേഷം കുറേക്കാലം ഒരു സ്വകാര്യ സ്‌കൂളിലും പിന്നീട് പാരലൽ കോളേജിലും അധ്യാപികയായി പ്രവർത്തിച്ചപ്പോൾ ലഭിച്ച അധ്യാപനമികവ് പാർട്ടി ക്ലാസുകൾ എടുക്കുന്നതിന് അവർക്കു കൂടുതൽ സഹായകമായി.
വായിക്കുക, പഠിക്കുക, പ്രതികരിക്കുക എന്നതായിരുന്നു ജോസഫൈൻ എപ്പോഴും യുവതലമുറയോട് ആവർത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ പറഞ്ഞ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതിൽ അവർ മാതൃകയായിരുന്നു താനും.
2022 ഏപ്രിൽ 10ന് എം സി ജോസഫൈൻ അന്തരിച്ചു. സ്വന്തം ജീവിതത്തിലോ ഏകമകൻ മനുവിന്റെ ജീവിതത്തിലോ മതപരമായ ഒരു ചടങ്ങും നിർവഹിക്കാത്ത ദന്പതികളായിരുന്നു പി എ മത്തായിയും ജോസഫൈനും. സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗമായിരുന്ന മത്തായി, മരണശേഷം തന്റെ ഭൗതികശരീരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠിക്കാൻ നൽകകയായിരുന്നു. ജോസഫൈന്റെ ഭൗതികശരീരവും അതുപോലെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠിക്കാൻ വിട്ടുനൽകി. മരണാനന്തരവും തങ്ങളുടെ ശരീരംകൊണ്ട് സമൂഹത്തിന് ഉപകാരമുണ്ടാകണമെന്ന ഉറച്ച നിലപാടിലൂടെ ആ ദന്പതികൾ മാതൃകയായി. ♦
കടപ്പാട്: സ്‌ത്രീശബ്ദം മാസികയുശട 2022 മെയ് ലക്കം