വിപ്ലവപ്പാതയിലെ ആദ്യ പഥികർ‐11
കല്യാശ്ശേരിയിൽ കെ.എ.കേരളീയന്റെ സന്തസഹചാരികളിലൊരാളായി നിയുക്തനായ കുന്നത്ത് പുതിയവീട്ടിൽ രാമപുരത്ത് രയരപ്പൻ എന്ന കെ.പി.ആർ.രയരപ്പൻ കുഞ്ഞുപ്രായത്തിലേതന്നെ സാഹസികപ്രവൃത്തികൾ നടത്തി ശ്രദ്ധേയനായിരുന്നു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ആരുടെയും ആഹ്വാനമില്ലാതെ ക്ലാസ് ബഹിഷ്കരിച്ച് മംഗലാപുരത്തേക്ക് പോയത് വീട്ടിലും നാട്ടിലും വലിയ പ്രശ്നമുണ്ടാക്കി. സ്കൂളിൽനിന്ന് പുറത്താക്കുകയുംചെയ്തു‐ 1927ൽ. മംഗലാപുരത്ത് കോൺഗ്രസ് റാലിയിൽ പ്രസംഗിക്കുന്ന ഗാന്ധിജിയെ കാണാനായിരുന്നു ആ ഒളിച്ചുയാത്ര. ഗാന്ധിജിയുടെ പ്രസംഗം കേട്ട് താനും ഒരു കോൺഗ്രസ്സുകാരനായി, സ്വാതന്ത്ര്യസമരസേനാനിയായെന്ന അഭിമാനത്തോടെ നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സ്കൂളിൽനിന്ന് പുറത്താക്കിയ വിവരമെത്തിയിരുന്നു. അച്ഛന്റെ സഹോദരീഭർത്താവായ ഗോവിന്ദൻ നമ്പ്യാരും (ഇ.കെ.നായനാരുടെ പിതാവ്) മറ്റ് ബന്ധുക്കളും സ്കൂളിലെത്തി ഇനി അത്തരം ‘അവിവേക’മുണ്ടാകില്ലെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് രയരപ്പനെ തിരിച്ചെടുത്തത്. ജ്യേഷ്ഠനായ കെ.പി.ആറിനെ പ്രവർത്തനങ്ങളിലെല്ലാം പിന്തുടർന്ന രയരപ്പൻ വായനശാലാ പ്രവർത്തനത്തിലാണ് ആദ്യം മുഴുകിയത്.
ജ്യേഷ്ഠൻ സ്വന്തം തറവാട്ടിലെ ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ ആരംഭിച്ച ലാലാലജ്പത്റായ് വായനശാലയുടെ പ്രവർത്തനം. രയരപ്പൻ ഒരിക്കൽ അവകാശപ്പെട്ടത് മലബാറിലെ ആദ്യത്തെ ജനകീയവായനശാല അതാണെന്നാണ്. ഏറമ്പാല മഠത്തിലെ വാതിലില്ലാത്ത മുറിയിൽ ഒരു ബെഞ്ചിട്ട് നടത്തിയ വായനശാല‐ 1927‐ലായിരുന്നു അത്. ദി ഹിന്ദു ദിനപത്രവും മാതൃഭൂമിയും ഏതാനും ചില പുസ്തകങ്ങളുമല്ലാതെ വായിക്കാൻ അധികം പുസ്തകങ്ങളൊന്നുമില്ലാത്തതിനാൽ ഔദ്യോഗികമായി ഗ്രന്ഥശാലാ പ്രസ്ഥാനചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെട്ടില്ലെന്നതു വേറെ കാര്യം. ജ്യേഷ്ഠൻ വീട്ടിലില്ലാത്ത ദിവസങ്ങളിലെല്ലാം രയരപ്പനും കെ.വി.നാരായണൻ നമ്പ്യാരുമാണ് ലാലാ ലജ്പത്റായ് വായനശാലയിൽ പോയി ഇരിക്കുക. ഇവർ ഇരുവരുമാണ് പിന്നീട് കേരളീയന്റെ സന്തതസഹചാരികളായത്. ഇവരാണ് കേരളീയനോടൊപ്പം പറശ്ശിനി മടപ്പുരയിൽ പോയത്. ആ പോക്കിലാണ് മടപ്പുരയ്ക്ക് ഒരു കമ്യൂണിസ്റ്റ് മുഖമുണ്ടാക്കിയത്. മടപ്പുരയിലെ പി.എം.മാധവിയെന്ന കരിഞ്ചിയേടത്തി കമ്മ്യൂണിസ്റ്റുകാർക്കായി ഒരുകലം ചോറ് കരുതിവെക്കാൻ തുടങ്ങിയത് അതിൽപ്പിന്നെയാണ്. ആദ്യത്തെ കമ്മ്യൂണിസ്റ്റുകാരിയായ യശോദടീച്ചറെയും ഇ.എം.എസ്സിനെയും കൃഷ്ണപിള്ളയെയുമടക്കം പോലീസുകാരിൽനിന്നും ഗുണ്ടകളിൽനിന്നും രക്ഷിക്കാൻ പറശ്ശിനിയിൽ താവളങ്ങളുണ്ടായതിന്റെ തുടക്കം അങ്ങനെയാണ്. ആജാനബാഹുവായ രയരപ്പൻ മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. വോളിബോൾ അടക്കം മറ്റ് കായിക ഇനങ്ങളിലും വിരുതൻ. 1932ൽ ടെറിട്ടോറിയൽ ആർമിയിൽ ചേർന്ന് പരിശീലനം പൂർത്തിയാക്കിയത് കായികതാൽപര്യത്താലാണ്. ജമേദാർ തസ്തികയിലാണ് നിയോഗിക്കപ്പെട്ടത്. ഇടയ്ക്കുമാത്രമാണ് പട്ടാള ക്യാമ്പിൽ പോകേണ്ടത്. കൂടുതലും ഇടവേള. ഈ സമയത്ത് കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായി. 1930ലെ നിയമലംഘനപ്രസ്ഥാനത്തിലും 31ലെ കള്ളുഷാപ്പ് പിക്കറ്റിങ്ങിലും പങ്കെടുത്തു. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന ബോധവൽക്കരണജാഥയിൽ പങ്കാളിയായി. എ.കെ.ജി.യും തിരുമുമ്പുമാണ് ജാഥ നയിച്ചത്. പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി തലശ്ശേരി ബ്രണ്ണൻ കോളേജിൽ അധ്യാപകപരിശീലനത്തിന് ചേർന്നു. എന്നാൽ അവിടെവെച്ച് ഫുട്ബോൾ മാച്ചിനിടെ വീണു പരിക്കേറ്റതിനാൽ പരിശീലനം ഇടയ്ക്കുവെച്ച് നിർത്തേണ്ടിവന്നു.
1936 ആദ്യം ചിറക്കൽ താലൂക്ക് കർഷകസംഘത്തിന്റെ ഓഫീസ് കല്യാശ്ശേരിയിൽ ആരംഭിച്ചപ്പോൾ ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ തുടങ്ങി. കുഞ്ഞിമാസ്റ്റർ എന്നറിയപ്പെട്ട കെ.വി.നാരായണൻ നമ്പ്യാരും കൂട്ടിനുണ്ട്. (കല്യാശ്ശേരി അഞ്ചാംപീടിക സ്വദേശിയായ കെ.വി.നാരായണൻ നമ്പ്യാർ കല്യാശ്ശേരിയിലെ ത്യാഗിവര്യരായ വിപ്ലവകാരികളിലൊരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. കെ.പി.ആർ ഗോപാലനെയും രയരപ്പനെയും പോലെ മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിനായി വിവാഹം വേണ്ടെന്നുവെച്ചു. കെ.പി.ആർ.ഗോപാലൻ ജീവിതസായാഹ്നത്തിൽ വിവാഹംചെയ്തിരുന്നുവെന്ന് വിസ്മരിക്കുന്നില്ല). കെ.പി.ആർ. രയരപ്പനും കെ.വി.നാരായണൻ നമ്പ്യാരും വലിയ കെ.പി.ആറിന്റെയും കേരളീയന്റെയും നിർദേശാനുസരണം നാട്ടിലാകെ ഓടിനടന്നുപ്രവർത്തിച്ചു. അധസ്ഥിത സമുദായത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിനും അവരെ സംരക്ഷിക്കുന്നതിനും പ്രവർത്തിച്ചു. അയിത്തവിരുദ്ധ പ്രസ്ഥാനം കല്യാശ്ശേരി കേന്ദ്രീകരിച്ച് കെട്ടിപ്പടുക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സുമുഖൻ സംഭവവും കേളപ്പന്റെയും സി.എഫ്.ആൻഡ്രൂസിന്റെയും സന്ദർശനവും തുടർന്ന് ബാബു രാജേന്ദ്രപ്രസാദിന്റെ വരവും വലിയ ഉണർവാണുണ്ടാക്കിയത്. സ്വാമി ആനന്ദ തീർഥൻ കല്യാശ്ശേരി ഹാജിമൊട്ടയിൽ ഒരു ഹരിജൻ ഹോസ്റ്റൽ സ്ഥാപിച്ചത് അക്കാലത്താണ്. ഗാന്ധി നാരായണൻ നമ്പ്യാർ എന്നറിയപ്പെട്ട പി.വി. നാരായണൻ നമ്പ്യാരാണ് ഹോസ്റ്റൽ നോക്കിനടത്തിയത്. ഈ പ്രവർത്തനത്തിൽ പ്രധാന ഉത്സാഹക്കാർ രയരപ്പനും കെ.വി.നാരായണൻ നമ്പ്യാരും എം.പി.നാരായണൻ നമ്പ്യാരുമായിരുന്നു.
1940 ഏപ്രിൽ 15ന് പാപ്പിനിശ്ശേരി ആറോൺ മില്ലിൽ സമരം തുടങ്ങുന്നതിന് മുന്നോടിയായി ഒരു പൊതുയോഗം ചേർന്നു. യോഗത്തിന് നേതൃത്വം നൽകിയ കെ.പി.ആർ. ഗോപാലനെയും അനിയൻ രയരപ്പനെയും അറസ്റ്റ് ചെയ്യാൻ പോലീസ് എത്തി. രയരപ്പനോട് വള്ളുവനാട്ടിൽപോയി പ്രവർത്തിക്കാൻ കൃഷ്ണപിള്ള നിർദേശിച്ചു. പെരുമാറ്റത്തിലെ സവിശേഷത കാരണം നാട്ടിൽ ഒളിവിൽ കഴിയാൻ നിനക്കാവില്ല, നീ വള്ളുവനാട്ടിലേക്ക് പോയ്ക്കോ എന്നാണ് നിർദേശം. അങ്ങനെ പുലാമന്തോളിൽ ഇ.എം.എസ്സിന്റെ വീട്ടിലാണെത്തുന്നത്. ആ വീട്ടിൽ താമസിച്ചുകൊണ്ട് പെരിന്തൽമണ്ണ മേഖലയിൽ പ്രവർത്തനം. കുഞ്ഞുണ്ണിനായർ, ഐ.സി.പി. നമ്പൂതിരി എന്നിവരോടൊപ്പം വള്ളുവനാട് മേഖലയിലാകെ കെ.പി.ആർ. രയരപ്പൻ നിറഞ്ഞു പ്രവർത്തിച്ചു. സാമ്രാജ്യത്വയുദ്ധത്തിനെതിരായ മുദ്രാവാക്യം ടാറു കൊണ്ട് പൊതുസ്ഥലങ്ങളിൽ എഴുതലാണ് പ്രധാന പ്രവർത്തനം. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്റെ ചുമരിൽ മുദ്രാവാക്യമെഴുതാൻ തീരുമാനിക്കുന്നു. പാറാവുകാരനായ പോലീസുകാരൻ മയങ്ങാറായ സമയംനോക്കി രയരപ്പൻ പുറപ്പെട്ടു. കയ്യിൽ ടാർ നിറച്ച ബക്കറ്റും എഴുതാനുള്ള ഉപകരണമായി ചൂലും. സ്റ്റേഷന്റെ പിറകിൽപോയി കാത്തിരുന്നു. പോലീസുകാരൻ വിളക്കിലെ തിരി താഴ്ത്തി കിടന്നു. രയരപ്പൻ സ്റ്റേഷന്റെ ചുമരിൽ തലങ്ങും വിലങ്ങും എഴുതി‐ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ. എഴുതിക്കഴിഞ്ഞ് ഏലംകുളം മനയിലെത്തുമ്പോൾ അവിടെ കാര്യസ്ഥൻ രാമൻനായരുണ്ട്. അയാളിൽനിന്ന് എണ്ണ വാങ്ങി കൈകഴുകാൻ കുളത്തിലിറങ്ങിയപ്പോഴേക്കും കുളത്തിനടുത്തേക്ക് പോലീസുകാർ നടന്നെത്തുന്നു. കൈകഴുകാതെ കുളത്തിൽനിന്ന് കയറി ഓടുകയായിരുന്നു. ശ്രീകൃഷ്ണപുരത്ത് സഖാവ് പി.എസ്. നമ്പൂതിരിയുടെ വീട്ടിലേക്കാണ് പോയത്. അവിടെയെത്തേി കൈകഴുകി ഊണുകഴിച്ച ശേഷം വീണ്ടും നടത്തം. അഡ്വ.പി.ബാലചന്ദ്രമേനോന്റെ വീടാണ് അഭയകേന്ദ്രമായത്. ഉറക്കമില്ലായ്മയും മറ്റും കാരണം അർശസ്സ് മൂത്ത് രക്തസ്രാവം തുടങ്ങി. കലശലായ വേദനയിൽ പുളയുന്ന സ്ഥിതി. പാർട്ടി മുഖേന വലിയ കെ.പി.ആറിന് വിവരം നൽകി. ചികിത്സനടത്താൻ 50 രൂപ കെ.പി.ആർ. എത്തിച്ചുകൊടുത്തു. ആ പണവുമായി ചെന്നൈയിലെത്തി. അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാമത്തെ ദിവസം ഡോക്ടർ രാമൻ രയരപ്പന്റെ അടുത്തെത്തി. (കണ്ണൂർക്കാരനായ ഡോക്ടർ അകന്ന ബന്ധുവാണ്) കയ്യിൽ ഒരു പത്രവുമുണ്ട്. എടാ നിന്റേട്ടന്റെ തോന്ന്യാസം കണ്ടോടാ, ഡോക്ടർ കോപാകുലനായി ചോദിച്ചു. പത്രം കണ്ടപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. മൊറാഴയിൽ സംഘട്ടനത്തിൽ രണ്ടു പോലീസുകാർ കൊല്ലപ്പെട്ടിരിക്കുന്നു. 1940 സെപ്റ്റംബർ 15ലെ സംഭവം. ആകെ ആശങ്കയിൽ ഇവിടെയുണ്ടെന്ന് പോലീസിന് ഉടൻ വിവരംകിട്ടും. ഉടൻതന്നെ അറസ്റ്റിലാകും. മൊറാഴ കൊലക്കേസിലും പ്രതിയാകും. സ്റ്റിച്ചെടുക്കാതെ എങ്ങനെ പോകും. ഡോക്ടർ വാർഡിൽനിന്ന് പുറത്തിറങ്ങിയ നിമിഷംതന്നെ രയരപ്പൻ ആശുപത്രിയിൽനിന്ന് പുറത്തുചാടി. മതിൽചാടിക്കടന്ന് ഓടി.
മദിരാശി നല്ല പരിചയമുള്ള സ്ഥലമാണ്. ഹൈക്കോടതി നിൽക്കുന്ന സ്ഥലത്തിനടുത്തുകൂടെ, ബ്രോഡ്‌വേ വഴി നടന്നു. അവിടെ ലോ കോളേജ് ഹോസ്റ്റലിലെത്തി. അച്ഛന്റെ മരുമകനായ ഇ.ആർ. നായനാർ അവിട പഠിക്കുന്നുണ്ട്. ഇ.ആർ. സ്കൂൾകാലത്ത് സഹപ്രവർത്തകനുമാണ്. കെ.പി.ആർ. തുടങ്ങിയ കയ്യെഴുത്ത് മാസികയുടെ കവർ വരക്കാറുള്ളത് അദ്ദേഹമാണ്. ഇ.ആർ.നായനാർ അവിടെ തനിക്ക് കഴിക്കാനായി വെച്ച ഭക്ഷണത്തിൽ ഒരുഭാഗം മച്ചുനന് നൽകി. അതും കഴിച്ച് കിടന്നു. നേരം പുലരുംമുമ്പെഴുന്നേറ്റ് ബസ് സ്റ്റാൻഡിലേക്ക് നടന്നു. തിരുവട്ടിപുരത്തേക്കുള്ള (ചെയ്യാർ) ബസ്സിൽ കയറി. മൂത്ത സഹോദരി അവിടെയാണ്. ഭർത്താവ് സബ് ഇൻസ്പക്ടറാണ്. രയരപ്പേട്ടൻ ഒരിക്കൽ ഈ ലേഖകനോട് പങ്കുവെച്ച വാക്കുകൾ അതേപടി ഇവിടെ കൊടുക്കാം. “ചെയ്യാറിലേക്ക് 75 നാഴികയുണ്ട് മദിരാശിയിൽനിന്ന്. പുഴുത്ത ബസ്സാണ്. മച്ചുനനായ ഇ.ആർ.നായനാരുടെ ഹോസ്റ്റൽ മുറിയിൽനിന്നിറങ്ങുമ്പോൾ എടുത്ത തലയണ ബസ്സിന്റെ സീറ്റിൽവെച്ച് അതിന്മേൽ ഇരുന്നു. ചെയ്യാറിലെത്തി തലയണയെടുത്തപ്പോൾ അത് ചോരയിൽ കുളിച്ചിരുന്നു. അവിടെ എത്തി ഒരു പായയിൽ കിടന്നതോർമയുണ്ട്. നാലുദിവസംകഴിഞ്ഞാണ് പിന്നെ ബോധംവന്നത്. അപ്പോഴേക്കുമതാ കൃഷ്ണൻ വന്നു (കെ.പി.ആർ. സഹോദരങ്ങളിലെ ഇളയ ആൾ‐ കെ.പി.ആർ.കൃഷ്ണൻ‐ പിൽക്കാലത്ത് പ്രശസ്ത സ്പോർട്സ് ലേഖകനായി, മാതൃഭൂമിയിൽ). മൊറഴ സംഭവം കാരണം നാട്ടിൽ പോലീസ് ഭീകരവാഴ്ചയായതിനാൽ രക്ഷപ്പെട്ട് ഓടിവന്നതാണ്. രണ്ട് അളിയന്മാരുമെത്തിയതോടെ സഹോദരീ ഭർത്താവായ എസ്.ഐ.ക്ക് പേടിയായി. അദ്ദേഹം 50 രൂപയുംതന്ന് ഞങ്ങളെ വിട്ടു. ഞങ്ങൾ നാട്ടിലേക്ക് വണ്ടി കയറി. ഞാൻ കോയമ്പത്തൂരിൽ ഇറങ്ങി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ബന്ധുവാണ്. അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽനിന്നും കുളിച്ച് വസ്ത്രം മാറി ആശുപത്രിയിലേക്കുപോയി. അർശസ് ഓപ്പറേഷൻ ചെയ്തത് പഴുത്ത് സെപ്റ്റിക്കായിക്കഴിഞ്ഞിരുന്നു. ആശുപത്രിയിൽകിടന്ന് അത് ഏറെക്കുറെ ഉണങ്ങിക്കഴിഞ്ഞശേഷം സ്റ്റേഷൻ മാസ്റ്റരിൽനിന്നും 50 രൂപ കടംവാങ്ങി വീണ്ടും നാട്ടിലേക്ക്. ഒളിക്കാൻ കഴിയില്ലെന്ന് കൃഷ്ണപിള്ളയും കെ.പി.ആർ.ഗോപാലനും കളിയാക്കിയും പ്രശംസിച്ചും പറഞ്ഞുവെങ്കിലും അതീവരഹസ്യമായി സാഹസികപ്രവർത്തനങ്ങൾ പിന്നെയും നടത്തി രയരപ്പൻ നേതാക്കളെ വിസ്മയിപ്പിച്ചു. തൊള്ളായിരത്തി നാല്പതുകളുടെ ആദ്യം അറസ്റ്റിലായി രണ്ടുവർഷം തടവനുഭവിച്ചുകൊണ്ടിരിക്കെയാണ് പിതാവ് രയരപ്പൻ നായനാർ അന്തരിച്ചത്. വെല്ലൂർ ജയിലിലായിരുന്ന രയരപ്പന് പരോൾ അനുവദിച്ചു. തളിപ്പറമ്പിൽനിന്ന് പോലീസുകാർ വെല്ലൂരിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അടുത്തദിവസമാണ് വീട്ടിൽ ഒരു വിവരമെത്തുന്നത്.
ബ്ലാത്തൂർ, കല്യാട് മേഖലയിൽ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന സുബ്രഹ്മണ്യഷേണായി കടുത്ത രോഗംബാധിച്ച് കിടപ്പിലാണ്. നേരത്തെ രയരപ്പനാണ് ബ്ലാത്തൂർ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. കല്യാട്ടെശമാനന്റെ ചൂഷണത്തിനെതിരായി കൃഷിക്കാരെ സംഘടിപ്പിച്ച് വലിയ ശക്തിയാക്കി മാറ്റിയത് കെ.പി.ആർ. രയരപ്പന്റെയും ഷേണായിയുടെയും ടി.സി.നാരായണൻ നമ്പ്യാരുടെയുമൊക്കെ നേതൃത്വത്തിലാണ്. ഒളിവിൽ മലയോരത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഷേണായിയുയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ രയരപ്പന് ഇരിക്കപ്പൊറുതിയില്ലാതായി. ന്യൂമോണിയ ബാധിച്ച് അത്യാസന്നനിലയിലായ ഷേണായിയെ തോണിയിൽ പറശ്ശിനിക്കടവിലെത്തേിച്ച് സഖാവ് പി.പി.അച്ചുതൻ മാഷുടെ വീട്ടിൽ കിടത്തിയിരിക്കുകയാണ്. കണ്ണൂരിൽ മാത്രമാണ് ഡോക്ടർ ഉള്ളത്. കണ്ണൂരിൽനിന്ന് ഡോക്ടർ തമ്പിയെ പറശ്ശിനിക്കടവിലെത്തിക്കണം. കെ.പി.ആർ. രയരപ്പൻ വിചാരിച്ചാൽ അത് നടക്കും. അതാണ് വിവരം അവിടെയെത്തിക്കാൻ കാരണം. ഏതാനുംദിവസത്തെ പരോളിൽ പോലീസ് കാവലിൽ വീട്ടിൽ കഴിയുന്ന രയരപ്പൻ എങ്ങനെ പുറത്തുപോകും. അതും 15 കിലോമീറ്ററോളം യാത്ര ചെയ്ത് കണ്ണൂരിൽ. പുറത്ത് പോലീസ് കാവൽ നിൽക്കുന്നു. ഇനി രയരപ്പേട്ടൻ ഒരിക്കൽ ഈ ലേഖകനോട് പറഞ്ഞ വാക്കുകൾ അതേപടി ചുവടെ “രണ്ടും കല്പിച്ച് ഞാൻ അടുക്കളവഴി പുറത്തിറങ്ങി ഓടി. കണ്ണൂരിൽച്ചെന്ന് ഡോക്ടർ തമ്പിയെ കണ്ടു. വലിയ പ്രയാസം പറഞ്ഞെങ്കിലും അദ്ദേഹം വന്നു. ഒരു കാറിൽ കമ്പിൽവരെ. കമ്പിൽ കടവുകടന്ന് അച്ചുമാഷുടെ വീട്ടിലെത്തി. ഞങ്ങളെത്തുമ്പോൾ ഷേണായി ബോധവും കഥയുമില്ലാത്ത നിലയിലായിരുന്നു. ഷേണായിയെ ഡോക്ടർ രക്ഷിച്ചു. ഞാൻ വീട്ടിലേക്കും പിന്നെ വെല്ലൂർ ജയിലേക്ക് തിരിച്ചും പോയി. എന്റെ ജീവിതത്തിലെ ഏറ്റവും ചാരിതാർഥ്യമുണ്ടാക്കിയ സംഭവമാണത്’. കെ.പി.ആർ. രയരപ്പൻ എന്ന പേര് പലപ്പോഴും നേട്ടവും വിനയുമായിട്ടുണ്ടെന്നതാണ് രയരപ്പേട്ടന്റെ അനുഭവം. കെ.പി.ആർ. എന്ന് കേൾക്കുമ്പോൾ ഭീതിയുണ്ടാകുന്ന പോലീസുകാരും ജയിലധികൃതരും കെ.പി.ആർ.രയരപ്പനെ ഉപദ്രവിക്കാതെ പെരുമാറി. എന്നാൽ കെ.പി.ആറിനോടുള്ള ദേഷ്യം അനുജനിൽ പ്രയോഗിച്ച ഉദ്യോഗസ്ഥരുമുണ്ട്. ആറോൺമിൽ സമരം കഴിഞ്ഞപ്പോൾ നേരത്തെ അറസ്റ്റ് വാറണ്ടുണ്ടായിരുന്ന രയരപ്പൻ വക്കീലിനെ സമീപിച്ചു.(വള്ളുവനാട്ടിൽനിന്ന് മദിരാശിയിൽ പോയി തിരികെയെത്തിയ ശേഷം) വക്കീൽ പറഞ്ഞത് ഇക്കാര്യം തുക്കിടിയെ കണ്ട് സംസാരിച്ചാൽ ശരിയാകുമെന്നാണ്. തുക്കിടിയെന്നാൽ തലശ്ശേരി സബ് കളക്ടർ. തുക്കിടിയെ ചെന്നുകണ്ടപ്പോൾ വളരെ മൃദുവായ പെരുമാറ്റം. വിട്ടയക്കാനാണ് 99 ശതമാനവും സാധ്യതയെന്ന് രയരപ്പനും വക്കീലും പ്രതീക്ഷിച്ചു. തുക്കിടി ചോദിച്ചു, എന്താണ് പേര്? കെ.പി.ആർ.രയരപ്പൻ. കെ.പി.ആർ.ഗോപാലന്റെ അനുജനാണല്ലേ? തുക്കിടിയുടെ ഉത്തരസൂചകത്തോടുകൂടിയ ചോദ്യം. നീരസം സ്ഫുരിക്കുന്ന വാക്കുകൾ. നിന്നെ വിടുന്ന പ്രശ്നമില്ല. പ്രഖ്യാപനം ഉടനെ വന്നു. അപ്പോഴേക്കും പോലീസെത്തി രയരപ്പനെ തടവിലാക്കിക്കഴിഞ്ഞു. ഒരുമാസത്തിന് ശേഷം വിട്ടയച്ചുവെങ്കിലും ജയിൽ ഗേറ്റിൽവെച്ച് വീണ്ടും അറസ്റ്റ് ചെയ്തു. ആദ്യം ആറുമാസം കണ്ണൂർ ജയിലിലും പിന്നീട് വെല്ലൂർ ജയിലിലുമായി രണ്ടുവർഷത്തോളം. രയരപ്പേട്ടൻ വെല്ലൂർ ജയിലിൽ കഴിയവേയാണ് എ.കെ.ജി.യും സി.കണ്ണനും ആ ജയിലിൽനിന്ന് ചാടിയത്. എ.കെ.ജി.യുടെ ജയിൽചാട്ടത്തെ തുടർന്ന് ജയിലിൽ പോലീസ് ഭീകരവാഴ്ചയാണ് നടത്തിയത്. രയരപ്പേട്ടന്റെ പല്ലുകൾ മുഴുവൻ തൊഴിച്ചുകൊഴിച്ചു. മുപ്പതുവയസ്സിന് മുമ്പുതന്നെ മുഴവൻ പല്ലും നഷ്ടപ്പെട്ട് വെപ്പു പല്ല് ഉപയോഗിക്കേണ്ടിവന്നു. 1946 ഡിസംബറിലെ കരിവെള്ളൂർ‐ കാവുമ്പായി സംഭവങ്ങളെ തുടർന്ന് 1947 ആദ്യം അറസ്റ്റിലായ കെ.പി.ആർ.രയരപ്പനെ നാലുവർഷത്തിലേറെയാണ് ജയിലിലടച്ചത്. നിരോധനം പിൻവലിച്ചശേഷം 1951 ഒടുവിലാണ് ജയിലിൽനിന്ന് മോചിപ്പിച്ചത്. ഏഴു വർഷത്തോളം ജയിലിലും ആറുമാസത്തോളം ഒളിവിലും. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനത്തിലും ഒന്നാം കോൺഗ്രസ്സിലും പങ്കെടുത്ത രയരപ്പേട്ടൻ ആദ്യഘട്ടത്തിൽ അല്പകാലം പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു. വടകര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു. ♦