Thursday, November 21, 2024

ad

Homeപുസ്തകംകേരളത്തിന്റെ ഗോത്ര വർഗ്ഗ പൈതൃകം ഒരാമുഖം

കേരളത്തിന്റെ ഗോത്ര വർഗ്ഗ പൈതൃകം ഒരാമുഖം

അഖിൽ എം എസ്

കേരളത്തിലെ ഗോത്രവർഗ്ഗ ജീവിതത്തെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങളുടെ അപര്യാപ്തി ഗോത്രവർഗ്ഗ പാരമ്പര്യത്തിലേക്കോ അതിന്റെ സാംസ്കാരിക വഴികളിലേക്കോ അതുന്നയിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിലേക്കോ കടന്നുചെല്ലാൻ കഴിയാത്ത തരത്തിൽ ഒരു വൈജ്ഞാനിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. കൊളോണിയൽ കാലത്തും അതിനുശേഷവും ഗോത്ര സംസ്കാരങ്ങളുടെ നരവംശശാസ്ത്ര അസ്തിത്വത്തെയും സാമൂഹിക പരിണാമങ്ങളെയും വ്യക്തമായി പ്രതിനിധാനം ചെയ്യുന്ന ഒരു ഗവേഷണ സംവിധാനം ഉണ്ടായി വന്നില്ല എന്നതാണ് യാഥാർഥ്യം. കെ പാനൂരിന്റെ ‘കേരളത്തിലെ ആഫ്രിക്ക’പോലുള്ള ഏതാനും ചില പുസ്തകങ്ങളിൽനിന്നാണ് കേരളത്തിലെ ആദിവാസികളുടെ യഥാർത്ഥ ജീവിതാവസ്ഥ പൊതു സമൂഹത്തിൽ ചർച്ചയാകാൻ തുടങ്ങിയത്.അതെന്തുതന്നെയായാലും ആദിവാസി ഗോത്രജീവിതത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വൈജ്ഞാനിക മേഖലകളെ സമഗ്രാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്ന ഒരു പുസ്തകം വൈകിയെങ്കിലും മലയാളഭാഷയിലുണ്ടായി. ‘കേരളത്തിന്റെ ഗോത്ര വർഗ്ഗ പൈതൃകം’ എന്ന ഗ്രന്ഥത്തിലൂടെ ഡോ ആർ ഗോപിനാഥൻ ആദിവാസി ഗോത്രജീവിതത്തിന്റെ സാംസ്കാരിക സമസ്യകളെ ശാസ്ത്രീയാപഗ്രഥനത്തിന് വിധേയമാക്കുന്നുണ്ട്.ഒരുപക്ഷെ മലയാള വൈജ്ഞാനിക സാഹിത്യത്തിൽ നരവംശ ശാസ്ത്രത്തെ അധികരിച്ചുകൊണ്ടുള്ള എണ്ണപ്പെട്ട പുസ്തകങ്ങളിൽ ഒന്നാകാം ഇത്. ആദിവാസികളുടെ ജീവിതത്തെ മുൻനിർത്തി കഴിഞ്ഞ ദശകങ്ങളിൽ കാര്യമായ പഠനങ്ങൾ ഉണ്ടായിട്ടില്ല. സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ അതിനുണ്ട് എന്ന യാഥാർഥ്യത്തെ വിസ്മരിക്കാൻ കഴിയില്ല. എങ്കിലും ഇത്തരത്തിലുള്ള ഒരു റഫറൻസ് ഗ്രന്ഥത്തിന് ചരിത്രപരമായ ചില ധാരണകളെ തിരുത്താനും പുനർനിർമിക്കാനും കഴിയുമെന്ന വസ്തുത തള്ളിക്കളയാൻ സാധിക്കില്ല. ചരിത്രപരവും സാമൂഹികപരവുമായ ഒരു ദൗത്യം അതിനുണ്ട്.

ഇരുപത്തി രണ്ട് അദ്ധ്യായങ്ങളിലായി വിപുലമായ സാമൂഹിക ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും നിരവധിയായ ഇന്ത്യൻ, പാശ്ചാത്യ രേഖകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മ വിശകലനം ചെയ്യുന്നുണ്ട്. ഇന്ത്യൻ ഉപദ്വീപിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളും, കാലാകാലങ്ങളിൽ സാമൂഹികവും ജനിതകവും സാംസ്കാരികവുമായി സംഭവിച്ച പരിണാമങ്ങളും ഗോത്ര വർഗ്ഗങ്ങളുടെ ജീവിതാവസ്ഥകളും ആദ്യ ഭാഗങ്ങളിൽ ചർച്ചചെയ്യുന്നുണ്ട്. തുടർന്ന് കേരളീയമായ ഗോത്രവർഗ ജീവിതങ്ങളിലേക്കും സാംസ്കാരിക ധാരകളിലേക്കും സാമാന്യം ദീർഘമായി തന്നെ വിശാലാർത്ഥത്തിൽ പരിശോധിക്കപ്പെടുകയും അവയുടെ വിശകലനങ്ങളിൽ നിന്നും നിലവിലെ അവരുടെ അസ്തിത്വ പ്രശ്ങ്ങളുടെ ശാസ്ത്രീയ നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്നുണ്ട്.

കേരളത്തിലെ ആദിവാസികളുടെ സൈദ്ധാന്തിക തലങ്ങളെ പ്രതിപാദിക്കുമ്പോൾ നരവംശ ശാസ്ത്രവും സാമൂഹിക മനഃശാസ്ത്രവും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി അനുഭാവപൂർവം പരിഗണിക്കപ്പെടുന്നു എന്നതുമാത്രമല്ല ചരിത്രത്തിലേക്കും സാംസ്കാരിക സമസ്യകളിലേക്കും അതിന്റെ ധൈഷണിക ചിന്ത കടന്നുപോകുന്നുണ്ട്. ഗോത്രവർഗ ജീവിതത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റെയും ദീർഘമായ പഠനങ്ങൾ ഉൾക്കൊള്ളുന്നതുകൊണ്ടുതന്നെ പ്രാചീനകാലംമുതൽ ആധുനിക കാലംവരെയുള്ള അവരുടെ സ്ഥലകാല പരിണാമങ്ങൾ വ്യക്തതയോടെ ഉൾക്കൊള്ളാൻ ഗ്രന്ഥകർത്താവിനായിട്ടുണ്ട്.

ഉദാഹരണത്തിന് ഗ്രന്ഥത്തിലെ ചില വിഷാദശാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ചില ഗവേഷണ സമസ്യകൾ ഉരിത്തിരിഞ്ഞു വരുന്നത് കാണാം. ചിങ്ങവേടന്മാരുടെയും കാടന്മാരുടെയും ചില ആചാരങ്ങൾ ഗ്രന്ഥകർത്താവ് സൂക്ഷ്മ വിശകലനം ചെയ്യുമ്പോൾ അതിന് ആഫ്രിക്കൻ ഗോത്രാചാരങ്ങളിലേക്കുള്ള വിദൂര ബന്ധം കണ്ടെത്താൻ ഗവേഷകത്വരയുള്ള ഒരാൾക്ക് കഴിഞ്ഞേക്കാം. ഉദാഹരണത്തിന് ചിങ്ങവേടന്മാർ പല്ലുകൾ കൂർപ്പിക്കുന്ന ഒരാചാരം നിലവിലുണ്ട് അവരുടെ ഈ ഗോത്ര പ്രത്യേകത ആഗോളതലത്തിൽ ആദിവാസി നരവംശ ശാസ്ത്രത്തിന്റെ രീതിയിൽ അന്വേഷണത്തിന് വിധേയമാക്കിയാൽ മറ്റു പല വൻകരകളിലും അതിന്റെ പരോക്ഷ സ്വാധീനമുള്ളതായി മനസ്സിലാക്കാൻ സാധിക്കും.

‘തെക്കുകിഴക്കൻ ടാൻസാനിയയിലെയും വടക്കൻ മൊസാംബിക്കിലെയും ‘മക്കോണ്ടെ’ ആളുകൾക്കിടയിൽ പല്ലുകൾ മൂർച്ച കൂട്ടുന്ന ആചാരം ഏറ്റവും പ്രചാരമുള്ളതാണ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഭൂരിഭാഗം വംശീയ വിഭാഗങ്ങളും ബൊപ്പോട്ടോയും സാപ്പോ സാപ് ജനങ്ങളും ഉൾപ്പെടുന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ ചില ഗോത്രങ്ങൾ, സാംബിയയിലെ ബെംബ, മലാവിയിലെ യാവോ, സാംബിയയുടെ ചില ഭാഗങ്ങൾ എന്നിവരും പല്ല് മൂർച്ച കൂട്ടുന്ന ആചാരം അനുഷ്ഠിക്കുന്ന ഗോത്രങ്ങളുണ്ട്.’

ഇത്തരത്തിൽ ക്രോഡീകരിക്കപ്പെട്ട വിജ്ഞാനം പരസ്പര ബന്ധിതമായ മനുഷ്യപരിണാമത്തിന്റെ ചരിത്രത്തിലേക്ക് വഴി തെളിക്കുന്നുണ്ട്. അഥവാ ശാസ്ത്രീയമായും രാഷ്ട്രീയപരമായും അതിന്റെ സാധ്യതകൾ നിലനിൽക്കുന്നു എന്നതാണ് സൂചന.

മേൽപ്പറഞ്ഞ വിവരങ്ങൾ ഈ വൈജ്ഞാനിക സൂചനയിൽ നിന്നും പുതിയൊരു നരവംശ ശാസ്ത്രസാധ്യതയിലേക്കുള്ള നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നു. ഇത്തരത്തിലാണ് ഗവേഷകരിലേക്ക് കേരളത്തിലെ ഗോത്രവർഗ പാരമ്പര്യത്തിന്റെ ശേഖരിക്കപ്പെട്ട ഈ കണ്ണികൾ ബന്ധിക്കപ്പെടുന്നത്. ലഭ്യമായ വിവരങ്ങളുടെ ക്രോഡീകരണവും വർഗ്ഗീകരണവും ദീർഘകാലയളവിൽ സാമൂഹികമായും വംശീയമാനങ്ങളുടെ വിശകലത്തിന് സഹായിക്കുന്ന ചരിത്ര സാധ്യതയായി മാറും.

സ്വാതന്ത്ര്യാനന്തരവും ഇന്ത്യക്ക് ദേശീയ തലത്തിൽ മൗലികമായൊരു ഗോത്ര വർഗ്ഗ നയമില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 9 അനുസരിച്ച്‌ ഗോത്രവർഗ്ഗങ്ങളെ അകെ മൊത്തം രേഖപ്പെടുത്തിയിരിക്കുന്നത് പട്ടികവർഗം എന്നാണ്. ഈ ക്രമീകരണം തന്നെ ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യൻ ഗോത്രജീവിതത്തെപ്പറ്റിയുള്ള സവിശേഷമായ ധാരണയുണ്ടാകുമ്പോഴാണ്. അത്തരത്തിലുള്ള ധാരണകൾ ഉണ്ടാകാത്തതിനു കാരണം ആ മേഖലയിലുള്ള വിജ്ഞാനത്തിന്റെ അപര്യാപ്തതയാണ് എന്നതും നഗ്നമായ യാഥാർഥ്യമാണ്. അത്തരത്തിലുള്ള പ്രശ്നങ്ങളുടെ പരിഹാരം എന്നനിലയിൽ ഇത്തരം റഫറൻസ് ഗ്രന്ഥങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഡിജിറ്റൽ ഇടങ്ങളിൽ വസ്തുതാ വിരുദ്ധമായ ചരിത്രങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ റഫറൻസ് ഗ്രന്ഥങ്ങൾ പലപ്പോഴും പ്രതിരോധമാകുന്നുണ്ട്. പോസ്റ്റ് ട്രൂത്തിന്റെ ചരിത്ര നിർമ്മിതി പലപ്പോഴും വലതുപക്ഷ അജണ്ടകളെ പിന്താങ്ങുമ്പോൾ ആദിവാസി സ്വത്വ രാഷ്ട്രീയത്തിന്റെ പ്രസക്തി പറഞ്ഞു വയ്ക്കുന്നതിൽ കാര്യമായ സാധ്യതകൾ നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

വെരിയർ എൽവിൻ സർക്കാർ ദേശീയ നയം അനുസരിച്ച് വേർതിരിക്കപ്പെട്ട ആദിവാസികളുടെ ഗോത്രജീവിതം യഥാർത്ഥത്തിൽ അത്തരം നിയമങ്ങളാൽ അട്ടിമറിക്കപ്പെടുകയാണ് ചെയ്തതെന്ന വസ്തുത പറഞ്ഞു വയ്ക്കുന്നുണ്ട് ഗ്രന്ഥകർത്താവ്. പക്ഷെ പരോക്ഷമായ തരത്തിലാണ് എന്നുമാത്രം. ആദിവാസി ഗോത്രങ്ങളുടെ ആകെമൊത്തമുള്ള നരവംശശാസ്ത്ര സാമൂഹികജീവിതത്തിന്റെ ഉൾക്കാഴ്ചയിൽ നിന്നും ഊരിതിരിഞ്ഞു വരുന്നതാണ് ഈ നിഗമനങ്ങൾ.

വംശീയമുദ്രകളാണ് ഗോത്രങ്ങളെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചു നിർത്തുന്നത്. കാലക്രമേണ ബാഹ്യമായ സാമൂഹിക ഇടപെടലുകൾ മിക്കതും നടന്നത് ആഴത്തിലുള്ള ഗവേഷണങ്ങൾ ഇല്ലാതെ ആയതുകൊണ്ടുതന്നെ പലപ്പോഴും മൗലികമായ അവരുടെ സംസ്കാരത്തിന് കാര്യമായ ആഘാതം ഏറ്റിട്ടുണ്ട്. പുസ്തകത്തിലെ ആധുനികവും പ്രാചീനവുമായ രണ്ടുകാലങ്ങളുടെ ആദിവാസി ജീവിതത്തിന്റെ ഉൾക്കാഴ്ചകൾ കൊണ്ടുതന്നെ അതു വായിച്ചെടുക്കാൻ കഴിയും. നാൽപതുകൾ മുതൽ ചെറിയ തോതിലുള്ള ആധുനികവൽക്കരണം ഈ ഗോത്രങ്ങളിൽ നടന്നുവന്നതായി സൂചനകൾ കാണാം.

കേരളത്തിലെ വന ഗോത്രസമൂഹങ്ങളെക്കുറിച്ചുള്ള ആധികാരികമായ ചരിത്രരേഖകൾ തയ്യാറാക്കിയ പെറിയും ജോർജ്ജ് സ്മിത്തും അനന്തകൃഷ്ണ അയ്യരും അടങ്ങിയ ഒരു വിഭാഗം നരവംശ ശാസ്ത്രജ്ഞരുടെ ഗോത്രസമൂഹങ്ങളെപ്പറ്റിയുള്ള ധാരണകൾ വിപുലമായ രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വംശീയ മിശ്രണത്തിന്റെ സാഹചര്യങ്ങൾ മിക്കതും കുടിയേറ്റവും അധിനിവേശവും ഉണ്ടാക്കിയതാണെന്ന് കാണാം ഇത്തരത്തിൽ ഗോത്രസമൂഹങ്ങൾ ജാതിസമൂഹങ്ങളായി പരിണമിച്ചതിന്റെ ഫലവും തുടർന്നുണ്ടായ സാംസ്കാരിക ധാരകളും സാമൂഹിക ജീവിതവും ആധുനിക കേരളത്തിന്റെ നരവംശ ശാസ്ത്രത്തിന്റെ ഗതിയെ സ്വാധീനിച്ചു എന്നുകാണാം. ഇതിന് രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം. ഗ്രന്ഥത്തെ അധികരിച്ചുകൊണ്ട് സ്വതന്ത്രമായ നിരീക്ഷണങ്ങളിലേക്ക് ഗവേഷകന് എത്തിച്ചേരാൻ എളുപ്പത്തിൽ സാധിക്കുന്നു.

മലയാള ഗോത്രവർഗ പഠനമേഖലയുടെ പ്രധാന പരിമിതിയായികണക്കാക്കപ്പെടുന്ന കൊളോണിയൽ അപഗ്രഥനങ്ങൾ ഒരുപരിധിവരെ മറികടക്കാൻ ഡോ ആർ ഗോപിനാഥന് കഴിഞ്ഞിട്ടുണ്ട്. പരമ്പരാഗതമായ നിരീക്ഷണ അപഗ്രഥന ഉപാധികളെ വ്യക്തമായ രേഖകൾകൊണ്ട് മറികടക്കാൻ അദ്ദേഹത്തിനായി.ലഭ്യമായ ബൃഹത്തായ റഫറൻസുകൾ ഉപയോഗിച്ചതുകൊണ്ടുതന്നെ ഒരുപരി വായന സാധ്യമാകുന്നു എന്നതും ശ്രദ്ധേയമായ വസ്തുതതയാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായിക വിപ്ലവാനന്തരം മനുഷ്യ വംശത്തിലുണ്ടായ പൊതുവായ പരിണാമങ്ങൾ ഭൗതികമായ നിരവധി പരിണാമങ്ങൾക്ക് വഴിവെച്ചിട്ടുണ്ട് അവയിൽ പ്രധാനമായ ഒരു വസ്തുത മനഃശാസ്ത്രപരമായ നരവംശശാസ്ത്ര പരിണാമത്തിൽ ഊന്നിയ ഒന്നാണ്. വൻകരയുടെ മനുഷ്യസമൂഹത്തെ മുഴുവൻ പലതരത്തിൽ അതിന്റെ പ്രഭാവം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

നരവംശശാസ്ത്രത്തിന്റെ ചരിത്രവും സാമൂഹിക ശാസ്ത്രവും ഗോത്രീയതയും വിശകലനം വിശകലന വിധേയമാക്കിയതിനുശേഷം ഗോത്രീയതയുടെ വിശകലനങ്ങളുടെ ആഴങ്ങളാണ് പരിശോധിക്കപ്പെടുന്നത് എന്നുകാണാം. തുടർന്നുള്ള അധ്യായങ്ങൾ ഇന്ത്യയുടെ ഗോത്രവർഗ്ഗ ഭൂമികളുടെ വൈജ്ഞാങ്ങളുടെ വർഗ്ഗീകരണം തുടങ്ങി ശവസംസ്‌കാരം വരെയുള്ള അനുഷ്ഠാനങ്ങളിലേക്ക് വിശകലനം നീളുന്നുണ്ട്. മൂന്നാം അദ്ധ്യായം ആര്യൻ/വേദകാലഘട്ടങ്ങളുടെ വിശ്വാസജന്യമായ സാംസ്‌കാരിക അപഗ്രഥനങ്ങൾക്ക് വിധേയമാകുന്നു. തുടർന്ന് ഇന്ത്യയിലെ ഗോത്രവർഗ്ഗങ്ങൾ അവയുടെ ജനസംഖ്യാനില എന്നിവയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

ആറാം അദ്ധ്യായം കേരളത്തിലെ ഗോത്രവർഗപഠനങ്ങളും ഉപാദാനങ്ങളും മഹാശിലായുഗം ശാസ്ത്രം സാമൂഹിക ഇടപെടലുകൾ ബ്രാഹ്മണ മേധാവിത്വം എന്നിവ ചർച്ച ചെയ്യുന്നു.

ഏഴു മുതൽ ഇരുപത്തി രണ്ടുവരെയുള്ള അദ്ധ്യായങ്ങളിൽ കേരളത്തിലെ ഗോത്രവർഗ്ഗ ജീവിതത്തെ വിപുലമായി അപഗ്രഥിച്ചിരിക്കുന്നു. ഭൂമിശാസ്ത്രമേഖലകളുടെ വിഭജനംമുതൽ ജനസംഖ്യ/രാഷ്ട്രീയം ആവാസ വ്യവസ്ഥയിലൂന്നിയ ആചാരങ്ങൾ, കുടുംബവും വിവാഹവും ലൈംഗികതയും അടക്കമുള്ള വ്യവഹാരങ്ങൾ, ഗോത്ര ഭാഷയുടെ സാംസ്കാരിക തലങ്ങൾ എന്നിവയിലേക്കും ഈ ക്രോഡീകരണം സാധ്യമാകുന്നുണ്ട്. കൂടാതെ ഗോത്രജനതയുടെ കാർഷികചരിത്രം, പ്രാചീന സംസ്കാരം ഗോത്ര വർഗ്ഗ പ്രാങ് ചരിത്രത്തെ അവലംബമാക്കിയ പഠനങ്ങൾ ഉപസംഹരിച്ചരിക്കുന്നു.

ഇതിൽ പ്രധാനപ്പെട്ടത് ഗോത്രവർഗ്ഗ മതവിശ്വാസമാണ്.ആധുനികാവസ്ഥകളുടെ രാഷ്ട്രീയമായ പ്രതിരോധമായി പലപ്പോഴും തോന്നാവുന്ന തരത്തിലാണ് ശേഖരിക്കപ്പെട്ട ഗോത്രവിശ്വാസങ്ങളുടെ ആകെ നിഗമനങ്ങൾ സൂക്ഷ്മമായി വ്യക്തമാക്കുന്നത്. രോഗവും വംശീയചികിത്സയും ഒരുപക്ഷെ ആധുനിക ലോകത്തിനും ഗോത്ര സമൂഹങ്ങൾക്ക് പുറമേയുള്ള സമൂഹങ്ങൾക്കും ഉപയുക്തമാകുന്ന തരത്തിൽ ഉപയോഗിക്കാവുന്നതാണ്. ഭാഷയുടെ രാഷ്ട്രീയവും ഗോത്രകലയുടെ സൗന്ദര്യദർശനവും ചരിത്രത്തിന്റെ നിശ്ശബ്ദതയിൽ നിന്നും ആദിവാസി ജീവന്റെ അസ്തിത്വ പ്രകടനമായി കാണുന്നു എന്ന സമഗ്രമായ അർത്ഥത്തിലാണ് ഈ ഗ്രന്ഥമവസാനിക്കുന്നത്. ദൈവ സങ്കൽപ്പങ്ങൾക്ക് ആധാരമായ മാനസികവ്യാപാരങ്ങളെയും വിശ്വാസം നിർമ്മിക്കുന്ന രാഷ്ട്രീയവും അധികാര പ്രയോഗങ്ങളും ശബരിമലയിലെ ദൈവസങ്കല്പത്തിലെ ഗോത്രവർഗ പുരാവൃത്തവും വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ക്രോഡീകരിക്കപ്പെട്ട ഗോത്രാവബോധത്തിന്റെ അടരുകൾ ചികഞ്ഞും ഉൾക്കൊണ്ടും വികസിക്കുന്ന ഒരു നിരീക്ഷണ നിഗമന പദ്ധതിയിലാണ് ഈ ഗ്രന്ഥത്തിന്റെ സാമൂഹിക പ്രസക്തി നിലനിൽക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular