Sunday, November 24, 2024

ad

Homeസിനിമനിർമാല്യം: കാലവും കലാപവും

നിർമാല്യം: കാലവും കലാപവും

രാധാകൃഷ്‌ണൻ ചെറുവല്ലി

1973 നവംബർ മാസം 23ന്‌ റിലീസായ നിർമാല്യം നാട്ടിലെ തിയേറ്ററിൽ എത്തിയത്‌ ഏകദേശം ആറുമാസത്തിനുശേഷമാണ്‌. മലയാള സിനിമയുടെ തലവര മാറ്റിയ ഉത്തരായനവും സ്വയംവരവും തൊട്ടുമുന്പും പിന്പുമായി വെളിച്ചപ്പെട്ടുകഴിഞ്ഞിരുന്നു. ആളൊഴിഞ്ഞ തിയേറ്ററിൽ ‘ബഞ്ചിൽ’ ഇരുന്നു സിനിമ കാണുമ്പോൾ ഉള്ളിലുടക്കിയ രംഗങ്ങൾ തന്നെയാണ്‌ പിൽക്കാലത്ത്‌ പലവട്ടം കണ്ടപ്പോഴും ഉള്ളിലുടക്കിയത്‌. ഈ കുറിപ്പ്‌ തയ്യാറാക്കാനായി യുട്യൂബിൽ നിന്നും ‘സ്‌ട്രീം’ചെയ്‌ത്‌ കണ്ടപ്പോഴും അതേ രംഗങ്ങൾ നെഞ്ചിൽ തൊട്ടു. എന്നാൽ അന്നു കാണാൻ കഴിയാതിരുന്ന കാഴ്‌ചകൾ ഇപ്പോൾ തെളിഞ്ഞുവന്നു. അന്നും ഈ രംഗങ്ങൾ കണ്ടിരുന്നെങ്കിലും അതിന്റെ പൊരുളറിയാനുള്ള ടൂളുകൾ ഉള്ളിൽ വികസിച്ചിരുന്നില്ല. നിർമാല്യത്തിന്‌ അന്പത്‌ വയസ്സായിരിക്കുന്നു.

എം ടി തന്റെ ‘നാലുകെട്ട്‌’ എന്ന നോവലെഴുതുമ്പോൾ അദ്ദേഹത്തിന്‌ ഇരുപത്തിമൂന്ന്‌ വയസ്സു മാത്രം! 1958ൽ ആ നോവലിന്‌ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. നിർമാല്യം പുറത്തുവരുമ്പോൾ എം ടി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായി മാറിക്കഴിഞ്ഞിരുന്നു.

എം ടി യുടെ നോവലുകളെ പല നിലപാടുതറയിൽനിന്നും മലയാളികൾ നോക്കിക്കണ്ടിട്ടുണ്ട്‌. നായർ തറവാടുകളുടെ തകർച്ചയെ ഗൃഹാതുരതയോടെ നോക്കിക്കാണുകയാണെന്നും നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ചുള്ള നെടുവീർപ്പാണതെന്നും പുരോഗമനപക്ഷത്തുനിന്നും വിമർശനമുയർന്നിരുന്നു. അത്തരത്തിൽ ഒരു വായന സാധുവായിരിക്കെത്തന്നെ ഒരു കാലഘട്ടത്തിന്റെ സാംസ്‌കാരികവും രാഷ്‌ട്രീയവുമായ ഡോക്കുമെന്റേഷൻ കൂടിയാണത്‌ എന്നു പറയാനുള്ള ഇടംകൂടി നാലുകെട്ടു മുതലുള്ള നോവലുകൾ തുറന്നുവയ്‌ക്കുന്നുണ്ട്‌. തന്റെ ചുറ്റുമുള്ള ജീവിതങ്ങളെ തന്റെ ബോധാബോധങ്ങളിലൂടെ ആവിഷ്‌കരിക്കുകയായിരുന്നു എം ടി.

നിർമാല്യം എം ടിയുടെ ബാല്യകൗമാരങ്ങളിലെന്നോ പതിഞ്ഞ സംഭവങ്ങളുടെ ആവിഷ്‌കാരമായിരിക്കണം. നിർമാല്യം എന്ന സിനിമയുടെ പ്രാങ്‌രൂപം ‘പള്ളിവാളും കാൽച്ചിലന്പും’ എന്ന കഥയിലാണ്‌. പള്ളിവാളിൽ എമ്പ്രാന്തിരി അന്പലംകൊണ്ട്‌ തടിച്ചുകൊഴുത്തവനാണ്‌. വെളിച്ചപ്പാടാകട്ടെ ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പെട്ടുപോകുന്നവനും. വീട്ടിൽ ദാരിദ്ര്യമാണ്‌ വെളിച്ചപ്പെടുന്നത്‌. നാട്ടുകാർക്കാകട്ടെ ഭൂതകാല പാരന്പര്യത്തിന്റെ തിരുശേഷിപ്പും. പള്ളിവാളിൽനിന്നും ഏതാനും കഥാപാത്രങ്ങളെയെടുത്ത്‌ കാലത്തിനിണങ്ങുംവിധം വികസിപ്പിക്കുകയാണ്‌ എം ടി.

മേലേക്കാവിലെ വെളിച്ചപ്പാടാണ്‌ നിർമാല്യത്തിലെ പ്രധാന കഥാപാത്രം. എന്നാൽ ആ കഥാപാത്രം പടർന്നുപന്തലിച്ചു നിൽക്കുന്നത്‌ ഒരു ഗ്രാമത്തിലാണ്‌. ജീർണാവസ്ഥയിലായ ഭഗവതിക്ഷേത്രവും ദരിദ്രനായ അന്പലവാസിയും നഷ്ടപ്രതാപങ്ങളുടെ ഭൂതകാലസ്‌മരണകളുമായി പട്ടിണി ഭുജിച്ച്‌ കഴിയുന്ന വെളിച്ചപ്പാടും പട്ടിണി വീട്‌ ഭരിക്കുമ്പോൾ ‘അന്യ’നൊരാൾക്ക്‌ വിധേയയാകേണ്ടിവന്ന നാരായണിയും താന്തോന്നിയായ മൂത്തമകൻ അപ്പുവും ശാന്തിക്കെത്തുന്ന ബ്രഹ്മദത്തൻ നന്പൂതിരിപ്പാടും അയാളെ പ്രണയിക്കുന്ന അമ്മിണിയും പീടികക്കാരനും കടംകൊടുത്തതിന്റെ കാശ്‌ വസൂലാക്കാൻ അവസരം പാത്തുകഴിയുന്ന മൈമുണ്ണിയുമൊക്കെ വാഴുന്ന ഇടമാണ്‌ ആ ഗ്രാമം.

കേരളത്തിൽ ഭൂപരിഷ്‌കരണനിയമം നടപ്പിൽ വന്നതിനുശേഷമുള്ള ഒരു പതിറ്റാണ്ടിനിടയിലെപ്പോഴോ ആണ്‌ കഥാകാലം. ജന്മി നാടുവാഴിത്തം ക്ഷയിക്കുകയും ജന്മിത്വത്തിന്റെ ആസ്‌തി സ്വകാര്യ മൂലധനമായി മാറാൻ തുടങ്ങുന്ന കാലം. മേലേക്കാവിലെ വാദ്യമേളക്കാരൻ കൂലി ചോദിച്ചു വാങ്ങാൻ പ്രാപ്‌തനായിത്തുടങ്ങുന്നത്‌ വ്യക്തമായ സൂചനയാണ്‌. ജന്മിത്ത വ്യവഹാരങ്ങളിലെ പാട്ടവും അളവും ദ്രവ്യങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങുകയും മനുഷ്യനും മനുഷ്യനും തമ്മിൽ അണ‐പൈസ ഒഴികെയുള്ള ക്രയവിക്രയം അസാധുവാകാൻ തുടങ്ങുകയും ചെയ്‌ത കാലം. ‘മനുഷ്യനെ അയാളുടെ സ്വാഭാവിക മേലാളന്മാരുമായി കൂട്ടിക്കെട്ടിയിരുന്ന നാടുവാഴിത്തച്ചരടുകളുടെ നൂലാമാലയെ കീറിപ്പറിച്ച്‌ മനുഷ്യനും മനുഷ്യവും തമ്മിൽ നഗ്നമായ സ്വാർഥമൊഴികെ, ഹൃദയശൂന്യമായ ‘‘റൊക്കം പൈസ’’ ഒഴികെ ഒരു ബന്ധവും ബാക്കിവയ്‌ക്കാത്ത മുതലാളിത്തകാലത്തേക്ക്‌’ പടിചവിട്ടുന്ന കാലം.

‘മുട്ടുശാന്തി’യായി മേലേക്കാവിലെത്തുന്ന ബ്രഹ്മദത്തൻ എന്ന ‘ഉണ്ണ്യന്പൂരി’ ക്ഷയിച്ച ഒരു ഇല്ലത്തുനിന്നുള്ള ഇളമുറക്കാരനാണ്‌. സർക്കാർ ഉദ്യോഗം എന്ന തൊഴിൽമേഖലയിലേക്ക്‌ കടക്കാൻ ‘പിഎസ്‌സി ഗൈഡു’മായി പടപൊരുതുന്നവൻ. അയാൾ വന്നെത്തുന്ന സ്ഥലവും അയാൾ പുറപ്പെട്ട ഇടത്തേക്കാൾ ദയനീയം. അയാളുമായി വെളിച്ചപ്പാടിന്റെ മകൾക്ക്‌ സവിശേഷമായി പങ്കുവയ്‌ക്കാൻ എന്താണുള്ളത്‌, സെക്‌സ്‌ അല്ലാതെ? തുല്യപദവിയിലുള്ളവർ തമ്മിലേ പ്രണയം സാധ്യമാവൂ. അല്ലാത്തിടങ്ങളിൽ മേലാള‐വിധേയബന്ധം കടന്നുവരും. ഉണ്ണ്യന്പൂരിക്കു മുന്നിൽ ‘അട്യേൻ’ എന്നു ഭാവിച്ചു നിൽക്കുന്ന അമ്മിണി തികച്ചും വിധേയ ആയിപ്പോകുന്നതിൽ പലതുണ്ട്‌ കാര്യങ്ങൾ. ഒരു മനുഷ്യജീവി എന്ന പരിഗണന മറ്റാരിൽനിന്നാണവൾക്കു കിട്ടുന്നത്‌? അവളുടെ ലോകത്തെ വിസ്‌തൃതമാക്കാൻ ആകെക്കഴിയുന്നത്‌ ഉണ്ണ്യന്പൂരിക്കു മാത്രമാണ്‌. എം ടി ആത്യന്തികമായി കാൽപനികനായ ഒരു കലാകാരനാണ്‌. ആൺകോയ്‌മയുടെ മേമ്പൊടി പുലരുന്നതിനാലാവാം എം ടിയുടെ ആൺകഥാപാത്രങ്ങൾ സമൂഹത്തിൽ സ്വീകാര്യനാവുന്നത്‌. നന്പൂതിരിമാർക്ക്‌ നായർ സ്‌ത്രീകളിൽ സംബന്ധമാകാമല്ലോ, നാട്ടുനടപ്പനുസരിച്ച്‌. ഈ ചലച്ചിത്രത്തിലെ ഏറ്റവും മനോഹരദൃശ്യങ്ങളാണ്‌, പ്രണയത്തിന്റെ ചേതോഹരഭാവങ്ങളുടെ ബഹിർസ്‌ഫുരണമാണ്‌, പ്രകൃതിയും മനുഷ്യഭാവങ്ങളും തമ്മിലെ ബന്ധമാണ്‌, മഴകൊള്ളാതിരിക്കാൻ ഉണ്ണ്യന്പൂരിയും അമ്മിണിയും ഓടിക്കയറുന്ന ഗുഹയിലെ പ്രണയരംഗങ്ങൾ. രാമചന്ദ്രബാബു എന്ന സിനിമാട്ടോഗ്രാഫർ ഗുഹയിൽനിന്ന്‌ പുറത്തേക്കും തിരിച്ചുമുള്ള ദൃശ്യങ്ങൾ വഴി ഇരുവരുടെയും ചലനസവിശേഷതകൾ വഴി, പ്രണയചേഷ്‌ടകൾ വഴി, അവിസ്‌മരണീയമാക്കി ആ രംഗങ്ങൾ.

മൂലകഥയിൽ വെളിച്ചപ്പാടിനെ അടയാളപ്പെടുത്തുന്നത്‌ ഇപ്രകാരമാണ്‌:

‘‘നാട്ടിലെ ബഹുജനങ്ങൾക്ക്‌ വേണ്ടപ്പെട്ട വ്യക്തികളിലൊരാളാണ്‌ അയാൾ, വെളിച്ചപ്പാട്‌. ചടച്ചുമെലിഞ്ഞ്‌ ആറടിപ്പൊക്കത്തിൽ, വളർത്തിയ മുടിയും ശുഷ്‌കിച്ച മുഖവുമുള്ള ഒരു നാൽപതുകാരൻ. രാമക്കുറുപ്പ്‌ എന്ന സ്വന്തം പേരിൽ കഴിഞ്ഞ ഇരുപതുകൊല്ലത്തിനിടയിൽ ആരും അയാളെ വിളിച്ചിട്ടില്ല. അയാൾ അവരുടെ ഭഗവതിയുടെയും വെളിച്ചപ്പാടാണ്‌’’.

മാറുന്ന കാലത്ത്‌, പരന്പരാഗത മൂല്യങ്ങളിലുറച്ച്‌, മാറാതങ്ങനെ നിന്നതിന്റെ ഫലമാണ്‌ വെളിച്ചപ്പാട്‌ ചെന്നുപെടുന്ന ദുരന്തം. അയാൾ ഭഗവതിക്കുവേണ്ടി വെളിച്ചപ്പെട്ടത്‌ ആത്മാർഥമായിത്തന്നെയാണ്‌. അയാളുടെ വിശ്വാസം തന്നെയാണയാൾ. നിഷ്‌ടതെറ്റിച്ചാൽ അവൾ വസൂരിവിത്തുകൾ വാരിവിതറുമെന്നയാൾ ഭയപ്പെട്ടു. നടവരവു കുറഞ്ഞപ്പോൾ മേലേക്കാവിലെ ഭഗവതിയെ കൈയൊഴിഞ്ഞ്‌ മുറുക്കാൻകട തുടങ്ങാൻ നിലവിലെ പൂജാരിക്ക്‌ യാതൊരു മടിയും ഉണ്ടായില്ല. എന്തുകൊണ്ടാണ്‌ നടവരവു കുറഞ്ഞത്‌?

1945ൽ മാത്രമാണ്‌ മദ്രാസ്‌ ഹിന്ദുമത ബോർഡ്‌ മലബാറിലെ ക്ഷേത്രങ്ങൾ ഏറ്റെടുത്തതും നിയമപരമായി എല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുത്തതും. എന്നാൽ മലബാറിലെ പ്രബലമായ ജന്മിനാടുവാഴിത്ത മേൽക്കോയ്‌മയാൽ നയിക്കപ്പെട്ട ക്ഷേത്ര പരിപാലനവും പാരന്പര്യമൂല്യ സംരക്ഷണവും മൂലം ദളിത്‌ പിന്നോക്കവിഭാഗങ്ങളെ അങ്ങോട്ടു പ്രവേശിപ്പിക്കുകയോ അവർ അങ്ങോട്ടു പ്രവേശിക്കാൻ ഉത്സാഹം കാട്ടുകയോ ഉണ്ടായില്ല. അവർക്ക്‌ സ്വന്തം ദേവതകളും കാവുകളുമുണ്ടായിരുന്നുതാനും. ഭൂപരിഷ്‌കരണം വന്നതോടെ ജന്മിമാരിൽ (നന്പൂതിരിമാരിൽ) വലിയൊരു പങ്ക്‌ തങ്ങളുടെ സന്പത്ത്‌ സ്വകാര്യവളർച്ചയ്‌ക്ക്‌ ഉതകുന്ന സംരംഭങ്ങളിലേക്ക്‌ തിരിച്ചുവിട്ടു. തൽഫലമായി പല ക്ഷേത്രങ്ങളും ‘ലാഭകര’മല്ലാതായി. രണ്ടായിരാമാണ്ടിന്റെ അന്ത്യദശകങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾ ആദായകരമല്ലാതെ അടച്ചുപൂട്ടാൻ തുടങ്ങിയതുപോലെ. ‘സ്വകാര്യ’ താൽപര്യങ്ങൾ മേൽകൈ നേടുന്ന ഘട്ടങ്ങളിൽ ‘പൊതു’വിന്‌ ഇടിവു സംഭവിക്കുക സ്വാഭാവികമാണല്ലോ! സാധാരണ മനുഷ്യരെ (കീഴ്‌ജാതിക്കാരെ) അകറ്റിനിർത്തിയതാണ്‌ മലബാറിലെ ക്ഷേത്രങ്ങൾ ക്ഷയോന്മുഖമാകാൻ കാരണം. പണം മുടക്കാൻ ശേഷിയുള്ളവർ മുടക്കാതിരിക്കുകയും പണം മുടക്കാൻ താൽപര്യമുള്ളവർ അകറ്റിനിർത്തപ്പെടുകയും ചെയ്‌ത അവസ്ഥ. തങ്ങളുടെ അഭീഷ്ടങ്ങൾക്ക്‌ കരുത്തുപകരാൻ ഉതകുന്ന കാലത്തേക്കു മാത്രം ദേവതകളെ തിടമ്പേറ്റുകയും ഉതകാതായ കാലത്ത്‌ കൈയൊഴിയുകയും ചെയ്യുകയായിരുന്നല്ലോ, ജന്മിമാർ.

പല തലമുറകൾ ചിലന്പും പള്ളിവാളുമേറ്റി നടന്നതിന്റെ പാരന്പര്യമുണ്ട്‌ മേലേക്കാവിലെ വെളിച്ചപ്പാടിന്‌. പേരും പദവിയും ഒന്നായിത്തീർന്ന അവസ്ഥ. എന്നാൽ നിത്യേന വീട്ടിലേക്ക്‌ കയറിച്ചെല്ലുകയും ഇറങ്ങിപ്പോകാതിരിക്കുകയും ചെയ്യുന്ന ദാരിദ്ര്യത്തെ മറികടക്കാൻ പദ്ധതിയൊന്നും വെളിച്ചപ്പാടിനു മുന്നിലില്ല; പവിത്രീകരിച്ച തെണ്ടലൊഴികെ. വെളിച്ചപ്പാടിന്റെ ഭാര്യയായ നാരായണിയുടെ ചുമലിലാണ്‌ കുടുംബഭാരം. അതിനാൽതന്നെ ‘ഭഗവതിസ്‌നേഹം’ അവർക്കൽപം കുറവുമാണ്‌. അതുകൊണ്ടാണ്‌ കുമാരനാശാൻ കൊത്തിവച്ച ‘ക്രൂരമുസൽമാൻ’ ഇമേജ്‌ നിർമാല്യത്തിലേക്ക്‌ കടന്നതും വെളിച്ചപ്പാടിന്റെ കിടപ്പറയിലേക്ക്‌ കടക്കാൻ ഇടനൽകിയതും.

വെളിച്ചപ്പാടിന്റെ കുടുംബത്തിലേക്ക്‌ ആധികാരികഭാവത്തിൽ കടന്നുചെല്ലുന്ന മൈമുണ്ണി മൂലകഥയിലില്ല. മലബാറിലെ പല പ്രദേശങ്ങളിലും വിളയിച്ചെടുത്ത മുസ്ലിം വിരോധം നിർമാല്യത്തിലും ദൃശ്യപ്പെടുന്നുണ്ട്‌. അതുകൊണ്ടാണ്‌ വെളിച്ചപ്പാടിന്റെ ബീഡി സ്വീകാര്യമായിരിക്കുമ്പോൾ തന്നെ ഭ്രാന്തൻ ഗോപാലന്‌ മൈമുണ്ണി യുടെ ബീഡിക്കുറ്റി അശ്രീകരമാകുന്നത്‌. പരന്പരാഗത ബോധ്യങ്ങളെ കഥാഗാത്രത്തിൽ എം ടി തിരുകിക്കയറ്റി എന്നു വിശ്വസിക്കാനാണിഷ്‌ടം. കാരണം ഒരു കാലഘട്ടത്തിന്റെ ജാതി/മത പ്രതിനിധാനം അപ്രകാരമായാണ്‌ നിർവഹിക്കപ്പെട്ടിരുന്നത്‌ എന്ന്‌ എം ടി രേഖപ്പെടുത്തുകയാവാം.

മൈമുണ്ണി മാത്രമല്ല, ജാതിബോധം വച്ചുപുലർത്തിയ മറ്റു കഥാപാത്രങ്ങളും അക്കാലത്തെ നീതിബോധത്തെ മറികടക്കാൻ ശേഷിയില്ലാതെ പാരന്പര്യമൂല്യങ്ങളിൽ മുങ്ങിത്തപ്പിയവരാണ്‌. ഓരോ മനുഷ്യനും എപ്രകാരമാണ്‌ തന്റെ കാലഘട്ടത്തിനു വിധേയപ്പെട്ടിരിക്കുന്നത്‌ എന്ന്‌ കാൾ മാർക്‌സ്‌ ചൂണ്ടിക്കാട്ടുന്നു.

‘‘മനുഷ്യർ തന്നെയാണ്‌ അവരവരുടെ ചരിത്രം രചിക്കുന്നത്‌’ പക്ഷേ അവരതു ചെയ്യുന്നത്‌ അവർക്ക്‌ തോന്നിയപോലെയല്ല. തങ്ങൾ തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലല്ല, പിന്നെയോ, തങ്ങൾ നേരിട്ട്‌ അഭിമുഖീകരിക്കുന്നതും ഭൂതകാലത്തുനിന്നും കൈമാറിവന്നതുമായിട്ടുള്ള സാഹചര്യങ്ങളിലാണ്‌ അവരത്‌ രചിക്കുന്നത്‌. മൺമറഞ്ഞ എല്ലാ തലമുറകളുടെയും പാരന്പര്യം ജീവിക്കുന്നവരുടെ തലച്ചോറിനെ ഒരു പേടിസ്വപ്‌നം പോലെ ഞെക്കിഞെരുക്കുന്നു’’. (ലൂയി ബോണപ്പാർട്ടിന്റെ ബ്രൂമെയർ പതിനെട്ട്‌)

നിർമാല്യത്തിലെ കഥാപാത്രങ്ങൾ, മാർക്‌സ്‌ നിരീക്ഷിച്ച പോലെ തങ്ങൾ തിരഞ്ഞെടുത്ത സാഹചര്യത്തിലല്ല പരന്പരാഗതമായി കൈവന്നതും തങ്ങളുടെ തലച്ചോറിനെ മൺമറഞ്ഞ തലമുറകളുടെ ഭൂതങ്ങളാൽ ഞെരുക്കപ്പെടുന്നവരുമാണ്‌. ഭ്രാന്തൻ ഗോപാലനും വെളിച്ചപ്പാടും ഉണ്ണ്യന്പൂരിയും അമ്മിണിയുമെല്ലാം പാരന്പര്യസിദ്ധമായ ജീവിതമൂല്യങ്ങളാൽ വലയപ്പെട്ടവരാണ്‌. അവർ ചക്കുകളത്തിലെ കാളയെപ്പോലെ ഒരേ ചാലിൽ ചരിക്കുന്നവരാണ്‌. വല്യമ്പ്രാനും മുൻ പൂജാരിയുമെല്ലാം പുതിയകാല സാഹചര്യങ്ങളിലേക്ക്‌, കച്ചവടത്തിന്റെയും കൃഷിയുടെയും വ്യവസായത്തിന്റെയുമായ നൂതന പാതകളിലേക്ക്‌ വ്യതിചലിച്ചവരാണ്‌. അവരുടെ ജീവിതത്തിൽ അതിന്റേതായ പുരോഗതി കൈവരുന്നുമുണ്ട്‌. വല്യമ്പ്രാൻ പാരന്പര്യത്തെ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുന്നു. ബസ്‌ റോട്ടിലിറക്കി ഗതാഗതവ്യവസായത്തിൽ പങ്കാളിയാവുന്നു. ഭൂപരിഷ്‌കരണത്തെ മറികടക്കാൻ വിമോചനസമരാനന്തരം വന്നുചേർന്ന ഇടവേള ഉപയോഗപ്പെടുത്തി മിച്ചഭൂമി തോട്ടമാക്കി മാറ്റി നിയമത്തിന്റെ ഇളവു നേടി. അയാൾ ആധുനിക മുതലാളിയാണ്‌. വല്യമ്പ്രാൻ എന്ന പദവിയെ അയാൾ മെല്ലെ കുടഞ്ഞുകളയുന്നു. വല്യമ്പ്രാനായാൽ മാത്രമേ മേലേക്കാവിലെ ഭഗവതിയോട്‌ കൂറുണ്ടാവേണ്ടതുള്ളൂ. അണ പൈസ ബന്ധത്തിനപ്പുറം ഒരു ബന്ധവും അയാൾക്ക്‌ ആവശ്യമില്ല.

ഉൽപാദനത്തിൽ പങ്കെടുക്കാനാവാത്തവരെ സമൂഹം പുറന്തള്ളും. നാരായണിയും മകൻ അപ്പുവും പുറംതള്ളപ്പെട്ടവരാണ്‌. ഭഗവതിയുടെ കാര്യം നോക്കാനിറങ്ങിയയാൾക്ക്‌ അടുപ്പിൽ തീ പുകയുന്നുണ്ടോ എന്ന്‌ നോക്കാൻ ബാധ്യതയുണ്ടായില്ല. അവർക്ക്‌, അതുകൊണ്ടുതന്നെ, ‘വഴിപിഴയ്‌ക്കേണ്ടി’വരുന്നു. സ്വന്തം ഭാര്യ കടക്കാരനു വഴങ്ങേണ്ടിവരുമ്പോൾ ഒരു ഭഗവതിയും രക്ഷയ്‌ക്കെത്തിയില്ല. മൂലകഥയിൽ വെളിച്ചപ്പാട്‌ പള്ളിവാളും കാൽചിലന്പും കൊല്ലന് തൂക്കിവിൽക്കുകയാണെങ്കിൽ സിനിമയിൽ കുറച്ചുകൂടി നാടകീയവും അർപ്പണമനോഭാവവുമുള്ള സ്വയം കുരുതിയിൽ ഏർപ്പെടുകയാണ്‌. നാട്ടിൽ വസൂരി വന്നതുവഴി കരഗതമായ പൂരവും കളമെഴുത്തും വെളിച്ചപ്പെടലും വീണ്ടും വെളിച്ചപ്പാടിനെ കേന്ദ്രസ്ഥാനത്ത്‌ നിർത്തുന്നു. അതോടെ ഓജസ്സു കൈവരുന്ന വെളിച്ചപ്പാടിന്‌ മൈമുണ്ണിയെയും നാരായണിയെയും സ്വന്തം കിടപ്പുമുറിയിൽനിന്നും ഇറങ്ങിവരുന്ന നിലയിൽ കണ്ടതോടെ നിസ്സംഗതയിലേക്ക്‌ മുതലക്കൂപ്പു ചെയ്യേണ്ടിവരുന്നു. എന്നാൽ വെളിച്ചപ്പെടാൻ തുടങ്ങിയതോടെ അയാൾ തികച്ചും പ്രതികാരഭാവത്തിലേക്ക്‌ ഉണരുന്നു. സ്വന്തം നെറ്റിയിൽ വാളറഞ്ഞ്‌ അയാൾ തന്നെ കാക്കാനാവാത്ത ദേവിയോട്‌ പ്രതികാരം ചെയ്യുന്നു. നെറ്റിയിൽനിന്നും വായിലേക്ക്‌ ഒലിച്ചിറങ്ങിയ ചോര ദേവീവിഗ്രഹത്തിന്റെ മുഖത്തേക്ക്‌ തുപ്പുന്നു. അതിനുശേഷം അയാൾ പിടഞ്ഞ്‌ നിശ്ചലനാകുന്നു.

മനുഷ്യരുടെ ആകുലതകൾക്ക്‌ അന്ധമായ ഭക്തി പരിഹാരമല്ലെന്ന്‌ അയാൾ തിരിച്ചറിഞ്ഞുവോ? എന്നു പറയുവാനാവില്ല. അയാൾക്ക്‌ നൽകുവാനാകുന്നതിൽവച്ച്‌ ഏറ്റവും വലിയ വഴിപാട്‌ സ്വന്തം ജീവനാണെന്ന്‌ മതങ്ങൾ പഠിപ്പിക്കുന്നു. എം ടി വാസുദേവൻനായർ ചലച്ചിത്രഭാഷ്യം നൽകിയ പള്ളിവാൾ നിർമാല്യമാക്കുമ്പോൾ വേറൊരു മാധ്യമവും വേറൊരു ഭാവുകത്വവും പകർന്നു നൽകുന്നു. നിർമാല്യത്തിന്റെ അന്ത്യരംഗങ്ങൾ വർത്തമാനകാല സാഹചര്യങ്ങളിൽ ചിത്രീകരിക്കാനാകുമോ എന്ന ചോദ്യം നിരന്തരം ഉയർന്നുവരുന്നു. ചലച്ചിത്രം എന്ന മാധ്യമത്തിന്‌ അത്‌ അസാധ്യമല്ല. എന്നാൽ നിർമാല്യം വെളിച്ചപ്പെടുന്ന പുതിയ കാലം അതിനു അനുമതി നൽകില്ല. ഭരണകൂടത്തെയോ പാരന്പര്യമൂലങ്ങളെയോ ചോദ്യംചെയ്യാൻ അനുവദിക്കാനാവാത്ത ഫാസിസ്റ്റ്‌ സ്‌റ്റേറ്റായി നമ്മുടെ ഇന്ത്യ മാറുമ്പോൾ കഴിഞ്ഞ അന്പതുകൊല്ലം കൊണ്ട്‌ നാം ഒരു വൃത്തം പൂർത്തിയാക്കുകയാണ്‌; ആധുനികതയിൽനിന്നും പാരന്പര്യത്തിലേക്കു മടങ്ങുന്ന ഒരു വൃത്തം.

എം ടി വാസുദേവൻനായരുടെ നിർമാല്യത്തിന്റെ ഏതാനും ദൃശ്യങ്ങൾ മാത്രം വ്യാഖ്യാനിച്ച്‌ അതൊരു പിന്തിരിപ്പൻ ചിത്രമാണെന്ന്‌ വിലയിരുത്തിയാൽ അത്‌ യാന്ത്രികമായ വിമർശനമാകും. വരുംകാലങ്ങളോടു സംവദിക്കാനുള്ള ധിഷണ ശേഷിപ്പിച്ചുപോയ നിർമാല്യം എന്ന ചലച്ചിത്രം വരുംതലമുറകൾ കാണണം. അതിലേക്കായി അതു കേടുകൂടാതെ സംരക്ഷിക്കപ്പെടണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + nineteen =

Most Popular