Tuesday, May 7, 2024

ad

Homeലേഖനങ്ങൾഫെഡറലിസത്തെ അട്ടിമറിക്കുന്ന ഗവർണർ

ഫെഡറലിസത്തെ അട്ടിമറിക്കുന്ന ഗവർണർ

കെ എ വേണുഗോപാലൻ

ന്ത്യ ഏകതാനതാസ്വഭാവമുള്ള ഒരു രാഷ്ട്രമായി മാറണം എന്നാണ് വിചാരധാരയിൽ ഗോൾവാൾക്കർ പറഞ്ഞിരിക്കുന്നത്. വിചാരധാരയിലെ ഏകതാനമായ ഒരു ഭരണകൂടം എന്ന അധ്യായത്തിൽ ഇന്ന് നിലനിൽക്കുന്ന ഫെഡറൽ സംവിധാനത്തിനുള്ള ബദൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. “ഒരു ഭരണകൂടത്തിനുള്ളിൽ അതായത് ഭരണത്തിനുള്ളിൽ, സ്വയംഭരണാവകാശമുള്ളതോ,അർദ്ധ സ്വയം ഭരണാവകാശമുള്ളതോ ആയ സംസ്ഥാനങ്ങളെ തുരത്തിയെറിയാൻ നമ്മുടെ ഭരണഘടനയിലെ ഫെഡറൽ സംവിധാനത്തെക്കുറിച്ചുള്ള ചർച്ച എന്നെന്നേക്കുമായി ആഴത്തിൽ കുഴിച്ചുമൂടാനുള്ള ഏറ്റവും പ്രധാനപ്പെട്ടതും പ്രായോഗികവുമായ നടപടി നമ്മുടെ സമാധാന അന്തരീക്ഷം തകർക്കുന്ന ചിതറിക്കിടക്കുന്നതോ, പ്രാദേശികമോ, വിഭാഗീയതയുള്ളതോ, ഭാഷാപരമോ ആയ സകലതിന്റെയും പൊടിപോലും അവശേഷിപ്പിക്കാത്ത തരത്തിൽ സമൂഹത്തെ മാറ്റിത്തീർത്തുകൊണ്ട് ഒരു രാഷ്ട്രം, ഒരു ഭരണകൂടം, ഒരൊറ്റ നിയമനിർമ്മാണസഭ, ഒരു പരമോന്നതൻ എന്ന് ഉദ്ഘോഷിക്കുകയാണ്. ഏകതാനതാ സ്വഭാവം ഉള്ളതും ബ്രിട്ടീഷുകാരുടെ വകതിരിവില്ലാത്ത പ്രചാരണത്തിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും ഇപ്പോഴത്തെ നേതാക്കന്മാർ യാതൊരു വിമുഖതയുമില്ലാതെ ഉൾക്കൊണ്ടിട്ടുള്ളതും; അവയാകട്ടെ; തൊട്ടടുത്തു നിൽക്കുന്ന നിരവധി വൈവിധ്യമേറിയ ദേശീയതകൾ ഭൂമിശാസ്ത്രപരമായ തുടർച്ചകൾക്കും ഏകതാന സ്വഭാവമുള്ള വൈദേശികമായ ഒരു പരമോന്നത നേതാവിത്വത്തിനും വിധേയമായി അടുത്തടുത്ത് ജീവിക്കാൻ നിർബന്ധിതരായവരുടെ സമൂഹവുമാണ്’ ഇതാണ് ഇന്ത്യയിൽ നിലനിൽക്കുന്ന ഫെഡറൽ സംവിധാനത്തിനെതിരായുള്ള ആർഎസ്എസിന്റെ കാഴ്ചപ്പാട്.

കേരളത്തിന്റെ ഗവർണർ കേന്ദ്ര ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ഈ നിലപാട് നടപ്പിലാക്കുന്നതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഗവർണർ കേന്ദ്ര ഭരണകൂടത്തിന്റെ പ്രതിനിധിയാണെന്നും അതുകൊണ്ട് താനാണ് കേരള നിയമസഭ എടുക്കുന്ന തീരുമാനത്തിന് മുകളിലെന്നും വരുത്തിത്തീർക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് വ്യക്തമായ ഒരു ഭരണഘടനയുണ്ടെന്നും അതിൽ ഗവർണർക്കും സംസ്ഥാന നിയമസഭയ്ക്കും ഒക്കെയുള്ള അധികാരങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും നമുക്കൊക്കെ അറിയാവുന്നതാണ്. അത് ഗവർണർക്കും അറിയാം. എന്നാൽ ഗവർണറെ കക്ഷി ചേർത്ത് കേസെടുക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. അതുകൊണ്ട് നിയമസഭ അംഗീകരിച്ച് അയച്ചുതരുന്ന ബില്ലുകളിൽ എന്തും ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും തന്റെ തന്നിഷ്ടം നടപ്പിലാക്കലാണ് ഇവിടെ നടക്കേണ്ടതെന്നും ആണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

ആർഎസ്എസിനും ബിജെപിക്കും ഫെഡറലിസത്തിന് താല്പര്യമില്ല എന്ന കാര്യം നാം കണ്ടു. എന്നാൽ എസ് ആർ ബൊമ്മെ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ അന്നത്തെ സുപ്രീംകോടതിയിലെ 9 അംഗങ്ങൾ അടങ്ങിയ ഭരണഘടനാ ബഞ്ച് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടന ഫെഡറലിസത്തിനെ അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല ഗവർണർ പദവി എന്നത് സംസ്ഥാന ഭരണത്തലവൻ എന്ന നിലയിലുള്ള പ്രതീകാത്മകമായ ഒരു സ്ഥാനം മാത്രമാണ് എന്നും ഫെഡറലിസം എന്ന അടിസ്ഥാന ഘടനയെ സംരക്ഷിക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട് എന്നും വ്യക്തമാക്കിയിട്ടുള്ളതാണ്. തന്നിൽ ഏല്പിക്കപ്പെട്ടിട്ടുള്ള വിവേചനാധികാരം നിയന്ത്രണരഹിതമായി ഉപയോഗിക്കാൻ ഗവർണർമാർ തയ്യാറാവുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗവൺമെന്റിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ അപകടത്തിലാക്കുമെന്നും അന്നു തന്നെ സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫെഡറലിസവും ജനാധിപത്യവും ഈ അടിസ്ഥാന ഘടനയുടെ വേർപിരിക്കാനാവാത്ത രണ്ട് ഘടകങ്ങളാണ്. അതിൽ ഒന്നിൽ വെള്ളം ചേർത്താൽ അത് മറ്റേതിനെ അപകടത്തിലാക്കും എന്നാണ് എസ് ആർ ബൊമ്മെ കേസിൽ ഭരണഘടനാ ബെഞ്ച് വിധിയെഴുതിയത്. അതിനുശേഷം വേറെ വിധികളൊന്നും ഇതിന് വിരുദ്ധമായി ഉണ്ടായിട്ടില്ല. അതിനർത്ഥം അതിന്ന് ഇന്ത്യയിലെ ഒരു നിയമവ്യവസ്ഥയായി നിലകൊള്ളുന്നു എന്നാണ്.

ബീഹാറിൽ ബൊമ്മെ കേസിനു ശേഷം ഒരു സംഭവം ഉണ്ടായി. 2005 ൽ അവിടെ നടന്ന തെരഞ്ഞെടുപ്പിന് ശേഷം നിയമസഭയുടെ ആദ്യ യോഗം ചേരുന്നതിന് മുമ്പ് അന്നത്തെ ഗവർണർ ആയിരുന്ന ഭൂട്ടാസിങ് നിയമസഭ പിരിച്ചുവിട്ടു. അന്നുതന്നെ അർദ്ധരാത്രി കേന്ദ്രമന്ത്രിസഭയുടെ അസാധാരണ യോഗം ചേർന്ന് ആ തീരുമാനം അംഗീകരിച്ചു. അന്ന് മോസ്കോയിൽ വിദേശപര്യടനത്തിലായിരുന്ന ഇന്ത്യൻ പ്രസിഡണ്ട് തന്റെ താമസസ്ഥലത്തുവെച്ച് സഭ പിരിച്ചുവിട്ടതായി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രതിപക്ഷ അംഗമായിരുന്ന നീതിഷ് കുമാർ മന്ത്രിസഭ രൂപീകരിക്കുന്നത് തടയാൻ വേണ്ടിയായിരുന്നു ഗവർണറുടെ ഈ നടപടി. അന്നത്തെ കേന്ദ്ര ഭരണകക്ഷി അതിന് അനുകൂലവും ആയിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രാമേശ്വരപ്രസാദ് എന്ന വ്യക്തി സുപ്രീംകോടതിയെ സമീപിച്ചു. ആ കേസിൽ സുപ്രീംകോടതി വിധിയുണ്ടായി. ആ വിധിയിൽ ഇങ്ങനെ പറഞ്ഞിരുന്നു. ” ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 361 പ്രകാരം ഗവർണർ തന്റെ ഓഫീസിന്റെ അധികാരങ്ങളുടെയും ചുമതലകളുടെയും വിനിയോഗത്തിനും നിർവഹണത്തിനും ഒരു കോടതിയോടും ഉത്തരവാദിയല്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. ആ അധികാരങ്ങളുടെയും ചുമതലകളുടെയും വിനിയോഗത്തിലും നിർവഹണത്തിലും അദ്ദേഹം ചെയ്തതോ ചെയ്യാൻ ഉദ്ദേശിക്കുന്നതോ ആയ ഏതെങ്കിലും പ്രവർത്തിക്കെതിരെ കോടതിക്ക് ഗവർണർക്ക് നോട്ടീസ് അയക്കാൻ ആകില്ല എന്ന് അറ്റോണി ജനറലും അഡീഷണൽ സൊളിസിറ്റർ ജനറലും പറഞ്ഞിരിക്കുന്നു. അത് ഞങ്ങൾ അംഗീകരിക്കുകയാണ്. അതേസമയം അനുഛേദം 356 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിനെ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കോടതിയുടെ അധികാരത്തെ ഗവർണർക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ബാധിക്കില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്’ ഗവർണറെ കോടതിയിലേക്ക് വിളിപ്പിക്കാൻ അധികാരമില്ല എന്ന സമ്മതിക്കുമ്പോൾ തന്നെ ഗവർണറുടെ ചെയ്തികൾ പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട് എന്ന് വ്യക്തമാക്കുകയാണ് ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്.

ഈ വിധികളെ അടിസ്ഥാനമാക്കിയാണ് പഞ്ചാബ് ഗവർണർക്കെതിരായ വിധി വായിച്ചു നോക്കണം എന്ന് കേരള ഗവർണറുടെ സെക്രട്ടറിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. പഞ്ചാബ് വിധിയിൽ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ താഴെപറയുന്നു. “ഗവർണർ സർക്കാരിന്റെ പ്രതീകാത്മക തലവൻ മാത്രമാണ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർക്ക് നടപടിയെടുക്കാതിരിക്കാൻ കഴിയില്ല. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ യഥാർത്ഥ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാണ്. രൂപത്തിലുള്ള ഒരു ഗവൺമെന്റിലെ അംഗങ്ങൾ നിയമസഭയോട് ഉത്തരവാദിത്വമുള്ളവരും നിയമസഭയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയരുമാണ്. രാഷ്ട്രപതി നിയമിച്ചതിനാൽ ഗവർണർ ആണ് സംസ്ഥാന തലവൻ. എന്നാൽ ഇന്ത്യയിലെ ഭരണഘടനാ നിയമത്തിന്റെ അടിസ്ഥാനതത്വപ്രകാരം വിവേചനാധികാരം വിനിയോഗിക്കാൻ ഭരണഘടന അനുവദിക്കുന്ന മേഖലകളിൽ മന്ത്രിസഭയുടെ “സഹായവും ഉപദേശവും ” അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്.സംസ്ഥാനത്തിന്റെ ഭരണത്തെ ബാധിക്കുന്ന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഗവൺമെന്റിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭുജത്തിനാണ്’ (അതായത് നിയമ നിർമ്മാണ സഭയ്‌ക്കാണ്).

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − 14 =

Most Popular