നിലവിൽ നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വലുപ്പം 3 ലക്ഷം കോടി ഡോളറാണെന്നും 2024-‐25 ആകുമ്പോഴേക്കും അത് 5 ലക്ഷം കോടി ഡോളറായി (340 ലക്ഷം കോടി രൂപ) മാറുന്നതിന് തുടർച്ചയായ വർഷങ്ങളിൽ 8 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കണമെന്നുമാണ് 2019 ജൂലൈ 4ന് പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേ റിപ്പോർട്ടിൽ പ്രസ്താവിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യ രേഖകൾ വരച്ചുകാട്ടുമ്പോൾ ഒരു നീതി ബോധവുമില്ലാതെയാണ് ഇത്തരം ആധികാരിക രേഖകൾ പാർലമെന്റിൽ സമീപ വർഷങ്ങളിലായി അവതരിപ്പിച്ചു കാണുന്നത്. യുനൈറ്റഡ് നേഷൻസ്, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന ആധികാരിക രേഖകളിൽ വിവിധങ്ങളായ വികസന സൂചികകളിൽ നമ്മുടെ രാജ്യം ഏറെ പിന്നിലാണെന്ന് കാണാം. ആരോഗ്യമേഖലകളിലായാലും സാമ്പത്തിക മേഖലകളിലായാലും പല വികസ്വര രാജ്യങ്ങളെക്കാളും ഏറെ പിന്നിലാണ് നമ്മുടെ രാജ്യം. ഇക്കഴിഞ്ഞ ജൂലൈ മാസത്തെ സാമ്പത്തിക വിശകലന റിപ്പോർട്ടിൽ അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) 2023 ഏപ്രിൽ, ജൂൺ കാലയളവിൽ ഇന്ത്യയുടെ വളർച്ച അനുമാനം 6.30 ആണെന്ന് റിപ്പോർട്ടു ചെയ്യുകയുണ്ടായി. നിലവിലെ പശ്ചിമേഷ്യൻ സംഘർഷ കാലാവസ്ഥയിൽ ആഗോള വിപണിയിൽ എണ്ണവില കുതിക്കുകയും വിലക്കയറ്റം രൂക്ഷമാവുകയും ചെയ്യും. ഇതാകട്ടെ ലോകരാജ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വളർച്ചയെ ഏറെ പുറകോട്ട് വലിക്കുകയും ചെയ്യും.
ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്നതിന്റെ അടിസ്ഥാന വർഷം 2011‐-12 ആയി തുടരുകയാണ്. അടിസ്ഥാന വർഷം 2004‐-05ൽ നിന്നും 2011-‐12 ആക്കി മാറ്റിയപ്പോൾ 2013‐-14ൽ നേരത്തേ കണക്കാക്കിയിരുന്ന ജിഡിപി 5ശതമാനത്തിൽ നിന്നും 6.7 ശതമാനമായി ഉയർന്നതായി കണക്കാക്കി. 2015 ആകുമ്പോഴേക്കും ജിഡിപി കണക്കാക്കുന്നതിന്റെ മേഖലകൾ വിപുലപ്പെടുത്തി. യുനൈറ്റഡ് നേഷൻസിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായിക്കൊണ്ടാണ് മാറ്റം നിർവഹിച്ചതെന്ന് കേന്ദ്രസർക്കാർ അഭിപ്രായപ്പെട്ടു. അങ്ങനെ 2014-‐15 സാമ്പത്തികവർഷം നമ്മുടെ രാജ്യം 7.3 ശതമാനം സാമ്പത്തിക വളർച്ച നേടിയെന്ന് ഔദ്യോഗിക കണക്ക് പുറത്തുവന്നു. ഈ രേഖപ്പെടുത്തിയ വളർച്ചകൾ യാഥാർത്ഥത്തിലുള്ളതല്ലെന്നും സാങ്കേതികം മാത്രമാണെന്നും ഇന്ത്യയിലേതടക്കം ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചതാണ്. ജിഡിപിയിൽ ഉണ്ടാകുന്ന വർദ്ധന അനുഭവപ്പെടുന്നത് അത് രാജ്യത്തിന്റെ സമ്പദ് രംഗത്ത് പ്രതിഫലിക്കുമ്പോഴാണ്. ജിഡിപി വർദ്ധനയുണ്ടെന്ന് അവകാശപ്പെട്ട കാലയളവിൽ സ്ഥിരം മൂലധന നിക്ഷേപം (Fixed Capital Investment) കുറഞ്ഞതായി കാണാം. സ്ഥിര മൂലധനനിക്ഷേപം കൂടുമ്പോൾ സ്വാഭാവികമായും ഉൽപാദനം വർദ്ധിക്കുകയാണ് വേണ്ടത്. 2015-ലെ ധനതത്വശാസ്ത്ര നോബൽ പുരസ്കാര ജേതാവും പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനുമായ ആൻഗസ് ഡീറ്റൺ നേരത്തേതന്നെ ഇന്ത്യയുടെ ജിഡിപിയിലെ പൊരുത്തക്കേടുകൾ അക്കമിട്ട് നിരത്തുകയുണ്ടായി. ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ച് പഠനം നടത്തിയതിന്റെ മികവ് പരിഗണിച്ചു കൂടിയാണ് അദ്ദേഹത്തിന് നോബൽ പുരസ്കാരം ലഭിച്ചത്. ഉൽപാദനത്തോടൊപ്പം വിതരണം ചെയ്യുമ്പോൾ ലഭിക്കുന്ന ലാഭവും ഇന്ത്യ ഉത്പാദനമായി കണക്കാക്കുന്നത് തെറ്റായ പ്രവണതയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. ആൻഗസ് ഡീറ്റണും ഈ അഭിപ്രായം തന്റെ ധനകാര്യ ചിന്തകളോടൊപ്പം പങ്കുവെച്ചിരുന്നു. ഇന്ത്യയിൽ, ജിഡിപി സംബന്ധിച്ച സർക്കാർ ഏജൻസികൾ പുറപ്പെടുവിക്കുന്നത് വ്യത്യസ്ത കണക്കുകളാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, നിതി ആയോഗ്, കേന്ദ്ര ധനമന്ത്രാലയം എന്നിവ പുറത്തുവിടുന്ന ജിഡിപി സംബന്ധിച്ച കണക്കുകൾ അന്യോന്യം പൊരുത്തപ്പെടുന്നവയല്ല. ഓരോ വ്യക്തിയുടെയും വരുമാനത്തിൽ വർഷം തോറും നല്ല വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നു. അത് ശരിയാണെങ്കിൽ ജനങ്ങൾ ചെലവഴിക്കുന്ന പണത്തിലും ഉപഭോഗത്തിലും ഇത് പ്രതിഫലിച്ചു കാണുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ആയതുകൊണ്ടുതന്നെ പ്രസ്തുത വളർച്ച പെരുപ്പിച്ച് കാണിച്ചതാണെന്ന് ഡീറ്റൺ അഭിപ്രായപ്പെട്ടു. ഉൽപാദനത്തിന്റെ വലിയൊരു ശതമാനം അസംഘടിത മേഖലയിൽ നിന്നാണ്. എന്നാൽ അസംഘടിത മേഖലയിൽ നിന്നുള്ള ഉൽപാദനം സംബന്ധിച്ച ആധികാരിക രേഖകൾ സർക്കാർ പുറത്തു വിടുന്നില്ല. ഒരു ഏകദേശ കണക്കാണ് ജിഡിപി കണക്കാക്കുന്നതിന് ചേർത്തിട്ടുളളത്. ഇന്ത്യയിലെന്നല്ല, വിദേശങ്ങളിലടക്കമുള്ള പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും ഇന്ത്യയുടെ ജിഡിപി വർദ്ധന പെരുപ്പിച്ചു കാട്ടിയതാണെന്നും ജിഡിപി നിർണയിക്കുന്നതിലെ മാനദണ്ഡങ്ങൾ ശാസ്ത്രീയമല്ലെന്നും അടിവരയിടുന്നു.
നിലവിൽ രാജ്യത്തിന്റെ വളർച്ചയുടെ സൂചകങ്ങളായി കണക്കാക്കുന്നത് ജിഡിപിയിലുള്ള വളർച്ചയും സ്റ്റോക്ക് മാർക്കറ്റിൽ ഷെയറുകളുടെ വിലവർധനയുമാണ്. വർദ്ധിച്ച തോതിലുള്ള വിദേശനിക്ഷേപം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലുണ്ട്. വിദേശനിക്ഷേപം പിൻവലിച്ചപ്പോൾ സിംഗപ്പൂരിന്റെ സമ്പദ്ഘടന ഉലഞ്ഞുപോയത് വർഷങ്ങൾക്കു മുമ്പ് ആ രാജ്യം നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നു. ദേശീയ വരുമാന വർദ്ധന ഉല്പാദന പ്രക്രിയയുടെ ഫലമാണല്ലോ. ഒരു സമൂഹത്തിൽ ആർക്കാണോ വാങ്ങാൻ ശേഷിയുള്ളത്, അത്തരം ആൾക്കാർക്ക് വേണ്ട ഉൽപ്പന്നങ്ങളാണ് മുഖ്യമായും ഉൽപ്പാദിപ്പിക്കുന്നത്. ആയതിനാൽ ഇന്ത്യയിൽ ദേശീയ വരുമാനം ഉയർന്നതായി കാണാം. ഉയർന്ന വളർച്ചയിലേക്കുള്ള മാർഗ്ഗം സുതാര്യമായ ഭരണക്രമത്തിലൂടെ മികച്ച അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിക്കൊണ്ട് ഉൽപാദനാധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിലൂടെയാണ്. അല്ലാതെ ചെറുകിട കച്ചവടം, ഇൻഷൂറൻസ് തുടങ്ങിയ സേവനമേഖലകളിൽ വിദേശനിക്ഷേപം വർദ്ധിപ്പിച്ചു കൊണ്ടാവരുത്. 60കളിലും 70കളിലെ ആദ്യ പകുതിയും നമ്മുടെ ജിഡിപിയുടെ 50 ശതമാനത്തോളം കാർഷിക മേഖലയിൽ നിന്നാണെന്ന് വിസ്മരിക്കരുത്. ശേഷം ഇതര ഉൽപാദന മേഖലകളിൽ നിന്നും; സർവീസ് മേഖലകളിൽ നിന്ന് തീരെ കുറവും. ഇന്നാകട്ടെ നേരെ മറിച്ചും. നവ ഉദാരവൽക്കരണവും അതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഭരണാധികാരികൾ വിദേശരാജ്യങ്ങളുമായും രാജ്യങ്ങളുടെ കൂട്ടയ്മകളായും പാർലമെന്റു പോലും അറിയാതെ ഒപ്പുവെക്കുന്ന നിരവധി ഉഭയകക്ഷി കരാറുകൾ, കൃഷി, ഇതര ഉൽപാദന മേഖലകളിൽ നിന്നും നമ്മുടെ സാന്നിധ്യത്തെ തുലോം കുറച്ചു കൊണ്ടുവന്നു. നിലനിൽക്കുന്ന വർദ്ധിതമായ സാമൂഹിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യക്ഷാമം, വൻവിലക്കയറ്റം എന്നിവയും ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടെടുപ്പിക്കുന്ന ഘടകങ്ങളാണ്. ഭരണരംഗത്തെ കെട്ടുകാര്യസ്ഥതയും അഴിമതിയും വളർച്ചയെ പിറകോട്ടടിപ്പിക്കുന്ന ഘടകങ്ങളിൽപ്പെടും. നികുതി വർദ്ധിപ്പിച്ചാൽ വിലവർദ്ധനയുണ്ടാകുന്നതു പോലെ അഴിമതിയും വിലക്കയറ്റത്തിന് വഴിവെക്കുന്നു. നികുതിപ്പണം സർക്കാർ ഖജനാവിൽ എത്തുമ്പോൾ അഴിമതിപ്പണം സ്വകാര്യ വ്യക്തികളിൽ എത്തുന്നു എന്നുമാത്രം. ഉയർന്ന തോതിലുള്ള അഴിമതി വില വർദ്ധിപ്പിക്കുന്നുവെന്ന് മാത്രമല്ല നിക്ഷേപങ്ങളുടെ ഗുണമേന്മയെ മോശമായി ബാധിക്കുന്നുമുണ്ട്. അഴിമതി കൂടുതൽ നടക്കുന്ന രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപം വരുന്നത് അഴിമതിക്ക് പേരുകേട്ട രാജ്യങ്ങളിൽ നിന്നാണെന്ന് കാണാം. ഏതാനും ആഴ്ചകൾക്കു മുമ്പ് നമ്മുടെ രാജ്യത്ത് കംട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ (സിഎജി) വിവിധയിടങ്ങളിൽ നടന്ന ഓഡിറ്റിന്റെ റിപ്പോർട്ടുകൾ മുഖ്യമായും കേന്ദ്ര പദ്ധതികളിലെ അഴിമതികളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു. ദ്വാരക അതിവേഗപ്പാത, ഭാരത്മാല, ആയുഷ്മാൻ ഭാരത് എന്നിവയിൽ വൻഅഴിമതികൾ നടന്നതായി സി എ ജി റിപ്പോർട്ടിലെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വരികയുണ്ടായി. ഈ വൻ അഴിമതിയിൽനിന്നും മുഖംമറയ്‌ക്കാൻ കേന്ദ്ര സർക്കാർ ഉടൻ ചെയ്തത് ഓഡിറ്റ് ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും ഓഡിറ്റുകൾ തൽക്കാലം നിർത്തിവെക്കാൻ സി എ ജിയുടെ കേന്ദ്ര എജി ഓഫീസിന് നിർദ്ദേശം നല്കിയുമായിരുന്നു. ഈയിടെ കഴിഞ്ഞ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ മേശപ്പുറത്തുവച്ച 12 സിഎജി റിപ്പോർട്ടുകളിലാണ് ഇത്തരം അഴിമതിയെക്കുറിച്ച് വിവരങ്ങൾ ഉണ്ടായിരുന്നത്. ഈ അഴിമതികളടങ്ങുന്ന ജിഡിപി കണക്കുകളല്ല യഥാർത്ഥത്തിൽ രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളാവേണ്ടത്.
ആരോഗ്യപരവും വളർച്ചയിലൂന്നിയയതുമായ ശക്തമായ ഉൽപാദന മേഖല ജിഡിപിയുടെ ഗണ്യമായ ഘടകമായേ പറ്റൂ. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ അടുത്തിടെ 187 രാജ്യങ്ങളുടെ കണക്കെടുത്തപ്പോൾ ഇന്ത്യ 142‐-ാം സ്ഥാനത്താണ്. അല്ലെങ്കിലും നമ്മുടെ രാജ്യത്തിന്റെ മൊത്തം ആസ്തിയിൽ 40ശതമാനവും കേവലം ഒരു ശതമാനം പോലും തികയാത്ത വൻകിട കുത്തകകളുടെ കയ്യിലാണല്ലോ. അപ്പോൾ പിന്നെ പ്രതിശീർഷ ജിഡിപിയെ ആശ്രയിക്കുന്നതിൽ യുക്തിയില്ല. ആവർത്തിക്കട്ടെ, സ്ഥിരതയാർന്നതും ആരോഗ്യപരവുമായ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ശക്തവും മേന്മയേറിയതുമായ ഉൽപാദന മേഖല അനിവാര്യമാണ്. കൂടുതൽ വിദേശ നിക്ഷേപം ക്ഷണിച്ചും സ്വീകരിച്ചുമുള്ള വളർച്ച അഭികാമ്യമല്ല. വൻകിട കോർപ്പറേറ്റ് മൂലധനം ധനമൂലധനമായി മാറ്റുന്നത് നിരുത്സാഹപ്പെടുത്തുകയും മൂലധനം ഉൽപാദനപരമായ മേഖലയിലേക്ക് തിരിച്ചു വിടുകയും വേണം. ♦