പലസ്തീനുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ ഇസ്രയേൽ എംബസി അടച്ചുപൂട്ടുവാൻ പ്രമേയം പാസാക്കി ദക്ഷിണാഫ്രിക്കയിലെ ദേശീയ അസംബ്ലി. ദക്ഷിണാഫ്രിക്കയിലെ പ്രെട്ടോറിയയിൽ സ്ഥിതി ചെയ്യുന്ന ഇസ്രയേൽ എംബസി അടച്ചുപൂട്ടണം എന്ന പ്രമേയം എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പാർട്ടിയുടെ നേതാവായ ജൂലിയസ് മലെമയാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. 248 പേർ അനുകൂലിച്ചുകൊണ്ടും 91 പേർ എതിർത്തുകൊണ്ടും നവംബർ 21ന് പ്രമേയം പാർലമെന്റ് അംഗീകരിച്ചു. ‘ദക്ഷിണാഫ്രിക്കയിലെ ഇസ്രയേൽ എംബസി അടച്ചുപൂട്ടുകയും ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും നിർത്തിവയ്ക്കുകയും ചെയ്യുക’ എന്നതായിരുന്നു ഒരാഴ്ച മുൻപ് അവതരിപ്പിച്ച പ്രമേയത്തിന്റെ തലക്കെട്ട്. പ്രമേയം പ്രാബല്യത്തിൽ വരാൻ ഇനി പ്രസിഡന്റ് സിറിൽ റാമഫോസയുടെ അംഗീകാരംമാത്രമേ ആവശ്യമുള്ളൂ.
ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസും മലെമ മുന്നോട്ടുവച്ച ഈ പ്രമേയത്തെ പിന്തുണയ്ക്കുകയുണ്ടായി. പാർലമെന്റ് അംഗീകരിച്ച ഈ പ്രമേയം ഇസ്രയേൽ വെടിനിർത്തൽ അംഗീകരിക്കുകയും നീതിപൂർവ്വവും സുസ്ഥിരവും ശാശ്വതവുമായ ഒരു സമാധാനത്തിലേക്ക് വഴിവയ്ക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ വിളിച്ചുചേർക്കുന്ന കൂടിയാലോചനകളിൽ പങ്കെടുക്കുകയും തീരുമാനം അംഗീകരിക്കുകയും ചെയ്യുവാൻ ഇസ്രയേൽ തയ്യാറാകുന്നതുവരെ ഇസ്രയേൽ എംബസി അടച്ചുപൂട്ടുവാൻ സൗത്താഫ്രിക്കൻ ഗവൺമെന്റിനോട് ആഹ്വാനം ചെയ്യുന്നതാണ് ഈ പ്രമേയം. ഭരണകക്ഷിയായ എ എൻ സി ക്കുംപ്രമേയം മുന്നോട്ടുവെച്ച എക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പാർട്ടിക്കും പുറമേ നാഷണൽ ഫ്രീഡം പാർട്ടി, അൽ-ജമാ, ആഫ്രിക്കൻ ട്രാൻസ്ഫർമേഷൻ മൂവ്മെന്റ്, പാൻ-ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് ഓഫ് അസാനിയ തുടങ്ങിയ കക്ഷികളും പ്രമേയത്തെ അനുകൂലിച്ചുകൊണ്ട് വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് അലയൻസ് എന്ന ഇസ്രയേൽ അനുകൂല കക്ഷി പ്രമേയത്തെ എതിർത്തു.
പ്രട്ടോറിയയിലെ ഇസ്രയേലി എംബസിയും അടച്ചുപൂട്ടുവാനും ഇസ്രയേലിലെ നിഷ്ഠുരമായ ഫാസിസ്റ്റ് ഭരണകൂടവുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുവാനും റാമഫോസയുടെ ഗവൺമെന്റിനോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. പലസ്തീനിലെ സൈനിക വിന്യാസം അവസാനിപ്പിക്കുവാനും ലബനൻ, സിറിയ പോലെയുള്ള രാജ്യങ്ങളിൽ കഴിയുന്ന പലസ്തീൻ അഭയാർത്ഥികളെ തിരിച്ചുവരാൻ അനുവദിക്കുകയും ചെയ്യുന്നതുവരെ ബഹിഷ്കരിക്കുകയും നിക്ഷേപങ്ങൾ പിൻവലിക്കുകയും ഉപരോധിക്കുകയും ചെയ്യുകവഴി ഇസ്രയേലിനെ ഒറ്റപ്പെടുത്തുവാൻ ഈ ലോകത്തോടാകെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു’. കഴിഞ്ഞ ആഴ്ച പ്രമേയം അവതരിപ്പിക്കുമ്പോൾ പാർലമെന്റിൽ മലെമ പറഞ്ഞ വാക്കുകളാണിത്. ദക്ഷിണാഫ്രിക്കയിലെ ദേശീയ അസംബ്ലി ഇത്തരത്തിലൊരു പ്രമേയം അവതരിപ്പിക്കുകയും അത് പൂർണമായി അംഗീകരിക്കുകയും ചെയ്തത് ലോകരാജ്യങ്ങളിൾക്കാകെ മാതൃകയാണ്. ♦