Saturday, May 18, 2024

ad

Homeഇവർ നയിച്ചവർസി കൃഷ്‌ണൻനായർ: കാസർകോട്ടെ കരുത്തുറ്റ സംഘാടകൻ

സി കൃഷ്‌ണൻനായർ: കാസർകോട്ടെ കരുത്തുറ്റ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

ടക്കേ മലബാറിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായക സംഭാവന ചെയ്‌ത നേതാവാണ്‌ സി കൃഷ്‌ണൻനായർ. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കർഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്നു. ഇന്നത്തെ കണ്ണൂർ, കാസർകോട്‌ ജില്ലകളും വയനാട്‌ ജില്ലയുടെ ഏതാനും ഭാഗങ്ങളും ഉൾപ്പെട്ട പഴയ കണ്ണൂർ ജില്ലയിൽ ഒട്ടാകെ പാർട്ടിക്കും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കുന്നതിൽ സിയുടെ പങ്ക്‌ വളരെ വലുതാണ്‌. പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി പഴയ കണ്ണൂർ ജില്ലയിൽ കൃഷ്‌ണൻനായരുടെ കാൽപ്പാദങ്ങൾ പതിയാത്ത നാട്ടിടവഴികളോ തെരുവോരങ്ങളോ ഇല്ലെന്ന്‌ പറഞ്ഞാൽ അത്‌ അതിശയോക്തിയാവില്ല.

1923 ഒക്ടോബർ 27ന്‌ ചെമ്മഞ്ചേരി മാക്കം അമ്മയുടെയും പടിഞ്ഞാറ്റത്ത്‌ അമ്പു അടിയോടിയുടെയും മകനായി പീലിക്കോടിനു സമീപം കൊടക്കാട്ടാണ്‌ കൃഷ്‌ണൻനായരുടെ ജനനം. കൃഷ്‌ണൻനായർക്ക്‌ ആറുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഏകസഹോദരി മാധവിയുടെ ഭർത്താവ് കയ്യൂർ കേസിൽ പ്രതിയായിരുന്ന, എക്കാലത്തും കയ്യൂരിലെ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ചിരുന്ന കുറുവാടൻ നാരായണൻ നായർ.

മാന്യഗുരു യുപി സ്‌കൂൾ എന്ന്‌ പിൽക്കാലത്ത്‌ അറിയപ്പെട്ട കരിവെള്ളൂർ ഹയർ എലിമെന്ററി സ്‌കൂളിലായിരുന്നു കൃഷ്‌ണൻനായരുടെ വിദ്യാഭ്യാസം. കുട്ടിക്കാലം മുതൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോടും ദേശീയ പ്രസ്ഥാനത്തോടും ശക്തമായ ആഭിമുഖ്യമായിരുന്നു കൃഷ്‌ണൻനായർക്ക്‌. 1930കളുടെ ആരംഭത്തിൽ ശക്തിപ്രാപിച്ച കള്ളുഷാപ്പ്‌ പിക്കറ്റിംഗ്‌, വിദേശവസ്ത്ര ബഹിഷ്‌കരണം തുടങ്ങിയ സമരങ്ങൾ പീലിക്കോട്ട്‌ വളരെ ശക്തമായിരുന്നു. ഉപ്പു സത്യഗ്രഹ വളണ്ടിയർമാരായിരുന്ന ടി എസ്‌ തിരുമുമ്പ്‌ ഉൾപ്പെടെയുള്ളവരുമായുണ്ടായിരുന്ന അടുപ്പം കൃഷ്‌ണൻനായരിലെ സ്വാതന്ത്ര്യസമരത്തോടുള്ള ആഭിമുഖ്യം വളർത്തി.

കർഷകസംഘത്തിന്റെയും അഭിനവ ഭാരത്‌ യുവക്‌ സംഘത്തിന്റെയും പ്രവർത്തനങ്ങൾ കരിവെള്ളൂർ മേഖലയിൽ സജീവമായിരുന്നു. അവയുടെ പ്രവർത്തനങ്ങൾ കുട്ടിയായിരുന്ന കൃഷ്‌ണൻനായരെ ഏറെ സ്വാധീനിച്ചിരുന്നു.

ധീരതയുടെ ആൾരൂപമായിരുന്ന ഭഗത്‌സിങ്ങിനോട്‌ യുവജനങ്ങളുടെ ആദരവും ആരാധനയും വളരെയേറെയായിരുന്നു. തീരെ കുട്ടിയായിരുന്നപ്പോൾ മുതൽ കൃഷ്‌ണൻനായരും ഭഗത്‌സിങ്ങിന്റെ ആരാധകനായിരുന്നു. ഭഗത്‌ സിങ്ങിനെ തൂക്കിക്കൊന്നതിനെതിരെ പീലിക്കോട്ടെ യുവാക്കൾ 1931ൽ നടത്തിയ പ്രതിഷേധത്തിൽ എട്ടുവയസ്സുകാരനായ കൃഷ്‌ണൻനായരും ആവേശത്തോടെ അണിനിരന്നു.

എട്ടാംക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച കൃഷ്‌ണൻനായർ 1936ൽ പതിമൂന്നാം വയസ്സിൽ ബാലസംഘത്തിന്റെ സജീവ പ്രവർത്തകനായി മാറി. ‘കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം’ എന്ന കൃതിയിൽ ‘‘പീലിക്കോടാണ്‌ ആദ്യമായി ഒരു ബാലസമാജം ആവിർഭവിച്ചത്‌’’ എന്ന്‌ എൻ ഇ ബലറാം രേഖപ്പെടുത്തിയിട്ടുണ്ട്‌. 1937ൽ കൃഷ്‌ണൻനായർ ഉൾപ്പെടെയുള്ളവർ മുൻകൈയെടുത്ത്‌ ബാലസംഘത്തിന്റെ വാർഷികം സംഘടിപ്പിച്ചു. അതിൽ എ കെ ജിയെ പങ്കെടുപ്പിച്ചു. വാർഷികത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട നാടകത്തിന്റെ രചനയിൽ കൃഷ്‌ണൻനായരും പങ്കാളിയായി; ഒപ്പം പ്രധാനപ്പെട്ട ഒരു വേഷം അരങ്ങിൽ അവതരിപ്പിക്കുകയും ചെയ്‌തു.

1938ൽ പയ്യന്നൂർ ഹൈസ്‌കൂളിൽ നടന്ന സമരത്തിൽ കൃഷ്‌ണൻനായരും പങ്കെടുത്തു. എൻ സുബ്രഹ്മണ്യ ഷേണായിയായിരുന്നു സമരത്തിന്റെ നേതാവ്‌. ആ സമരത്തിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഇ കെ നായനാരും ഉണ്ടായിരുന്നുു. നായനാരെ അദ്ദേഹം അവിടെവച്ചാണ്‌ പരിചയപ്പെട്ടത്‌.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബക്കളം സമ്മേളനം വടക്കേ മലബാറിന്റെ ആവേശമായിരുന്നു. 1939ൽ നടന്ന ആ സമ്മേളനത്തിൽ കൃഷ്‌ണൻനായരും പ്രതിനിധിയായിരുന്നു. അതോടെ സി അറിയപ്പെടുന്ന കോൺഗ്രസ്‌ പ്രവർത്തകനായി മാറി.

1939ൽ കൊടക്കാട്‌ നടന്ന കർഷകസമ്മേളനം പങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായിരുന്നു. കുട്ടികളുടെ സമ്മേളനവും ആ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. കുട്ടികളുടെ നല്ലതോതിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കൃഷ്‌ണൻനായരുടെ പങ്ക്‌ വളരെ വലുതായിരുന്നു.

കർഷകസംഘത്തിന്റെ സജീവ സംഘാടകനും പ്രവർത്തകനുമായി മാറിയ കൃഷ്‌ണൻനായർ കമ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുമായി വളരെ അടുത്ത സൗഹൃദത്തിലായി. പൊലീസ്‌ നിരന്തരമായി നടത്തിവന്ന മർദനങ്ങൾക്കെതിരെ 1940 സെപ്‌തംബർ 15ന്‌ പ്രതിഷേധദിനം ആചരിക്കാൻ കെപിസിസി ആഹ്വാനം ചെയ്‌തു. അതിന്റെ ഭാഗമായി നീലേശ്വരം ആൽത്തറയിൽ നടന്ന പ്രതിഷേധയോഗത്തിൽ കൃഷ്‌ണൻനായർ പ്രസംഗിച്ചു. അതോടെ അദ്ദേഹം പൊലീസിന്റെ നോട്ടപ്പുള്ളിയായി. പൊലീസ്‌ അന്വേഷിക്കുന്നു എന്നറിഞ്ഞതോടെ അദ്ദേഹം ഒളിവിൽ പോയി.

കൗമാരക്കാരൻ ഏറ്റുവാങ്ങേണ്ടിവന്ന പീഡനം
1941ൽ കമ്യൂണിസ്റ്റ്‌ പാർട്ടി സെൽ അംഗമായ കൃഷ്‌ണൻനായർ കമ്യൂണിസ്റ്റ്‌‐കർഷക പ്രസ്ഥാനങ്ങളുടെ മുഴുവൻ സമയ പ്രവർത്തകനായി. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ നീലേശ്വരം രാജാവിന്‌ മെമ്മോറാണ്ടം സമർപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. പ്രശ്‌നങ്ങൾ സവിസ്‌തരം പ്രതിപാദിച്ചുകൊണ്ടുള്ള മെമ്മോറാണ്ടം തയ്യാറാക്കുന്നതിനുള്ള ചുമതല കൃഷ്‌ണൻനായരെയാണ്‌ പാർട്ടി ഏൽപ്പിച്ചത്‌. ആ വർഷം മാർച്ച്‌ 28ന് മെമ്മോറാണ്ടവുമായി കൃഷ്‌ണൻനായർ പുറപ്പെട്ടു. കയ്യൂർ സമരം നടക്കുന്ന സമയമായിരുന്നല്ലോ അത്‌. കമ്യൂണിസ്റ്റുകാരെ പൊലീസ്‌ കിരാതമായി വേട്ടയാടുന്ന സമയം. പൊലീസിന്‌ പിടികൊടുക്കാതെ കൃഷ്‌ണൻനായർ ഒളിവിൽ കഴിഞ്ഞു. എന്നാൽ കമ്യൂണിസ്റ്റ്‌ വേട്ട ശക്തിപ്പെടുത്തിയ പൊലീസ്‌ തെരച്ചിൽ തുടർന്നു. ഏപ്രിൽ 15ന്‌ ചെറുവത്തൂരുനിന്ന്‌ പൊലീസിന്റെ വലയിൽ അദ്ദേഹം അകപ്പെട്ടു. തുടർന്ന്‌ പതിനഞ്ച്‌ ദിവസക്കാലം കിരാതമായ മർദനങ്ങൾക്ക്‌ അദ്ദേഹം ഇരയായി. നീട്ടിപ്പിടിച്ച നാക്കിൽ ചൂരൽകൊണ്ട്‌ അതിശക്തമായി പ്രഹരം, സാങ്കൽപിക കസേരയിലിരുത്തിയുള്ള അതികഠിനമായ പീഡനം എന്നീ മർദനമുറകളെല്ലാം കൗമാരക്കാരനായിരുന്ന കൃഷ്‌ണൻനായർക്കു മേൽ പൊലീസ്‌ പ്രയോഗിച്ചു. 18 വയസ്സ് തികയാത്തതു കാരണം, മൈനർ ആയതു കൊണ്ടാണ് കയ്യൂർ കേസിൽ പ്രതി യാക്കാതിരുന്നത്.

കയ്യൂർ സമരത്തെത്തുടർന്ന്‌ സംഘടനാ പ്രവർത്തനരംഗത്ത്‌ അനിശ്ചിതത്വം രൂപംകൊണ്ടു. പാർട്ടിയുടെ പ്രധാന പ്രവർത്തകർ പലരും പൊലീസ്‌ കസ്റ്റഡിയിലായി. മറ്റു ചിലർ ഒളിവിൽ പോയി. 1943ൽ കൈതക്കാട്‌ യുപി സ്‌കൂൾ അധ്യാപകനായി കൃഷ്‌ണൻനായർ ജോലിയിൽ പ്രവേശിച്ചു. അധ്യാപകരെ ചൂഷണം ചെയ്യുക എന്നത്‌ അന്നത്തെ സ്‌കൂൾ മാനേജർമാരുടെ സ്ഥിരം പരിപാടിയായിരുന്നു. വളരെ കുറച്ചു ശമ്പളമേ കൊടുക്കുകയുള്ളൂ. അതുതന്നെ കൃത്യമായി കൊടുക്കില്ല. അതായിരുന്നു പൊതു സമീപനം.

1945ൽ അദ്ദേഹം പുത്തിലോട്ട്‌ യുപി സ്‌കൂളിൽ അധ്യാപകനായി. വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറിയ കൃഷ്‌ണൻനായരെ അന്വേഷിച്ച്‌ 1946ൽ ഒരുദിവസം പൊലീസ്‌ സ്‌കൂളിൽ വന്നു. കൃഷ്‌ണൻനായർ കുട്ടികൾക്ക്‌ ക്ലാസ്‌ എടുത്തുകൊണ്ടിരിക്കെയാണ്‌ പൊലീസ്‌ എത്തിയത്‌. ആ വിവരം ഒരു വിദ്യാർത്ഥിയിൽനിന്ന്‌ അറിഞ്ഞ കൃഷ്‌ണൻനായർ പൊലീസിനെ വെട്ടിച്ച്‌ സ്ഥലംവിട്ടു.

മുഴുവൻസമയവും കമ്യൂണിസ്റ്റ്‌ പാർട്ടിക്കുവേണ്ടി ചെലവഴിച്ച കൃഷ്‌ണൻനായർ പിന്നീടൊരിക്കലും അധ്യാപക ജീവിതത്തിലേക്ക്‌ മടങ്ങിയില്ല. പകരം സഖാക്കളുടെയും ജനങ്ങളുടെയും അധ്യാപകനായി മാറി. കർഷകസംഘത്തിന്റെ കാസർകോട്‌ താലൂക്ക്‌ പ്രസിഡന്റായി കൃഷ്‌ണൻനായരെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്നത്തെ കാസർകോട്‌ ജില്ല മുഴുവനായിരുന്നു അന്നത്തെ താലൂക്ക്‌ കമ്മിറ്റിയുടെ പ്രവർത്തനമേഖല.

തോലും വിറകും സമരം
ചീമേനിയിലെ താഴക്കാട്ട്‌ മനയുടെ ഉടമസ്ഥതയിലുള്ള ആറായിരത്തോളം ഏക്കർ വരുന്ന ഭൂമിയിലെ കൃഷിക്കാർക്കാവശ്യത്തിനുള്ള പച്ചിലവളവും വീട്ടാവശ്യത്തിനുള്ള വിറകും പുരമേയുന്നതിനുള്ള പുല്ലും നാട്ടുകാർ കാലകാലങ്ങളായി സൗജന്യമായി സംഭരിച്ചിരുന്നു. പലർക്കും ഇത്‌ ഉപജീവനമാർഗവുമായിരുന്നു. വിറകിനും തോലിനും മറ്റും തുച്ഛമായ വില/കൂലിയാണ്‌ ലഭിച്ചിരുന്നത്‌. എങ്കിലും നിരവധി കുടുംബങ്ങൾക്ക്‌ അതൊരു ആശ്വാസമായിരുന്നു. എന്നാൽ ഈ ഭൂമി ജോർജ്‌ തോമസ്‌ കൊട്ടുകാപ്പള്ളി വാങ്ങിയതോടെ സ്ഥിതിയാകെ തകിടം മറിഞ്ഞു. മേലിൽ തോലും വിറകും എടുക്കരുതെന്ന്‌ പുതിയ ജന്മി കൽപിച്ചു.

എന്നാൽ ജന്മിയുടെ വിലക്ക്‌ ലംഘിച്ച്‌ ജനങ്ങൾ തോലും വിറകും ശേഖരിച്ചു. സ്‌ത്രീകളായിരുന്നു തൊഴിലാളികളിൽ ഏറെയും. ജന്മിയുടെ ഗുണ്ടകൾ സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിച്ചു. അതിനെതിരെ കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചു. ‘‘തോലും വിറകും ഞങ്ങളെടുക്കും, കാലൻ വന്ന്‌ വിളിച്ചാലും’’ എന്ന മുദ്രാവാക്യം ആവേശത്തോടെ വിളിച്ചുകൊണ്ട്‌ ഇരുനൂറിലേറെ സ്‌ത്രീകൾ സമരത്തിൽ അണിചേർന്നു. കൊടക്കാട്‌, പീലിക്കോട്‌, കരിവെള്ളൂർ, ചീമേനി, കയ്യൂർ, ചെറുവത്തൂർ തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ വലിയ പിന്തുണയാണ്‌ ഈ സമരത്തിന്‌ നൽകിയത്‌. ഈ പ്രദേശങ്ങൾ കർഷകസംഘത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ടി എസ്‌ തിരുമുമ്പ്‌, സി കൃഷ്‌ണൻനായർ, നാപ്പയിൽ കുഞ്ഞമ്പു, കെ ടി കമ്മാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സമരം നടന്നത്‌. സ്‌ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കൃഷ്‌ണൻനായർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ 107‐ാം വകുപ്പനുസരിച്ച്‌ കേസ്‌ ചാർജ്‌ ചെയ്‌തു. കർണാടകത്തിലെ പുത്തൂർ കോടതിയിലാണ്‌ കേസ്‌ നടന്നത്‌. രണ്ടുവർഷത്തിനുശേഷം കേസ്‌ തള്ളപ്പെട്ടു.

തോൽ‐വിറക്‌ സമരം തൊഴിലാളികളുടെ പ്രത്യേകിച്ച്‌ സ്‌ത്രീതൊഴിലാളികളുടെ സമരചരിത്രത്തിലെ ഉജ്വല അധ്യായമാണ്‌.

1946‐48 കാലത്ത്‌ പഴയ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി കർഷകസമരങ്ങൾ നടന്നല്ലോ. ആ സമരങ്ങളുടെയെല്ലാം മുൻനിരയിൽ കൃഷ്‌ണൻനായർ ഉണ്ടായിരുന്നു. അതുമൂലം അദ്ദേഹത്തിനെതിരെ പൊലീസ്‌ നിരവധി കേസുകൾ ചാർജ്‌ ചെയ്‌തു. 1946 ഡിസംബറിൽ നടന്ന കരിവെള്ളൂർ സമരത്തിനാവശ്യമായ വളണ്ടിയർമാരെ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ റിക്രൂട്ട്‌ ചെയ്‌തു. പീലിക്കോട്ടുനിന്നുള്ള സഖാക്കളെ റിക്രൂട്ട്‌ ചെയ്യുന്നതിന്റെ ചുമതല കൃഷ്‌ണൻനായർക്കായിരുന്നു. കരിവെള്ളൂർ സംഭവത്തിനു ശേഷം കേന്ദ്ര കമ്മറിയംഗങ്ങൾ കരിവെള്ളൂർ സന്ദർശിച്ചപ്പോൾ അവരെ സംഭവസ്ഥലത്തെത്തി സുരക്ഷിതമായി തിരിച്ചയച്ചത് പാർട്ടി ചുമതലപ്പെടുത്തിയതു പ്രകാരം അന്ന് ഒളിവിൽ കഴിഞ്ഞിരുന്ന കൃഷ്ണൻ നായരായിരുന്നു.

1948 മെയിൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കൽക്കത്ത സമ്മേളനത്തെ തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിക്കപ്പെട്ടു. കൽക്കത്ത തിസീസിന്റെ പേരിൽ കമ്യൂണിസ്റ്റുകാരെ ഭരണകൂടം അതിശക്തമായാണ്‌ വേട്ടയാടിയത്‌. നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ ജയിലിലടച്ചു. ജയിലിൽ അതികഠിനമായ മർദനമുറകൾക്ക്‌ അവർ ഇരയാക്കപ്പെട്ടു. പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെയും അനുഭാവികളെയും ക്രൂരമായി വേട്ടയാടി.

കൃഷ്‌ണൻനായരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. എ കെ ജി, സി എച്ച്‌ കണാരൻ, കെ ദാമോദരൻ, എം കെ കേളു, സി കണ്ണൻ, സി ഉണ്ണിരാജ, പി ആർ നമ്പ്യാർ തുടങ്ങിയവർ കൃഷ്‌ണൻനായരുടെ സഹതടവുകാരായിരുന്നു. ജയിലിൽ നേതാക്കൾ പാർട്ടി ക്ലാസുകൾ എടുത്തിരുന്നു. ആ പാർട്ടി ക്ലാസുകളും നേതാക്കളുമായുള്ള സമ്പർക്കവും കൃഷ്‌ണൻനായരുടെ അറിവിന്റെ ചക്രവാളം വികസിപ്പിച്ചു. 28 മാസത്തെ തടവുജീവിതത്തിനുശേഷം 1951ൽ അദ്ദേഹം ജയിൽമോചിതനായി.

1944ൽ പാർട്ടിയുടെ താലൂക്ക്‌ ഫർക്ക കമ്മിറ്റി അംഗമായ കൃഷ്‌ണൻനായർ 1946ൽ പീലിക്കോട്‌ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1952ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ കൃഷ്‌ണൻനായർ നീലേശ്വരം മണ്ഡലം സെക്രട്ടറിയായി.

1964ൽ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം അടിയുറച്ച്‌ കൃഷ്‌ണൻനായർ നിന്നു. സിപിഐ എമ്മിന്റെ നീലേശ്വരം മണ്ഡലം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മഹാഭൂരിപക്ഷം പാർട്ടി അംഗങ്ങളെയും അനുഭാവികളെയും സിപിഐ എമ്മിനൊപ്പം നിർത്താൻ മുൻനിന്നു പ്രവർത്തിച്ചു.

1965ൽ ഭക്ഷ്യക്ഷാമത്തിനെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന്‌ ഹോസ്‌ദുർഗിൽ നേതൃത്വം നൽകിയത്‌ കൃഷ്‌ണൻനായരായിരുന്നു. പ്രക്ഷോഭത്തിനു നേരെ പൊലീസ്‌ അതിക്രൂരമായ മർദനം അഴിച്ചുവിട്ടു. കൃഷ്‌ണൻനായരുടെ വലതുകൈയ്‌ക്ക്‌ ഏറ്റ അടിമൂലം കൈയുടെ എല്ലുപൊട്ടി. മൂന്നുമാസത്തിലേറെ ചികിത്സ ചെയ്യേണ്ടിവന്നു.

1965 ജനുവരി ഒന്നിന്‌ പീലിക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റായി കൃഷ്‌ണൻനായർ തിരഞ്ഞെടുക്കപ്പെട്ടു. 1989 സെപ്‌തംബർ വരെ ആ സ്ഥാനത്ത്‌ അദ്ദേഹം തുടർന്നു. ഈ കാലയളവിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. പീലിക്കോട്‌ പഞ്ചായത്തിന്‌ സ്വന്തമായി കെട്ടിടമുണ്ടായത്‌, പീലിക്കോട്‌ ഗവൺമെന്റ്‌ ഹയർസെക്കൻഡറി സ്‌കൂൾ ആരംഭിച്ചതും അതിന്റെ വിവിധ ഘട്ടങ്ങളിലായുള്ള വികസനം, പീലിക്കോട്‌ റെയിൽവേ ഓവർബ്രിഡ്‌ജ്‌ യാഥാർഥ്യമാക്കുന്നതിലെ ഇടപെടലുകൾ ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങൾ നാട്ടുകാർക്ക്‌ ചൂണ്ടിക്കാട്ടാനുണ്ട്‌.

1970ൽ അദ്ദേഹം സിപിഐ എം കാസർകോട്‌ താലൂക്ക്‌ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. കർഷകസംഘത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവുകൂടിയായിരുന്നു അദ്ദേഹം. 1971ൽ കൃഷ്‌ണൻനായരുടെ നേതൃത്വത്തിൽ കർഷകസംഘത്തിന്റെ കണ്ണൂർ ജില്ലാ പ്രചരണജാഥ സംഘടിപ്പിച്ചു. ആലക്കോട്ട്‌ വച്ച്‌ കോൺഗ്രസ്‌ ഗുണ്ടകൾ ജാഥയ്‌ക്കു നേരെ ആക്രമണം അഴിച്ചുവിട്ടു. കൃഷ്‌ണൻനായർക്ക്‌ ആ ആക്രമണത്തിൽ സാരമായി പരിക്കേറ്റു.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ സിപിഐ എം കാസർകോട്‌ താലൂക്ക്‌ സെക്രട്ടറി കൃഷ്‌ണൻനായരായിരുന്നു. പൊലീസിന്റെ നിയന്ത്രണം ലംഘിച്ചുകൊണ്ട്‌ അടിയന്തരാവസ്ഥയ്‌ക്കെതിരെ കൃഷ്‌ണൻനായരുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ്‌ അതിക്രൂരമായ മർദനമാണ്‌ പ്രകടനത്തിനുനേരെ നടത്തിയത്‌. പൊലീസിനെ കയറൂരിവിട്ട കാലമായിരുന്നല്ലോ അത്‌. ലാത്തിച്ചാർജിൽ കൃഷ്‌ണൻനായരുടെ നട്ടെല്ലിനും തലയ്‌ക്കും പരിക്കേറ്റു. രണ്ടുമാസക്കാലം അദ്ദേഹത്തെ ജയിലിലടയ്‌ക്കുകയും ചെയ്‌തു.

അടിയന്തരാവസ്ഥക്കാലത്ത്‌ പൊലീസിന്റെ പിന്തുണയോടെ കോൺഗ്രസ്‌ ഗുണ്ടകൾ സിപിഐ എം പ്രവർത്തകർക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. മമ്പറത്ത്‌ കോൺഗ്രസുകാർ നടത്തിയ ആക്രമണത്തിൽ നിരവധി പാർട്ടി പ്രവർത്തകർക്ക്‌ പരിക്കേറ്റു; പലരുടെയും വീടുകൾ തകർക്കപ്പെട്ടു. അതിക്രമത്തിനിരയായ പാർട്ടി പ്രവർത്തകരെ കൃഷ്‌ണൻനായരും മറ്റു നേതാക്കളും സന്ദർശിച്ചു. പ്രവർത്തകരുടെ തകർക്കപ്പെട്ട വീടുകൾ സന്ദർശിച്ചു. ഈ സമയത്ത്‌ കൃഷ്‌ണൻനായരെയും കോൺഗ്രസ്‌ ഗുണ്ടകൾ ആക്രമിച്ച്‌ പരിക്കേൽപിച്ചു.

കർഷകസംഘത്തിന്റെയും പാർട്ടിയുടെയും പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുമ്പോഴും ദേശാഭിമാനിയുടെ പ്രാദേശിക ലേഖകൻ എന്ന നിലയിൽ റിപ്പോർട്ട്‌ തയ്യാറാക്കി അയയ്‌ക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി.

1977 മുതൽ നാലുവർഷക്കാലം അദ്ദേഹം കോഴിക്കോട്‌ സർവകലാശാല സെനറ്റംഗമായിരുന്നു. 1987 മുതൽ 1991 വരെയും 1997 മുതൽ 2001 വരെയും കൃഷ്‌ണൻനായർ സംസ്ഥാന ഗ്രാമവികസന ബോർഡ്‌ ചെയർമാനായി പ്രവർത്തിച്ചു. 1991 മുതൽ 93 വരെ കാസർകോട്‌ ജില്ലാ കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.

1995ലാണല്ലോ കേരളത്തിൽ ജില്ലാ പഞ്ചായത്തുകൾ നിലവിൽ വന്നത്‌. അന്ന്‌ നീലേശ്വരം ഡിവിഷനെ പ്രതിനിധീകരിച്ചത്‌ കൃഷ്‌ണൻനായരായിരുന്നു.

1984ൽ കാസർകോട്‌ ജില്ല രൂപീകരിക്കപ്പെട്ടതോടെ കൃഷ്‌ണൻനായർ സിപിഐ എം കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റംഗമായി. ആ വർഷം തന്നെ അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1998 വരെ അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

ദീർഘകാലം കർഷസംഘം സംസ്ഥാന വർക്കിങ്ങ് കമ്മറ്റിയംഗവും ആൾ ഇന്ത്യ കിസാൻ കൗൺസിൽ അംഗവുമായിരുന്നു.

തൃക്കരിപ്പൂർ എംഎൽഎയായിരുന്ന ഇ കെ നായനാർ മുഖ്യമന്ത്രി ആയപ്പോൾ എംഎൽഎയുടെ പ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിന്റെയും കാസറഗോഡ് ജില്ലയുടേയും വികസന കാര്യങ്ങളുടെ ഉത്തരവാദിത്തവും കൃഷ്ണൻ നായർക്കായിരുന്നു.

2009 ഫെബ്രുവരി 14ന്‌ സി കൃഷ്‌ണൻനായർ അന്ത്യശ്വാസം വലിച്ചു. കുപ്പാടക്കത്ത്‌ തെക്കെ നമ്പ്യത്ത്‌ കാർത്ത്യായനി അമ്മയായിരുന്നു ജീവിതപങ്കാളി. ഈ ദമ്പതികൾക്ക്‌ ഏഴ്‌ മക്കൾ.

കടപ്പാട്‌: സിപിഐ എം തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി പ്രസിദ്ധീകരിച്ച സി കൃഷ്‌ണൻനായർ സ്‌മരണിക

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + five =

Most Popular