സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന കമ്മിറ്റി 2023 നവംബർ 3 മുതൽ 5 വരെ ഹൗറയിൽ ഒരു വിപുലീകൃത ത്രിദിന യോഗം സംഘടിപ്പിച്ചു. സംസ്ഥാനത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം ചർച്ചചെയ്യുന്നതിനും 20224ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ട രാഷ്‌ട്രീയ നയം രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ യോഗം ചേർന്നത്. യോഗത്തിൽ സിപിഐ എം ജില്ലാതല നേതാക്കളും വിവിധ വർഗ ബഹുജനസംഘടനകളുടെ നേതാക്കളും പങ്കെടുക്കുകയുണ്ടായി. യോഗത്തിൽ പങ്കെടുത്ത പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യത്തെ സംബന്ധിച്ച് സംസാരിച്ചു. ബിജെപിയെയും ഫാസിസ്റ്റ് ശക്തികളെയും പരാജയപ്പെടുത്തുക എന്നതായിരിക്കണം പ്രധാന ലക്ഷ്യം എന്നദ്ദേഹം വ്യക്തമാക്കി. ബിജെപിക്കു പുറമെ തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്തേണ്ടുന്ന പശ്ചിമബംഗാളിലെ വ്യത്യസ്‌തമായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐ എം ടിഎംസിക്കൊപ്പം നിൽക്കാൻ പോവുകയാണോ എന്ന ചോദ്യം സാധാരണ ജനങ്ങളിൽനിന്നും പാർട്ടി സഖാക്കൾക്കു നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ സിപിഐ എം ബിജെപിക്കും ടിഎംസിക്കുമെതിരായി ഒരുപോലെ പൊരുതുമെന്ന് യെച്ചൂരിയും പാർട്ടി സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ മുഹമ്മദ് സലീമും യോഗത്തിലും പിന്നീട് മാധ്യമങ്ങളോടും വ്യക്തമാക്കി.
ഹൗറയിലെ യോഗത്തിനിടയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു, ‘ഭരണം കയ്യാളുന്നതിൽ നിന്നും ബിജെപിയെ പുറത്താക്കേണ്ടത് തീർച്ചയായും അത്യന്താപേഷിതമാണ്’.
ഇന്ത്യ സഖ്യത്തിൽ പങ്കെടുത്തുവെങ്കിലും ടിഎംസി അടിതൊട്ടു മുടിവരെ അഴിമതി നിറഞ്ഞ പാർട്ടിയാണ്; അവരാണ് സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചയ്‌ക്ക് കാരണം; സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാവളർച്ചയ്‌ക്കുവേണ്ട അടിത്തറ രൂപപ്പെടുത്തിയത് ടിഎംസിയാണ്. ടിഎംസി വാഴ്‌ചക്കാലത്ത് സംസ്ഥാനത്ത് ശാഖകളുടെ എണ്ണം പലമടങ്ങ് വർധിച്ചു. വർഗീയ വിഭജനമെന്ന തൃണമൂലിന്റെ രാഷ്‌ട്രീയം ബിജെപിയുടെ രാഷ്‌ട്രീയ‐വർഗീയ അജൻഡയിൽനിന്നും ഒട്ടുംതന്നെ വ്യത്യസ്‌തമല്ല. യോഗത്തിൽ പങ്കെടുത്ത ജില്ലാ നേതാക്കളും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും സംസ്ഥാനത്തുടനീളം പാർട്ടിയുടെ പുതിയ വികാസത്തെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്‌തു.
ഈ പ്രത്യേക യോഗത്തിൽ ചില സംഘടനാപരമായ മാറ്റങ്ങളും ഉൾപ്പെടുത്തലുകളും നടത്തുകയുണ്ടായി. മുൻ എസ്‌എഫ്‌ഐ നേതാവും നിലവിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സമിക് ലാഹിരിയെ പാർട്ടിയുടെ ബംഗാളിലെ മുഖപത്രമായ ഗണശക്തിയുടെ എഡിറ്ററായി തിരഞ്ഞെടുത്തു. സിപിഐ എം രാജ്യസഭാംഗമായ ബികാസ് രഞ്‌ജൻ ഭട്ടാചാര്യ പാർട്ടി പശ്ചിമബംഗാൾ സംസ്ഥാനകമ്മിറ്റി സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനു പുറമേ ഫയാസ് അഹമ്മദ് ഖാൻ, ഹിമാഗ്നരാജ് ഭട്ടാചാര്യ എന്നിവരെയും പാർട്ടി സംസ്ഥാന കമ്മിറ്റി സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കുകയുണ്ടായി. ഹിമാഗ്നരാജ് ഭട്ടാചാര്യ ഡിവൈഎഫ്‌ഐ ജനറൽ സെക്രട്ടറിയാണ്. ഫയാസ് അഹമ്മദ് ഖാൻ 2005‐2010 കാലയളവിൽ കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ മേയറായിരുന്നു. ചെറുപ്പക്കാർക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള പാർട്ടിയുടെ ഉൾപ്പെടുത്തൽ സമീപനത്തിന് ബഹുജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ള രണ്ട് കക്ഷികളോടും പൊരുതുന്നതിനുള്ള അടവുനയവും മാർഗവും രൂപപ്പെടുത്തുന്നതിനുള്ളതായി ബംഗാളിലെ സിപിഐ എമ്മിന്റെ ഈ പ്രത്യേക യോഗം. വരുംനാളുകളിൽ പാർട്ടിയുടെ നില മെച്ചപ്പെടുമെന്ന് സിപിഐ എം പശ്ചിമബംഗാൾ ഘടകം വിശ്വസിക്കുന്നു. ♦