Tuesday, June 18, 2024

ad

Homeസിനിമസി സി Ci Ci ടർക്കിഷ്‌ സിനിമ

സി സി Ci Ci ടർക്കിഷ്‌ സിനിമ

രാധാകൃഷ്‌ണൻ ചെറുവല്ലി

ഭൂതകാലം ആരിൽനിന്നും അകന്നുനിൽക്കുന്നില്ല. അത്‌ ഏറെ ‘വർത്തമാന’വുമാണ്‌. ഓർമകൾ ആഴത്തിൽനിന്നും വരുന്ന കുമിളകൾപോലെ ബഹിർഗമിച്ചുകൊണ്ടിരിക്കും. ഖാദിർ എന്ന ചലച്ചിത്രകാരനെ ഭൂതകാലം ഒഴിയാബാധപോലെ പിടികൂടുന്നു. അയാളുടെ കുട്ടിക്കാലമാണ്‌ അയാളുടെ സർഗാത്മകതയുടെ ഉറവിടം. അത്‌ അങ്ങേയറ്റം പീഡനകാലവുമാണ്‌. കുട്ടിക്കാലത്ത്‌ അനുഭവിച്ച പീഡനങ്ങൾ പിൽക്കാലത്ത്‌ സർഗാത്മകമായി ഉയിർകൊള്ളുന്നതിന്റെ വൈരുദ്ധ്യാത്മകത്വം സവിശേഷമായ പഠനമർഹിക്കുന്നു.

ഖാദിർ തന്റെ ഭൂതകാലാനുഭവങ്ങളെ കേന്ദ്രീകരിച്ചെടുക്കുന്ന ചലച്ചിത്രവും അനുബന്ധ സംഭവങ്ങളുമാണ്‌ സി സി (Ci Ci) എന്ന ടർക്കിഷ്‌ സിനിമയുടെ മുഖ്യ പ്രമേയം. പ്രമേയത്തിലും ആവിഷ്‌കാരത്തിലും ഏറെ സവിശേഷതകൾ ബെർക്കിൻ ഓയയുടെ ഈ സിനിമയ്‌ക്കുണ്ട്‌. ചലനവും ചലനരാഹിത്യവും തമ്മിലെ വൈരുധ്യാത്മകബന്ധമെന്ന്‌ ഈ സിനിമയുടെ പ്രമേയത്തെ യാന്ത്രികമായി പറയാവുന്നതാണ്‌. എന്നാൽ മനുഷ്യജീവിതമെന്ന മഹാഖ്യാനങ്ങൾക്ക്‌ ഒരിക്കലും ഗണിതശാസ്‌ത്രപരമായ കൃത്യത ഉണ്ടാവില്ലല്ലോ.

മൂന്ന്‌ ഘട്ടങ്ങളുണ്ട്‌ ഈ സിനിമയ്‌ക്ക്‌. ഒന്നാംതരം പാട്രിയാർക്കാണ്‌ ബേകിർ. എല്ലാ അധികാരവും അയാളിലാണ്‌. ഭാര്യ ഹവ്വ, മക്കളായ സലിഹ, ഖാദിർ, യൂസുഫ്‌. സലിഹ യൗവ്വനത്തിലേക്കു കടക്കുന്ന ഘട്ടമാണ്‌ ഒന്നാംഘട്ടം. ബേകിർ പരന്പരാഗത വിശ്വാസങ്ങളുടെ തടവറയിലാണ്‌. ഇടയസമൂഹത്തിന്റെയും കാർഷികവൃത്തിയുടെയും ബോധമാണയാളെ നയിക്കുന്നത്‌. മക്കൾ പഠിക്കേണ്ടതില്ല, കൃഷിചെയ്യാൻ സഹായിച്ചാൽ മതി. എന്നാൽ അയാൾ വൻ നഗരമായ അങ്കാറയിൽ പോവുകയും രഹസ്യപ്രണയങ്ങൾ സാധ്യമാക്കുകയും ചെയ്യും. ഇതിൽ ഹവ്വയ്‌ക്ക്‌ എതിർപ്പുണ്ട്, പരിഭവമുണ്ട്, കലിയുണ്ട്‌. ഈ ഘട്ടത്തിൽ ഗായകനായ അനാഥബാലൻ സെമിൻ ബേകിർ കുടുംബത്തിലെത്തി. കൃഷികാര്യങ്ങളിൽ സഹായിക്കുന്ന ചുമതലയായിരുന്നു അവന്‌. ബേകിറിന്‌ സെമിനോട്‌ കൂടുതൽ അടുപ്പമുണ്ടെന്ന്‌ തോന്നുകയാൽ ഖാദിറിന്‌ അസൂയയുണ്ടാകുന്നു. ആ പ്രായത്തിൽ അത്‌ സ്വാഭാവികവുമാണ്‌. ഒരുദിവസം അൽപം തമാശയോടെ സെമിനുനേരെ ഖാദിർ വെള്ളം ചീറ്റി. അതിൽ കലിപൂണ്ട ബേകിർ സെമിനോട്‌ തിരിച്ചുചെയ്യാൻ ആവശ്യപ്പെട്ടു. അവനാകട്ടെ ഭയപ്പെട്ട്‌ മാറിനിന്നു. ബേകിർ ഓസ്‌ വാങ്ങി ഖാദിറിനുനേരെ വെള്ളം ചീറ്റുക മാത്രമല്ല, ആ രംഗം മറുകൈയിൽ പിടിച്ച ഹാൻഡിക്യാം വഴി ചിത്രീകരിക്കുകയും ചെയ്‌തു. ബേകിർ സ്വന്തമായി ക്യാമറയും മൂവി ക്യാമറയും നിധിപോലെ സൂക്ഷിക്കുന്നവനാണ്‌.

കുറ്റത്തിനു ശിക്ഷയായി ഒരു തണുത്ത രാത്രി മുഴുവൻ ഖാദിർ വീടിനു പുറത്തു നിർത്തപ്പെട്ടു. വെളുപ്പാൻകാലത്ത്‌ ഹവ്വയെത്തി മകനെ അകത്തേക്കു കൂട്ടി. അന്നു രാത്രി ആരോ ബേകിർ കിടക്കുന്ന മുറിയുടെ ജാലകങ്ങൾ തുറന്നിടുകയും ഫയർ പ്ലേസിലെ തീ അണച്ചുകളയുകയും ചെയ്‌തു. അടുത്തദിവസം അസുഖബാധിതനായി ബേകിർ വഴിയിൽ വീണു മരിച്ചു.

രണ്ടാംഘട്ടത്തിൽ ഖാദിർ തന്റെ ബാല്യകാല അനുഭവങ്ങളെ മുൻനിർത്തി ഒരു സിനിമ ചെയ്യാൻ പഴയ വീട്ടിൽ എത്തി, അത്യാവശ്യം നവീകരണം നടത്തി. പിതാവിന്റെ മരണശേഷം കുടുംബം അങ്കാറയിലേക്ക്‌ താമസം മാറ്റിയിരുന്നു. ബേകിർ നിഷേധിച്ച വിദ്യാഭ്യാസവും ആധുനിക സൗകര്യങ്ങളും അവർ സ്വായത്തമാക്കി. സിനിമാ ഷൂട്ടിങ്ങിന്റെ പേരിൽ മൂന്ന്‌ പതിറ്റാണ്ടുകൾക്കുശേഷം കുടുംബം ഒത്തുചേർന്നു. നഷ്ടബാല്യത്തിന്റെ, ഗ്രാമത്തിന്റെ, പിതാവിന്റെ ഓർമകൾ അവരെ വേട്ടയാടുന്നു. സലീഹ വിദ്യാഭ്യാസവും തൊഴിലും നേടി. വിവാഹവും വിവാഹമോചനവും നടന്നുകഴിഞ്ഞു. സെമിനുമായി ആട്ടിൻതൊഴുത്തിൽ സംഗമിച്ചിരുന്ന കാര്യം അവളുടെ മധുരമായ ഓർമയാണ്‌. പഴയ വീട്‌ പ്രണയവേദനയുടെ കൂടി വീടാണവൾക്ക്‌. സലീഹയ്‌ക്ക്‌ കൗമാരക്കാരിയായ ഒരു മകളുണ്ട്‌. അവൾ ഖാദിർ അമ്മാവന്റെ സിനിമയുടെ മേക്കിങ്ങ്‌ ചിത്രീകരിക്കാനുള്ള ചുമതലയിലാണ്‌. ബേകിർ മരിച്ചുപോയെങ്കിലും ക്യാമറയോട്‌ അയാൾക്കുള്ള പ്രണയം തലമുറകൾ കൈമാറി പോവുകയാണ്‌. സിനിമ പൂർത്തിയാക്കാതെ അവരെല്ലാം വന്ന വഴികളിലേക്ക്‌ മടങ്ങിപ്പോകുന്നു. എന്നാൽ സിനിമയിലെ ഒരു രംഗം അഭിനയിക്കാനെത്തിയ സെമിൻ എന്ന മധ്യവയസ്‌കൻ അവളിൽനിന്നും ഇറങ്ങിപ്പോകുന്നില്ല. അയാളുടെ പാട്ടുകൾ, പ്രണയം എല്ലാ ഉള്ളിൽ കൂടുകൂട്ടുന്നു. പക്ഷേ അവരിന്ന്‌ മധ്യവയസ്സിലാണ്‌. എല്ലാം ഒതുക്കത്തോടെ ചെയ്യാൻ സമൂഹം ചിട്ടപ്പെടുത്തിയവർ.

സിനിമയുടെ ആദ്യഘട്ടം 1970കളുടെ ഏതോ പടവുകളിലാണെങ്കിൽ മൂന്നാംഘട്ടം കോവിഡ്‌ മനുഷ്യരാശിയെയാകെ ഒരുമിപ്പിച്ച കാലത്താണ്‌ സംഭവിക്കുന്നത്‌. കോവിഡ്‌ കാരണം പുറത്തിറങ്ങാൻ വയ്യ. ഖാദിർ കുടുംബവീട്ടിലെത്തി. സിനിമ പൂർത്തിയാക്കാനായില്ല. വിഷാദം ഒപ്പം പാർക്കാൻ തുടങ്ങി. അപ്പോഴേക്കും യൂസുഫ്‌ ഭാര്യക്കും കുഞ്ഞിനുമൊപ്പം വന്നു. സലിഹയ്‌ക്കൊപ്പമാണ്‌ ഹവ്വ. ഖാദിറിന്റെ സിനിമയിൽ അമ്മവേഷം ചെയ്യുമ്പോൾ അവർ സ്വബോധത്തിലായിരുന്നു. സിനിമയുടെ ആ സീനിൽ ബേകിറിന്റെ ഛായയുള്ള വൃദ്ധകഥാപാത്രത്തിന്‌ സൂപ്പ്‌ നൽകുമ്പോൾ അവർക്ക്‌ സിനിമയും യാഥാർഥ്യവും കാലവും വെവ്വേറെ കാണാൻ കഴിയാതായിരുന്നു. ഇപ്പോഴവർ ഓർമനാശത്തിന്റെ പടുകുഴിയിലാണ്‌. കാറിൽ വന്ന്‌ പഴയ വീട്ടുമുറ്റത്തിറങ്ങുമ്പോൾ, വെറുക്കപ്പെട്ട ആ വസതിയിൽ കയറാതെ വന്ന വഴിയേ മടങ്ങുന്ന ഹവ്വയെ നാം കാണുന്നു. മക്കൾ പരിചരിക്കുമ്പോഴും അവർ വേറൊരു സ്ഥലത്ത്‌, വേറൊരു കാലത്താണ്‌.

ബേകിർ എങ്ങനെ മരിച്ചു?

ആ കുടുംബം പേറുന്ന രഹസ്യങ്ങളിലൊന്നാണത്‌. രഹസ്യമായി തുടർന്നുവന്ന സാലിഹ‐സെമിൻ പ്രണയം എങ്ങനെ മുറിഞ്ഞു. ഈ രഹസ്യങ്ങൾ കുരുക്കഴിയുകയാണ്‌ സിനിമയുടെ ശേഷിച്ച ഭാഗം.

അത്യന്തം സങ്കീർണമായ കഥാതന്തുക്കൾ കൂട്ടിക്കെട്ടുന്നതിൽ എത്രമാത്രം കൈത്തഴക്കം സംവിധായകൻ കാട്ടുന്നു! പുൽമേടുകൾക്കുള്ളിലെ ഗ്രാമീണ വസതി. ചുറ്റും മലനിരകൾ. അവിടെ ഒരൊറ്റ വീടുമാത്രം. ഈ ‘ശാലീന’ തുർക്കി ഗ്രാമത്തിലെ വസതി വാസ്‌തവത്തിൽ ഒരു തടവറയാണ്‌. മനുഷ്യന്റെ സ്വാഭാവിക വികാസങ്ങളെ തടവിലിടുന്ന കാരാഗൃഹം. അവിടുത്തെ ജയിലറാണ്‌ ബേകിർ. ഗ്രാമീണ വിശുദ്ധിയുടെ വാഴ്‌ത്തുപാട്ടുകാർക്ക്‌ അൽപം നിരാശ പകർന്നെന്നു വരും ‘സി സി’. ഹൗവ്വയും സലിഹയും പട്ടണത്തിലേക്ക്‌ മടങ്ങാൻ ആഗ്രഹിച്ചവരാണ്‌. ബേകിർ ജീവിച്ചിരുന്ന കാലത്ത്‌ അവർക്ക്‌ ആഗ്രഹങ്ങളെ തടവിലിടേണ്ടിവന്നുവെങ്കിൽ അയാളുടെ മരണം അവർക്കായി തുറന്നുകിട്ടിയ ജയിൽ കവാടമാണ്‌.

ബേകിറിന്റെ മരണത്തിന്റെ കാരണം ഒരിക്കൽ ഹവ്വ കൊച്ചുമകളോട്‌ പറയുന്നുണ്ട്‌. അവൾ അത്‌ മൂവി ക്യാമറയിൽ ആക്കിയിട്ടുമുണ്ട്‌. രണ്ടുവർഷങ്ങൾക്കു ശേഷം ഗ്രാമീണ ഭവനത്തിലേക്ക്‌ വീണ്ടുമെത്തുമ്പോൾ അവൾ ചിത്രീകരിച്ച ദൃശ്യങ്ങൾ അന്വേഷിക്കുന്നു. അത്‌ ഖാദിർ അമ്മാവന്റെ കസ്റ്റഡിയിലാണ്‌. ഒടുവിൽ അവളത്‌ കണ്ടെത്തുന്നു. ആ കണ്ടെത്തൽ കുടുംബം എന്ന യൂണിറ്റിനുള്ളിൽ ഒളിച്ചുപിടിക്കുന്ന രഹസ്യങ്ങളുടെയും വിദ്വേഷത്തിന്റെയും പകയുടെയും മറകൾ നീക്കുന്നു. പാശ്ചാത്യ ദേശങ്ങളിൽനിന്നും വ്യത്യസ്‌തമായി പൗരസ്‌ത്യ ദേശങ്ങളിൽ കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാണെന്നത്‌ വസ്‌തുതയാണ്‌. എന്താണ്‌ ഈ ദൃഢതയുടെ അടിത്തറ. പലതരം ഇല്ലായ്‌മകളുടെയും ആധുനികതാ നിഷേധത്തിന്റെയും ആണധികാരത്തിന്റെയും ദൃഢീകരിക്കപ്പെട്ട മൂല്യവ്യവസ്ഥയാണത്‌. പരോക്ഷമായി മതാത്മകമായും പാരന്പര്യവുമായും ബന്ധപ്പെട്ട മൂല്യവ്യവസ്ഥയെ ഈ സിനിമ ചോദ്യംചെയ്യുന്നുണ്ട്‌. വിശ്വാസികളാണെങ്കിലും ബേകിർ കുടുംബം മതപരമായ അടയാളങ്ങൾ പേറുന്നില്ല. ഇസ്ലാം അടഞ്ഞ ജീവിതമാണ്‌ നൽകുന്നതെന്ന പൊതു ‘നരേറ്റീവിനെ’ ഈ സിനിമ നിരാകരിക്കുന്നു. എർദൊഗാന്റെ നാട്ടിലാണ്‌ ഈ കഥ നടക്കുന്നത്‌. ഇസ്ലാമിക മൂല്യങ്ങൾ അടിച്ചേൽപിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോഴും ജനങ്ങൾ മതപരതയിൽ ആമഗ്നരാകാൻ വിസമ്മതിക്കുന്നു. കൂടുതൽ സ്വതന്ത്രമായ ജീവിതം ഒരോ മനുഷ്യനും ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയെയും അസ്വാതന്ത്ര്യത്തിൽ തളച്ചിടുന്നത്‌ വ്യവസ്ഥിതിയും തജ്ജന്യമായ വ്യക്തിബന്ധങ്ങളുമാണ്‌. അതിനെ മുറിച്ചുകടക്കാനുള്ള ശ്രമം ഈ സിനിമയിൽ അടയാളപ്പെടുത്തുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − thirteen =

Most Popular