Saturday, July 27, 2024

ad

Homeരാജ്യങ്ങളിലൂടെവാഷിംഗ്ടണിൽ 3 ലക്ഷം പേർ പലസ്തീൻ ജനതയ്ക്കുവേണ്ടി തെരുവിൽ

വാഷിംഗ്ടണിൽ 3 ലക്ഷം പേർ പലസ്തീൻ ജനതയ്ക്കുവേണ്ടി തെരുവിൽ

ആയിഷ

യണിസ്റ്റ് ഇസ്രായേലിന്റെ ഏറ്റവും വലിയ പിന്തുണക്കാരനായ അമേരിക്കയുടെ ഹൃദയമായ വാഷിംഗ്ടൺ ഡിസിയിലെ ഫ്രീഡം പ്ലാസയിൽ നവംബർ 4ന് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 3 ലക്ഷത്തിലധികം ജനങ്ങളാണ് സംഘടിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ പലസ്തീൻ ഐക്യദാർഢ്യ പ്രകടനമായി അത് മാറി. പലസ്തീനിയൻ യൂത്ത് മൂവ്മെൻറ്, ANSWER Coalition, പീപ്പിൾസ് ഫോറം, Al-Adwa അടക്കമുള്ള പലസ്തീൻ അറബ് ഐക്യദാർഢ്യ സംഘങ്ങളും സാമ്രാജ്യത്വവിരുദ്ധ സംഘങ്ങളും ചേർന്ന് സംഘടിപ്പിച്ച ഈ പ്രകടനത്തിൽ ലക്ഷക്കണക്കിന് പേർ അണിനിരക്കുകയും വൈറ്റ്ഹൗസിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. ഇസ്രായേലിന് പണവും ആയുധവും നൽകുന്ന ഏർപ്പാട് അമേരിക്ക അവസാനിപ്പിക്കണമെന്നും ഗാസയിൽ അടിയന്തരമായ വെടിനിർത്തൽ നടപ്പാക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. നദിയിൽ നിന്നും കടലിലേക്ക്, പലസ്തീൻ സ്വതന്ത്രമാകുക തന്നെ ചെയ്യും, വെടിനിർത്തൽ നടപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ആവർത്തിച്ച് വിളിച്ചുകൊണ്ടും ഗാസയിൽ ഇക്കഴിഞ്ഞ മാസം കൊല്ലപ്പെട്ട മനുഷ്യരുടെ പേരുകൾ മുന്നോട്ടുവെച്ചുകൊണ്ടും പ്രക്ഷോഭകർ തങ്ങളുടെ രാജ്യം നടത്തുന്ന ഒരിക്കലും ന്യായീകരിക്കാൻ ആവാത്തതും തികച്ചും മനുഷ്യത്വരഹിതവുമായ കുത്തിതിരിപ്പ് പണിക്കെതിരായി ശക്തമായി നിലകൊണ്ടു.

പലസ്തീനെ പിന്തുണയ്ക്കുന്നവർക്ക് അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള വിവിധ രൂപത്തിലുള്ള ശിക്ഷാവിധികളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് മനുഷ്യസ്നേഹികളായ ഈ മനുഷ്യർ ദുരിതമനുഭവിക്കുന്ന ജനതയ്ക്കവേണ്ടി സംഘടിച്ചത്. പലസ്തീന് വേണ്ടി സംസാരിക്കുന്ന അമേരിക്കൻ മുസ്ലീങ്ങൾ ആരൊക്കെയെന്ന് കണ്ടെത്തുന്നതിന് അറ്റോണി ജനറൽ ഇതിനകം അടിയന്തര നിർദ്ദേശം നൽകി കഴിഞ്ഞു. പലസ്തീനെ പിന്തുണച്ചുകൊണ്ട് സംഘടിക്കുന്ന വിദ്യാർത്ഥികളെ തിരിച്ചറിയുകയും അവരുടെ ജോലി സാധ്യതകൾ റദ്ദ് ചെയ്യാനുള്ള ഉത്തരവും അമേരിക്കൻ ഭരണകൂടം നൽകി കഴിഞ്ഞു. എന്നിട്ടും ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് അമേരിക്കൻ ജനത വാഷിംഗ്ടൺ ഡിസിയിൽ സംഘടിച്ചത്. “സാമ്രാജ്യത്വം ഒരിക്കലും നിശബ്ദമാവുകയില്ല. അത് ഏതെങ്കിലും വിധത്തിൽ നമ്മളെ തകർക്കും; അത് ഏതെങ്കിലും വിധത്തിൽ നമ്മളെയാകെ വിഴുങ്ങും; നമ്മുടെ ജനങ്ങളെ അത് കൊന്നൊടുക്കുന്നതുവരെ നമ്മൾ നിശബ്ദമായി കുത്തിയിരിക്കാൻ പാടില്ല” എന്ന സന്ദേശം ഐക്യദാർഢ്യപ്രകടനം മുന്നോട്ടുവച്ചു. പലസ്തീനിയൻ കവിയായ മുഹമ്മദ് എൽ കുർദും, പലസ്തീനിയൻ യൂത്ത് മൂവ്മെന്റിന്റെ നേതാവായ മുഹമ്മദ് നബുൽസിയും പങ്കെടുക്കുകയുണ്ടായി.

1948ൽ ഇസ്രായേൽ ഭരണകൂടം രൂപീകരിക്കപ്പെട്ടതു മുതലിങ്ങോട്ട് ഇസ്രായേലിന്റെ കടന്നുകയറ്റത്തിന് അമേരിക്ക നൽകിയത് 13,000 കോടി ഡോളറിന്റെ സൈനിക സഹായമാണ്. ഗാസയിൽ ഇസ്രായേൽ ബോംബിങ്‌ തുടങ്ങിയ ഉടൻതന്നെ അമേരിക്കൻ പ്രതിനിധിസഭ 1450 കോടി ഡോളറിന്റെ സൈനിക സഹായ പാക്കേജും നൽകുകയുണ്ടായി. പലസ്തീനിൽ ഇസ്രായേൽ വർഷിക്കുന്ന ബോംബുകളെല്ലാംതന്നെ അമേരിക്കൻ നിർമ്മിതമാണ്. ഇതെല്ലാംതന്നെ മനുഷ്യരെ കൊന്നൊടുക്കുന്ന വംശഹത്യയെ അമേരിക്ക എത്രമാത്രം പിന്തുണയ്ക്കുന്നു എന്നതിനുള്ള തെളിവാണ്. “40 വർഷങ്ങൾക്കു മുൻപ് സൗത്താഫ്രിക്കൻ അടിമത്തത്തിനെതിരായി ഐക്യദാർഢ്യം നേർന്നുകൊണ്ട് ഇതേ വാഷിംഗ്ടൺ ഡിസിയിൽ ആയിരക്കണക്കിന് ജനങ്ങൾ സംഘടിച്ചെത്തിയപ്പോൾ അന്ന് സൗത്താഫ്രിക്കയിലെ വംശീയ ഫാസിസ്റ്റ് അടിമത്ത വാഴ്ച അവസാനിക്കുകതന്നെ ചെയ്യും, അത് അവസാനിപ്പിക്കുന്നതിന് ഞങ്ങൾ സഹായിക്കും എന്ന് ഉറക്കെ പറയുകയുണ്ടായി. ഏതാനും വർഷങ്ങൾക്കുള്ളിൽ അത് അവസാനിക്കുകയും ചെയ്തു’ എന്ന പ്രതീക്ഷാനിർഭരമായ പ്രസ്താവനയാണ് ANSWER Coalitionന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ബ്രയാൻ ബക്കർ ഉറക്കെ വിളിച്ചുപറഞ്ഞത്. ഈ വംശഹത്യക്കൊപ്പം നിലകൊണ്ടാൽ രാജ്യത്തെ ജനങ്ങൾ നിങ്ങളെ വംശഹത്യയുടെ ഉത്തരവാദി എന്നുതന്നെ വിളിക്കും എന്നുള്ള ശക്തമായ സന്ദേശം നൽകുകയാണ് ഈ പ്രകടനമെന്നും അതിന്റെ സംഘാടകർ പറയുന്നു. തീർച്ചയായും ഇത് അമേരിക്കയ്ക്ക് താകീതുതന്നെയാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − three =

Most Popular