Thursday, November 21, 2024

ad

സുബ്രഹ്മണ്യ ഷേണായി

കെ ബാലകൃഷ്‌ണൻ

സുബ്രഹ്മണ്യഷേണായിയുടെ സവിശേഷത നേതാവായിരിക്കുമ്പോഴും അദ്ദേഹം അടിസ്ഥാനഘടകത്തിലെ പ്രവർത്തകന് സമാനമായിരുന്നുവെന്നതാണ്. സാധാരണക്കാരുമായി ഇഴുകിച്ചേർന്ന് അവരിലൊരാളായി പ്രവർത്തിക്കുക, അവരിൽനിന്ന് അല്പംപോലും മുകളിലല്ല, ഒപ്പമാണ് എന്ന് അനുഭവിപ്പിക്കുക‐ സുബ്രഹ്മണ്യഷേണായിയെ അദ്ദേഹം പ്രവർത്തിച്ച എല്ലാ ഗ്രാമത്തിലും അവിസ്മരണീയനും പ്രിയങ്കരനുമാക്കിയ ഘടകങ്ങളാണിവ. നാട്ടുകാരോട് ബീഡി ചോദിച്ചുവാങ്ങി വലിച്ചും അവരോട് ഇടതടവില്ലാതെ തമാശപറഞ്ഞും സമരസംഘടനാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കിസകൾ പറഞ്ഞും സഹവസിച്ച എളിമയുടെ പര്യായം.

അതിദാരിദ്യത്തിൽനിന്ന് അതിസമ്പന്നതയിലേക്കും പിന്നെ നേരെ തിരിച്ചും ഊഞ്ഞാലാടിയ ഒരു കൊങ്കിണി കുടുംബത്തിലെ അംഗമാണ് സുബ്രഹ്മണ്യൻ. 1888‐ൽ കണ്ണൂർ സിറ്റിയിൽ പ്ലേഗ് പടർന്നുപിടിച്ച് ആളുകൾ എലികളെപ്പോലെ ചത്തുവീണുകൊണ്ടിരിക്കെ അവിടത്തെ ജ്യേഷ്ഠാനുജന്മാരായ രണ്ടു ഷേണായിമാർ ജീവനിലുള്ള കൊതിയുമായി അവിടെനിന്ന് ഓടിപ്പോവുകയാണ്. വളപട്ടണത്തെത്തിയ അവർ ഒരു ചരക്കുതോണിയിൽ കയറിപ്പറ്റുകയാണ്. തോണി പയ്യന്നൂർ പെരുമ്പക്കടവിലെത്തിയപ്പോൾ അവർ പുറത്താക്കപ്പെടുന്നു. ബീഡിയും ചുരുട്ടുമുണ്ടാക്കാനറിയാവുന്ന അവർ പയ്യന്നൂരിൽ ഒരു കൊച്ചുചാപ്പയുണ്ടാക്കി അവിടെനിന്ന് ബീഡി തെറുക്കുകയും വിൽക്കുകയും അത് വീടായി ഉപയോഗിക്കുകയുമാണ്. ക്രമേണ ആ ചാപ്പ ഒരു വാണിജ്യകേന്ദ്രമായി മാറുകയാണ്. വീടുവീടാന്തരവും കടകൾതോറും കയറിയിറങ്ങി ആ കുട്ടികൾ കച്ചവടംചെയ്തു. നാരായണഷേണായിയും ജ്യേഷ്ഠൻ അനന്ത ഷേണായിയും. അവരുടെ പുകയില വ്യാപാരവും അനാദി കച്ചവടവും നാൾതോറും വളർന്നു. മിച്ചധനമുപയോഗിച്ച് പയ്യന്നൂരിന്റെ കിഴക്കൻമലയോരമേഖലയിൽ സ്ഥലം വാങ്ങി നാണ്യവിളകൾ കൃഷിചെയ്യാനും തുടങ്ങി. പയ്യന്നൂരിലെ ആദ്യത്തെ പണക്കാരായി വളർന്ന അവർ പയ്യന്നൂരിന്റെ വാണിജ്യ‐വ്യവസായവളർച്ചയുടെ നായകരായി. അവരിൽ ഇളയവനായ നാരായണഷേണായിയുടെ മകനാണ് സുബ്രഹ്മണ്യൻ. ജ്യേഷ്ഠൻ അനന്തഷേണായിയുടെ മകൻ ലക്ഷ്മണൻ. ലക്ഷ്മണൻ മദിരാശിയിൽ കോളേജിൽ പഠിക്കാൻപോയി ദേശീയപ്രസ്ഥാനത്തിൽ ആണ്ടുമുഴുകി. ഗാന്ധിജിയുടെ ആഹ്വാനംകേട്ട് കലാലയം ബഹിഷ്കരിച്ച് നാട്ടിലെത്തി കോൺഗ്രസ് കെട്ടിപ്പടുക്കാൻ തുടങ്ങുകയായിരുന്നു ലക്ഷ്മണൻ. ചൊക്ലിയിൽനിന്നെത്തിയ മൊയ്യാരത്ത് ശങ്കരനും സി.എച്ച്. ഗോവിന്ദൻ നമ്പ്യാരും ചേർന്ന് പയ്യന്നൂരിൽ ദേശീയപ്രസ്ഥാനത്തിന് തുടക്കംകുറിച്ചിട്ടുണ്ടായിരുന്നു. ജ്യേഷ്ഠനായ ലക്ഷ്മണൻ പഠനംനിർത്തി രാഷ്ട്രീയത്തിലേക്കിറങ്ങിയത് സുബ്രഹ്മണ്യന് വലിയ പ്രചോദനമായി.

തലശ്ശേരിയിൽനിന്നെത്തിയ ആനന്ദഷേണായി എന്ന സ്വാമി ആനന്ദതീർഥൻ പയ്യന്നൂരിൽ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ച സന്ദർഭമാണ്. അയിത്തത്തിനും ജാതീയമായ ഉച്ചനീചത്വത്തിനുമെതിരെ കലാപംചെയ്യുകയും സവർണസമൂഹം അയിത്തം കല്പിച്ച് അകറ്റിനിർത്തിയ പുലയവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി റസിഡൻഷ്യൽ വിദ്യാലയം നടത്തുകയുംചെയ്ത മഹാനുഭാവൻ. ബിരുദാനന്തരബിരുദം സ്വർണമെഡലോടെ പാസായശേഷം ഉദ്യോഗത്തിന് പോകാതെ നിയമലംഘനസമരത്തിൽ പങ്കെടുക്കുകയും ഗുരുവായൂർ സത്യാഗ്രഹത്തിൽ ഭാഗഭാക്കാവുകയുംചെയ്ത ആനന്ദതീർഥൻ 1931‐ലാണ് പയ്യന്നൂരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിക്കുന്നത്. അക്കാലത്ത് സ്കൂൾ വിദ്യാർഥിയായ സുബ്രഹ്മണ്യഷേണായി അവിടെ നിത്യസന്ദർശകനായി. ശ്രീനാരായണവിദ്യാലയത്തിലെ അന്തേവാസികളുമായി സഹവാസം; അവരോടൊപ്പം ഭക്ഷണം കഴിക്കൽ. ആനന്ദതീർഥനിൽനിന്ന് ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് സുബ്രഹ്മണ്യന് പകർന്നുകിട്ടിയത്. സമ്പത്തും ജീവിതസൗഭാഗ്യങ്ങളും ഉപേക്ഷിച്ച് അധഃസ്ഥിതരുടെ മോചനത്തിനായി പ്രവർത്തിക്കുകയെന്ന പാഠം. ശ്രീനാരായണവിദ്യാലയവുമായുള്ള ബന്ധം സവർണർ നീരസത്തോടെയാണ് കണ്ടത്. കൊങ്കിണിസഭ യോഗം ചേർന്നു. സുബ്രഹ്മണ്യനെയും കൂട്ടരെയും ജാതിഭ്രഷ്ടരാക്കാൻ പ്രമേയം അവതരിപ്പിച്ചു. അനുകൂലവും പ്രതികൂലവുമായി വാദങ്ങൾ. ബഹളവും സംഘർഷവുമുണ്ടാക്കി യോഗം കലക്കുകയായിരുന്നു. പ്രമേയം പാസാക്കാനായില്ല.

നന്നെ ചെറിയ പ്രായത്തിൽ, പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ് സുബ്രഹ്മണ്യൻ കോൺഗ്രസ്സുമായി ബന്ധപ്പെടുന്നത്. മുതിർന്ന കൂട്ടുകാരോടൊപ്പം നെഹ്റുവിനെ കാണാൻ പോയതോടെയാണത്. തന്റെ കുടുംബംവക കടകളുടെ മുമ്പിലായി വിശാലമായ സ്ഥലത്താണ് കോൺഗ്രസ് സമ്മേളനത്തിന്റെ ഭക്ഷണപ്പന്തൽ. 1928‐ൽ നടന്ന നാലാം കേരളരാഷ്ട്രീയ സമ്മേളനം. നെഹ്റു അധ്യക്ഷൻ. കേളപ്പനും കെ.മാധവൻനായരും വിദ്വാൻ പി.കേളുനായരുമെല്ലാം പങ്കെടുക്കുന്ന സമ്മേളനം. നെഹ്റുവിനെ കാണുക മാത്രമല്ല ഭക്ഷണപ്പന്തലിനടുത്ത് (അവിടെയാണ് ഇപ്പോഴത്തെ പയ്യന്നൂർ ബോംബെ ഹോട്ടൽ)ചുറ്റിപ്പറ്റിനിന്ന് ഒരു വോളന്റിയർ ബാഡ്ജ് സംഘടിപ്പിക്കുകയുംചെയ്തു സുബ്രഹ്മണ്യൻ. അത് രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കമായിരുന്നു.

1931ൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുബ്രഹ്മണ്യൻ ഒരു സാഹസകൃത്യം ഒപ്പിച്ചു. വെള്ളക്കാരനായ സ്കൂൾ ഇൻസ്പക്ടർ സ്കൂളിൽ പരിശോധനയ്ക്ക് വരുന്നു. അതിന്റെ ഭാഗമായി തലേന്ന് പകൽ സ്കൂൾ മുറ്റത്ത് യൂണിയൻ ജാക്ക് ഉയർത്തിയിട്ടുണ്ടായിരുന്നു. കുപ്പാടക്കൽ കുഞ്ഞിരാമൻ നമ്പ്യാർ, രാമൻകുട്ടി നമ്പ്യാർ എന്നീ സതീർഥ്യരോടൊപ്പം അർധരാത്രിയിൽ സുബ്രഹ്മണ്യൻ സ്കൂളിലെത്തി. അവർ യൂണിയൻ ജാക്ക് വലിച്ചൂരിയെടുത്ത് സ്കൂൾ മുറ്റത്തിട്ട് കത്തിച്ചു. എന്നുമാത്രമല്ല, ആ കൊടിമരത്തിൽ ത്രിവർണപതാക ഉയർത്തുകയും ചെയ്തു. അതിന് കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. ഷേണായിയുടെ ഔദ്യോഗികവിദ്യാഭ്യാസത്തിന് അതോടെ പൂർണവിരാമമായി.

കോൺഗ്രസ് പ്രവർത്തകനായി പയ്യന്നൂരിലാകെ നിറഞ്ഞുനിന്ന ഷേണായിയെ കോൺഗ്രസ് സോഷ്യലിസ്ററ് പാർട്ടിയിലേക്കും പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ആകർഷിക്കുന്നത് പി.കൃഷ്ണപിള്ളയും എ.വി.കുഞ്ഞമ്പുവും കേരളീയനും തിരുമുമ്പുമടക്കമുള്ളവരാണ്. സമ്പത്തിന്റെ മടിത്തട്ടിൽ ജനിച്ച ഷേണായിക്ക് പൊതുപ്രവർത്തനത്തിന്റെ ആദ്യനാളുകൾ ഏറെ പ്രയാസകരമായിരുന്നു. നല്ല ഭക്ഷണമില്ല, കിടക്കാൻ മെത്തയില്ല. ഇടക്കിടെ ഭക്ഷണമില്ല..മണിക്കൂറുകളോളം കാൽനടയാത്ര. പക്ഷേ എ.വി.യുടെയും മറ്റും ശിക്ഷണം അദ്ദേഹത്തെ ഒത്ത സഖാവാക്കി മാറ്റുകയായിരുന്നു. പയ്യന്നൂരിലെ ബീഡി തൊഴിലാളി യൂണിയൻ സെക്രട്ടറിയായും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി മണ്ഡലം ജോയന്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പിണറായി പാറപ്രത്ത്് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണസമ്മേളനത്തിൽ പയ്യന്നൂരിൽനിന്ന് എ.വി.കുഞ്ഞമ്പുവിനോടൊപ്പം ഷേണായിയും പങ്കെടുത്തു.

1940 സെപ്റ്റംബർ 15‐ന്റെ സംഭവത്തോടെയാണ് സുബ്രഹ്മണ്യഷേണായി പൂർണമായും മുഴവൻസമയ പ്രവർത്തകനും പയ്യന്നൂരിനു പുറത്തെയും നേതാവുമാകുന്നത്. സെപ്റ്റംബർ 15‐ന്റെ വിലക്കയറ്റവിരുദ്ധ‐ മർദനപ്രതിഷേധ റാലി പയ്യന്നൂരിലുമുണ്ടായിരുന്നു. പയ്യന്നൂരിൽ അത് നയിക്കേണ്ടവരിലൊരാൾ ഷേണായിയാണ്. റാലി നിരോധിച്ചിരുന്നു.നിരോധനം ലംഘിച്ച് പ്രകടനം നടത്തണം. തന്റെതന്നെ കെട്ടിടത്തിലെ മുറിയാണ് കോൺഗ്രസ് ഓഫീസ്. റാലി സംഘടിപ്പിക്കാനായി ഷേണായി മുറിക്ക് പുറത്തിറങ്ങാൻ നോക്കി. വാതിൽ തുറക്കുന്നില്ല. പുറമേനിന്ന് പൂട്ടിയിരിക്കുകയാണ്. പുറത്ത് പോലീസ് കാവലും. നിരോധനംലംഘിച്ച് പ്രകടനം നടത്തുന്നതിന്റെ ശബ്ദം അകത്തുനിന്ന് കേൾക്കാനേ കഴിഞ്ഞുള്ളൂ. അല്പനേരം എങ്ങനെയൊക്കെയോ ചെലവഴിച്ച് കെട്ടിടത്തിന്റെ പുറകുവശത്തൂകൂടെ സാഹസികമായി പുറത്തിറങ്ങി. പയ്യന്നൂർ റെയിൽവേസ്റ്റേഷനിലേക്ക് ഒറ്റ ഓട്ടമായിരുന്നു. ചിറക്കൽ താലൂക്കിലെ കേന്ദ്രീകൃതറാലി കീച്ചേരിയിൽ വൈകീട്ടാണ് നടക്കുന്നത്. ലോക്കൽ വണ്ടിയിൽ പാപ്പിനിശ്ശേരിയിൽ ഇറങ്ങി കീച്ചേരിയിലേക്ക് നടന്നു. അവിടെയെത്തിയപ്പോഴേക്കും മൊറാഴയിലേക്ക് മാറ്റിയതായാണറിഞ്ഞത്. അങ്ങോട്ടേക്കോടി. മൊറാഴ ചെറുത്തുനിൽപ്പിൽ കെ.പി.ആറിനും അറാക്കലിനുമൊപ്പം നിന്ന് പൊരുതി.

മൊറാഴക്കേസിൽ പ്രതിയായതിനെ തുടർന്ന് ആദ്യം കയ്യൂരിലേക്കാണ് ഷേണായി ഒളിവിൽപോയത്. ഏതാനും മാസങ്ങൾക്കകം കയ്യൂർ സംഭവം നടന്നതിനെ തുടർന്ന് ഇരിക്കൂർ ഫർക്കയിലേക്ക് രക്ഷപ്പെട്ടു. ഇരിക്കൂർ ഫർക്കയിലെ എല്ലാ ഗ്രാമങ്ങളിലും പാർട്ടിയും ബഹുജനപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് ഒളിവിൽ കഴിഞ്ഞുകൊണ്ട്് പ്രവർത്തിച്ചു. ഭാസ്കരൻ മാസ്റ്റർ എന്ന പേരിൽ ഇരിക്കൂർ ഫർക്കാ പാർട്ടി സെക്രട്ടറിയായി വർഷങ്ങളോളം… ഇരിക്കൂർ ഫർക്കയിലെ പ്രവർത്തകരുമായും അനുഭാവികളുമായുംപാർട്ടി ബന്ധുക്കളുമായും ഹൃദയബന്ധംസ്ഥാപിച്ച്, ഓരോരുത്തരെയും പേരെടുത്ത് വിളിക്കാൻ പാകത്തിലുള്ള ബന്ധം സ്ഥാപിച്ച് ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി സഖാവ് ഷേണായി. 1941ന് ശേഷമാണ് ഷേണായി തൃശ്ശൂരിലെ ഒല്ലൂരിലെത്തുന്നത്. കൊച്ചി നാട്ടുരാജ്യത്തെ പാർട്ടി സെക്രട്ടറിയായ സി.അച്യുതമേനോൻ ജയിലിലായതിനെ തുടർന്ന് നേതൃത്വത്തിൽ ആളില്ലാത്ത പ്രശ്നമുണ്ടായി. രാഘവൻ നായർ എന്ന പേരിൽ ഷേണായിയെ കൊച്ചിയിലെ പാർട്ടി സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിച്ചു.

ആറുകൊല്ലത്തെ ഒളിവുജീവിതം കഴിഞ്ഞശേഷമാണ് ഷേണായി പയ്യന്നൂരിൽ തിരിച്ചെത്തിയത്. പിടിച്ചുകൊടുത്താൽ അയ്യായിരം രൂപ ഇനാം പ്രഖ്യാപിച്ചെങ്കിലും ഷേണായിയെ പിടിക്കാനായില്ല. കണ്ണിലെ കൃഷ്ണമണിപോലെ ജനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. മദ്രാസിൽ പ്രകാശം മന്ത്രിസഭ അധികാരത്തിൽവന്നതിനെ തുടർന്ന്് ഇളവുകൾ വരുത്തിയപ്പോഴാണ് ഷേണായി പരസ്യപ്രവർത്തനത്തിലേക്ക് വീണ്ടുമെത്തിയത്. 1947 ഓഗസ്റ്റ് 15ന് പയ്യന്നൂരിൽ സ്വാതന്ത്ര്യദിനറാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഷേണായിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ജാമ്യം അനുവദിച്ചു. 1948ൽ ഒരു കേസിൽ കോടതിയിൽ ഹാജരായപ്പോഴാണ് ഷേണായിയെ വീണ്ടും അറസ്റ്റ് ചെയ്തത്. കണ്ണൂർ സെൻട്രൽ ജയിലിൽ രാഷ്ട്രീയതടവുകാരെ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നു. മർദനത്തിൽ പ്രതിഷേധിച്ച് 28 ദിവസം ഷേണായി നിരാഹാരസമരം നടത്തി. മരണംസംഭവിച്ചേക്കാമെന്ന അവസ്ഥയെത്തിയപ്പോൾ ജയിലിലെ മറ്റ് തടവുകാരും നിരാഹാരം തുടങ്ങി. അതോടെയാണ് ഉന്നതോദ്യോഗസ്ഥരെത്തി ചർച്ച നടത്തി ഒത്തുതീർപ്പുണ്ടാക്കിയത്.

നാലുവർഷത്തെ ജയിൽജീവിതത്തിനുശേഷം തിരിച്ചെത്തിയ ഷേണായി തന്റെ കച്ചവട കോംപ്ലക്സിലെ മുറിയിൽനിന്ന് കോൺഗ്രസ്സിന്റെ ബോർഡ് മാറ്റുകയും പകരം ചെങ്കൊടി ഉയർത്തുകയുംചെയ്തു. അങ്ങനെ പയ്യന്നൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഓഫീസുണ്ടായി.

ത്യാഗനിർഭരമായ രാഷട്രീയജീവിതം സുബ്രഹ്മണ്യഷേണായിയെ സാമ്പത്തികമായി നാട്ടിലെ ഏറ്റവും ദരിദ്രരുടെ കൂട്ടത്തിലേക്ക് മാറ്റി. പയ്യന്നൂരിലെ വാണിജ്യത്തിന്റെ സ്ഥാപകരായിരുന്ന, നിരവധി കടമുറികളുണ്ടായിരുന്ന, ഷേണായിയുടെ കുടുംബം പരിപൂർണ പട്ടണിയിലായ സന്ദർഭങ്ങൾ ഏറെ. കേസുകൾ നോക്കാനാളില്ലാത്തതിനാൽ എല്ലാം നഷ്ടപ്പെട്ട് നിസ്വനായി മാറി. ഷേണായിയുടെ വലംകയ്യായി പ്രവർത്തിച്ചത് പി.കണ്ണൻനായരാണ്. ഷേണായി വളർത്തിക്കൊണ്ടുവന്ന വിപ്ലവകാരി. ഷേണായി ഒളിവിലും ജയിലിലുമായതോടെ 1940 മുതൽ 1952 വരെയുള്ളകാലം അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞറിയിക്കാനാകാത്തവിധം പ്രയാസത്തിലായി.കർണാടകക്കാരിയായ ഭാര്യ പ്രേമയും മൂന്നു മക്കളുമടങ്ങിയ കുടുബം; ഭാര്യക്ക് മലയാളം വശമില്ല; ഷേണായി ഒളിവിലും ജയിലിലുമായതോടെ അവർ ഒറ്റപ്പെട്ടു. വാണിജ്യസംരംഭങ്ങളെല്ലാം തകർന്നു.സ്ഥലവും കെട്ടിടങ്ങളും അന്യാധീനമായി. വീട്ടിൽ അടുപ്പുപുകയാതായി. കണ്ണൻനായരാണ് ചിലപ്പോഴെല്ലാം, കഴിയാവുന്ന ഘട്ടത്തിലെല്ലാം അരിയും മറ്റും എത്തിച്ചുപോന്നത്. പക്ഷേ സ്ഥിതി വളരെ മോശമായപ്പോൾ പിടിച്ചുനില്ക്കാനാകാതെ ഷേണായിയുടെ ഭാര്യ പ്രേമ കിണറ്റിൽചാടി ജീവനൊടുക്കി. ഷേണായിയെ തകർത്തുകളഞ്ഞ സംഭവമാണത്. മൂന്നു പിഞ്ചുമക്കൾ. പ്രേമയുടെ സഹോദരി രേവതി അവരുടെ അമ്മയും ഷേണായിയുടെ ഭാര്യയുമായി മാറാൻ സന്നദ്ധയായി. രണ്ട് ഭാര്യമാരിലായി എട്ടു മക്കൾ. പയ്യന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആദ്യം മുതലുള്ള പ്രസിഡന്റായിരുന്നു ഷേണായി‐ 25 വർഷക്കാലം. പയ്യന്നൂർ നഗരസഭയായപ്പോൾ ആദ്യത്തെ ചെയർപേഴ്സണായത് ഷേണായിയുടെ മകൾ എസ്. ജ്യോതിയാണ്. പയ്യന്നൂരിനെ പ്രതിനിധീകരിച്ച് ഒരു പ്രാവശ്യം എം.എൽ.എ.യുമായി ഷേണായി.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five + 2 =

Most Popular