Saturday, May 18, 2024

ad

Homeഇവർ നയിച്ചവർകെ എം എബ്രഹാം: കോട്ടയത്തെ പാർട്ടിയുടെ കരുത്ത്‌

കെ എം എബ്രഹാം: കോട്ടയത്തെ പാർട്ടിയുടെ കരുത്ത്‌

ഗിരീഷ്‌ ചേനപ്പാടി

ധ്യതിരുവിതാംകൂറിലൊട്ടാകെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ സംഭാവനകൾ ചെയ്‌ത ആദ്യകാല നേതാക്കളിലൊരാളാണ്‌ കെ എം എബ്രഹാം. കോട്ടയത്തെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തനരംഗത്ത്‌ എത്തിയത്‌. അവറാച്ചൻ എന്നും അവറാമിയെന്നുമൊക്ക സ്‌നേഹപ്പേരുകളുണ്ടായിരുന്ന കെ എം എബ്രഹാം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ അവകാശബോധമുള്ളവരാക്കുന്നതിലും മുൻനിന്നു പ്രവർത്തിച്ചു. സമരങ്ങൾ നയിക്കുന്നതിനൊപ്പം തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അപാരമായ നയചാതുര്യവും സാമർഥ്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നതായി സമകാലികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സമരരംഗത്ത്‌ ആകൃതികൊണ്ടും പ്രകൃതികൊണ്ടും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. അതുകൊണ്ടുതന്നെ സമരസഖാക്കൾക്ക്‌ അദ്ദേഹത്തിന്റെ സാന്നിധ്യം അളവറ്റ ആവേശമാണ്‌ പകർന്നത്‌.

1919 മാർച്ച്‌ 27ന്‌ കോട്ടയം ജില്ലയിൽ പാമ്പാടിക്കടുത്ത്‌ വെള്ളൂർ ഗ്രാമത്തിലാണ്‌ കെ എം എബ്രഹാം ജനിച്ചത്‌. പിതാവ്‌ മാണി ഈപ്പൻ. മാതാവ്‌ ഏലിയാമ്മ. കുട്ടിക്കാലംമുതൽ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ആകർഷിക്കപ്പെട്ട എബ്രഹാം തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ കിരാതവാഴ്‌ചയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. 1938ൽ നടന്ന അന്ന്‌ പ്രക്ഷോഭത്തിനുനേരെ പൊലീസ്‌ കിരാതമായ ആക്രമണമാണ്‌ അഴിച്ചുവിട്ടത്‌. പൊലീസ്‌ നടത്തിയ വെടിവെപ്പിൽ ഒരാൾ രക്തസാക്ഷിയായി. എബ്രഹാമിന്റെ ജീവിതത്തെ ശരിക്കും ഉലച്ച സംഭവമായിരുന്നു അത്‌.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആ യുവാവ്‌ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി വളരെവേഗം മാറി. ഉത്തരവാദിത്വഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിൽ മുഴുവൻസമയ പോരാളിയായി അദ്ദേഹം മാറി. പി ടി ചാക്കോ ഉൾപ്പെടെയുള്ള സമുന്നത കോൺഗ്രസ്‌ നേതാക്കളുമൊത്തുള്ള പ്രവർത്തനങ്ങൾ ആ യുവാവിനെ തികഞ്ഞ പ്രക്ഷോഭകാരിയാക്കി മാറ്റി.

സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ ആവേശം പൂണ്ട എബ്രഹാം പ്രക്ഷോഭത്തിൽ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിൽ അസാമാന്യമായ സംഘാടന മികവാണ്‌ കാണിച്ചത്‌. യാഥാസ്ഥിതികരായ സ്വന്തക്കാരിൽനിന്നും ബന്ധുക്കളിൽനിന്നുമൊക്കെ ശക്തമായ എതിർപ്പുകൾ ഉണ്ടായെങ്കിലും അദ്ദേഹം അതിലൊന്നും കുലുങ്ങിയില്ല. പൊതുപ്രവർത്തകനെന്നും സ്വാതന്ത്ര്യസമരസേനാനിയെന്നുമുള്ള അദ്ദേഹത്തിന്റെ ഖ്യാതി വളരെവേഗം നാട്ടിലാകെ ശ്രദ്ധിക്കപ്പെട്ടു.

മദ്യവർജനപ്രസ്ഥാനം ഈ സമയം വളരെയേറെ ശക്തിപ്പെട്ടിരുന്നു. കള്ളുഷാപ്പുകൾ പിക്കറ്റു ചെയ്യുകയും മദ്യപാനികളെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നത്‌ അന്നത്തെ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെ പ്രധാനപ്പെട്ട പ്രവർത്തനമായിരുന്നല്ലോ. മദ്യവർജന പ്രസ്ഥാനത്തിന്റെ വളണ്ടിയർ മാർച്ചിന്റെ ചുമതലക്കാരനായി കെ എം എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. അതോടെ മദ്യവർജന പ്രസ്ഥാനം കൂടുതൽ കരുത്താർജിച്ചു.

1939 അവസാനം മദ്യവർജന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹം അറസ്റ്റ്‌ ചെയ്യപ്പെട്ടു. ആറുമാസത്തെ തടവുശിക്ഷ അദ്ദേഹത്തിന്‌ ലഭിച്ചു.
ആറുമാസക്കാലം ഈ ജയിൽ ജീവിതം കെ എം എബ്രഹാമിന്റെ കാഴ്‌ചപ്പാടുകളെ ഗുണപരമായി ഏറെ സ്വാധീനിച്ചു. സി എസ്‌ ഗോപാലപിള്ള, പി ടി പുന്നൂസ്‌, കുട്ടനാട്‌ രാമകൃഷ്‌ണപിള്ള, സി നാരായണപിള്ള തുടങ്ങിയവരായിരുന്നു അവറാച്ചന്റെ സഹതടവുകാർ. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ തിരുവിതാംകൂറിലെ സമുന്നത നേതാക്കളായിരുന്നു അവർ.

സോവിയറ്റ്‌ യൂണിയനോടും സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥിതിയോടുമൊക്കെ നേരത്തെ തന്നെ ആഭിമുഖ്യം തോന്നിയിരുന്ന അവറാച്ചനെ സംബന്ധിച്ചിടത്തോളം ഈ നേതാക്കളുമായുള്ള സമ്പർക്കം പുതിയ തിരിച്ചറിവുകൾ പകർന്നുനൽകി; ചിന്താഗതിക്കും ഭാവി പ്രവർത്തനപരിപാടികൾക്കും പുതിയ ദിശാബോധം ലഭിച്ചു.

ആറുമാസത്തെ തടവുശിക്ഷയ്‌ക്ക്‌ ശേഷം പുറത്തിറങ്ങിയ എബ്രഹാം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമായി മാറി. പകർച്ചവ്യാധി പടർന്നുപിടിച്ച പ്രദേശങ്ങളിൽ ജനങ്ങൾ ഭയചകിതരായി. വസൂരിപോലെയുള്ള രോഗം ബാധിച്ചവരെ ബന്ധുക്കൾതന്നെ ഉപേക്ഷിച്ചുപോകുന്ന അവസ്ഥയായിരുന്നു. ആദ്യം കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി പ്രവർത്തകർ രോഗംമൂലം നരകയാതനയനുഭവിക്കുന്നവർക്ക്‌ തുണയായി. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയൊന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി 1939 ഒടുവിൽ മാറിയപ്പോൾ കമ്യൂണിസ്റ്റ്‌ പാർട്ടി ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങി.

1941ൽ കെ എം എബ്രഹാം കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി. കമ്യൂണിസ്റ്റ്‌ പാർട്ടി വളണ്ടിയർമാരെ, രോഗദുരിതങ്ങൾ ഏറെ സഹിച്ചിരുന്ന മലബാർ പ്രദേശത്തേക്ക്‌ പ്രവർത്തനങ്ങൾക്കായി അയച്ചു. ആ സംഘത്തിൽ കെ എം എബ്രഹാമും സജീവമായി പങ്കെടുത്തു. മാസങ്ങളോളം മലബാർ പ്രദേശത്ത്‌ ആതുരരെ സഹായിക്കാൻ, അവർക്ക്‌ ഭക്ഷണവും മരുന്നും മറ്റ്‌ അവശ്യവസ്‌തുക്കളും എത്തിക്കാൻ അവറാച്ചനുൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ സജീവമായി ഇടപെട്ടു.

മലബാറിൽനിന്നു തിരിച്ചെത്തിയ കെ എം എബ്രഹാമിനെ തിരുവിതാംകൂറിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ജോലിയാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ഏൽപിച്ചത്‌. സി എച്ച്‌ കണാരൻ ഉൾപ്പെടെയുള്ള നേതാക്കൾ എബ്രഹാം ഉൾപ്പെട്ട കമ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾക്ക്‌ സ്റ്റഡി ക്ലാസുകൾ എടുത്തിരുന്നു. പാർട്ടി ഏൽപിച്ച ദൗത്യം ഭംഗിയായി നിർവഹിച്ച എബ്രഹാം തിരുവിതാംകൂറിലെ കർഷകത്തൊഴിലാളികളുടെ സമുന്നത നേതാക്കളിലൊരാളായി വളരെ വേഗം മാറി.

കോട്ടയം ഭാസി, അഡ്വ. രാഘവക്കുറുപ്പ്‌, പി പി ജോർജ്‌, വി ആർ കുമാരൻ, പി ജി വാസു തുടങ്ങിയ നിരവധി നേതാക്കൾ അക്കാലത്ത്‌ അവറാച്ചന്റെ സഹപ്രവർത്തകരായിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സി എസ്‌ ഗോപാലപിള്ളയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഇന്നത്തെ കോട്ടയം ജില്ലയുടെ പ്രദേശങ്ങൾക്കു പുറമേ തൊടുപുഴ താലൂക്കൊഴികെയുള്ള ഇടുക്കി ജില്ലയുടെ പ്രദേശങ്ങളും എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില പ്രദേശങ്ങളും ഉൾപ്പെട്ട വിശാലമായ ഭൂപ്രദേശമായിരുന്നു അന്നത്തെ കോട്ടയം ജില്ല. അതുകൊണ്ടുതന്നെ അവറാച്ചന്റെ പ്രവർത്തനമണ്ഡലം മധ്യതിരുവിതാംകൂർ ഒന്നാകെയായിരുന്നു.

കർഷകത്തൊഴിലാളികളുടെ നിരവധി സമരപോരാട്ടങ്ങളിൽ അവറാച്ചനൊപ്പം അണിനിരന്ന നിരവധി അനുഭവങ്ങൾ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദൻ അനുസ്‌മരിച്ചിട്ടുണ്ട്‌. കായൽ കയ്യേറ്റക്കാരനായ മുരിക്കനെതിരെ നടത്തിയ പോരാട്ടത്തെക്കുറിച്ചും അതിൽ നിറഞ്ഞുനിന്ന അവറാച്ചനെക്കുറിച്ചും വി എസ്‌ അനുസ്‌മരിച്ചിട്ടുണ്ട്‌.

ദേശബന്ധു ദിനപത്രത്തിൽ തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരായി നടന്ന സമരം കമ്യൂണിസ്റ്റ്‌ പാർട്ടി ഏറ്റെടുത്തു. ആ സമരം വിജയിപ്പിക്കുന്നതിൽ നിർണായകമായ പങ്കാണ്‌ അവറാച്ചൻ വഹിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ കേരളത്തിലൊട്ടാകെ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച സമരമാണാല്ലോ ട്രാൻസ്‌പോർട്ട്‌ സമരം. 1940കളുടെ അവസാനവും 1950കളിലുമായി വിവിധ ഘട്ടങ്ങളായി നടന്ന ആ സമരം 1954ൽ ആണ്‌ ഏറെ രക്തരൂഷിതമായത്‌. സമരസഖാക്കൾക്കു നേരെ വെടിവെപ്പുകളും കിരാത മർദനങ്ങളും അരങ്ങേറിയ ആ സമരത്തിൽ അവറാച്ചൻ നേതൃപരമായ പങ്കാണ്‌ വഹിച്ചത്‌.

തിരുവിതാംകൂർ സിമന്റ്‌സിലെ തൊഴിലാളികൾ നടത്തിയ സമരത്തിലും അവറാച്ചന്റെ നേതൃത്വം എടുത്തുപറയേണ്ടതാണ്‌. മോട്ടോർ തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവരെ സംഘടിപ്പിച്ചുകൊണ്ടാണ്‌ ട്രേഡ്‌ യൂണിയൻ രംഗത്ത്‌ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്‌. അവിഭക്ത എഐടിയുസിയുടെ പ്രമുഖ നേതാവായിരുന്ന അവറാചചൻ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ അതിന്റെ പ്രമുഖ നേതാവായി. സിഐടിയു അഖിലേന്ത്യാ വർക്കിംഗ്‌ കമ്മിറ്റി അംഗം, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ്‌ അദ്ദേഹം നടത്തിയത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചപ്പോൾ സിപിഐ എമ്മിനൊപ്പം കെ എം എബ്രഹാം അടിയുറച്ചു നിന്നു. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1964 ഡിസംബറിൽ ചൈന ചാരത്വം ആരോപിച്ച്‌ സിപിഐ എം നേതാക്കൾ കൂട്ടത്തോടെ ജയിലിലടയ്‌ക്കപ്പെട്ടു. അറസ്റ്റ്‌ ചെയ്യപ്പെട്ട എബ്രഹാമിന്‌ ഒന്നരവർഷക്കാലത്തെ ജയിൽവാസം അനുഭവിക്കേണ്ടിവന്നു.

1967ൽ കോട്ടയം പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ കെ എം എബ്രഹാം ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. 1980ൽ കോട്ടയം നിയമസഭാ മണ്ഡലത്തിൽനിന്ന്‌ അദ്ദേഹം വിജയിച്ചു. 1996‐2001 കാലയളവിൽ ട്രാവൻകൂർ സിമന്റ്‌സിന്റെ ചെയർമാനായി നിയോഗക്കപ്പെട്ടത്‌ എബ്രഹാമായിരുന്നു. ഈ കാലയളവിൽ കോട്ടയത്തെ സിമന്റ്‌ ഫാക്ടറി വൻ ലാഭം നേടിയിരുന്നു എന്നത്‌ അദ്ദേഹത്തിന്റെ ഭരണമികവിന്റെ സാക്ഷ്യപത്രമാണ്‌. ജനപ്രതിനിധിയായിരുന്നപ്പോൾ നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ അദ്ദേഹത്തിന്‌ സാധിച്ചു.

1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഒളിവിൽ പ്രവർത്തിച്ച എബ്രഹാം താമസിയാതെ അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്‌ തടവിൽ കഴിയേണ്ടിവന്നു.

1978ൽ കെ എം എബ്രഹാം സിപിഐ എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1980ൽ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നതുവരെ പാർട്ടിയുടെ അമരക്കാരനായി പ്രവർത്തിച്ചത്‌ അദ്ദേഹമാണ്‌.

രാഷ്‌ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ നിഷ്‌കർഷ പാലിച്ചിരുന്ന അവറാച്ചന്‌ നിരവധി സുഹൃത്‌വലയങ്ങൾ ഉണ്ടായിരുന്നു. സംശുദ്ധമായ ജീവിതത്തിനുടമയായിരുന്ന അദ്ദേഹം ലാളിത്യത്തിന്റെ ആൾരൂപമായിരുന്നു. സഖാക്കളെയും സുഹൃത്തുക്കളെയും ഉള്ളുതുറന്ന്‌ സ്‌നേഹിച്ച അദ്ദേഹം പുതുതലമുറയ്‌ക്ക്‌ മാതൃകയാണ്‌.

2006 സെപ്‌തംബർ 5ന്‌ കെ എം എബ്രഹാം അന്ത്യശ്വാസം വലിച്ചു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + six =

Most Popular