Monday, May 6, 2024

ad

Homeപുസ്തകംഹിന്ദുത്വ കോർപറേറ്റ്‌ സഖ്യത്തിന്റെ പരിണാമവും അടിത്തറയും

ഹിന്ദുത്വ കോർപറേറ്റ്‌ സഖ്യത്തിന്റെ പരിണാമവും അടിത്തറയും

ശ്രീജിത്ത്‌ ശിവരാമൻ

ന്ത്യയിൽ സംഘപരിവാർ – കോർപ്പറേറ്റ് സഖ്യം അധികാരത്തിലേറിയിട്ട് ഒരു ദശകമാവുകയാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത ചൂഷണങ്ങൾക്കും വിഭജനത്തിനും വെറുപ്പിന്റെ വ്യാപനത്തിനുമാണ് ഈ കാലയളവ് സാക്ഷ്യം വഹിച്ചത്. എന്നാൽ ഈ പ്രതിഭാസത്തെ വിലയിരുത്തുന്നതിൽ വ്യത്യസ്തമായ നിലപാടുകളാണ് വിമർശകർ സ്വീകരിച്ചിട്ടുള്ളത്. ലിബറൽ ബുദ്ധിജീവികളിൽ പലരും ഇത് 2014ൽ ആരംഭിച്ച ഒരു പ്രതിഭാസമായാണ് കരുതുന്നത് , ചിലരാകട്ടെ വർഗീയതയുടെ വ്യാപനത്തെ വ്യക്തിനിഷ്‌ഠമായ വ്യതിയാനമായി കാണുകയും അതിന്റെ ചരിത്രപരവും, രാഷ്ട്രീയ-വും സാമ്പത്തികവുമായ അടിത്തറയെ അവഗണിക്കുകയും ചെയ്യുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ചയെ ചരിത്രപരമായി വിശകലനം ചെയ്യുകയും പുതിയകാലത്തെ അതിന്റെ വർഗ്ഗപരമായ അടിത്തറയെ ആഴത്തിൽ വിശകലനം ചെയ്യുകയും ചെയ്തിട്ടുള്ള സാമൂഹികശാസ്ത്രജ്ഞനാണ് ആകാർ പട്ടേൽ. ഒരു ഗുജറാത്തി പത്രപ്രവർത്തകൻ എന്ന നിലയ്‌ക്ക് മോദിയുടെ ഹിന്ദുത്വ പരീക്ഷണങ്ങളെ ഏറ്റവും അടുത്തുനിന്ന് ആദ്യമേ പഠിച്ച ആളാണ് ആകാർ പട്ടേൽ. “നമ്മുടെ ഹിന്ദു രാഷ്ട്രം – അതെന്താണ്, നാം എങ്ങിനെ ഇവിടെയെത്തി ” എന്ന തന്റെ പുസ്തകത്തിലൂടെ ഇന്ത്യയിലെ നവലിബറൽ ഹിന്ദുത്വത്തിന്റെ ചരിത്രപരമായ വിശകലനമാണ്‌ ആകാർ പട്ടേൽ നടത്തുന്നത്.

ഇന്ത്യാവിഭജനത്തിന്റെ ചരിത്രാന്വേഷണത്തിലൂടെയാണ് ആകാർ തന്റെ പുസ്തകം ആരംഭിക്കുന്നത്. വിഭജനാനന്തരം ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട പൊതുബോധം ‘വിഭജനത്തിനു കാരണക്കാർ മുസ്‌ലിം ലീഗ് ആയിരുന്നു’ എന്നതാണല്ലോ, എന്നാൽ ഈ ആരോപണത്തെ ചരിത്രപരമായി പരിശോധിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ഒരർത്ഥത്തിൽ അത് ഇന്ത്യയിലെ വർഗീയതയുടെ കൊളോണിയൽകാല ചരിത്രം കൂടിയായി വർത്തിക്കുന്നു. കോൺഗ്രസ്സ് ആദ്യകാലം മുതൽ തന്നെ ഒരു സവർണ – ഭൂവുടമാ ഹിന്ദു പാർട്ടിയായി മാറിയതെങ്ങിനെയെന്നും ഒരുകാലത്തും കോൺഗ്രസ്സിൽ മുസ്ലിം ജനസാമാന്യത്തിന് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കാതിരുന്നതും ആകാർ പട്ടേൽ വിശദമായി പരിശോധിക്കുന്നു, തുടർന്ന് 1920 കളിൽ പ്രവിശ്യകളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് ലജ്പത്‌റായ് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ച നിർദേശങ്ങളും തുടർന്ന് കോൺഗ്രസ്സ് അധികാരത്തിൽ വന്ന പ്രവിശ്യകളിൽ വന്ദേഭാരതം ചൊല്ലൽ നിർബന്ധിതമാക്കിയതും ഗോഹത്യ നിരോധിച്ചതും പരിശോധിക്കുന്നുണ്ട്. ഒരർത്ഥത്തിൽ പിന്നീട് ശക്തിപ്രാപിച്ച ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബീജാവാപം കൃത്യമായി അനാവരണം ചെയ്യുന്നുണ്ട് ആദ്യ അധ്യായത്തിൽ.

മോദിയുടെ കീഴിൽ ഇന്ത്യ ഒരു ‘ഹിന്ദു പാകിസ്താൻവൽക്കരണത്തിനു’ വിധേയമാകുന്നു എന്ന നിരീക്ഷണം ഉണ്ടായിട്ടുണ്ട്. മതാത്മകമായ ഒരു രാജ്യം ഏത് രീതിയിൽ വിനാശകരമായി ഭവിക്കും എന്നതിന്റെ ദക്ഷിണേഷ്യയിലെ ജീവിക്കുന്ന ഉദാഹരണമാണ് പാകിസ്ഥാൻ. പുസ്തകത്തിന്റെ രണ്ടും മൂന്നും അധ്യായങ്ങളിൽ വിഭജനാനന്തര പാകിസ്ഥാന്റെ സ്വപ്നങ്ങളും യാഥാർഥ്യങ്ങളും തമ്മിലെ അന്തരത്തെയും ജിന്ന കണ്ട സ്വപ്നങ്ങളെയും സിയാ ഉൾഹഖിന് കീഴിൽ നടന്ന സമ്പൂർണ മതരാഷ്ട്രവത്കരണത്തെയും വിശദമായി തന്നെ പരിശോധിക്കുന്നു. ഒരർത്ഥത്തിൽ ഹിന്ദുരാജ്യത്തിന് സിന്ദാബാദ് വിളിക്കുന്ന സകലരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ് പാകിസ്താന്റെ അനുഭവപാഠങ്ങൾ.

ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രരൂപം സവർക്കറുടെ സംഭാവനയാണെങ്കിൽ അതിന്റെ രാഷ്ട്രീയരൂപത്തിന് അടിത്തറയിട്ടത് ദീൻദയാൽ ഉപാധ്യായയാണ്. ബിജെപി അവരുടെ പാർട്ടി പരിപാടിയിൽ പറയുന്ന ‘ഏകാത്മ മാനവവാദം’ ഉപാധ്യായയുടെ സംഭാവനയാണ്. ഒരേ സമയം നിശ്ചിതമായ നിർവചനമുള്ളതും എന്നാൽ ആവശ്യാനുസരണം സന്ദർഭാനുസൃതമായി ഉപയോഗിക്കാവുന്നതുമായ ഒന്നാണ് ഹിന്ദുത്വ എന്നത് അതിന്റെ ചരിത്രത്തിൽ നിന്ന് കാണാനാകും. എപ്പോഴൊക്കെ ഹിന്ദുത്വത്തെ ആധാരമാക്കിയുള്ള രാഷ്ട്രീയപ്രചാരണങ്ങളും വോട്ട് ചോദിക്കലും ഇന്ത്യൻ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടോ അപ്പോഴൊക്കെ ഹിന്ദുത്വം ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നുമുള്ള അഴിഞ്ഞ നിർവചനം ഉപയോഗിച്ച് പുറത്തുകടക്കാൻ ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഹിന്ദുത്വ രാഷ്ട്രീയം കടന്നുപോയ വഴികളെയും അതുമായി ബന്ധപ്പെട്ടുണ്ടായ കോടതി വ്യവഹാരങ്ങളെയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് ആകാർ പട്ടേൽ. എൺപതുകളുടെ അവസാനത്തോടെ കോൺഗ്രസ്സിന്റെ വികസന മാതൃക ഇന്ത്യയിൽ അതിന്റെ വൈരുധ്യങ്ങളിൽ ഉലയുകയും ഈ അവസരത്തെ ഉപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ പിടിമുറുക്കുകയും ചെയ്തതെങ്ങിനെയെന്ന് രഥയാത്രമുതലുള്ള ചരിത്രത്തെ വിശദമായ പരിശോധനക്ക് വിധേയമാക്കി ആകാർ പട്ടേൽ സമർത്ഥിക്കുന്നു. എൺപതുകൾ മുതലെങ്കിലും ഹിന്ദുത്വ രാഷ്ട്രീയം വലിയതോതിൽ ആരോപിക്കുന്ന ഒന്നാണ് ന്യൂനപക്ഷ പ്രീണനം. എന്നാൽ ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തിന് അർഹിക്കുന്ന പരിഗണനപോലും ഇന്ത്യയിലെ കോൺഗ്രസ്സ് സർക്കാരുകളിൽ നിന്ന് ലഭിച്ചില്ലെന്നതും ന്യൂനപക്ഷപ്രീണനം എന്ന സംഘപരിവാർ മുറവിളി നുണകളിൽ മാത്രം കെട്ടിപ്പൊക്കിയ ഒരു മിത്താണെന്നും കണക്കുകൾ സഹിതം ‘ദി മിത്ത് ഓഫ് ആപ്പീസ്‌മെന്റ്’ എന്ന അധ്യായത്തിൽ വിവരിക്കുന്നു. അടുത്ത അധ്യായത്തിൽ സംഘപരിവാർ കെട്ടിപ്പൊക്കിയ മറ്റൊരു നുണയെക്കൂടി ആകാർ തകർക്കുന്നുണ്ട്, അത് ന്യൂനപക്ഷങ്ങൾ വ്യാപകമായി മതപരിവർത്തനം നടത്തുന്നു എന്ന നുണക്കോട്ടയാണ്.

നവലിബറൽ ഹിന്ദുത്വത്തിന്റെ ഏറ്റവും പ്രധാന പരീക്ഷണശാലയായിരുന്നു മോദിയുടെ കീഴിലെ ഗുജറാത്ത്. ഈ ഗുജറാത്ത് അനുഭവങ്ങളെ അതിന് നേരിട്ട് സാക്ഷിയായ മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ആഴത്തിൽ വിശകലനം ചെയ്യാൻ അകാർ പട്ടേലിന് കഴിഞ്ഞിട്ടുണ്ട്. അഹമ്മദാബാദ് ഉൾപ്പെടെയുള്ള ഗുജറാത്തിലെ നഗരങ്ങളിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളെ മുഴുവൻ സംഘപരിവാർ കയ്യടക്കിയതും അതിലൂടെ മുസ്ലിം ജനവിഭാഗത്തെ മുഴുവൻ നഗരങ്ങൾക്കുപുറത്തെ ചേരികളിലേക്ക് ക്രമാനുഗതമായി ആട്ടിപ്പായിച്ചതും, മുസ്‌ലിം നാമധാരികൾക്ക് ഭൂമി/സ്വത്ത് വാങ്ങാൻ പോലും കഴിയാത്ത നാടായി എങ്ങനെ ഗുജറാത്ത് മാറിയെന്നും വിശദമാക്കുന്നു. 2014നു ശേഷം സംഘപരിവാർ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഗുജറാത്ത് മോഡലിന്റെ ചരിത്രം എല്ലാ ഫാഷിസ്റ്റ് വിരുദ്ധ പ്രവർത്തകർക്കുമുള്ള പാഠമാണ്. മുത്തലാഖ് ക്രിമിനൽവൽക്കരണവും, ഗോഹത്യ നിരോധനത്തിന്റെ രാഷ്ട്രീയവും, കശ്മീരിനെ സംബന്ധിച്ച ഭരണഘടനയുടെ 370‐ാം അനുച്ഛേദത്തിന്റെ ചരിത്രവും വർത്തമാനവും തുടർന്നുള്ള അധ്യായങ്ങളിൽ പരിശോധിക്കപ്പെടുന്നുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തെ എങ്ങിനെ നേരിടാം എന്ന അവസാന അധ്യായത്തിൽ തന്റെ വ്യക്തിപരമായ നിർദേശങ്ങളും നിരീക്ഷണങ്ങളുമാണ് ആകാർ പട്ടേൽ അവതരിപ്പിക്കുന്നത്. പ്രധാനമായും സിഎഎ വിരുദ്ധ സമരം പോലുള്ള ജനകീയ മുന്നേറ്റങ്ങളിലും വ്യവസ്ഥാ വ്യവഹാരങ്ങളിലുമാണ് ആകാർ പട്ടേൽ ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ ഫാഷിസ്റ്റ് പ്രവണതയുള്ള കോർപറേറ്റ് – ഹിന്ദുത്വ സഖ്യത്തെ നേരിടാൻ ഇത്തരം ജനകീയ സമരങ്ങൾ കൊണ്ട് മാത്രം കഴിയില്ലായെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആത്യന്തികമായി ഈ നവലിബറൽ ഹിന്ദുത്വത്തിന്റെ വർഗ്ഗ താല്പര്യത്തെ തുറന്നുകാട്ടുകയും അതിനെതിരായ വിപുലമായ തൊഴിലാളി – കർഷക സമര ഐക്യനിര കെട്ടിപ്പടുക്കുകയുമാണ് നമ്മുടെ മുന്നിലെ പോംവഴിയെന്ന തിരിച്ചറിവിലെത്താൻ പട്ടേലിന് കഴിയാതെ വരുന്നുണ്ട്. ശരിയായ വിശകലനത്തിൽ തുടങ്ങുന്ന പുസ്തകം പക്ഷെ പരിമിതമായ പരിഹാരത്തിൽ അവസാനിക്കുന്നു എന്നതാണ് പ്രധാന ന്യൂനത.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × three =

Most Popular