Sunday, November 24, 2024

ad

Homeരാജ്യങ്ങളിലൂടെപോളണ്ടിൽ ഭരണപക്ഷത്തിന്‌ തിരിച്ചടി

പോളണ്ടിൽ ഭരണപക്ഷത്തിന്‌ തിരിച്ചടി

ആര്യ ജിനദേവൻ

2023 ഒക്ടോബർ 15ന്‌ പോളണ്ടിൽ നടന്ന പാർലമെന്റ്‌ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ 8 വർഷമായി അധികാരത്തിൽ തുടരുന്ന തീവ്ര വലതുപക്ഷകക്ഷിയായ ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടി (PiS)ക്ക്‌ ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2019ലെ തിരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും അധികാരത്തിൽ വന്ന ഫാസിസ്റ്റ്‌ വാഴ്‌ചയാണ്‌ ഇപ്പോൾ നിലംപൊത്തിയത്‌. നിലവിലെ പ്രധാനമന്ത്രി മത്തിയൂസ്‌ മൊറാവെക്കിയുടെ 8 വർഷത്തെ ഫാസിസ്റ്റ്‌ സ്വേച്ഛാധിപത്യവാഴ്‌ചയെയാണ്‌ പോളിഷ്‌ ജനത നിരാകരിച്ചത്‌. എങ്കിലും പാർലമെന്റിൽ ഏറ്റവും വലിയ ഒറ്റകക്ഷി ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിയാണ്‌‐ 35 % വോട്ടാണ്‌ അവർക്കുള്ളത്‌. വീണ്ടും കള്ളക്കളികളിലൂടെ അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള നിക്കം നടക്കുന്നതായാണ്‌ വാർത്തകൾ വ്യക്തമാക്കുന്നത്‌.

ഏതെങ്കിലും ഒരൊറ്റ കക്ഷിക്ക്‌ ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമില്ലാത്തതിനാൽ പ്രസിഡന്റിന്റെ തീരുമാനം നിർണായകമാണ്‌. പ്രസിഡന്റ്‌ ആന്ദ്രേ ദുദയും ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിക്കാരനാണ്‌. 2020ലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച ആന്ദ്രേ ദുദയ്‌ക്ക്‌ പോളിഷ്‌ ഭരണഘടന പ്രകാരം വീറ്റൊ അധികാരമുണ്ട്‌. ഇത്‌ പ്രയോഗിച്ച്‌ ജനഹിതവും ജനാധിപത്യവും അടടിമറിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രസിഡന്റിനു തീരുമാനമെടുക്കാൻ ഡിസംബർ വരെ സമയമുണ്ട്‌.

വോട്ടർ ടേൺ ഔട്ട്‌ 75.4% ആണ്‌. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ അധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്‌. പാർലമെന്റിൽ മൂന്ന്‌ മുഖ്യ പ്രതിപക്ഷകക്ഷികൾ ചേർന്ന കൂട്ടുകെട്ടിന്‌ 54% വോട്ടാണ്‌ ലഭിച്ചത്‌‐ സിവിക്‌ കോയലിഷൻ, തേർഡ്‌വേ, ന്യൂ ലെഫ്‌റ്റ്‌ എന്നിവ ചേർന്നാണ്‌ സഖ്യമുണ്ടാക്കിയത്‌‐ മധ്യ ഇടതുപക്ഷ സഖ്യം. തിരഞ്ഞെടുപ്പ്‌ കമീഷന്റെ അന്തിമ ഫലപ്രഖ്യാപന പ്രകാരം ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിക്ക്‌ 194 സീറ്റ്‌ ലഭിച്ചപ്പോൾ സിവിക്‌ കോയലിഷന്‌ 157 സീറ്റും തേർഡ്‌വേയ്‌ക്ക്‌ 65 സീറ്റും ദി ലെഫ്‌റ്റിന്‌ 26 സീറ്റും ലഭിച്ചു. അങ്ങനെ ഈ സഖ്യത്തിന്‌ മൊത്തം 248 സീറ്റുണ്ട്‌. പുറമേയുള്ള ചെറുകക്ഷികൾക്കും സ്വതന്ത്രർക്കുമായി 18 സീറ്റുണ്ട്‌. ഇതുകൂടി ചേർത്താലും നിലവിലെ ഭരണകക്ഷിക്ക്‌ 212 സീറ്റേയുള്ളൂ. അതുകൊണ്ട്‌ നഗ്നമായ ജനാധിപത്യഹത്യതിലുടെയേ ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിക്ക്‌ അധികാരത്തിൽ തുടരാനാകൂവെന്ന്‌ വ്യക്തമാണ്‌. ഒക്ടോബർ 24ന്‌ യോഗം ചേർന്ന പ്രതിപക്ഷസഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മുൻ പ്രധാനമന്ത്രിയും യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ മുൻ പ്രസിഡന്റുമായ സിവിക്‌ കോയലിഷൻ പാർട്ടി നേതാവ്‌ ഡൊണാൾഡ്‌ ടസ്‌കിനെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തിരഞ്ഞെടുത്ത്‌ പ്രസിഡന്റ്‌ ദുദയെ അറിയിച്ചിട്ടുണ്ട്‌. എത്രയും വേഗം വ്യക്തമായ പാർലമെന്ററി ഭൂരിപക്ഷമുള്ള ടസ്‌കിനെ പ്രധാനമന്ത്രിയായി ചുമതലയേൽപ്പിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌.

കടുത്ത കത്തോലിക്ക മതയാഥാസ്ഥിതികതയും സങ്കുചിത ദേശീയതയും ഭരണകൂട ഭീകരതയുമെല്ലാം ചേർന്ന സ്വേച്ഛാധിപത്യവാഴ്‌ചയാണ്‌ കഴിഞ്ഞ 8 വർഷമായി പോളണ്ടിൽ നിലവിലിരുന്നത്‌. പുരോഗമനപരമായ സർവതിനെയും അടിച്ചമർത്തിയിരുന്ന ജനാധിപത്യവിരുദ്ധ, ഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെയാണ്‌ ജനങ്ങൾ ഇപ്പോൾ വിധിയെഴുതിയിരിക്കുന്നത്‌.

കുതിച്ചുയരുന്ന വിലക്കയറ്റം, സാമ്പത്തികമാന്ദ്യം, നാടിനെ കൊള്ളയടിക്കുന്ന തരത്തിലുള്ള അഴിമതി, ജനകീയസമരങ്ങളെ കരിനിയമങ്ങൾകൊണ്ടും പൊലീസ്‌ തേർവാഴ്‌ചകൊണ്ടും നേരിടൽ എന്നിവയിൽ കുപ്രസിദ്ധിയാർജിച്ച പോളണ്ടിലെ വലതുപക്ഷ ഭരണാധികാരികൾ ഇപ്പോൾ ഗർഭച്ഛിദ്രത്തിന്‌ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നത്‌ യുവതീ‐യുവാക്കളുടെ രോഷത്തിനും ഇടയാക്കി. തീവ്ര വലതുപക്ഷ പാർട്ടിയായ ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിയുടെ ഭരണം പക്ഷേ നിയമവാഴ്‌ച അനുവദിക്കാത്തതും എല്ലാവർക്കും തുല്യനീതി നൽകാത്തതും എൽജിബിടിക്യു പോലെയുള്ള വിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതുമാണ്‌. സ്വതന്ത്രമായ മാധ്യമപ്രവർത്തനം പോളണ്ടിൽ അനുവദിക്കുന്നില്ല. ഇങ്ങനെയെല്ലാമുള്ള നടപടികൾ കാരണം പൊറുതിമുട്ടിയ ജനങ്ങൾ ഇപ്പോൾ ആ സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കാനാണ്‌ വോട്ട്‌ ചെയ്‌തത്‌. അതിനെയും അട്ടിമറിച്ച്‌ സ്വേച്ഛാധിപത്യവാഴ്‌ച തുടരാനാണ്‌ ഇപ്പോഴത്തെ നീക്കം. ദീർഘകാലമായി അധികാരത്തിൽ തുടരുന്ന ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടി ഇതിനുമുമ്പും പലവട്ടം ഭരണഘടനയെ പിച്ചിച്ചീന്തിയിട്ടുള്ളതുകൊണ്ട്‌ ഇപ്പോഴത്തെ നീക്കത്തിൽ വലിയ അത്ഭുതത്തിനൊന്നും അവകാശമില്ല. പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായം പറഞ്ഞ്‌ പ്രസിഡന്റ്‌ ദുദ, ലാ ആന്റ്‌ ജസ്റ്റിസ്‌ പാർട്ടിയെയായിരിക്കും സർക്കാർ രൂപീകരിക്കാൻ വിളിക്കുക. എന്തായാലും പോളിഷ്‌ സമൂഹം വിഭജിതവും ധ്രുവീകരിക്കപ്പെട്ടതും ആയിരിക്കുകയാണ്‌. അതുകൊണ്ട്‌ തുടർദിവസങ്ങളിൽ എന്തുണ്ടാവുമെന്നത്‌ പ്രവചനാതീതമാണ്‌.

യൂറോപ്പിൽ തീവ്ര വലതുപക്ഷം അധികാരത്തിലിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്കാകെ ആവേശം നൽകുന്നതാണ്‌ പോളണ്ടിലെ ജനവിധിയെന്നും കാണേണ്ടതുണ്ട്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × four =

Most Popular