Monday, May 20, 2024

ad

HomeUncategorisedചെമ്പ്‌ ഖനനരംഗത്തെ പുതിയ കരാറിനെതിരെ പനാമയിൽ പ്രതിഷേധം

ചെമ്പ്‌ ഖനനരംഗത്തെ പുതിയ കരാറിനെതിരെ പനാമയിൽ പ്രതിഷേധം

ടിനു ജോർജ്‌

നാമയിലെ ഗവൺമെന്റും കനേഡിയൻ ബഹുരാഷ്‌ട്ര കോർപറേഷനായ ഫസ്റ്റ്‌ ക്വാണ്ടം മിനറൽസും ഒപ്പുവച്ച 20 വർഷം ചെമ്പ്‌ ഖനനം ചെയ്യാനുള്ള കരാറിനെതിരെ ആ രാജ്യത്ത്‌ ശക്തമായ പ്രതിഷേധം ഉയരുന്നു. ഒക്‌ടോബർ 20ന്‌ പനാമയുടെ കോൺഗ്രസ്‌ ഫസ്റ്റ്‌ ക്വാണ്ടം മിനറലിന്റെ (എഫ്‌ക്യുഎം) പനാമയിലെ സബ്‌സിഡിയറിയായ മിനേറ പനാമയ്‌ക്ക്‌ ആ രാജ്യത്തെ ഏറ്റവും വലിയ തുറന്ന ചെമ്പ്‌ ഖനിയായ കോബ്രെ പനാമയിൽ ഖനനം തുടങ്ങാൻ അനുമതി നൽകുന്ന ബില്ല്‌ പാസാക്കി, അന്നുതന്നെ പ്രസിഡന്റ്‌ ലൗറേന്റിനൊ കോർട്ടിസൊ ഒപ്പുവച്ച്‌ നിയമമാക്കിയതിനെത്തുടർന്നാണ്‌ രാജ്യമാകെ പ്രതിഷേധം ശക്തിപ്പെട്ടത്‌. ബിൽ പാസാക്കുന്നതിനെതിരെ വലിയ പ്രതിഷേധപ്രകടനം അന്നുതന്നെ പാർലമെന്റ്‌ മന്ദിരത്തിനു പുറത്ത്‌ നടന്നിരുന്നു. അത്‌ അവഗണിച്ച്‌ ആ ബില്ലിന്‌ നിയമസാധുത നൽകാൻ പ്രസിഡന്റ്‌ കയ്യോടെ ഒപ്പിടുകയായിരുന്നു. ഇത്‌ രാജ്യത്തെ ജനവികാരത്തെ വെല്ലുവിളിക്കുന്ന നടപടിയായി കണ്ടാണ്‌ നാനാ മേഖലയിലെയും ജനങ്ങൾ ഈ പ്രതിഷേധ പ്രക്ഷോഭത്തിൽ ആവേശപൂർവം അണിനിരന്നത്‌.

ഒക്ടോബർ 25 മുതൽ പ്രതിഷേധപ്രക്ഷോഭങ്ങൾ ശക്തികൂട്ടാൻ തീരുമാനിച്ചത്‌ നാഷണൽ യൂണിയൻ ഓഫ്‌ വർക്കേള്‌സ്‌ ഓഫ്‌ കൺസ്‌ട്രക്‌ഷൻ ആന്റ്‌ സിമിലർ ഇൻഡസ്‌ട്രീസാണ്‌ (SUNTRACS). ആ സംഘടനയുടെ ജനറൽ സെക്രട്ടറി സോൾ മെൻസെസ്‌ പറയുന്നത്‌, ’’രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്‌… വിഭവങ്ങൾ കൊള്ളയടിക്കുന്നതിനായി പരിസ്ഥിതിനാശം വരുത്തുന്നതിന്‌ സഹായകരമായ രാജ്യത്തിന്റെ സ്വയംനിർണയാ വകാശം അടിയറവെക്കുന്ന ഒരു കരാറിന്റെ പശ്ചാത്തലത്തിലാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയിരുക്കുന്നത്‌’’ എന്നാണ്‌.

ഇപ്പോൾ പാർലമെന്റ്‌ പാസാക്കി പ്രാബല്യത്തിൽ വന്ന നിയമം 406 പ്രകാരം കോബ്രെ പനാമ ഖനിയിൽ 20 വർഷത്തേക്കാണ്‌ എഫ്ക്യുഎം കമ്പനിക്ക്‌ ഖനനത്തിന്‌ ഇളവുകൾ അനുവദിച്ചിരിക്കുന്നത്‌; വീണ്ടും 20 വർഷത്തേക്കു കൂടി ഇത്‌ നീട്ടാവുന്നതുമാണ്‌. ഈ ഖനി സ്ഥിതിചെയ്യുന്നത്‌ കരീബിയൻ തീരത്തോട്‌ ചേർന്നുകിടക്കുന്ന പനാമ വനത്തിലാണ്; പനാമ സിറ്റിയിൽനിന്ന്‌ ഇവിടേയ്‌ക്ക്‌ 300 കിലോമീറ്റർ പോലും ദൂരമില്ല. ഈ തുറന്ന ഖനി (Open pit mining) കാടിനെയും കടലിനെയും നഗരത്തെയും ഒരേപോലെ ദോഷകരമായി ബാധിക്കുമെന്നതിനാലും ഈ കരാർ രാജ്യത്തിന്റെ ഖജനാവിൽ വരേണ്ട തുകയിൽ ഗണ്യമായ ഭാഗം സ്വകാര്യ ബഹുരാഷ്‌ട്ര കമ്പനിക്ക്‌ വിട്ടുകൊടുക്കുന്നതിനാലും ഇതിനു പിന്നിൽ വലിയ അഴിമതി ഉണ്ടെത്തതിനാലുമാണ്‌ ജനങ്ങൾ ഇതിനെ എതിർക്കുന്നത്‌.

ഇത്തരമൊരു നിയമം കൊണ്ടുവന്നത്‌, 2037 വരെ മിനേറ പനാമയ്‌ക്ക്‌ ഖനന ഇളവുകൾ അനുവദിച്ചത്‌ ഭരണഘടനാ വിരുദ്ധമാണെന്ന കീഴ്‌ക്കോടതി വിധിയെ പനാമ സുപ്രീംകോടതി 2021ൽ വിധിച്ചതിനെത്തുടർന്നാണ്‌ 1997ൽ തന്നെ കോബ്രെ പനാമ ഖനിയിൽ ഖനനത്തിന്‌ ഇളവുകൾ നൽകുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സുപ്രീംകോടതി വിധിച്ചിട്ടും അത്‌ അവഗണിച്ചാണ്‌ 2019 മുതൽ മിനേറ പനാമ (എഫ്‌ക്യുഎമ്മിന്റെ സബ്‌സിഡിയറി) വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്തുന്നത്‌. ഖനനത്തിനുള്ള റോയൽറ്റിയായി പ്രതിവർഷം 37.5 കോടി ഡോളർ രാജ്യത്തിന്‌ ലഭിക്കേണ്ടതാണ്‌. 2021ൽ എഫ്‌ക്യുഎം പനാമ സർക്കാരിന്‌ 6.1 കോടി ഡോളർ മാത്രമാണ്‌ റോയൽറ്റിയായി നൽകിയത്‌. കോബ്രെ പനാമ ഖനിയിൽനിന്നുള്ള ചെമ്പിന്റെ വിൽപനയിൽനിന്ന്‌ കമ്പനിക്ക്‌ ലഭിച്ച 320 കോടി ഡോളറിന്റെ രണ്ട്‌ ശതമാനംപോലും വരില്ല ഈ തുക. ഇപ്പോൾ ജനകീയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്‌ ലാഭത്തിന്റെ 12 ശതമാനമെങ്കിലുമായി റോയൽറ്റി ഉയർത്തണമെന്നാണ്‌ ഗവൺമെന്റ്‌ കമ്പനിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ്‌ മൈനിങ്‌.കോം ഇന്റർനെറ്റ്‌ മാഗസിൽ റിപ്പോർട്ട്‌ ചെയ്‌തിരിക്കുന്നത്‌. എന്നാൽ ലാഭത്തിന്റെ 5 ശതമാനത്തിനപ്പുറം റോയൽറ്റി നൽകാൻ കമ്പനി തയ്യാറല്ല.

കോബ്രെ പനാമയിൽ 310 കോടി ടൺ ചെമ്പ്‌ നിക്ഷേപമുള്ളതായാണ്‌ കണക്കാക്കപ്പെടുന്നത്‌. ലോകത്താകെയുള്ള ചെമ്പ്‌ നിക്ഷേപത്തിന്റെ ഒരു ശതമാനത്തിലധികമാണിത്‌. പനാമയുടെ സമ്പദ്‌ഘടനയുടെ 5 ശതമാനത്തോളം കോബ്രെ പനാമയിലൂടെ വരുമെന്നും കണക്കാക്കപ്പെടുന്നു. അതാണ്‌ തുച്ഛവിലയ്‌ക്ക്‌ കാനഡ ആസ്ഥാനമായ ബഹുരാഷ്‌ട്ര കമ്പനിക്ക്‌ തുച്ഛവിലയ്‌ക്ക്‌ കൈമാറാൻ 2024 മെയ്‌ മാസം കാലാവധി അവസാനിക്കുന്ന ഗവൺമെന്റും പാർലമെന്റും തീരുമാനിക്കുന്നത്‌. രാജ്യത്തിന്‌ വൻ സാമ്പത്തികനഷ്ടമെന്നു മാത്രമല്ല, പരിസ്ഥിതി സംരക്ഷണ നിയമങ്ങളൊന്നും പാലിക്കാതെയാണ്‌ ഇപ്പോൾ ഖനനം നടക്കുന്നത്‌.

പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങൾ ഇന്റർ അമേരിക്കൻ ഹൈവേ ഉൾപ്പെടെ ഉപരോധിച്ചിരിക്കുകയാണ്‌; ഹൈവേയിലേക്കും ഖനിയിലേക്കുള്ള പാതയിലും പലേടത്തും കിടങ്ങുകൾ കുഴിച്ചാണ്‌ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്‌. രാജ്യത്തെയാകെ സ്‌തംഭിപ്പിക്കുന്ന 3 ദിവസത്തെ പൊതുപണിമുടക്കും ഈ കൊള്ളയ്‌ക്കെതിരെ നടന്നു. ഇനി സ്വകാര്യ കമ്പനികൾക്ക്‌ ഖനികൾ നൽകുന്നത്‌ നിർത്തിവെയ്‌ക്കാമെന്നാണ്‌ പനാമ ഗവൺമെന്റ്‌ ഇപ്പോൾ പറയുന്നത്‌. ഇപ്പോൾ നിലനിലുള്ള ഖനികൾക്കുമേലും നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന പ്രസിഡന്റ്‌ കോർട്ടിസൊയുടെ പ്രഖ്യാപനത്തെയും ജനങ്ങൾ ഗൗരവത്തിലെടുത്തിട്ടില്ല. ജനഹിത പരിശോധന നടത്താമെന്നും ജനരോഷത്തെ തണുപ്പിക്കാൻ പ്രസിഡന്റ്‌ പറയുന്നുണ്ട്‌. ഡോക്ടർമാർ, അധ്യാപകർ, എഞ്ചിനിയർമാർ തുടങ്ങി പ്രൊഫഷണലുകളും ജീവനക്കാരുമുൾപ്പെടെയാണ്‌, രാജ്യത്തെ നക്കാപ്പിച്ചയ്‌ക്ക്‌ വിൽക്കാനുള്ള സർക്കാർ നടപടിക്കെതിരെ മൂന്ന്‌ ദിവസത്തെ പണിമുടക്കുൾപ്പെടെ പ്രതിഷേധങ്ങളിൽ അണിനിരന്നത്‌. കരാർ റദ്ദുചെയ്‌താൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന ഉറച്ച നിലപാടിലാണ്‌ സംഘടനകൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

17 − 11 =

Most Popular