ഗാസയിൽ നടക്കുന്നത് സമ്പൂർണ വംശഹത്യയാന്നെ് ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിക്കുകയും ഉടൻ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് ഇസ്രയേൽ ഭീകര ഭരണകൂടം ആക്രമണം തുടരുകയാണ്. അക്ഷരാർഥത്തിൽ തന്നെ നാലുപാടുംവളഞ്ഞിട്ട് കര‐വ്യോമാക്രമണത്തിലൂടെ കുട്ടികളും സ്‌ത്രീകളും വൃദ്ധരുമുൾപ്പെടെ സാധാരണ മനുഷ്യരെയാകെ കൊന്നൊടുക്കുകയാണ്. ഇതിനകം 9,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്; ഇതിൽ പകുതിയോളം കുട്ടികളാണ്. ഗാസ നിവാസികളാകെ ഈജിപ്‌തിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറണമെന്ന തീട്ടൂരവും ഇസ്രയേലിലെ സിയോണിസ്റ്റ് ഭീകരർ പുറപ്പെടുവിച്ചുകഴിഞ്ഞു.
അമേരിക്കയിലും ഇസ്രയേലിലുമുൾപ്പെടെയുള്ള മനുഷ്യർ ക്രൂരമായ, മനുഷ്യത്വരഹിതമായ ഈ ആക്രമണത്തിനെതിരെ വമ്പൻ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയാണ്. ഇസ്രയേൽ പാർലമെന്റിനുള്ളിൽ തന്നെ ഈ വംശഹത്യക്കെതിരെ ഇടതുപക്ഷ മതനിരപേക്ഷ അംഗങ്ങൾ പ്രതിഷേധമുയർത്തി. ഇവരെയാകെ ഉരുക്കുമുഷ്ടികൊണ്ടാണ് ഭീകര ഭരണകൂടം നേരിടുന്നത്. ഏത് സാഹചര്യത്തിലും അമേരിക്കൻ സാമ്രാജ്യത്വവും കൂട്ടാളികളും കൂടെ നിൽക്കുമെന്ന ഹുങ്കാണ് ഇസ്രയേലിലെ നെതന്യാഹുവിനും കൂട്ടർക്കുമുള്ളത്. ഏറ്റവും ഒടുവിൽ ഇസ്രയേൽ സന്ദർശിച്ച അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തന്നെ അത്തരമൊരു ഉറപ്പാണ് നെതന്യാഹുവിന് നൽകിയത്. അമേരിക്കയിൽ ഉൾപ്പെടെ ലോക പൊതുജനാഭിപ്രായം ഈ ആക്രമണത്തിനെതിരെ ഉയരുമ്പോഴും പേരിന് വെടിനിർത്തൽ വേണമെന്ന് അമേരിക്ക അധരവ്യായാമത്തിൽ ഏർപ്പെടുമ്പോഴും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ യഥാർഥ സമീപനം ഇതാണ്.
ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം വെടിനിർത്തൽ ആവശ്യപ്പെട്ടും സമാധാനത്തിനുവേണ്ടിയും ജനങ്ങൾ നിത്യേന തെരുവിലിറങ്ങുകയാണ്. ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ രാജവാഴ്‌ച ഇസ്രയേലുമായി സുഹൃദ്‌ബന്ധം തുടരുമ്പോഴും ജനങ്ങൾ ഒന്നടങ്കം പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങുകയാണ്. ആക്രമണമാരംഭിച്ച ഒക്ടോബർ 7 മുതൽ മൊറോക്കൻ ജനത നിത്യവും പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നു. ലക്ഷക്കണക്കിനാളുകളാണ് മൊറോക്കൻ തലസ്ഥാനമായ റബാത്തിലും മറ്റു നഗരങ്ങളിലും നിത്യേന അണിനിരക്കുന്നത്. പലസ്‌തീനിൽ വംശഹത്യ നടത്തുന്ന ഇസ്രയേലിലെ ഭീകര ഭരണകൂടവുമായുള്ള നയതന്ത്രബന്ധം മൊറോക്കോ വിച്ഛേദിക്കണമെന്നതാണ് ജനങ്ങളുടെ മുഖ്യ ആവശ്യങ്ങളിലൊന്ന്. റബാത്തിലെ ഇസ്രയേൽ എംബസിക്കു മുന്നിൽ പ്ലക്കാർഡുകളും പലസ്‌തീൻ പതാകയുമേന്തി പ്രകടനങ്ങളിൽ അണിനിരക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, ജനക്കൂട്ടത്തെ അടിച്ചമർത്താൻ പോലുമാകാതെ മൊറോക്കോയിലെ സ്വേച്ഛാധിപത്യ ഭരണം നിൽക്കുമ്പോൾ ഗത്യന്തരമില്ലാതെ ഇസ്രയേൽ എംബസി അടച്ചുപൂട്ടാനും അംബാസിഡറെ തിരിച്ചുവിളിക്കാനും നിർബന്ധിതമായി.
പലസ്‌തീൻ പ്രശ്‌നം തങ്ങളുടെ തന്നെ ദേശീയ പ്രശ്‌നമായാണ് മൊറോക്കോയിലെ ജനത കാണുന്നത്. അതുകൊണ്ടാണ് റാബത്തിലെ ഇസ്രയേൽ എംബസി അടച്ചുപൂട്ടണമെന്ന ആവശ്യം അവർ ഉയർത്തുന്നത്. മൊറോക്കോയിലെ സർവകലാശാലകളിലെ വിദ്യാർഥികളും അധ്യാപകരുമൊന്നടങ്കം പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രക്ഷോഭത്തിലാണ്. ഇസ്രയേലുമായുള്ള സാംസ്‌കാരികവും അക്കാദമികവുമായ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നാണ് വിദ്യാർഥികളും അധ്യാപകരും ആവശ്യപ്പെടുന്നത്. ‘‘ഗാസ ആത്മാഭിമാനത്തിന്റെ പ്രതീകം’’, ‘‘ഹമാസല്ല, ഇസ്രയേലി സിയോണിസ്റ്റുകളാണ് ഭീകരർ’’ എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമേന്തിയാണ് വിവിധ വിഭാഗം മൊറോക്കോക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്. ♦