Tuesday, February 27, 2024

ad

Homeസംസ്ഥാനങ്ങളിലൂടെകയ്‌പുനീർ പടരുന്ന കരിമ്പിൻപാടങ്ങൾ

കയ്‌പുനീർ പടരുന്ന കരിമ്പിൻപാടങ്ങൾ

കെ ആർ മായ

രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് മഹാരാഷ്ട്രയിലെ ബീഡ്. കുടിയേറ്റത്തൊഴിലാളികളും ചെറുകിട കൃഷിക്കാരും കരിമ്പുവെട്ടുതൊഴിലാളികളുമാണ് ഇവിടെയേറെയും. അവരുടെ ഒരു വർഷത്തെ വരുമാനമെന്നത്‌ ഏതാനും മാസങ്ങൾ മാത്രമുള്ള (സീസണൽ) ഈ തൊഴിലിൽ നിന്നു മാത്രമുള്ളതാണ്. കഠിനമായ ജോലികൾ സ്‌ത്രീതൊഴിലാളികളെ ശാരീരികമായി തകർക്കുകയും അവർ നിരന്തരം ചികിത്സതേടേണ്ട അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. ബീഡ് ദില്ലയിലെ കരിമ്പിൻപാടത്തു പണിയെടുക്കുന്ന സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. പ്രത്യേകിച്ച് ആർത്തവമുള്ള സ്ത്രീകളുടെ അവസ്ഥ. കരിമ്പിന്റെ കാഠിന്യംപോലെതന്നെ അവരുടെ നിത്യജീവിതവും.

ഏതാനും വർഷങ്ങൾക്കുമുമ്പ് മഹാരാഷ്ട്രയിൽ കരിമ്പിൻ കൃഷിയുള്ള പ്രദേശങ്ങളിൽ സ്ത്രീകൾ കൂട്ടത്തോടെ ഗർഭപാത്രം നീക്കം ചെയ്തതിനെപ്പറ്റിയുള്ള വാർത്തകൾ വന്നിരുന്നു. അപ്പോഴാണ്, കരിമ്പുപാടത്ത് പണിയെടുക്കുന്ന സ്ത്രീകളാണ് ഇങ്ങനെ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്‌ട്രെക്ടമി) വിധേയമാവുന്നതെന്ന ഞെട്ടിക്കുന്ന വിവിരം പുറത്തുവന്നത്. ഇതൊരു അലിഖിത (നികൃഷ്ട) സമ്പ്രദായമായി അവിടെ നിലനിൽക്കുന്നുണ്ട്, കാലങ്ങളായി.

വർഷത്തിൽ തുച്ഛമായ കാലയളവിൽ മാത്രം കിട്ടുന്ന ജോലിക്ക് മാസമുറ ഒരു തടസ്സമായി സ്ത്രീകൾക്ക് മാറുന്നു. രാവിലെ പണിക്കു കയറിയാൽ വിശ്രമമില്ലാത്ത ജോലിയാണ്. ആർത്തവകാലത്ത് ഉപയോഗിക്കാൻ സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്തതുമൂലം രക്തസ്രാവം മറച്ചുവെക്കാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നു. മറ്റൊന്ന് തുടർച്ചയായ ജോലിക്കിടയിൽ ഇടയ്ക്കിടെ ശുചിമുറിയിൽ പോകാൻ സമയമോ സൗകര്യമോ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ഒരു പഠനത്തിൽ മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിൽ 15നും 24നുമിടയ്ക്ക് പ്രായമുള്ളവരിൽ 52.4 ശതമാനത്തിനുമാത്രമേ ആർത്തവകാല ശുചിത്വരീതികൾ പ്രാപ്യമായിട്ടുള്ളൂ എന്നാണ്.

വർഷത്തിൽ 6 മാസംമാത്രം ലഭിക്കുന്ന തൊഴിൽ- ഏകവരുമാനം- ഈയൊരു കാരണത്താൽ ഇല്ലാതാക്കാൻ കഴിയാത്ത, കുടുംബം പോറ്റാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തവരാണ് ഈ പാവപ്പെട്ട സ്ത്രീകൾ. അവരെ സംബന്ധിച്ച് ഓരോ ദിവസത്തെ ജോലിയും പ്രധാനമാണ്. കരാർ പണി ആയതിനാൽ അവധിക്ക് പിഴ ഈടാക്കുന്ന സമ്പ്രദായവുമുണ്ട്. ഇതെല്ലാമാണ് സ്ത്രീകളെ ഗർഭപാത്രമേ വേണ്ട എന്ന തീരുമാനത്തിലെത്താൻ പ്രേരിപ്പിക്കുന്നത്. അതിപ്പോൾ സർവസാധാരണമായിത്തീർന്നിരിക്കുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം, ജീവിക്കാനുള്ള അവകാശത്തിൽ അന്തർലീനമായിട്ടുള്ള ഘടകമാണ് മെച്ചപ്പെട്ട ആരോഗ്യത്തിനുള്ള അവകാശം. ജീവിതത്തെ അതിന്റെ എല്ലാ വൈവിധ്യമാർന്ന ഘടകങ്ങളോടുംകൂടി ആസ്വദിക്കാനും കഴിയുന്നതായിരിക്കണം. അതിനു ശക്തമായ ആരോഗ്യഅടിത്തറയുണ്ടാകണം. നിർബന്ധിതമോ പൂർണമായ സമ്മതമോ ഇല്ലാതെ നടത്തുന്ന അനാവശ്യമായി ഗർഭാശയം നീക്കം ചെയ്യൽ സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. അതിനെ ഗൗരവമായിത്തന്നെ കാണേണ്ടതുണ്ട്. ചില പ്രത്യേക ജോലികൾ നിർവഹിക്കാൻ ആർത്തവദിനങ്ങൾ തടസ്സമാകുമെങ്കിൽ വേതനത്തോടുകൂടിയ അവധി നൽകാൻ നിയമമുണ്ടാകണം. എന്നാൽ അധികാരത്തിലേറുന്ന സർക്കാരുകളെല്ലാം കാലങ്ങളായി ഇവയെല്ലാം പാടെ അവഗണിക്കുകയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 − three =

Most Popular