Wednesday, October 9, 2024

ad

Homeസംസ്ഥാനങ്ങളിലൂടെഉൽസവങ്ങൾ മതനിരപേക്ഷ ഇടങ്ങളാകുമ്പോൾ

ഉൽസവങ്ങൾ മതനിരപേക്ഷ ഇടങ്ങളാകുമ്പോൾ

ഷുവജിത് സർക്കാർ

ശ്ചിമബംഗാളിലെ പ്രസിദ്ധമായ ഉൽസവമാണ് ശരത് ഉൽസവ് എന്നും അറിയപ്പെടുന്ന ദുർഗ്ഗാപൂജ. സാർവത്രികമായി ആഘോഷിക്കപ്പെടുന്ന ഈ ഉൽസവം മതപരമായ അതിരുകളെല്ലാം തർക്കുന്ന ഒരു സാമൂഹ്യമായ ഉൽസവമായി ഇന്ന് മാറിയിരിക്കുന്നു. സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള ജനങ്ങൾക്ക് അവരുടെ ഉറ്റരവരുമായും പ്രിയപ്പെട്ടവരുമായും കുടുംബങ്ങളുമായും ഒത്തുചേരാനുള്ള ഒരു അവസരമായാണ് ഈ ആഘോഷവേളയെ കണക്കാക്കുന്നത്. ഇംഗ്ലീഷ് കലണ്ടറിലെ ശരത്കാലത്തിന്റെ പര്യായമായ, ബംഗാളി കലണ്ടറിലെ ശരത് എന്ന മാസത്തിലാണ് ഈ ഉൽസവം എന്നതിനാലാണ് ഇതിനെ ശരത് ഉൽസവ് എന്നും വിളിക്കുന്നത്. കാലങ്ങളായി സിപിഐഎമ്മും ഇടതുപാർടികളും പൂജനടക്കുന്ന പന്തലിനുപുറത്ത് ബുക്ക് സ്റ്റാളുകൾ സംഘടിപ്പിക്കാറുണ്ട്. അവിടെ ഒരുക്കിയിട്ടുള്ള വിവിധ പന്തലുകൾ കാണാനും ആസ്വദിക്കാനും ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരാറുള്ളത്.

എല്ലാവർഷവും സിപിഐ എമ്മും ഇടതുപക്ഷവും സ്റ്റാളുകൾ സംഘടിപ്പിക്കാറുണ്ട്. മാർക്സിസ്റ്റ് സാഹിത്യം സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ദുർഗാപൂജയുടെ വേളയിൽ ഇങ്ങനെ സ്റ്റാളുകൾ സന്ദർശിക്കുന്നതും പുസ്തകം വാങ്ങുന്നതും ആളുകൾക്ക് ഒരു ശീലമായി മാറിയിരിക്കുന്നു. 2011 നുശേഷം, തൃണമൂൽ അധികാരത്തിലേറിയ ശേഷം, മമത സർക്കാർ ഇത്തരം സ്റ്റാളുകൾ നിർത്താൻ പദ്ധതിയിട്ടിരുന്നു. പലയിടങ്ങളിലും തൃണമൂൽ ഗുണ്ടകൾ സ്റ്റാളുകക്ഷ ആക്രമിച്ചെങ്കിലും സാധാരണക്കാരുടെ പിന്തുണയോടെ അവ പുനഃസ്ഥാപിച്ചു. ഇത്തരത്തിലുള്ള, ഇടതുപക്ഷപുസ്തക സ്റ്റാളുകൾ ബംഗാളിലെ ദുർഗ്ഗാപൂജ ഉൽസവത്തിന്റെ അവിഭാജ്യ ഭാഗമാണ്.

സിപിഐ എമ്മിന്റെ മുഖപത്രമായ ഗണശക്തിയും മറ്റ് ഇടതുപക്ഷ ബഹുജനസംഘടനകളുടെ പ്രസാധകരും ചേർന്ന് ശരത് പത്രിക എന്നപേരിൽ ഉൽസവത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പ് പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ പ്രത്യേക പതിപ്പിനോട് സാധാരണക്കാർക്ക് പ്രത്യേകതാൽപര്യമുണ്ട്. സംസ്ഥാനമൊട്ടുക്ക് അങ്ങനയൊരു താൽപര്യം കാണുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിപിഐ എമ്മിന്റെ ചില ബുക്ക്സ്റ്റാളുകളിൽ ഒരു ലക്ഷത്തിലേറെ തുകയുടെ റെക്കോർഡ് വിൽപനയാണ് നടക്കുന്നത്. ഈ പ്രത്യേകത നഗര പട്ടണപ്രദേശങ്ങളിലെല്ലാമുണ്ട്. ഗ്രാമപ്രദേശങ്ങളിൽ സ്റ്റാളുകൾ സാധാരണയായി ആളുകൾക്കു വന്നു വിശ്രമിക്കാനും വെള്ളം കുടിക്കാനും ഒത്തൊരുമിച്ചിരുന്ന് സംസാരിക്കാനുമൊക്കെയുള്ള ഇടമായി മാറുന്നു. ബംഗാളിലെ മഹത്തായ ഉൽസവത്തിന്റെ പ്രതീകമാണ് ഈ ബുക്ക്സ്റ്റാളുകൾ; അവ ഐക്യപ്പെടലിന്റെ ഇടംകൂടിയാണ്. ഈ ഉത്സവത്തെ ദുർഗ്ഗാപൂജയിൽ മാത്രമായി ഒതുക്കാനാവില്ല. കാരണം ഇത് മതപരമായ ആഘോഷമെന്നതിനെക്കാൾ സാമൂഹ്യമായ, മതഭേദമന്യേ എല്ലാ ആളുകളും ആഘോഷിക്കുന്ന ഉൽസവമാണ്. മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിലുംപെട്ടവർക്കും ഒരുപോലെ ആസ്വാദ്യകരവും വിനോദപ്രദായകവുമാണ് ഈ ഉൽസവം.

സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തപ്പോൾത്തന്നെ തൃണമൂലിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തി തടയാൻ ശ്രമിക്കുകയുണ്ടായി. കൊൽക്കത്തയിലെ ദെലിയഘാട്ട, നോർത്ത് 24 പർഗാനാസിലെ ദത്തപുക്കൂർ എന്നിവിടങ്ങളിൽ ഇത്തരത്തിൽ ശ്രമങ്ങളുണ്ടായി. എന്നാൽ തൃണമൂൽ ഗുണ്ടകൾക്ക് സിപിഐ എമ്മിനെയും അതിന്റെ യുവജനസംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐ യെയും സ്റ്റാളുകൾ സ്ഥാപിക്കുന്നതിൽനിന്ന്‌ തടയാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം സിപിഐഎം നേതാക്കളെയും പ്രശസ്ത ചലച്ചിത്ര സംവിധായകൻ കമലേശ്വർ മുഖർജിയെയും മുഖ്യമന്ത്രിയുടെ വസതിയായ കാളിഘട്ടിന് സമീപമുള്ള ഒരു ബുക്ക് സ്റ്റാളിൽ നിന്നും അറസ്റ്റു ചെയ്യുകയുണ്ടായി. സർക്കാരിന്റെ അഴിമതിയെ തുറന്നു കാട്ടുന്ന പുസ്തകങ്ങൾ വിറ്റു എന്നതായിരുന്നു അറസ്റ്റിന്റെ കാരണമായി പറഞ്ഞത്. പിന്നീട് പൊലീസിന് അവരെ വിട്ടയയ്ക്കേണ്ടതായി വന്നു. ഈ സംഭവം സാധാരണക്കാരുടെയും വിമർശനത്തിനു വിധേയമായിരുന്നു. ഇതിൽ നിന്നും ആവേശമുൾക്കൊണ്ട് ഈ വർഷം സിപിഐ എം കൂടുതൽ സ്റ്റാളുകൾ സ്ഥാപിക്കുകയുണ്ടായി.

മതനിരപേക്ഷ സമൂഹനിർമ്മിതിയ്ക്ക് ബംഗാളിലെ സിപിഐ എമ്മും ഇടതുപക്ഷവും മുന്നോട്ടുവെക്കുന്ന അനുകരണീയമായ ഈ മാതൃക ഇനിയും തുടർന്നങ്ങോട്ട് നിലനിർത്തുകതന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × one =

Most Popular