2023 സെപ്തംബർ 29ന് മദ്രാസ് ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പ്രസ്താവിച്ചു. തമിഴ്നാട്ടിലെ വാച്ചാത്തി എന്ന പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയായിരുന്നു അത്. ഈ കോടതി വിധി ഈ മനുഷ്യരുടെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. അത് മനുഷ്യരെന്ന നിലയിലുള്ള അവരുടെ അന്തസ്സുയർത്തിപ്പിടിക്കുന്നതാണ്. തമിഴ് നാട്ടിലെ ധർമപുരി ജില്ലയിലെ വിദൂര ആദിവാസി ഗ്രാമമായ വാച്ചാത്തി സംഭവത്തിന്റെ ഒരു ഓർമപ്പെടുത്തൽ അനിവാര്യമാണ്.
ഭരണകൂടത്തിന്റെ ഒത്താശയോടെ അക്രമം
1992 ജൂൺ 20ന് യൂണിഫോം ധരിച്ച 300 ഓളം പൊലീസുകാർ കള്ളക്കടത്ത് ചന്ദനം കണ്ടെത്തിയതിന്റെ പേരു പറഞ്ഞ് വാച്ചാത്തി ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ടു. ഗർഭിണികളുക്ഷപ്പെടെ 18 സ്ത്രീകൾ ബലാൽസംഗത്തിനിരയായി. 90 സ്ത്രീകളെയും 28 കുട്ടികളെയും 15 പുരുഷന്മാരെയും ഫോറസ്റ്റ് ഓഫീസിൽ അനധികൃതമായി തടങ്കലിൽ വച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗ്രാമീണരെ സേലത്തെ സെൻട്രൽ ജിലിലടച്ചു. ഉദ്യോഗസ്ഥർ കൊള്ളയും അക്രമവും തുടർന്നു. ഗ്രാമവാസികളെ വനങ്ങളിലേക്ക് അടിച്ചോടിച്ചു. 1992 ജൂലൈയിൽ തമിഴ്നാട് ട്രൈബൽസ് അസോസിയേഷന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും അംഗങ്ങൾ സ്ഥലം സന്ദർശിച്ചശേഷം, അന്ന് സിപിഐ എം സംസ്ഥാനം സെക്രട്ടറിയായിരുന്ന എ നല്ലശിവൻ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തെഴുതി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് വനംവകുപ്പുമന്ത്രി കെ എ സെങ്കോട്ടയ്യൻ പറഞ്ഞത്. ജില്ലാ കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ. പൊലീസ് സൂപ്രണ്ട്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ എന്നിവർക്ക് നിവേദനം നൽകിയിട്ടും സർക്കാർ നടപടിയെടുക്കാൻ തയാറായില്ല. ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ഡയറക്ടറായിരുന്ന മുൻ ഐഎഎസ് ഓഫീസർ ഭാവതി മാത്രമാണ് തന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കി ദേശീയ പട്ടികജാതി/ പട്ടികവർഗ കമ്മീഷന് അയച്ച ഏക ഓഫീസർ. എന്നാൽ അപ്പോഴും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.
സിപിഐ എം സംസ്ഥാന സെക്രട്ടറി നൽകിയ പൊതുതാൽപര്യഹർജി അഡ്വക്കറ്റ് ജനറൽ മുഖേന സർക്കാർ ശക്തമായി എതിർത്തു. 1995ൽ സംസ്ഥാന സർക്കാരിന്റെ നിലപാട് തള്ളാൻ ഹൈക്കോടതി ഭാമതിയുടെ റിപ്പോർട്ടിനെയാണ് ആശ്രയിച്ചത്. അവിടത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറുകയും കേസ് സിബിഐ അന്വേഷിക്കുകയും ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.
എന്നാൽ തുടർന്ന് നീണ്ട 28 വർഷം നീതിക്കായി കാത്തിരിക്കേണ്ടിവന്നു. ഇതിനുള്ള കാരണം കോടതിയുടെ നിരീക്ഷണത്തിൽ നിന്നുതന്നെ വ്യക്തമാണ്. “യൂണിഫോമണിഞ്ഞ ഉദ്യോഗസ്ഥർ നടത്തിയ ലൈംഗികാതിക്രമം അതുകൊണ്ടുതന്നെ പുറത്തുപറയരുതെന്നും അങ്ങനെ പറഞ്ഞാൽ ഇരയാക്കപ്പെട്ടവരെയോ അവരുെ കുടുംബാംഗങ്ങളെയോ കൊന്നുകളയുമെന്നും ഈ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി.”
ക്രിമിനൽ നീതിന്യായ വ്യാവസ്ഥയിൽ ഉണ്ടായ ഗുരുതരമായ വീഴ്ചമൂലം വിചാരണ അനിശ്ചിതമായി നീണ്ടുപോയതാണ് നീതി ലഭിക്കാൻ ഇത്രയും കാലതാമസമെടുത്തത്. അക്രമങ്ങൾക്ക് വിധേയരായവർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ബലാൽസംഗത്തിനിരയാക്കപ്പെട്ട് അതിജീവിച്ചവർക്ക് ജോലി സർക്കാർ ഉറപ്പാക്കണമെന്നും കോടതി വിധിച്ചു. അന്നത്തെ ജില്ലാ കളക്ടർ, പൊലീസ് സൂപ്രണ്ട്, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവർക്കെതിരെ കർശന നടപടിക്കും നിർദേശം നൽകിയിട്ടുണ്ട്. ബലാൽസംഗത്തിനിരയാക്കപ്പെട്ടവരുടെ വിചാരണയുടെ ഘട്ടത്തിലുടനീളം പാലിക്കപ്പെടേണ്ട നിബന്ധനകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. വിചാരണവേളയിൽ കഠിനമായ ക്രോസ് വിസ്താരങ്ങൾ നടന്നു. അവരുടെ ഐഡന്റിറ്റി വെളുപ്പെടുത്തപ്പെട്ടു. ഇത് നിർഭയ കേസിൽ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ല എന്ന 2013ലെ ക്രിമിനൽ ഭേദഗതി നിയമത്തിന്റെ ലംഘനമാണ്. ഇവിടെ ഇരയാക്കപ്പെട്ടത് ദളിത് വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളും ഉത്തരവാദികൾ ഭരണകൂടത്തിന്റെ ആളുകളുമായതുകൊണ്ടാണ് ഇതെല്ലാം ലംഘിക്കപ്പെട്ടത്. യഥാർഥത്തിൽ വാച്ചാത്തിയിലെ ഈ സ്ത്രീകളാണ് ഈ വിജയഗാഥയിലെ ധീരരായ പോരാളികൾ. ♦