Saturday, July 27, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്കമ്പോളങ്ങൾക്കായി അരങ്ങേറിയ യുദ്ധങ്ങൾ

കമ്പോളങ്ങൾക്കായി അരങ്ങേറിയ യുദ്ധങ്ങൾ

കെ എസ്‌ രഞ്‌ജിത്ത്‌

പുതിയ വിപണികൾ കണ്ടെത്താനും നിലവിലുള്ള കമ്പോളങ്ങളിൽ ആധിപത്യമുറപ്പിക്കാനും വേണ്ടി എണ്ണമറ്റ യുദ്ധങ്ങളും സംഘർഷങ്ങളുമാണ് ലോകത്തിന്റെ വിവിധ കോണുകളിൽ സാമ്രാജ്യത്വം നടത്തിയിരുന്നത്. സാമ്രാജ്യത്വം അന്ന് വിതച്ച സംഘർഷങ്ങളുടെ വിത്തുകളാണ് ഇന്നും പല ആഗോള യുദ്ധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണം. പത്തൊൻപതാം നൂറ്റാണ്ടിൽ ചൈനയ്ക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ കറുപ്പ് യുദ്ധങ്ങൾ ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. പോപ്പിച്ചെടികളിൽ നിന്നുമുണ്ടാകുന്ന ഒരു തരം മയക്കുമരുന്നാണ് കറുപ്പ്. ചൈനീസ് ജനതയിൽ ഇതിന്റെ ഉപയോഗം സൃഷ്ടിച്ച ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധ്യം വന്ന ചൈനീസ് ഭരണകൂടം ഇതിന്റെ ഇറക്കുമതിയും വില്പനയും വിലക്കിയതിനെതിരെ ആയിരുന്നു ‘സ്വതന്ത്ര വ്യാപാരത്തിന്റെ’ പേരിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ചൈനയ്ക്കെതിരെ യുദ്ധം നടത്തിയത്. അന്ന് ചൈനയിൽനിന്ന് പിടിച്ചെടുത്ത പ്രവിശ്യയായിരുന്നു ഹോങ്കോങ്. അത് വീണ്ടും ചൈനയ്ക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങളിലുമൊന്നും ആരും പഴയ നിർബന്ധിത മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ചും അതിന്റെ പേരിൽ നടത്തിയ യുദ്ധങ്ങളെക്കുറിച്ചും സംസാരിക്കുന്നത് തന്നെ കേൾക്കാറില്ല.

ചൈനയ്ക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വം നേരിട്ട് നടത്തിയതായിരുന്നു 1839ലെ ആദ്യത്തെ കറുപ്പ് യുദ്ധം. 1856ലെ രണ്ടാമത്തെ കറുപ്പ് യുദ്ധത്തിൽ ഫ്രാൻസും പങ്കാളികളായി. രണ്ടിലും ചൈന പരാജിതരായി. തുടർന്ന് തുറമുഖങ്ങൾക്ക് മേലുള്ള നിയന്ത്രണം വിദേശശക്തികൾക്ക് അടിയറ വെയ്ക്കുകയും, വിദേശികൾക്ക് ഈ തുറമുഖങ്ങൾ ഉപയോഗിച്ച് കച്ചവടം നടത്താൻ പ്രത്യേക അനുമതികൾ നൽകുകയും ഹോങ്കോങിന് നഷ്ടപ്പെടുകയും ചെയ്തു. കറുപ്പിന്റെ ഇറക്കുമതിയും വിൽപനയും ചൈനയിലെമ്പാടും വ്യാപകമാവുകയും ചെയ്തു.

ലോകം തങ്ങളുടെ കാൽക്കീഴിലാക്കാൻ സാമ്രാജ്യത്വശക്തികൾ കുതിച്ച കാഴ്ചയാണ് 19‐ാം നൂറ്റാണ്ടിൽ എവിടെ നോക്കിയാലും കാണാവുന്നത്. സൈനികശക്തിയും മൂലധനവും മതവുമെല്ലാം ഇതിനായി അണിനിരന്നു. വ്യാസായികവൽക്കരണത്തോടെ തങ്ങളുടെ ഉല്പന്നങ്ങൾക്ക് അന്തരാഷ്ട്ര കമ്പോളത്തിൽ മികവ് പുലർത്താം എന്ന് ഉറപ്പ് വന്നതോടെ സ്വതന്ത്ര വ്യാപാരത്തിന്റെ അപ്പോസ്തലന്മാരായി സാമ്രാജ്യത്വ രാഷ്ട്രങ്ങൾ മാറി. ആദ്യം കച്ചവടക്കാരായി വരികയും കച്ചവടതന്ത്രങ്ങൾ ഫലിക്കാത്തിടത്ത് സൈനികശക്തി പുറത്തെടുക്കുകയും ചെയ്യുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ നീക്കങ്ങളിൽ മിക്ക ഏഷ്യൻ രാജ്യങ്ങളും അടിയറവ് പറഞ്ഞു. ചൈന മാത്രം ഇത്തരത്തിൽ കോളനിവൽക്കരിക്കപ്പെട്ടില്ല . ഇതിന് നിരവധി കാരണങ്ങളുണ്ട്. ചെറിയ യൂറോപ്യൻ രാഷ്ട്രങ്ങളെ ഭീതിപ്പെടുത്താൻ പോന്ന വലുപ്പം ഓട്ടോമൻ സാമ്രാജ്യത്തെപ്പോലെ ചൈനീസ് ക്വിങ് സാമ്രാജ്യത്തിനുമുണ്ടായിരുന്നു. പൊതുവെ ഉദാരമായ കൺഫ്യൂഷ്യസ് ചിന്തകൾ വേരോടിയിരുന്ന ചൈന ശാസ്ത്രത്തോടും ആധുനികതയോടും മറ്റു പല രാഷ്ട്രങ്ങളെയുംപോലെ മുഖം തിരിച്ചു നിന്നിരുന്നുമില്ല. ചെറിയ രാജ്യങ്ങളിലെ രാജാക്കന്മാരുടെ ഭിന്നതകൾ സാമ്രാജ്യത്വ ശക്തികൾ മുതലെടുപ്പ് നടത്തിയ സാഹചര്യവും ചൈനയിൽ നിലനിന്നിരുന്നില്ല. ഏറെക്കുറെ ഏകശിലാത്മകമായ ചൈനയെ കീഴ്പ്പെടുത്തി ഭരിക്കാൻ യൂറോപ്യൻ ശക്തികൾ മടിച്ചിരുന്നത് ഇക്കരണത്തിലൊക്കെയാവാം. അതേസമയം വ്യവസായികാവൽക്കരണത്തിലും സൈനിക ശക്തിയിലും യൂറോപ്യൻ രാഷ്ട്രങ്ങളോട് കിടപിടിക്കാൻ പറ്റുന്ന നിലയിലായിരുന്നില്ല സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ചൈനയിലെ പുരാതനമായ ഭരണകൂട വ്യവസ്ഥ.

കറുപ്പ് യുദ്ധം നടക്കുന്നതിനു തൊട്ടുമുൻപുള്ള ദശകങ്ങളിൽ തെക്കൻ ചൈനയിലെ ഗ്വാങ്ഷോയായിരുന്നു വിദേശ വ്യാപാരത്തിന്റെ കേന്ദ്രം. ചൈനയും വിദേശ ശക്തികളുമായുള്ള വ്യാപാരങ്ങൾ നടന്നുവന്നിരുന്നത് കാന്റൺ വ്യവസ്ഥകൾക്കനുസൃതമായിട്ടുമായിരുന്നു. പല തരത്തിലുള്ള നിയന്ത്രണങ്ങൾ വിദേശ വ്യാപാരത്തിൽ ഏർപ്പെടുത്തുന്ന വ്യവസ്ഥയാണ് കാന്റൺ. 1757ൽ ക്വിങ് ചക്രവർത്തി വിദേശവ്യാപാരത്തിനുമേൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു, ഗ്വാങ്ഷോ തുറമുഖം വഴി മാത്രമേ വ്യാപാരങ്ങൾ പാടുള്ളൂ എന്നും അതും ലൈസൻസുള്ള ചൈനീസ് വ്യാപാരികൾ വഴി മാത്രമേ പാടുള്ളൂ എന്നും നിയമങ്ങൾ കൊണ്ടുവന്നു. ഇത് സ്വതന്ത്രമായ വിദേശവ്യാപാരത്തിന് തടസങ്ങൾ സൃഷ്ടിച്ചു. ഇതിനു മുൻപ് ബ്രിട്ടീഷുകാർ ചൈനയുമായി നടത്തി വന്നിരുന്ന വ്യാപാരത്തെ ഇത് ബാധിച്ചു. ഇന്ത്യയിൽ നിന്നും പരുത്തിയും, ബ്രിട്ടനിൽ നിന്നും വെള്ളിയും ചൈനയിലേക്ക് കൊണ്ടുവരികയും ചൈനയിൽ നിന്നുള്ള തേയിലയും സിൽക്ക് വസ്ത്രങ്ങളും കളിമൺ പാത്രങ്ങളും കൊണ്ടുപോവുകയുമാണ്‌ അതുവരെയും ബ്രിട്ടീഷുകാർ നടത്തി പോന്നിരുന്നത്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്നുള്ള കോട്ടൺ വ്യാപാരം നിലച്ചു. ഇത് ചൈനയുമായുള്ള ബ്രിട്ടീഷ് ഇടപാടിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചു. ഇതിനെ മറികടക്കാനാണ് ബ്രിട്ടീഷുകാർ കറുപ്പ് ചൈനയിലേക്ക് കൊണ്ടുവന്ന് കച്ചവടം ചെയ്യാൻ ശ്രമിച്ചത്. ബ്രിട്ടീഷ് അധീനതയിലുള്ള ബംഗാൾ പ്രവിശ്യയിൽ കൃഷി ചെയ്തിരുന്ന ഓപ്പിയം ചെടിയിൽ നിന്നുമാണ് കറുപ്പ്‌ ഉൽപാദിപ്പിച്ചിരുന്നത്. മരുന്ന് എന്ന നിലയിൽ ചൈനയിലുടനീളം കറുപ്പ് വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്നു.

ബ്രിട്ടീഷുകാരുടെ കറുപ്പ് വൻതോതിൽ ലഭ്യമായതോടെ ലഹരി പദാർത്ഥമെന്ന നിലയിൽ ചൈനയിൽ കറുപ്പിന്റെ ഉപയോഗം വ്യാപകമായി. ജനങ്ങൾ വൻതോതിൽ കറുപ്പിനടിമകളാവുകയും പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇത് സൃഷ്ടിക്കുകയും ചെയ്തു. ഇതോടുകൂടി 1800ൽ ചൈനീസ് ഭരണകൂടം കറുപ്പിന്റെ ഉല്പാദനവും ഇറക്കുമതിയും നിരോധിച്ചു. കറുപ്പുപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷകൾ തന്നെ 1813ൽ ഏർപ്പെടുത്തി. ഈ നിയന്ത്രണങ്ങളെ മറികടക്കാൻ, ബ്രിട്ടീഷ് അമേരിക്കൻ വ്യാപാരികളെ ഉപയോഗിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കറുപ്പ് കള്ളക്കടത്ത് തന്നെ തുടങ്ങി. ചൈനീസ് മധ്യവർത്തികൾ ഇതിന് ഇടനിലക്കാരായി. ഏതാണ്ട് നൂറിലധികം കപ്പലുകൾ ഗ്വാങ്ഷോ കേന്ദ്രമാക്കി കറുപ്പ് കച്ചവടത്തിൽ അക്കാലത്തേർപ്പെട്ടു. നിയമപരമായി 4500 കണ്ടെയ്‌നറുകൾ ഇറക്കുമതി നടത്തിയിരുന്ന സ്ഥാനത്ത് 40000 കണ്ടെയ്‌നറുകളായി കറുപ്പിന്റെ കള്ളക്കടത്തുയർന്നു. ഇതേത്തുടർന്ന്, എന്ത് വിലകൊടുത്തും കറുപ്പ് വ്യാപാരം തടയാൻ ചൈനീസ് ചക്രവർത്തി തുനിഞ്ഞിറങ്ങി. ഇതിനായി ചൈനീസ് ഉദ്യോഗസ്ഥനായ ലിൻ ശു ഗ്വാങ്ഷോയിൽ എത്തുകയും കടുത്ത നടപടികൾ കറുപ്പ് കച്ചവടക്കാർക്കുമേൽ ഏർപ്പെടുത്തുകയും ചെയ്തു. 1813ൽ കറുപ്പ് കടത്തുന്ന 1600 വ്യാപാരികളെ അറസ്റ്റു ചെയ്തു. വിക്ടോറിയ റാണിക്ക് ഇത് സംബന്ധിച്ച് കത്തുകളയച്ചു. കറുപ്പ് നിറച്ച കണ്ടെയ്‌റുകൾ കണ്ടെത്തി വ്യാപകമായി നശിപ്പിച്ചു. ഇത് സംബന്ധിച്ച കർശന നിർദേശം വിദേശ വ്യാപാരികൾക്കും നൽകി. എന്നാൽ ബ്രിട്ടീഷുകാർ ഇതിനെ കൂസാക്കിയില്ല. തുടർന്ന് വിദശ വ്യാപാര കേന്ദ്രങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബ്രിട്ടീഷ് കപ്പലുകളിൽ ഉണ്ടായിരുന്ന കറുപ്പ് നിറച്ച പെട്ടികൾ കണ്ടെത്തി നശിപ്പിച്ചു.

ഈ നടപടികൾ ബ്രിട്ടീഷുകാരെ കുപിതരാക്കി. ആധുനിക വ്യപരാക്രമങ്ങൾ പാലിക്കാത്തവരായി ചൈനക്കാരെ മുദ്രകുത്തി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ബ്രിട്ടീഷ് വ്യാപാരികളും ബ്രിട്ടീഷ് കള്ളക്കടത്തുകാരുമെല്ലാം ഇതിൽ ഒറ്റക്കെട്ടായി അണിചേർന്നു. ഇത് 1839ലെ ഒന്നാം കറുപ്പ് യുദ്ധത്തിലേക്ക് വഴിതുറന്നു. 1840 ജൂണിൽ 16 ബ്രിട്ടീഷ് യുദ്ധ കപ്പലുകൾ ഗ്വാങ്ഷോയിലെത്തി. ബ്രിട്ടീഷുകാരുടെ ആയുധബലത്തിലും ആധുനിക യുദ്ധതന്ത്രങ്ങൾക്കും മുന്നിൽ പിടിച്ചുനില്ക്കാൻ ചൈനീസ് പട്ടാളത്തിനായില്ല. 1842ൽ അവസാനിച്ച ഒന്നാം കറുപ്പ് യുദ്ധത്തിന്റെ ബാക്കി പത്രം ഇതായിരുന്നു.
-ഹോങ്കോങ്ങിൽ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള തുറമുഖം, -ബ്രിട്ടീഷ് ഗവൺമെന്റിനും കച്ചവടക്കാർക്കും കനത്ത തുക നഷ്ടപരിഹാരം, -ഗ്വാങ്ഷോയടക്കം അഞ്ചു തുറമുഖങ്ങളിൽ ബ്രിട്ടീഷുകാർക്ക് സർവ സ്വാതന്ത്ര്യം, -തുറമുഖനഗരങ്ങളിൽ ബ്രിട്ടീഷ് നിയമങ്ങളനുസരിച്ച് പാർക്കാൻ ബ്രിട്ടീഷുകാർക്ക്‌ സ്വാതന്ത്ര്യം, -മറ്റ് ഏതു രാഷ്ട്രത്തിനും നൽകുന്ന ആനുകൂല്യങ്ങൾ എല്ലാ ഇടപാടുകളിലും ബ്രിട്ടീഷുകാർക്ക് ലഭിക്കും.

ചൈന അടിയറവു പറഞ്ഞ കറുപ്പ് യുദ്ധത്തിന്റെ സ്മരണകൾ ഇപ്പോഴും ചൈനക്കാർക്കിടയിൽ ശക്തമായ വികാരമായി നിൽക്കുന്നുണ്ട്. നിങ്ങൾ ഒരിക്കലും പിന്നോക്കമായി പോകരുത്, അത് നിങ്ങളെ മറ്റുള്ളവരുടെ അടിമയാക്കും എന്ന പാഠം കറുപ്പ് യുദ്ധം മുൻനിർത്തി ചൈനയിലെ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. luo hou jiu yao ai da എന്നൊരു വാചകം ഏതു ചൈനക്കാരനും ആവർത്തിച്ചു പറയുമെന്ന് ഒരു ചൈനീസ് ചരിത്രകാരൻ രേഖപ്പെടുത്തുന്നുണ്ട്. നിങ്ങൾ പിന്നോക്കം പോയാൽ അടി ഉറപ്പാണ് എന്നാണ് ഇതിന്റെ അർത്ഥം. ഈയൊരു രീതിയിൽ നോക്കിയാൽ ആധുനിക ചൈനയുടെ ലോക വീക്ഷണങ്ങളെവരെ രൂപപ്പെടുത്തുന്നതിൽ പഴയ കറുപ്പ് യുദ്ധങ്ങൾക്ക് നിർണായക പങ്കുണ്ട് എന്ന് കാണാം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 17 =

Most Popular