Sunday, April 28, 2024

ad

Homeവിശകലനംഇന്ത്യ എന്ന ആശയത്തെ തകർക്കുന്നവർ

ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നവർ

സി പി നാരായണൻ

ഴിഞ്ഞ ചൊവ്വാഴ്ച മുതൽ സുപ്രീംകോടതിയിലെ ഒരു ഭരണഘടനാ ബെഞ്ച് ഒരു കേസ് വിചാരണയ്ക്കെ ടുത്തിരിക്കുകയാണ്. 2017ൽ ബജറ്റ് സമ്മേളനത്തിൽ മണിബില്ലിന്റെ ഭാഗമായി പാസാക്കിയ തിരഞ്ഞെടുപ്പ് ബോണ്ട് സ്കീം 2018 ജനുവരിയിൽ വിളംബരം ചെയ്യപ്പെട്ടു. അതനുസരിച്ച് ഏത് വ്യക്തിക്കും കമ്പനിക്കും ഏത് പാർട്ടിക്കായും പേര് വെളിപ്പെടുത്താതെ എത്ര തുകയും സംഭാവന ചെയ്യാം. അതു സംബന്ധിച്ച വിവരം ഒരാൾക്കും അധികാരികൾ നൽകില്ല. ഈ സ്കീം അനുസരിച്ച് പലരും ഈ ബോണ്ട് വാങ്ങിയിട്ടുണ്ട്. ഏതേതു പാർട്ടികൾക്കായി ആരൊക്കെ എത്ര പണം നൽകി എന്നതു സംബന്ധിച്ച വസ്തുതകൾ പുറത്തുവിടാൻ സർക്കാരിനോട് നിർദേശിക്കണം എന്ന കേസാണ് സുപ്രീംകോടതി കേൾക്കുന്നത്.

തിരഞ്ഞെടുപ്പു ഫലത്തെ ഗുരുതരമായി ബാധിച്ചേക്കാവുന്നതാണ് ഇത്തരം നടപടി. ഈ തിരഞ്ഞെടുപ്പ് ബോണ്ട് സ്കീമിനെ ഒരു സർക്കാരിതര സംഘടനയായ ജനാധിപത്യപരിഷ്കരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനും (എഡിആർ) സിപിഐ എമ്മും സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് ആ കേസ് വിചാരണയ്ക്ക് എടുത്തിരിക്കുന്നത്.

രാജ്യത്തെ ജനാധിപത്യവ്യവസ്ഥയെ തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്നതാണ് മോദിസർക്കാർ കൊണ്ടുവന്ന ഈ തിരഞ്ഞെടുപ്പ് ബോണ്ട് സ്കീം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പു മുതൽക്കുള്ള വിവിധ തിരഞ്ഞെടുപ്പുവേളകളിൽ എത്ര തുക ഈ ബോണ്ട് വഴി രാഷ്ടീയപാർട്ടികൾക്കു നൽകപ്പെട്ടിട്ടുണ്ട്? ഏതൊക്കെ രാഷ്ട്രീയപാർട്ടികൾക്കാണ് അത് ലഭിച്ചത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമില്ല. മോദി സർക്കാർ ഇക്കാര്യത്തിൽ പാലിക്കുന്ന അർഥഗർഭമായ മൗനം ഈ സ്കീമിന്റെ ഗുണഭോക്താക്കൾ പ്രധാനമായും കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപി ഉൾപ്പെടെയുള്ള കക്ഷികളാണെന്നു സൂചിപ്പിക്കുന്നു.

പെഗാസസ് എന്ന വിദേശകമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യക്തികളെയും സ്ഥാപനങ്ങളെയും രഹസ്യനിരീക്ഷണം നടത്തി വിവരശേഖരണം നടത്താൻ സർക്കാർ നിഗൂഢമായി പ്രവർത്തിച്ചതാണ് മറ്റൊരു സംഭവം.

ഓരോ ദിവസം കഴിയുന്തോറും ബിജെപിയും അതിന്റെ സഖ്യകക്ഷികളും പ്രകടിപ്പിക്കുന്നതും അധികാരം വിനിയോഗിക്കുന്നതും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കാനുള്ള നിഗൂഢമോ നിയമവിരുദ്ധമോ ആയ അടവുകളാണ്. വ്യക്തികളുടെയും അവരുടെ കൂട്ടങ്ങളുടെയും സഹജസ്വഭാവമായി സാധാരണഗതിയിൽ അതിനെ വ്യാഖ്യാനിക്കാവുന്നതാണ്. എന്നാൽ, നിയമവാഴ്ച നിലനിൽക്കുന്ന ജനാധിപത്യസമൂഹങ്ങളിൽ ഈ പ്രവണത ഒട്ടും ന്യായീകരിക്കാവുന്ന രീതിയോ സമീപനമോ സ്വഭാവമോ അല്ല. അങ്ങനെ ആരും ചെയ്യുന്നില്ല എന്നു ഉറപ്പുവരുത്താനാണ് ഭരണകൂടത്തിന്റെ അധികാരങ്ങളെ നിയമനിർമാണ സഭ, അധികാര നിർവഹണവിഭാഗം, നീതിന്യായ വിഭാഗം എന്നിവയ്ക്കായി പകുത്തു നൽകിയിട്ടുള്ളത്. ഓരോ വിഭാഗത്തിനും കൃത്യമായ അധികാരസീമകളുണ്ട്. അവയുടെ ലക്ഷ്മണ രേഖ ബന്ധപ്പെട്ടവരാരും ലംഘിക്കുന്നില്ല എന്നതിലാണ് ജനാധിപത്യവ്യവസ്ഥയുടെ നിലനിൽപ്പ്. ജനങ്ങളുടെ ഉയർന്ന സാമൂഹ്യ–രാഷ്ട്രീയ ബോധമാണ് അത് ഉറപ്പുവരുത്തുന്നത്.

ഇത് ഇവിടെ എടുത്തുപറയുന്നതിനു കാരണം കേന്ദ്ര സർക്കാർ ഇഡി പോലുള്ള അനേ-്വഷണ ഏജൻസികളെ അടുത്തകാലത്ത് നിയോഗിക്കുന്നതിലെ പ്രകടമായ പക്ഷപാതമാണ്. ആർക്കും മനസ്സിലാകുന്ന വിധത്തിൽ അത് മുഴച്ചുനിൽക്കുന്നു. നികുതി പിരിവും ധനവിനിയോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ധനകാര്യവകുപ്പിന്റെ ഒരു വിഭാഗമാണത്. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ വിഭാഗം ജനങ്ങളോടും ഒരേ പോലെയാണ് അത് പെരുമാറേണ്ടത്. അങ്ങനെയാണ് പെരുമാറുന്നതെങ്കിൽ വിമർശനമോ പരാതിയോ ഉണ്ടാകില്ല. എന്നാൽ, ഇഡിയെ കേന്ദ്ര സർക്കാരിന്റെ വേട്ടപ്പട്ടിയെപ്പോലെയാണ് ബിജെപി സർക്കാർ പ്രവർത്തിപ്പിക്കുന്നത്. അല്ലെങ്കിൽ അതിനെ അങ്ങനെയാണ് മോദി സർക്കാർ നിയോഗിക്കുന്നത്. നികുതി കുടിശ്ശിക ആരിൽനിന്നും നിയമാനുസൃതം ഈടാക്കുന്നതും വരവു ചെലവു കണക്കുകളും അറിയാനുള്ള സർക്കാരിന്റെ ശുഷ്-കാന്തി മനസ്സിലാക്കാം. പക്ഷേ, ബിജെപി ഇതരകക്ഷികൾ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ അധികാരസ്ഥാനത്തുള്ളവരുമായി ബന്ധപ്പെട്ടവർക്കു നേരെ മാത്രമേ കേസെടുക്കുന്നതിനു ഇ ഡി ശുഷ്-കാന്തി കാണിക്കുന്നുള്ളൂ, വീടും സ്ഥാപനങ്ങളും ഭീകരമായ രീതിയിൽ അരിച്ചുപെറുക്കുന്നുള്ളൂ, ചോദ്യം ചെയ്യുന്നുള്ളൂ എന്നാണ് കേരളം മുതൽ വടക്ക് ഡൽഹി വരെ കിഴക്ക് പശ്ചിമബംഗാൾ മുതൽ പടിഞ്ഞാറ് രാജസ്താൻ വരെയുള്ള പ്രദേശങ്ങളിലെ അനുഭവം.

കേരളത്തിൽ മുൻ ധനകാര്യമന്ത്രിയായ ഡോ. തോമസ് ഐസക്കിന്റെ നേരെ കുറെ മാസങ്ങൾക്കുമുമ്പ് ഇ ഡി എത്ര ധിക്കാരത്തോടെയാണ് പെരുമാറിയത്? അധികാരമൊഴിഞ്ഞ ഒരാളോട് മുമ്പുവഹിച്ച പദവിയിലെ കാര്യങ്ങൾ ഔപചാരികമായി ചോദ്യം ചെയ്യുന്നതിൽ യുക്തിയില്ല, അതിനു നിയമവ്യവസ്ഥയുമില്ല. പക്ഷേ, കോടതി ഇടപ്പെട്ടപ്പോൾ മാത്രമേ ഇഡിക്ക് ഇക്കാര്യത്തിൽ സ്ഥലകാല ബോധം ഉണ്ടായുള്ളൂ. ഇവിടെ മാത്രമല്ല ഇഡിയുടെ വിളയാട്ടം നടക്കുന്നത്. ഡിഎംകെ നയിക്കുന്ന മുന്നണി ഭരിക്കുന്ന തമിഴ്നാട്, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ തൃണമൂൽ കോൺഗ്രസ് അധികാരത്തിലുള്ള പശ്ചിമബംഗാൾ മുതലായ ബിജെപി ഇതര മന്ത്രിസഭകൾ നിലവിലുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ നേരെ ഇഡി അഴിഞ്ഞാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ കേട്ടത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ നേരെ ഇഡി ഉറഞ്ഞു തുള്ളിയതാണ്. മുഖം നോക്കാതെ, പാർട്ടിക്കൊടിയുടെ നിറം നോക്കാതെയാണ് ഇഡി ഇങ്ങനെ ഉറഞ്ഞുതുള്ളുന്നതെങ്കിൽ മനസ്സിലാക്കാം. ഒരു ബിജെപി നേതാവിനും നേരെ ഇത്തരം നടപടിയില്ല. അദാനി, അംബാനിമാർ തുടങ്ങിയ സഹസ്രകോടീശ്വരന്മാരുടെയും ശതകോടീശ്വരന്മാരുടെയും നികുതിവെട്ടിപ്പും മറ്റും നോക്കാൻ ഇവർക്ക് സമയമില്ല, മനസ്സുമില്ല. കേന്ദ്ര ഭരണകക്ഷിയുടെ വേട്ടപ്പട്ടികളാക്കി മാറ്റപ്പെട്ടിരിക്കുന്നു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ; വിശേഷിച്ച് ഇഡി വിഭാഗത്തിൽപ്പെട്ടവർ.

മോദി സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്തെ സകല പഞ്ചായത്തുകളിലും രഥയാത്ര നടത്തി വിശദീകരിക്കാൻ സെെനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിനു കീഴിലെ ഉദ്യോഗസ്ഥ പ്രമുഖരോട് മോദി സർക്കാർ നിർദേശിച്ചു. പ്രധാനമന്ത്രി മോദി പരിവാര സമേതം ലോക്-സഭാ തിരഞ്ഞെടുപ്പു പ്രചരണ പര്യടനം നടത്തുന്നതിനുമുമ്പായി ഉദ്യോഗസ്ഥർ രഥമേറി കേന്ദ്ര ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന വിളംബരയാത്ര നടത്തണമെന്നായിരുന്നു കൽപ്പന. ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ആ സംസ്ഥാനങ്ങളിലേക്ക് രഥമോടിച്ചു കയറ്റേണ്ടതില്ല എന്നു തിരഞ്ഞെടുപ്പു കമ്മീഷൻ കേന്ദ്ര സർക്കാരിനോടും അതിന്റെ ഉദ്യോഗസ്ഥരോടും ഉത്തരവിട്ടു. നിയമബോധമുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് അങ്ങനെയൊരു നിലപാടേ കെെക്കൊള്ളാനാകൂ. കേന്ദ്ര മന്ത്രിസഭയും പ്രധാനമന്ത്രിയും ആ നടപടിയോട് എങ്ങനെ പ്രതികരിക്കാൻ പോകുന്നു എന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ജനങ്ങൾ. ഹിരണ്യന്റെ നാടായി മാറിയോ മതനിരപേക്ഷ ജനാധിപത്യഭരണ വ്യവസ്ഥയുള്ള ഇന്ത്യ എന്ന ചോദ്യം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ ഉയർന്നുവരുന്നു.

രാജ്യത്ത് നിലവിലുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും ഒരു തത്വദീക്ഷയുമില്ലാതെ ചോദ്യം ചെയ്യുന്ന ഒരു അഴിഞ്ഞാട്ട സംഘമായി സംഘപരിവാരം മാറിയിരിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ ഏത് കൽപ്പനയെയും അത് ഭരണഘടനയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും നിരക്കുന്നതാണോ എന്നുനോക്കാതെ, വെല്ലുവിളിക്കുകയും ലംഘിക്കുകയും ചെയ്യുന്ന പതനത്തിലേക്ക് പതിച്ചിരിക്കുന്നു കേന്ദ്ര ഭരണകക്ഷിയും മോദി സർക്കാരും. കാരണം, തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേന്ദ്ര ഭരണകക്ഷിയും മന്ത്രിമാരും ഇതുവരെ പ്രകടിപ്പിച്ചിരുന്ന ആത്മവിശ്വാസവും വീരശൂരപരാക്രമങ്ങളുമൊക്കെ അട്ടത്തുകെട്ടിവച്ച് എങ്ങനെയെങ്കിലും ലോക്-സഭയിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരാനുള്ള നെട്ടോട്ടത്തിലാണ്. അതിനുവേണ്ടി ജനങ്ങളെ എങ്ങനെയാണ് തൃപ്തിപ്പെടുത്തേണ്ടത് എന്ന് അറിയാതെ അവരുടെ പ്രീതിക്കായി കഴിഞ്ഞ നാലരവർഷത്തിലേറെ കാലം തങ്ങൾ കാട്ടിക്കൂട്ടിയ അതിക്രമങ്ങളെയും അന്യായങ്ങളെയും മൂടിവയ്ക്കാനുള്ള തത്രപ്പാടിലുമാണ് ബിജെപി നേതാക്കൾ.

രാജ്യത്തെ ജനങ്ങളെയാകെ തിരഞ്ഞെടുപ്പു വേളയിൽ തങ്ങൾക്ക് അനുകൂലമായി അണിനിരത്തണമെന്ന തോന്നൽ ബിജെപി നേതൃത്വത്തിനുണ്ട്. ജനാധിപത്യബോധമുള്ള ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ അങ്ങനെയൊരു പ്രകടനം ആവശ്യമാണെന്ന തോന്നൽ ഇപ്പോൾ അവർക്കുണ്ട്. പക്ഷേ, 98 വർഷമായി നിരന്തരം അഭ്യസിച്ചിട്ടുള്ള വായ്-ത്താരി അന്ധമായ ഹിന്ദുപക്ഷപാതവും അതേരീതിയിലുള്ള മുസ്ലീം–ക്രിസ്ത്യൻ–കമ്യൂണിസ്റ്റ് വിരോധവുമാണ് അവരെ ഇപ്പോഴും നയിക്കുന്നത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമല്ല. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഘപരിവാർ നേതൃത്വം ഈ വിഭാഗങ്ങൾക്കെതിരായി വിഷം ചീറ്റീുന്നതിനു സാക്ഷികളാണല്ലൊ രാജ്യത്തെ ജനസാമാന്യം. അങ്ങനെയേ അവർക്കു ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും കഴിയൂ. അതുകൊണ്ടാണല്ലോ അയോധ്യയിലെ രാമക്ഷേത്രത്തിലെ വിഗ്രഹസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്കൊണ്ടുതന്നെ ചെയ്യിക്കാൻ സംഘനേതൃത്വം തീരുമാനിച്ചത്. അധികാരസ്ഥാനവും വിശ്വാസസ്ഥാനവും തികച്ചും വേറിട്ടു നിൽക്കുന്നു എന്ന് മതനിരപേക്ഷ ജനാധിപത്യപരമായ നിർബന്ധമൊന്നും അവർ കണക്കാക്കുന്നില്ല. ക്ഷേത്രത്തിലെ കാര്യങ്ങൾ തന്ത്രിയും പൂജാരിയും ചെയ്യട്ടെയെന്നല്ല അവർ നിശ്ചയിക്കുന്നത്. അധികാരവും വിശ്വാസവും ഒരേ സ്ഥലത്തും ആളിലും കേന്ദ്രീകരിക്കണം എന്നാണ് അവരുടെ ‘അദെെ-്വതം’. അവരുടെ കാഴ്ചപ്പാടിൽ രണ്ടില്ല, ഒന്നേയുള്ളൂ; അധികാരമേറിയ വിശ്വാസം.

ഇത് പല മതങ്ങളിലും വിശ്വസിക്കുന്നവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമായ ജനങ്ങൾ പാർക്കുന്ന ഇന്ത്യയിൽ അടിച്ചേൽപ്പിക്കാനാണ് സംഘപരിവാരത്തിന്റെ നീക്കം. വിഭിന്നമതങ്ങളിൽ വിശ്വാസിക്കുന്നവർ ഉള്ളതുകൊണ്ടാണ് അവരോടെല്ലാം ഒരേ സമയം നീതിചെയ്യുന്നതിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ മതനിരപേക്ഷ ഭരണകൂടം ഇവിടെ സ്ഥാപിക്കപ്പെട്ടത്. തികഞ്ഞ മതവിശ്വാസിയായ മഹാത്മാഗാന്ധിയാണ് ഭരണകൂടം മതനിരപേക്ഷമാകണം എന്ന് ഇക്കാരണത്താൽ നിർദേശിച്ചത്. അദ്ദേഹത്തെ വധിക്കാനാണല്ലോ ആർഎസ്-എസുകാരനായിരുന്ന ഗോദ്സെ നിയോഗിക്കപ്പെട്ടത്. പള്ളി വേറെ, സ്രാമ്പി വേറെ എന്നു പറയപ്പെടുന്ന രീതിയിൽ ഭരണകൂടത്തെ വിശ്വാസാചാരണത്തിൽ നിന്നും വേർപ്പെടുത്തി നിർത്തിയത് അതുകൊണ്ടായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടുന്നതിനും ഉദ്ഘാടനത്തിനും പൂജ നടത്തുന്നതിൽ പൂജാരിമാരോടൊപ്പം പങ്കാളികളാകുകയും രാമക്ഷേത്രത്തിൽ വിഗ്രഹസ്ഥാപനത്തിനു പ്രധാനമന്ത്രി തന്നെ നേതൃത്വം നൽകുകയും ചെയ്തുകൊണ്ട് സംഘപരിവാരം ഗാന്ധിയും നെഹ്റുവുമൊക്കെ നേതൃത്വം നൽകി നടപ്പാക്കി വന്ന അധികാര–വിശ്വാസ വിഭജനം തകിടം മറിച്ചിരിക്കയാണ്. അവയെ ഒറ്റകേന്ദ്രത്തിൽ ഏകീകരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

പ്രശ്നം പ്രധാനമന്ത്രി പൂജ ചെയ്യുന്നോ ഇല്ലയോ എന്നല്ല. അതുവഴി നടപ്പാക്കുന്നത് ഭരണകൂടത്തെ വിശ്വാസത്തിന്, മതത്തിനു കീഴ്പ്പെടുത്തലാണ്. അതിന്റെ ഫലമോ? ഇന്ത്യ മതാധിഷ്ഠിത രാഷ്ട്രമായി മാറുക. അതോടെ ഒൗദേ-്യാഗികമല്ലാത്ത മതങ്ങൾക്കും അവയിൽ വിശ്വസിക്കുന്നവർക്കും രണ്ടാം കിട പൗരരുടെ സ്ഥാനമേ ഉണ്ടാകൂ. ജനങ്ങൾ തമ്മിലുള്ള സാമൂഹ്യ സമത്വം എന്നത് ഏട്ടിലും പയറ്റിലും ഇല്ലാതാകും. ഇന്ത്യ എന്നു കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലേറെ കാലമായി വിളിക്കപ്പെടുന്ന പ്രദേശവും അവിടത്തെ ജനങ്ങളും നിരവധി കൊച്ചുകൊച്ചു രാജ്യങ്ങളുടെ ജന്മഭൂമിയായിരുന്നു. ബ്രിട്ടീഷുകാർ അവയെ യുദ്ധത്തിലൂടെയോ വഞ്ചനയിലൂടെയോ കെെക്കൂലി നൽകിയോ ഒക്കെ തങ്ങളുടെ കീഴിലുള്ള ഒരു കോളനിയാക്കി മാറ്റി. ബ്രിട്ടീഷ് അധീശത്വത്തിനെതിരായ യോജിച്ച പ്രക്ഷോഭ സമരത്തിലൂടെയാണ് ഈ പ്രദേശങ്ങളിൽ പാർത്തുവന്ന ജനങ്ങൾ സ്വാതന്ത്ര്യം നേടിയത്. അതിന്റെ ഭാഗമായാണ് തങ്ങൾ ഇന്ത്യക്കാരാണെന്ന ബോധം ജനങ്ങൾക്ക് ഉണ്ടായത്. വിശ്വാസത്തെ മുന്നിൽ നിർത്തുന്നത് തങ്ങളുടെ സമരെെക്യത്തെയും അതിലൂടെ നേടിയെടുത്ത സ്വതന്ത്ര ഭരണകൂടത്തെയും ദേശീയബോധത്തെയും തകർക്കും എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അത് ഒഴിവാക്കാനാണ് അവർ വിശ്വാസത്തെ ഓരോ പൗരന്റെയും സ്വതന്ത്രമായ സ്വകാര്യ അവകാശമാക്കി നിലനിർത്തിയത്.

അങ്ങനെ അധികാരവും വിശ്വാസവും വേറിട്ടുനിന്നുകൊണ്ട് ഒരു കുഴുപ്പവുമില്ല എന്ന് 75 വർഷത്തെ സ്വാതന്ത്ര്യാനന്തര ജീവിതം അവരെ ബോധ്യപ്പെടുത്തി. വിഭിന്ന മതക്കാരും ഭാഷക്കാരും സംസ്കാരക്കാരുമായ കോടിക്കണക്കിന് ആളുകൾക്ക് മതഭ്രാന്ത് മുതൽക്കുള്ള നാനാതരം വെല്ലുവിളികളെ അതിജീവിച്ച് ലോകമാകെ അംഗീകരിക്കുകയും സ്-നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമായി വളരാനും നിലനിൽക്കാനും കഴിയുമെന്ന് അവർക്കു ബോധ്യപ്പെട്ടു. അക്കാര്യം ലോകസമൂഹത്തെയാകെ ഇന്ത്യക്കാർ ബോധ്യപ്പെടുത്തി. അതാണ് 1947 ആഗസ്ത് 15നുശേഷമുള്ള കാലത്ത് ജനാധിപത്യ ഇന്ത്യ ലോകത്തിനു മുമ്പിൽ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാരും അതിനെ നയിക്കുന്ന സംഘപരിവാരവും ശ്രമിക്കുന്നത് കഴിഞ്ഞ 75 വർഷം ഇന്ത്യയിലെ ജനങ്ങൾ സ്വയം സമർപ്പിച്ചു വളർത്തിയെടുത്ത ഇന്ത്യ എന്ന ആശയത്തെ, ഇന്ത്യ എന്ന സമൂഹജീവിതത്തെ, സംസ്കൃതിയെ, നാനാത്വത്തിലെ ഏകത്വത്തെ തച്ചുതകർക്കാനാണ്. കോടിക്കണക്കിനു വരുന്ന ഹിന്ദു ഇതര ജനവിഭാഗങ്ങളെ ഇവിടെ നിന്നു അടിച്ചുപുറത്താക്കാനാണ്; അല്ലെങ്കിൽ അടിമകളാക്കി മാറ്റി ഇവിടെ ജീവിക്കാൻ അവരെ നിർബന്ധിക്കാനാണ്. എന്തിനുവേണ്ടി അവർ അങ്ങനെ ചെയ്യണം. ഇന്ത്യൻ സമൂഹത്തിലെ ദുർബലമായ ഒരു വിഭാഗമാണ് സംഘപരിവാരം. അതിന്റെ നേതൃത്വത്തിന്റെ സങ്കുചിതമായ ചിന്തയെ, ലക്ഷ്യത്തെ തൃപ്തിപ്പെടുത്തുന്നതിനായി മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ അന്ധകാരത്തിലേക്ക്, അടിമത്തത്തിലേക്ക് എറിയണമോ?

ജനങ്ങളിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ താൽപ്പര്യസംരക്ഷകരാണോ സംഘപരിവാരവും ബിജെപിയും? അല്ല. അവർ ഹിന്ദുക്കളെ നാലുവർണങ്ങളായി കാണുന്നു. അവരിൽ മഹാഭൂരിപക്ഷമാണ് ശൂദ്രർ. ജനങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരും പട്ടികവർഗക്കാരും ഒബിസികളും ചേർന്നതാണ് ശൂദ്രർ. സ്ത്രീകളെയും അടിച്ചമർത്തുന്നതാണ് സംഘപരിവാര വീക്ഷണം. ഇവർക്കു പുറമേയാണ് അന്യമതക്കാർ. ശൂദ്രരും സ്ത്രീകളും അന്യമതക്കാരും ഒഴിച്ചുള്ളവർ തീർത്തും ന്യൂനപക്ഷമാണ്. ഇന്ത്യയിൽ അവരുടെ സേ-്വച്ഛാധിപത്യഭരണം മഹാഭൂരിപക്ഷത്തിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നിഷേധമാണ് അവർ ആഗ്രഹിക്കുന്നത്. അതിനു ജനസാമാന്യം നിന്നു കൊടുക്കണമോ എന്നതാണ് ഇന്നത്തെ പ്രസക്തമായ ചോദ്യം. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 5 =

Most Popular