അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് അടുക്കുന്തോറും കേന്ദ്ര ഭരണ കക്ഷിയായ ബിജെപി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് അവരുടെ നടപടികൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷമായി കൈക്കൊണ്ട പ്രചാരണ തന്ത്രങ്ങളൊന്നും ഏശുന്നില്ലെന്ന നിരാശ ബി ജെ പിയെ ബാധിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്താൻ, ഛത്തീസ്ഗഢ് എന്നീ ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിൽ കടുത്ത ബി ജെ പി വിരുദ്ധ വികാരം പ്രകടമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും മോദി – – അമിത് ഷാ കൂട്ടുകെട്ടിന് താൽപര്യമില്ലാതിരുന്നിട്ടും, വാജ്പേയി – – അദ്വാനി കാലത്ത് വളർന്നു വന്ന നേതാക്കളായ മധ്യപ്രദേശിലെ ശിവരാജ്സിങ് ചൗഹാനും രാജസ്താനിലെ വസുന്ധര രാജെ സിന്ധ്യക്കും ഛത്തീസ്ഗഢിലെ രമൺസിങ്ങിനും സീറ്റ് നൽകാൻ ബിജെപി നിർബന്ധിതമായി. മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാകട്ടെ ബി ജെ പി യെ അകറ്റി നിർത്തുകയാണ്. തെലുങ്കാനയിൽ ബി ജെ പിക്ക് പ്രതീക്ഷിക്കാനൊന്നുമില്ല. അവിടെ ബി ആർ എസും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം.
ഒമ്പത് വർഷം മുമ്പ് മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം എല്ലാ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ താര പ്രചാരകൻ പ്രധാനമന്ത്രി തന്നെയാണ്. ലോക്-സഭാ തിരഞ്ഞടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും പ്രധാന പ്രചാരകനായിരുന്നു മോദി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് ദിവസം പ്രചാരണം നടത്തിയ പ്രധാനമന്ത്രി 19 റാലികളിലും ആറ് റോഡ് ഷോകളിലും പങ്കെടുത്തു.വിദേശ രാജ്യങ്ങളിൽ പോയാലും സമാനമായ പ്രചാരണത്തിൽ പ്രധാനമന്ത്രി ഏർപ്പെട്ടിരുന്നു. മോദിയെ സംബന്ധിച്ച് ഭരണത്തേക്കാളും പ്രധാനം സ്വന്തം പാർട്ടിയുടെ പ്രചാരണമായിരുന്നു. എന്നാൽ മിസോറാമിൽ ഇക്കുറി പ്രചാരണത്തിൽ നിന്നും പ്രധാനമന്ത്രി വിട്ടു നിന്നത് സ്വാഭാവികമായും വാർത്തയായി. ഒക്ടോബർ 30 നാണ് പ്രധാമന്ത്രി മിസോറാമിൽ പ്രചാരണം നടത്തേണ്ടിയിരുന്നത്. മിസോ ഇതര ജനവിഭാഗത്തിന് ആധിക്യമുള്ള മാമിത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പൊതുയോഗം നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രധാമന്ത്രിയുമായി വേദി പങ്കിടാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രിയും എൻ ഡി എ നേതാവുമായ സൊറംതാംഗ വ്യക്തമാക്കിയതോടെയാണ് മോദി നാണം കെട്ട് പ്രചാരണത്തിൽ നിന്നും പിന്മാറിയത്. മണിപ്പൂരിൽ ഡസൻ കണക്കിന് ക്രിസ്ത്യൻ ചർച്ചുകൾ അഗ്നിക്കിരയാക്കപ്പെട്ട സാഹചര്യത്തിൽ ബി ജെ പി പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടുന്നത് എങ്ങനെ എന്ന ചോദ്യമാണ് സൊറംതാംഗ ഉയർത്തിയത്. ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണ് മിസോറാം. അതുകൊണ്ടു തന്നെ മോദി മിസോറാം ഭരണകക്ഷിക്ക് ബാധ്യതയാണ്. മ്യാൻമറിൽ നിന്നുള്ള അഭയാർഥികളുടെ ബയോമെട്രിക് ഡാറ്റ ശേഖരിക്കണമെന്ന കേന്ദ്രത്തിന്റെ തിട്ടൂരവും മിസോറാം സർക്കാർ ചെവിക്കൊണ്ടിട്ടില്ല. എകീകൃത സിവിൽ നിയമത്തെ ശക്തമായി എതിർക്കുമെന്നും മിസോ നാഷണൽ ഫ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. എൻ ഡി എ ഘടകകക്ഷിയായിട്ടുപോലും മോദി സർക്കാരിനെ വിശ്വാസത്തിലെടുക്കാൻ എം എൻ എഫ് തയ്യാറല്ല. ഈ സാഹചര്യത്തിലാണ് മോദി മിസോറാം സന്ദർശനം ഒഴിവാക്കിയത്.
മിസോറാം പ്രചാരണത്തിൽ നിന്നും വിട്ടുനിൽക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ച മറ്റൊരു ഘടകം മിസോറാമിൽ പോയാൽ സ്വാഭാവികമായും എന്തുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നില്ല എന്ന ചോദ്യമുയരും. മെയ് 3 നാണ് മണിപ്പൂരിൽ വംശഹത്യ ആരംഭിച്ചത്. നവംബർ 3 ന് ആറ് മാസം പൂർത്തിയാകുകയാണ്. ഇതുവരെയും മോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ല. പാലത്തിനും റോഡിനും മാത്രമല്ല വന്ദേ ഭാരതിനും പച്ചക്കൊടി വീശാനായി സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി ഡബിൾ എഞ്ചിൻ സർക്കാരുള്ള മണിപ്പൂർ സന്ദർശിക്കാത്തത് പ്രതിപക്ഷം ഇതിനകം വിഷയമാക്കിയിട്ടുണ്ട്. മിസോറാം സന്ദർശിച്ചാൽ ഈ പ്രതിപക്ഷ ആവശ്യത്തിന് ആക്കം കൂടും. ഇതുമുന്നിൽ കണ്ടാണ് മിസോറാം പ്രചാരണത്തിൽ നിന്നും മോദി വിട്ടു നിൽക്കുന്നത്. മോദിക്കും ബിജെപിക്കും ഇത് കനത്ത തിരിച്ചടിയാണ്.
ഹിന്ദി മേഖലയിലെ സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരായ ജനവികാരം എങ്ങനെ മറികടക്കാൻ കഴിയും എന്ന ഗവേഷണത്തിലാണ് ഇപ്പോൾ മോദിയും അമിത് ഷായും. കേന്ദ്ര സർക്കാരിനെതിരെ കടുത്ത ജനകീയവികാരമാണ് ഹിന്ദി മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിലും കാണുന്നത്. അതിനാൽ മത ധ്രുവീകരണം ശക്തമാക്കുക എന്ന സ്ഥിരം അജൻഡയിലേക്ക് മടങ്ങിപ്പോകാനാണ് ബി ജെ പി ശ്രമിക്കുന്നത്. മോദി, മന്ദിർ, സനാതൻ ധർമ എന്നീ വിഷയങ്ങൾ ബിജെപി നേതാക്കൾ ഉയർത്താൻ ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിക്കാതെ മോദിക്ക് വേട്ട് ചെയ്യാൻ അഭ്യർഥിക്കുകയാണ് നേതൃത്വം ചെയ്യുന്നത്. ‘മോദിയുടെ മനസ്സിൽ മധ്യപ്രദേശുണ്ട്, മധ്യ പ്രദേശിന്റെ മനസ്സിൽ മോദിയും’. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങിയത് ഈ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ്. ഇതിന്റെ ഭാഗമായാണ് രാമക്ഷേത്ര വിഷയവും സജീവമാക്കുന്നത്. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം തുറന്നു കൊടുക്കുന്നാണ് മോദി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ മുമ്പെന്ന പോലെ വോട്ടർമാരെ സ്വാധീനിക്കാനോ പ്രവർത്തകരെ ഉത്തേജിപ്പിക്കാനോ ഈ വിഷയത്തിന് കഴിയുന്നില്ലെന്ന യാഥാർഥ്യം ബി ജെ പി യെ വേട്ടയാടുകയാണ്. മധ്യ പ്രദേശിലും മറ്റും ബിജെപി തിരഞ്ഞടുപ്പ് പ്രചാരണത്തിൽ അയോധ്യയിലെ ക്ഷേത്ര വിഷയം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഭവ്യ രാമമന്ദിർ ബൻകർ ഹോ രഹാ ഹേ തയ്യാർ, ഫിർ ഇസ് ബാർ ബി ജെ പി സർക്കാർ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി തുറന്നു കൊടുക്കുന്നു ഇക്കുറി വീണ്ടും ബി ജെ പി സർക്കാർ) എന്ന ബോർഡ് വ്യാപകമായി വെച്ചിട്ടുണ്ട്. ഒക്ടോബർ 28 മുതൽ 30 വരെ മധ്യപ്രദേശിൽ പ്രചാരണം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയർത്തിയ പ്രധാന വിഷയവും രാമമന്ദിർ തന്നെയായിരുന്നു. നേരത്തേ സനാതന ധർമത്തെ എതിർത്ത് ഡി എം കെ മന്ത്രി രംഗത്ത് വന്നപ്പോൾ അത് പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കാൻ മോദി ഉൾപ്പെടെയുള്ള നേതാക്കൾ തയ്യാറായിരുന്നു. എന്നാൽ അതും വേണ്ടത്ര ജനശ്രദ്ധയാകർഷിച്ചില്ല. ഹിന്ദി മേഖലയിൽ പോലും തങ്ങൾ പ്രതീക്ഷിച്ച അനുരണനം ഉണ്ടാക്കാൻ മതധ്രുവീകരണ വിഷയങ്ങൾക്ക് കഴിയുന്നില്ലെന്നത് ബി ജെ പി വൃത്തങ്ങളെ അങ്കലാപ്പിൽ ആഴ്ത്തുന്നുണ്ട്. ഇത്തരം വിഷയങ്ങളേക്കാൾ തൊഴിലില്ലായ്മ , വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നത്. അതോടൊപ്പം ജാതി സെൻസസ് വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ചർച്ചയാകുന്നുണ്ട്. എന്നാൽ അധികാരവും മികച്ച സംഘടനാ ശേഷിയും പണസമ്പത്തും ബിജെപിക്ക് അനുകൂലഘടകങ്ങളാണ്. രാഷ്ട്രീയ മൂല്യങ്ങളിലൊന്നും വിശ്വാസമില്ലാത്തതിനാൽ എങ്ങനെയും വിജയം നേടാൻ ബിജെപി ശ്രമിക്കും.
അഖിലേന്ത്യാ തലത്തിൽ മോദി സർക്കാരിനെതിരെ ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടുകെട്ട് രൂപപ്പെട്ടെങ്കിലും സംസ്ഥാന നിയമസഭകളിൽ അതനുസരിച്ചുള്ള പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസ് തയ്യാറാകാത്തത് ഖേദകരമാണ്. ഉദാഹരണത്തിന് മധ്യപ്രദേശിൽ കോൺഗ്രസുമായി സഹകരിച്ച് മത്സരിക്കാൻ സമാജ് വാദി പാർട്ടി തയ്യാറായിരുന്നു. ഉത്തർ പ്രദേശിനോട് തൊട്ടുകിടക്കുന്ന മധ്യപ്രദേശിലെ ജില്ലകളിലാണ് സമാജ്-വാദി പാർട്ടിക്ക് സ്വാധീനമുള്ളത്. കഴിഞ്ഞ തവണ ഒരു സീറ്റ് എസ്-പിക്ക് ലഭിക്കുകയും ചെയ്തിരുന്നു. നാലു മുതൽ ആറുവരെ സീറ്റ് നൽകിയാൽ സഖ്യമാകാമെന്നാണ് എസ്-പി അറിയിച്ചിരുന്നത്. സഖ്യം സ്ഥാപിക്കപ്പെടുമെന്ന് എസ്-പി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും അറിയിക്കുകയും ചെയ്തു. എന്നാൽ ഏകപക്ഷീയമായി എസ്-പിയുടെ സിറ്റിങ് സീറ്റിലടക്കം കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ സഖ്യനീക്കം പാളി. ലോകസഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗസിന് സീറ്റ് നൽകാൻ തയ്യാറല്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. മറ്റ് കക്ഷികളെ അംഗീകരിക്കാനും അവരെ കൂടെ നിർത്തി മുന്നോട്ടു പോകാനും കോൺഗ്രസിന് കഴിയില്ല എന്ന യാഥാർഥ്യമാണ് ഇതോടെ ബോധ്യപ്പെട്ടത്. രാജസ്താനിലും സമാനമായ സ്ഥിതിയുണ്ടായി.ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ സിപിഐ എം ഉൾപ്പെടെയുള്ള കക്ഷികൾ കോൺഗ്രസുമായി നീക്കുപോക്കിന് തയ്യാറായിരുന്നു. – നിലവിൽ സിപിഐ എമ്മിന് രണ്ട് സീറ്റുണ്ട്. എന്നാൽ കേൺഗ്രസ് അതിന് തയ്യാറായില്ല. ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിന്ന് തനിച്ച് കഴിയില്ലെന്ന രാഷ്ട്രീയ യാഥാർഥ്യം അവർ ഇപ്പോഴും അംഗീകരിക്കാൻ തയ്യാറല്ല. ലോക്-സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇതേ നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ അത് ആത്മഹത്യാപരമായിരിക്കും. ♦