അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മീഷൻ തിരഞ്ഞെടുപ്പു തീയതികളും മറ്റു നടപടി ക്രമങ്ങളും പ്രഖ്യാപിച്ചിരിക്കുന്നു. മിസോറം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്താൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നവംബർ 7, 17, 25, 30 തീയതികളിലാണ് വോട്ടെടുപ്പ്. നാമനിർദേശ സമർപ്പണത്തിനുള്ള അവസാന തീയതി ഉൾപ്പെടെ മറ്റു വിശദാംശങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട‍്. ലോക-്സഭയിലേക്കുള്ള 18–ാമത് പൊതുതിരഞ്ഞെടുപ്പ് 2024 മധ്യത്തിൽ നടക്കണം. അതിന്റെ സെമി ഫെെനൽ എന്നാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പുകൾ വിശേഷിപ്പിക്കപ്പെടുന്നത്. ഈ സംസ്ഥാനങ്ങളിൽ ഒന്നു ദക്ഷിണേന്ത്യയിലും മൂന്നെണ്ണം മധേ-്യന്ത്യയിൽ ഹിന്ദി സംസാരിക്കുന്ന പ്രദേശത്തും ഒരെണ്ണം കിഴക്കേ അതിർത്തിയിലുമാണ്. തീർച്ചയായും ഒരു മിനി പാർലമെന്റ് തിരഞ്ഞെടുപ്പാണ് വരുന്ന നവംബർ മാസത്തിലെ ഈ വോട്ടെടുപ്പോടെ നടക്കുക. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം.
തെലങ്കാന
മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ ഇപ്പോൾ രണ്ടെണ്ണത്തിൽ കോൺഗ്രസ്സും ഒന്നിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും മറ്റൊന്നിൽ പ്രാദേശിക കക്ഷിയായ ബിആർഎസും അഞ്ചാമത്തേതിൽ എംഎൻഎഫ് എന്ന പ്രാദേശിക പാർട്ടിയുമാണ് അധികാരത്തിലുള്ളത്. മധ്യപ്രദേശിൽ കോൺഗ്രസ്സാണ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. എന്നാൽ, കാലുമാറ്റത്തിലൂടെ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലേറി. തെലങ്കാനയിൽ കോൺഗ്രസ്സിനാണ് ജനപിന്തുണ ഉണ്ടായിരുന്നത്. തെലങ്കാന രൂപീകരണത്തിനു മുന്നിട്ടുനിന്നു പ്രവർത്തിച്ച കോൺഗ്രസ് നേതാവായ കെ ചന്ദ്രശേഖരറാവു (കെസിആർ) സംസ്ഥാന രൂപീകരണത്തിനുശേഷം തിരഞ്ഞെടുപ്പ് അടുത്തവേളയിൽ അധികാരക്കൊതി മൂത്ത് സ്വന്തമായൊരു പാർട്ടി രൂപീകരിച്ചു. ആ സംസ്ഥാനത്തെ കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും അനുയായികളും അദ്ദേഹത്തോടൊപ്പം അണിനിരന്നതുകൊണ്ട് ഭൂരിപക്ഷം നേടി. കെസിആർ മുഖ്യമന്ത്രിയായി. കഴിഞ്ഞ തവണത്തെ (2014ലും 2018ലും) തിരഞ്ഞെടുപ്പിലും വീണ്ടും ബിആർഎസ് ഭൂരിപക്ഷം നേടി. രണ്ടു തവണ (2013ലും 2018ലും) പരാജയപ്പെട്ടെങ്കിലും, കോൺഗ്രസ് അവിടെ പ്രബലമായ കക്ഷിയാണ്. അടുത്തകാലത്ത് നടന്ന സംസ്ഥാന ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടെങ്കിലും, കർണാടകത്തിൽ വലിയ ഭൂരിപക്ഷം നേടി വിജയിക്കാൻ കഴിഞ്ഞത് കോൺഗ്രസ്സിനു തെലങ്കാനയിൽ മത്സരിക്കാൻ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ബിആർഎസ് കഴിഞ്ഞ 10 വർഷമായി ഭരണത്തിലാണ്. അതിനു നല്ല ഭരണം കാഴ്ചവയ്ക്കാനോ ജനങ്ങളിൽ പ്രതീക്ഷ ഉയർത്താനോ കഴിഞ്ഞിട്ടില്ല. അതിനാൽ ഭരണവിരുദ്ധ വികാരം ആ പാർട്ടിയെ വലയ്ക്കുന്നുമുണ്ട്. കോൺഗ്രസ്സിനു വിജയസാധ്യത നൽകുന്ന ഘടകമാണിത്.
മുമ്പ് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ആർ എസ് പ്രവീൺകുമാർ ബിഎസ്-പിക്ക് നേതൃത്വം നൽകി മത്സരിക്കുന്നത് പട്ടികജാതി, പട്ടികവർഗ വോട്ടുകളിൽ ഒരു ഭാഗം ബിആർഎസിനും കോൺഗ്രസ്സിനും നഷ്ടപ്പെടാൻ ഇടയാക്കിയേക്കും. എഐഎംഐഎം ചെലുത്തുന്ന സ്വാധീനം ഒരു വിഭാഗം മുസ്ലീം വോട്ടുകൾ നഷ്ടപ്പെടുത്തിയേക്കാം എന്നുള്ള ഭീഷണി കോൺഗ്രസ് അവിടെ നേരിടുന്നുണ്ട്. അതേസമയം ഇത്തവണ കോൺഗ്രസ് പങ്കാളിയായ ‘ഇന്ത്യ’ക്ക് അഖിലേന്ത്യാ തലത്തിൽ ശുഭപ്രതീക്ഷയുള്ളത് അവിടെ അനുകൂല ഘടകമായാൽ അത്ഭുതപ്പെടാനില്ല.
മധ്യപ്രദേശ്
2018ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 114ഉം ബിജെപി 109 ഉം സീറ്റാണ് നേടിയിരുന്നത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ കോൺഗ്രസ് നേതാവായ കമൽനാഥ് ചില ചെറിയ പാർട്ടികളുടെയും ചില സ്വതന്ത്രൻമാരുടെയും പിന്തുണയോടെയാണ് മന്ത്രിസഭ രൂപീകരിച്ചത്. നേതൃസ്ഥാനത്തെ ചൊല്ലി കമൽനാഥും ജേ-്യാതിരാദിത്യ സിന്ധ്യയും തമ്മിൽ മത്സരമുണ്ടായിരുന്നു. കേന്ദ്ര നേതൃത്വം തന്നെ പിന്തുണയ്ക്കാതിരുന്നതിനാൽ രോഷാകുലനായ സിന്ധ്യ ബിജെപി നൽകിയ വാഗ്ദാനം വിശ്വസിച്ച് അനുയായികളോടൊപ്പം കോൺഗ്രസ് വിട്ടുപോയി. അതോടെ കോൺഗ്രസ്സിനു നിയമസഭയിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. കാലുമാറിയ കോൺഗ്രസ്സുകാരെ കൂട്ടി അവിടെ ബിജെപി മന്ത്രിസഭ രൂപീകരിച്ചു.
ബിജെപി മധ്യപ്രദേശിൽ അധികാരത്തിലായിരുന്നു 2003 മുതൽ. 2018ൽ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പിന്നീട് 2020ൽ ജേ-്യാതിരാദിത്യ സിന്ധ്യയും മറ്റും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് അത് വീണ്ടും അധികാരത്തിലെത്തിയത്. കേന്ദ്രത്തിലോ സംസ്ഥാനത്തിലോ കഴിഞ്ഞ അഞ്ചുവർഷം ബിജെപി ഭരണം ജനഹിതകരമായിരുന്നില്ല. അതുകൊണ്ട് ഭരണവിരുദ്ധ വികാരം ആ സംസ്ഥാനത്ത് പ്രകടമാണ്. അതുകൊണ്ടാണ് ചില കേന്ദ്രമന്ത്രിമാരെ ഇത്തവണ സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കാൻ ബിജെപി നേതൃത്വം നിയോഗിച്ചത്. മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തങ്ങളാണ് എന്നത് നേട്ടമായി അവർ അവകാശപ്പെടുന്നു. കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ലോക്-സഭയിലേക്ക് മത്സരിപ്പിക്കാനും ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാനുമാവില്ല എന്നുകണ്ടാണ് അവിടെ കുലുക്കിക്കുത്തിനു ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. എന്നാൽ താരതമേ-്യന കോൺഗ്രസ്സിനോടാണ് ജനങ്ങൾക്ക് ആഭിമുഖ്യം കൂടുതൽ എന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ നൽകുന്ന സൂചന.
ഛത്തീസ്ഗഢ്
ഛത്തീസ്ഗഢിൽ കോൺഗ്രസ്സാണ് താരതമേ-്യന കൂടുതൽ സുശക്തം. ബിജെപി അതിനു വെല്ലുവിളിയാണ് എന്നു പറയാനാവില്ല. നരേന്ദ്രമോദിയുടെ സ്വാധീനശക്തിയാണ് അവിടത്തെ ബിജെപി നേതൃത്വം തങ്ങൾക്ക് വിജയം നേടാനുള്ള പ്രധാന ശക്തിയായി കാണുന്നത്. അത് എത്രത്തോളം –ഫലപ്രദമാകും എന്ന് കണ്ടുതന്നെ അറിയണം. ഭൂപേശ് ഭാഗേൽ നേതൃത്വം നൽകിയ ഭരണത്തിനു ജനസ്വീകാര്യത ഉണ്ടായിരുന്നു. കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, തൊഴിലില്ലാത്ത യുവാക്കൾ, കന്നുകാലി ഉടമകൾ മുതലായവർക്ക് ഭാഗേൽ സർക്കാർ നേരിട്ട് നൽകി വന്ന പലതരത്തിലുള്ള ധനസഹായം വലിയ നേട്ടമുണ്ടാക്കി.
പക്ഷേ, അവിടത്തെ പാർട്ടിക്കകത്തെ തൊഴുത്തിൽ കുത്തുകളാണ് കോൺഗ്രസ് നേരിടുന്ന വലിയ ഭീഷണി. ഭരണവിരുദ്ധ വികാരം അവിടെ വീശിയടിച്ചേക്കാം എന്ന ധാരണയിൽ ബിജെപി ചില നീക്കങ്ങൾ നടത്തുന്നുണ്ട്.
അതിലും വലിയ ഭീഷണി കോൺഗ്രസ് നേരിടുന്നത് സേവാ ആദിവാസി സമാജ് എന്ന ആദിവാസി കൂട്ടായ്മയുടെ രംഗപ്രവേശത്തിൽനിന്നാണ്. അത് ആകെ 90 സീറ്റിൽ 29 പട്ടികവിഭാഗ സീറ്റുകൾ ഉൾപ്പെടെ 50 എണ്ണത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് കോൺഗ്രസ്സിനു വലിയ ഭീഷണിയാണ്. അരവിന്ദ് കേജ്-രിവാളിന്റെ എഎപി 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അത് കോൺഗ്രസ് വിജയത്തെ ബാധിച്ചേക്കാം. ചിലപ്പോൾ ഇവയൊക്കെ മത്സരരംഗത്തുള്ളത‍് വോട്ടുകൾ പല വഴിക്ക് ഭിന്നിച്ച് കോൺഗ്രസ്സിനു വിജയപ്രതീക്ഷ വർധിപ്പിച്ചേക്കാനും മതി.
രാജസ്താൻ
രാജസ്താനിൽ കോൺഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഏറ്റവും വലിയ വെല്ലുവിളി അതിനുള്ളിൽനിന്നുതന്നെ. അവിടത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് സമർഥനായ നേതാവും ഭരണാധികാരിയുമാണ്. മെഡിക്കൽ ഇൻഷുറൻസ്, തൊഴിലുറപ്പുപദ്ധതി, 500 രൂപയ്ക്ക് പാചകവാതക സിലിണ്ടർ, സ്ത്രീകൾക്ക് സ്-മാർട്ട് ഫോൺ, സാമൂഹ്യസുരക്ഷാ അലവൻസ് മുതലായ പദ്ധതികളിലൂടെ അദ്ദേഹം തന്റെ ഭരണത്തെ വലിയ വിഭാഗം ജനങ്ങൾക്ക് സ്വീകാര്യമാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയകാലം മുതൽ മുഖ്യമന്ത്രി പദവി മോഹിച്ചുനടക്കുന്നയാളാണ് സച്ചിൻ പെെലറ്റ്. രാഹുൽഗാന്ധിയുമായി നല്ല അടുപ്പമുണ്ട് അദ്ദേഹത്തിന്. എന്നാൽ, ഗെലോട്ടിനുള്ളത്ര എംഎൽഎമാരുടെ പിന്തുണയോ ഭരണസാമർഥ്യമോ പെെലറ്റിനില്ല എന്ന് അദ്ദേഹത്തിന്റെ രക്ഷകനായി ചിത്രീകരിക്കപ്പെടുന്ന രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറിയാം. അതുകൊണ്ടാണ് പാർട്ടിക്കും ഭരണത്തിനും ഫലപ്രദമായി നേതൃത്വം നൽകാൻ ശേഷിയുള്ള ഗെലോട്ട് തന്നെ മുഖ്യമന്ത്രി പദത്തിൽ തുടരട്ടെ എന്നു കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.
തെലങ്കാനയിൽ ബിജെപിക്ക് വിജയപ്രതീക്ഷയില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്താൻ എന്നിവിടങ്ങളിൽ ബിജെപിയുടെ നില പരുങ്ങലിലാണ്. പൊതുവിൽ, വരുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ കാറ്റ് ബിജെപിക്ക് അനുകൂലമാകാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. ♦