Saturday, May 18, 2024

ad

Homeഇവർ നയിച്ചവർആർ പരമേശ്വരൻപിള്ള: തലസ്ഥാന ജില്ലയിലെ സംഘാടകരിൽ പ്രമുഖൻ

ആർ പരമേശ്വരൻപിള്ള: തലസ്ഥാന ജില്ലയിലെ സംഘാടകരിൽ പ്രമുഖൻ

ഗിരീഷ്‌ ചേനപ്പാടി

ധീരനായ പോരാളിയും മികച്ച സംഘാടകനുമായിരുന്നു ആർ പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ആർ പരമേശ്വരൻപിള്ള. കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും തലസ്ഥാന ജില്ലയിലെ വളർച്ചയ്‌ക്ക്‌ നിർണായകമായ സംഭാവനയാണ്‌ അദ്ദേഹം ചെയ്‌തത്‌. സമാരാധ്യനായ സഹകാരിയായിരുന്ന അദ്ദേഹം ജില്ലയിലെ നിരവധി സഹകരണസ്ഥാപനങ്ങളുടെ രൂപീകരണത്തിന്‌ തുടക്കം കുറിച്ചു.

1931 മാർച്ച്‌ 12ന്‌ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്‌ക്ക്‌ സമീപം കുളത്തൂർ പഞ്ചായത്തിലാണ്‌ ആർ പരമേശ്വരൻപിള്ളയുടെ ജനനം. ചെറുവിള പുത്തൻവീട്ടിൽ വേലായുധൻപിള്ളയാണ്‌ അച്ഛൻ. മാതാവ്‌ ഭാഗീരഥി അമ്മ. കുളത്തൂർ ഗവൺമെന്റ്‌ ഹൈസ്‌കൂൾ, കാഞ്ഞിരംകുളം പികെഎസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്തുതന്നെ രാഷ്‌ട്രീയ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി. വീറുറ്റ പോരാട്ടം നടത്തിയ സ്വദേശാഭിമാനി കെ രാമകൃഷ്‌ണപിള്ളയുടെയും വീരരാഘവന്റെയും മറ്റു നിരവധി ധീരദേശാഭിമാനികളുടെയും നാടാണല്ലോ നെയ്യാറ്റിൻകര. സ്വാഭാവികമായും ദിവാൻ ഭരണത്തിന്റെ അടിച്ചമർത്തലുകൾക്കും അനീതിക്കുമെതിരെ അതിശക്തമായ ചെറുത്തുനിൽപും നെയ്യാറ്റിൻകരയുടെ മണ്ണിലുണ്ടായി.

സ്‌റ്റേറ്റ്‌ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉത്തരവാദ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെട്ട നാളുകളിലായിരുന്നു ആർ പിയുടെ ബാല്യകൗമാരങ്ങൾ പിന്നിട്ടത്‌. വിദ്യാർഥിയായിരിക്കെതന്നെ അദ്ദേഹം രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായി. സാംസ്‌കാരിക പ്രവർത്തനങ്ങളോടും തികഞ്ഞ ആഭിമുഖ്യം പുലർത്തി. വിദ്യാർഥിമിത്രം ഗ്രന്ഥശാലയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം പൊതുപ്രവർത്തനരംഗത്ത്‌ ശ്രദ്ധേയനായി.

ഐ സ്റ്റുവർട്ട്‌

തിരുവനന്തപുരം ജില്ലയിലെ തന്നെ അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവായിരുന്ന, കമ്യൂണിസ്റ്റ് പാർട്ടിയുടെ നെയ്യാറ്റിൻകര താലൂക്ക്‌ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്റ്റുവർട്ടുമായുള്ള അടുപ്പം ആർ പിയെ കമ്യൂണിസ്റ്റ്‌ പാർട്ടിയോടടുപ്പിച്ചു. 1952ൽ ആർ പിയെ താലൂക്ക്‌ കമ്മിറ്റിയുടെ ഓഫീസ്‌ സെക്രട്ടറിയായി പാർട്ടി നിയോഗിച്ചു.

സ്റ്റുവർട്ടും ആർ പിയും ചേർന്ന്‌ നെയ്യാറ്റിൻകരയിൽ ‘സ്വദേശാഭിമാനി’ എന്ന പേരിൽ പാരലൽ കോളേജ്‌ ആരംഭിച്ചു. വിദ്യാർഥികൾക്ക്‌ പാഠഭാഗങ്ങൾ പകർന്നു നൽകുന്നതിനൊപ്പം അവരിൽ പുരോഗമനാശയങ്ങളുടെ വിത്തുപാകാനും ഇരുവരും ശ്രദ്ധിച്ചു.

കാണിപ്പറ്റ്‌ കർഷകസമരം
കാണിപ്പറ്റ്‌ കർഷകസമരം ശക്തമായി നടക്കുന്ന സമയമായിരുന്നു 1940കളും 1950കളും. നെയ്യാറ്റിൻകര താലൂക്കിലെ 36,000 ഏക്കറും ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ വിളവംകോട്‌ താലൂക്കിലെ 28,000 ഏക്കറും ചേർന്ന 64,000 ഏക്കർ ഭൂമിയാണ്‌ കാണിപ്പറ്റ്‌ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്‌. വേണാട്‌ നാടുവാഴിയായിരുന്നു മാർത്താണ്ഡവർമ, തിരുവിതാംകൂർ രാജ്യം വിപുലമാക്കിക്കൊണ്ടിരുന്ന വേളയിൽ അദ്ദേഹത്തിന്‌ സഹായം നൽകിയതിന്‌ കാണി സമുദായക്കാർക്ക്‌ ദാനം നൽകിയ ഭൂപ്രദേശമാണിത്‌. വനപ്രദേശമായ ഇവിടത്തെ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന മുറയ്‌ക്ക്‌ കാണിക്കാർക്ക്‌ പതിച്ചു നൽകണമെന്നായിരുന്നു വ്യവസ്ഥ.

എന്നാൽ പൊലീസ്‌, ഫോറസ്റ്റ്‌, റവന്യൂ അധികൃതരുടെ ഒത്താശയോടെ വൻകിടക്കാർ കാണിക്കാർക്ക്‌ അവകാശപ്പെട്ട ആയിരക്കണക്കിന്‌ ഭൂമി കയ്യേറി; അതിനുവേണ്ടി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൃത്രിമ രേഖകൾ അവർ ഉണ്ടാക്കി.

ഇങ്ങനെ ക്രൂരമായ ചൂഷണവും കയ്യേറ്റവും പുരോഗമിക്കവെയാണ്‌ രൂക്ഷമായ ഭക്ഷ്യക്ഷാമം നാട്ടിലുണ്ടായത്‌. രണ്ടാംലോക യുദ്ധത്തിന്റെ അനന്തര അനന്തരഫലമായുണ്ടായ ഭക്ഷ്യക്ഷാമവും പകർച്ചവ്യാധികളും മൂലം നാട്ടുകാർ പൊറുതിമുട്ടി. ഭക്ഷ്യക്ഷാമത്തിനു പരിഹാരമുണ്ടാക്കുന്നതിനായി സർക്കാർ ഗ്രോ മോർ ഫുഡ്‌ പദ്ധതിക്ക്‌ തുടക്കമിട്ടു. തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യുന്നതിനുള്ള അനുമതി കൃഷിക്കാർക്ക്‌ സർക്കാർ നൽകി. കോട്ടയം, പാല തുടങ്ങിയ പ്രദേശങ്ങളിൽനിന്നുൾപ്പെടെ നിരവധിപ്പേർ കാണിപ്പറ്റ്‌ മേഖലയിലും കുടിയേറി കൃഷിചെയ്‌തു.

കാണിക്കാരെ കബളിപ്പിച്ച്‌ ഭൂമി തട്ടിയെടുത്ത വൻകിടക്കാരെ ഇത്‌ ശരിക്കും പ്രകോപിപ്പിച്ചു. കാണിപ്പറ്റ്‌ മേഖലയാകെ കൈവശപ്പെടുത്താൻ ലക്ഷ്യമിട്ടു ഗൂഢനീക്കങ്ങൾ നടത്തിയ അവർക്ക്‌ കുടിയേറ്റം തീരെ രസിച്ചില്ല. കുടിയേറ്റക്കാരെ ആട്ടിയോടിക്കാൻ പൊലീസുകാരെയും ഫോറസ്റ്റ്‌ അധികൃതരെയും വരുതിയിലാക്കിയ പ്രമാണിമാർ ഗുണ്ടകളെ ഇറക്കി കർഷകരെ ആക്രമിച്ചു. കൃഷിക്കാരുടെ കൃഷിഭൂമി നശിപ്പിച്ചും വളർത്തുമൃഗങ്ങളെ കവർന്നെടുത്തും സ്‌ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചും കുടിയേറ്റ കൃഷിക്കാരെ പൊറുതിമുട്ടിക്കുക എന്നതായിരുന്നു പ്രമാണിമാരും ഗുണ്ടകളും സ്വീകരിച്ച തന്ത്രം. പൊലീസ്‌ കേസെടുക്കുന്നത്‌ കൃഷിക്കാർക്കെതിരെ മാത്രമായിരുന്നു.

അവണാകുഴി സദാശിവൻ

ഈ സമയത്താണ്‌ അവണാകുഴി സദാശിവന്റെ നേതൃത്വത്തിൽ നിരവധി കമ്യൂണിസ്റ്റുകാർ കർഷകർക്ക്‌ തുണയായി എത്തുന്നത്‌. ഗുണ്ടകൾക്കെതിരെ ചെറുത്തുനിന്ന അവർ കർഷകരെ സംഘടിപ്പിച്ചു. അതോടെ നേരിട്ടുള്ള ആക്രമണവും ഗുണ്ടായിസവുമൊന്നും കർഷകരുടെ മുന്നിൽ ചെലവാകില്ലെന്ന്‌ ചൂഷകവിഭാഗത്തിന്‌ ബോധ്യമായി. പൊലീസ്‌ നിരവധി കള്ളക്കേസുകൾ ചാർജ്‌ ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും കർഷകരെ തുരത്തനായില്ല.

ചൂഷകവർഗം മറ്റൊരു അടവ്‌ അപ്പോൾ പ്രയോഗിച്ചു. കൃഷിക്കാരുടെ വിളവെടുപ്പായപ്പോൾ ഉൽപന്നങ്ങൾ പുറത്തുകൊണ്ടുപോയി വിൽക്കുന്നത്‌ അസാധ്യമാക്കുകയെന്ന തന്ത്രമാണ്‌ അവർ പയറ്റിയത്‌. പൊതുവഴി മതിലുകെട്ടി അവർ അടച്ചു. അതുമൂലം പുറത്തേക്കു പോകാൻ കഴിയാതെ കർഷകർ ശരിക്കും കഷ്ടപ്പെട്ടു. അതോടെ ചൂഷകവിഭാഗങ്ങൾ കെട്ടിപ്പൊക്കിയ മതിലുകൾ പൊളിക്കാൻ കർഷകർ നിർബന്ധിതരായി. പൊലീസും ഗുണ്ടകളും ചേർന്ന്‌ കർഷകരെ ക്രൂരമായി മർദിച്ചു. കള്ളക്കേസുകളിൽ പെടുത്തി. പൊലീസിന്റെ നരനായാട്ടിൽ നിരവധിപേർ രക്തസാക്ഷികളായി.

ഒന്നര പതിറ്റാണ്ടിലേറെ കാണിപ്പറ്റ്‌ കർഷകർ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പാതയിലായിരുന്നു. കാണിപ്പറ്റ്‌ കർഷകരെ സഹായിക്കുന്നതിലും അവർക്ക്‌ ആത്മധൈര്യം പകർന്നു നൽകുന്നതിലും ആർ പിയും 1950കളിൽ സജീവമായി പങ്കെടുത്തു.

1957ലെ ഇ എം എസ്‌ സർക്കാരിന്റെ കാലത്താണ്‌ നെയ്യാറ്റിൻകര താലൂക്കിലെ ആയിരക്കണക്കിന്‌ കാണിപ്പറ്റ്‌ കർഷകർക്ക്‌ പട്ടയം നൽകി അവരെ കൈവശഭൂമിയുടെ ഉടമകളാക്കി മാറ്റിയത്‌. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനെത്തുടർന്ന്‌ വിളവൻകോട്‌ താലൂക്ക്‌ തമിഴ്‌നാടിന്റെ ഭാഗമായി. വിളവൻകോട്‌ താലൂക്കിലെ കർഷകർക്ക്‌ പട്ടയം ലഭിക്കാൻ വീണ്ടും വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടം നടത്തേണ്ടിവന്നു. കൊച്ചുമണിയും ഹേമചന്ദ്രനും മറ്റു നേതാക്കളും തുടർ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി. ജനപ്രതിനിധികളായ അവർ നിയമസഭയിൽ കൂടി നടത്തിയ പോരാട്ടത്തിന്റെ ഫലമായി കൈവശഭൂമിയിൽ കൃഷിക്കാർക്ക്‌ അവകാശം സ്ഥാപിച്ചെടുക്കാൻ സാധിച്ചു.

1960ൽ ആർ പി ഒറ്റശേഖരമംഗലം ഹൈസ്‌കൂളിലെ മലയാളം അധ്യാപകനായി ചേർന്നു.

1970ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിൽ നിന്ന്‌ ആർ പരമേശ്വരൻപിള്ള വിജയിച്ചു. സ്‌കൂൾ മാനേജരും അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടി നേതാവുമായിരുന്ന ജനാർദനൻ നായരെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌ എന്നത്‌ രാഷ്‌ട്രീയവൃത്തങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. ആർ പി നിയമസഭാംഗമായി പ്രവർത്തിച്ച കാലയളവിൽ നിരവധി വികസനപ്രവർത്തനങ്ങൾക്ക്‌ നെയ്യാറ്റിൻകര സാക്ഷ്യം വഹിച്ചു.

അടിയന്തരാവസ്ഥക്കാലത്ത്‌ ആർ പി ഒളിവിലിരുന്നാണ്‌ പാർട്ട്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

സിഎച്ച്‌ നൽകിയ വിളിപ്പേര്‌

സി എച്ച്‌ കണാരൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സി എച്ച്‌ കണാരനാണ്‌ ആർ പരമേശ്വരൻപിള്ളയ്‌ക്ക്‌ ആർ പി എന്ന ചുരുക്കപ്പേര്‌ നൽകിയത്‌. അതുവരെ നാട്ടുകാരുടെ പരമേശ്വരൻ സാറായിരുന്നു അദ്ദേഹം. സഖാക്കൾക്ക്‌ പരമേശ്വരൻ സഖാവും.

നുള്ളിയോട്‌ മിച്ചഭൂമി സമരത്തിലും നെയ്യാറ്റിൻകര മിച്ചഭൂമി സമരത്തിലും നേതൃത്വപരമായ പങ്ക്‌ ആർ പി വഹിച്ചു.

1977ൽ അദ്ദേഹം ജോലി രാജിവെച്ച്‌ സജീവ പാർട്ടി പ്രവർത്തനത്തിൽ മുഴുകി. നെയ്യാറ്റിൻകര താലൂക്ക്‌ സെക്രട്ടറിയായി ആർ പി പ്രവർത്തിച്ച കാലത്താണ്‌ പാർട്ടിക്ക്‌ സ്വന്തമായി ഓഫീസ്‌ ഉണ്ടായത്‌. നെയ്യാറ്റിൻകര താലൂക്കിന്റെ പരിധിയിൽ വരുന്ന നിരവധി ലോക്കൽ കമ്മിറ്റികൾക്ക്‌ ഓഫീസ്‌ ഉണ്ടാകുന്നതും ആർ പിയുടെ കൂടി നിരന്തര ശ്രമം കൊണ്ടാണ്‌.

ഇടയ്‌ക്ക്‌ ഒരു കാലയളവിൽ ആർ പിയെ നേമം ഏരിയകമ്മിറ്റി സെക്രട്ടറിയായി പാർട്ടി നിയോഗിച്ചു. നേമം പ്രദേശത്ത്‌ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം അക്ഷീണം പ്രവർത്തിച്ചു. നേമത്ത്‌ സ്വന്തമായി പാർട്ടി ഓഫീസ്‌ പണികഴിപ്പിക്കുന്നതിന്‌ നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിന്‌ സാധിച്ചു.

തോട്ടംതൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ്‌, ഓൾ ഇന്ത്യാ പ്ലാന്റേഷൻ വർക്കേഴ്‌സ്‌ യൂണിയൻ ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം, പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ആർ പി തോട്ടംതൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടു. ബോണക്കാട്‌, ബ്രൈമൂർ, വിതുര തുടങ്ങിയ തോട്ടം മേഖലകളിൽ അദ്ദേഹം പതിവായി സഞ്ചരിക്കുകയും തൊഴിലാളികളുമായി നിരന്തരം ആത്മബന്ധം സ്ഥാപിക്കുകയും ചെയ്‌തു. അവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പരിഹരിക്കുന്നതിൽ അങ്ങേയറ്റത്തെ ആത്മാർഥത അദ്ദേഹം പ്രകടിപ്പിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി വെളുപ്പിനെ നാലുമണിക്ക്‌ ആരംഭിക്കുന്ന സഞ്ചാരം രാത്രി വൈകുന്നതുവരെ നീണ്ടുപോയിരുന്നു.

മികച്ച സഹകാരിയായിരുന്ന ആർ പി പല സഹകരണസംഘങ്ങളും രൂപീകരിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും നേതൃത്വം കൊടുത്ത കാര്യം സൂചിപ്പിച്ചല്ലോ. പനച്ചമൂട്‌, ഒറ്റശേഖരമംഗലം, കള്ളിക്കാട്‌ എന്നീ സഹകരണസംഘങ്ങൾ അവയിൽ ചില ഉദാഹരണങ്ങൾ മാത്രം.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ, തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, കോ‐ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ വെൽഫെയർ ബോർഡ്‌ വൈസ്‌ ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനമാണ്‌ അദ്ദേഹം കാഴ്‌ചവെച്ചത്‌. സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനമന്ദിരത്തിന്‌ പണിയാരംഭിച്ചത്‌ ആർ പി ചെയർമാനായിരുന്നപ്പോഴാണ്‌.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ 2011 ഏപ്രിൽ 24ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

മൈലക്കര യുപി സ്‌കൂളിലെ റിട്ടയേർഡ്‌ പ്രധാനാധ്യാപിക കെ വിജയലക്ഷ്‌മയാണ്‌ ജീവിയപങ്കാളി. കെ പി അജയകുമാർ, ഒറ്റശേഖരമംഗലം പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അഡ്വ. കെ പി രണദിവെ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി കെ പി അനിൽകുമാർ, വി അജിതകുമാരി, കെ പി സുനിൽകുമാർ എന്നിവർ മക്കൾ.

കടപ്പാട്‌: ഒ ഷാഹുൽ ഹമീദ്‌ സ്‌മാരക ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച തിരിച്ചറിവ്‌ എന്ന സുവനീർ
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയറ്റംഗം എൻ രതീന്ദ്രൻ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =

Most Popular