Monday, May 20, 2024

ad

Homeഇക്കണോമിക് നോട്ടുബുക്ക്ആധുനിക രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങൾ വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയതെങ്ങിനെ?

ആധുനിക രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങൾ വ്യവസായിക വിപ്ലവത്തിന് അടിത്തറ പാകിയതെങ്ങിനെ?

കെ എസ്‌ രഞ്‌ജിത്ത്‌

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌ ‐ 11

1775ൽ ആവിയന്ത്രത്തിന്റെ പേറ്റന്റ് പുതുക്കിക്കിട്ടിയ സന്ദർഭത്തിൽ ജെയിംസ് വാട്ട് തന്റെ പിതാവിന് ഇങ്ങനെയൊരു കത്തെഴുതി. Fire Engine എന്നായിരുന്നു ആവിയന്ത്രത്തെ അദ്ദേഹം വിളിച്ചിരുന്നത്.

“പ്രിയപ്പെട്ട അച്ഛന്, നിരവധി എതിർപ്പുകൾക്ക് ശേഷം, ഗ്രേറ്റ് ബ്രിട്ടനിലും പ്ലാന്റേഷനുകളിലും അടുത്ത 25 വർഷക്കാലത്തേക്ക് ഫയർ എഞ്ചിൻ എന്റേതാണെന്ന് സമ്മതിച്ചുകൊണ്ട് പാർലമെന്റ് നിയമം പാസ്സാക്കിയിരിക്കുന്നു. കാരണം കാര്യമായ ഡിമാൻഡ് ഉള്ളതിനാൽ ഇതെനിക്ക് ഏറെ ഗുണം ചെയ്യും.”

വ്യാവസായിക വിപ്ലവത്തിലേക്ക് ഇംഗ്ലണ്ടിനെ നയിച്ച രണ്ടു കാര്യങ്ങൾ ഈ കത്ത് കൃത്യമായും സൂചിപ്പിക്കുന്നുണ്ട്. ഒന്ന്, പുതിയ കണ്ടുപിടുത്തങ്ങൾ പേറ്റന്റുകളിലൂടെ സംരക്ഷിക്കുന്ന നിയമങ്ങളുടെ ആവിർഭാവം. ഇതിന് പരിരക്ഷ നൽകുന്ന പാർലമെന്റ് സംവിധാനങ്ങൾ നിലവിൽ വന്നത്. ഇത്തരം തീരുമാനങ്ങളെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്ന ജനാധിപത്യ വേദികൾ ഉദയം കൊണ്ടത്. രണ്ട്, ശാസ്ത്ര സാങ്കേതിക വിദ്യകളെ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനുള്ള സാധ്യതകളുടെ ആവിർഭാവം; ബ്രിട്ടനിലും ബ്രിട്ടീഷ് കോളനികളിലും (പ്ലാന്റേഷൻ എന്നതുകൊണ്ട് ജെയിംസ് വാട്ട് ഉദ്ദേശിച്ചത്) ഇതിനുണ്ടായിരിക്കുന്ന ഡിമാന്റ്. വളർന്നു വരുന്ന ലോക കമ്പോളത്തിന്റെ വ്യക്തമായ സൂചനകൾ ഇതിൽ കാണാം.

സാങ്കേതികവിദ്യകളുടെ വളർച്ചയെ കേവലം ശാസ്ത്രത്തിന്റെ പരിധികൾക്കകത്തു നിലനിർത്തിക്കൊണ്ടുള്ള ചർച്ചകളാണ് നാം അധികവും കേട്ടിട്ടുള്ളത്. അന്വേഷണ കുതുകികളായ, പ്രതിഭാധനരായ ചില വ്യക്തികളുടെ കണ്ടുപിടുത്തങ്ങൾ ലോകത്തെ എങ്ങിനെയാണ് മാറ്റിമറിച്ചത് എന്നതാണ് ചർച്ച ചെയ്യപ്പെടാറുള്ളത്. എന്നാൽ പുതിയ സാങ്കേതികവിദ്യകൾ ആവശ്യപ്പെടുന്ന സാമ്പത്തിക അന്തരീക്ഷം, അതിനെ സാധ്യമാക്കുന്ന രാഷ്ട്രീയ സാമൂഹിക സ്ഥാപനങ്ങളുടെ നിലനില്പ് എന്നിവ പലപ്പോഴും ശ്രദ്ധയിൽ വരാറില്ല . സാമൂഹിക ശാസ്ത്രത്തിന്റെ കണ്ണ് ഇവിടെ അവഗണിക്കപ്പെടാറാണ് പതിവ്. ഇംഗ്ലണ്ടിലെ വ്യവസായിക വിപ്ലവത്തെയും അത് സൃഷ്ടിച്ച സാമ്പത്തിക ചലനങ്ങളെയും ഇത്തരമൊരു കോണിൽ വീക്ഷിക്കേണ്ടതുണ്ട്. മുതലാളിത്തം എന്ന് നാം വിളിക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിഭാസത്തിന്റെ തനതു സ്വഭാവങ്ങളെ അത് വെളിച്ചത്തുകൊണ്ടുവരുന്നുമുണ്ട്. പൗരോഹിത്യത്തിനും രാജഭരണത്തിനും അറുതിവരുത്തിക്കൊണ്ട് കൂടുതൽ പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമ്പത്തിക രാഷ്ട്രീയ ഭരണ സ്ഥാപനങ്ങൾക്ക് ജന്മമേകിയതിലൂടെയാണ് വ്യാവസായിക വിപ്ലവത്തിന് വേദിയായി ഇംഗ്ലണ്ട് മാറിത്തീരുന്നത്. വെടിമരുന്നും അച്ചടിവിദ്യയും പോലുള്ള ഒറ്റപ്പെട്ട കണ്ടുപിടുത്തങ്ങൾക്ക് ഏറെ മുൻപുതന്നെ വേദിയായ ഏഷ്യൻ രാജ്യങ്ങളിൽ വ്യാവസായിക വിപ്ലവം പോലുള്ള സമഗ്രമായ ഒരു മുന്നേറ്റം സാധ്യമാകാതെ പോയതും ഇതിനാലാണ്.

സാമ്പത്തിക മുന്നേറ്റങ്ങളുടെയും സാമൂഹിക ചലനങ്ങളുടെയും രാഷ്ട്രീയ അടിത്തറകളിലേക്ക് വിരൽ ചൂണ്ടുന്ന മാർക്സിസ്റ്റ് രീതി ശാസ്ത്രത്തെ പ്രകടമായി അംഗീകരിക്കാത്ത അർത്ഥശാസ്ത്രകാരന്മാരിൽ ഒരു വിഭാഗം തന്നെ ഇത്തരത്തിലുള്ള പഠനങ്ങൾ നടത്തി വരുന്നുണ്ട് . ഇൻസ്റ്റിറ്റ്യൂഷണൽ എക്കണോമിസ്റ്റുകൾ (Institutional Economists) എന്ന് വിളിക്കപ്പെടുന്ന ഇവർ സമൂഹത്തിൽ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എങ്ങിനെയാണ് സമ്പദ്‌വ്യവസ്ഥയുടെ ചലനങ്ങളെ ബാധിക്കുന്നത് എന്നും സാമ്പത്തിക പ്രക്രിയയയിൽ ഉണ്ടാകുന്ന ചലനങ്ങൾ സാമൂഹിക സ്ഥാപനങ്ങളുടെ മാറ്റങ്ങൾക്ക് എങ്ങിനെ ഇടയാക്കുന്നുവെന്നതുമാണ് പഠനവിഷയാക്കുന്നത് . രാഷ്ട്രീയമുക്തമായി വേറെ ഏതോ ലോകത്ത് നടക്കുന്ന പ്രക്രിയകളാണ് സാമ്പത്തികരംഗം എന്ന സിദ്ധാന്തത്തെ ഇക്കൂട്ടർ നിരാകരിക്കുന്നു. വ്യവസായിക വിപ്ലവമെന്ന സാമൂഹിക പ്രതിഭാസത്തെ മനസിലാക്കാൻ ഈ രീതിശാസ്ത്രം സഹായകമാണ്.

കേന്ദ്രീകൃതമായ ഒരു ഭരണകൂടം, പൗരോഹിത്യത്തിന്റെയും രാജഭരണകൂടത്തിന്റെയും പിടിയിൽനിന്നും മുക്തമായ, ജനപ്രതിനിധികൾ അടങ്ങുന്ന, പാർലമെന്റ് സംവിധാനം ഇത് രണ്ടുമാണ് വ്യവസായിക വിപ്ലവത്തിന്റെ അന്തർധാരയായി ഇംഗ്ലണ്ടിൽ പ്രവർത്തിച്ചത്. ‘മഹത്തായ വിപ്ലവം’ (Glorious revolution) എന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയ മാറ്റം ഇതിനു വഴിതെളിച്ചു. കേവലമായ രാജഭരണത്തിനറുതി വരുത്തി ഭരണഘടനയെ അടിസ്ഥാനമാക്കിയ ഭരണസമ്പ്രദായത്തിന് ഇത് തുടക്കംകുറിച്ചു. രക്തച്ചൊരിച്ചിലുകളില്ലാതെ നടന്ന വിപ്ലവം എന്നതിനാലാണ് മഹത്തായ വിപ്ലവം എന്ന് ഇത് അറിയപ്പെടുന്നത്. ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും അക്കാലത്തെ ഇംഗ്ലണ്ടിനെ മാറ്റിനിർത്തിയ ഒരു പ്രധാന ഘടകം ഇതായിരുന്നു. ഇതിന്റെ ഭാഗമായി ഒരു കേന്ദ്രീകൃത ഭരണസംവിധാനം ഇംഗ്ലണ്ടിൽ രൂപപ്പെടുകയും ജനാധിപത്യ സ്വഭാവമുള്ള (അക്കാലത്തെ ജനാധിപത്യ സംവിധാനങ്ങൾക്ക് ഏറെ പരിമിതകൾ ഉണ്ട്) അധികാരകേന്ദ്രങ്ങൾ നിലവിൽവരികയും ചെയ്തു. മുതലാളിത്തത്തിന്റ സുഗമമായ വളർച്ചയ്ക്ക് അടിത്തറയൊരുക്കുന്നതായിരുന്നു ഈ മാറ്റങ്ങൾ.

സുഗമമായ സാമ്പത്തിക വളർച്ചയ്ക്ക് കളമൊരുക്കിയ എല്ലാ മാറ്റങ്ങൾക്കു പിന്നിലും ഇത്തരത്തിലുള്ള രാഷ്ട്രീയ വിപ്ലവങ്ങളെ കാണാൻ കഴിയും. പ്രഭുക്കന്മാർക്കും സമ്പന്നർക്കും മാത്രം പ്രാതിനിധ്യമുള്ളതായിരുന്നു അന്നത്തെ ജനാധിപത്യം എങ്കിലും പഴയ കാലത്തെ അപേക്ഷിച്ചു നോക്കിയാൽ ജനാധിപത്യത്തിന്റെ ക്രമാനുഗതമായ വളർച്ചയെയും ഇതിൽ പലപ്പോഴും ദർശിക്കാനാവും. പുതിയ സാമൂഹിക സ്ഥാപനങ്ങൾ ഉദയം ചെയ്യാനിടയാക്കിയ രാഷ്ട്രീയ സംഘർഷങ്ങൾ 16‐ാം നൂറ്റാണ്ടു മുതൽക്കേ ഇംഗ്ലണ്ടിൽ നടന്നുവന്നിരുന്നു. 1642ലെയും 1651ലെയും ആഭ്യന്തരയുദ്ധങ്ങളും 1688 ലെ ‘മഹത്തായ വിപ്ലവ’ വുമാണ് ഇതിൽ ഏറ്റവും പ്രധാനം .രാജാവിന്റെ അധികാരങ്ങൾ ഇതോടെ പരിമിതപ്പെട്ടു. സാമ്പത്തിക പ്രക്രിയയിൽ നിർണായക തീരുമാനങ്ങളെടുക്കാനുള്ള അധികാരം പാർലിമെന്റിനായി. രാജ്യം ഏതുവഴിക്കാണ് പോകുന്നതെന്ന് തീരുമാനിക്കാനുള്ള അധികാരം കൂടുതൽ ജനങ്ങളിലേക്ക് വിപുലമായി. നയതീരുമാനങ്ങൾ എടുക്കുന്നത്തിൽ രാജ്യത്തെ സമ്പന്നവിഭാഗങ്ങൾ കൂടി ഉൾക്കൊള്ളിക്കപ്പെട്ടു.

ഇതിനനുസൃതമായി സാമ്പത്തിക സ്ഥാപനങ്ങളും താരതമ്യേന കൂടുതൽ ജനാധിപത്യപരമായി. മധ്യകാലയുഗത്തിലെ അടിമ സമ്പ്രദായം 17‐ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിനകത്ത് നിലനിന്നിരുന്നില്ലയെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം ജനങ്ങൾക്കിടയിൽ പരിമിതമായിരുന്നു . ഈസ്റ്റ് ഇന്ത്യ കമ്പനി (1600 – 1874) പോലുള്ള ഏതാനും ചില കുത്തക കമ്പനികൾ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യാപാരങ്ങൾ കൈയടക്കിവെച്ചിരിക്കുകയായിരുന്നു. നികുതിയും നിയമങ്ങളുമെല്ലാം രാജഭരണകൂടം ഏകപക്ഷീയമായി തീരുമാനിക്കുന്നവ ആയിരുന്നു. ചരക്കുകളുടെ കൈമാറ്റ പ്രക്രിയകൾ തന്നെ അങ്ങേയറ്റം സങ്കീർണമായിരുന്നു. വളർന്നുവരുന്ന ബൂർഷ്വാസിക്ക് അവ സ്വീകാര്യമായിരുന്നുമില്ല . ‘മഹത്തായ വിപ്ലവം’ ഇതിനെ മാറ്റിമറിച്ചു. തുടർന്ന് വന്ന ഭരണകൂടം നിക്ഷേപത്തിനും, വ്യാപാരത്തിനും, സാങ്കേതിക മുന്നേറ്റങ്ങൾക്കും അടിത്തറ പാകാനുതകുന്ന പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു . സ്വത്തുടമാവകാശം, വിശേഷിച്ച് പേറ്റന്റുകൾ പോലെ ആശയാധിഷ്ഠിതമായവയിൽ, നിയമവൽക്കരിച്ചു. എല്ലാ പൗരരെയും നിയമവ്യവസ്ഥയ്ക്കുള്ളിൽ കൊണ്ടുവന്നു. തോന്നുംപടിയുള്ള നികുതി സമ്പ്രദായങ്ങൾ അവസാനിപ്പിച്ചു. കച്ചവട മുതലാളിത്തത്തിന് വളരാനാവശ്യമായ എല്ലാ സഹായങ്ങളും ഭരണകൂടം നിർലോഭം പ്രദാനം ചെയ്തു. കൂടാതെ പശ്ചാത്തല സൗകര്യങ്ങളുടെ വികാസത്തിന് മുൻതൂക്കം നൽകി. ചരക്കുഗതാഗതത്തെ ലക്ഷ്യമിട്ടുകൊണ്ട് റോഡുകളുടെയും കനാലുകളുടെയും ശൃംഖലകൾ രാജ്യത്തെമ്പാടും പടുത്തുയർത്തി. വൻകിട ഉല്പാദന പ്രക്രിയയിലൂടെ പുറത്തുവരുന്ന ചരക്കുകൾ വിറ്റഴിക്കാൻ ഇവ അനിവാര്യമായിരുന്നു.

ഈ പറഞ്ഞ മാറ്റങ്ങൾ അധ്വാനശക്തികളെ കെട്ടഴിച്ചു വിട്ടു. വളരെ കാവ്യാത്മകമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഈ മാറ്റങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട് “എല്ലാ സാമൂഹ്യോപാധികളെയും ഇടതടവില്ലാതെ ഇളക്കിമറിക്കൽ, ശാശ്വതമായ അനിശ്ചിതാവസ്ഥയും പ്രക്ഷോഭവും -ഇതെല്ലാം ബൂർഷ്വാ കാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടങ്ങളിൽ നിന്നും വേർതിരിക്കുന്നു. ഉറച്ചു കട്ടപിടിച്ചതും നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു. തൽസ്ഥാനത്ത് പുതുതായി ഉണ്ടാകുന്നവയ്ക്ക് ഉറച്ചു കട്ടിയാകുവാൻ സമയം കിട്ടുന്നതിന് മുൻപ് പഴഞ്ചനായി തീരുന്നു. കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു. പരിശുദ്ധമായതെല്ലാം അശുദ്ധമായിത്തീരുന്നു. അങ്ങനെ അവസാനം മനുഷ്യൻ തന്റെ ജീവിതത്തിന്റെ യഥാർത്ഥ ഉപാധികളെയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളെയും സമചിത്തതയോടെ നേരിടാൻ നിർബന്ധിതനാകുന്നു… എല്ലാ ഉല്പാദനോപകരണങ്ങളെയും അതിവേഗം മെച്ചപ്പെടുത്തികൊണ്ടും ഗതാഗതസൗകര്യങ്ങൾ പരമാവധി വർധിപ്പിച്ചുകൊണ്ടും ബൂർഷ്വാസി എല്ലാ രാഷ്ട്രങ്ങളെയും ഏറ്റവും അപരിഷ്കൃതമായവയെപ്പോലും നാഗരികതയിലേക്ക് കൊണ്ടുവരുന്നു. എല്ലാ ചൈനീസ് വൻമതിലുകളെയും അത്‌ ഇടിച്ചു നിരപ്പാക്കുന്നു …”

മുതലാളിത്ത വികാസത്തിന് തടസം നിന്ന ഘടകങ്ങൾ ഓരോന്നായി പൊളിച്ചെഴുതിയതാണ് വ്യാവസായിക വിപ്ലവത്തിന് അരങ്ങൊരുക്കിയത്. സാമ്പത്തികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്, മുതൽമുടക്കുന്നവർക്ക്, സാങ്കേതിക പരീക്ഷണങ്ങൾ നടത്തുന്നവർക്ക്, തക്കതായ പ്രതിഫലം ഉറപ്പുനൽകുന്ന തരത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കിയതാണ് വ്യവസായിക വിപ്ലവം പോലെ സമൂഹത്തെയാകെ മാറ്റിമറിക്കുന്ന ഒരു പ്രക്രിയയ്ക്ക് ഇംഗ്ളണ്ടിൽ അരങ്ങേറാൻ സാഹചര്യമൊരുക്കിയത് എന്ന നിരീക്ഷണമാണ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്കണോമിസ്റ്റുകൾ പൊതുവെ മുന്നോട്ടു വെയ്ക്കുന്ന വാദം .ഇത്തരമൊരു വാദത്തിന് അടിത്തറയായി നിൽക്കുന്ന പരികല്പനകളോട്‐ – മനുഷ്യൻ കേവലം ഒരു സാമ്പത്തിക മാത്രവാദിയാണ്, ലാഭേച്ഛയാണ് പുരോഗതിയുടെ അടിസ്ഥാനം തുടങ്ങിയ‐ – വിയോജിക്കുന്നവരുമുണ്ട്. സാമ്പത്തികശാസ്ത്രത്തിന്റെ തത്വചിന്തയുമായി (philosophy of economics) ബന്ധപ്പെട്ട ആ വിഷയങ്ങൾ വളരെ വിശദമായ ,ആഴത്തിലുള്ള പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 4 =

Most Popular