Monday, November 25, 2024

ad

Homeഅനുസ്മരണംഓര്‍മകളിലെ ആനന്ദന്‍

ഓര്‍മകളിലെ ആനന്ദന്‍

എളമരം കരീം

ഖാവ് ആനത്തലവട്ടം ആനന്ദന്‍ ഓര്‍മയായി. 2023 ഒക്ടോബര്‍ 5 ന് ആനന്ദന്‍ ഇൗ ലോകത്തോട് വിടപറഞ്ഞു. സഹപ്രവര്‍ത്തകര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും, സഖാക്കള്‍ക്കും താങ്ങാനാവാത്ത ദു:ഖവും, അതേസമയം ആവേശകരമായ ഓര്‍മകളും നല്‍കിയാണ് അദ്ദേഹം നമ്മോട് വിടപറഞ്ഞത്. കഴിഞ്ഞ മൂന്ന് മാസത്തോളം തന്നെ ബാധിച്ച ഗുരുതരമായ രോഗത്തോട് മല്ലിടുമ്പോഴും ഒരിക്കല്‍പോലും ആ മുഖത്ത് പരിഭ്രമമോ, നിരാശയോ ദര്‍ശിച്ചിരുന്നില്ല. രോഗശയ്യയിലും ആനന്ദന്‍ ആത്മവിശ്വാസം വെടിഞ്ഞില്ല.

ആനന്ദന്‍ തൊഴിലാളി സംഘടനാപ്രവര്‍ത്തനം ആരംഭിച്ചത് പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്കിടയിലാണ്. സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ തൊഴിലാളികളിൽ ഒരുവിഭാഗമായിരുന്നു കയര്‍ തൊഴിലാളികള്‍. മഹാഭൂരിപക്ഷം തൊഴിലാളികളും സ്ത്രീകളായിരുന്നു. അവരില്‍ നല്ലൊരു വിഭാഗം വിദ്യാഭ്യാസം നേടാന്‍ അവസരം ലഭിച്ചിട്ടില്ലാത്തവരുമായിരുന്നു.

സ്വാതന്ത്ര്യത്തിന് മുമ്പും, ശേഷവും കൊടിയ ചൂഷണത്തിന് വിധേയരാവുന്നവരായിരുന്നു ഈ വിഭാഗം- കരവിരുതിനെ ആശ്രയിച്ച് ഉല്‍പാദനം നടത്തിയിരുന്ന കയര്‍ മേഖയില്‍ യന്ത്രവല്‍ക്കരണവും, വൈവിധ്യവല്‍ക്കരണവുമെല്ലാം വന്ന ശേഷമാണ് വേതനത്തില്‍ വര്‍ദ്ധനവുണ്ടായത്. എന്നാല്‍ മറ്റ് ആധുനിക വ്യവസായങ്ങളുമായി താരതമ്യപ്പെടുത്താനാവാത്ത മേഖലയാണ് കയര്‍ മേഖല. ആദ്യകാലത്തെ വിവരണാതീതമായ ദുരിതംപേറി ജീവിച്ചിരുന്ന കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ആനന്ദന്‍ വളര്‍ന്നുവന്നത്.

അക്കാലത്തെ മൃഗീയമായ ചൂഷണത്തിന്റെയും, തൊഴിലാളികളുടെ ചെറുത്തുനില്പിന്റെയും അനുഭവങ്ങള്‍ ആനന്ദനെ ഒരു പ്രക്ഷോഭകാരിയാക്കി വളര്‍ത്തി. പ്രവൃത്തികളിലും, പ്രസംഗങ്ങളിലും ആ വികാരങ്ങള്‍ നിറഞ്ഞുനിന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരായിരുന്ന സഖാക്കള്‍ എ.കെ.ജി, സി.എച്ച്. കണാരന്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ആവേശകരമായ ഓര്‍മകള്‍ അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കയര്‍ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ “പട്ടിണി ജാഥ”യും, ഒട്ടേറെ സമരങ്ങളും സംസ്ഥാനത്തെ തൊഴിലാളി പ്രസ്ഥാനത്തില്‍ കയര്‍ തൊഴിലാളികളുടെ സംഘടനയ്ക്കും, സമരത്തിനും സവിശേഷസ്ഥാനം നല്കി.

വളരെ ചെറുപ്പത്തില്‍തന്നെ ചിറയിന്‍കീഴ് കയര്‍തൊഴിലാളി യൂണിയന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച ‘ഒരണ’ കൂലിക്ക് വേണ്ടിയുള്ള ചരിത്രപ്രധാനമായ സമരത്തില്‍ അദ്ദേഹം പങ്കെടുത്തു. 1959 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആനന്ദൻ അംഗമായി. സഖാവ് ശ്രീകണ്ഠന്‍നായരുടെ ആവേശകരമായ പ്രസംഗം കേള്‍ക്കാന്‍ പുഴകടന്ന് പോയ അനുഭവം ആനന്ദന്‍ തന്റെ ഓര്‍മകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1957 ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 1958 ല്‍ കയര്‍തൊഴിലാളികള്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ സമരത്തില്‍ ആനന്ദന്‍ സജീവ പങ്ക് വഹിച്ചു. അന്ന് ആനന്ദന്‍ വിദ്യാര്‍ത്ഥിയായിരുന്നു. ഹൈസ്കൂളില്‍ എന്‍.സി.സി. കേഡറുകളുടെ ലീഡറായി. കൊട്ടാരക്കര നടന്ന സംസ്ഥാനക്യാമ്പില്‍ വെച്ച്, പട്ടാളത്തില്‍ റിക്രൂട്ട് ചെയ്യാന്‍ അധികാരകള്‍ സമ്മര്‍ദ്ദം ചെലുത്തി. ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ റിക്രൂട്ട് ചെയ്തുകൊണ്ടുള്ള ഉത്തരവ് വന്നു. എന്നാല്‍ ആനന്ദന്‍ പട്ടാളത്തില്‍ ചേര്‍ന്നില്ല.

ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്ത് നൂറുകണക്കിന് സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പെടെ കയര്‍തൊഴിലാളികള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരം നടത്തി. ആനന്ദന്‍ ഈ സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. ഇ.എം.എസ്. സര്‍ക്കാരിനെതിരെ സമരം പാടില്ലെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞെങ്കിലും ‘9 അണ കൂലി നിശ്ചയിച്ചത് കിട്ടാതെ വന്നതിനാലല്ലേ സമരം’ എന്ന വാദത്തില്‍ ആനന്ദന്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉറച്ച് നിന്നു. – സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോകണമെന്ന നിലപാട് ഇ.എം.എസ്. കൈക്കൊണ്ട- ആവേശകരമായ ഈ അനുഭവം ആനന്ദനെ ട്രേഡ് യൂണിയന്‍ രംഗത്ത് മുന്നോട്ട് നയിച്ചു.

അതിനിടെ ആനന്ദന് റെയില്‍വേയില്‍ കൂട്ടുകാര്‍ക്കൊപ്പം ടി.ടി.ഇ. ആയി ജോലിക്കുള്ള നിയമനക്കത്ത് ലഭിച്ചു. നാട്ടിലെ “സമരശല്യം’ ഒഴിവാക്കാന്‍ ആനന്ദന്‍ ജോലിക്ക് പോകുന്നതാണ് നല്ലത് എന്ന് നാട്ടിലെ ചിലര്‍ കുടുംബത്തെ ഉപദേശിച്ചു. എന്നാല്‍ തൊഴിലാളി സംഘടനാപ്രവര്‍ത്തനം അവസാനിപ്പിച്ച് ജോലിക്ക് പോകാന്‍ ആനന്ദന്‍ സമ്മതിച്ചില്ല. ഈ തീരുമാനം അന്ന് കുടുംബത്തിന് ബോദ്ധ്യപ്പെട്ടിരുന്നില്ല.

ആ കാലത്ത് കയര്‍ തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിക്കാന്‍ ആനന്ദന്‍ നേതൃത്വം നല്‍കി. ആനത്തലവട്ടത്ത് അഞ്ഞൂറ് പേരുള്ള ഒരു സംഘം രൂപീകരിച്ചു. ഒരു തൊഴിലാളി അംഗത്തിന് 9.30 രൂപ സര്‍ക്കാര്‍ ഓഹരി, 50 പൈസ തൊഴിലാളി വിഹിതം എന്നായിരുന്നു ഓഹരി വിഹിതം. ഈ സംഘം തൊണ്ടുവാങ്ങി കയര്‍പിരി തുടങ്ങി. തൊഴിലാളിയുടെ ഒരുദിവസത്തെ കൂലി 50 പൈസയായിരുന്നു.

അക്കാലത്ത് മുതലാളിമാരുടെ ഗുണ്ടകള്‍ സഹകരണ സംഘങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമായിരുന്നു. രാത്രികാലത്ത് സംഘത്തിന്റെ ഉല്‍പാദന ഉപകരണങ്ങള്‍ ആറ്റിലെറിയും. ഇത്തരം ആക്രമണങ്ങളെ ചെറുത്തുകൊണ്ടാണ് അക്കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയത്. ഇതിനിടയില്‍ വിദ്യാഭ്യാസം തുടരുകയും എസ്.എസ്.എല്‍.സി. പാസ്സാവുകയും ചെയ്തു. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് സ്കൂള്‍ ലീഡറായി. എസ്.എസ്.എല്‍.സി.ക്ക് ശേഷം പഠനം തുടര്‍ന്നില്ല.

1959 ലെ വിമോചന സമര കാലത്ത് കോണ്‍ഗ്രസ് ഗുണ്ടായിസത്തിനെതിരെ തൊഴിലാളികളെ അണിനിരത്താന്‍ ആനന്ദന്‍ മുന്‍കൈ എടുത്തു. അക്കാലത്തെ ഒരു മുദ്രാവാക്യം സഖാവ് എപ്പോഴും ഓര്‍ക്കുമായിരുന്നു- “ഞങ്ങടെ കാര്‍ഡിന്നരിയില്ലെങ്കില്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസ്സേ”- തൊഴിലാളികള്‍ പട്ടിണികിടന്നും അവരുടെ പ്രസ്ഥാനത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു.

1972-–73 ല്‍ കയര്‍ മേഖലയില്‍ കൊടുംപട്ടിണിയായ കാലം ആനന്ദന്‍ സ്മരിക്കാറുണ്ടായിരുന്നു. മുതലാളിമാര്‍ തൊണ്ട് തല്ല് യന്ത്രം സ്ഥാപിച്ചു. അന്ന് തീരപ്രദേശത്തെ 260 ഓളം വില്ലേജുകളില്‍ തൊണ്ട് അഴുക്കാന്‍ സൗകര്യമുണ്ടായിരുന്നു. കൈകൊണ്ട് തൊണ്ട് തല്ലുന്ന തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവര്‍ പട്ടിണിയിലായി. ചിറയിന്‍കീഴില്‍ 9 കയര്‍ തൊഴിലാളികള്‍ പട്ടിണി കിടന്ന് മരിച്ചു. സ: ഇ.എം.എസ്. കയര്‍തൊഴിലാളികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി. ഈ സാഹചര്യത്തില്‍ കയര്‍ തൊഴിലാളികളുടെ വമ്പിച്ച സമരം ഉയര്‍ന്നുവരികയുണ്ടായി.

കയര്‍തൊഴിലാളി യൂണിയനുകളുടെ സംസ്ഥാന ഫെഡറേഷന്‍- ‘കയര്‍ വർക്കേഴ്സ് സെന്‍റര്‍’ 1971 ല്‍ രൂപീകരിക്കപ്പെട്ടു. സഖാക്കള്‍ സുശീല ഗോപാലന്‍ പ്രസിഡന്‍റും, സി.എ. പീറ്റര്‍ ജനറല്‍ സെക്രട്ടറിയും, ആനന്ദന്‍ ജോയിന്‍റ് സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 1972 ല്‍ സി.എ. പീറ്ററിന് സ്ഥാനം ഒഴിയേണ്ടി വന്നപ്പോള്‍ ആനന്ദന്‍ ജനറല്‍ സെക്രട്ടറിയായി.

1972 ലെ കയര്‍ തൊഴിലാളികളുടെ ഉജ്ജ്വലമായ സമരത്തിനിടയില്‍ തിരുവനന്തപുരത്തെ സമര കേന്ദ്രത്തില്‍ പൊലീസ് വെടിവെപ്പില്‍ ‘അമ്മു’ എന്ന തൊഴിലാളി രക്തസാക്ഷിയായി. തുടര്‍ന്ന് തൊഴിലാളി സമരം ആളിപ്പടര്‍ന്നു. സഖാവ് ആനന്ദന്‍ എക്കാലത്തും ഓര്‍ക്കുന്ന ആവേശകരമായ സമരാനുഭവങ്ങളില്‍ ചിലതാണിവ.

1975 മാര്‍ച്ച് 31 ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ‘കയര്‍ സെന്റര്‍’ സംഘടിപ്പിച്ച പട്ടിണിജാഥയുടെ ലീഡര്‍ ആനന്ദനായിരുന്നു. 101 പേര്‍ ജാഥയിലുണ്ടായിരുന്നു. ഇ.എം.എസ്, എ.കെ.ജി. എന്നീ നേതാക്കള്‍ ഈ ജാഥയില്‍ രണ്ട് കേന്ദ്രങ്ങളില്‍ പങ്കാളികളായി.

അടിയന്തരാവസ്ഥ കാലത്ത് ആനന്ദന്‍ ജയിലിലടക്കപ്പെട്ടു. – കൊടിയ പീഡനങ്ങള്‍ നേരിട്ടുകൊണ്ട് ആനന്ദന്‍ തൊഴിലാളി സംഘടനാ രംഗത്ത് ഉറച്ചുനിന്നു.- ഒപ്പം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൂന്ന് തവണ കേരള അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ലെ നിയമസഭയില്‍ സിപിഐ എം ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു.

സംസ്ഥാനത്തെ ഉജ്ജ്വല പ്രാസംഗികരില്‍ ഒരാളായിരുന്നു ആനന്ദന്‍. തൊഴിലാളിവര്‍ഗത്തോടുള്ള തന്റെ പ്രതിബദ്ധത ഏത് പ്രസംഗത്തിലും പ്രതിധ്വനിക്കും. പാര്‍ട്ടിക്കും, ട്രേഡ് യൂണിയനും നേരെവരുന്ന ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ ആനന്ദന്‍ സന്നദ്ധനാവും.

2013 ല്‍ കാസര്‍ഗകോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് സിഐടിയു സംസ്ഥാനകമ്മിറ്റിയുടെ പ്രസിഡന്‍റായി സ: ആനന്ദനും, ജനറല്‍ സെക്രട്ടറിയായി ഈ ലേഖകനും തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ ആനന്ദന്‍ ഈ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിന്റെ അസൂയാവഹമായ വളര്‍ച്ചയില്‍ ആനന്ദന്‍ വലിയ പങ്ക് വഹിച്ചു. സംസ്ഥാനത്തെ തൊഴിലാളി വര്‍ഗം എക്കാലത്തും ആവേശത്തോടെ ആനന്ദനെ സ്മരിക്കും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven − 5 =

Most Popular