Tuesday, April 30, 2024

ad

Homeപ്രതികരണംസമഗ്ര പുരോഗതി ലക്ഷ്യമിട്ട് 
മേഖലാ അവലോകന യോഗങ്ങൾ

സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 
മേഖലാ അവലോകന യോഗങ്ങൾ

പിണറായി വിജയൻ

നകീയ വികസനത്തിന്റെയും ഭരണനിർവ്വഹണത്തിന്റെയും നിരവധി പുതിയ മാതൃകകൾ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ കേരളം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. മുകളിൽ നിന്നും താഴേയ്ക്ക് രേഖീയമായും യാന്ത്രികമായും നടപ്പാക്കേണ്ടതല്ല, മറിച്ച് സർക്കാർ സംവിധാനങ്ങളുടേയും സമൂഹത്തിന്റെയും ക്രിയാത്മകവും സജീവവുമായ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് ജനാധിപത്യമെന്ന ഉറച്ച ബോധ്യത്തോടെയാണ് ഈ മാതൃകകൾ നമ്മൾ സൃഷ്ടിച്ചത്. അതിന്റെതുടർച്ചയാണ് ഈ കഴിഞ്ഞ മേഖല അവലോകന യോഗങ്ങൾ.

മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഒത്തൊരുമിച്ച് ഓരോ ജില്ലയിലേയും വികസന പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി സംഘടിപ്പിച്ച മേഖല അവകലോകന യോഗങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു ഭരണ നിർവ്വഹണ രീതി തന്നെയായിരുന്നു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവ്വഹിക്കാൻ സാധിച്ചു എന്ന ചാരിതാർഥ്യത്തോടെയാണ് അവലോകന യോഗങ്ങൾ സമാപിച്ചത്.

ഓരോ ജില്ലയിലും വിവിധ മേഖലകളിലെ പ്രധാന പ്രശ്നങ്ങൾ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 പ്രശ്നങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് 4 അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ പ്രശ്നങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. 2 പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നു.

സംസ്ഥാനത്തു നിന്നും അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി സർക്കാർ നടത്തിയ സർവ്വേയുടെ ഭാഗമായി കണ്ടെത്തിയ 64,000-ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുവാനായി എടുത്ത നടപടികൾ യോഗം വിലയിരുത്തി. വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ യോഗം നൽകി.

മാലിന്യ മുക്ത കേരളത്തിന്റെ വിവിധ ഘടകങ്ങളുടെ പുരോഗതി മേഖല അവലോകന യോഗങ്ങളിൽ വിലയിരുത്തി. ന്യൂനതകൾ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്തുവാൻ നിർദേശങ്ങൾ നൽകി . സംസ്കരണ യൂണിറ്റുകൾ പ്രവർത്തനത്തിലാക്കുവാൻ തടസ്സങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗങ്ങൾ നടത്തിയ പ്രശ്ങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള നിർദേശങ്ങളും നൽകി. പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് കേരളത്തിൽ കിഫ്ബിയുടെ 5 കോടി പദ്ധതിയിൽ 141 സ്കൂളുകളും , 3 കോടി പദ്ധതിയിൽ 385 സ്കൂളുകളും , 1 കോടി പദ്ധതിയിൽ 446 സ്കൂളുകളും നവീകരിക്കുന്ന ഘട്ടത്തിലാണ്. ഇതിൽ തന്നെ ഏകദേശം 350 ഓളം സ്കൂളുകളുടെ നിർമാണം പൂർത്തിയായതായി യോഗം തിട്ടപ്പെടുത്തി.

ജില്ലകളിൽ നടത്തിയ ആർദ്രം മിഷന്റെ അവലോകനത്തിൽ, വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തി, ആശുപത്രി നവീകരണങ്ങൾ, ലാബ് നെറ്റ്‌വർക്കുകൾക്കായുള്ള ഹബ്-ആൻഡ്-സ്പോക്ക് മോഡലിന്റെ വിപുലീകരണം, ഐസൊലേഷൻ ബ്ലോക്കുകളുടെ പൂർത്തീകരണം തുടങ്ങിയ നിർണായക ഘടകങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി . വിവിധ ജില്ലകളിലെ ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വെല്ലുവിളികൾ അംഗീകരിക്കുകയും , ഒഴിവുകൾ ഉടൻ നികത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. തന്ത്രപരമായ ഈ തീരുമാനങ്ങൾ മിഷൻ ലക്ഷ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.

ഹരിത ടൂറിസം, കാർബൺ പുറന്തള്ളൽ രഹിതമാക്കൽ തുടങ്ങി ഹരിതകേരളം മിഷന്റെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗം ചർച്ച ചെയ്തു. സമഗ്രമായ വിലയിരുത്തൽ സുസ്ഥിര വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മിഷന്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. 2022–-2023 സാമ്പത്തിക വർഷത്തിൽ മിഷന്റെ ഭാഗമായി കേരളത്തിൽ 54,648 വീടുകൾ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നടപ്പ് സാമ്പത്തിക വർഷം 11,757 വീടുകൾ ഇതിനകം പൂർത്തീകരിച്ചു. ഏകദേശം 25,000 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടി മിഷന്റെ പ്രവർത്തനങ്ങളുടെ വിശദമായ അവലോകനം യോഗത്തിൽ ഉദ്യോഗസ്ഥർ അവതരിപ്പിച്ചു.പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദേശം നൽകി. ലൈഫ് മിഷന്റെ ഭാഗമായി നിർമിക്കുന്ന ഭാവനസമുച്ചയങ്ങളുടെ നിർമാണം വേഗത്തിലാക്കുവാനും യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന പദ്ധതി വഴി നാളിതുവരെ 18,14,622 കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൊല്ലം തിരുവനന്തപുരം മലപ്പുറം ജില്ലകൾ കാര്യമായ പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. പദ്ധതി കൃത്യമായി വിലയിരുത്താനും വേഗത്തിലാക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് പ്രത്യേക നിർദേശം നൽകി. സർക്കാർ ,സ്വകാര്യ ഭൂമി ഏറ്റെടുക്കൽ , റോഡ് കട്ടിങ് മുതലായ തടസ്സങ്ങൾ പദ്ധതിക്കുണ്ടെന്നും കണ്ടെത്തി . റോഡ് കട്ടിങ്ങുമായി ബന്ധപെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തി വേഗത്തിലാക്കുവാനും യോഗം നിർദേശം നൽകി.

പദ്ധതിയുടെ വിവിധ റീച്ചുകളുടെ പുരോഗതി യോഗം വിലയിരുത്തി . പദ്ധതിയുടെ ആദ്യ ഘട്ടമായ ആക്കുളം മുതൽ ചേറ്റുവ വരെയുള്ള ഭാഗം 2024 മാർച്ചോടുകൂടി സഞ്ചാരയോഗ്യക്കുമെന്ന് യോഗം തീരുമാനിച്ചു. വടക്കൻ ജില്ലകളിൽ നിർമിക്കുന്ന കൃത്രിമ കനാലുകൾക്കുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുവാനും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാനും നിർദേശം യോഗം നൽകി.

നിർമാണം നടന്നുവരുന്ന NH 66 ന്റെ നിർമാണപുരോഗതി യോഗം പരിശോധിച്ചു. സമയബന്ധിതമായി ത്തന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിയും എന്ന് യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ പൂർണമായെന്നും കേസുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ മാത്രമേ പൊളിച്ചു നീക്കാൻ ബാക്കിയുള്ളൂ എന്നും ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി . ജില്ലകളിൽ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാൻ ജില്ലാ കളക്ടർ മാർ കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ കൂടണമെന്നും പുതിയതായി വരുന്ന ദേശീയപാതകളുടെ അവലോകനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുമരാമത്തു സെക്രെട്ടറി വിളിക്കണമെന്നും യോഗം കൂട്ടിച്ചേർത്തു.

മലയോര മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന മലയോര ഹൈവേ പദ്ധതി കാര്യമായി പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പൂർത്തിയായ കൊല്ലം ജില്ലയ്-ക്ക് പുറമെ കാസർകോട് തിരുവനന്തപുരം എന്നീ ജില്ലകളിൽ പദ്ധതി ഉടൻ തന്നെ പൂർത്തീകരിക്കുവാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഫോറെസ്റ്റ് ക്ലിയറൻസുമായി ബന്ധപ്പെട്ട അപേക്ഷകൾക്ക് ഉടൻ തന്നെ തീരുമാനം കാണണമെന്ന് ഫോറസ്റ്റ് അധികാരികൾക്ക് നിർദേശങ്ങൾ നൽകി.

തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ നീളുന്ന തീരദേശ ഹൈവേ നിലവിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലാണ്. അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സർക്കാർ ആകർഷകമായ നഷ്ടപരിഹാര പാക്കേജുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് യോഗം രേഖപ്പെടുത്തി. തർക്കങ്ങൾ നിലനില്ക്കുന്ന സ്ഥലങ്ങളിൽ പ്രാദേശിക ജനങ്ങളുമായി ചർച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ചുമതല കലക്ടർമാർക്ക് നൽകി.

വയനാട് –കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രസ്തുത പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള റോഡിന് ഒരു ബദൽ റോഡ് ആകുകയും യാത്ര സമയം ചുരുക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുകയും ചെയ്യും. നിലവിൽ രണ്ടു ജില്ലകളിലും ഭൂമിഏറ്റെടുക്കലിന്റെ 19(1) നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ് . പദ്ധതിയ്ക്കാവശ്യമായ പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കുമെന്നും അനുമതി ഇൗ വർഷം അവസാനത്തോടുകൂടി തന്നെ ലഭ്യമാകുമെന്നും യോഗം വിലയിരുത്തി. ടണലിന്റെ ടെൻഡർ നടപടികൾ ആരംഭിക്കുവാനും 2024 മാർചച്ചോടുകൂടി നിർമാണോദ്ഘടാനം നടത്തുവാനും നാലു വർഷത്തിനുളളിൽ പൂർത്തീകരിക്കാനും കഴിയുന്ന വിധം പ്രവൃത്തികൾ ത്വരിതപ്പെടുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി.

കണ്ണൂർ ഇരിട്ടി താലൂക്കിൽ, കല്ല്യാട് 311 ഏക്കറിലായാണ് ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്, ഏകദേശം 300 കോടി രൂപയ്ക്കു മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്റ്റ് സെന്ററിന്റെയും പൂർത്തീകരണം ജനുവരി 2024 നുള്ളിൽ കഴിയുമെന്ന് യോഗത്തിൽ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിലേയ്ക്ക് കാര്യക്ഷമമായി എത്തിക്കാനും സമയബദ്ധിതമായി അവ പൂർത്തിയാക്കാനും പ്രാദേശിക പ്രശ്നങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതിനും മേഖല അവലോകന യോഗങ്ങൾ സഹായകമായി. ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം നവകേരള കർമ്മപദ്ധതിയുടെ കീഴിൽ വരുന്ന വിവിധ മിഷനുകളുടെ പുരോഗതി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ എപ്രകാരമാണെന്നു വിലയിരുത്താനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കഴിഞ്ഞു. അതോടൊപ്പം ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടി ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു.ഈ വിധം സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും മേഖല അവലോകന യോഗങ്ങൾ ഊർജ്ജം പകർന്നു. നിലവിൽ പുരോഗമിക്കുന്ന പ്രശ്ന പരിഹാരങ്ങൾ ബന്ധപ്പെട്ട മന്ത്രിമാരുടെ വകുപ്പുകളുടെ നേതൃത്വത്തിൽ വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + 17 =

Most Popular