Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിപ്രതിഷേധം മുഖപ്രസംഗങ്ങളും പ്രകടനങ്ങളും

പ്രതിഷേധം മുഖപ്രസംഗങ്ങളും പ്രകടനങ്ങളും

ന്യൂസ് ക്ലിക്ക് വാർത്താപോർട്ടലിനുനേരെയുള്ള ഡൽഹി പൊലീസിന്റെ വേട്ടയാടലിനോടുള്ള പ്രതിഷേധം മാധ്യമരംഗത്തുനിന്നു മാത്രമല്ല, സമൂഹത്തിന്റെ നാനാമേഖലകളിൽ നിന്നും ഉയരുകയാണ്. ഇന്ത്യക്കകത്തും അമേരിക്കയിൽ ഉൾപ്പെടെ വിദേശങ്ങളിലും ജനാധിപത്യവിശ്വാസികൾ മോദി സർക്കാരിന്റെ മാധ്യമ കൊലപാതകത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങളിൽ പലതും മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെ വാളോങ്ങുന്ന മോദിയുടെ സേ-്വച്ഛാധിപത്യനടപടിക്കെതിരെ മുഖപ്രസംഗങ്ങൾ എഴുതി. മാധ്യമരംഗത്തെ സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ വെെ വി ചന്ദ്രചൂഡിന് കത്തെഴുതി. ഈ പ്രതിഷേധങ്ങളെയാകെ പ്രതിഫലിപ്പിക്കുന്ന വിധം ചില പത്രങ്ങളുടെ മുഖപ്രസംഗങ്ങൾ പൂർണരൂപത്തിലും ചിലവയുടെ പ്രസക്തഭാഗങ്ങളും നൽകുന്നതിനൊപ്പം പ്രതിഷേധങ്ങളുടെ റിപ്പോർട്ടുകളും ന്യൂസ് ക്ലിക്കിനെന്താണ് പറയാനുള്ളത് എന്നും സുപ്രീംകോടതി ചീഫ-് ജസ്റ്റിസിനായുള്ള മാധ്യമസംഘടനകളുടെ കത്തും ഞങ്ങൾ വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഓരോ മാധ്യമസ്ഥാപനവും നേരിടുന്ന വെല്ലുവിളിയാണിത് എന്ന നിലയിൽ ജനാധിപത്യവിശ്വാസികളുടെയാകെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരേണ്ടത്.

ചിന്ത പത്രാധിപസമിതി

ന്യൂസ് ക്ലിക്കിനു മേൽ ചുമത്തിയത് കേസില്ലാ കേസ്

  • ദി ഹിന്ദു, ഒക്ടോബർ 9

ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനായ പ്രബീർ പുർകായസ്തയ്ക്കും മറ്റുമെതിരെ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ യാതൊരടിസ്ഥാനവുമില്ലാത്ത അവിയൽ പരുവത്തിലുള്ള കുറെ ആരോപണങ്ങൾ മാത്രമാണ്; ഭീകരപ്രവർത്തനവുമായി ഇവരെ ബന്ധപ്പെടുത്താനെന്നല്ല എന്തെങ്കിലും ഒരു കുറ്റകൃത്യം ഇവർ ചെയ്തതായി വ്യക്തമാക്കാൻ പോലും എഫ്ഐആറിനു കഴിഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കപ്പെട്ട ഏതെങ്കിലുമൊരു ഉള്ളടക്കത്തിന്റെ പിൻബലമില്ലാതെ, അങ്ങനെയൊന്നും ചൂണ്ടിക്കാണിക്കാനില്ലാതെ, രാജ്യസുരക്ഷ തകർക്കാനുള്ള ഗൂഢാലോചന മുതൽ 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിവരെ, സർക്കാരിനെതിരെ വിദേ-്വഷം പ്രചരിപ്പിക്കൽമുതൽ അവശ്യസേവനങ്ങൾ ശിഥീകരിക്കൽവരെയുള്ള ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തതായി എഫ്ഐആർ ആരോപിക്കുന്നു. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽനിയമം)യിലെ വകുപ്പുകളും ഗൂ-ഢാലോചന, വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത പ്രോത്സാഹിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പീനൽ കോഡിലെ വകുപ്പുകളുമെല്ലാമാണ് ചുമത്തിയിട്ടുള്ളത്. തികച്ചും ശ്രദ്ധേയമായ കാര്യം, നിയമവിരുദ്ധപ്രവർത്തനമോ ഭീകരപ്രവർത്തനമോ ആയി ചിത്രീകരിക്കാവുന്ന ഒന്നുംതന്നെ ഇതിൽ എവിടെയും പരാമർശിക്കുന്നില്ല എന്നതാണ്. സർക്കാരിനെതിരെ അസംതൃപ്തി സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും ഭൂപരമായ അഖണ്ഡതയെയും തകർക്കുന്നതിനും രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും നേരെ വെല്ലുവിളി ഉയർത്തുന്നതിനും വേണ്ടി ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾ നിയമവിരുദ്ധമായി ഈ രാജ്യത്തേക്ക് വിദേശപണം കടത്തിക്കൊണ്ടുവരുന്നതായി ഒരു പൊതു ആഖ്യാനമുണ്ട്. അരുണാചൽ പ്രദേശും കാശ്-മീരും ‘‘ഇന്ത്യയുടെ ഭാഗമല്ല’’യെന്ന് കാണിക്കുന്നതായുള്ള ഇ മെയിൽ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ‘‘ഗൂഢാലോചന’’യെക്കുറിച്ച് എഫ്ഐആർ പരാമർശിക്കുന്നുണ്ട‍്; തുടർന്ന് 2020–2021 ലെ കർഷകപ്രക്ഷോഭത്തിലേക്ക് തിരിയുകയും രാജ്യത്ത് അവശ്യസാധനങ്ങളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് അത് നടത്തിയതെന്ന് വ്യാഖ്യാനിക്കുകയും ചെയ്യുന്നു.

സർവോപരി അമേരിക്കൻ ബിസിനസ്സുകാരനായ നെവിൽ റോയി സിങ്കം ന്യൂസ് ക്ലിക്കിൽ നടത്തിയ നിക്ഷേപവുമായി പൊലീസ് കൂട്ടിക്കെട്ടുകയാണെന്ന് വ്യക്തമാണ്. രാജ്യസുരക്ഷയെ തകർക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും വേണ്ട പ്രചരണത്തിന് ‘‘ചെെനീസ്’’ഫണ്ട് ഉപയോഗിക്കുകയാണെന്ന കേസുണ്ടാക്കുന്നതിന് ന്യൂസ് ക്ലിക്കിലെ ഉള്ളടക്കത്തെ ഉപയോഗിക്കുന്നതിന് ശ്രമിക്കുകയുമാണ്. യുഎപിഎയിലെ വ്യാഖ്യാനസാധ്യതയുള്ള ചില വ്യവസ്ഥകൾ ഇങ്ങനെ ദുരുപയോഗം ചെയ്യാൻ ഉതകുന്നവയാണ്; ആളുകളുടെ പ്രവർത്തനങ്ങളെ ‘‘ചിന്താപരമായ കുറ്റകൃത്യങ്ങൾ’’ എന്ന നിലയിൽ വ്യാഖ്യാനിച്ച് അവരെ കുറ്റവാളികളായി ചിത്രീകരിക്കാൻ അനായാസം കഴിയുന്ന വ്യവസ്ഥകളതിലുണ്ട‍‍്. പൊലീസ് യുഎപിഎയെ ആശ്രയിക്കുന്നത് മതചിന്താഗതിക്കാരെയും സർക്കാരിനെ അനുകൂലിക്കാത്തവരെയും അനന്തമായി തടവറയിലാക്കുകയും അങ്ങനെ പൊതുവിൽ മാധ്യമസമൂഹത്തെയാകെ വിരട്ടി നിർത്തുകയും ചെയ്യുന്നതിനുള്ള ഒരു അടവായാണ്. ലോക്-സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണത്തിൽ ‘‘ചെെനീസ് ഗൂഢാലോചന’’ സിദ്ധാന്തം മെനഞ്ഞെടുക്കുന്നതിന് ബിജെപിയെ സഹായിക്കുകയെന്ന തിരഞ്ഞെടുപ്പ് അജൻഡയും ഇതിനു പിന്നിൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. രണ്ട് ടെലകോം കമ്പനികൾ ചേർന്ന് ഒരു ഷെൽ കമ്പനി (കാര്യമായ ആസ്തിയോ സജീവമായ ബിസിനസോ ഒന്നുമില്ലാത്ത കമ്പനി) രൂപീകരിക്കുന്നതായി ആരോപിച്ചുകൊണ്ടുള്ള എഫ്ഐആറിലെ യാദൃച്ഛിക പരാമർശത്തിന് വലിയ പ്രാധാന്യമൊന്നുമില്ല; ഭീകരപ്രവർത്തനത്തിന് പണമെത്തിക്കുന്നതിന് ഇതിനെ ഉപയോഗിക്കുന്നുവെന്ന് സ്ഥാപിക്കാൻ വേറെ അനേ-്വഷണമാണ് വേണ്ടത്. ഈ കമ്പനികളുടെ ഡിഫെൻസിന് ലീഗൽ നെറ്റ്-വർക്ക് സൃഷ്ടിക്കാൻ സഹായിക്കുന്നവരുടെ കൂട്ടത്തിൽ ഒരു അഭിഭാഷകനുണ്ടെന്ന് സൂചിപ്പിക്കുന്ന പൊലീസ് നിയമസഹായത്തെ ക്രിമിനൽവൽക്കരിക്കാനുള്ള നീക്കത്തിലാണെന്ന് തോന്നുന്നു. അസ്വസ്ഥതയുളവാക്കുന്ന ഒരു പ്രവണതയിലേക്കാണ് ഈ കേസ് വിരൽചൂണ്ടുന്നത്. ഭീകരവിരുദ്ധ നിയമങ്ങളെ ദുരുപയോഗം ചെയ്യാനും വ്യക്തിസ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും തകർക്കുന്നതിന് ദേശസുരക്ഷാവികാരം ഇളക്കിവിടുന്നതിനുമുള്ള ഭരണക്കാരുടെ താൽപ്പര്യമാണത് കാണിക്കുന്നത്.

മറ്റൊരു പ്രഹരം

ദി ടെലഗ്രാഫ്, 2023 ഒക്ടോബർ 5

മാധ്യമ സ്വാതന്ത്ര്യത്തിനുള്ള നരേന്ദ്രമോദിയുടെ ‘അചഞ്ചലമായ പിന്തുണ’ കഴിഞ്ഞ കുറേ വർഷങ്ങളായി അടിച്ചമർത്തലിന്റേതും വേട്ടയാടലിന്റേതുമായ മക്കാർത്തിയൻ മാനം കെെവരിച്ചിരിക്കുകയാണ്. മോദി വാഴ്ചയുടെ വിമർശകരായി അറിയപ്പെടുന്ന ഓൺലെെൻ ന്യൂസ് പോർട്ടലായ ന്യൂസ് ക്ലിക്കിനെതിരെ നടത്തിയ പൊലീസ് റെയ്ഡ് ഇക്കാര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കിരാതമായ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) ഒരു മാധ്യമ സ്ഥാപനത്തിനെതിരെ ഇതാദ്യമായി പ്രയോഗിച്ചിരിക്കുകയാണ്; ആ മാധ്യമത്തിന്റെ മുഖ്യപത്രാധിപരെ ഭീകരപ്രവർത്തനവുമായി ബന്ധപ്പെടുത്തി അറസ്റ്റു ചെയ്തിരിക്കുകയാണ്; ആ മാധ്യമ സ്ഥാപനവുമായി ബന്ധപ്പെട്ട നിരവധി ജേണലിസ്റ്റുകളെയും ആ വാർത്താ പോർട്ടലിന് ചെെനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്നും അത് രാഷ്ട്രവിരുദ്ധ പ്രചരണം നടത്തുകയാണെന്നുമുള്ള സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യുകയുമുണ്ടായി. ഈ കുറ്റാരോപണങ്ങളെക്കുറിച്ച് കോടതി നിഷ്പക്ഷമായി പരിശോധിച്ചേക്കാം. എന്നാൽ ആ മാധ്യമ സ്ഥാപനത്തെ – ഫലത്തിൽ സ്വതന്ത്രമായി വാർത്തകൾ നൽകുന്ന ചെറിയൊരു മാധ്യമ കൂട്ടായ്മയെ-– അപകീർത്തിപ്പെടുത്തുകയും ദ്രോഹിക്കുകയുമാണിവിടെ; കുറ്റാരോപണം കോടതിയിൽ തെളിയിക്കപ്പെടുന്നതിനുമുൻപു തന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് മോദി ഗവൺമെന്റ് പിന്തുടരുന്ന അനിയന്ത്രിതമായ സേ-്വച്ഛാധിപത്യത്തിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്. ഇതുമായി ബന്ധപ്പെട്ട അവഗണിക്കാനാവാത്ത മറ്റൊരു വിഷയം പൊലീസ് ആ സ്ഥാപനത്തിലെ ജീവനക്കാരുടെയും അതിലെ എഴുത്തുകാരുടെയും മൊബെെൽഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതാണ്. ഇങ്ങനെ പിടിച്ചെടുക്കപ്പെടുമ്പോൾ പാലിക്കപ്പെടേണ്ട നിയമ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല എന്ന ആരോപണവുമുണ്ട്. നടപടിക്രമങ്ങളുടെയും സ്വകാര്യതയുടെയും ലംഘനം ഇവിടെ നടന്നുവെന്നത് മാത്രമല്ല നമ്മെ ഉത്കണ്ഠപ്പെടുത്തുന്നത്. ഭീമ – കൊറേഗാവ് കേസിൽ നിരവധി ആക്ടിവിസ്റ്റുകളെയും ബുദ്ധിജീവികളെയും തുറുങ്കിലടയ്-ക്കുന്നതിന് അവരുടെ ലാപ്ടോപ്പുകളിൽ അവർക്കെതിരായി ഉപയോഗിക്കാവുന്ന തെളിവുകൾ പൊലീസ് കൃത്രിമമായി സ്ഥാപിച്ചിരുന്നു എന്ന ആരോപണമുണ്ട്. വാസ്തവത്തിൽ, വിവേചനരഹിതമായി ഇലക്ട്രോണിക് തെളിവുകൾ ഉപയോഗിക്കാൻ – ചൂഷണം ചെയ്യാൻ – അനേ-്വഷകരെ അനുവദിക്കുന്ന നിലനിൽക്കുന്ന നിയമത്തിലെ പഴുതുകൾ പരിശോധിക്കുകയും അവ അടയ്ക്കുകയും ചെയ്യേണ്ടതുണ്ട്. സമാന സ്വഭാവത്തിലുള്ളതും മനസ്സ് മടുപ്പിക്കുന്നതുമായ ഒരു തിരക്കഥയുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾക്കു നേരെയുള്ള ഓരോ ആക്രമണവും നടക്കുന്നത്. ജേണലിസ്റ്റുകളും ആക്ടിവിസ‍്റ്റുകളും വിദ്യാർഥികളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു; പ്രതിപക്ഷാംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കുന്നു; മോദി വാഴ്ചയിൽ ഇന്ത്യയുടെ പത്രസ്വാതന്ത്ര്യ സൂചിക കുത്തനെ താഴോട്ടു പതിച്ചതിനെക്കുറിച്ച് റീം കണക്കിന് പേപ്പറുകൾ എഴുതപ്പെട്ടിട്ടുണ്ട് – മാധ്യമങ്ങളെ ദുർബലമാക്കുന്നതും തുടർന്ന് അവയെ ഭരണക്കാരുടെ വാഴ്ത്തുപാട്ടുകാരാക്കി മാറ്റുന്നതും രാഷ്ട്രത്തിന്റെയും അതിലെ പൗരരുടെയും അവകാശങ്ങളെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ജനങ്ങളെ ബോധവൽകരിക്കാനായി ശക്തമായ പ്രചരണം ജനങ്ങൾക്കിടയിൽ നടത്തണം. ഇന്ത്യയുടെ മാധ്യമ ഇടം വിഭജിക്കപ്പെട്ടിരിക്കുകയാണ്; ഈ വിഭജനമുണ്ടായത് മാധ്യമങ്ങൾ തമ്മിലുള്ള കിടമത്സരവും രാഷ്ട്രീയമായി അവ വ്യത്യസ്ത പക്ഷം പിടിക്കുന്നതിന്റെയും ഫലമായാണ്. ഈ പ്രതിസന്ധിയുടെ ആഴം എത്രത്തോളമെന്ന് വിലയിരുത്താൻ കുറച്ചു കാലത്തേക്കു മാത്രമായെങ്കിലും മാധ്യമങ്ങൾ ഒരുമിച്ചു നിൽക്കണം. കാരണം, ഈ പ്രതിസന്ധി മാധ്യമങ്ങളുടെ നിലനിൽപിനെ തന്നെ ബാധിക്കുന്ന അസ്തിത്വപരമായ പ്രകൃതമുള്ളതാണ്.

അടിയന്തരാവസ്ഥയുടെ കാലം

ദി ഹിന്ദു, ഒക്ടോബർ 5

ന്യൂസ് ക്ലിക്ക് കേസിലെ അറസ്റ്റുകളുടെയും നടപടികളുടെയും ലക്ഷ്യം 
ഭയപ്പെടുത്തൽ തന്നെ

വിമർശനാത്മക മാധ്യമ പ്രവർത്തനത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന ഒരു സർക്കാരിനെ സംബന്ധിച്ചാണെങ്കിൽപോലും ന്യൂസ് ക്ലിക്ക് എന്ന ന്യൂസ് വെബ്സെെറ്റിന്റെ കാര്യത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ കെെക്കൊള്ളുന്ന നടപടികൾ തികഞ്ഞ പകവീട്ടലും നഗ്നമായ പീഡനവും തന്നെയാണ്. നിയമവിരുദ്ധ നടപടികൾ തടയൽ നിയമം (യുഎപിഎ) ഉൾപ്പെടെയുള്ളവയിലെ കിരാതമായ വകുപ്പുകൾ പ്രയോഗിച്ച് ആ സെെറ്റിന്റെ എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തയെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ‘‘ചെെനയുമായി ബന്ധമുള്ള ഭീകര പ്രവർത്തനങ്ങളിൽ ഈ സെെറ്റിന് ബന്ധമുണ്ടോയെന്ന് അനേ-്വഷിക്കുന്നുവെന്നാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. എന്നാൽ, ചെെനീസ് അനുകൂല പ്രചരണ’’വുമായോ ‘‘ഭീകരത’’യുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിക്കാനാവുന്ന ഏതെങ്കിലുമൊരു ലേഖനമോ ഉള്ളടക്കമോ പുറത്തുകൊണ്ടുവരാൻ ഇതേവരെ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല. എന്തു കുറ്റം ആരോപിച്ചാണ‍് തങ്ങൾക്കെതിരെ ഈ കടന്നാക്രമണങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കാനോ പ്രഥമ വിവര റിപ്പോർട്ടിന്റെ (എഫ്ഐആർ) പകർപ്പ് നൽകാനോ ഇതേവരെ തയ്യാറായിട്ടില്ല എന്ന പരാതിയും ആ സ്ഥാപനത്തിനുണ്ട്. എന്നിട്ടും ആ സ്ഥാപനവുമായി ബന്ധപ്പെട്ട ജേണലിസ്റ്റുകളെയും എഴുത്തുകാരെയും ജീവനക്കാരെയുമെല്ലാം റെയ്ഡു ചെയ്തിരിക്കുകയാണ്; അവരുടെ മൊബെെൽ ഫോണുകളും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തു. ഈ വെബ്സെെറ്റിനെതിരെയുള്ള ഈ നടപടികൾ ആദ്യമായിട്ടൊന്നുമല്ല ഉണ്ടായത് – 2021 മുതൽ തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെയും പരിശോധനകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്;അവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അപ്പോഴും പിടിച്ചെടുത്തതാണ്; എന്നാൽ ആ സ്ഥാപനത്തിനെതിരെ ഒരു കുറ്റപത്രവും ഇതേവരെ നൽകിയിട്ടില്ല. ന്യൂസ് ക്ലിക്കിന് അനുകൂലമായി പ്രഥമദൃഷ്ട്യാതന്നെ ഒരു വാദമുണ്ടെന്ന് കണ്ടെത്തിയ ഡൽഹി ഹെെക്കോടതി പുർകായസ്തയ്ക്ക് അറസ്റ്റിൽനിന്ന് താൽകാലിക സംരക്ഷണം അനുവദിച്ചിരുന്നു; ന്യൂസ് ക്ലിക്കിനെതിരെ ബലപ്രയോഗം നടത്തുന്നതിൽനിന്ന് ഇഡിയെ വിലക്കുകയും ചെയ്തിരുന്നു. ഇതേ വിഷയത്തിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഫയൽ ചെയ്ത പരാതി കീഴ്-കോടതി തള്ളിക്കളഞ്ഞതാണ്.

ന്യൂസ് ക്ലിക്കിനായി പണം മുടക്കിയിട്ടുള്ള ഒരാളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തുകൊണ്ടും അയാൾക്ക് ചെെനീസ് ഗവൺമെന്റുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചുകൊണ്ടും ദി ന്യൂയോർക്ക് ടെെംസിൽ വന്ന ഒരു ലേഖനമാണ് ഇപ്പോഴത്തെ ഈ നടപടികൾക്ക് പ്രേരകമായത്; എന്നാൽ ഈ സെെറ്റിൽ ഇന്ത്യക്കെതിരായി നിയമവിരുദ്ധ പ്രചാരണം ഉൾക്കൊള്ളുന്ന യാതൊന്നും തന്നെ അതിൽ ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഈ ലേഖനത്തെ ആധാരമാക്കി സർക്കാർ പ്രതിനിധികൾ ന്യൂസ് ക്ലിക്കിനെ അപകീർത്തിപ്പെടുത്താനും വ്യാജ പ്രചാരണമഴിച്ചുവിടാനും അപ്പോൾ മുതൽ ആരംഭിച്ചതാണ്. ചൊവ്വാഴ്ച (ഒക്ടോബർ 3) കെെക്കൊണ്ട നടപടികൾ ഒരു മാധ്യമ സ്ഥാപനത്തെ ബലിയാടാക്കിക്കൊണ്ട് ആ നിലയിൽ വിമർശനാത്മക മാധ്യമ പ്രവർത്തനത്തെയാകെ വിരട്ടി വരുതിയിലാക്കുന്നതിനുള്ള സമ്മർദതന്ത്രമാണ്. ഒരു സർക്കാരിനും മാധ്യമ സ്ഥാപനത്തിനും ലഭിക്കുന്ന ഫണ്ടിനെ സംബന്ധിച്ച സംശയത്തെ മാത്രം അടിസ്ഥാനമാക്കി മാധ്യമ പ്രവർത്തകരെ ഇങ്ങനെ ഹീനമായി ആക്രമിക്കാനാവില്ല; ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ അട്ടിമറിക്കാനും ഗവൺമെന്റിന് അധികാരമില്ല. 1975ലെ അടിയന്തരാവസ്ഥയുടെ നാളുകളിൽ അന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയിലെ വിദ്യാർഥി സംഘടനാ പ്രവർത്തകനായിരുന്ന പുർകായസ്തയെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കിരാതമായ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ്. പക്ഷേ ഇന്ന് ചരിത്രം വീണ്ടും ആവർത്തിക്കുകയാണെന്ന് തോന്നുന്നു: പക്ഷേ പ്രഖ്യാപിതമായ അടിയന്തരാവസ്ഥയെന്ന മറപോലുമില്ലാതെയാണത്. 

ഇന്ത്യൻ എക്‌സ്‌പ്രസ്‌ മുഖപ്രസംഗത്തിൽനിന്ന്‌

(ഒക്ടോബർ 5)

ന്യൂസ്‌ ക്ലിക്കിലെ റെയ്‌ഡുകളും അറസ്റ്റുകളും പൊലീസിനെയും ഇഡിയെയും തങ്ങളുടെ ആയുധങ്ങളായി ഭരണാധികാരികൾ ഉപയോഗിക്കുകയാണെന്ന ആശങ്ക ബലപ്പെടുത്തുന്നതാണ്‌; മാധ്യമസംഘടനകളെ വിരട്ടി വരുതിയിലാക്കുന്നതിന്‌ യുഎപിഎ എന്ന കിരാതനിയമത്തെ വിന്യസിക്കുകയുമാണ്‌… ഈ അറസ്റ്റുകളും റെയ്‌ഡുകളും പത്രസ്വാതന്ത്ര്യം സംബന്ധിച്ച, പൗരരുടെ അറിയാനുള്ള മൗലികമായ അവകാശത്തിന്റെ നിർണായക ഭാഗമായ പത്രസ്വാതന്ത്ര്യം സംബന്ധിച്ച ഗൗരവസ്വഭാവമുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. യുഎപിഎ നടപ്പാക്കിയതും ചൊവ്വാഴ്‌ചയുണ്ടായ പൊലീസ്‌ നടപടിയും നിയമാനുസൃതമായ നടപടിക്രമങ്ങൾ ഒഴിവാക്കുകയെന്ന ഹീനമായ നീക്കത്തെയാണ്‌ സൂചിപ്പിക്കുന്നത്‌; ഭരണകൂടത്തിന്റെ കൈയേറ്റങ്ങൾക്കെതിരെ പൗരരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളെയാകെ ഒഴിവാക്കുന്നതിനാണിത്‌… ന്യൂസ്‌ ക്ലിക്കിന്റെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസ്‌ അതിന്റെ വഴിക്ക്‌ നടന്നോട്ടെ; അതങ്ങനെ ചെയ്യുമ്പോൾ തന്നെ നിയമാനുസരണ നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്നത്‌ പ്രധാന കാര്യമാണ്‌.
കർക്കശമായ നിയമപ്രകാരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്‌ ഭരണകൂടം കൂടുതൽ അധികാരങ്ങൾ കവർന്നെടുക്കുന്നത്‌ അനുവദിക്കാനാവില്ല. ഇവിടെ ഈ വിഷയത്തിൽ ഇതാണ്‌ സംഭവിച്ചിരിക്കുന്നത്‌; തന്മൂലം ക്രിമിനൽ നിയമത്തിലെ പൊതുതത്വങ്ങളെല്ലാം മാറ്റിമറിക്കപ്പെട്ടിരിക്കുകയാണ്‌; കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധിയെല്ലാം തകർക്കപ്പെട്ടിരിക്കുകയാണ്‌; ജാമ്യം ലഭിക്കുകയെന്നത്‌ അസാധ്യമായ സംഗതിയായിരിക്കുന്നു…

ഡെക്കാൻ ക്രോണിക്കിൾ മുഖപ്രസംഗത്തിൽനിന്ന്‌

(ഒക്ടോബർ 5)

‘‘ഫണ്ട്‌ വന്ന വഴികൾ ഏതെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തേണ്ട ബാധ്യത സർക്കാരിനുണ്ട്‌; നിയമവിരുദ്ധമായ വഴിയിൽ പണം വന്നിട്ടുണ്ടെങ്കിൽ ആ സ്ഥാപനത്തെ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതുമാണ്‌… എന്നാൽ ഇവിടെ അതല്ല കാര്യമെന്നാണ്‌ തോന്നുന്നത്‌. ഇതേവരെ ഇഡി ചിത്രത്തിൽ വന്നിട്ടില്ല; ഡൽഹി പൊലീസാണ്‌ ഇപ്പോൾ ആ പണി ചെയ്യുന്നത്‌. ഇക്കാലമന്ത്രയും ഇഡി എന്താണ്‌ അന്വേഷിച്ചുകൊണ്ടിരുന്നത്‌? പച്ചയായി പറഞ്ഞാൽ ഇത്‌ പീഡിപ്പിക്കലല്ലേ?… മാധ്യമങ്ങളെ വിരട്ടി വരുതിയിലാക്കാനുള്ള നീക്കമല്ലേ ഇത്‌? മാധ്യമസ്ഥാപനങ്ങൾ ജനങ്ങളെ വിവരങ്ങളറിയിക്കാനാണ്‌ പ്രവർത്തിക്കുന്നത്‌; അല്ലാതെ അവരെ ഭയപ്പെടുത്താനാവരുത്‌. ഒു വാർത്താ പോർട്ടലിന്റെ മുഖ്യസ്ഥാനങ്ങളിലുള്ളവരെ ഏജൻസികൾ ഭീകരവിരുദ്ധ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന്റെ യുക്തി എന്താണ്‌?’’

ബിസിനസ്‌ സ്റ്റാൻഡേർഡ്‌ മുഖ്യപ്രസംഗത്തിൽ നിന്ന്‌ (ഒക്ടോബർ 5)
ന്യൂസ്‌ ക്ലിക്ക്‌ എക്‌സിക്യുട്ടീവുകൾക്കെതിരെ യുഎപിഎ ചുമത്തിയതും ജേർണലിസ്റ്റുകളെ റെയ്‌ഡ്‌ ചെയ്‌ത രീതിയും കുറേ കടന്നകൈ തന്നെയാണ്‌; അടുത്തകാലത്ത്‌ പാസാക്കപ്പെട്ട ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്‌ഷൻ ആക്ടിനെ സംബന്ധിച്ച്‌ ജനങ്ങൾക്കിടയിൽ ഉയർന്ന ആശയങ്കകളെയാകെ അത്‌ ശരിവയ്‌ക്കുന്നു; നിർദിഷ്ട ക്രിമിനൽ നടപടി നിയമപരിഷ്‌കാരങ്ങളുടെ ലക്ഷ്യമെന്തെന്നും ഇത്‌ സ്‌പഷ്ടമാക്കുന്നു.

ഭരണാധികാരികൾ നടപടിക്രമങ്ങൾ ശരിയായ രീതിയിൽ പാലിച്ചോയെന്നതു മാത്രമല്ല പ്രശ്‌നം. യുഎപിഎ പ്രകാരം നടത്തിയ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും ശരിയായ നടപടിക്രമങ്ങളുടെ ഗതിക്രമത്തെയാകെ തകർത്തിരിക്കുകയാണ്‌; അതാകെ അതിരുകടന്ന പ്രതികരണമായാണ്‌ തോന്നുന്നത്‌; യുഎപിഎ പ്രകാരം അറസ്റ്റുചെയ്യപ്പെടുന്നവർക്ക്‌ ജാമ്യം ലഭിക്കണമെങ്കിൽ തന്നെ കർക്കശമായ വ്യവസ്ഥകൾ പ്രകാരമേ കഴിയൂ… ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ ഡൽഹി പൊലീസ്‌ ഈയാഴ്‌ച കൈക്കൊണ്ട നടപടികളുടെ സ്വഭാവം തന്നെ സംശയാസ്‌പദമാണ്‌. ബലപ്രയോഗസ്വഭാവമുള്ള നിയമങ്ങൾ സർവശക്തിയുമെടുത്ത്‌ പ്രയോഗിച്ച്‌ വിമർശകരുടെയാകെ വായടപ്പിക്കാനാണ്‌ ഭരണാധികാരികൾ ശ്രമിക്കുന്നത്‌ എന്ന നിഗമനത്തിൽ മാത്രമേ ഈ നടപടികൾ നമ്മെ കൊണ്ടെത്തിക്കുകയുള്ളൂ.

ആനന്ദബസാർ പത്രിക

പ്രമുഖ ബംഗാളി ദിനപത്രമായ ആനന്ദബസാർ പത്രിക ഒക്ടോബർ 6ന്‌ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു‐ ‘‘ന്യൂസ്‌ ക്ലിക്കിനെതിരെ യുഎപിഎ എന്ന കാടൻനിയമം പ്രയോഗിച്ചതിന്റെ അർഥം ഈ കടന്നാക്രമണം ന്യൂസ്‌ ക്ലിക്കിനെതിരെ മാത്രമല്ല, രാജ്യത്തെ മാധ്യമസമൂഹത്തിനു നേരെയാകെ ഇത്‌ വന്ന്‌ പതിക്കാമെന്നാണ്‌.’’

പ്രതിഷേധപ്രസ്താവനകളും പ്രകടനങ്ങളും
ന്യൂസ്‌ ക്ലിക്കിനെതിരെ ഡൽഹി പൊലീസ്‌ യുഎപിഎ എന്ന കാടൻനിയമം പ്രയോഗിച്ച്‌ അടച്ചുപൂട്ടിയതിലും പ്രബീർ പുർകായസ്‌തയെയും അമിത്‌ ചക്രവർത്തിയെയും അറസ്റ്റ്‌ ചെയ്‌തതിലും പ്രതിഷേധിച്ചും അറസ്റ്റ്‌ ചെയ്‌തവരെ വിട്ടയയ്‌ക്കണമെന്നാവശ്യപ്പെട്ടും ലോകത്തിലെ പ്രശസ്‌തരായ 250ലേറെ മാധ്യമപ്രവർത്തകരും രാഷ്‌ട്രീയനേതാക്കളും കലാകാരും അക്കാദമിക്കുകളും ഒപ്പിട്ട്‌ ഒരു പ്രസ്‌താവന പുറപ്പെടുവിച്ചു. ദക്ഷിണാഫ്രിക്കൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറി ക്രിസ്‌ ഹസാർഡ്‌, ജർമനിയിലെ ഇടതുപക്ഷ പാർലമെന്റംഗമായ സെവിം ഡാഗ്‌ദെലൻ, യുദ്ധവിരുദ്ധപ്രസ്ഥാനത്തിന്റെ നേതാവായ ജോഡി ഇവാൻസ്‌, ജാക്കൊബിൻ മാഗസീന്റെ സ്ഥാപകനും ദ നേഷൻ മാഗസീന്റെ പ്രസിഡന്റുമായ പ്രശസ്‌ത എഴുത്തുകാരൻ ഭാസ്‌കർ സുങ്കാരാ, ബ്രിട്ടനിലെ മോണിങ്‌ സ്റ്റാർ പത്രത്തിന്റെ എഡിറ്റർമാരായ ബെൻ ചാക്കൊയും റോജർ മക്കെൻസിയും, വിക്കി ലീക്‌സ്‌ സ്ഥാപകൻ ജൂലിയൻ അസാൻജെയുടെ സഹോദരൻ ഗബ്രിയേൽ ഷിപ്പ്‌ടൺ തുടങ്ങി ഒട്ടേറെ പ്രശസ്‌തരാണ്‌ അതിൽ ഒപ്പുവച്ചിട്ടുള്ളത്‌. ജർമനി, അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, സൗത്ത്‌ ആഫ്രിക്ക, ക്യൂബ, സ്വീഡൻ, വെനസ്വേല, ആസ്‌ട്രേലിയ, കാനഡ, ബൊളീവിയ, ചിലി, ഈജിപ്‌ത്‌, കെനിയ, ലബനൻ, ബ്രസീൽ, അർജന്റീന, മെക്‌സിക്കൊ, പെറു, ഇറ്റലി, അയർലണ്ട്‌, മലേഷ്യ തുടങ്ങിയ മുപ്പതിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രശസ്‌തരാണ്‌ ന്യൂസ്‌ ക്ലിക്കിനോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചും മോദി സർക്കാരിന്റെ മാധ്യമവേട്ടയിൽ പ്രതിഷേധിച്ചും പ്രസ്‌താവനകൾ പുറപ്പെടുവിച്ചത്‌.

ഒക്ടോബർ മൂന്നിന്‌ ന്യൂസ്‌ ക്ലിക്കിനെതിരെ മോദി സർക്കാരിന്റെ ആക്രമണവാർത്ത പുറത്തുവന്നയുടൻതന്നെ അമേരിക്കയിലെ ന്യൂയോർക്ക്‌ സിറ്റിയിലുള്ള ന്യൂയോർക്ക്‌ ടൈംസിന്റെ 52 നിലയുള്ള ആസ്ഥാനമന്ദിരത്തിനു പുറത്ത്‌ നൂറുകണക്കിനാളുകൾ,‐ മാധ്യമപ്രവർത്തകരും ചിന്തകരും എഴുത്തുകാരും വിദ്യാർഥികളും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്‌തു. 2023 ആഗസ്‌ത്‌ 7ന്‌ ന്യൂയോർക്ക്‌ ടൈസ്‌ പത്രത്തിൽ വന്ന ഒരു റിപ്പോർടട്‌ ചൂണ്ടിക്കാട്ടിയാണ്‌ അമിഷ്‌ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ്‌ ന്യൂസ്‌ ക്ലിക്കിനെതിരെ നടപടിയെടുത്തത്‌. ചൈനീസ്‌ പ്രൊപ്പഗാൻഡ നെറ്റ്‌വർക്കിന്റെ ഭാഗമാണ്‌ ന്യൂസ്‌ ക്ലിക്ക്‌ എന്നും ചൈനീസ്‌ ഫണ്ട്‌ അതിനു കിട്ടുന്നുണ്ടെന്നുമുള്ള, തെളിവുകളൊന്നും ചൂണ്ടിക്കാണിക്കാതെ ഒഴുക്കൻ മട്ടിലുള്ള ഒരു റിപ്പോർട്ടാണ്‌ ന്യൂയോർക്ക്‌ ടൈംസിൽ വന്നത്‌.

ന്യൂയോർക്ക്‌ ടൈംസ്‌ പത്രത്തിന്റെ ഓഫീസിനു പുറത്തു നടന്ന പ്രതിഷേധപ്രകടനത്തെ അഭിസംബോധന ചെയ്‌ത ബ്രേക്‌ത്രൂ ന്യൂസിന്റെ ചീഫ്‌ എഡിറ്റർ ബെൻ ബെക്കർ പറഞ്ഞത്‌ അമേരിക്ക നടത്തുന്ന ചൈനാവിരുദ്ധ ശീതയുദ്ധത്തിന്റെ ഭാഗമായുള്ള ചൈനാവിരുദ്ധ പ്രചാരണം ലക്ഷ്യമാക്കിയുള്ള ഒരിനം മാത്രമാണ്‌ ആ റിപ്പോർട്ട്‌ എന്നാണ്‌. അമേരിക്കൻ വിദേശനയത്തെ ചോദ്യം ചെയ്യുന്നവർക്കാകെ എതിരെയുള്ള, യുദ്ധവിരുദ്ധ പ്രസ്ഥാനത്തിനുനേരെ തന്നെയുള്ള ആക്രമണത്തിന്റെ ഭാഗമാണ്‌ ന്യൂസ്‌ ക്ലിക്കിനെതിരെയും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകടനത്തെ അഭിസംബോധന ചെയ്‌ത പീപ്പിൾസ്‌ ഡെസ്‌പാച്ചിന്റെ സഹപത്രാധിപയായ സോ അലക്‌സാന്ദ്ര പറഞ്ഞത്‌ ഇന്ത്യയിൽ നടന്ന കർഷകസമരം, സിഎഎ വിരുദ്ധ സമരം എന്നിവ കൃത്യമായി റിപ്പോർട്ട്‌ ചെയ്‌ത പ്രസിദ്ധീകരണമാണ്‌ ന്യൂസ്‌ ക്ലിക്കെന്നും അതിന്റെ പകവീട്ടലാണ്‌ ആ സ്ഥാപനത്തിനുനേരെ നടക്കുന്നതെന്നുമാണ്‌.

ഇരുനൂറിലേറെ ട്രേഡ്‌ യൂണിയനുകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും സംയുക്തവേദിയായ ഇന്റർനാഷണൽ പീപ്പിൾസ്‌ അസംബ്ലിയും മോദി സർക്കാരിന്റെ മാധ്യമവേട്ടയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇന്ത്യയിലെ ബിബിസി ഓഫീസുകളിൽ നടന്ന ആദായനികുതിവകുപ്പിന്റെ റെയ്‌ഡിനെതിരെ ന്യൂയോർക്ക്‌ ടൈംസിന്റെ എഡിറ്റോറിയൽ ബോർഡ്‌ 2022 ഫെബ്രുവരി 12ന്‌ എഴുതിയത്‌.

ന്യൂസ്‌ ക്ലിക്കിനെതിരെയുള്ള നടപടികൾക്ക്‌ നിദാനമായ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ച്‌ ന്യൂയോർക്ക്‌ ടൈംസ്‌ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചും അതിനെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും എഴുതിയതു കൂടി നോക്കാം. India`s Proud Tradition of a free press is at risk എന്നാണ്‌ തലവാചകം.

‘‘സ്വതന്ത്ര വാർത്താമാധ്യമങ്ങളെ വിരട്ടാനും നിശബ്ദരാക്കാനും ശിക്ഷിക്കാനും തങ്ങളുടെ അധികാരം ദുർവിനിയോഗിക്കുന്നത്‌ സ്വേച്ഛാധിപതികളായ നേതാക്കളുടെ അപകടകരമായ മുഖമുദ്രയാണ്‌.

ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായും ഈ ചേരിയിലാണ്‌: ‘‘ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം’’ എന്ന ഇന്ത്യയുടെ അഭിമാനകരമായ സ്ഥാനത്തെ തകർക്കുകയാണ്‌ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന മോദിയുടെ നടപടികൾ. 2014ൽ മോദി അധികാരത്തിൽ വന്നതിനെത്തുടർന്ന്‌ മാധ്യമപ്രവർത്തകർ അപകടകരമായ അവസ്ഥയിലാണ്‌ തങ്ങളുടെ ജോലി ചെയ്യുന്നത്‌; സർക്കാരിന്‌ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ ജീവൻതന്നെ അപകടത്തിലാണ്‌…

തൽഫലമായി, സ്വയം സെൻസർഷിപ്പ്‌ ഏർപ്പെടുത്തൽ വ്യാപകമായിരിക്കുകയാണ്‌; ഇതിനൊപ്പം കടുത്ത ഹിന്ദു ദേശീയതയും വാർത്താ റിപ്പോർട്ടിങ്ങിനെ സ്വാധീനിക്കുന്നു; (മോദി) സർക്കാർ നയത്തിന്റെ പ്രതിഫലനമാണിത്‌.

വിമർശനാത്മക റിപ്പോർട്ടിങ്ങിനോടുള്ള സർക്കാരിന്റെ അസഹിഷ്‌ണുത പ്രകടമാക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌, ‘‘ദി മോദി ക്വസ്റ്റ്യൻ’’ എന്ന ശീർഷകത്തിൽ ബിബിസി പ്രക്ഷേപണം ചെയ്‌ത ഡോക്യുമെന്ററിയെ തടയാൻ കഴിഞ്ഞമാസം മോദി സർക്കാർ അടിയന്തരാവസ്ഥാ നിയമങ്ങൾ പ്രയോഗിച്ചത്‌. മോദി ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ 2002ൽ നടന്ന ഭീകരമായ അക്രമസംഭവങ്ങളിൽ മോദി വഹിച്ച കുറ്റകരമായ പങ്കിനെ സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉന്നയിച്ചതാണ്‌ ആ ഡോക്യൂമെന്ററി; നിരവധി ആഴ്‌ചകൾ നീണ്ടുനിന്ന ആ ആക്രമണങ്ങളിൽ ആയിരത്തിലേറെ ആളുകളാണ്‌ കശാപ്പ്‌ ചെയ്യപ്പെട്ടത്‌; അങ്ങനെ കൊലപ്പെടുത്തപ്പെട്ടവരിൽ മഹാഭൂരിപക്ഷവും മുസ്ലീങ്ങളുമായിരുന്നു.

അടിയന്തരാവസ്ഥയുടെ നാളുകളെ ഓർമിപ്പിച്ചുകൊണ്ടുള്ള ഈ എഡിറ്റോറിയൽ അവസാനിക്കുന്നത്‌ ‘‘ജനാധിപത്യം അപകടത്തിൽ’’ എന്ന വാക്കുകളോടെയാണ്‌.

രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണങ്ങളിലേക്ക് ജുഡീഷ്യറിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള പത്രപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും 23 സംഘടനകൾ ചേർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന് നൽകിയ കത്തിന്റെ പൂർണ രൂപം

പ്രിയ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്,
മ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമായ സ്വതന്ത്ര മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സന്നദ്ധ, സ്വതന്ത്ര കൂട്ടായ്മ എന്ന നിലയിലാണ് ഞങ്ങൾ ഈ കത്തെഴുതുന്നത്.

ഈ കത്ത് ആത്മാർഥമായ ഒരഭ്യർഥനയാണ്; ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രയോഗത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു സ്ഥാപനത്തിൽനിന്നുള്ള അഭ്യർഥനയാണിത്. ഈ സ്വാതന്ത്ര്യങ്ങൾ ഉറപ്പാക്കുന്ന ഭരണഘടന സംരക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ഒരാളോടുള്ള അഭ്യർഥനയാണിത്.

ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനോടു മാത്രമായുള്ള അഭിസംബോധനയല്ല എന്ന യാഥാർഥ്യബോധത്തോടെയാണ് ഞങ്ങൾ ഈ കത്തെഴുതുന്നത്. മറിച്ച്, ‘‘അധികാരിവർഗത്തോട് സത്യം വിളിച്ചു പറയാനും ജനാധിപത്യത്തെ ശരിയായ ദിശയിലേക്കു നയിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താൻ പൗരരെ പ്രാപ്തമാക്കുന്ന കഠിന യാഥാർഥ്യങ്ങളെ അവതരിപ്പിക്കാനും മാധ്യമങ്ങൾക്ക് കടമയുണ്ട്’’ എന്നും ‘‘പ്രതികാര ഭീഷണിയിൽ വിറങ്ങലിച്ചുപോകാതെ’’ മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ റോൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നിടത്തോളം ഇന്ത്യയുടെ സ്വാതന്ത്ര്യവും സുരക്ഷിതമായിരിക്കും എന്നും കോടതിയ്ക്കകത്തും പുറത്തും സംസാരിച്ച, ഔദ്യോഗിക സ്ഥാനം വഹിക്കുന്ന ഒരാളോടാണ്.
ഇന്ന് ഇന്ത്യയിലെ വലിയൊരു വിഭാഗം മാധ്യമ പ്രവർത്തകരും പ്രതികാര നടപടികളുണ്ടാവുമെന്ന ഭീഷണിക്കുകീഴിലാണ് പ്രവർത്തിക്കുന്നത്. നാമെല്ലാവരും ഉത്തരം പറയാൻ ബാധ്യസ്ഥമായ ഒരു ഭരണഘടന നമുക്കുണ്ടെന്ന മൗലികമായ സത്യത്തിലൂടെ വേണം ജുഡീഷ്യറി അധികാരത്തെ (Power) അഭിമുഖീകരിക്കേണ്ടത് എന്നത് അത്യന്താപേക്ഷിതമാണ്.

2023 ഒക്ടോബർ 3ന് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ, ന്യൂസ് ക്ലിക്ക് എന്ന ഓൺലെെൻ പോർട്ടലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജേർണലിസ്റ്റുകൾ, എഡിറ്റർമാർ, എഴുത്തുകാർ, പ്രൊ–ഫഷണലുകൾ തുടങ്ങി 46 പേരുടെ വീടുകളിൽ റെയ്ഡു നടത്തി. ഈ റെയ്ഡുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (യുഎപിഎ) രണ്ടു വ്യക്തികളുടെ അറസ്റ്റിലേക്കു നയിച്ചു. അവരുടെ മൊബെെൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. അനേ-്വഷണത്തിന്റെ തുടർപ്രക്രിയയ്ക്ക് അനിവാര്യമായ അടിസ്ഥാന രേഖയായ അതിലെ ഡാറ്റകളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെയാണ് ഈ പിടിച്ചെടുക്കൽ. ഈ മാധ്യമത്തിനെതിരെ യുഎപിഎ ചുമത്തിയതാണ് പ്രത്യേകിച്ചും ഞെട്ടലുളവാക്കിയത്. മാധ്യമ പ്രവർത്തനത്തെ ‘ഭീകരവാദ’മായി കണക്കാക്കാനാവില്ല. അത് ഒടുവിൽ എവിടേക്കാണ് പോകുന്നതെന്നതിന്റെ ധാരാളം ഉദാഹരണങ്ങൾ ചരിത്രം നമ്മോടുപറയും.

താങ്കൾ സുപ്രീംകോടതിയിൽ വന്നതിനുശേഷം ഇതേവരെ രാജ്യത്തെ അനേ-്വഷണ ഏജൻസികൾ എപ്രകാരമാണ് ദുരുപയോഗിക്കപ്പെട്ടതെന്നും മാധ്യമങ്ങൾക്കെതിരായ ആയുധമാക്കപ്പെട്ടതെന്നുമുള്ള നിരവധി സന്ദർഭങ്ങൾക്ക്‌ താങ്കൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എഡിറ്റർമാർക്കും റിപ്പോർട്ടർമാർക്കുമെതിരെ രാജ്യദ്രോഹക്കുറ്റവും ഭീകരവാദകേസുകളും ഫയൽ ചെയ്തു. കൂടാതെ ഒന്നിലധികമോ തുടർച്ചയായതോ ബാലിശമോ ആയ എ-ഫ്ഐആറുകൾ മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കാനുള്ള ഉപകരണമെന്ന നിലയിൽ ഉപയോഗിച്ചു.

താങ്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ കത്തിന്റെ ഉദ്ദേശ്യം, നിയമംമൂലം സ്ഥാപിക്കപ്പെട്ട നടപടിക്രമങ്ങളെയും പ്രക്രിയകളെയും മറികടക്കാനോ ഒഴിവാക്കാനോ അല്ല. മറിച്ച് അനേ-്വഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തുകയും അവരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുമ്പോൾ ഈ പ്രക്രിയയിൽ ഒരു ദുരുദ്ദേശ്യം അന്തർലീനമായരിക്കുന്നുണ്ട്. അത് പരിശോധിക്കപ്പെടണം.

അറസ്റ്റിന്റെ കാരണം വ്യക്തമാക്കാൻ പൊലീസ് ഭരണഘടനാപരമായി ബാധ്യസ്ഥമാണെന്നതുപോലെ അത്‌ ചോദ്യം ചെയ്യലിനുള്ള ഒരു മുന്നുപാധിയുമായിരിക്കണം. അതുചെയ്യാതെ, ന്യൂസ് ക്ലിക്കിന്റെ കാര്യത്തിൽ നാം കണ്ടതുപോലെ വ്യക്തതയില്ലാത്ത ചില കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അവ്യക്തമായ അവകാശവാദങ്ങൾ കർഷക പ്രക്ഷോഭം, കോവിഡ് മഹാമാരി ഗവൺമെന്റ് കെെകാര്യം ചെയ്ത രീതി, പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനുള്ള കാരണമാക്കി.

മാധ്യമ പ്രവർത്തകർ നിയമത്തിനതീതരാണെന്ന് ഞങ്ങൾ പറയുന്നില്ല. ഞങ്ങൾ അങ്ങനെയല്ല; അങ്ങനെയാകാൻ ആഗ്രഹിക്കുന്നുമില്ല. അതെന്തായാലും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് സമൂഹത്തിന്റെ ജനാധിപത്യഘടനയെ ബാധിക്കുന്ന കാര്യമാണ്. ദേശീയയും -– അന്തർദേശീയവുമായ ചില വിഷയങ്ങൾ കവർ ചെയ്യുന്നത്‌. ഗവൺമെന്റിന്‌ ഇഷ്ടമില്ലാത്തതിനാൽ അങ്ങനെ ചെയ്യുന്ന മാധ്യമ പ്രവർത്തകരെ ക്രിമിനൽ പ്രക്രിയയ്ക്കു വിധേയമാക്കുന്നത്, വിരട്ടി നിർത്താനുള്ള നീക്കമായി കാണേണ്ടതാണ് – ഇത് സ്വാതന്ത്ര്യത്തിനുനേരെയുള്ള വെല്ലുവിളിയാണെന്ന്‌ താങ്കൾ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ.

ഭരണകൂടം അതിന്റെ ഏജൻസികളോടുള്ള ഉത്തമവിശ്വാസധാരണയിൽ അനേ-്വഷണത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്നു. അതുപോലെ ബലപ്രയോഗത്തിനെതിരായ വിപുലമായ ചെറുത്തുനിൽപ്പുശേഷിയെ ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവുമായി ചേർത്തു വായിക്കുകയും പൊലീസിന്റെ കടന്നുകയറ്റത്തിനെതിരായ പ്രയോഗ രീതികൾ ആവിഷ്കരിക്കുകയും വേണം. പ്രത്യേകിച്ചും ഈ അധികാരങ്ങൾ ആവർത്തിച്ച് ദുരുപയോഗിക്കുന്നത് കണക്കിലെടുക്കുമ്പോൾ. വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിചാരണയിലൂടെ മാത്രം അവസാനിക്കുന്ന ഓരോ കേസും പരിശോധിക്കുന്നത്‌ സന്ദിഗ്ദതയിലാണ്‌ അവസാനിക്കുന്നത്‌.

യുഎപിഎ പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന മാധ്യമ പ്രവർത്തകർക്ക് ജാമ്യം ലഭിക്കുന്നതുവരെയും മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ ജയിലിൽ കഴിയേണ്ടതായി വരുന്നു. സിദ്ദിഖ് കാപ്പന്റ അനുഭവം നമുക്കു മുന്നിലുണ്ട്; ജാമ്യം ലഭിക്കുന്നതുവരെ, അദ്ദേഹം രണ്ടുവർഷവും നാലുമാസവും ജയിലിൽ കിടന്നു. ‘ഭീകരവാദ’ത്തെ ചെറുക്കുന്നതിന്റെ മറവിൽ അധികാരികൾ മനുഷ്യജീവനോട്‌ എത്രമാത്രം നിസ്സംഗത പുലർത്തുന്നു എന്നതിന്റെ ഒരു ഓർമപ്പെടുത്തലാണ്‌ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡിമരണം.

മാധ്യമങ്ങൾക്കെതിരായ ഭരണകൂട നടപടികൾ പരിധിവിടുന്നു എന്നതാണ്‌ ഞങ്ങളുടെ ഭയം. ഭരണകൂട ഏജൻസികൾ നയിക്കുന്ന ദിശയിലൂടെത്തന്നെ തുടരാൻ അവരെ അനുവദിച്ചാൽ തിരുത്തൽ അല്ലെങ്കിൽ പരിഹാര നടപടികളുടെ സമയം അിക്രമിച്ചേക്കാം. അതിനാൽ, മാധ്യമങ്ങൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വർധിതമായിക്കൊണ്ടിരിക്കുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കാൻ ഉന്നത നീതിന്യായപീഠം അടിയന്തരമായും ഇടപെടേണ്ടതുണ്ട്‌ എന്നതാണ്‌ ഞങ്ങളുടെയാകെ കാഴ്‌ചപ്പാട്‌.

താഴെപറയുന്ന കാര്യങ്ങൾ കോടതികൾ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ ഞങ്ങൾ അത്‌ അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും:

* മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും തോന്നുംപോലെ പിടിച്ചെടുക്കുന്നത്‌ നിരുത്സാഹപ്പെടുത്തുന്നതിന്‌ ചട്ടങ്ങൾക്ക്‌ രൂപം നൽകുക. പ്രമുഖ അക്കാദമിക്കുകളായ Ram Swamy & Ors. Vs. Union of India, WP (crl) No: 138/2021 ഫയൽ ചെയ്‌ത ഒരു റിട്ട്‌ ഹർജിയിലാണ്‌ സുപ്രീം കോടതി ഈ വിഷയം ഏറ്റെടുത്തിട്ടുള്ളത്‌. ഈ നടപടികളിൽ യൂണിയൻ ഓഫ്‌ ഇന്ത്യ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അവർ തൃപ്‌തരല്ല. നീതിയുടെ ചക്രം തിരിയുമ്പോൾ ഭരണകൂടമാകട്ടെ ശിക്‌ഷാ നടപടികളെടുക്കാതിരിക്കുന്നത്‌ തുടരുകയാണ്‌. ഞങ്ങളുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത്‌ ഞങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തുന്നു. സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ, (പെഗാസസ്‌ വിഷയത്തിൽ) സ്രോതസ്സുകളുടെ സംരക്ഷണമെന്നത്‌ മാധ്യമസ്വാതന്ത്ര്യത്തിന്റെ ‘‘സുപ്രധാനവും അനിവാര്യവുമായ ഘടക’’മാണ്‌. എന്നാൽ ലാപ്‌ടോപ്പുകളും ഫോണുകളും ഔദ്യോഗിക പ്രവൃത്തികൾ നിർവഹിക്കാനുള്ള ഒഫീഷ്യൽ ടൂളുകൾ മാത്രമല്ല, അവ അടിസ്ഥാനപരമായി അവനവന്റെ ഭാഗം കൂടിയായി മാറിയിരിക്കുന്നു. ഈ ഉപകരണങ്ങൾ നമ്മുടെ ജീവിതവുമായും സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു; അവയിൽ നിർണായകമായ വ്യക്തിഗത വിവരങ്ങൾ അടങ്ങിയിരിക്കുന്നു‐ കുടുംബപരവും സുഹൃത്തുക്കളുമൊക്കെയായുള്ള ആശയവിനിമയം മുതൽ ഫോട്ടോഗ്രാഫുകളും സംഭാഷണങ്ങളും വരെ. തികച്ചും വ്യക്തിപരമായ ഇത്തരം കാര്യങ്ങളിലേക്ക്‌ അന്വേഷണ ഏജൻസികൾക്ക്‌ പ്രവേശനം ഉണ്ടായിരിക്കണമെന്നതിന്‌ യാതൊരു കാരണമോ ന്യായീകരണമോ ഇല്ല.

* യഥാർഥ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത, അത്‌ കെട്ടിച്ചമച്ചുണ്ടാക്കിയതല്ല എന്ന്‌ ഉറപ്പുവരുത്തുന്നതിന്‌, മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നതിനും അവരിൽനിന്നും ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും പ്രത്യേക മാർഗനിർദേശങ്ങൾ വികസിപ്പിക്കണം.

* മാധ്യമപ്രവർത്തനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ വ്യക്തതയില്ലാത്തതും പരസ്യവുമായ അന്വേഷണം നടത്തി കോടതികളെ മനഃപൂർവം വഴിതെറ്റിക്കുകയോ നിയമത്തെ മറികടക്കുകയോ ചെയ്യുന്ന ഭരണകൂട ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും വിശ്വാസ്യത ഉറപ്പുവരുത്താനുള്ള മാർഗങ്ങൾ കണ്ടെത്തണം.

മതിയായ പര്യാലോചനയ്‌ക്കും വിചിന്തിനത്തിനും ശേഷമാണ്‌ താഴെ ഒപ്പുവെച്ചിരിക്കുന്ന ഞങ്ങൾ ഈ കത്ത്‌ അങ്ങേക്ക്‌ എഴുതുന്നത്‌.

കഴിഞ്ഞ കുറേ വർഷങ്ങളായി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുനേരെ ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ജുഡീഷ്യൽ ഇടപെടൽ അനിവാര്യമായി വന്ന നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്‌. അതിപ്പോഴും ഞങ്ങൾ തുടരുന്നു. എന്നാൽ ഇപ്പോൾ, 24 മണിക്കൂറിലേറെയായി ഉണ്ടായിട്ടുള്ള സംഭവികാസങ്ങൾ താങ്കൾ ഉത്തമ ബോധ്യത്തോടെ അതിൽ ഇടപെടുകയും ചെയ്യണമെന്ന്‌ താങ്കളോട്‌ അഭ്യർഥിക്കുകയല്ലാതെ മറ്റൊരു മാർഗവും ഞങ്ങൾക്കു മുന്നിലില്ല. എന്തെന്നാൽ ഈ സ്വേച്ഛാധിപത്യ പൊലീസ്‌ ഭരണവാഴ്‌ച അധികം വൈകാതെ; തന്നെ ഒരു നിയമമായി മാറും.

മാധ്യമപ്രവർത്തകരെന്ന നിലയിലും ന്യൂസ്‌ പ്രൊഫഷണലുകളെന്ന നിലയിലും സത്യസന്ധമായ ഏതന്വേഷണവുമായും സഹകരിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാരണ്‌. എന്നിരുന്നാലും ‘‘ജനാധിപത്യത്തിന്റെ മാതാവ്‌’’ എന്ന്‌ സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഒരു ജനാധിപത്യരാജ്യത്ത്‌, പ്രത്യേകം ലക്ഷ്യംവച്ചുകൊണ്ടുള്ള വ്യാപകമായ പിടിച്ചെടുക്കലുകളും ചോദ്യം ചെയ്യലുകളും തീർച്ചയായും അംഗീകരിക്കാൻ കഴിയില്ല.

വിശ്വസ്‌തതയോടെ,

1. ഡിജി പബ്ബ്‌ ന്യൂസ്‌ ഇന്ത്യ ഫൗണ്ടേഷൻ
2. ഇന്ത്യ വിമെൻസ്‌ പ്രസ്‌ ഫോർബ്‌സ്‌
3. പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ, ന്യൂഡൽഹി
4. ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ്‌
5. നെറ്റ്‌വർക്ക്‌ ഓഫ്‌ വിമെൻ ഇൻ മീഡിയ ഇന്ത്യ
6. ഛണ്ഡീഗഢ്‌ പ്രസ്‌ ക്ലബ്‌
7. നാഷണൽ അലയൻസ്‌ ഓഫ്‌ ജേർണലിസ്റ്റ്‌
8. ഡൽഹി യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌
9. കേരള യൂണിയൻ ഓഫ്‌ വർക്കിംഗ്‌ ജേർണലിസ്റ്റ്‌
10. ബ്രിഹൻ മുംബൈ യൂണിയൻ ഓഫ്‌ ജേർണലിസ്റ്റ്‌
11. ഫ്രീ സ്‌പീച്ച്‌ കളക്ടീവ്‌ മുംബൈ
12. മുംബൈ പ്രസ്‌ ക്ലബ്‌
13. അരുണാചൽപ്രദേശ്‌ യൂണിയൻ ഓഫ്‌ വർക്കിംഗ്‌ ജേർണലിസ്റ്റ്‌
14. പ്രസ്‌ അസോസിയേഷൻ
15. ഗൗഹാത്തി പ്രസ്‌ ക്ലബ്‌
16. ഇന്ത്യൻ ജേർണലിസ്റ്റ്‌സ്‌ യൂണിയൻ
17. പ്രസ്‌ ക്ലബ് ഹൈദ്രബാദ്‌
18. തെങ്കാന യൂണിയൻ ഓഫ്‌ വർക്കിംഗ്‌ ജേർണലിസ്റ്റ്‌സ്‌
19. കൊൽക്കത്ത പ്രസ്‌ ക്ലബ്‌
20. വർക്കിംഗ്‌ ന്യൂസ്‌ ക്യാമറമെൻസ്‌ അസോസിയേഷൻ
21. ഷില്ലോങ് പ്രസ്‌ ക്ലബ്‌
22. ജേർണലിസ്റ്റ്‌സ്‌ യൂണിയൻ ഓഫ്‌ മേഘാലയ
23. സൗത്ത്‌ ഏഷ്യൻ വിമെൻ ഇൻ മീഡിയ ഇൻ ഇന്ത്യ

 

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ 
ഒക്ടോബർ മൂന്നിന് നടത്തിയ റെയ്ഡിനെ കുറിച്ച് 
ന്യൂസ് ക്ലിക്കിന്റെ പ്രസ്താവന
2023 ഒക്ടോബർ മൂന്നിന് ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളും ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രവർത്തിക്കുന്നവരും മുൻപ് പ്രവർത്തിച്ചിട്ടുള്ളവരുമായ പത്രപ്രവർത്തകർ, ജീവനക്കാർ, കൺസൾട്ടന്റ്സ്, ഫ്രീലാൻസ് ആയി ജോലി ചെയ്യുന്നവർ എന്നിവരുടെ വീടുകളും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ റെയ്ഡ് നടത്തി.

നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഞങ്ങളുടെ സ്ഥാപക എഡിറ്റർ 76 കാരനായ പ്രബീർ പുർകായസ്ത, അംഗപരിമിതിയുള്ള ഞങ്ങളുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. എഫ്ഐആറിന്റെ കോപ്പി പോലും ഞങ്ങൾക്ക് നൽകുകയോ ഞങ്ങളുടെ മേൽ എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ ഇനിയും ഞങ്ങളെ അറിയിക്കുകയോ ചെയ്തിട്ടില്ല. ന്യൂസ് ക്ലിക്ക് ഓ-ഫീസിൽനിന്നും ജീവനക്കാരുടെ വീടുകളിൽ നിന്നും മറ്റും ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട‍്. നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് ഇങ്ങനെ ചെയ്തത്. പിടിച്ചെടുത്തതിന്റെ മെമ്മോയോ പിടിച്ചെടുക്കുന്ന ഉപകരണങ്ങളിൽ എത്ര ഡേറ്റ ഉണ്ട് എന്നു കാണിക്കുന്ന ഹാഷ് വാല്യൂസോ, ഡേറ്റയുടെ കോപ്പികളെങ്കിലുമോ പോലും നൽകാതെയാണ് പൊലീസ് ഈ ഉപകരണങ്ങൾ പിടിച്ചെടുത്തത്. ഞങ്ങളുടെ റിപ്പോർട്ടിങ് പൂർണമായും അവസാനിപ്പിക്കുക എന്ന നഗ്നമായ ലക്ഷ്യത്തോടെ ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽ ചെയ്യുകയും ചെയ്തു.

ന്യൂസ് ക്ലിക്ക് വെബ്സെെറ്റിൽ ചെെനയ്ക്കനുകൂലമായ പ്രചാരണം ലക്ഷ്യമിട്ടിരിക്കുന്നു എന്നാരോപിച്ച് യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) ആണ് ആരോപിക്കപ്പെട്ട കുറ്റം എന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

പത്രപ്രവർത്തന സ്വാതന്ത്ര്യത്തെ മാനിക്കാൻ വിസമ്മതിക്കുന്ന, വിമർശനങ്ങളെ രാജ്യദ്രോഹമോ ‘‘ദേശ വിരുദ്ധ’’ പ്രചാരണമോ ആയി കണക്കാക്കുന്ന ഗവൺമെന്റിന്റെ നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

2021 മുതൽ ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ ഏജൻസികളുടെ വകയായി ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ട് നടപടികളുടെ ഒരു പരമ്പര തന്നെയാണ് ഉണ്ടായത്. എൻഫോഴ്സ്-മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും ആദായനികുതി വകുപ്പും ന്യൂസ് ക്ലിക്കിന്റെ ഓഫീസുകളും ജീവനക്കാരുടെ വസതികളും റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ‍‍്.

ലാപ്ടോപ്പുകളും ഫോണുകളും ഗാഡ്-ജെറ്റുകളും ഉൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും മുമ്പുതന്നെ പിടിച്ചെടുക്കപ്പെട്ടിരുന്നു. എല്ലാ ഇ–മെയിലുകളും ആശയവിനിമയങ്ങളും സൂക്ഷ്-മമായി പരിശോധിക്കപ്പെട്ടിരുന്നു. എല്ലാ ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഇൻവോയിസുകളും ചെലവുകളും ന്യൂസ് ക്ലിക്കിന് കഴിഞ്ഞ നിരവധി വർഷങ്ങളിൽ ലഭിച്ചിട്ടുള്ള ഫണ്ടിന്റെ സ്രോതസ്സുകളും സമയാസമയങ്ങളിൽ ഗവൺമെന്റിന്റെ വിവിധ ഏജൻസികൾ പല തവണകളായി സൂക്ഷ്-മ പരിശോധനകൾക്ക‍് വിധേയമാക്കി നടത്തിയിട്ടുള്ളതാണ്. ന്യൂസ് ക്ലിക്കിന്റെ ഡയറക്ടർമാരെയും ബന്ധപ്പെട്ട മറ്റു വ്യക്തികളെയും ഈ സർക്കാർ ഏജൻസികൾ പല തവണ ചോദ്യം ചെയ്യുകയും എണ്ണമറ്റ മണിക്കൂറുകൾ അതിനായി അവർക്ക് ചെലവഴിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

എന്നിട്ടും കഴിഞ്ഞ രണ്ടുവർഷങ്ങളായി ‘‘കള്ളപ്പണം വെളുപ്പിക്കൽ’’ ആരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ ഒരു പരാതിയും ഫയൽ ചെയ്യാൻ ഇഡിക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ പീനൽ കോഡിനുകീഴിൽ വരുന്ന കുറ്റകൃത്യങ്ങളാരോപിച്ച് ന്യൂസ് ക്ലിക്കിനെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്യാൻ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിനും കഴിഞ്ഞിട്ടില്ല. കോടതിക്കു മുൻപിൽ തങ്ങളുടെ നടപടികൾ ന്യായീകരിക്കാൻ ആദായനികുതി വകുപ്പിനും സാധിച്ചിട്ടില്ല.

കഴിഞ്ഞ നിരവധി മാസങ്ങൾക്കുള്ളിൽ പ്രബീർ പുർകായസ്തയെ ചോദ്യം ചെയ്യലിനായിപോലും ഈ ഏജൻസികൾ വിളിച്ചിട്ടില്ല. ന്യൂസ് ക്ലിക്കിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഗവൺമെന്റിന്റെ കെെവശം ഉണ്ടായിട്ടും ന്യൂസ് ക്ലിക്കിനെതിരെ തങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്കൊന്നിനും തെളിവു ഹാജരാക്കാൻ ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് വ്യാജ ആരോപണങ്ങളുയർത്തി ‘ന്യൂയോർക്ക് ടെെംസ്’’ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഉപയോഗിച്ച് യുഎപിഎ എന്ന കരിനിയമം ചുമത്തി, കർഷകരും തൊഴിലാളികളും അവഗണിക്കപ്പെടുന്ന ഇതരവിഭാഗങ്ങളും ഉൾപ്പെടുന്ന യഥാർഥ ഇന്ത്യയുടെ കഥ പറയുന്ന സ്വതന്ത്രവും നിർഭയവുമായ ശബ്ദങ്ങളെ അടിച്ചമർത്താനും നിശബ്ദമാക്കാനും ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നത്.

താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു:
1. ന്യൂസ് ക്ലിക്ക് ഒരു സ്വതന്ത്ര വാർത്താ വെബ്സെെറ്റാണ്.
2. പത്രപ്രവർത്തനം എന്ന തൊഴിലിന്റെ ഏറ്റവും ഉയർന്ന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങളാണ് ഞങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
3. ഏതെങ്കിലും ചെെനീസ് സംഘടനയുടെയോ അധികാര സ്ഥാപനത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള നിർദേശപ്രകാരം ഒരു വാർത്തയും വിവരവും ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിക്കുന്നില്ല.
4. ന്യൂസ് ക്ലിക്ക് അതിന്റെ വെബ്സെെറ്റിൽ ചെെനീസ് പ്രചാരണം നടത്തുന്നില്ല.
5. ന്യൂസ് ക്ലിക്ക് അതിന്റെ വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഉള്ളടക്കം സംബന്ധിച്ച് നെവിൽറോയ് സിങ്കത്തിൽനിന്നള്ള നിർദേശങ്ങൾ സ്വീകരിക്കുന്നില്ല.
6. ന്യൂസ് ക്ലിക്കിന് ലഭിച്ചിട്ടുള്ള എല്ലാ ഫണ്ടുകളും നിയമാനുസൃതമുള്ള ബാങ്കിങ് ചാനലുകളിലൂടെയാണ് ലഭിച്ചിട്ടുള്ളത്. അതിന്റെ വിവരങ്ങൾ നിയമപ്രകാരം അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. ഇക്കാര്യം ഡൽഹി ഹെെക്കോടതി മുമ്പാകെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.

ഇതുവരെ ന്യൂസ് ക്ലിക്ക് വെബ്സെെറ്റിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള എല്ലാം തന്നെ എല്ലാവർക്കും കാണത്തക്കവിധം ഇന്റർനെറ്റിൽ ലഭ്യമാണ്. ചെെനീസ് പ്രചാരണത്തെ സാധൂകരിക്കുന്ന ഒരൊറ്റ ലേഖനമോ വീഡിയോയോ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇനിയും ചൂണ്ടിക്കാട്ടിയിട്ടില്ല. അവർ ചോദിക്കുന്ന ചോദ്യങ്ങൾ ഡൽഹി കലാപത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനെക്കുറിച്ചും കർഷകസമരത്തെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിനെക്കുറിച്ചും മറ്റുമാണ്. ഇപ്പോഴത്തെ ഗവൺമെന്റിന്റെ നടപടികൾക്കു പിന്നിൽ എന്തുതരത്തിലുള്ള സ്ഥാപിത താൽപ്പര്യവും ദുരുദേശ്യവുമാണ് ഉളളതെന്ന് വ്യക്തമാക്കുന്നതാണ് ഈ ചോദ്യങ്ങൾ.
കോടതികളിലും ജുഡീഷ്യൽ നടപടിക്രമങ്ങളിലും ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി ഞങ്ങളുടെ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനും ജീവിതത്തിനും വേണ്ടി ഞങ്ങൾ പോരാടുക തന്നെ ചെയ്യും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

9 + twelve =

Most Popular