Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിമോദി സർക്കാരിന്റെ മാധ്യമ വേട്ടകൾ

മോദി സർക്കാരിന്റെ മാധ്യമ വേട്ടകൾ

കബനി ബി ഗീത

ഭാരതം എന്ന തലക്കെട്ടിലേക്ക് ചുരുക്കി എഴുതാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾ ചെറുതല്ല. എന്ത് എഴുതണം എന്ത് വായിക്കണം എന്ത് വാർത്തയാകണം എന്ന് നിരന്തരം കലഹിക്കുന്ന ഒരു ഭരണസംവിധാനം. അവർ സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾക്കപ്പുറം നിൽക്കുന്ന ഓരോ മാധ്യമത്തെയും മാധ്യമപ്രവർത്തകരെയും എഴുത്തുകാരെയും അവരുടെ ചോദ്യങ്ങളെയും അസഹിഷ്ണുതയുടെ ഏറ്റവും ഔന്നിത്യത്തിൽ നേരിടുന്ന ഒരു ഭരണകൂടം. 2014 ൽ നരേന്ദ്രമോദി സർക്കാർ ഭരണത്തിലേറിയ നാൾ മുതൽ ഇന്ത്യയുടെ പിന്നോട്ടുള്ള യാത്രയിലെ ഏറ്റവും പുതിയ സൂചിക കൂടി ലോക മാധ്യമസ്വാതന്ത്ര്യ ദിനമായ മെയ് മൂന്നിന് പുറത്തുവന്നിരിക്കുകയാണ്. റിപ്പോർടട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 161ാം സ്ഥാനത്താണ് ഇന്ത്യ. മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ, രാഷ്ട്രീയ പക്ഷഭേദമുള്ള മാധ്യമങ്ങളുടെ എണ്ണം, രാജ്യത്തെ നിയമ സംവിധാനങ്ങളും മാധ്യമങ്ങളുമായുള്ള ഇടപെടലുകൾ എന്നിങ്ങനെ വിദഗ്ധസമിതി തയ്യാറാക്കിയ നിരവധി മാധ്യമസ്വാതന്ത്ര്യ നിർവചനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു പട്ടിക തയ്യാറാക്കപ്പെടുന്നത്. 2021ൽ 142 –ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 ഓടുകൂടി 150 –ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2023ലെ ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിക്കപ്പെടുമ്പോൾ. വെറും 12 മാസം കൊണ്ട് 11 സ്ഥാനം പിന്നിലേക്കാണ് നമ്മുടെ രാജ്യം എത്തിനിൽക്കുന്നത്. അത് ഗൗരവമായി തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിനുള്ളിൽ തന്നെ തൂത്തെറിയപ്പെടുന്ന ജനാധിപത്യ ബോധത്തോടൊപ്പം ലോകം നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നതുകൂടിയാണ് ഇത്തരം സൂചിക വ്യക്തമാക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെ ഉയർന്നുവരുന്ന ആക്രമണങ്ങൾ, കൊലപാതകം, മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള നിരന്തരമായ വേട്ടയാടലുകൾ, നാളിതുവരെയുള്ള ഭരണകൂടങ്ങൾ വിമർശനാത്മകമായി മാത്രം കണ്ടുകൊണ്ടിരുന്നത് രാജ്യദ്രോഹം ആകുന്ന കാലഘട്ടം. ഇത്തരമൊരു കൂപ്പുകുത്തൽ ചരിത്രത്തിൽ എങ്ങനെയാകും അടയാളപ്പെടുത്തുക എന്നത് പോലും അവ്യക്തമാണ്.

സമീപകാലത്ത് മോദി സർക്കാർ നടത്തിയ മാധ്യമ വേട്ടയുടെ ചരിത്രത്തിലേക്ക് ഒരു ഹ്രസ്വ നോട്ടം.

ബി ബി സി യ്ക്കെതിരെ 
നടത്തിയ നീക്കങ്ങൾ
ഗുജറാത്ത് കലാപം: മതേതര ജനാധിപത്യ ബോധമുള്ള ഒരു ജനത തിരിഞ്ഞുനോക്കാൻ ഭയക്കുന്ന ചരിത്ര ഏട്. 2002 ഫെബ്രുവരി മാസം അടയാളപ്പെടുത്തുന്നത് ഇത്തരത്തിലാണ്. ഇന്ത്യ :ദി മോദി ക്വസ്റ്റ്യൻ എന്ന രണ്ട് ഭാഗങ്ങൾ ഉള്ള ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ പശ്ചാത്തലവും ഇതുതന്നെ. രാജ്യത്തെ പരമോന്നത നീതിപീഠം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്ക് സാങ്കേതികമായി തള്ളിക്കളഞ്ഞുവെങ്കിലും കൃത്യമായ ഉള്ളറകൾ പരിശോധിച്ച് ഗവേഷണ സ്വഭാവത്തിൽ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയിലുടനീളം ഗുജറാത്ത് കലാപത്തിനു പിന്നിലെ മോദിയുടെ വർഗീയ പ്രതിച്ഛായ തെളിഞ്ഞുതന്നെ നിൽക്കുന്നുണ്ട്. ആയിരത്തിൽപരം മനുഷ്യർ കൊല ചെയ്യപ്പെട്ടു , ആയിരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു , നൂറു കണക്കിന് സ്ത്രീകൾ ബലാൽസംഗത്തിനിരയായി , ഒരു വംശീയ ഉന്മൂലനത്തിനുള്ള ആയുധമായി ഗുജറാത്ത് കലാപത്തെ മൂർച്ചകൂട്ടി എടുത്തതിൽ മുഖ്യമന്ത്രിയായിരുന്ന മോദിക്കുള്ള പങ്ക് എത്രമാത്രമാണെന്ന് ഡോക്യുമെന്ററിയിൽ ഉടനീളം പരാമർശിക്കുന്നുണ്ട്. അതുതന്നെയാണ് ആർഎസ്എസ് സംഘപരിവാർ ശക്തികളെ ഡോക്യുമെന്ററിയുടെ വ്യാപക പ്രദർശനങ്ങൾ തടയുന്നതിന് പ്രേരിപ്പിച്ചത്. രാജ്യവ്യാപകമായി ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ സംഘപരിവാർ ശക്തികൾ രംഗത്തിറങ്ങി. ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നതിനായി ഔദ്യോഗിക വിലക്കുകൾ ഏർപ്പെടുത്തിയിരുന്നില്ല എങ്കിൽപോലും കേന്ദ്ര ഭരണകൂടത്തിന്റെ പ്രതിരോധങ്ങൾ ശക്തമായി തന്നെ അലയടിച്ചു. എല്ലാ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഡോക്യുമെന്ററി നീക്കം ചെയ്യപ്പെട്ടു. ക്യാമ്പസുകൾക്കുള്ളിൽ പ്രദർശനം സംഘടിപ്പിക്കുന്നതിനുള്ള അനുമതി അധികൃതർ നിഷേധിച്ചു, പ്രദർശിപ്പിക്കാൻ ശ്രമിച്ചിടത്ത് ഇന്റർനെറ്റും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു . വ്യാപകമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ തന്നെ അധികം വൈകാതെ ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. വെറും സർവ്വേ മാത്രമാണ് എന്ന വ്യാജേന ഏതാണ്ട് 20 മണിക്കൂറിൽ കൂടുതൽ ആണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബിബിസിയുടെ ഓഫീസുകളിൽ ചെലവഴിച്ചത്. പിന്നീടങ്ങോട്ട് പലതവണ മോദി സർക്കാരിന്റെ മാധ്യമ കരിമ്പട്ടികയിൽ ആദ്യ സ്ഥാനത്ത് ബിബിസി നിലയുറപ്പിച്ചു.

അദാനിയുടെ 
എൻ ഡി ടി വി കൈയടക്കൽ
ഇന്ത്യയിൽ നിലവിൽ 3600 ഓളം ആഴ്ചപ്പതിപ്പുകൾ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പത്രങ്ങളും 380ലേറെ വാർത്താചാനലുകളും ആണുള്ളത്. ഇതിൽ എഴുപതിൽ കൂടുതൽ പത്ര മാധ്യമങ്ങളുടെയും ഉടമസ്ഥാവകാശം കേന്ദ്രീകരിച്ചിരിക്കുന്നത് മോദിയുടെ ശതകോടീശ്വര കൂട്ടുകെട്ടിൽ ഒരാളായ മുകേഷ് അംബാനിയുടെ കോർപ്പറേറ്റിനു കീഴിലും. മോദി ഭരണത്തിലേറുന്ന 2014 കാലഘട്ടത്തിൽ അദാനിയുടെ നെറ്റ്‌വർക്ക് 18 ന്റെ ഏറ്റവും വലിയ വെല്ലുവിളി പ്രണബ് റോയ് രാധിക റോയ് എന്നീ ദമ്പതികളുടെ ഉടമസ്ഥതയിലുള്ള എൻ ഡി ടി വി തന്നെയായിരുന്നു. അവർ നിരന്തരം കേന്ദ്രസർക്കാറിന്റെ ആധിപത്യശ്രമങ്ങളെ ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. പക്ഷേ പിഴച്ചത് മറ്റൊരിടത്താണ്. എൻ ഡി ടി വി യുടെ പ്രധാനപ്പെട്ട രണ്ട് ഷെയറുകളിൽ ഒന്ന് പ്രണവ് റോയിയുടെയും രാധിക റോയിയുടെയും പേരിലുള്ളതും മറ്റൊന്ന് അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ആർ ആർ പി ആർ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലും ആയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായ ഒരു സാഹചര്യത്തിൽ മുകേഷ് അംബാനിയുമായി വിദൂര ബന്ധമുള്ള വി സി പി എൽ ലിമിറ്റഡിൽ നിന്നും 403 കോടി രൂപ വായ്പ വാങ്ങുകയുണ്ടായി. ഭാവിയിൽ ആ വായ്പ വേണമെങ്കിൽ ഷെയറുകളായി മാറ്റാം എന്ന് നിബന്ധനയിൽ ആയിരുന്നു അവ നൽകിയത്. ഇതൊരു അവസരമായി മോഡി ഭരണകൂടത്തിന്റെ ഉറ്റതോഴനായ അദാനി കണ്ടു . വി സിപിഎൽ ലിമിറ്റഡ് എന്ന കമ്പനി അദാനി ഏറ്റെടുക്കുകയും അതുവഴി ആർ ആർ പി ആർ ലിമിറ്റഡിന്റെ എൻഡിടിവിയിലെ ഷെയർ കയ്യടക്കുകയും ചെയ്തു. അവയ്ക്ക് പുറമേ പ്രണവ് റോയിയുടെയും രാധിക രോയിയുടെയും പേരിലുള്ള ഷെയറുകൾ ഒഴികെയുള്ള വിറ്റഴിക്കപ്പെട്ട മറ്റു ഷെയറുകൾ കൂടി അദാനി സ്വന്തമാക്കുക വഴി എൻഡിടിവിയുടെ ഭൂരിഭാഗം ഷെയറും അദാനിയുടെ ഉടമസ്ഥതയിൽ ആയി . മോദിയുടെ ശതകോടീശ്വര ബന്ധത്തിലെ മറ്റൊരു പ്രധാന കണ്ണിയാണ് അദാനി എന്നിരിക്കെയാണ് ഇത്തരമൊരു നീക്കം സംഭവിക്കുന്നത്. അതും അദാനിയുടെ വാർത്താക്കുറിപ്പിലൂടെ മാത്രമാണ് എൻഡിടിവി ഉടമസ്ഥർ പോലും ഇത് അറിയുന്നത് എന്നത് മറ്റൊരു ആശ്ചര്യം. ഇതേ തുടർന്ന് ഉടമസ്ഥരായ പ്രണവ് റോയ് ,രാധിക റോയ് മുതിർന്ന മാധ്യമപ്രവർത്തകനും സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററുമായ രവീഷ് കുമാർ എന്നിങ്ങനെ പ്രതിബദ്ധതയുള്ള പത്രപ്രവർത്തകരുടെ കൂട്ടരാജി ആണ് എൻഡിടിവിയിൽ നടന്നത്. രാജ്യത്ത് ഏറ്റവും പുരോഗമന സ്വഭാവമുള്ള ടെലിവിഷൻ ചാനലിന് ഇതോടെ അന്ത്യം കുറിച്ചു.

ദൈനിക് ഭാസ്കർ
ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിക്കപ്പെടുന്ന ഹിന്ദി പത്രം. മോദി ഭരണത്തിലെ പാളിച്ചകൾ അതത് സമയങ്ങളിൽ കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ച പത്രമാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നു ദൈനിക് ഭാസ്കർ. മോദി ഭരണത്തിനെതിരെ കൃത്യവും ശക്തവുമായ വാർത്താ കുറിപ്പുകൾ, കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ അക്കമിട്ട് നിരത്തുന്ന വാർത്താപരമ്പരകൾ. തെറ്റായ കോവിഡ് മരണക്കണക്കുകളാണ് സർക്കാർ പുറത്തുവിടുന്നത് എന്ന് ഉറക്കെ പറഞ്ഞത് ദൈനിക് ഭാസ്കർ ആയിരുന്നു. കോവിഡ് എന്ന മഹാമാരി രാജ്യത്തെ തിന്നു തീർക്കുന്ന നാളുകളിൽ ഗംഗയിലൂടെ ഒഴുകുന്ന മൃതദേഹങ്ങളുടെ ഭയാനകമായ ചിത്രങ്ങളും വാർത്തയും ആദ്യം പുറംലോകം അറിയുന്നതും എന്തിനേറെ രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തിയ പെഗാസസ് ഫോൺ ചോർച്ചയുടെ വിവരങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ച 16 മാധ്യമങ്ങളിൽ ഒന്നും ദൈനിക് ഭാസ്കർ തന്നെയായിരുന്നു. അസഹിഷ്ണുതയുടെ കൊടികെട്ടിയ ഒരു ഭരണകൂടത്തെ ചൊടിപ്പിക്കാൻ ഇതൊക്കെ തന്നെ ധാരാളം. മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ ദൈനിക് ഭാസ്കറിന്റെ 30 ഓഫീസുകളിൽ ആദായ നികുതി വകുപ്പ്‌ ഒരേ സമയം പരിശോധന നടത്തി. ഓഫീസുകൾക്ക് പുറമേ പത്രത്തിന്റെ ഉടമസ്ഥരുൾപ്പെടെയുള്ള നിരവധി വ്യക്തികളുടെ വീടുകളും സ്വകാര്യ ഓഫീസുകളും ഉൾപ്പെടെ ആദായ നികുതി വകുപ്പിന്റെ പരിശോധനകൾ തുടർന്നു. ശബ്ദമുണ്ടാക്കുന്നവയെ ഒക്കെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിന്റെ ചാട്ടയായി ആദായ നികുതി വകുപ്പിന്റെ പരിവർത്തനത്തിലെ അടുത്ത നാഴികക്കല്ല്.

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്
“സ്വാതന്ത്ര്യത്തിന്റെ ചാപ്പ എന്റെ കയ്യിൽ കുത്തപ്പെട്ടു ” നീണ്ട 24 മാസത്തെ ജയിൽ വാസത്തിനുശേഷം പുറത്തിറങ്ങിയ അഴിമുഖം ന്യൂസ് പോർട്ടലിന്റെ ഡൽഹി കറസ്‌പോണ്ടന്റും മലയാളിയുമായ സിദ്ധിക്ക് കാപ്പന്റെ വാക്കുകളാണ്. 2020 ഒക്ടോബർ 6ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തിട്ടുള്ള കേസിന്റെ പശ്ചാത്തലത്തിലാണ് ഹത്രാസിലേക്കുള്ള യാത്രാ മദ്ധ്യേ മഥുരയിൽ വെച്ച് കാപ്പൻ അറസ്റ്റിലാകുന്നത് . വെറും 19 വയസ്സു മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ ഉന്നതകുലജാതരായ നാലു പുരുഷന്മാർ കൂടി ബലാത്സംഗം ചെയ്തു കൊന്ന വാർത്തയിലേക്ക് ആയിരുന്നു കാപ്പന്റെ യും സഹപ്രവർത്തകരുടെയും യാത്ര. ഒരു നാടിനെ നടുക്കിയ ക്രൂരത നേരിട്ട് വാർത്തയാക്കുക എന്ന ഒരു മാധ്യമപ്രവർത്തകന്റെ ധാർമിക ഉത്തരവാദിത്വത്തെ തികഞ്ഞ അമർഷത്തോടെയാണ് ഭരണകൂടം നേരിട്ടത്. വിവരങ്ങൾ ആരാഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ വിട്ടയക്കാം എന്ന ഉറപ്പിൽ ബിജെപിയുടെ കൊടിവെച്ച കാറിലാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. ഒരു ദിവസം കരുതൽ തടങ്കലിൽ വെച്ച കാപ്പനെയും സഹപ്രവർത്തകരെയും പിറ്റേദിവസം നേരം പുലരുമ്പോഴേക്കും യുഎപിഎ ഉൾപ്പെടെയുള്ള രാജ്യദ്രോഹ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു . ജനങ്ങളിൽ വർഗീയ വിഷം നിറയ്ക്കുന്നു, വിവിധ വിഭാഗങ്ങളെ തമ്മിൽ വേർതിരിപ്പിക്കുന്നു, മതസ്പർദ്ധ വളർത്തുന്നു, രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നു എന്നിങ്ങനെ പോകുന്നു കാപ്പനുമേലുള്ള ആരോപണങ്ങൾ. വയറിന്റെയും ബിബിസിയുടെയും റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത് ഉൾപ്പെടെ രാജ്യദ്രോഹ കുറ്റത്തിന് തെളിവായി യുപി പോലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. നീണ്ട 24 മാസത്തെ ഭയാനകവും ക്രൂരവുമായ ജയിൽവാസത്തിനുശേഷം ശക്തമായ നിയമ പോരാട്ടങ്ങളിലൂടെ പുറത്തിറങ്ങുമ്പോൾ കാപ്പനും കുടുംബവും അടിവരയിട്ട് പറഞ്ഞത് അനീതികളിലൂടെ ഞങ്ങളെ ശക്തരാക്കിയതിന് ഭരണകൂടത്തിന് നന്ദി എന്നാണ്.

ദി കാരവൻ മാഗസിൻ
2021 നവംബർ 5നാണ് 22 സംസ്ഥാനങ്ങളിൽ നിന്നായി 200ൽ പരം കർഷകർ രാജ്യ തലസ്ഥാനത്തേക്ക് ഒരു പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നത്. മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ കർഷകസംഘത്തിന്റെ പ്രതിനിധികളും സർക്കാരുമായി നടത്തിയ നിരവധി ചർച്ചകൾ തുടർച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം ഒരു യാത്ര സംഘടിപ്പിക്കപ്പെട്ടത്. നൂറുകണക്കിന് ട്രാക്ടറുകളുടെ അകമ്പടിയോടെയാണ് കർഷകർ നഗരവീഥികളിലേക്ക് എത്തിയത് എന്നാൽ ആ റാലി അക്രമാസക്തമാവുകയും നവരീത് സിംഗ് എന്ന ചെറുപ്പക്കാരൻ മരണപ്പെടുകയുമുണ്ടായി. അതിൽ ഡൽഹി പോലീസിന്റെ പങ്കും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കർഷക സമരം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ഒക്കെ തന്നെ ഡൽഹി പോലീസ് യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്തു നീക്കിയത്. കാരവൻ മാഗസിനു വേണ്ടി റിപ്പോർട്ട് ചെയ്യാൻ പോയ സ്വതന്ത്ര മാധ്യമപ്രവർത്തകനായ മൻദീപ് പുനിയയെ പോലീസ് ബാരിക്കേഡുകൾക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. കാരവൻ മാഗസിൻ എഡിറ്ററും സ്ഥാപകനുമായ പരേഷ് നാഥ്, എഡിറ്റർ ആനന്ദ് നാഥ്‌, എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് ജെ ജോസ് എന്നിവർക്കെതിരെയും കർഷക സമരത്തെപ്പറ്റി അടിസ്ഥാന രഹിതമായ വാർത്തകൾ നൽകി എന്ന പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാരവനെതിരെ മാത്രമല്ല ഇന്ത്യ ടുഡേയുടെ മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിന്റെ മുതിർന്ന മാധ്യമപ്രവർത്തകനും കൺസൾട്ടന്റ് എഡിറ്ററുമായ മൃണാൾ പാണ്ഡെ, എഡിറ്റർ സഫർ എന്നിവർക്കെതിരെയും എഫ്ഐആർ രേഖപ്പെടുത്തിയിരുന്നു.

ദി വയർ
പ്രതിപക്ഷ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ കൂട്ടത്തിൽ കാരവാൻ, ന്യൂസ് ലോൺട്രി, ന്യൂസ് ക്ലിക് എന്നിവയ്ക്കൊപ്പമാണ് ദി വയറും ശ്രദ്ധേയമാകുന്നത്. തകർത്തെറിയപ്പെടുന്ന ജനാധിപത്യ ബോധത്തെ ഉയർത്തിപ്പിടിക്കുന്നവ ആയിരുന്നു ദി വയറിന്റെ വാർത്തകളൊക്കെയും. മോദി ഭരണത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളും എന്നും ദി വയറിന്റെ ചർച്ചാവിഷയമായിരുന്നു. കർഷക സമരം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളൊക്കെയും വേട്ടയാടപ്പെടുന്ന നാളുകളിൽ തന്നെയാണ് വയറും പ്രതിക്കൂട്ടിൽ എത്തുന്നത്. കർഷക സമരത്തിൽ മരിച്ച നവ്‌രീത് സിംഗിന്റെ മരണത്തിന്റെ വിവിധ വശങ്ങൾ പരിശോധിക്കപ്പെടുന്ന ഒരു ലേഖനം വയർ പ്രസിദ്ധീകരിക്കുകയുണ്ടായി. ആ മരണത്തെ സംബന്ധിച്ച് പോലീസ് നൽകിയ അവകാശവാദങ്ങൾ ഒക്കെയും ഈ ലേഖനത്തിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഇതിനെ തുടർന്ന് വയറിന്റെ എഡിറ്റർ സിദ്ധാർത്ഥ വരദരാജന്റെയും ലേഖകനായ ഇസ്മത്ത് അരയുടെയും പേരിൽ വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകൾ പ്രസിദ്ധീകരിച്ചു, രാജ്യത്തിനെതിരെ ഉള്ള പ്രവർത്തനങ്ങൾ നടത്തി എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി, 505 (2) എന്നീ കുറ്റങ്ങൾ ചുമത്തി മറ്റൊരു എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്യപ്പെടുകയുണ്ടായി.

2018 ഓഗസ്റ്റ് 31നാണ് കാശ്മീർ നറേറ്റർ മാസികയിലെ പത്രപ്രവർത്തകനായ ആസിഫ് സുൽത്താനെ അറസ്റ്റ് ചെയ്യുന്നത്. 2016 ജൂലൈയിൽ കാശ്മീരിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾക്ക് തുടക്കം കുറിച്ച കമാൻഡർ ബുർഹാൻ വാനിയെ കുറിച്ച് ലേഖനം എഴുതിയതിന് പിന്നാലെ നിരോധിത രാഷ്ട്രീയ സംഘടനയ്ക്ക് ലോജിസ്റ്റിക് പിന്തുണ നൽകി എന്ന് ആരോപിച്ചാണ് അറസ്റ്റ്. ഇതൊരു തുടർക്കഥയായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ന്യൂസ്‌ ക്ലിക്കിനെതിരെ നടക്കുന്ന നീക്കങ്ങൾ.

നെവിൽ റോയി സിങ്കത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ കമ്പനിയിൽനിന്നും 2018 കാലഘട്ടത്തിൽ 38 കോടി രൂപ സ്വീകരിച്ചു എന്നതാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ആരോപണം. തീർത്തും നിയമവിധേയമായി നടന്നിട്ടുള്ള ഈ സാമ്പത്തിക കൈമാറ്റത്തിൽ എന്താണ് അപാകത എന്നതിന് യാതൊരു തെളിവുമില്ല . നെവിൽ റോയ്ക്കുള്ള ചൈനീസ് ബന്ധങ്ങളെ ഉയർത്തികാട്ടി ഈ നിക്ഷേപത്തെ ഒരു രാജ്യദ്രോഹ കുറ്റമായി ചിത്രീകരിച്ചാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയുടെയും ആ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട 46 പേരുടെയും വീട്ടിൽ ഡൽഹി പോലീസിന്റെ സ്പെഷ്യൽ ഫോഴ്സ് റെയ്-ഡ് നടത്തിയത്. യഥാർത്ഥ കാരണങ്ങൾ ന്യൂസ്‌ക്ലിക്ക് അവസാനമായി പ്രസിദ്ധീകരിച്ചിട്ടുള്ള ഏതാനും വാർത്തകൾ പരിശോധിക്കുമ്പോൾ തന്നെ വ്യക്തമാണ്.

പ്രത്യക്ഷ ഇടതുപക്ഷവാദിയും ഡൽഹി നാഷണൽ സയൻസ് ഫോറത്തിന്റെ സ്ഥാപകനുമായ പ്രബീർ പുരകായസ്തയെ ആദ്യമായല്ല കേന്ദ്ര ഭരണകൂടം ആക്രമിക്കുന്നത് .2021ൽ ഇതേ വിഷയത്തെ സംബന്ധിച്ച് നാല് ദിവസമാണ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹയാത്രികയും മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഗീത ഹരിഹരനെയും വീടിനുള്ളിൽ ബന്ധനസ്ഥരാക്കി റെയ്-ഡ് നടത്തിയിരുന്നത്. ഇത്തവണ ഇവർക്കൊപ്പം മറ്റ് മാധ്യമപ്രവർത്തകരായ ഭാഷാ സിംഗ്, ഊർമിളേഷ്, വീഡിയോ ജേർണലിസ്റ്റ് ആയ അഭിവർ ശർമ, ചരിത്രകാരനായ സോഫയിൽ ഹാഷ്മി, കൊമേഡിയനായ സഞ്ജയ് എന്നിങ്ങനെ പോകുന്നു അറസ്റ്റിലാക്കപ്പെട്ടവരുടെ പേരുകൾ. പ്രമുഖ അക്കാദമിക്കും മാധ്യമ പ്രവർത്തകനുമായ പരഞ്ജോയ് ഗുഹ താക്കൂർത്തയെയും ഇതുമായി ബന്ധപ്പെടുത്തി ചോദ്യം ചെയ്തു .സ്ഥാപനവുമായി ബന്ധപ്പെട്ട എന്തെങ്കിലുമൊരു ആരോപണത്തിന് ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ എന്തുകൊണ്ട് അറസ്റ്റ് ചെയ്യപ്പെടുന്നു. പൗരത്വ നിയമത്തെപ്പറ്റിയും കർഷക സമരത്തെപ്പറ്റിയും അവർ എഴുതിയ മറ്റു ലേഖനങ്ങളെക്കുറിച്ചും ഇത്തരമൊരു ചോദ്യം ചെയ്യലിലേക്ക് എന്തുകൊണ്ട് വലിച്ചിഴക്കപ്പെടുന്നു . ന്യൂസ് ക്ലിക്കിലെ ഒരു ഗ്രാഫിക് ഡിസൈനർ താമസിച്ചു എന്ന് ആരോപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാം യെച്ചൂരിയുടെ വീട്ടിലും, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ടീസ്ത സെതെൽവാദിലേക്കും പൊലീസ് എത്തുന്നതുപോലും രാജ്യത്തുയർന്നുവരുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 3 =

Most Popular