ഡൽഹി പൊലീസിന്റെ, അമിത്ഷായുടെ സ്വന്തം പൊലീസിന്റെ, മാധ്യമപ്രവർത്തകർക്കെതിരായ വേട്ട– റെയ്ഡും ചോദ്യം ചെയ്യലും മൊബൈൽഫോണും ലാപ്ടോപ്പും പിടിച്ചെടുക്കലുമെല്ലാം – ഡൽഹിയിലും പരിസരത്തും മാത്രമൊതുങ്ങുന്നതായിരുന്നില്ല. ഒക്ടോബർ 3നുതന്നെ അവർ മുംബൈയിൽ ടീസ്റ്റ സെത്തൽവാദിനെ തേടിയെത്തിയിരുന്നു. ഇങ്ങ് കേരളത്തിലേക്കും, പത്തനംതിട്ട ജില്ലയിലെ കൊടുമൺ ഗ്രാമത്തിലേക്കും വരെ പിന്നീട് ആ മാധ്യമ വേട്ടയാടൽ നീണ്ടു. നിലവിൽ ന്യൂസ് ക്ലിക്കിൽ പ്രവർത്തിക്കുന്നവരെ മാത്രമല്ല, അവരുടെ വീടുകളിൽ മാത്രമല്ല ഡൽഹി പൊലീസിന്റെ കഴുകൻ കണ്ണുകൾ എത്തിയത്. മുൻപ് എപ്പോഴെങ്കിലും ആ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുള്ളവരെയും അവർ തേടിയെത്തി. രാജ്യത്താകെ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കലാണ് അതിലൂടെ അവർ ചെയ്യുന്നത്.
അങ്ങനെയാണ് ഡൽഹി പൊലീസ് കേരളത്തിലും എത്തിയത്. ഒരു വർഷം മുൻപ് (2018–2022) ന്യൂസ് ക്ലിക്കിൽ പ്രവർത്തിച്ചിരുന്ന അനുഷ പോളിനെ തേടിയാണ് അവർ കൊടുമണിലെത്തിയത്. അനുഷയുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.
അനുഷാ, എന്താണ് ഡൽഹി പൊലീസിന് അറിയേണ്ടിയിരുന്നത്?
അവർ പ്രധാനമായും ചോദിച്ചു കൊണ്ടിരുന്നത് ന്യൂസ് ക്ലിക്കിന് ചൈനയിൽ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടോയെന്നാണ്. ഇല്ലയെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അത് നിങ്ങൾക്കെങ്ങനെയെന്നറിയാം എന്നായി അടുത്ത ചോദ്യം. ചൈനയിൽ നിന്ന് ഫണ്ട് വന്നിട്ടില്ലയെന്നാണ് രേഖകൾ, അത് 2021 മുതൽ തന്നെ ഇഡി പരിശോധിച്ച രേഖകൾ കാണിക്കുന്നത് എന്ന് ഞാൻ വീണ്ടും പറഞ്ഞു. പിന്നെവിടെ നിന്നാണ് ഫണ്ട് എന്ന ചോദ്യത്തിന് അതെല്ലാം ഇഡി പരിശോധിച്ചതാണല്ലോയെന്നും അതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നും ഞാൻ പറഞ്ഞു. നിങ്ങൾ ഞങ്ങളുമായി സഹകരിക്കാൻ തയ്യാറല്ലേ എന്ന അവരുടെ ചോദ്യത്തിന്, ഞാൻ സഹകരിക്കുന്നതുകൊണ്ടാണല്ലോ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് എന്നായിരുന്നു എന്റെ പ്രതികരണം. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ എന്നിൽനിന്ന് മറുപടി പ്രതീക്ഷിക്കണ്ട എന്നും ഞാൻ പറഞ്ഞു.
അടുത്തത് അവർക്കറിയേണ്ടിയിരുന്നത് ‘ട്രൈകോണ്ടിനെന്റ’ലുമായി എനിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ്. എല്ലാവർക്കുമുള്ള ബന്ധമല്ലാതെ പ്രത്യേകമായി എനിക്കൊരു ബന്ധവുമില്ലയെന്നായിരുന്നു മറുപടി. എല്ലാവർക്കുമുള്ളതുപോലത്തെ ബന്ധമെന്നുപറഞ്ഞാൽ എന്തെന്നായി അടുത്ത ചോദ്യം. ഞാൻ ട്രൈകോണ്ടിനെന്റൽ വായിക്കാറുണ്ട്. അങ്ങനെയുള്ള ബന്ധം മാത്രമെന്ന മറുപടിയിൽ അവർ തൃപ്തരായില്ലെന്ന് തോന്നി. വിജയ് പ്രഷാദിനെ അറിയുമോയെന്നായി അവർ. എല്ലാവർക്കും അറിയാവുന്നതുപോലെ എനിക്കുമറിയാം എന്ന് മറുപടി പറഞ്ഞപ്പോൾ അതെങ്ങനെയെന്ന് അവർ. അദ്ദേഹം ട്രൈകോണ്ടിനന്റലില്‍ എഴുതുന്നത് വായിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
വിജയ് പ്രഷാദിനെ നിങ്ങൾ കണ്ടിട്ടുണ്ടോയെന്നായി പിന്നീടത്തെ ചോദ്യം. ഇല്ല; വീഡിയോകളിൽ മറ്റെല്ലാവരെയും പോലെ ഞാനും കണ്ടിട്ടുണ്ട്.
നിങ്ങൾ വിദേശത്ത് എവിടെയൊക്കെ യാത്ര ചെയ്തിട്ടുണ്ട് എന്നാണ് അവർ തുടർന്നു ചോദിച്ചത്. ഞാൻ ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ല എന്ന് മറുപടി പറഞ്ഞപ്പോൾ, വിദേശത്ത് വച്ച് വിജയ് പ്രഷാദിനെ കണ്ടില്ലേ എന്നും, അതെവിടെവച്ച് എന്നുമുള്ള ചോദ്യമാണ് പിന്നീടുണ്ടായത്. ഞാൻ വിദേശരാജ്യങ്ങളിലൊന്നും പോയിട്ടേയില്ലെന്ന മറുപടി ആവർത്തിച്ചപ്പോൾ അവർ എന്റെ പാസ്പോർട്ട് കാണണമെന്ന് പറഞ്ഞു. പാസ്പോർട്ട് പരിശോധിച്ച് ഞാൻ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്നാണ് ആ വിഷയം അവർ അവസാനിപ്പിച്ചത്.
വിദേശയാത്രയെക്കുറിച്ചു മാത്രമേ അവർക്ക് അറിയേണ്ടതുള്ളോ?
ഇല്ല, ഇന്ത്യയിൽ എവിടെയൊക്കെ പോയിട്ടുണ്ടെന്നും ചോദിച്ചു. ഇന്ത്യയിൽ മിക്കവാറുമെല്ലാ സംസ്ഥാനങ്ങളിലും പോയിട്ടുണ്ടെന്ന എന്റെ മറുപടിയെത്തുടർന്ന് ആ സംസ്ഥാനങ്ങളുടെ പേരു പറയണമെന്നായി അവർ. പോയ സംസ്ഥാനങ്ങളുടെ പേരു പറയുന്നതിനേക്കാൾ പോകാത്ത സംസ്ഥാനങ്ങളുടെ പേരു പറയുന്നതാകും എളുപ്പം എന്ന എന്റെ മറുപടിയെ തുടർന്ന് എന്നാൽ അത് പറയൂ എന്ന് അവർ ചോദ്യം മാറ്റി. കാശ്മീരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമൊഴികെ എല്ലായിടവും പോയിട്ടുണ്ട് എന്ന് ഞാൻ വ്യക്തമാക്കി. അതെന്താ അവിടെയൊക്കെ പോകാത്തത് എന്ന് ഡൽഹി പൊലീസ്. അതിനവസരം ലഭിച്ചില്ലെന്ന മറുപടിയോടെ ആ വിഷയം അവർ വിട്ടു.
ന്യൂസ് ക്ലിക്കിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് അനുഷയോട് ഒന്നും ചോദിച്ചില്ലേ?
തീർച്ചയായും. സിഎഎ വിരുദ്ധ സമരം, കർഷക സമരം, കോവിഡ് എന്നിവയെക്കുറിച്ച് നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? സമരങ്ങൾ നടന്നപ്പോൾ അവിടെ പോയിരുന്നോ. സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്നെല്ലാം ചോദ്യമുണ്ടായി. ഞാൻ സ്ഥാപനത്തിലെ ഇന്റർനാഷണൽ ഡെസ്കിലായിരുന്നതിനാൽ അതൊന്നും ഞാൻ റിപ്പോർട്ട് ചെയ്തിട്ടില്ലയെന്ന് മറുപടി നൽകി. കോവിഡ് രോഗം പടരുന്നതു സംബന്ധിച്ചും മരണത്തെക്കുറിച്ചും വിവിധ രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ നൽകിയിരുന്ന കാര്യവും ഞാൻ ഡൽഹി പൊലീസിനോട് പറഞ്ഞു.
അനുഷ പാർട്ടിയംഗമല്ലേ, പാർട്ടി ബന്ധത്തെക്കുറിച്ച് അവർ അന്വേഷിച്ചോ?
അതെ, പാർട്ടി ലോക്കൽ കമ്മിറ്റി അംഗമാണ്, ഡൽഹിയിൽ. അതുസംബന്ധിച്ച ഡൽഹി പൊലീസിന്റെ ചോദ്യത്തിനും ഞാൻ കൃത്യമായ മറുപടി കൊടുത്തു. അതിനുമുമ്പ് കെ എം തിവാരിയെ അറിയാമോയെന്ന ചോദ്യമുണ്ടായി. സിപിഐ എം സംസ്ഥാന സെക്രട്ടറി തിവാരിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ എനിക്കറിയാം എന്നായി മറുപടി. അദ്ദേഹത്തെ എങ്ങനെ പരിചയം എന്ന ചോദ്യമുണ്ടായി. ഞാൻ പാർട്ടി അംഗമായതുകൊണ്ട് എന്ന് എന്റെ മറുപടി. നിങ്ങൾക്ക് പാർട്ടിയിൽ നിന്ന് പണം ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലയെന്നും കമ്യൂണിസ്റ്റുകാരായ ഞങ്ങൾ വരുമാനത്തിലൊരു ഭാഗം പാർട്ടിക്ക് നൽകുകയാണ് എന്നുമുള്ള മറുപടി അവരെ അത്ഭുതപ്പെടുത്തി. പണം ലഭിക്കുന്നില്ലെങ്കിൽ പിന്നെന്തിന് നിങ്ങൾ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് പ്രത്യയശാസ്ത്രപരമായ ബോധ്യം എന്ന മറുപടിയിൽ അവർ തൃപ്തരായില്ലെന്ന് തോന്നുന്നു.
മൈമുന മുള്ളയെ അറിയുമോ? എന്നും ചോദ്യമുണ്ടായി. ജനാധിപത്യ മഹിളാ അസോസിയേഷൻ (ഐഡ-്വ) സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അവരെ അറിയാം എന്ന മറുപടിയെത്തുടർന്ന് അവരിൽനിന്ന് പണം കിട്ടാറുണ്ടോയെന്നും അവർ ചോദിച്ചു. ഇല്ലയെന്ന എന്റെ മറുപടിയും പൊലീസിന് തൃപ്തികരമായില്ല.
പിന്നീടവർ ചില മുസ്ലിം പേരുകൾ പറഞ്ഞ് അവരെയൊക്കെ അറിയുമോയെന്ന ചോദ്യത്തിന് ഈ പേരുകളുള്ള ഒരുപാടു പേരെ അറിയാമെന്നു ഞാൻ മറുപടി പറഞ്ഞു. എന്നാൽ കൃത്യമായി ആരെക്കുറിച്ചാണ് അറിയേണ്ടത് എന്ന എന്റെ ചോദ്യത്തിന് അവർക്ക് മറുപടിയുണ്ടായില്ല. ചൈനയിൽ നിന്നുള്ള ഫണ്ട് വരുന്നുണ്ടോ, അതാർക്കാണ് ലഭിക്കുന്നത് എന്നറിയാമോയെന്ന ചോദ്യം ആവർത്തിച്ചപ്പോൾ പലരും ഉണ്ടാകാമെന്നും പി എം കെയേഴ്സ് ഫണ്ടിന് ചൈനയിലെ പല സ്ഥാപനങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ ലഭിച്ചതായി വാർത്തകളിൽ നിന്നറിയാമെന്നുമുള്ള എന്റെ മറുപടിയോടെ ആ വിഷയം അവർ വിട്ടു. നിങ്ങൾ ന്യൂസ് ക്ലിക്ക് വിട്ടത് എന്തുകൊണ്ടെന്ന ചോദ്യവുമുണ്ടായി. എനിക്ക് അസിം പ്രേംജി സർവകലാശാലയിൽ ഫെലോഷിപ്പ് കിട്ടിയതിനെ തുടർന്നാണ് ഞാൻ അവിടെ നിന്ന് മാറിയത് എന്ന് അവരോട് പറഞ്ഞു.
ഡൽഹിയിൽ നിന്ന് എത്ര പൊലീസുകാർ വന്നു? ഭീകരാന്തരീക്ഷം സൃഷ്ടിച്ചോ? എത്ര സമയം ചോദ്യം ചെയ്തു?
രണ്ടു മണിക്കൂറോളം അവർ എന്റെ വീട്ടിലുണ്ടായിരുന്നു – വൈകുന്നേരം 3 മണി കഴിഞ്ഞപ്പോൾ വന്ന് 5 അഞ്ചു മണിയായപ്പോൾ തിരികെ പോയി. മൂന്ന് പൊലീസുകാരാണ് വന്നത്, രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും. വന്നയുടനെ വീടാകെ ചുറ്റി നടന്ന് നോക്കി. പക്ഷേ ഒന്നും വലിച്ചുവാരിയെറിഞ്ഞില്ല. പുസ്തകങ്ങളാണ് അവർ നോക്കിയത്. എന്റെ പുസ്തകങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അവർ കൊണ്ടുപോകുമായിരുന്നു. പലരിൽനിന്നും മാർക്സിന്റെ പുസ്തകങ്ങൾ ഉൾപ്പെടെ കൊണ്ടുപോയിട്ടുണ്ട്. വന്ന ഉടൻതന്നെ എന്റെ ഫോണും ലാപ്ടോപ്പും അവർ വാങ്ങിച്ചു വച്ചു. അതിന്റെ റസീപ്റ്റ് തന്നുമില്ല. അമ്മയുടെ ഫോൺ കൂടി അവർ വാങ്ങാൻ തുടങ്ങിയപ്പോൾ ശക്തമായി പ്രതികരിക്കാൻ ഞാൻ നിർബന്ധിതയായി. ആ പ്രദേശത്തെ പാർട്ടി സഖാക്കളാകെ അപ്പോഴേക്കും അവിടെയെത്തി. കൊടുമൺ സ്റ്റേഷനിലെ ഒരു പൊലീസുകാരൻ കൂടി അവരോടൊപ്പം വന്നിരുന്നു.
ഇപ്പോൾ അനുഷ ന്യൂസ് ക്ലിക്കിലില്ലല്ലോ? പിന്നെന്തിനാണ് ഈ ചോദ്യം ചെയ്യലെല്ലാം? ന്യൂസ് ക്ലിക്കിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചോ?
നാട്ടിലാകെ ഭീതി പരത്തുക, കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ സംസാരിക്കുന്നവരുടെയാകെ നാവരിയുക, മറ്റു മാധ്യമങ്ങളാകെ സർക്കാരിനെ വിമർശിക്കുന്നതിൽ നിന്ന് പിന്മാറുക എന്നെല്ലാമായിരിക്കണം അവരുടെ അജൻഡ.
ന്യൂസ് ക്ലിക്ക് ഓഫീസ് അടച്ചുപൂട്ടുകയും അവിടെ ഉണ്ടായിരുന്നതും അതിൽ പ്രവർത്തിക്കുന്നവരുമായ നൂറിലേറെ പേരുടെയും മുൻ ജീവനക്കാരുടെയും ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം പിടിച്ചെടുക്കുകയും ചെയ്തിട്ടും ഒരു ദിവസം പോലും മുടങ്ങാതെ ന്യൂസ് ക്ലിക്ക് പുറത്തുവരുന്നത് അതിൽ പ്രവർത്തിക്കുന്നവരുടെ അർപ്പണമനോഭാവത്തെയും പ്രതിബദ്ധതയെയുമാണ് കാണിക്കുന്നത്. ♦